അല്ലിയാമ്പൽ: ഭാഗം 15

അല്ലിയാമ്പൽ: ഭാഗം 15

എഴുത്തുകാരി: ആർദ്ര നവനീത്

തണുത്ത ജലം ശരീരത്തിലേക്ക് ഇറ്റുവീഴ്ന്നിട്ടും അതിന് അല്പംപോലും മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല. ചിന്താഭാരത്താൽ ഒന്നിനൊന്നു വിങ്ങിക്കൊണ്ടേയിരുന്നു ആ പെൺഹൃദയം. ഇനിയെന്തെന്ന ചോദ്യം മനസ്സിൽ ഉയരുമ്പോഴെല്ലാം ഉദരത്തിൽ തുടിക്കുന്ന ചെറുജീവൻ അവൾക്കൊരു വഴികാട്ടലിന്റെ ദീപപ്രഭ ചൊരിഞ്ഞുനിന്നിരുന്നു. മുൻപെപ്പോഴോ അച്ഛൻ വാങ്ങിത്തന്ന ചുരിദാർ ആണവൾ കുളി കഴിഞ്ഞ് ധരിച്ചത്. ബാക്കിയുള്ള വസ്ത്രങ്ങൾ നിവേദിന്റെ മുറിയിലായതിനാൽ തറവാട്ടിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്ന സാധനങ്ങൾ മാത്രമേ അവൾ എടുത്തുള്ളൂ.

ഇവിടേക്ക് വന്നപ്പോൾ ഗസ്റ്റ്‌ റൂമിലാണ് ആദ്യം താമസിച്ചത് അതിനാൽത്തന്നെ കൊണ്ടുവന്നവയെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു. ചെറിയൊരു ട്രാവൽ ബാഗിൽ വന്നപ്പോൾ കൈയിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാത്രം എടുത്തു. പേഴ്സ് നോക്കിയപ്പോൾ ഏകദേശം ആയിരം രൂപയോടടുപ്പിച്ചേ അതിലുണ്ടായിരുന്നുള്ളൂ. അതുമെടുത്തവൾ താഴേക്കിറങ്ങി. ഹാളിലെ സെറ്റിയിൽ ഇരിക്കുകയായിരുന്ന മഹേശ്വരിയമ്മ അല്ലി കൈയിൽ ബാഗുമായി വരുന്നത് കണ്ട് അമ്പരന്നു. മോളെങ്ങോട്ട് പോകുകയാ.. അവരുടെ നെറ്റി ചുളിഞ്ഞു. എന്റെ വീട്ടിലേക്ക്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിലേക്ക്.

അവിടെയല്ലാതെ കയറിച്ചെല്ലാൻ മറ്റൊരിടവും ഈ പെണ്ണിനില്ലല്ലോ അമ്മേ.. അവളുടെ സ്വരം ശാന്തമായിരുന്നു. എന്തൊക്കെയാ മോളേ നീയീ പറയുന്നത്. ഇത് നിന്റെ വീടല്ലേ.? ഇവിടുള്ളവർ നിനക്ക് ആരുമല്ലേ.? അതോ ഈ വീടും ഞങ്ങളുമൊക്കെ നിനക്ക് അന്യരായോ.? അങ്ങനെയൊന്നും പറയല്ലേ അമ്മേ. അല്ലിക്കിനി സ്വന്തമെന്ന് പറയാൻ നിങ്ങളൊക്കെയേയുള്ളൂ. പക്ഷേ ഇനി ഞാനിവിടെ നിൽക്കുന്നതിൽ അർത്ഥമില്ലമ്മേ. ആമിക്ക് സ്വന്തമായവയാ അല്ലി അനുഭവിച്ചിരുന്നത്. അവൾ തിരികെ വന്നപ്പോൾ അവൾക്ക് സ്വന്തമായതെല്ലാം അവളെയേൽപ്പിച്ച് ഞാനിറങ്ങുന്നു. ഈശ്വരാ.. എന്തൊക്കെയാ കുട്ടീ നീയീ പറയുന്നത്. അങ്ങനെ എല്ലാം അവളെയേൽപ്പിച്ച് പോകാൻ കഴിയുമോ നിനക്ക്.. പോയേ തീരൂ അമ്മയിനി എന്നോടൊന്നും ചോദിക്കല്ലേ.

