പെയ്‌തൊഴിയാതെ: ഭാഗം 42

പെയ്‌തൊഴിയാതെ: ഭാഗം 42

എഴുത്തുകാരി: ഗൗരി ലക്ഷ്മി

വേദയുടെ ഉള്ളിലും മാതൃത്വത്തിന്റെ ആദ്യാനുഭൂതി നിറയുകയായിരുന്നു. തന്റെ ഉള്ളിൽ മൊട്ടിട്ട ജീവന്റെ തുടിപ്പിനെ കുറിച്ചു അതിന്റെ പാതി അവകാശിയോട് പറയുവാൻ അവളുടെ ഉള്ളം കൊതിച്ചു.. ആ യാത്ര രണ്ടമ്മമാരുടെ സന്തോഷത്തിന്റെ യാത്രയായിരുന്നു.. ആ യാത്രയ്ക്കപ്പുറം തനിക്കായി കാത്ത് നിൽക്കുന്ന ദുരന്തത്തെ അറിയാത്ത ആത്മനിർവൃതിയിൽ ആയിരുന്നു വേദയപ്പോഴും.. ഗൗതം ഇതുവരെ വിളിച്ചില്ലല്ലോ.. സാധാരണ വൈകിയാൽ വിളിക്കുന്നതാണ്.. വേദ ഫോൺ നോക്കിപറഞ്ഞു.. ഏതായാലും ഇപ്പൊ മോള് അങ്ങോട്ട് വിളിക്കേണ്ട. നേരിട്ട് കണ്ടു പറഞ്ഞാൽ മതി.. അവനൊരു അച്ഛൻ ആകാൻ പോകുന്ന കാര്യം.. ഗീത പറയുമ്പോൾ അവരുടെ മനസ്സിലെ സന്തോഷം വാക്കുകളിൽ ഇടർച്ച വരുത്തിയിരുന്നു..

അമ്മ വരുന്നില്ലേ.. കാറിൽ നിന്നിറങ്ങി വേദ ചോദിച്ചു. ഇല്ല… മോള് പൊയ്ക്കോ.. എന്നെ കണ്ടാൽ അവിടെ പലർക്കും ഇഷ്ടമാകില്ല.. ഇന്നത്തെ ദിവസം സന്തോഷത്തിന്റെയാണ്… ആ സന്തോഷത്തിന്റെ നിറത്തിന് അനാവശ്യ വഴക്കുകൾ കൊണ്ട് മങ്ങലേല്പിക്കേണ്ട.. ഗീത പറഞ്ഞു.. ഒന്നുമില്ല.. ആദ്യമായി ഞാൻ ഒരമ്മയാകാൻ പോകുന്നത് അറിഞ്ഞത് അമ്മയോടൊപ്പം അല്ലെ.. അപ്പൊ അത് ഞാൻ ഗൗതത്തോട് പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം കാണാൻ അമ്മയും വേണം.. വേദ പറഞ്ഞു.. ഗീത മടിച്ചിട്ടും നിർബന്ധപൂർവം അവരെയും വിളിച്ചവൾ മുൻപോട്ട് നടന്നു… വേദാ… ഞാൻ.. ഞാൻ പൊയ്ക്കോട്ടെ മോളെ.. ഗീത വെപ്രാളത്തോടെ വാതിലിനു മുൻപിൽ എത്തിയപ്പോഴും ചോദിച്ചു.. ഇന്നൊരീസം എന്റെ കൂടെ നിൽക്ക് അമ്മേ.. പ്ലീസ്.. അതും പറഞ്ഞവൾ കോളിങ് ബെൽ അമർത്തി.. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാണ് ഭാനു വന്ന് വാതിൽ തുറന്നത്. ഇതാരാ.. ഗീതയെ കണ്ട് ഭാനു ചോദിച്ചു.. അമ്മ വാ.. മറുപടി നൽകാതെ വേദ അവരെയും വിളിച്ചു അകത്തേയ്ക്ക് ചെന്നു..

അമ്മ ഇരിക്ക്.. ഞാൻ ഗൗതത്തെ വിളിക്കാം.. വേദ അതും പറഞ്ഞു നിന്നപ്പോഴേയ്ക്കും ഗൗതം ഇറങ്ങി വന്നിരുന്നു.. തന്റെ ഫോണിനെന്താ പറ്റിയെ. കുറെ തവണ ഞാൻ വിളിച്ചു നോക്കി.. ഗൗതം പറഞ്ഞു.. ഒന്നും പറ്റിയില്ല.. കോൾ വന്നില്ല ഗൗതം.. ഞാൻ അമ്മയോട് പറയേം ചെയ്തു..താമസിച്ചിട്ടും വിളി വന്നില്ലല്ലോന്ന്.. വേദ പറഞ്ഞു.. അപ്പോഴേയ്ക്കും റൂം തുറന്ന് മോഹൻ ഇറങ്ങിവന്നിരുന്നു.. ഇറങ്ങി വന്നു അയാൾ ആദ്യം നോക്കിയത് ഗീതയുടെ മുഖത്തേയ്ക്കാണ്.. അവരെ അപ്രതീക്ഷിതമായി അവിടെ കണ്ട നഹീറ്റൽ അയാൾക്ക് ഉണ്ടായിരുന്നു.. നിങ്ങൾ എന്താ ഇവിടെ.. മോഹൻ ദേഷ്യത്തോടെ ചോദിച്ചു.. ഭാനുവിനൊന്നും മനസ്സിലായിരുന്നില്ല.. അവർ എല്ലാവരെയും നോക്കി.. ഞാൻ കൂട്ടിക്കൊണ്ടു വന്നതാണ് ഡാഡി… വേദ പറഞ്ഞു.. എന്തിന്.. ഇവരുമായി നിനക്ക് എന്താ ബന്ധം.. മോഹൻ ക്ഷോഭിച്ചു.. ഡാഡി പ്ലീസ്.. കൂൾ.. ഇത് ഗൗതത്തിന്റെ അമ്മയല്ലേ.. ഡാഡിയോളം തന്നെ എനിക്ക് അമ്മയോടും ബന്ധമില്ലേ.. വേദ ശാന്തയായി തന്നെ ചോദിച്ചു.. എന്ത് ബന്ധമാ നിനക്ക് അവളുമായി.. പറയ്. ഞാൻ.. ഞാനാണ് ഇവന്റെ അമ്മ.. മറ്റൊരുത്തിയും ആ അവകാശത്തിനു വരരുത്. വന്നാൽ കൊന്നുകളയും ഞാൻ.. മധു അവിടേയ്ക്ക് വന്ന് പൊട്ടിത്തെറിച്ചു.. ഗൗതം വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു.. വേദ അത് മനസ്സിലാക്കിയെന്നോണം അവന്റെ കൈകളിൽ പിടിച്ചു.. ഒരു താങ്ങായി..

