ഈറൻമേഘം: ഭാഗം 47

ഈറൻമേഘം: ഭാഗം 47

 എഴുത്തുകാരി: Angel Kollam

അമിതവേഗത്തിൽ ഗിരീഷ് കാർ ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോൾ തന്നോടുള്ള ദേഷ്യമാണോ അവൻ ഈ പ്രകടിപ്പിക്കുന്നതെന്ന് അമേയ മനസ്സിൽ ചിന്തിച്ചു.. അവൾ ഭീതിയോടെ വിളിച്ചു.. “ചേട്ടാ ” ഗിരീഷ് അവളുടെ നേർക്ക് പോലും നോക്കാതെ ഡ്രൈവ് ചെയ്യുന്നത് തുടർന്നു.. “ചേട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ട് ” ഗിരീഷ് റോഡരികിലേക്ക് കാർ ഒതുക്കി നിർത്തിയിട്ട് ശബ്ദമുയർത്തി അവളോട് ചോദിച്ചു.. “ഇനിയെന്ത് കള്ളമാണ് ആമി നിനക്ക് പറയാനുള്ളത്? അമ്പലത്തിൽ വച്ച് അമ്മായിയെ കണ്ടപ്പോൾ നിന്റെ മുഖത്തുള്ള ഭാവമാറ്റം ശ്രദ്ധിച്ചപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നിയതാണ്.. അതാണ് അരവിന്ദ് നിന്നെക്കാണാൻ ബാംഗ്ലൂരിൽ വന്നിരുന്നോ എന്ന് ഞാൻ ചോദിച്ചത്?

അവന്റെ ഈ അവസ്ഥയ്ക്ക് നീ ഒരു കാരണമാണോ എന്ന് കുറ്റബോധം തോന്നിയത് കൊണ്ടല്ലേ നീ അവനെ കാണാൻ പോകാമെന്ന് വാശി പിടിച്ചത്.. ഇനിയെങ്കിലും സത്യം പറയ് ആമി.. അവൻ നിന്നെക്കാണാൻ വന്നില്ലേ? അപ്പോൾ അരുതാത്തതെന്തോ സംഭവിച്ചില്ലേ? അയാളെ മറന്നിട്ട് അവനെ സ്നേഹിക്കാൻ അരവിന്ദ് പറയാൻ കാരണമെന്താ? നിനക്ക് ഇപ്പോളും ശ്യാമിനോട് അടുപ്പമുണ്ടോ? അതോ ഇനി വേറെ ആരെങ്കിലും ആണോ? എന്താ അരവിന്ദ് ആ പറഞ്ഞതിന്റെയൊക്കെ അർത്ഥം?” ഗിരീഷിന്റെ ഇത്രയും ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണമെന്നറിയാതെ അമേയ കുഴങ്ങി.. അവളുടെ മൗനം കണ്ടപ്പോൾ ഗിരീഷ് ഒച്ചയുയർത്തി ചോദിച്ചു.. “എന്നോട് പറയാൻ എന്തെങ്കിലും കള്ളമാണോ ആമി നീ ആലോചിക്കുന്നത്?” “ചേട്ടാ… ഞാൻ..”

അമേയയുടെ സ്വരമിടറിയപ്പോൾ ഗിരീഷിന് അൽപ്പം മനസലിവ് തോന്നി.. “ഭാര്യയുടെ അനിയത്തിയായിട്ടാണോ ഞാൻ നിന്നെ കണ്ടിട്ടുള്ളത്.. എന്റെ സ്വന്തം അനിയത്തിയായിട്ടല്ലേ നിന്നെ ഞാൻ സ്നേഹിച്ചത്.. എന്നിട്ടും എന്താണ് നീ എന്നിൽ നിന്നും മറയ്ക്കുന്നത്? എന്നോടും നിന്റെ ചേച്ചിയോടും പറയാൻ കഴിയാത്ത എന്ത് രഹസ്യമാണ് നിന്റെ മനസിലുള്ളത്?” “ചേട്ടാ നിങ്ങളിൽ നിന്നും ഒന്നും മറച്ചു വയ്ക്കാൻ ഞാനാഗ്രഹിച്ചിട്ടില്ല.. പക്ഷേ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടാൽ ഈ അവസ്ഥയിൽ ചേച്ചിയെ അത്‌ ദോഷമായി ബാധിച്ചാലോ എന്ന് കരുതിയാണ് ഞാൻ ഇത് മനസ്സിൽ തന്നെ വച്ചത് ” “ചേച്ചിയോട് പറയാഞ്ഞതിന്റെ കാരണം എനിക്ക് മനസിലാകും..

