ശിവഭദ്ര: ഭാഗം 22

ശിവഭദ്ര: ഭാഗം 22

എഴുത്തുകാരി: ദേവസൂര്യ

“പ്രായം കൗമാരത്തിലേക്ക് എത്തിനോക്കുന്ന ഏതോ നേരത്താണ് എന്ന് തോന്നുന്നു…അവളോട് ആദ്യമായി മനസ്സിൽ ഇഷ്ട്ടം തോന്നിയത്…ചെറുപ്പം മുതലേ…മഹി, ശിവ ആതി….സ്കൂൾ അറിയപ്പെടുന്ന മൂന്ന് കട്ട ഫ്രണ്ട്‌സ്…ചങ്ക് പറിച്ചു കൊടുക്കുന്ന ചങ്കുകൾ….പക്ഷെ ഇടക്കെപ്പോളോ…ആതി കൂടെയുള്ളപ്പോൾ തനിക്ക് വല്ലാത്ത പരവേശം നിറയുന്നത് താൻ അറിയുകയായിരുന്നു….” ഏതോ ഓർമയിൽ എന്നപോലെ…മഹിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…അവൻ ഇടംകണ്ണിട്ട് അടുത്തിരിക്കുന്ന ആതിയെ ഒന്ന് നോക്കി….ആ നിറഞ്ഞു തൂവാറായ കണ്ണുകൾ എന്തോ മനസ്സിനെ കീറി മുറിക്കുന്നു…. “”നാളുകൾ ആയി ആതി നിനക്ക് വേണ്ടി മനസ്സിങ്ങനെ വിങ്ങുന്നു… അറിയുന്നുണ്ടോ നീ…”” അവൻ അവളെ നോക്കി…വളരെ നിശബ്തമായി പറഞ്ഞു….അവൻ പതിയെ പടവുകളിലേക്ക് ചാഞ്ഞു…കണ്ണുകൾ നിറയുന്നതറിഞ്ഞപ്പോൾ പതിയെ അടച്ചു…

പോയ കാലം ഒരു തിരശീല പോലെ തെളിഞ്ഞു വന്നു…. “”ഡാ..മഹി അവൾ വന്നില്ലല്ലോ ഡാാ…”” കോളേജ് വരാന്തയിൽ അക്ഷമനായി നിൽക്കുന്ന മഹിയെ കണ്ടതും ശിവ അവനോടായി ചോദിച്ചു….കോളേജിലെ ഒരു വാലന്റിൻസ് ഡേ ആയിരുന്നു അന്ന്….സാലിയും ക്രിസ്റ്റിയും അവർക്കരികിൽ ആയി ഇരുന്നു… ഇത്തിരി കഴിഞ്ഞാണ് ആതി അവർക്കരികിലേക്ക് വന്നത്..അവളെ കണ്ടതും മഹിയുടെ കണ്ണുകൾ വിടർന്നു…എന്ന് മുതലാണ് അവളോട് തനിക്ക് പ്രണയം തോന്നി തുടങ്ങിയത് എന്നറിയില്ല…ചെറുപ്പം മുതലേ ഉള്ള കൂട്ടാണ് തങ്ങൾ മൂന്നാളും…ശിവയും.. മഹിയും..ആതിയും…ത്രിമൂർത്തികൾ എന്നേ സ്കൂളിൽ പോലും തങ്ങളെ വിളിച്ചിരുന്നുള്ളു…ആദ്യമാദ്യം അടുത്തിടപഴകിയ അവളോട് എന്ന് മുതലാണ് അവളോട് അകൽച്ച തോന്നി തുടങ്ങിയത് എന്നറിയില്ല…അവൾ പോലും അറിയാതെ അവളോട് ഒരു അകൽച്ച തോന്നിയിരുന്നു തനിക്ക്…