ഡാഡി പ്ലീസ്.. അമ്മ പൊയ്ക്കോളും.. ഞാൻ അമ്പലത്തിൽ പോയപ്പോൾ കണ്ടതാണ് അമ്മയെ.. ഇന്ന് അമ്മയുടെ പിറന്നാൾ ആണ്. അതോണ്ട് ഞാനോർത്തു ഇന്ന് ബ്രേക്ഫാസ്റ്റ് ഇവിടെ ആക്കാമെന്നു.. ഇന്നൊരു ദിവസം പ്രോബ്ലം ഉണ്ടാക്കരുത് ഡാഡി.. ഇറ്റ്‌സ് മൈ ഹംബിൾ റിക്വസ്റ്റ്.. അതല്ലെങ്കിൽ ഈ നിമിഷം ഡാഡിയും ആന്റിയും പറയണം അമ്മ ചെയ്ത തെറ്റ് എന്തായിരുന്നു എന്നു.. അമ്മയ്ക്ക് പറയാണുള്ളതും പറയട്ടെ.. ന്യായാന്യായങ്ങൾ ചോദ്യം ചെയ്യപെടട്ടെ. എന്നിട്ട് ബാക്കി ഗൗതം തീരുമാനിക്കട്ടെ.. എന്താ.. വേദ മോഹനോട് പറഞ്ഞു. അയാളിൽ കത്തിയെരിയുന്ന ദേഷ്യം ഉൾകൊണ്ടിട്ടും അവൾ പിന്നോട്ട് മാറിയില്ല.. ഇന്നുവരെ ഗൗതത്തിനു മുൻപിൽ അയാൾ മറച്ചുവെച്ച മുഖം മൂടി ആ ഒരു നിമിഷം കൊണ്ട് തകർത്ത് എറിയാൻ അയാൾ തയ്യാറാകില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു.. മധുവിന്റെ കണ്ണുകൾ കത്തി ജ്വലിച്ചു.. ഗൗതമിന്റെ അമ്മയോ… അമ്മ ഇല്ല എന്നല്ലേ പറഞ്ഞത് . ഭാനു ചോദിച്ചു.. അതൊക്കെ അമ്മയിയ്ക്ക് അറിഞ്ഞിട്ട എന്തിനാ.. അവർക്ക് കഴിക്കാൻ എടുക്ക് അമ്മായി.. ഗോവിന്ദ് വന്നു പറഞ്ഞു.. ഭാനു തല താഴ്ത്തി അകത്തേയ്ക്ക് പോയി . അപ്പോഴേയ്ക്കും അഷ്ടമൂർത്തിയും വന്നിരുന്നു..

വാ ഗൗതം.. കഴിക്കാം.. അവൻ കഴിച്ചു.. വേദയ്ക്ക് മറുപടി നൽകിയത് മധു ആയിരുന്നു.. എന്നാലും വാ.. എനിക്കൊപ്പം കുറച്ചു കഴിക്കാം.. എനിക്ക് ഗൗതത്തോട് മാത്രമായി ചിലത് പറയാനും ഉണ്ട്.. വേദ സ്നേഹത്തോടെ അവനെ വിളിച്ചു.. എന്താടോ.. സർപ്രൈസ്.. കഴിച്ചു കഴിഞ്ഞു പറയാം.. വേദ പറഞ്ഞു.. അവർ ആഹാരം കഴിക്കുമ്പോഴും മധുവും മോഹനും ഗോവിന്ദും അഷ്ടമൂർത്തിയും അവിടേയ്ക്ക് വന്നിരുന്നില്ല.. കോളിങ് ബെൽ കേട്ടിട്ടും ആരും നോക്കുന്നില്ലല്ലോ… ആന്റി ഒന്നു നോക്കാമോ പ്ലീസ്.. ഗൗതം കഴിച്ചുകൊണ്ടിരിക്കവേ പറഞ്ഞു.. ഭാനു ഹാളിലേക്ക് പോയി.. കഴിക്ക് അമ്മേ.. വേദ കറി വിളമ്പിക്കൊണ്ട് പറഞ്ഞു . മതി കുട്ടി.. വയറു നിറഞ്ഞു.. മനസ്സും.. അതും പറഞ്ഞു കൂടെ ഇരിക്കുന്ന ഗൗതത്തെ പാളി നോക്കി അവർ എഴുന്നേറ്റു.. വെറുതെ പാത്രത്തിൽ കയ്യിട്ട് ഇളക്കിക്കൊണ്ടിരുന്ന ഗൗതത്തിനായി ദോശ മുറിച്ചു നീട്ടി വേദ കുറുമ്പോടെ ചിരിച്ചു.. ഡാഡിയ്ക്ക് ദേഷ്യം വന്നു.. അവൻ അത് വാങ്ങിക്കൊണ്ട് പറഞ്ഞു.. ഗൗതത്തിനു സങ്കടമുണ്ടോ.. അവനോടായി അവൾ ചോദിച്ചു.. മ്മ് ഹും.. അവൻ ഇല്ലെന്ന് മൂളി.. അവൾ ചിരിച്ചു.. തെറ്റ് അവരിൽ ആർക്ക് പറ്റിയാലും നഷ്ടം ഗൗതത്തിനായിരുന്നു എന്നെനിക്ക് അറിയാം . പക്ഷെ ഗൗതം അവർ ഒന്നിച്ചു പോകില്ലായിരുന്നു..