അവളുടെ നിറകണ്ണുകളും യാചന കലർന്ന സ്വരവും അവരെ വല്ലാതെ വേദനിപ്പിച്ചു. അല്ലി മുന്നോട്ട് നടന്നു. അല്ലീ… തനിക്കേറെ പ്രിയപ്പെട്ട സ്വരം. അവളുടെ ശരീരം ഒന്നുലഞ്ഞു. കണ്ണുകൾ ഇറുകെയടച്ചവൾ നിന്നു. പിന്തിരിഞ്ഞു നോക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടും അവൾക്കതിന് കഴിഞ്ഞില്ല. ആ മുഖം കണ്ടാൽ വീണ്ടും തളർന്നുപോകും. അല്ലി എല്ലാം മറന്നുപോകും. ആ മാറിലേക്ക് പറ്റിച്ചേർന്ന് വിട്ടുകളയല്ലേ എന്ന് യാചിച്ചുപോകും. ഉള്ളിലെ വേദന കടിച്ചമർത്തി അവൾ അതേപടി നിലകൊണ്ടു. എങ്ങോട്ടേക്കാ.. പറയെടീ എങ്ങോട്ടേക്കാ നീ പോകുന്നത്. എല്ലാം ഉപേക്ഷിച്ചു പോകാൻ നിനക്ക് കഴിയുമോ. പറയെടീ.. അവളുടെ ഇരുചുമലിലും പിടിച്ചു കുലുക്കിക്കൊണ്ടവൻ ചോദിച്ചു.

അവൾ മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. ഒരൊറ്റ രാത്രി കൊണ്ടവൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. കണ്ണുകൾ കുണ്ടിലാണ്ടതുപോലെ. കലങ്ങിയ കണ്ണുകൾ. ഇന്നലെ ഉറങ്ങിയിട്ടില്ലെന്ന് വ്യക്തമാണ്. തന്റെ പാതിയായവന്റെ വേദന താങ്ങാൻ കരുത്തില്ലാത്തതുപോലെ അവൾ മിഴികൾ വെട്ടിച്ചു. എന്ത് അധികാരത്തിലാ ഞാനിവിടെ നിൽക്കേണ്ടത്. ആമിയുടെ സഹോദരിയായിട്ടോ അതോ എന്റെ മോന്റെ ചിറ്റയായിട്ടോ. അതോ നിങ്ങളുടെ രണ്ടാം ഭാര്യയായിട്ടോ. പറയ് നിവേദേട്ടാ. അവനെ വേദനിപ്പിക്കുമെന്നറിഞ്ഞിട്ടും അവൾ വാക്കുകളിൽ മൂർച്ച കൂട്ടിയിരുന്നു.

അല്ലീ… ആർദ്രമായി അവൻ വിളിച്ചു. ആ വിളിയിലെ നോവ് അവളുടെ ഹൃദയത്തിൽ അസ്ത്രമായി പതിച്ചതുപോലെ അവളൊന്ന് പിടഞ്ഞു. വിട്ടേക്ക് നിവേദേട്ടാ എന്നെ. ആർക്കുമൊരു ശല്യമാകാതെ ഞാൻ പൊയ്‌ക്കോട്ടെ. ഈ ചുവരുകൾക്കുള്ളിൽ നീറി നീറി കഴിയാൻ വയ്യാഞ്ഞിട്ടാണ്.. അവൾ തൊഴുകൈയോടെ അവനെ നോക്കി. അവന് വല്ലാതെ വേദനിച്ചു. ശരീരമാകെ പടരുന്ന വേദനകളുടെ ആരംഭം മനസ്സിൽ നിന്നാണെന്ന് അവന് വ്യക്തമായിരുന്നു. അത്രയേറെ മനസ്സ് മുറിപ്പെട്ടിരുന്നു. അല്ലി ബാഗുമായി ഇറങ്ങുന്നത് നിറമിഴികളോടെയവൻ കണ്ടു. പിന്നാലെ പായാൻ നിന്ന നിവേദിനെ മഹേശ്വരിയമ്മ തടഞ്ഞു. വേണ്ട മോനേ. ഒരായുഷ്‌ക്കാലം അനുഭവിക്കേണ്ടതിനും എത്രയോ അധികം അവൾ അനുഭവിക്കുന്നുണ്ടെന്ന് നമുക്കറിയാം.

