തോളോട് തോൾ ചേർന്ന്: ഭാഗം 17

തോളോട് തോൾ ചേർന്ന്: ഭാഗം 17

എഴുത്തുകാരി: ജിച്ചന്റെ കാവു

അവനൊപ്പം ഓരോ അടിയും സാവധാനം വച്ചുകൊണ്ട് ഒരിക്കൽ കൂടെ കവലയിലേക്ക് നടക്കുമ്പോൾ ചെളി തെറിക്കാതിരിക്കാൻ അവൾ സാരിയൊരല്പം പൊക്കിപിടിച്ചു… ഉടുത്തിരുന്ന മുണ്ടിൻതുമ്പ് തെല്ലൊന്നുയർത്തിപിടിച്ചുകൊണ്ടവൻ ചെളി നിറഞ്ഞ ഇടവഴിയിലൂടെ നടക്കും നേരം തൊട്ടുരുമ്മുന്ന ഇരുവരുടെയും കൈവിരലുകളെ പരസ്പരം കോർത്തുപിടിച്ചു… വിടർന്ന കണ്ണുകളോടെ അതിലുപരി അടക്കാനാവാത്ത സന്തോഷത്തോടെ പെണ്ണ് അവനെ തന്നെ ഉറ്റ് നോക്കുമ്പോൾ നേരെ നോക്കി നടക്കുന്നവന്റെ കവിളിലെ നുണക്കുഴിയൊന്നു എത്തിനോക്കി…

ചേർത്തുപിടിച്ച കൈയ്കളിൽ അവൾ പ്രണയത്തോടെ കണ്ണുകളെ പതിപ്പിച്ചുകൊണ്ട് വിരലുകൾ മുറുക്കും നേരം എവിടെനിന്നോ ആ വിളിയും ഉയർന്നു… ” ഞൊണ്ടികാലൻ… ” കോർത്തുപിടിച്ച കൈയ്കളിൽ നിന്നും കണ്ണുകളെ മോചിപ്പിക്കും മുൻപേ അവളുടെ വിരലുകളെ കോർത്തിരുന്ന കൈ അഴയുന്നതറിഞ്ഞു… ആരാന്നൊ എന്താന്നോ തിരക്കാൻ നിൽക്കാതെ തെല്ലൊരു പിടച്ചിലോടെ അനന്ദുവിന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ കവിളുകളെ മനോഹരമാക്കിയ നുണക്കുഴി എങ്ങോ പോയ്‌ മറഞ്ഞിരുന്നു… ചുണ്ടിൽ പതിവുപോലെ വേദന ഒളിപ്പിച്ചുകൊണ്ടുള്ള പുഞ്ചിരി വിരിഞ്ഞതും ഹൃദയം നിലയ്ക്കും പോലെ തോന്നുകയായിരുന്നു അവൾക്ക്…

അടർത്തിമാറ്റാൻ തുടങ്ങിയ വിരലുകളിൽ വിരൽ കോർത്തുകൊണ്ടവൾ ഒന്നുകൂടെ മുറുക്കെ പിടിക്കുമ്പോഴും നേരെ നോട്ടമെറിഞ്ഞുകൊണ്ട് നടക്കുകയായിരുന്നു അനന്ദു… കൈയ് വിട്ടു മാറ്റാൻ തോന്നിയില്ല… കൂടുതൽ കൂടുതൽ മുറുക്കി തന്നിലേക്ക് ചേർക്കണമെന്നായിരുന്നു അവൾക്ക്… അടുത്തുകൂടെ ആരോ സൈക്കിളിൽ പോവുന്നതറിഞ്ഞു… ഇടവഴിയിൽ പലയിടത്തും ആളുകൾ നിൽക്കുന്നുമുണ്ടായിരുന്നു… കുട്ടികളും ജോലിക്കാരുമായി രാവിലെ കവലയിലേക്ക് നടക്കുന്നവർ അങ്ങിങ്ങായി വഴിയിലൂടെ പോവുന്നുണ്ട്… എന്നിട്ടും ഇത്രപേർക്കിടയിലും അനന്ദുവിന്റെ മനസ്സ് നോവിക്കുവാൻ നോക്കുംപോലെയാണ് പലരുടെയും മുഖഭാവം… ഇതിനിടയിൽ ആരോ വിളിച്ച പേരാണ്…