ഒരിക്കലും. അങ്ങനെ ഒരു ഘട്ടത്തിൽ വേർപിരിഞ്ഞതും നന്നായി.. ജീവിതം ഒന്നല്ലേ ഉള്ളു. അതിൽ നമുക്ക് അംഗീകരിക്കാൻ കഴിയുന്നവരുടെ ഒപ്പം ജീവിക്കണം.. ഉള്ള ഒരു ജീവിതം മുഴുവൻ നശിപ്പിച്ചു കളഞ്ഞിട്ട് എന്തിനാ.. അവൻ വെറുതെ മൂളി.. എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്.. അവൻ ചോദിച്ചു.. പറയാം വാ.. അവൾ എഴുന്നേറ്റു.. കുട്ടിയോട് പോകാനല്ലേ പറഞ്ഞത്.. വേദയ്ക്ക് നിന്നെ കാണേണ്ട.. അഷ്ടമൂർത്തിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് വേദയും ഗൗതവും ഗീതയും അവിടേയ്ക്ക് ചെന്നത്.. പിന്തിരിഞ്ഞു നിൽക്കുന്ന അഷ്ടമൂർത്തിയ്ക്കും ഗോവിന്ദിനും അപ്പുറം വാതിൽക്കൽ നിൽക്കുന്നയാളെ കണ്ടില്ലെങ്കിലും അവരുടെ സംസാരത്തിൽ നിന്നും അത് വേദയെ കാണാൻ വന്ന ആരോ ആണെന്ന് അവർക്ക് ബോധ്യമായിരുന്നു.. ആരാ.. വേദ ചോദിച്ചു. പെട്ടെന്ന് അവർ തിരിഞ്ഞതും വാതിൽക്കൽ നിന്ന ആളെ കണ്ട് വേദയുടെ കണ്ണുകൾ വിടർന്നു.. സ്വാതി.. വേദ അവൾക്കരികിലേക്ക് ഓടിയെത്തി.. പക്ഷെ നിമിഷ നേരം കൊണ്ട് ഗൗതത്തിന്റെ മുഖം വിവർണ്ണമായി..

അവളുടെ വരവിന്റെ ലക്ഷ്യമറിയാതെ അവന്റെയുള്ളം പിടഞ്ഞു.. ഹൃദയമിടിപ്പിന്റെ വേഗം ക്രമാതീതമായി ഉയർന്നു.. വേദ സ്വാതിയെ ചേർത്തുപിടിച്ചു.. കേറി വാ.. അവൾ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.. ഞാൻ ഇവിടെ ആണെന്ന് എങ്ങനെ അറിഞ്ഞു.. അവൾ ചോദിച്ചു.. അന്വേഷിച്ചറിഞ്ഞു.. പലതും അന്വേഷിച്ചു നടക്കുകയായിരുന്നല്ലോ ഞാൻ ഇതുവരെ.. അത്രയും പറഞ്ഞത് ഗൗതത്തിന്റെ മുഖത്ത് നോക്കിയായിരുന്നു.. അവന്റെ മുഖത്ത് ഭയം നിറഞ്ഞു.. സ്വാതി ഇരിക്ക്.. ഗൗതം പറഞ്ഞു.. അതേ.. വാ.. വേദ സന്തോഷത്തോടെ അവളെ പിടിച്ചിരുത്തി.. വേദാ.. ഈ കൊച്ച് പണ്ടും ആവശ്യമില്ലാത്ത പ്രശ്നങ്ങൾ കുടുംബത്ത് ഉണ്ടാക്കിയവൾ ആണ്. പറഞ്ഞു വിടുന്നുണ്ടോ ഇതിനെ.. അഷ്ടമൂർത്തി പറഞ്ഞു.. അങ്ങനെ പ്രശ്നമുണ്ടാക്കാൻ തക്ക കാര്യങ്ങൾ എന്തെങ്കിലും ഇവിടെ ഉണ്ടോ അങ്കിൾ.. സ്വാതി അയാളെ നോക്കി ചോദിച്ചതും അയാളൊന്നു പതറി…

നീ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. വേദ പറഞ്ഞു.. നീ ഇരിക്ക്.. കുടിക്കുന്നതും കഴിക്കുന്നതും ഒക്കെ പിന്നെയും ആകാമല്ലോ വേദാ.. അല്ലെ ഗൗതം.. ഗൗതം ഞെട്ടലോടെ അവളെ നോക്കി..അപ്പൊഴേയ്ക്കും മോഹനും മധുവും ഹാളിലേക്ക് വന്നിരുന്നു.. ഗീത ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു. അവർക്ക് പിന്നാലെ എത്തിയ വീണയും ഭാനുവും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു.. പറയ് വേദാ.. സുഖമല്ലേ നിനക്ക്.. സ്വാതി ചോദിച്ചു.. മ്മ്.. സുഖം.. നിനക്കോ.. അമ്മയൊക്കെ എങ്ങനെ ഇരിക്കുന്നു.. എല്ലാവർക്കും സുഖം. അല്ല ഇവിടെ ഒരു കല്യാണത്തിനുള്ള ആളുണ്ടല്ലോ.. അതേതായാലും സൗകര്യമായി… ഒറ്റ വരവിനു എല്ലാവരെയും കാണാൻ പറ്റിയല്ലോ.. സ്വാതിയുടെ വാക്കുകൾക് വല്ലാത്ത മൂർച്ച ഗൗതത്തിനു അനുഭവപ്പെട്ടു.. നീ വാ.. നമുക്ക് റൂമിൽ ഇരിക്കാം.. അല്ല ഇവരെയൊക്കെ നിനക്ക് മനസ്സിലായോ.. വേദ ചോദിച്ചു.. പിന്നേ . ഈ മുഖം മാത്രം അപരിചിതമാണ്.. ഗീതയെ നോക്കി അവൾ പറഞ്ഞു. ഗൗതത്തിന്റെ അമ്മയാണ്..

വേദ പറഞ്ഞതും മധു ദേഷ്യത്തോടെ അവളെ നോക്കി.. ആഹാ.. അങ്ങനെയും ഒരാൾ ഉണ്ടായിരുന്നോ കഥയിൽ.. ഈ കഥാപാത്രത്തിനെ ഞാൻ അറിഞ്ഞിരുന്നില്ല. അല്ല ഇവിടെ നടക്കുന്ന ഡ്രാമയിൽ വില്ലൻ വേഷമോ അതോ കഥയറിയാത്ത നായികയുടെ സഹ കഥാപാത്രമോ. സ്വാതിയുടെ ചോദ്യം വേദയ്ക്കും ഗീതയ്ക്കുമൊഴികെ എല്ലാവർക്കും ഷോക്ക് ആയിരുന്നു.. എന്ത് തോന്ന്യവാസം ആണ് ഈ കൊച്ച് വിളിച്ചു കൂവുന്നത്.. വേദാ ഇറക്കി വിടുന്നുണ്ടോ ഇവളെ.. ഗോവിന്ദ് പറഞ്ഞു.. വേദ അവനെ ദേഷ്യത്തോടെ നോക്കി.. നീ വാ.. നമുക്ക് റൂമിൽ ഇരിക്കാം.. വേണ്ട വേദാ.. എനിക്ക് സംസാരിക്കാനുള്ളതും ചോദിക്കാനുള്ളതും എല്ലാവരോടും ആയിട്ടാണ്.. നിന്നെ വിഡ്ഢിവേഷം കെട്ടിച്ചു ഇങ്ങനെ നിർത്തുന്ന ഓരോരുത്തരോടും.. മറുപടി കിട്ടിയിട്ട് മതി നമ്മൾ തമ്മിലുള്ള സംസാരം.. സ്വാതി പറഞ്ഞു.. നീ എന്തൊക്കെയാ സ്വാതി ഈ പറയുന്നത്.. ഇവിടെ ആരാ വിഡ്ഢിവേഷം കെട്ടിക്കാൻ.. നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്.. ഗൗതം നീ കരുതും പോലെയുള്ള ഒരാളല്ല.. തെറ്റിദ്ധാരണ എനിക്കല്ല വേദാ.. അത് നിനക്കാണ്.. ഇയാളെയും ഇവരെ ഓരോരുത്തരെയും നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്..