അവളെ കാണുമ്പോൾ കാരണമില്ലാതെ പിടച്ചിരുന്ന കണ്ണുകൾ…അവളെ കാണാത്ത നേരം…വല്ലാത്ത വീർപ്പുമുട്ടൽ…അവളുടെ പുഞ്ചിരി കാണുമ്പോൾ പേരറിയാത്തൊരു വികാരം വന്നു മൂടുന്നു…ഒത്തിരി അലഞ്ഞു അതിന്റെ പൊരുൾ തേടി…ഒത്തിരി വൈകി അറിയാൻ..ആ വികാരത്തിന്റെ പേരാണ് “പ്രണയം” എന്നത്… പിന്നീട് ഒരുപാട് വട്ടം പറയാൻ തുനിഞ്ഞതാണ്…പക്ഷെ എന്തോ ഒന്ന് ഉൾവലിക്കുന്നു…തങ്ങൾ മൂവരും ഉള്ള സൗഹൃദം തന്നെയാണ് അതിനുള്ള കാരണവും…പ്രണയം പറഞ്ഞാൽ ഒരു പക്ഷെ ഈ സൗഹൃദം തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം…ആ ഭയം മൂലം മനസ്സിൽ തന്നെ കൊണ്ട് നടന്നു ഈ പ്രണയം…വെറും നിശബ്ദ പ്രണയം മാത്രമായി…. അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു കോളേജിലേക്ക് പോരുമ്പോളും നിഴൽ പോലെ ഇരുവരും തനിക്ക് ഒപ്പമുണ്ടായിരുന്നു…

പക്ഷെ അപ്പോളേക്കും താനും ആതിയും ഒരുപാട് അകന്നിരുന്നു എന്നവൻ ചെറുപുഞ്ചിരിയോടെ ഓർത്തു…അതിന് കാരണവും ഉള്ളിൽ ആരും കാണാതെ ഒളിപ്പിച്ച ആ പ്രണയം മാത്രമായിരുന്നു….ഒരുപക്ഷെ അവളോട് അധികം മിണ്ടിയാൽ താൻ തന്റെ ഉള്ളു തുറന്നു പോകുമോ എന്ന ഭയം…. അതേ ഭയം…പ്രണയം ഭയം നിറഞ്ഞതാണല്ലോ…. ഭയം നിറഞ്ഞ വെറും ഭ്രമം… “”വാക്കിന്റെ വിരലിനാൽ തീർക്കുന്ന സ്ഫടികസൗധം….”” അതിനിടക്ക് തങ്ങൾക്ക് കൂട്ടായി മൂന്നാളും കൂടെ വന്നു..അതോടെ അകൽച്ച ഇത്തിരി കൂടെ കൂടി….പക്ഷെ അവൾ അറിയുന്നില്ലല്ലോ…ഓരോ അകൽച്ചയിലും അവളോട് കൂടുതൽ അടുക്കുകയാണ് താൻ എന്ന്….ഓരോ നോട്ടം കൊണ്ടും തീവ്രമായി പ്രണയിക്കുന്ന…ചെറുപുഞ്ചിരി കൊണ്ട് ആഴത്തിൽ പ്രണയിക്കുന്ന….മൗനത്തിലൂടെ സ്വകാര്യമായി പ്രണയിക്കുന്ന ഒരുവനെ അവൾ അറിയുന്നില്ലല്ലോ….

ഓർക്കവേ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…അവൻ തലയൊന്ന് കുടഞ്ഞു പുഞ്ചിരിച്ചു…. “”ഹെലോ…എന്താ മഹി നീ ഒറ്റക്കിരുന്നു സ്വപ്നം കാണുകയാണോ?? “”… ആതിയുടെ വാക്കുകൾ ആണവനെ ചിന്തകളിൽ നിന്നുണർത്തിയത്…അവൻ ഞെട്ടലോടെ മുൻപിലേക്ക് നോക്കി…താൻ ആരെ കുറിച്ചാണോ ഇത്രയും നേരം ആലോചിച്ചത്…ആ ആളിതാ കണ്മുന്നിൽ…അവൻ പതർച്ചയോടെ അവളെയൊന്ന് നോക്കി..അവളുടെ കണ്ണുരുട്ടി ഉള്ള നോട്ടം കാൺകെ അവൻ ജാള്യതയോടെ ഒന്ന് പുഞ്ചിരിച്ചു….അപ്പോളേക്കും എല്ലാവരും അവർക്കിടയിലേക്ക് വന്നതും…ആതി പുഞ്ചിരിയോടെ അവരോട് ഓരോന്ന് പറയുകയാണ്…. എപ്പോളും ഇങ്ങനെ ആണ്….മനസ്സിൽ തോന്നിയ കുഞ്ഞി ഇഷ്ട്ടം തുറന്നു പറയാനായി ഒത്തിരി ആയി വിചാരിക്കുന്നു…