പലരും വാക്കുകൾക്കൊണ്ട് നോവിക്കുന്നില്ലെന്നുള്ളു… കണ്ണുകളിൽ അവക്ഞയും സഹതാപവും… ഏതൊക്കെയോ കുട്ടികൾ ചിരിക്കുന്നു…. ചെളിനിറഞ്ഞ ഈ വഴിയിലൂടെ നടക്കുമ്പോൾ ഏതൊരാളും ഉലഞ്ഞുപോവും… ശ്രദ്ധിച്ചില്ലേൽ വീഴുകയും ചെയ്യും… ആ വഴിയിലൂടെയാണ് മുണ്ടും ചെറുങ്ങനെ ഒതുക്കിപിടിച്ചുകൊണ്ടവൻ തലയുയർത്തി നടക്കുന്നത്… ധ്വനി മുഖം ചെരിച്ചുകൊണ്ട് അവനെയൊന്നുകൂടെ നോക്കി… ശരിയാണ്… ഇപ്പോഴും ചുണ്ടിലെ ഇളം പുഞ്ചിരിയോടെ ആ തല ഉയർന്നു തന്നെ നിൽക്കുന്നു… ഉള്ളിലെ നോവിനെ പുറത്തേക്ക് ഒരുതരത്തിലും കാണിക്കാൻ നിൽക്കാതെ ആ മനുഷ്യൻ വിജയിച്ചു മുന്നേറുന്നു…

ചേർത്തുപിടിച്ച കൈയ്കൾ ഒരിക്കൽ കൂടെ മുറുക്കികൊണ്ടവൾ അവനോട് ചേർന്നു നടക്കുമ്പോൾ അനന്ദുവോന്നവളെ തിരിഞ്ഞു നോക്കി… ” ഇതൊക്ക പതിവാ ടീച്ചറെ… കുഴപ്പമൊന്നുല്ല്യ… ” ചുണ്ടിലെ പുഞ്ചിരിയോടെ പറയുന്നവന്റെ കണ്ണുകളിലെ നോവിൽ നോക്കികൊണ്ട് തന്നെ അവൾ നടന്നു… ” ആയിരിക്കാം… മനഃപൂർവ്വമോ അല്ലാതെയോ കുത്തിനോവിക്കാനും സഹതപിച്ചു മുറിവേൽപ്പിക്കാനും ചുറ്റും പലരും കാണും അനന്ദു… അവരെന്തായാലും മാറാൻ പോവുന്നില്ല… ഇനിയും മാറേണ്ടത് അനന്തുവാണ്… സ്വന്തമായി അധ്വാനിച്ചു സ്വന്തം കാലിൽ നിന്നുകൊണ്ട് പരസഹായം ഏതും കൂടാതെ ജീവിക്കുന്നവർ ആരും ഉള്ളിന്റെ ഉള്ളിൽ പോലും തോൽക്കില്ല അനന്ദു… അനുനിമിഷം ജയിച്ചുമുന്നേറുന്നവരാണ്…