കണ്ണിൽ ചോരയില്ലാത്ത വെറും മൃഗങ്ങളാണ് ഇവർ.. എന്നിട്ട് നിന്റെ മുൻപിൽ മനുഷ്യ വേഷം കെട്ടി ആടുന്നു എന്നുമാത്രം.. നിനക്ക് മുൻപിൽ ഇവരൊക്കെ അഭിനയിക്കുകയാണ് വേദാ.. ഇയാൾ നിന്നോട് സ്നേഹം അഭിനയിക്കുന്നത് പോലെ.. സ്വാതി പല്ലു ഞെരിച്ചു.. സ്വാതി പ്ലീസ്.. മുൻപും ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാതെ താൻ എന്നെ തെറ്റിദ്ധരിക്കുകയാണ്.. പിന്നെ വേദയോടുള്ള എന്റെ ഇഷ്ടം.. അതിന്റെ ആഴം വേദയ്ക്ക് താൻ പഠിപ്പിച്ചു കൊടുക്കേണ്ട.. അത് അവർക്കറിയാം.. ഗൗതം പറഞ്ഞു.. സ്വാതി.. നീയും ഗൗതവുമായി ഇനി പ്രോബ്ലം വേണ്ട.. ഇന്ന് ഞാൻ ശെരിക്കും ഹാപ്പിയാണ്.. ഒരുപാട് സന്തോഷമുണ്ട് മനസ്സിൽ.. നിന്നെ കൂടെ കണ്ടതോടെ അത് കൂടി.. സത്യത്തിൽ അടുത്ത വരവിനു നിന്നെ വന്നു കാണാൻ ഇരിക്കുകയായിരുന്നു ഞാൻ.. ഗൗതം പറഞ്ഞത് സത്യമാണ്.. ഒരുപാട് തെറ്റിദ്ധാരണ ഉണ്ട് നിനക്ക് ഗൗതത്തെപ്പറ്റി.. അതൊക്കെ നീ മനസ്സിൽ നിന്നും കളയണം.. വേദ പറഞ്ഞു.. നീ എന്തൊക്കെയാണ് വേദാ പറയുന്നത്.. ഇയാളെ ഞാനല്ല നീയാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്..ഇയാളുടെ ഈ മുഖംമൂടിക്ക് പിന്നിൽ ചതി മാത്രമറിയുന്ന ഒരു ചെന്നായ ഉണ്ട്.. സ്വാതി പറഞ്ഞു..

ദേ സൂക്ഷിച്ചു സംസാരിക്കണം നീ.. ആരെക്കുറിച്ചാ.. നീയീ പറയുന്നത്.. എന്റെ ഗൗതത്തെപ്പറ്റി ഇനിയൊരക്ഷരം നീ മിണ്ടിയാൽ.. മധു ചൂടായി. നിങ്ങൾ കിടന്നു തിളയ്ക്കേണ്ട… സ്വാതിയും പറഞ്ഞു.. സ്വാതി പ്ലീസ്.. ഇവിടെ നിന്നു ഗൗതത്തെ പറയരുത് നീ.. എനിക്കും അത് കേട്ട് നിൽക്കാൻ പാടാണ്.. പലപ്പോഴും നിങ്ങളുടെ വാക്ക് കേട്ട് ഗൗതത്തെ ജഡ്ജ് ചെയ്തിട്ടുണ്ട് ഞാനും.. ഗൗതത്തിന്റെ താലി എന്റെ കഴുത്തിൽ വീണാൽ ജീവനോടെ ഞാൻ ഉണ്ടാകില്ല എന്നുപോലും പറഞ്ഞിട്ടുണ്ട് ഞാൻ.. പക്ഷെ.. എല്ലാം കൊണ്ടും ഞാൻ തളർന്നുപോയ നിമിഷം. എന്റെ വീട്ടുകാർ പോലും ഒന്നു ചേർത്തുപിടിക്കാൻ പോലും തയാറാകാതിരുന്ന നിമിഷം പോലും എന്നെ ചേർത്തുപിടിച്ചു ജീവിച്ച മനുഷ്യനാണ്.. ഒരുപക്ഷേ ഗൗതം അന്നെന്നെ ചേർത്തുപിടിച്ചിരുന്നില്ലെങ്കിൽ ഇന്ന് നിന്റെ മുൻപിൽ പോലും ഞാൻ ഉണ്ടാകില്ലയിരുന്നു സ്വാതി.. വേദ കരഞ്ഞു പോയിരുന്നു. ഗൗതം അവളെ ചേർത്തുപിടിച്ചു.. സ്വാതി.. ബാക്കിയെന്തും ഞാൻ സഹിക്കും.. വേദയുടെ കണ്ണു നിറഞ്ഞാൽ.. ഗൗതം മുന്നറിയിപ്പ് എന്നോണം പറഞ്ഞു..