മനസ്സിനെ കല്ലാക്കിയാ അതീ വീടിന്റെ പടിയിറങ്ങിയത്. പണ്ടുമുതലേ എല്ലാം ഉള്ളിലൊതുക്കിയും വിട്ടുകൊടുത്തുമല്ലേ ശീലം. മറ്റുള്ളവരെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ ആ കുട്ടിക്ക് കഴിയില്ല. ആ മനസ്സ് നിറയെ പാലാഴിയും നീയും മോനും ഞാനുമൊക്കെയാ. തറവാട്ടിലേക്കാണ് പോയത്. അൽപ്പനേരം ശാന്തമായി ഇരിക്കട്ടെ. നീ പോകണം അവൾക്കരികിലേക്ക്. അവൾ പാലാഴിയുടെ പടി കയറുന്നത് എന്റെ മകൻ നിവേദ് മുകുന്ദിന്റെ ഭാര്യയായി തന്നെയാകണം. കരയുന്ന മോനുമായി ആമി അകത്തേക്ക് വന്നപ്പോഴും നിവേദ് അതേപടി നിൽക്കുകയായിരുന്നു. നിവേദിന്റെ രൂപവും നിറഞ്ഞ മിഴികളും കണ്ടവൾ അമ്പരന്നു. എന്തുപറ്റി ഏട്ടാ…

കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ. സുഖമില്ലേ.. പരിഭ്രാന്തിയോടെ അവൾ അവന്റെ നെറ്റിയിലും കഴുത്തിലും പനിയുണ്ടോയെന്നറിയുവാനായി കൈവച്ചു. അസഹനീയതയോടെ അവൻ അവളുടെ കൈ തട്ടിമാറ്റി മുകളിലേക്ക് പടവുകൾ കയറി. ഒന്നും മനസ്സിലാകാതെ പകച്ചുനിൽക്കാനേ ആമിക്കായുള്ളൂ. അപ്പോഴും ആരു ഉറക്കെ കരയുകയായിരുന്നു. ആമി റൂമിലേക്ക് ചെല്ലുമ്പോൾ നിവേദ് അവിടെ ഇല്ലായിരുന്നു. ബാൽക്കണിയിൽ നോക്കിയെങ്കിലും അവിടെയും കണ്ടില്ല. കുഞ്ഞിനെ ബെഡിലിരുത്തിയിട്ട് അവൾ ഓപ്പൺ ടെറസ്സിലേക്കുള്ള പടി കയറി. അവിടെ ചൂരൽ കസേരയിൽ ഇരിക്കുകയായിരുന്നു അവൻ. അല്ലി നട്ടുനനച്ചു വളർത്തിയ പനിനീർപ്പൂക്കളും ചെമ്പരത്തികളും പൂവിട്ടു നിൽക്കുന്നുണ്ടായിരുന്നു.

ആ പൂക്കളിലൊക്കെയും അവന് കാണാൻ കഴിഞ്ഞത് അല്ലിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. വേദനയോടെ അവൻ മിഴികൾ ഇറുകെയടച്ചു. നിവേദേട്ടാ… ചുമലിൽ പതിഞ്ഞ ആമിയുടെ കൈ നിവേദ് തട്ടിമാറ്റി. എന്തിനാ എന്നോട് ദേഷ്യമെന്ന് ഒന്ന് പറഞ്ഞു തരാമോ. ഇന്നലെ വന്നുകയറിയപ്പോൾ മുതൽ ഞാൻ നേരിടുന്നതാണ് എല്ലാവരുടെയും അവഗണന. അതിനുമാത്രം എന്താ ഞാൻ ചെയ്തത്. ഞാൻ വന്നതാണോ നിങ്ങളുടെയെല്ലാം ഭാവമാറ്റത്തിന് കാരണം. താലി ചാർത്തിയ ഭർത്താവ് അവഗണിക്കണമെങ്കിൽ അതിന് തക്കതായ കാരണം വേണ്ടേ. നിങ്ങളുടെ ദേഷ്യത്തിന്റെയും അവഗണയുടെയും കാരണം അതെനിക്ക് അറിഞ്ഞേ തീരൂ.. ആമി ശബ്ദമുയർത്തി.