പക്ഷെ കഴിയുന്നില്ല…അവളെ കാണുമ്പോൾ മനസ്സ് പതറുന്നു….പറയാൻ കരുതി വച്ചതെല്ലാം ചോർന്നു പോവുന്നത് അവൻ കൗതുകത്തോടെ അറിഞ്ഞു…. “”എന്താണ് മഹി…ഒരു ആലോചന…ഇന്ന് വാലന്റൈൻസ് ഡേ ആയിട്ട് ആരെയെങ്കിലും വളക്കാൻ വല്ല പ്ലാനും ഉണ്ടോ?? “”…. ക്രിസ്റ്റി കളിയായി ചോദിച്ചപ്പോൾ മറുപടി ആയി ചെറുപുഞ്ചിരി സമ്മാനിച്ചു എങ്കിലും…മനസ്സിൽ അപ്പോൾ തീരുമാനം എടുത്തിരുന്നു..എന്തൊക്കെ വന്നാലും ഇന്ന് തന്റെ ഇഷ്ട്ടം അവളോട് പറയുമെന്ന്…. “”ആതി എവിടെ ക്രിസ്റ്റി?? “””…. ക്ലാസ്സ്‌ ടൈം കഴിഞ്ഞു എല്ലാവരും പ്രോഗ്രാം കാണുവാൻ ഓഡിറ്റോറിയത്തിലേക്ക് പോയപ്പോൾ ആണ് മഹി ആതിയെ അന്വേഷിച്ചു നടക്കുന്നത്…. “”അവളിതാ ക്ലാസ്സ്‌ റൂമിൽ എന്തൊക്കെയോ കുത്തികുറിക്കുന്നു…നീ അവളെയും കൊണ്ട് വരുമോ?? ഞാൻ ഓഡിറ്റോറിയത്തിൽ ഉണ്ടാവും….””

ക്രിസ്റ്റിയുടെ ചോദ്യം കേൾക്കെ സന്തോഷം ആണ് തോന്നിയത്…ഇന്ന് തന്നെ തന്റെ പ്രണയം പറയണം എന്ന് നിശ്ചയിച്ചിട്ട് അവൾക്കരികികിലേക്കായി നടന്നു…. ക്ലാസ്സ്‌ റൂമിൽ നോക്കിയപ്പോൾ ആരെയും കാണാനില്ലായിരുന്നു….ബെഞ്ചിന്റെ മുകളിൽ ഒരു ബുക്ക് മാത്രം ഉണ്ടായിരുന്നുള്ളു…ബുക്കിനരികിലായുള്ള നീല ബാഗ് കണ്ടപ്പോളേ മഹിക്ക് അത്‌ ആതിയുടെ ആണെന്ന് മനസ്സിലായിരുന്നു…അവൻ പുഞ്ചിരിയോടെ ബുക്കിനരികിലേക്ക് നടന്നു..ബുക്ക്‌ കയ്യിൽ എടുത്ത് ഓരോ പേജും മറിക്കാൻ തുടങ്ങി…. അതിനുള്ളിൽ നിന്ന് കിട്ടിയ ഒരു ഗ്രീറ്റിംഗ്‌സ് കണ്ടപ്പോൾ അവന്റെ പുരികം ഒന്ന് ചുളിഞ്ഞു…സംശയത്തോടെ അത്‌ തുറന്നപ്പോൾ…അവന്റെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു…. ശിവക്കുള്ളതായിരുന്നു അത്‌…പ്രണയം നിറഞ്ഞ വാക്കുകൾ കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു….