മതിയാക്ക് ഗൗതം ഈ അഭിനയം.. വേദാ നീ പറഞ്ഞില്ലേ ചേർത്തു പിടിച്ചെന്നു.. ചവിട്ടി താഴ്ത്തിയിട്ട് ചേർത്തുപിടിച്ചതിൽ എന്ത് കാര്യം. സ്വാതി പറഞ്ഞു.. കുട്ടി മതി.. ഗൗതം എന്റെ മകനാണ് . കുട്ടിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയു.. പക്ഷെ വേദയെ വേദനിപ്പിക്കാൻ ഞങ്ങളാരും സമ്മതിക്കില്ല.. ഗീത പറഞ്ഞു.. നിങ്ങൾ ഇയാളുടെ അമ്മയല്ലേ.. എങ്കിൽ പറയാം.. ഒരു പെണ്കുട്ടിയെ ക്രൂരമായി ഇരുട്ടിന്റെ മറവിൽ പിച്ചിച്ചീന്തി ഉപേക്ഷിച്ച ശേഷം അവളെ വിവാഹം കഴിച്ചു നെഞ്ചോട് ചേർത്തു പിടിച്ചാൽ ആ തെറ്റ് മാഞ്ഞു പോകുമോ.. ഇവൻ നല്ലവനാകുമോ.. വേദ ഞെട്ടലോടെ അവളെ നോക്കി.. ഗീതയും.. എല്ലാ മുഖങ്ങളിലും വല്ലാത്ത ഭാവമായിരുന്നു..ഗൗതത്തിന്റെ കൈകൾ വേദയിൽ നിന്നും ഊർന്ന് പോയി.. സ്റ്റോപ്പ് ഇറ്റ് സ്വാതി.. വേദ അലറുകയായിരുന്നു.. വേദ വല്ലാത്ത ഒരവസ്ഥയിലേയ്‌ക്ക് ആ ഒരൊറ്റ നിമിഷം കൊണ്ട് മാറിയിരുന്നു.. ഇനിയൊരക്ഷരം നീ മിണ്ടരുത്.. ഇറങ്ങി പോ സ്വാതി.. പോകാൻ.. വേദ അലറുകയായിരുന്നു. മോളെ.. ഗീത ശാസനയോടെ അവളെ വിളിച്ചു.. വേണ്ട വേദാ. ഞാൻ പോകാൻ തന്നെയാണ് വന്നത്.. പക്ഷെ പറയാനുള്ളത് പറഞ്ഞിട്ടെ പോകോക്.. സ്വാതി പറഞ്ഞു..

ആണോ.. എങ്കിൽ ഒന്നു കാണണമെല്ലോ.. മോഹൻ മുൻപോട്ട് വന്നു.. എന്താ നിനക്ക് പറയാനുള്ളത്.. ഗൗതത്തിന്റെ കുറ്റങ്ങൾ ആണെങ്കിൽ കേട്ട് നിൽക്കില്ല ഞാൻ.. നീ പോ.. വേദ പറഞ്ഞു.. ഞാൻ പറഞ്ഞത് സത്യമാണ് വേദാ.. ആ രാത്രി നിന്നെ ഉപദ്രവിച്ചത് ഈ നിൽക്കുന്ന ഗൗതം തന്നെയാണ്.. അതൊക്കെ ഈ നിൽക്കുന്ന എല്ലാവർക്കും അറിയാം.. നോ.. ഞാൻ.. ഞാനിത് വിശ്വസിക്കില്ല നീ നീ കള്ളം പറയാ.. നീ കള്ളം പറയാ.. കരഞ്ഞുകൊണ്ട് വേദ ചെവിപൊത്തി നിലത്തേയ്ക്കിരുന്നു.. ഗീത അവളെ താങ്ങിയിരുന്നു.. ഞാൻ കള്ളമാണ് പറയുന്നതെങ്കിൽ അത് പറയേണ്ടത് ഗൗതം അല്ലെ.. ചോദിച്ചു നോക്ക് നീ ഇയാളോട് . മനസ്സിൽ നിന്നോട് കാണിച്ച സ്നേഹത്തിനു അൽപ്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കിൽ അയാൾ സത്യം പറയും…അല്ലെങ്കിലും നിനക്ക് മുൻപിൽ കാണിക്കാൻ എന്റെ കയ്യിൽ തെളിവുണ്ട്.. സ്വാതി പറഞ്ഞു.. ഗൗതത്തിനു ദേഹം തളരും പോലെ തോന്നി.. അവൻ വേദയെ നോക്കി.. പൊട്ടിത്തകർന്നു നിലത്തിരിക്കുകയാണ് അവൾ.. പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റു..

ഒന്നു വീഴാൻ പോയെങ്കിലും ഗീത അവളെ താങ്ങി നിർത്തി.. അവൾ ഗൗതത്തിനരികിലേയ്ക്ക് ചെന്നു.. ഗൗതം ഇതൊക്കെ.. ഇതൊക്കെ കള്ളമല്ലേ.. എന്തിനാ ഒന്നും മിണ്ടാതെ നിൽക്കുന്നെ.. എല്ലാം കള്ളമാണെന്ന് പറയ് ഗൗതം.. ഇവളെ പിടിച്ചു പുറത്താക്ക്.. ഗൗതം വേദയോട് അങ്ങനെ ചെയ്യോ.. ഇല്ലെന്നു പറയ് ഗൗതം.. അവൾ അവന്റെ കയ്യിൽ പിടിച്ചുവെച്ചു നെഞ്ചു പൊട്ടി കരയുകയായിരുന്നു.. ഗൗതം തലകുനിച്ചു നിന്നു.. ശേഷം അവളുടെ കൈ വിടുവിച്ചു ബാൽക്കണിയിലേയ്ക്ക് നടന്നു.. കണ്ടില്ലേ.. അയാൾ കള്ളനാണ്. ചതിയൻ. നിന്നെ നേടാൻ എന്ത് ക്രൂരതയും ചെയ്യാൻ അയാൾ തയാറായിരുന്നു.. സ്വാതി പറഞ്ഞു.. അവൾ എല്ലാവരെയും നോക്കി . മധുവിന്റെയും മോഹന്റെയും മുഖത്തു പോലും പതർച്ചയുണ്ട്.. അവൾ ഗൗതത്തിനു പിന്നാലെ അകത്തേയ്ക്ക് പാഞ്ഞു.. സത്യമാണോ ഇതൊക്കെ.. പറ ഗൗതം.. അല്ലെന്ന് പറ.. സ്വാതി പറഞ്ഞതൊക്കെ കള്ളമല്ലേ.. എന്റെ ഗൗതം അങ്ങനെ ചെയ്യില്ല… ചെയ്യില്ലെന്ന് പറ ഗൗതം.. അവള് കൊണ്ടുവന്ന ഒരു തെളിവും വേദ വിശ്വസിക്കില്ല..