നിനക്കെന്നോടെങ്കിലും എല്ലാം തുറന്നു പറയാമായിരുന്നു.. നീ ഇവിടുന്നു ബാംഗ്ലൂരിലേക്ക് തിരിച്ചു പോയതിന് ശേഷം ഒരുപാട് മാറിപ്പോയത് പോലെ എനിക്ക് തോന്നിയിരുന്നു.. നേരത്തെ അവിടെ ഉള്ളപ്പോൾ നീ ഇടയ്ക്ക് എന്നെ വിളിച്ചിരുന്നു.. പക്ഷേ ഇപ്പോൾ പോയതിന് ശേഷം വിളിയൊക്കെ കുറഞ്ഞു.. മനസ്സിൽ ആശങ്ക ഉണ്ടായിട്ടും ഞാൻ അനിതയിൽ നിന്ന് പോലും അതൊക്കെ മറച്ചു വച്ചത് അവളെയും കൂടി വിഷമിപ്പിക്കണ്ടെന്ന് കരുതിയാണ്.. പക്ഷേ നീ മാറിത്തുടങ്ങിയെന്ന് ഞാൻ മനസിലാക്കിയിരുന്നു ആമീ.. ഞാൻ ഒരു സാധാരണക്കാരനാണ്, നിന്റത്രയും പഠിപ്പും വിവരവുമൊന്നും എനിക്കില്ല.. എന്നാലും ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു.. ” അമേയയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു..

“ചേട്ടൻ എന്നോട് ക്ഷമിക്കണം.. ഒന്നും മനഃപൂർവമല്ലായിരുന്നു ” “ആമീ ഇപ്പോളും നീ കാര്യമെന്താണെന്ന് തുറന്നു പറയുന്നില്ലല്ലോ… വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ എന്താ ഉണ്ടായതെന്ന് തുറന്നു പറയൂ ” അമേയ ഒരു നിമിഷം കണ്ണുകളടച്ചിരുന്നു.. താൻ ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ വച്ച് ജോയലിനെ നേരിട്ട് കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ അവളുടെ മനസിലേക്ക് കടന്ന് വന്നു.. അവൾ ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി.. എല്ലാ വിവരങ്ങളും അവൾ ഗിരീഷിനോട് പറഞ്ഞു.. ഗിരീഷ് അമ്പരപ്പോടെയാണ് എല്ലാം കെട്ടിരുന്നത്.. അമേയ ഒരു യാത്രയിൽ പരിചയപ്പെട്ട പുരുഷനോടൊപ്പം ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റിലായിരുന്നു താമസമെന്ന് കേട്ടത് വിശ്വസിക്കാനാകാതെ ഗിരീഷ് നിർന്നിമേഷം അവളെ നോക്കിയിരുന്നു..

“എനിക്കറിയാം ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കുമെന്ന്.. പക്ഷേ എനിക്ക് അദ്ദേഹത്തെ അത്രയ്ക്ക് വിശ്വാസമായിരുന്നു അതാണ് ആ ഫ്ലാറ്റിൽ തന്നെ ഞാൻ താമസം തുടർന്നത് ” “എന്നാലും നീ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇനിയിപ്പോൾ നിങ്ങൾ രണ്ടുപേരും ഇത്രയൊക്കെ തീരുമാനിച്ച സ്ഥിതിയ്ക്ക് ഞാനായിട്ട് എതിര് പറയുന്നതിൽ എന്താണർത്ഥം? നിന്റെ ജീവിതത്തിൽ വില്ലനാകാനൊന്നും എനിക്ക് താല്പര്യമില്ല.. തെറ്റും ശരിയുമൊക്കെ തിരിച്ചറിയാനുള്ള പ്രായമൊക്കെ നിനക്കുണ്ടല്ലോ.. അപ്പോൾ പിന്നെ നിന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നും നിനക്ക് തീരുമാനിക്കാം ” “ചേട്ടൻ എന്നോട് ക്ഷമിക്കണം ”