കണ്ണുകൾ അറിയാതെ നിറഞ്ഞു…. നിറഞ്ഞ കണ്ണുകൾ തുടച്ചു തിരിഞ്ഞതും പിടിക്കപെട്ടത് പോലെ തലതാഴ്ത്തി നിൽക്കുന്ന ആതിയെ ആണ് കണ്ടത്… “”അ…അത്‌ മഹി ഞാൻ…എനിക്ക്….”” അവൻ നോക്കുന്നത് കണ്ടപ്പോൾ വാക്കുകൾക്കായി പരതുന്ന അവളെ വേദനയോടെ നോക്കി…. “”എന്നോട് പറയാമായിരുന്നു നിനക്ക്…”” ചെറിയ പുഞ്ചിരിയോടെ പറയുന്നവനെ അവൾ ജാള്യതയോടെ നോക്കി….ചെറുപുഞ്ചിരിയോടെ അവളുടെ കയ്യിൽ കൊടുത്ത് മിണ്ടാതെ പിന്തിരിഞ്ഞു നടക്കുമ്പോളും…ആർത്തിരമ്പും തിരമാലകൾ പോലെ മനസ്സ് ഇളകി മറിയുന്നത് അവനറിഞ്ഞിരുന്നു…. ഓർമയിൽ നിന്നും ഉതിർന്ന നേർത്ത തേങ്ങലിൽ അവൻ ഒന്ന് കണ്ണുകൾ തുറന്നു…കണ്ണിൽ നിന്നു ഒഴുകിയ കണ്ണുനീർ പതിയെ തുടച്ചു കൊണ്ട് നോക്കിയത് ആതിയുടെ മുഖത്തേക്ക് ആണ്…അവളുടെ ചിന്തകളിൽ ശിവയാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായിരുന്നു….

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു…. “”തന്റെ പ്രിയപ്പെട്ടവൾ….ആ കലങ്ങിയ കണ്ണുകൾ ഒരിക്കൽ പോലും തന്റെ കണ്ണിലെ പ്രണയം കണ്ടിരുന്നില്ല….”” അവന്റെ നെഞ്ച് വീണ്ടും പിടച്ചു…അവളുടെ കലങ്ങിയ കണ്ണുകൾ തന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്നവൻ തിരിച്ചറിഞ്ഞു….അവൻ ചെറുതേങ്ങലോടെ മിഴികൾ അടച്ചു.. എനിക്ക് സമ്മാനിക്കാൻ സ്വപ്നങ്ങളുമായി.. മേഘങ്ങൾ എങ്ങോ നിന്ന് പറന്നു വന്നു.. അവയുടെ വർഷത്തിൽ.. എന്റെ സ്വപ്‌നങ്ങൾ കുതിർന്നു… എല്ലാമറിഞ്ഞിട്ടും എന്റെ കണ്ണുകൾ.. നീർ ചൊരിഞ്ഞതേയില്ല… ചിന്തകൾ എന്നേ ഭ്രാന്ത് പിടിപ്പിക്കും മുൻപ്.. അവശേഷിച്ച ഈ ചലനവും നിലച്ചെങ്കിൽ.. -നന്ദിത