നിവേദ് മൗനം പാലിച്ചതേയുള്ളൂ. ആ മൗനം അവളെ കൂടുതൽ ചൊടിപ്പിച്ചു. ആമി നിവേദിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും താഴെനിന്നും അമ്മയുടെയും അംബികേച്ചിയുടെയും വിളി ഉയർന്നുകേട്ടു. ഉള്ളിലുയർന്ന ആന്തലോടെ നിവേദ് പടികൾ ഓടിയിറങ്ങി. പിന്നാലെ ആമിയും. തന്റെ മുറിയിൽ നിന്നാണ് ശബ്ദമെന്ന് കേട്ടതും അവന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. അംബികേച്ചിയുടെ മടിയിൽ ഇരിക്കുന്ന ആരുവിന്റെ തല നന്നായി ഉഴിയുകയാണ് അമ്മ. മോൻ കരയുന്നുമുണ്ട്. കാര്യം മനസ്സിലാകാതെ അവൻ പകച്ചുനിന്നു. എന്താ അമ്മേ.. മോനെന്ത് പറ്റിയതാ.. അവൻ പരിഭ്രാന്തിയോടെ കുഞ്ഞിനെ വാരിയെടുത്തു. മോന്റെ നെറ്റി നന്നായി മുഴച്ചിട്ടുണ്ടായിരുന്നു.

തന്റെ അച്ഛന്റെ സാമീപ്യം അറിഞ്ഞതുകൊണ്ടാകാം ഉച്ചത്തിലുള്ള കരച്ചിൽ ക്രമേണ ഏങ്ങലായി മാറിയത്. കുഞ്ഞിനെയാരാ ഒറ്റയ്ക്ക് കട്ടിലിന് മുകളിരുത്തിയിട്ട് പോയത്.. മഹേശ്വരിയുടെ ദേഷ്യം അവർക്ക് മനസ്സിലായി. അത് ഞാനാ.. നിവേദേട്ടനെ നോക്കി പോയതാ. മോന്റെ കാര്യം പെട്ടെന്ന് ഓർത്തില്ല.. ആമി ഇടർച്ചയോടെ പറഞ്ഞുതീർന്നതും നിവേദിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. അടിയേറ്റ കവിൾ അമർത്തിപ്പിടിച്ചവൾ അവനെ വിശ്വാസം വരാതെ നോക്കി. ഇന്നുവരെ എന്റെ കുഞ്ഞൊന്ന് വീണിട്ടില്ല. ഒരു ചെറുകീറൽ പോലുമുണ്ടായിട്ടില്ല.

എന്തിനേറെ അവൻ ഇത്രയും കരഞ്ഞുപോലും ഞാൻ കണ്ടിട്ടില്ല. പ്രസവിച്ചാൽ മാത്രം അമ്മയാകില്ലെടീ ആ കുഞ്ഞിനെ വളർത്താനും കഴിയണം. അതെങ്ങനെ മൂന്നുമാസമായ പാലുകുടി മാറാത്ത കുഞ്ഞിനെ ഇട്ടിട്ട് ആവശ്യമില്ലാത്ത ടെസ്റ്റുകളെന്നും പറഞ്ഞ് കള്ളം പറഞ്ഞുപോകുന്ന നിനക്ക് അതൊന്നും മനസ്സിലാകില്ല. മാതൃത്വo അത് മനസ്സിൽ നിന്നുണ്ടാകേണ്ടതാണ്. നിനക്കൊരു നല്ല അമ്മയാകാൻ ഒരിക്കലും കഴിയില്ല. അതിന് കഴിയണമെങ്കിൽ ആദ്യം നല്ലൊരു മകളാകണമായിരുന്നു.. ഭാര്യയാകണമായിരുന്നു. ഛേ.. ആമിയുടെ കണ്ണുകൾ നീറിപ്പുകഞ്ഞു. അവളുടെ മനസ്സിൽ പ്രണയത്തോടെ തന്നെ നോക്കുന്ന നിവേദിന്റെ മുഖം തെളിഞ്ഞുനിന്നു.

