അനന്തൻ: ഭാഗം 13

അനന്തൻ: ഭാഗം 13

എഴുത്തുകാരി: നിഹാരിക

അപ്പച്ചി അച്ഛനെ കണ്ടതും കെട്ടിപ്പിടിച്ച് കരഞ്ഞു, ഒപ്പം അച്ഛനും, “ഇവളെ… ഇവളെ കരുതിയാ ശാരദേ മരിക്കാൻ പോലും നിക്ക് പേടി… പിന്നെ ആരാ ൻ്റെ കുട്ടിക്ക്…. ?” നെഞ്ചിൽ കൈവച്ച് അച്ഛൻ അത് പറയുന്നതാണ് അപ്പച്ചിക്കുള്ള ചായയുമായി വന്നപ്പോൾ കേട്ടത് , “എത്രയും പെട്ടെന്ന് അപ്പൂൻ്റെയും തനൂട്ടൻ്റയും കല്യാണം നടത്താം ഏട്ടാ… ന്നട്ട് ഏട്ടനും കൂടി ഞങ്ങടെ കൂടെ… ൻ്റെ മോഹാ… ” അച്ഛൻ്റെ കൈ പിടിച്ച് അപ്പച്ചി പറഞ്ഞത് കേട്ട് ഉള്ളിൽ ഒരു കൊളളിയാൻ മിന്നി … ഒരിക്കലും അപ്പേട്ടനെ അങ്ങനെ കണ്ടിട്ടില്ല…. അച്ഛനും അത് ശരിവച്ചു മൂളിയപ്പോൾ തളരുന്നത് പോലെ, “ചായ ങ്ങട് കൊടുക്കു കുട്ട്യേ.. അച്ഛനത് പറഞ്ഞപ്പഴാ, ചിന്തകളിൽ നിന്ന് തിരികെ എത്തിയത്, വേഗം അപ്പച്ചിക്ക് ചായ കൊടുത്തു.. 🐤🐤🐤

ഊണിന് വെള്ളം വച്ച് അരി കഴുകി ഇടുമ്പഴാണ് അപ്പച്ചി അടുക്കളയിൽ എത്തിയത്, “നിനക്ക് ഇപ്പോ സ്കൂൾ ഉള്ളതല്ലേ?” എന്ന് ചോദിച്ച് എൻ്റെ കയ്യിലെ അരി വാങ്ങി കഴുകാനായി കൊണ്ടു പോയി … ” ഉം” വെറുതേ ഒന്ന് മൂളി അപ്പച്ചീടെ പുറകേ പോയി .. ” ന്നട്ടാ ലീവ്?” അരി കഴുകുന്നതിനിടയിൽ പുറം തിരിഞ് ചോദിച്ചു.. “ഉം … വയ്യാത്ത അച്ഛനെ ഇട്ട് എങ്ങന്യാ പോവാ? മനക്കമ്മ തന്നെയാ ലീവ് എടുത്തോളാൻ പറഞ്ഞേ… അച്ഛന് ഭേദാവാതെ വരണ്ട എന്നും പറഞ്ഞു ” “ഇനീപ്പോ ഏട്ടൻ്റെ അടുത്ത് ഞാനിരിക്കാം തനൂ… കുട്ടി വേണം ച്ചാൽ ജോലിക്ക് പോയി തുടങ്ങിക്കോളു” അത് കേട്ടപ്പോൾ അനന്തേട്ടൻ്റെ മുഖമാണ് മനസിൽ മിന്നി മറഞ്ഞത്… “വേ… വേണ്ട! ഞാൻ അച്ഛന് ഭേദാവാണ്ട് എങ്ങടും പോണില്യ അപ്പച്ചീ ” “ഉം ” ഒന്നു മൂളി, അരി കലത്തിലേക്കിട്ടു അപ്പച്ചി…

“നിന്നെ ഒരു കയ്യിലേൽപ്പിക്കുന്നതിനെ പറ്റി പറയാരുന്നു ഞങ്ങൾ….” എൻ്റെ മുടിയിൽ തഴുകി അപ്പച്ചി അത് പറഞ്ഞപ്പോൾ മിഴികൾ മെല്ലെ നിലത്തൂന്നി … ” പെൺകുട്ടികൾ ഉള്ള ഒരച്ഛന് , അവളെ നല്ലൊരാളെ ഏൽപ്പിക്കും വരെയും നെഞ്ചിൽ തീയാവും കുട്ട്യേ…. എത്രേം പെട്ടെന്ന് ഏട്ടൻ്റെ ആഗ്രഹം പോലെ ഒക്കെ നടത്തണം നമുക്ക് ട്ടോ…” നിറമില്ലാതെ ഒന്ന് ചിരിച്ച് മെല്ലെ തിരിഞ്ഞു … അടുക്കളയിലെ പണികളിൽ എല്ലാം അപ്പച്ചിയും കൂടി … അച്ഛനുമായി സംസാരിക്കുന്ന അവസരത്തിൽ വേഗം അനന്തേട്ടനുള്ള ഭക്ഷണം എത്തിച്ചു.. “അപ്പച്ചി വന്നിട്ടുണ്ട് ” എന്ന് പറഞ്ഞപ്പോൾ, “ന്നാ വേഗം പൊയ്ക്കോ” എന്ന് പറഞ്ഞു… എന്തോ കൂടുതൽ നേരം അടുത്തിരിക്കാൻ കഴിയാത്തതിൽ എന്തോ പ്രയാസം പോലെ തോന്നി എനിക്ക് … 🐤🐤🐤