“എന്തായാലും നീ ഇതൊക്കെ അനിതയിൽ നിന്നും മറച്ചു വയ്ക്കാൻ തീരുമാനിച്ചത് നന്നായി.. അവൾക്ക് ഇതൊന്നും കേട്ടാൽ സഹിക്കാൻ കഴിയില്ല ” “അതെനിക്കറിയാം ചേട്ടാ.. എന്തായാലും ചേച്ചിയുടെ ഡെലിവറി കഴിഞ്ഞാൽ ഞാനെല്ലാം ചേച്ചിയോട് തുറന്നു പറയാൻ തീരുമാനിച്ചിട്ടുണ്ട് ” “അത്‌ സമയവും സന്ദർഭവും അനുസരിച്ചു അവളോട് പറയാം.. അതിന് മുൻപ് എനിക്ക് ജോയലിനോടൊന്ന് സംസാരിക്കണം.. നേരിട്ട് സംസാരിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.. അത്‌ പറ്റില്ലെങ്കിൽ ഫോൺ വിളിച്ചു സംസാരിച്ചാലും മതി ” “ഞാൻ സാറിനോട് പറയാം ചേട്ടനെ വിളിക്കാൻ ” “ഉം ” ഗിരീഷ് വീണ്ടും കാർ സ്റ്റാർട്ട്‌ ചെയ്തു.. അവന്റെ ശാന്തമായ മുഖം കണ്ടപ്പോൾ അമേയയ്ക്ക് സമാധാനം തോന്നി..

അവർ വീട്ടിലെത്തുമ്പോൾ അനിത ആകാംഷയോടെ ഉമ്മറത്ത്‌ കാത്തിരിക്കുന്നുണ്ടായിരുന്നു.. അവരെ കണ്ടതും വെപ്രാളത്തോടെ പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.. “എന്ത് പറ്റി? എന്താ നിങ്ങൾ താമസിച്ചത്?” “വരാൻ താമസിക്കുമെന്ന് ഞാൻ വിളിച്ചു പറഞ്ഞതല്ലേ.. പിന്നെ നീയെന്തിനാ ഇത്രയ്ക്ക് ടെൻഷനടിച്ചത്?” “വരാൻ താമസിക്കുമെന്നല്ലേ പറഞ്ഞുള്ളൂ.. എന്താ കാരണമെന്ന് പറഞ്ഞില്ലല്ലോ.. അപ്പോൾപ്പിന്നെ കാര്യമറിയാതെ ആരായാലും ടെൻഷനടിക്കില്ലേ ” അപ്പോളേക്കും ഭവാനി അവരുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.. “എന്റെ പൊന്ന് ഗിരീഷേ.. ഈ പെൺകൊച്ചു എത്ര നേരമായെന്നോ ഉമ്മറത്ത് വന്ന് ഈ ഇരിപ്പ് തുടങ്ങിയിട്ട്.. ഈയിടെയായിട്ട് ഇവൾക്ക് നിസാര കാര്യത്തിന് പോലും ഭയങ്കര പേടിയും വെപ്രാളവുമാണല്ലോ ” “അത്‌ ഡേറ്റ് അടുത്തതിന്റെ ടെൻഷൻ ആയിട്ടായിരിക്കുമമ്മേ ”

“ചെക്കപ്പിന് പോയപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതല്ലേ.. പിന്നെ ഇവൾക്കെന്താ ഇത്രയും ടെൻഷൻ?” “ഞാൻ സംസാരിക്കട്ടെ അമ്മേ ” ഗിരീഷ് അനിതയുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് തങ്ങളുടെ റൂമിലേക്ക് പോയി.. അമേയ ഒരുനിമിഷം അത്‌ നോക്കി നിന്നിട്ട് തന്റെ റൂമിലേക്ക് പോയി.. അനിതയെ ബെഡിലിരുത്തിയിട്ട് ഗിരീഷ് ചോദിച്ചു.. “എന്താടി നിനക്ക് പറ്റിയത്?” “ഏട്ടാ.. എനിക്ക് പേടിയാകുവാ ” “എന്തിന്?” “നമ്മുടെ കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോന്ന്.. നമ്മൾ ഇത്രയും വർഷങ്ങൾ കാത്തിരുന്നിട്ട് കിട്ടിയതല്ലേ ഈ കുഞ്ഞിനെ നമുക്ക്.. ആ കുഞ്ഞു മുഖം ഒരു നോക്ക് കാണുന്നതിന് മുൻപ് ഞാൻ ഈ ലോകത്തിൽ നിന്നും പോയാലോ എന്നും എന്റെ മനസ്സ് പറയുന്നുണ്ട് ” ഗിരീഷ് അവളുടെ വായ് പൊത്തി.. “ഇങ്ങനെയൊന്നും പറയാതെടി..