സത്യം.. പറ ഗൗതം.. വേദ അവനെ പിടിച്ചുലയ്ക്കുകയായിരുന്നു.. നെഞ്ചു പൊട്ടി അവൾ കരയുകയായിരുന്നു.. ഒരൊറ്റ നിമിഷം കൊണ്ട് സർവ്വതും തകർന്നു പോയ ഒരു പെണ്ണ് . ഗൗതം അവളെ അലിവോടെ തന്നിലേക്ക് ചേർത്തു പിടിച്ചു.. നിന്നെ മനസ്സറിഞ്ഞു ദ്രോഹിക്കാൻ എനിക്ക് കഴിയുമോ വേദാ.. ഒക്കെ ഞാൻ പറയാം..അവള് പറഞ്ഞതെല്ലാം സത്യമല്ല.. ഇടർച്ചയോടെ അവൻ പറഞ്ഞത് പോലും കേൾക്കാതെ വേദ അവന്റെ കൈ തട്ടിമാറ്റി.. സത്യമായിരുന്നല്ലേ.. ചതിക്കുവായിരുന്നല്ലേ.. അവനെ തലങ്ങും വിലങ്ങും തല്ലി.. അലറി കരഞ്ഞുകൊണ്ട് എന്തൊക്കെയോ പുലമ്പി തുടങ്ങി.. മതിയായില്ലേ.. ഇറങ്ങി പോ.. പോകാൻ.. മധു സ്വാതിയെ പിടിച്ചു പുറത്തിറക്കി വാതിലടച്ചു.. ഗീത വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു..വേദാ ഗൗതത്തെ വിട്.. മാറ് വേദാ.. അവനെ ഇങ്ങനെ ഉപദ്രവിക്കാതെ മാറ് വേദാ.. നിനക്കെന്താ ഭ്രാന്തായോ.. മധുവും മോഹനും അഷ്ടമൂർത്തിയും തടഞ്ഞിട്ടും വേദ അവനെ ഉപദ്രവിക്കുകയായിരുന്നു.. അത്രത്തോളം ഉപദ്രവിച്ചിട്ടും അവളൊന്നു വീണു പോകാതിരിക്കാൻ ഗൗതം അവളെ താങ്ങി നിർത്തി.. ഗോവിന്ദും അടുത്തേയ്ക്ക് വന്നു.. ആ രംഗം കണ്ടുനിൽക്കാൻ പോലും ഗീതയ്ക്ക് കെൽപ്പില്ലായിരുന്നു..

എന്റെ കുഞ്ഞിനെ അവൾ കൊല്ലും.. ഒന്നു പിടിച്ചു മാറ്റുന്നുണ്ടോ.. മധു ഗോവിന്ദിനോട് ചോദിച്ചതും ദേഷ്യത്തോടെ അവൻ പാഞ്ഞു വന്നു വേദയെ , അവളെ താങ്ങി നിർത്തിയ ഗൗതത്തിന്റെ കയ്യിൽ നിന്നും വലിച്ചു പറിച്ചെടുക്കും പോലെ വേദയെ പിടിച്ചുമാറ്റി.. നിനക്ക് എന്താ വേദാ.. ഗോവിന്ദ് ചോദിച്ചു.. നിങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു അല്ലെ.. എന്തിനാ എന്നോടിങ്ങനെ.. പറയെടി.. നീയല്ലേ ഈ കല്യാണത്തിന് നിന്നില്ലെങ്കിൽ മരിക്കുമെന്ന് പറഞ്ഞത്.. എന്തിനായിരുന്നു എന്നോടീ ചതി.. വേദ അലറി.. നിർത്ത് വേദാ.. ഗൗതം നിന്നെ വഴിയിൽ ഉപേക്ഷിച്ചൊന്നും ഇല്ലല്ലോ.. അവൻ അന്തസ്സായി നിന്നെ വന്നു വിവാഹം ചെയ്തില്ലേ.. നന്നായി നോക്കുന്നില്ലേ.. അഷ്ടമൂർത്തി പറഞ്ഞു.. വേദാ.. നീ ആവശ്യമില്ലാതെ ബഹളം വയ്‌ക്കേണ്ട.. മിണ്ടാതിരിക്ക്.. ഭാനുവും പറഞ്ഞു.. ഒരു നിമിഷം വേദ നിശബ്ദരായി എല്ലാവരെയും നോക്കി.. അടുത്ത നിമിഷം തിരിഞ്ഞു ഗൗതത്തിന്റെ കവിളിലേയ്ക്കു അവൾ ആഞ്ഞടിച്ചു. ഡി.. ഗോവിന്ദ് മുൻപോട്ട് വന്നു വേദയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളെ അകത്തേയ്ക്ക് ആഞ്ഞു തള്ളി..

മോളെ.. ഒരു നിലവിളിയോടെ ഗീത ഓടിയെത്തും മുൻപേ എങ്ങുനിന്നും ഒരു പിടിത്തം കിട്ടാതെ വേദ കമഴ്ന്നടിച്ചു കട്ടിലിന്റെ വക്കിൽ ഇടിച്ചു കമഴ്ന്നു വീണിരുന്നു.. അടിവയറിൽ ഒരു മിന്നൽ ശരീരത്താകെ വ്യാപിക്കും പോലെ വേദയ്ക്ക് തോന്നി.. ഗൗതം ഓടിയെത്തി അവളെ പിടിച്ചെഴുന്നേല്പിച്ചു..ഗീത അവളെ തട്ടിവിളിച്ചു.. ആ….. അടിവയർ അമർത്തിപിടിച്ചു തന്നാൽ കഴിയും വിധം അവൾ അലറി വിളിച്ചു . വയറുവേദന കൊണ്ട് അവൾ കുനിഞ്ഞു പോയിരുന്നു.. എന്ത് തോന്ന്യവാസം ആണ് നിങ്ങളീ കാണിച്ചത്.. വേദ പ്രഗ്നന്റ് ആണ്.. ഗീത നിസ്സഹായമായി എല്ലാവരെയും നോക്കി പറഞ്ഞതും ഗൗതം വല്ലാത്ത ഞെട്ടലിൽ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.. വേദനകൊണ്ട് അലറി കരയുകയായിരുന്നു വേദ.. ഗൗതം..എന്റെ മോള്. നിസ്സഹായതയോടെ ഗീത ചോദിച്ചതും ഗൗതം അവളെ കോരിയെടുത്തു.. അവളുമായി അവൻ ഓടുകയായിരുന്നു.. ഗീത പിന്നാലെ ചെന്നു വാതിൽ തുറന്നു.. അൽപ്പം മാറി തന്റെ പക പൂർത്തിയായ സന്തോഷത്തിൽ നിന്ന സ്വാതിയും ഞെട്ടലോടെ തിരിഞ്ഞു നോക്കി..