ആ നിവേദിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തനാണ് തനിക്ക് മുൻപിൽ നിൽക്കുന്ന നിവേദ് എന്നവൾക്ക് തോന്നി. രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം സംഭവിച്ച പുതിയൊരു നിവേദ്. ഒരിക്കൽ പ്രണയം മാത്രം നിറഞ്ഞുനിന്ന ആ മിഴികളിൽ ഇന്ന് മറ്റെന്തോ വികാരം സ്ഥാനം പിടിച്ചിരിക്കുന്നു. അടിയുടെ വേദനയെക്കാളേറെ അവന്റെ വാക്കുകളാണ് അവളെ നോവിച്ചത്. അമ്മേ.. മോനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണോ.. ഒരച്ഛന്റെ എല്ലാ വ്യാകുലതയോടെയും അവൻ തിരക്കി. മോൻ കരയുന്നതുകേട്ട് അംബിക കയറിവന്നിരുന്നു. കട്ടിലിൽ നിന്നുമിറങ്ങാൻ ശ്രമിക്കുന്ന മോനെ എടുക്കാൻ ഓടിവന്നപ്പോഴേക്കും വീണിരുന്നു. അവൾ പിടിച്ചത് കാരണം കട്ടിലിന്റെ കാലിൽ തട്ടിയതേയുള്ളൂ.

പെട്ടെന്ന് മുഴച്ചതിനാൽ ഉടനെ ഐസ് വച്ചു. വീക്കം കുറഞ്ഞല്ലോ ഇപ്പോൾ അതുകൊണ്ട് കുഴപ്പമില്ല. മോന്റെ മൂർദ്ധാവിൽ അരുമയായി തലോടിക്കൊണ്ട് മഹേശ്വരിയമ്മ പറഞ്ഞു. മോന്റെ ദേഹം ചൂടുണ്ടല്ലോ… പെട്ടെന്ന് കൈവച്ചു നോക്കിയവർ പറഞ്ഞു. നിവേദുo പെട്ടെന്ന് കുഞ്ഞുമേനിയിൽ തൊട്ടുനോക്കി. ഒരുപാട് കരഞ്ഞില്ലേ അതിന്റെയാകും. അവന്റെ അമ്മേടെ ചൂടുപറ്റി നടന്നിരുന്നവനല്ലേ. അല്ലിമോളും ഇല്ലല്ലോ ഇവിടെ. ഒരു കാര്യം ചെയ്യാം അനൂപിനെ കാണിക്കാം. അവൻ പീഡിയാട്രീഷ്യൻ അല്ലേ. നീയൊന്ന് വിളിച്ചു നോക്ക്. അതിനിടയിൽ ആമിയുടെ മുഖഭാവം മാറിയത് ആരും ശ്രദ്ധിച്ചില്ല. അല്ലി.. ആ പേര് അവളുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു.

അമ്മേ.. അനൂപ് വീട്ടിലുണ്ട്. ഉച്ചയ്ക്കാണ് അവന് ഡ്യൂട്ടി. ഞാൻ മോനെ കാണിച്ചിട്ട് വരാം. കാൾ കട്ട് ചെയ്തശേഷം അവൻ പറഞ്ഞു. ഞാൻ മോനെയെടുക്കാം.. കൈനീട്ടിക്കൊണ്ട് ആമി മുന്നോട്ട് വന്നു. അത് ശ്രദ്ധിക്കാത്തതുപോലെ നിവേദ് മോനെയും കൊണ്ട് താഴേക്കിറങ്ങിപ്പോയി. ആമി വല്ലായ്മയോടെ മുഖം തിരിച്ചു. മഹേശ്വരിയുടെ മുഖത്തെ പുച്ഛഭാവം അവളെ ചൊടിപ്പിച്ചു. കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ ഞാനിവിടെ ഇല്ലാതായിട്ട്. ഒന്ന് അന്വേഷിക്കുകപോലും ചെയ്തിട്ടില്ലെന്ന് നിങ്ങളുടെയെല്ലാം പെരുമാറ്റത്തിൽനിന്നും വ്യക്തമാണ്. എന്റെ ഭർത്താവിനെ എന്നിൽനിന്നും അകറ്റി. കുഞ്ഞിനെയും. സമാധാനമായോ നിങ്ങൾക്ക്.. അവൾ അവർക്കുനേരെ ചീറി. നിന്നെ എന്റെ മരുമകളായിട്ടല്ല ആമീ മകളായിട്ട് തന്നെയാണ് കണ്ടിരുന്നത്.