നീയില്ലെങ്കിൽ പിന്നെ ഞാനില്ല പെണ്ണേ.. നമ്മുടെ കുഞ്ഞ് ആരുമില്ലാതെ വളർണമെന്നാണോ നീ ആഗ്രഹിക്കുന്നത്?” “എനിക്കെന്തെങ്കിലും സംഭവിച്ചാലും ഏട്ടൻ നമ്മുടെ കുഞ്ഞിനെ പൊന്ന് പോലെ നോക്കണം ” ഗിരീഷ് അവളുടെ വയറ്റിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു.. “ആവശ്യമില്ലാത്തതൊന്നും ചിന്തിക്കാതെ മോളെ.. ഇനി ഒരാഴ്ച കൂടി കഴിയുമ്പോൾ നമ്മുടെ വാവ ഇങ്ങ് വരും.. നമ്മൾ സന്തോഷമായിട്ട് കുറേക്കാലം ജീവിക്കുകയും ചെയ്യും ” അനിത അവന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു.. “ഏട്ടാ.. എനിക്ക് ഈ സ്നേഹം അനുഭവിച്ച് മതിയായിട്ടില്ല.. എനിക്കെന്നും ഏട്ടന്റെ കൂടെ ജീവിക്കണം.. എനിക്ക് ഉടനെയൊന്നും ഏട്ടനെ വിട്ട് പോകണ്ട ” “നീ കുറച്ച് നേരം കിടക്ക്..

ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ മനസിലുള്ള ഈ ചിന്തകളൊക്കെ മാറും ” അനിതയെ അവൻ ബെഡിലേക്ക് പിടിച്ചു കിടത്തി.. “ഏട്ടനിവിടെ എന്റെയടുത്തു ഇരിക്ക് ” ഗിരീഷ് അവളുടെ അടുത്തിരുന്നു.. അവന്റെ മനസ്സിലേക്ക് അമേയ പറഞ്ഞ പല കാര്യങ്ങളും കടന്ന് വന്നു.. ജോയൽ എങ്ങനെയുള്ളവനാണെന്ന് അറിയില്ലല്ലോ.. അവളുടെ ജീവിതം വീണ്ടും പരീക്ഷണം നിറഞ്ഞതാകുമോ എന്നവൻ മനസ്സിൽ ചിന്തിച്ചു.. അനിതയുടെ തലമുടിയിൽ അവൻ പതിയെ തലോടി.. അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.. ഈ സമയം,അമേയ ജോയലിനെ ഫോൺ ചെയ്ത് എല്ലാ വിവരങ്ങളും അറിയിച്ചിരുന്നു.. “ഇച്ചായാ.. ചേട്ടന് ഇച്ചായനോട് സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.. ഇന്നെന്തായാലും ഓഫല്ലേ.. വൈകുന്നേരം ചേട്ടനെ ഒന്ന് വിളിച്ചു സംസാരിക്കാമോ?”

“ഇന്ന് പറ്റില്ലല്ലോ കൊച്ചേ.. വൈകുന്നേരം ഒരു പാർട്ടിയുണ്ട്.. ഞാനും നാളെ സംസാരിച്ചോളാം ” “പാർട്ടിയോ? എന്തിന്റെ?” “അത്‌.. ഒരു ഫ്രണ്ടിന്റെ ബർത്ഡേ ഉണ്ട് ” “ഏത് ഫ്രണ്ടിന്റെ ” “അത്‌ നിനക്കറിയാത്ത ഒരു ഫ്രെണ്ടാണ്” “ചേട്ടനോട് സംസാരിക്കാൻ ഒരു പത്തുമിനിറ്റ് പോരേ? അത്‌ കഴിഞ്ഞിട്ട് പാർട്ടിയ്ക്ക് പോയാൽ പോരേ?” “നാളെ സംസാരിക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ.. പിന്നെ ഇന്ന് തന്നെ സംസാരിക്കണമെന്ന് നീ വാശി പിടിക്കുന്നതെന്തിനാണ്?” ജോയലിന്റെ ശബ്ദത്തിന് കടുപ്പം കൂടിയത് പോലെ അമേയയ്ക്ക് തോന്നി.. അതുകൊണ്ട് അവനെ കൂടുതൽ നിർബന്ധിക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.. വൈകുന്നേരം എട്ട് മണിയായപ്പോൾ ജോയൽ അമേയയേ ഫോൺ ചെയ്തു.. “നിന്റെ വിദ്യാഭ്യാസ ലോണിന്റെ കാര്യം ബാങ്കിൽ പോയി അന്വേഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?”