💔 ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ രാവിലെ എഴുന്നേറ്റു കുളിക്കാൻ പോകാൻ നിൽക്കുമ്പോൾ ആണ് വൈഗ കട്ടിലിൽ കിടന്നുറങ്ങുന്ന രുദ്രനെ കാണുന്നത്…കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമായി കിടക്കുന്ന അവനെ കണ്ടപ്പോൾ അവൾക്ക് വാത്സല്യം തോന്നി…ചെറുപുഞ്ചിരിയോടെ അവനെ നോക്കിയപ്പോൾ…അവളുടെ മനസ്സിലേക്ക്….അന്ന് ഹോട്ടൽ മുറിയിൽ വച്ചു തന്നെ ചേർത്ത് പിടിച്ച ആ കൈകളെ ഓർമ വന്നു…അന്ന് ആ പേടിക്കിടയിലും തനിക്ക് ആശ്വാസം ആയ കൈകൾ….പിന്നീട് ഹോസ്പിറ്റലിൽ വച്ചു….തന്നോട് മോശമായി സംസാരിച്ചവർക്കെതിരെ തനിക്ക് വേണ്ടി സംസാരിച്ചവൻ….എപ്പോളും തന്നെ കാണും നേരം പുഞ്ചിരി സമ്മാനിക്കുന്നവൻ…. ചിന്തകൾക്കൊടുവിൽ അവൾക്കവനോട് വല്ലാത്ത സ്നേഹം തോന്നി…ആ മനുഷ്യന്റെ വേദനകൾക്ക് സാന്ത്വനമാവാൻ തോന്നി…. ഒന്ന് ചേർത്ത് പിടിക്കുവാൻ തോന്നി….പ്രണയമില്ലാത്ത വെറുമൊരു ചേർത്ത് പിടിക്കൽ….ഒരു സൗഹൃദം എന്നപോലൊരു ചേർത്ത് പിടിക്കൽ…..

അവൾ നോക്കി നിൽക്കുമ്പോൾ ആയിരുന്നു രുദ്രൻ കണ്ണുകൾ തുറന്നത്….അവൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന വൈഗയെ ആണ്….അവളുടെ നിൽപ് കണ്ടിട്ട് അവൻ എന്താ എന്ന് പുരികം പൊക്കി ചോദിച്ചു…. “”മ്മ്ഹ്ഹ്…മ്മ്ഹ്ഹ്….”” ഒന്നുമില്ല എന്ന് ചുമൽ അനക്കി അവൾ ജാള്യതയോടെ ബാത്‌റൂമിലേക്ക് പോയി…അവളുടെ പോക്ക് കണ്ട് ആദ്യം ഒന്ന് സംശയിച്ചു എങ്കിലും പിന്നീട് അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു… ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”കല്യാണം കഴിഞ്ഞതല്ലേ…നിങ്ങൾ രണ്ടാളും അമ്പലത്തിൽ ഒന്ന് പോയി വാ മോളെ…അവനോട് പറ….”” കുളി കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ പറയുന്നത് കേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു…ശ്രീയും ഭദ്രയും…അടുക്കളയിൽ മറ്റു പണികൾ ചെയ്യുകയായിരുന്നു…. “”ആഹാ…അമ്പലത്തിലേക്കാണോ…എന്നാൽ ഞാനും ഉണ്ട്….”” ഭദ്രയുടെ പറച്ചിൽ കേട്ടപ്പോൾ അമ്മ അവളെ രൂക്ഷമായി ഒന്ന് നോക്കി….

“”മോൾ ചെല്ല്….അവനെയും കൊണ്ട് ചെല്ല്..”” അമ്മ അവളെ രുദ്രന്റെ അരികിലേക്ക് പറഞ്ഞയക്കുമ്പോൾ വൈഗ നിസ്സഹായതയോടെ ഭദ്രയെ ഒന്ന് നോക്കി….എവിടെ പുള്ളിക്കാരി അമ്മ പോവണ്ട എന്ന് പറഞ്ഞതിൽ മുഖം വീർപ്പിച്ചു ഇരിക്കുകയാണ്…. “”അമ്മ…അമ്മ…ഞാനും കൂടെ പൊക്കോട്ടെ അവരുടെ കൂടെ….ശ്രീയും വരും ഇല്ലേടി…”” ഭദ്ര ശ്രീയെ നോക്കിയപ്പോൾ ഞാനില്ല എന്നും പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് പോയി…. “”അവളില്ലേൽ എന്താ അമ്മ…ഞാൻ പൊക്കോട്ടെ…പ്ലീസ്…”” “”നിശ്ചയം കഴിഞ്ഞാൽ പിന്നെ ചെക്കന്റെ അനുവാദം ഇല്ലാതെ അങ്ങനെ ഒന്നും പോവാൻ പാടില്ല ഭദ്രേ….നിനക്കറിയാത്ത നാട്ടുനടപ്പുകൾ ഒരുപാട് ഉണ്ട്….”” അമ്മ ശാസനയോടെ അവളെയൊന്ന് നോക്കി….എന്നിട്ട് ബാക്കിയുള്ള ദോശ മാവ് ചട്ടിയിലേക്ക് ഒഴിച്ചു….