അവരെല്ലാം… ന്റെ അനന്ദുവും… ഈ ചുറ്റുമുള്ള ആളുകളുടെ പൊള്ളായായ വാക്കുകൾക്ക് നമ്മൾടെ ഒരു നിമിഷത്തെ സന്തോഷം പോലും ഉലയ്ക്കാൻ അനുവാദം കൊടുക്കരുത്…” പതുക്കെ എങ്കിലും ദൃഢമാർന്ന പെണ്ണിന്റെ വാക്കുകളിൽ ഒരു നിമിഷം അനന്ദുവൊന്നവളെ നോക്കി… നോവിനെ വെളിവാക്കിയ കണ്ണിൽ പ്രണയം നിറഞ്ഞു… ഇരുകണ്ണുകളും ചിമ്മിയടച്ചുകൊണ്ട് ചുണ്ടിലെ പുഞ്ചിരിയാൽ അവളും അവനോട് മൗനമായ് കൂട്ടുചേർന്നു… വിരൽതുമ്പ് പോലും പ്രണയം കയ്യ്മാറാൻ തുടങ്ങും നിമിഷം കൈയിൽ മുറുകിയ പെണ്ണിന്റെ കൈപത്തിയിൽ വിരലാൽ ഒന്ന് തലോടി… കൂടുതൽ ശക്തമായ് വിരലുകൾ തമ്മിൽ കോർക്കുമ്പോൾ ഉള്ളിലെ ചിന്തകളെയെല്ലാം തോൽപ്പിച്ചുകൊണ്ടവൾ സിരകളിൽ മുഴുവൻ പടരുന്നതറിഞ്ഞു..

. ഇത്രയും കൊല്ലം കണ്ടിട്ടും ഇന്നും ആൾക്കാർക്ക് നോക്കികാണുവാനും പരിഹസിക്കുവാനും എന്താണ് അവനിത്ര കുറവ്??.. കാലിന്റെ വലുപ്പവ്യത്യാസങ്ങൾക്കനുസരിച്ചു ഉലയുന്ന ശരീരം മറ്റുള്ളവർക്കൊരു കൗതുകമോ തമാശയോ ആയി തീരുമ്പോൾ അതവന് അവന്റെ അതിജീവനമാണ്… തളർത്തികളയാമായിരുന്ന വൈകല്യത്തെ കൂടെചേർത്ത് മുന്നേറാനുള്ള ശരീരത്തിന്റെ വഴക്കമാണ്… ഒരിക്കൽക്കൂടി ആ മനസ്സിലൊരു നോവ് വേരൂന്നി പടരാൻ അനുവദിക്കില്ലെന്നുറപ്പിച്ചുകൊണ്ടവൾ അവന്റെ തോളോരം ചേർന്നു… പെട്ടന്നനെ പെയ്യ്തിറങ്ങിയ മഴ ഭൂമിയെ ശക്തമായ് പുണരുമ്പോൾ ഒരേ കുടകീഴിൽ അവനോട് ചേർന്നുകൊണ്ട് അവളും നടന്നു നീങ്ങി… ഉലഞ്ഞുപോവുന്ന ശരീരത്തെ മഴയിൽ നനയാൻ വിടാതെ…

തോളോട് തോൾ ചേർന്ന് ഒരു കുടകീഴിനടിയിൽ മൗനത്തിന്റെ പ്രണയബന്ധം തീർത്തുകൊണ്ട്… എപ്പോഴോ പെണ്ണിന്റെ തോളിൽ പിടിച്ചുകൊണ്ട് ചേർത്തുപിടിക്കാൻ അനന്ദുവിന്റെ കൈയ്കളും തിടുക്കം കൂട്ടി… ***************** ” ഇന്ന് പോവാണോ ?? ” വാതുക്കലിൽ നിന്നും എത്തിനോക്കികൊണ്ടുള്ള ദേവൂട്ടിയുടെ സ്വരത്തിൽ മുടിച്ചീകികൊണ്ടിരുന്ന ഭരത് ഒന്ന് തിരിഞ്ഞുനോക്കി.. സ്വതവേ വീർത്തിരിക്കുന്ന ഉണ്ടകവിളുകൾ ഒന്നുകൂടി വീർപ്പിച്ചുകൊണ്ട് പെണ്ണ് വാതിലിൽ ചാരി തന്നെ നിൽക്കുകയാണ്.. ” പിന്നെ… നിക്ക് പോവാതെ പറ്റോ വാവേ… ഇന്നലെ ഒരുദിവസം ഹാഫ്ഡേ ലീവ് എടുത്തുവന്നതാ… ഭഗതും വന്നതുകൊണ്ട് ഇവിടേക്കും പോരാമെന്നു വിചാരിച്ചു.. ഇന്നിപ്പോ എനിക്ക് ജോലിക്കും പോണം അവന് തിരിച്ചു വീട്ടിലും പോണം…