എന്താ.. വേദനകൊണ്ട് ഗൗതത്തിന്റെ കയ്യിൽ കിടന്നു പിടയുന്ന വേദയെ നോക്കി ചോദിച്ചതും ഗൗതം കത്തുന്ന കണ്ണോടെ അവളെ നോക്കി.. എന്തും ഞാൻ സഹിക്കും.. എന്റെ വേദയ്ക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ.. പച്ചയ്ക്ക് കത്തിക്കും നിന്നെ ഞാൻ.. അതുംപറഞ്ഞു ഗൗതം ഓടുകയായിരുന്നു.. ഗീതയും.. പെറ്റമ്മ ഓടിയെത്തും മുൻപേ ആ പോറ്റമ്മയുടെ മടിയിലേയ്ക്ക് വേദയെ കിടത്തി ഗൗതം കാർ സ്റ്റാർട്ട് ചെയ്തിരുന്നു.. അപ്പോഴും മനസ്സും ശരീരവും കീറിമുറിച്ച വേദനയിൽ നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു വേദ.. അവളെ ചേർത്തുപിടിച്ചു കരയുകയായിരുന്നു ഗീതയും.. *********

സോറി ഗൗതം.. വേദയ്ക്ക് കാര്യമായ കുഴപ്പം ഒന്നുമില്ല.. പക്ഷെ കുഞ്ഞ്.. നോ.. ഗൗതം നെഞ്ചുപൊട്ടി കരഞ്ഞു.. ഗീത അവനിൽ നിന്നും അൽപ്പം മാറി നിന്ന് തേങ്ങുകയായിരുന്നു.. കുറച്ചു കോംപ്ലിക്കേഷൻ ഉള്ള കാര്യം ഞാൻ ഗീതയോട് പറഞ്ഞിരുന്നതാണ്.. പക്ഷെ.. വേദയ്ക്ക് ബോധം തെളിഞ്ഞിട്ടില്ല… അവളുടെ ഹെൽത്ത് വല്ലാതെ വീക്കും ആണ്.. ഗീത അവർക്കരികിൽ വന്നു.. മീരാ.. ഞാനെന്റെ മോളെ ഒന്നു കണ്ടോട്ടെ.. ഗീത കേണു.. ഇപ്പോൾ വേണ്ട ഗീതാ.. ആ കുട്ടി ഒന്നു കണ്ണു തുറന്നോട്ടെ.. ഒരുപാട് സന്തോഷിച്ചു പോയതല്ലേ.. ചിലപ്പോൾ ആ കുഞ്ഞ് നഷ്ടപ്പെട്ടു എന്നത് പെട്ടെന്ന് ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞു എന്നുവരില്ല.. നോക്കട്ടെ.. ഇന്ന് തന്നെ ആ കുട്ടിയെ റൂമിലേയ്ക്ക് മാറ്റാം.. പേടിക്കാൻ തക്കതായി നിലവിൽ ഒന്നുമില്ല.. മീര പറഞ്ഞു.. അവർ പോയതും ഗീത തളർന്നു വീഴാൻ പോയി.. ഗൗതം അവരെ താങ്ങി.. തൊട്ട് പോകരുത് നീ എന്നെ.. അവരാ കൈകൾ തട്ടിമാറ്റി പറഞ്ഞു.. അവൻ ഞെട്ടലോടെ അവരെ നോക്കി.. സഹിച്ചിട്ടുണ്ട് ഒരുപാട് നിനക്ക് വേണ്ടി നിന്റച്ഛന്റെ ക്രൂരതകൾ.. ഒടുവിൽ ഈ ജീവൻ പോലും വേണ്ടെന്ന് വെയ്ക്കാൻ ഇറങ്ങി തിരിച്ചപ്പോഴും നിന്നെയോർത്ത് മാത്രമായിരുന്നു എന്റെ വേദന.. എന്നും ഞാൻ പേടിച്ചിരുന്നത് നീയും അവരെ പോലെ ആകുമെന്നായിരുന്നു..

എന്നും എന്റെ പ്രാർത്ഥനയും നീയൊരിക്കലും അങ്ങനെ ആകരുത് എന്നായിരുന്നു.. അന്ന് വേദയെ കണ്ടപ്പോൾ അവളോട് ഇടപെട്ടപ്പോൾ ഞാൻ മനസ്സ്കൊണ്ട് സന്തോഷിച്ചു.. നീ നിന്റെ അച്ഛനെയും അപ്പച്ചിയെയും പോലെ ആയില്ലല്ലോ എന്നോർത്തു.. പക്ഷെ അതിലും ക്രൂരനായിരുന്നു നീ.. ആ പാവം കൊച്ചിന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞു വെച്ചുകൊണ്ട് ഇത്രയും.ക്രൂരമായി അവളെ നീ വേദനിപ്പിക്കരുതായിരുന്നു.. അമ്മേ..ഞാൻ.. ഞാൻ.. അവൻ എന്തോ പറയാൻ ശ്രമിച്ചു.. വേണ്ട.. നിന്റെ വായിൽ നിന്നും അമ്മെ എന്നൊരു വിളിക്കായി ഞാൻ കൊതിയോടെ കാത്തിരുന്നിട്ടുണ്ട്. പക്ഷെ ഇന്നീ നിമിഷം ഞാൻ പറയുന്നു നീ എന്നെ അങ്ങനെ വിളിക്കരുത്.. അപ്പോഴേയ്ക്കും അഷ്ടമൂർത്തിയും ഗോവിന്ദും ഭാനുവും മധുവും മോഹനും വന്നിരുന്നു.. നിനക്ക് മതിയായില്ലേ.. മധു ഗീതയോട് ചോദിച്ചു തീർന്നതും ഗീതയുടെ കൈകൾ ആഞ്ഞു വീശി.. അവരുടെ മുഖം ഒരു വശത്തേയ്ക്ക് കോടി പോയി.. മതിയായില്ല.. നിന്റെ ശവം കണ്ടാലേ മതിയാകൂ.. എന്താ.. ഡി.. മോഹൻ ഗീതയ്ക്ക് നേരെ വന്നു.. മിണ്ടരുത് നിങ്ങൾ.. നിങ്ങളെന്നോട് കാണിച്ച ക്രൂരതകൾ മുഴുവൻ ഇന്നും എന്റെ കണ്മുന്പിൽ ഉണ്ട്.. കൊല്ലാതെ കൊന്ന ഒരോ ദിവസങ്ങളും.. അതൊന്നും എന്റെ മോൻ ആവർത്തിക്കില്ല എന്നു ഞാൻ വിശ്വസിച്ചു..