“”അപ്പൊ ശിവേട്ടൻ സമ്മതിച്ചാൽ എനിക്ക് പോവാലോ….ശിവേട്ടന് ഇങ്ങനത്തെ കാര്യത്തിൽ ഒന്നും വിശ്വാസം ഇല്ല അമ്മ….ഞാൻ പോയി ചോദിച്ചിട്ട് വേഗം വരാം….”” “”ഡീ…അവർ പൊക്കോട്ടെ….നിന…”” പറയുന്നത് മുഴുവിപ്പിക്കും മുൻപേ ഭദ്ര അടുക്കളയിൽ നിന്ന് പോയിരുന്നു….. “”ഓ…ഈ പെണ്ണിത്….അവരെ എങ്ങനെ എങ്കിലും ഒന്ന് ഒരുമിപ്പിക്കാൻ നോക്കുമ്പോൾ…ഈ മണ്ടൂസ് സമ്മതിക്കില്ലല്ലോ കൃഷ്ണ….”” അമ്മ ആരോടെന്നില്ലാതെ അവളുടെ പോക്ക് കണ്ടപ്പോൾ നെറ്റിയിൽ അടിച്ചു പറഞ്ഞു…. ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”ശിവേട്ടൻ എവിടെ അമ്മേ…?? “” ഭദ്ര അടുക്കളയിലേക്ക് ചെല്ലുമ്പോൾ നാളികേരം ചിരാവുന്ന അമ്മയെ കണ്ടപ്പോൾ സംശയത്തോടെ ചോദിച്ചു…. “”ആഹാ…ഭദ്രമോളോ….അവൻ ദാ കുളക്കടവിൽ ഉണ്ട്….ഇന്ന് ലീവ് അല്ലേ….കൂട്ടുകാരുടെ കൂടെ കുളിക്കണം ന്നും പറഞ്ഞു എല്ലാരും കൂടെ പോയിട്ടുണ്ട്….””

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ പിന്നെ കൂടുതൽ ഒന്നും ചോദിക്കാതെ അമ്മക്ക് ചെറുപുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ കുളപ്പടവുകൾ ലക്ഷ്യം വച്ചു നടന്നു….. കുളത്തിനടുത്ത് എത്തിയപ്പോളെ കേൾക്കാം ചിരിയും ബഹളവും….അവൾ പടവുകൾ ഇറങ്ങി ചെല്ലുമ്പോൾ …എല്ലാവരും കുളത്തിൽ കുളിക്കുകയായിരുന്നു…. ശിവയും സാലിയും മഹിയും വെള്ളത്തിൽ ആണ്….ക്രിസ്റ്റിയും ആതിയും പടവിൽ ഇരിക്കുന്നുണ്ട്….ഭദ്രയെ കണ്ടതും എല്ലാവരും ഒന്ന് പുഞ്ചിരിച്ചു….കുളി കഴിഞ്ഞു കയറാൻ ഒരുങ്ങുകയായിരുന്നു അവർ….ശിവ പടവിൽ കയറി തലതുവർത്തി നോക്കുമ്പോൾ…ഭദ്ര അവനെ കാത്തെന്നപോലെ പടവിൽ നിൽക്കുന്നുണ്ടായിരുന്നു…. അവൻ എന്താ എന്ന് പുരികം പൊക്കി ചോദിച്ചപ്പോൾ….അവൾ അവനോട് ഒന്ന് വരാൻ ആംഗ്യം കാണിച്ചു കുളത്തിന്റെ പുറത്തേക്ക് നടന്നു….. “”എന്താണ് വരാൻ പറഞ്ഞത്?? “”….