” ദേവൂനോടായി പറഞ്ഞുകൊണ്ട് അവൻ ചെറിയൊരു ബാഗിൽ ഇട്ടുമാറിയ വസ്ത്രങ്ങൾ മടക്കി വയ്ക്കുമ്പോൾ അവളൊന്നു അലസമായി മൂളി… ” ഇനിയപ്പോ എന്നാ വരാ??.. ” അല്പനേരത്തെ മൗനത്തിനൊടുവിൽ പെണ്ണ് ചോദിച്ചു.. ” ഇവിടേക്കോ??… ഇവിടെക്കിപ്പോ എന്തിനാണ് വരണേ??.. ” ചെയ്തിരുന്ന പണികളിൽ മുഴുകികൊണ്ട് തെല്ലൊരു കളിയായവൻ മറുപടി പറയുമ്പോൾ പെണ്ണിന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു വന്നു… ഒരുവേള തുറന്നുപറഞ്ഞ പ്രണയം അവനെ തന്നിൽ നിന്നും അകറ്റുകയാണെന്ന് തോന്നിയതും ദേവുവിന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി… സഹോദരിയായി മാത്രമാണോ അവനവളെ സ്നേഹിക്കുന്നതെന്ന സംശയം പിന്നെയും ഉള്ളിൽ നോവായി പടരുമ്പോൾ പലപ്പോഴുമുള്ള അവന്റെ കണ്ണുകളിലെ ഭാവവും അതിനെ എതിർക്കുംവിധം ഉള്ളിൽ നിറഞ്ഞു…

മൗനമായ് ചിന്തകളിൽ ഊളിയിടുന്ന പെണ്ണിനെ തന്നെ കണ്ണിമ ചിമ്മാതവൻ നോക്കി നിന്നു… തന്റെ പെണ്ണ്… തന്റെ പ്രണയം… ഉള്ളിനുള്ളിൽ മൂടിവയ്ക്കാൻ ശ്രമിച്ചിരുന്ന പ്രണയത്തിന്റെ ചീളുകൾ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അവളിലേക്കടുക്കുന്നുണ്ടായിരുന്നു… ” ദേവൂട്ടീ…. ” നിറഞ്ഞിരിക്കുന്ന ദേവുവിന്റെ മിഴികൾ അവനെയും ഒരേപോലെ നോവിക്കുമ്പോൾ അത്രമേൽ സ്നേഹത്തോടവൻ വിളിച്ചു…. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പെണ്ണവനെ നോക്കി മുഖം കൂർപ്പിച്ചു പുരികം പൊക്കി എന്താണെന്ന് ചോദിക്കുമ്പോൾ വല്ലാത്തൊരു കുസൃതിചിരിയായിരുന്നു അവനിൽ… ഉടുത്തിരുന്ന മുണ്ടൊന്നു മടക്കികുത്തി വലതുകയ്യാൽ മീശത്തുമ്പോന്നു പിരിച്ചുവച്ചു അവളിലേക്ക് നടന്നടുക്കുമ്പോൾ വിടർന്ന കണ്ണുകളോടെ ദേവു ഭരതിനെ തന്നെ നോക്കി നിന്നു…