“സമയം കിട്ടിയില്ല ഇച്ചായാ ” “നീ അവിടെ വെറുതെ ഇരിക്കുവല്ലേ.. ബാങ്കിൽ പോയൊന്ന് അന്വേഷിക്കാൻ ടൈം കിട്ടിയില്ലേ? മുതലും പലിശയും കൂടി ഇനിയെത്ര എമൗണ്ട് അടയ്ക്കണമെന്ന് നാളെത്തന്നെ പോയി തിരക്കണം കേട്ടോ ” “ഉം ” “ശരി.. ഞാൻ പാർട്ടിയ്ക്ക് പോവാ.. രാത്രിയിൽ ലേറ്റ് ആകും വരാൻ.. നീ കഴിച്ചിട്ടു കിടന്നോ..” “വന്നിട്ട് വിളിക്കില്ലേ?” “വരാൻ ലേറ്റ് ആകും.. ഞാൻ നാളെ വിളിക്കാം ” “ഉം ” ജോയൽ ഫോൺ കട്ട് ചെയ്തതും അമേയയ്ക്ക് സങ്കടം വന്നു.. ഇന്ന് ഞാനെല്ലാം വീട്ടിൽ പറഞ്ഞെന്ന് ഇച്ചായനെ അറിയിച്ചതിന് ശേഷം ഇച്ചായന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടല്ലോ.. സംസാരത്തിൽ ആ പഴയ സ്നേഹം ഇല്ലാത്തത് പോലെ തോന്നുന്നു..

രാത്രിയിൽ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഇച്ചായൻ ഇപ്പോൾ ആരുടെ പാർട്ടിക്കായിരിക്കും പോയതെന്ന് അവൾ മനസ്സിൽ ചിന്തിച്ചു.. അവൾ ഫോണെടുത്ത് ജോയലിന്റെ നമ്പർ ഡയൽ ചെയ്‌തെങ്കിലും അത്‌ സ്വിച്ചഡ് ഓഫ് ആയിരുന്നു.. നിരാശയോടെ അവൾ കിടന്നു.. രാവിലെ എഴുന്നേറ്റപ്പോൾ അവളാദ്യം ജോയലിന്റെ നമ്പർ ഡയൽ ചെയ്തു.. അപ്പോളും സ്വിച്ചഡ് ഓഫ് ആയിരുന്നു.. രാവിലെ പത്തു മണി ആയപ്പോളേക്കും അവൾ ബാങ്കിൽ പോകാൻ റെഡിയായി ഇറങ്ങി.. ഇച്ചായൻ തന്നോട് കാര്യമായിട്ട് പറഞ്ഞിട്ട് താനന്വേഷിച്ചില്ല എന്ന് കരുതണ്ടല്ലോയെന്ന് ചിന്തിച്ചു കൊണ്ടാണ് അവൾ ബാങ്കിലേക്ക് പോയത്.. ടൗണിലെ ബാങ്കിന് മുൻപിൽ ഓട്ടോയിൽ ചെന്നിറങ്ങുമ്പോൾ ബാങ്കിന്റെ മുന്നിലെ പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്ന കാറിൽ ചാരി നിൽക്കുന്നയാളെ കണ്ടതും അമേയ വേഗത്തിൽ നടന്ന് വന്നു..

മുഷ്ടി ചുരുട്ടി അവന്റെ ചുമലിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.. “ദുഷ്ടാ.. ബസിലിരിക്കുന്ന ശബ്ദം ഞാൻ കേൾക്കാതിരിക്കാൻ വേണ്ടിയാണല്ലേ.. പാർട്ടിക്ക് പോവാണെന്നു കള്ളം പറഞ്ഞിട്ട് ഫോൺ ഓഫ് ചെയ്തു വച്ചത് ” “അതേ..” “ഞാനെത്ര ടെൻഷനടിച്ചെന്നറിയാമോ?” “എന്തിന്?” “അറിയില്ല.. വെറുതെ ടെൻഷനായി ” ജോയൽ അവളെയും കൂട്ടി അകത്തേക്ക് പോയി.. എഡ്യൂക്കേഷൻ ലോണിന്റെ സെക്ഷനിലേക്ക് ചെന്നു.. ബാക്കി തുക എത്രയുണ്ടെന്ന് മനസിലാക്കിയതിന് ശേഷം ജോയൽ ആ തുക മുഴുവനും അടച്ച് ലോൺ ക്ലോസ്‌ ചെയ്തു.. അമേയ വിലക്കിയെങ്കിലും അവളുടെ വാക്കുകൾക്ക് അവൻ ചെവി കൊടുത്തില്ല. “നോക്ക്.. നമ്മൾ രണ്ട് വ്യക്തികളായിരിക്കും പക്ഷേ ഞാൻ.. നീ എന്ന വേർതിരിവോടെയല്ല നമ്മൾ ജീവിക്കുന്നത്.. സുഖമായാലും സന്തോഷമായാലും നമ്മളൊരുമിച്ച് അനുഭവിക്കും..