ഉണ്ണുമ്പോൾ അപ്പച്ചി കൂടി സഹായിച്ചിട്ടാണെങ്കിലും കറികളെല്ലാം അസലായി എന്ന് പറഞ്ഞ് പുകഴ്ത്തിയിരുന്നു, അത് കേട്ട് നിറഞ്ഞ ചിരിയോടെ അച്ഛനും എന്നെ നോക്കി ചിരിച്ചു.. മനസ് നിറഞ്ഞ് ഞാനും, കാരണം ആശുപത്രിയിൽ. നിന്ന് വന്നിട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് ഇപ്പഴാണ്, പിടിച്ചിട്ടാണെങ്കിൽ കൂടിയും …. ” വീടൊന്ന് വൃത്തിയാക്കണം, സാധാരണ വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞാൽ തന്നു മോളല്ലേ വൃത്തിയാക്കിയിടാറ്… ഇത്തവണ അവൾക്ക് ഇവിടന്ന് വിട്ട് നിൽക്കാൻ വയ്യാരുന്നല്ലോ?” അപ്പച്ചി ഉണ്ണുന്നതിനിടക്ക് പറഞ്ഞു.. “ന്നാ നാണിയമ്മയോട് പറയാം അപ്പച്ചീ .. അവര് വന്ന് ചെയ്ത് തരും… ” എന്നു ഞാൻ പറഞ്ഞപ്പോൾ അങ്ങനെ മതി എന്ന് അപ്പച്ചിയും പറഞ്ഞു… 🐤🐤🐤

“അനന്തേട്ടാ…” എന്താ ഒന്നും കഴിച്ചില്ലല്ലോ?” അപ്പച്ചി സ്വന്തം വീട്ടിലേക്ക് പോയപ്പോൾ അനന്തേട്ടൻ്റെ അരികെ എത്തിയതാണ്, കൊണ്ട് വന്ന് വച്ച പോലെ പത്രങ്ങൾ ഇരിക്കുന്നത് കണ്ടാണ് ഒന്ന് തുറന്ന് നോക്കിയത്.. ഒന്നും തൊട്ടിട്ട് കൂടെ ഇല്ല … “ഇതെന്താ അനന്തേട്ടാ….? ” ” വിശപ്പില്ല തനൂ ” അനന്തേട്ടൻ്റെ മറുപടി കേട്ട് ദേഷ്യമാണ് വന്നത്, “വിശപ്പില്ലാത്രെ…. മര്യാദക്ക് കഴിക്കു… കറി ചോറിൽ ഒഴിച്ച് അനന്തേട്ടന് നേരെ നീട്ടി.. ” ഇത്തിരി നേരം നോക്കി മനസില്ലാ മനസോടെ അത് വാങ്ങി…. കഴിച്ചെന്ന് വരുത്തി പറഞ്ഞു. ” മതി” എന്ന് .. കൈ കഴുകിച്ച് പാത്രം നീക്കിവച്ച് അനന്തേട്ടനരികെ ഇരുന്നു …. “നിക്ക്, അനൂനെ കാണണം അനന്തേട്ടാ ” തല താഴ്ത്തി ഇരുന്നതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല അനന്തേട്ടൻ…. “എന്താ ഒന്നും മിണ്ടാത്തത്?” “തനൂ.. അത് … ഞാൻ ” അസ്വസ്ഥമായിരുന്നു ആ മുഖം .. ”