പിരിച്ചുവച്ച മീശത്തുമ്പല്പം ഉയ്യർത്തി വച്ച് ഇടതുമീശയിൽ പിടിമുറുക്കി ദേവുവിന്റെ തൊട്ടുമുൻപിൽ അവൻ വന്നുനിൽക്കുമ്പോൾ ആ സാമീപ്യം ആദ്യമായവളെ തളർത്തുകയായിരുന്നു… വിടർന്നിരുന്ന കണ്ണുകൾ പിടയ്ക്കാൻ തുടങ്ങി… ഉയർന്നു നിന്നിരുന്ന മുഖം പതിയെ താഴുന്നതറിഞ്ഞിട്ടും വാക്കുകളേതും ഉരിയാടാതെ അവൾ നിൽക്കുമ്പോൾ ഭരതിന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു… ” ന്റെ പെണ്ണിനെ കാണണമെന്ന് തോന്നുമ്പോ എപ്പോ ആയാലും ഞാൻ ഓടിവരില്ലേ വാവേ… ” ഇടതുചെവിയിൽ പതിഞ്ഞ ചുടുനിശ്വാസത്തോടൊപ്പം സ്വരവും അവളിലേക്കെത്തുമ്പോൾ പെണ്ണവനെ അത്ഭുതത്തോടെ നോക്കി… എന്റെ പെണ്ണെന്നുള്ള സംബോധന അവളെ അത്രമേൽ സന്തോഷിപ്പിക്കുമ്പോൾ ഉള്ളിലെ പല ചിന്തകളും ദൂരേക്കകലുന്നതറിഞ്ഞു…

” ന്നെ ന്നെ ഇഷ്ടാണോ അപ്പൊ..??.. ” പിന്നെയും പെണ്ണവനോട് ചോദിച്ചുകൊണ്ടിരുന്നത് വീണ്ടും വീണ്ടും ആ സ്വരത്താൽ തന്നെ ഇഷ്ടമാണെന്നുള്ള വാക്കുകൾ കേൾക്കുവാനും കൂടി ആയിരുന്നു… തൊട്ടടുത്തായി കാണുന്ന പെണ്ണിന്റെ മുഖം കയ്യ്കുമ്പിളിൽ കോരിയെടുക്കുമ്പോൾ ഇതുവരെയില്ലാത്ത പരവേശമായിരുന്നു ഭരതിനു… ആവേശത്തോടെ അവളുടെ കണ്ണുകളിലും അധരത്തിലും മൂക്കിൻതുമ്പിലും കവിളുകളിലുമെല്ലാം നോക്കികൊണ്ടവൻ അവളിലേക്ക് കൂടുതൽ അടുത്തുനിന്നു… ” ഇഷ്ടമാണോന്നോ??… ഒരുപാട്… ഒരുപാട് ഇഷ്ടാടാ… കുറേനാളുകളായി പറയാനാവാതെ… പ്രകടിപ്പിക്കാനാവാതെ ഞാൻ ആ ഇഷ്ടം ഉള്ളിലടക്കാൻ തുടങ്ങിയിട്ട്… ഏട്ടന്റെ ദേവൂന് ഇതൊട്ടും അംഗീകരിക്കാൻ പറ്റില്ലെന്ന് ഭയന്നു അടക്കിപിടിക്കുവായിരുന്നു ഇതുവരെ…