അവൻ അവൾക്കരികിലായി വന്നു കൊണ്ട് ചോദിച്ചു…അവന്റെ ശബ്‌ദം കേട്ടപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്..മുടിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികളിലേക്ക് കണ്ണുകൾ ചെന്നെത്തി…. “”തല ശെരിക്കും തോർത്തിക്കൂടേ എന്റെ ശിവേട്ടാ….”” അവൾ കയ്യിലെ തോർത്ത്‌ വാങ്ങി….തല തോർത്തി കൊടുക്കാൻ തുടങ്ങി… “”ഇപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചേ ഭദ്രേ…”” അവന്റെ വാക്കുകൾ കേട്ടപ്പോൾ….തോർത്തൽ നിർത്തി സംശയത്തോടെ അവനെയൊന്ന് നോക്കി….. “”നിനക്കൊട്ടും നീളം ഇല്ലാലോ പെണ്ണെ….”” ഏന്തി വലിഞ്ഞു തല തുവർത്തുന്ന അവളെ നോക്കി കളിയോടെ പറയുന്നത് കേട്ടപ്പോൾ…അവളുടെ മുഖം വീർത്തു….. “”ഓ….എന്നാൽ നീളം ഉള്ള ഒത്തിരി പേരെ കിട്ടും…ഞാൻ പോണു….”” അവൾ അവനിൽ നിന്നകന്നു മാറി പിണക്കത്തോടെ തിരിഞ്ഞതും….ഇടുപ്പിലൂടെ കൈകൾ വരിഞ്ഞതും ഒരുമിച്ചായിരുന്നു….

“”ഓഹോ….പിണങ്ങി പോകുവാണോ…ഏഹ്ഹ്… ?? വീർത്തു വരുന്ന കവിളിൽ കുസൃതിയോടെ അവൻ നുള്ളി….അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി…ചുണ്ട് കോട്ടി…. “”എന്നേ വേണ്ടല്ലോ….നീളം ഉള്ളോരേ കിട്ടും…പൊക്കോ….ആ കോൺസ്റ്റബിൾക്ക് നല്ല നീളം ഉണ്ടാവും ല്ലേ??…”” അവളുടെ പരിഭവത്തോടുള്ള പറച്ചിൽ കേട്ടപ്പോൾ ചിരിയാണ് വന്നത്….അവന്റെ കണ്ണിൽ കുസൃതി വിരിഞ്ഞു….. “”നീളം മാത്രം പോരല്ലോ….ഈ കുറുമ്പും ഉള്ള ഉണ്ടക്കണ്ണിയെ വേണ്ടേ എനിക്ക്….അതിന് ആ കോൺസ്റ്റബിൾ ചെരൂല…ഈ വഴക്കാളി പെണ്ണെ ചേരൂ…..”” അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ…അവളൊന്ന് പൊള്ളിപ്പിടഞ്ഞു…ധാവണിക്കിടയിലൂടെ നഗ്നമായ വയറിൽ അവന്റെ കൈകൾ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ അവൾ പിടപ്പോടെ അവനിൽ നിന്നകന്ന് മാറാൻ ശ്രമിച്ചു….

പക്ഷെ അവന്റെ കൈകൾ മുറുകുന്നതും അവളെ നെഞ്ചോട് ചേർക്കുന്നതും അവളറിഞ്ഞു….ആദ്യമൊന്ന് എതിർത്തെങ്കിലും അവൾ പിന്നീട് അവനോട് ചേർന്നിരുന്നു….കവിളുകൾ….വെള്ളത്തുള്ളികളാൽ കുതിർന്ന അവന്റെ വിരിഞ്ഞമാറിൽ ചേർത്ത് വെച്ചു…. കുസൃതിയോടെ…പ്രണയത്തോടെ….അവന്റെ ഇടനെഞ്ചിൽ പതിയെ ചുംബിച്ചു…. ഇരുവരുടെ ചുണ്ടിലും ചെറുപുഞ്ചിരി ഉണ്ടായിരുന്നു………(തുടരും )….

ശിവഭദ്ര: ഭാഗം 21

Share this story