പക്ഷെ.. നിങ്ങൾ വളർത്തിയ മകനല്ലേ.. പച്ച ജീവനോടെ ഒരു പെണ്ണിന്റെ ദേഹം പിച്ചികീറാൻ നിങ്ങളേക്കാളും മിടുക്ക് ഇവനും ഉണ്ടാകും.. ഗീതയ്ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.. ഡി.. മോഹൻ പൊട്ടിത്തെറിച്ചു.. വേണ്ട.. കിടന്നലറേണ്ട… ജനിച്ചു ഒരു മാസം തികയും മുൻപേ എന്നിൽ നിന്നും പറിച്ചെടുത്തു കൊടുത്തതല്ലേ ഇവനെ… മുലപ്പാല് നൽകാൻ പോലും അനുവദിക്കാതെ പിടിച്ചു വെച്ചതല്ലേ ഇവനെ.. ഇനി ഞാൻ ഇവനെ തേടി വരില്ല.. ഒരിക്കലും.. പക്ഷെ വേദയെ ഞാൻ കൊണ്ടുപോകും.. ഗീത പറഞ്ഞു.. അവളെന്റെ മോളാണ്.. അവളെ കൊണ്ടുപോകാൻ നിങ്ങളാരാണ്.. അവളുടെ ഭർത്താവിനൊപ്പം അവൾ നിൽക്കും. അഷ്ടമൂർത്തി ചോദിച്ചു.. നിങ്ങളുടെ മോളോ.. ആട്ടി തുപ്പാൻ തോന്നുന്നുണ്ട് എനിക്ക് നിങ്ങളുടെ മുഖത്ത്.. സ്വന്തം മകളെ പിച്ചിച്ചീന്തിയവന് അവളെ കൈപിടിച്ചു കൊടുത്തു അഭിമാനം കാത്ത ആളല്ലേ നിങ്ങൾ.. പക്ഷെ ഒന്നു ചോദിക്കട്ടെ.. നിങ്ങളെന്ത് നേടി.. അകത്തു കിടക്കുന്ന നിങ്ങളുടെ ഒരു മോൾക്ക് ഈ ജന്മം നിങ്ങളെ സ്നേഹിക്കാൻ കഴിയുമോ.. ഒരിക്കലുമില്ല . പെറ്റമ്മയെയും കൂടെപ്പിറപ്പിനെയും അച്ഛനെയും അവളിന്ന് ഈ ലോകത്ത് ഏറ്റവും വെറുക്കുന്നുണ്ട്.. അവൾക്ക് ജീവനുണ്ടെങ്കിൽ നിങ്ങളോടൊപ്പം അവൾ വരില്ല.. ഇവനൊപ്പവും.. ഗീത ഗൗതത്തെ നോക്കി പറഞ്ഞു. അവൻ കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുകയായിരുന്നു. അടഞ്ഞ കൺപോളയ്ക്ക് ഇടയിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു.. ആർക്കും മറുപടികൾ ഒന്നും ഉണ്ടായിരുന്നില്ല.. അതിനാൽ തന്നെ ആ ആശുപത്രി ഇടനാഴിയ്ക്ക് മുൻപിൽ അവരെല്ലാം ഇരുന്നു..

********** വേദാ അഷ്ടമൂർത്തിയുടെ റിലേറ്റിവ്‌സ് അല്ലെ.. അതേ.. അഷ്ടമൂർത്തി പറഞ്ഞു.. ആ കുട്ടിയെ റൂമിലേയ്ക്ക് മാറ്റുവാണെ.. അവർ പറഞ്ഞു തീർന്നതും സ്ട്രക്ച്വറിൽ വേദയെ കൊണ്ടുവന്നു.. അവൾ മയക്കത്തിൽ ആയിരുന്നു.. ഉണർന്നപ്പോൾ കുഞ്ഞിനെ പറ്റിയാണ് ആദ്യം അന്വേഷിച്ചത്.. കുഞ്ഞു പോയി എന്നറിഞ്ഞപ്പോൾ വല്ലാത്ത കാരച്ചിലായിരുന്നു.. മേഡം ഒരു സെഡേറ്റിവ് കൊടുത്തിരിക്കുകയാണ്.. ഉണരാറായി.. റൂമിൽ കിടത്തിയ ശേഷം നേഴ്‌സ് പറഞ്ഞു.. ഇവിടെ ഇങ്ങനെ എല്ലാവരും കൂടെ നിൽക്കരുത്.. ഒരാൾ മതി ബൈസ്റ്റാണ്ടർ ആയിട്ട്.. അവർ പറഞ്ഞു.. ആരാണെന്നു വെച്ചാൽ അവർ മാത്രം നിന്നിട്ട് ബാക്കി ഉള്ളവരൊക്കെ വേഗം പോകണം കേട്ടോ.. സാറിനു അറിയാമല്ലോ.. ഓകെ.. പേഷ്യന്റ് ഉണർന്നിട്ട് പൊയ്ക്കോളാം. മോഹൻ പറഞ്ഞു.. അവർ ക്യാനുല കറക്റ്റ് ആക്കി പുറത്തേയ്ക്ക് പോയി.. ഗൗതം ആരോടും ഒന്നും മിണ്ടാതെ അവൾക്കരികിൽ ഇരിക്കുകയായിരുന്നു..

അവന്റെ കൈകൾ മെല്ലെ അവളുടെ വയറിൽ തഴുകി.. നഷ്ടം തനിക്കും അവൾക്കും മാത്രമാണെന്ന പൂർണ്ണ ബോധ്യം അവനുണ്ടായിരുന്നു.. ആ കണ്ണുകളിൽ നിന്നും മെല്ലെ രണ്ടിറ്റ് കണ്ണുനീർ തുള്ളി ഒഴുകിയിറങ്ങി… തനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന തോന്നൽ പോലും അവനിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായിരുന്നു.. അങ്ങനെ ഒന്നു ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം വേദ അവന്റെ മനസ്സിൽ പതിഞ്ഞു പോയിരുന്നു.. അവൻ മെല്ലെ അവളുടെ നെറ്റിയിൽ തഴുകി.. ആ കണ്ണുകളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവും നിറഞ്ഞിരുന്നു.. എന്തോ തീരുമാനിച്ചു ഉറപ്പിച്ചെന്നോണം അവൻ മെല്ലെ അവിടുന്നെഴുന്നേറ്റ് ആരോടും പറയാതെ പുറത്തേയ്ക്ക് പോയി.. തളർന്നു കിടന്ന മയങ്ങുകയായിരുന്നു വേദയപ്പോഴും… തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടത് അപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ…………. തുടരും…….

പെയ്‌തൊഴിയാതെ: ഭാഗം 41

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story