ഭർത്താവിന്റെ അമ്മയെന്ന പരിഗണന പോയിട്ട് വീട്ടിലെ ഒരംഗം എന്ന പരിഗണന പോലും നീയെനിക്ക് കല്പിച്ചിട്ടില്ലായിരുന്നു. ഒരു കുടുംബത്തിൽ കയറിവരുന്ന പെൺകുട്ടി എങ്ങനെ ആയിരിക്കരുതെന്ന് നീ കാണിച്ചു തന്നപ്പോൾ ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് നിന്റെ അനിയത്തി ന്റെ അല്ലിമോൾ കാട്ടിത്തന്നു. മഹാലക്ഷ്മിയാ ന്റെ കുട്ടി. ന്റെ പൊടിക്കുഞ്ഞിനെ ഇന്നേവരെ നുള്ളിനോവിച്ചിട്ടില്ല. കണ്ടുപഠിക്കണം ആമീ നീ ഒരു പെണ്ണ് എങ്ങനെയാകണമെന്ന് അവളിൽനിന്നും. വിദ്യാഭ്യാസവും ജോലിയും ഒരു പെൺകുട്ടിയ്ക്ക് അനിവാര്യമാണ്. പെണ്ണെന്നാൽ വീടിലും അടുക്കളയിലുമായി തളയ്ക്കപ്പെടേണ്ടവളാണെന്ന് ഞാൻ ചിന്തിക്കുന്നില്ല.

പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകൾ അലമാരയിലെ ഫയലിലൊതുക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകണം പെണ്ണ്. എന്നാൽ അതിനിടയിൽ കുടുംബത്തെ മറക്കാൻ പാടില്ല മോളേ. വിദ്യാഭ്യാസമുള്ളവളാണ് നീ എന്നെക്കാളും അറിവുള്ളവൾ. ഒരു കുഞ്ഞിന് ആറുമാസം വരെയെങ്കിലും അമ്മയുടെ ചൂരും ചൂടും മാത്രമല്ല മുലപ്പാലും ആവശ്യമാണെന്ന് അറിയാവുന്ന നീ ആവശ്യമില്ലാത്ത ടെസ്റ്റിന്റെ പേരും പറഞ്ഞ് ഇവിടുന്നിറങ്ങിയപ്പോൾ നിന്റെ കുഞ്ഞിനെ ഓർത്തിരുന്നില്ല. അമ്മ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അവസ്ഥ നിനക്കറിയാമോ. ഊഹിക്കാനെങ്കിലുമാകുമോ. പൊടിപ്പാൽ കലക്കിക്കൊടുക്കുമ്പോൾ അമ്മിഞ്ഞപ്പാൽ കുടിച്ചു ശീലിച്ച കുഞ്ഞിന്റെ പ്രതികരണം എന്താണെന്ന് നീയൊന്ന് ചിന്തിച്ചു നോക്കിക്കേ. ആ ഓർമ്മയുടെ ശേഷിപ്പുകളിൽ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഒടുവിൽ അവൾ വേണ്ടിവന്നു അല്ലി. അവൾ അവന് അമ്മയായിരുന്നു. ഒരുപക്ഷേ നീയുണ്ടായിരുന്നെങ്കിൽ നോക്കുന്നതിനേക്കാളേറെ അവൾ അവനെ നോക്കി. അവന് വേണ്ടി അവളുടെ ജീവിതം പോലും മാറ്റിവച്ചു . അവന്റെയൊപ്പം നിഴലായ് മാറിയവൾ. ഇപ്പോഴീ പനിച്ചൂട് പോലും അല്ലിയുടെ അസാന്നിധ്യം കാരണമുള്ളതാണ്. ആ കുഞ്ഞിന്റെ മനസ്സിലെ അമ്മയുടെ വാത്സല്യത്തിന് അല്ലിയുടെ മുഖമാണ്.. അവളുടെ മണമാണ്. ആ അവനെങ്ങനെ നിന്നെ അമ്മയായി കാണാൻ കഴിയും. ഇതെല്ലാം ഓർക്കണം നീ. നിനക്കുള്ള ശിക്ഷയാണിതെല്ലാം.

മഹേശ്വരിയമ്മ പതിയെ താഴേക്കിറങ്ങുന്നതും നോക്കി പ്രജ്ഞയറ്റതുപോൽ ആമി നിന്നു. കുറ്റബോധത്തിന്റെയോ തിരിച്ചറിവിന്റേതോ അതോ വാശിയുടെയോ പ്രതീകമായി കണ്ണുനീർത്തുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു. അപ്പോഴും അല്ലിയെന്ന പേര് അവൾ ഉരുവിട്ടുകൊണ്ടിരുന്നു……(തുടരും )

അല്ലിയാമ്പൽ: ഭാഗം 14

Share this story