ഇനീം… ഇനീം പറ്റില്ലടാ നീയില്ലാതെ… നിന്നോട് പറയാതെ നിക്ക് പറ്റില്ല വാവേ…. അന്ന് വീട്ടീന്ന് ഇറങ്ങുംനേരം അവസാനമെന്നെ നോക്കിയ നിന്റെ ഈ കണ്ണുകൾ ഉണ്ടല്ലോ… അത് ഇന്നീനിമിഷം വരെ എന്റെ ഹൃദയത്തെ നോവിക്കുന്നുണ്ടെടാ… ഇത്രമേൽ സ്നേഹിച്ചിട്ടും ന്റെ ദേവൂനെ ചേർത്തുപിടിക്കാനോ ആശ്വസിപ്പിക്കാനോ നിക്ക് പറ്റിയില്ലെന്ന കുറ്റബോധം… അതെന്നിൽ എന്നും ഉണ്ടാവും… ഇനി… ഇനി ഒരിക്കൽ കൂടി കൈയ്‌വിട്ട് കളയില്ല വാവേ… ദേവു ഭരതിന്റെയാ…. എന്നും… ” നിറക്കണ്ണുകളോടെ പറഞ്ഞുകൊണ്ടവൻ ദേവൂട്ടിയുടെ നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ നിറഞ്ഞിരുന്ന പെണ്ണിന്റെ കണ്ണുകളിൽ നിന്നുതിർന്ന മിഴിനീർ അവന്റെ കൈയ്കളിൽ തന്നെ വന്നുചേർന്നു…

അധരത്തിനാൽ അവൻ നിറഞ്ഞൊഴുകുന്ന പെണ്ണിന്റെ മിഴികളെ കൂടെ പതിയെ പുണർന്നു… കവിളിൽ പതിപ്പിച്ചിരിക്കുന്ന കയ്കൾക്കുമേൽ അമർത്തിപിടിച്ചുകൊണ്ടവൾ എന്നും കൂടെകാണുമെന്ന് മൗനമായ് മൊഴിഞ്ഞു… മുറിയിലേക്കടുത്തുവരുന്ന കാൽപെരുമാറ്റം കേട്ട് ഇരുവരും അകന്നുമാറി കണ്ണുകൾ ധൃതിയിൽ തുടയ്ക്കുമ്പോഴേക്കും ഭഗതും മുറിയിലെത്തിയിരുന്നു.. കലങ്ങിയ കണ്ണുകളും പതുങ്ങിയ ഇരുവരുടെയും നിൽപ്പും അവനെല്ലാം മനസ്സിലാക്കികൊടുക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ സന്തോഷത്തിന്റെ ബാക്കിപ്പത്രമെന്നോണം ഇരുവരെയും നല്ലപോലെ കളിയാക്കികൊണ്ട് അവനും അവരോടൊപ്പം ചേർന്നു… ” ഇതാരാടി ഈ ഉണ്ടമുളക്??.. ” കോളേജിലേക്കിറങ്ങിയ ദേവുവിന്റെ ചെവിയിൽ രഹസ്യമായി ഭഗത് ചോദിക്കുമ്പോൾ അവളവനെ ശാസനയോടെ നോക്കി…

അവരും പുറപ്പെടാൻ ഇറങ്ങും നേരമാണ് ദേവുവിനെ കൂട്ടാൻ അപ്പുവും ശ്രീമോളും എത്തിച്ചേർന്നത്.. അപ്പുവിന്റെ മുഖത്തെ തെളിച്ചവും ശ്രീയുടെ കണ്ണിലെ കുസൃതിയും നോക്കികൊണ്ടിരുന്ന ദേവുവിന്റെ ചെവിയിൽ ഭഗത് ചോദിച്ചത് ശ്രീയെപ്പറ്റിയാണെന്ന് അവൾക്ക് മനസിലായിരുന്നു… എല്ലാവരെയും പരസ്പരം പരിചയപെടുത്തികൊണ്ടിരിക്കെയാണ് ശ്രീയുടെ മുറിവും ദേവുവിന്റെ ശ്രദ്ധയിൽ പെടുന്നത്… തലേന്ന് വൈകുന്നേരം പെയ്ത മഴയിൽ അവളെ തട്ടിയിട്ട് ഓടിയവന്റെ കഥ ഒരിക്കൽ കൂടി പറയുമ്പോൾ ചിരിയടക്കാൻ പാടുപെടുന്ന ഭഗതിനെ മറ്റുള്ളവർക്കൊപ്പം ശ്രീമോളും കൂർപ്പിച്ചുനോക്കി… അവന്റെ കൌണ്ടറിടികൾ ഉയർന്നു വരുമ്പോൾ എങ്ങുനിന്നോ വന്നു നിറയുന്ന ദേഷ്യം അടക്കാനാവാതെ ശ്രീ അപ്പുവിന്റെ കൈയിൽ കയ്യ്മുറുക്കികൊണ്ടിരുന്നു…