ഞാൻ പോണത് ഇഷ്ടല്ലാത്തോണ്ടാ അനന്തേട്ടാ?” “അതല്ല, തനൂ…. ” “പിന്നെ….? പിന്നെയെന്താ അനന്തേട്ടാ…?” ആ മുഖത്തെ അസ്വസ്ഥത ഒരു തരം ദേഷ്യത്തിന് വഴിമാറിയിരുന്നു… ” അവിടെ, അമ്മയെയും നിൻ്റെ കൂട്ടുകാരിയെയും കൂടാതെ ഒരു മനുഷ്യ ജീവി കൂടെ ഉണ്ട് ….. എൻ്റെ രഞ്ചൻ്റെ പാവം അമ്മച്ചി, മകൻ പണക്കാരനായി സ്വന്തം അസുഖം ഭേദാക്കി… ഇനി സ്വസ്ഥമായി അവൻ്റെ കൂടെ ജീവിക്കാൻ ആറ്റു നോറ്റിരിക്കണ പാവം.. നീ അനന്തേട്ടൻ്റെ കാര്യം പറയുമ്പോ, ആ അമ്മയും ചോദിക്കും അവരുടെ മകനെ പറ്റി .. ഒരിക്കലും തിരിച്ചു വരാത്തവനെ പറ്റി… എന്തു പറയും നീ….?? പണം മോഹിച്ച് ചെന്ന് പെട്ട യിടത്ത് അവൻ തീർന്നെന്നോ? അവനെ ആരൊക്കെയോ ഇഞ്ചിഞ്ചായി ഇല്ലാതാക്കി എന്നോ? ആ നിമിഷം മരിക്കും അവർ.. ചങ്കുപൊട്ടി… ” ശബ്ദം ഉയർത്തി എന്തൊക്കെയോ പറഞ്ഞ് മുഖം പൊത്തി കരയുന്നവനെ കണ്ട് സഹതാപം തോന്നി… ” അനന്തേട്ടാ ”

എന്ന് വിളിച്ച് ആ തോളിൽ കൈ വച്ചതും എന്നെ ഇറുകെ പുണർന്നു അനന്തേട്ടൻ… ആ നെഞ്ച് ക്രമാതീതമായി ഉയരുകയും താഴുകയും ചെയ്തപ്പോൾ അറിഞ്ഞിരുന്നു കരയുകയാണെന്ന്, ഉള്ളിൽ കൊണ്ട് നടക്കുന്ന പിരിമുറക്കത്തെ പുറത്തേക്കൊഴുക്കുകയാണ് എന്ന് …. ” അതിന്, ഞാൻ അനന്തേട്ട നെ പറ്റി ഒന്നും പറയാതിരുന്നാൽ പോരേ?” ചേർത്ത് പിടിച്ച് കരയുന്നവനോട് ചോദിച്ചു, “ഉം” എന്ന് മൂളി അനന്തേട്ടൻ എന്നിൽ നിന്നും വേർപിരിഞ്ഞു, “ഞാൻ…. സോറി തനൂ.. എൻ്റെ ഉള്ളിൽ ആ അമ്മച്ചീടെ മുഖം മാത്രമേ ഉള്ളൂ.. രഞ്ചനെവിടെ എന്ന് ചോദിക്കുന്ന അമ്മച്ചീടെ മുഖം… അത് മത്രാ ഇപ്പോ സ്വപ്നം കാണുന്നതും … അതാ ഞാൻ എന്തൊക്കെയോ.. കൃത്യമായി അനുവും അമ്മയും ഉള്ള ഇടം പറഞ്ഞ് തന്നു അനന്തേട്ടൻ…. ”

അച്ഛനെ അപ്പച്ചിയെ ഏൽപ്പിച്ച് നാളെ തന്നെ ഞാൻ പോകുമെന്ന് അനന്തേട്ടനോട് ഉറപ്പ് പറഞ്ഞു .. ഒന്നും മറുപടി പറഞ്ഞില്ല, തല താഴ്തി അങ്ങനെ ഇരുന്നു.. പെട്ടെന്നാണ് ഉമ്മറത്ത് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്… ”അപ്പച്ചി തിരിച്ചെത്തി തോന്നുന്നു.. ഞാനങ്ങട് ചെല്ലട്ടേ അനന്തേട്ടാ ” എന്ന് പറഞ്ഞപ്പോൾ, തലയാട്ടി സമ്മതം തന്നു… 🐤🐤🐤 വീണ്ടും മുഴങ്ങിക്കേട്ടു കാളിംഗ് ബെൽ, വേഗം ചെന്ന് വാതിൽ തുറന്നു.. മുന്നിലുള്ള ആളെ കണ്ട് പെട്ടെന്ന് ഉള്ളിൽ ഒരു കൊള്ളിയാൻ മിനി… ” ഗൗതം സർ” അതും യൂണി ഫോമിൽ… തൊണ്ട വരളും പോലെ തോന്നി… പ്രജ്ഞയറ്റ് വീഴും പോലെ ……. (തുടരും)….

അനന്തൻ: ഭാഗം 12

Share this story