ഇങ്ങനെയൊരു കടബാധ്യത ഉണ്ടല്ലോയെന്ന് കരുതി ഇനിയൊരിക്കലും നിനക്ക് ദുഖിക്കേണ്ടി വരരുത് ” അവന്റെ വിരലുകളിൽ മുറുക്കി പിടിച്ചു അവൾ തന്റെ സന്തോഷം അറിയിച്ചു.. “ഐ ലവ് യൂ ഇച്ചായാ..” “ലവ് യൂ ടൂ ” കാറിന്റെ അരികിലേക്ക് വന്നിട്ട് അവൻ പറഞ്ഞു.. “ഇനി നമുക്ക് നിന്റെ ചേട്ടനെ കാണാൻ പോകാം ” “നമ്മൾ ഒരുമിച്ചോ?” “അതിനെന്താ? ബാംഗ്ലൂരിൽ ഒരുമിച്ച് താമസിക്കാമെങ്കിൽ ഇവിടെ ഒരുമിച്ച് പോയി ചേട്ടനെ കാണുന്നതിനാണോ കുഴപ്പം?” “ഞാൻ ചേട്ടനെയൊന്ന് വിളിക്കട്ടെ.. ഈ സ്റ്റാൻഡിൽ ഉണ്ടെങ്കിൽ നമുക്കിപ്പോൾ പോയി കാണാം.. ഇല്ലെങ്കിൽ ചേട്ടൻ സ്റ്റാൻഡിൽ വരുന്ന സമയമാകുമ്പോൾ പോകാം ” “എങ്കിൽ പിന്നെ അതുവരെ നമുക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം.. നീ വാ” അവൾ ജോയലിനോടൊപ്പം കാറിനുള്ളിലേക്ക് കയറി..

കുറച്ചു സമയത്തിനകം അവർ രണ്ടുപേരും ചേർന്ന് ഗിരീഷിനെ പോയികണ്ടു സംസാരിച്ചു.. അനിതയുടെ ഡെലിവറി കഴിയുമ്പോൾ അവളെ കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിക്കാമെന്ന് ഗിരീഷ് വാക്ക് കൊടുത്തു.. ജോയൽ പിറ്റേന്ന് തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. പോകുന്നതിന് മുൻപ് അനിതയുടെ കുഞ്ഞിന് വേണ്ടി ഒരു ചെറിയ മാല അവൻ അമേയയേ ഏല്പിച്ചിരുന്നു.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അരവിന്ദിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.. അവന് കൗൺസിലിങ് ഒക്കെ കൊടുത്തത് കൊണ്ട് അവന്റെ മാനസികനില പഴയ പടിയിലേക്ക് വന്ന് തുടങ്ങിയിരുന്നു.. വെള്ളിയാഴ്ച രാവിലെ ഗിരീഷ് ജോലിക്ക് പോകാനിറങ്ങിയപ്പോൾ അനിതയ്ക്ക് വേദന തുടങ്ങി. ഡോക്ടർ പറഞ്ഞ ഡേറ്റിലും രണ്ടു ദിവസം മുൻപേ ആയത് കൊണ്ട് ഗിരീഷിനും പരിഭ്രമം തോന്നി.. അവൻ പെട്ടന്ന് തന്നെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു..

തുടരും… ജൂലൈ 13 ന് എനിക്കൊരു എക്സാം ഉണ്ട്.. ഒരുപാട് പഠിക്കാനുണ്ട്.. എഴുത്തും പഠിപ്പും കൂടി ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുന്നില്ല.. അതുകൊണ്ട് ഒരു പാർട്ട് കൂടി എഴുതി ഈ കഥ അവസാനിപ്പിക്കട്ടെ? അതോ ഞാൻ എക്സാം കഴിഞ്ഞു തിരികെ വരുന്നത് വരെ വെയിറ്റ് ചെയ്യാമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക….

ഈറൻമേഘം: ഭാഗം 46

ഈറൻമേഘം എല്ലാഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story