ദേവുവിനെയും ഒപ്പം വലിച്ചുകൊണ്ട് അവൾ കവലയിലേക്ക് നടക്കാൻ തുനിയുമ്പോൾ ഭഗതിന്റെ ബൈക്കിനു പുറകിൽ കയറി കണ്ണുകൊണ്ട് ഭരത് തന്റെ പെണ്ണിനോട് യാത്രപറയുകയായിരുന്നു …. നടത്തത്തിനിടയിൽ അവരെ കടന്നുപോയ വണ്ടിയുടെ മിററിലൂടെ ശ്രീയെ കളിയാക്കി ഭഗത് ചിരിച്ചുകൊണ്ട് കണ്ണിറുക്കുമ്പോൾ ഉരുതിരിഞ്ഞുവന്ന ദേഷ്യത്തിൽ നിശബ്ദമായി ചുണ്ടുകളനക്കിക്കൊണ്ട് അവളവനെ ചീത്ത വിളിച്ചു… കണ്മുന്നിൽ ചെറിയൊരു പൊട്ടായി അവരുടെ വണ്ടി മായുന്നത് നോക്കി നിൽക്കുന്ന ദേവൂട്ടിയുടെ ഭാവം അവരിരുവരെയും സംശയത്തിലാഴ്ത്തുമ്പോൾ തെല്ലൊരു നാണത്തോടെ ഭരതിനോടുള്ള ഇഷ്ടവും അവൾ തുറന്ന് പറഞ്ഞു… ഓർമ വച്ച നാൾ മുതൽ അവനോടൊപ്പം ഒന്നിച്ചുണ്ടായ ഓരോരോ സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് വാചാലയാകുന്ന ദേവുവിനൊപ്പം ഇരുവരും പുഞ്ചിരിയോടെ നടന്നു…

***************** ഉച്ചത്തിൽ മുഴങ്ങുന്ന ഇടിവെട്ടടൊപ്പം ആർത്തുപെയ്യ്തിറങ്ങുന്ന ശക്തമായ മഴയിൽ പ്രകൃതി ഇരുണ്ടുമൂടി നിൽക്കുമ്പോൾ മഴയുടെ സ്വരത്തിൽ മറ്റെല്ലാ സ്വരങ്ങളും അലിഞ്ഞില്ലാതായി… പാതിവഴിയിൽ നിർത്തേണ്ടി വന്ന ക്ലാസ്സ്‌ തുടരാനാവാതെ ഹരി വാതുക്കലിൽ ചെന്നു നിന്നു പുറത്തേയ്ക്ക് നോക്കി… മഴയുടെ ശക്തി ഓരോ നിമിഷവും കൂടി വരുന്നതിനോടൊപ്പം കാറ്റും വീശിയടിക്കുമ്പോൾ അടഞ്ഞുപോകുന്ന ജനൽപാളികളുടെ സ്വരവും നിറഞ്ഞു… നേരെ പെയ്യനായുന്ന മഴത്തുള്ളികളെ ശക്തമായി തന്നെ കാറ്റ് പാളിച്ചുകൊണ്ടിരിക്കെ അവയെല്ലാം ക്ലാസ്സ്‌മുറിക്കുള്ളിലേക്ക് വരെ പതിച്ചുകൊണ്ടിരുന്നു… വാതിലിൽ ചാരി നിന്നുകൊണ്ടവൻ കലപില കൂട്ടി മഴ ആസ്വദിക്കുന്ന കുട്ടികളിൽ കണ്ണുകൾ പായിച്ചു…

മിക്കവരുടെയും കണ്ണു പുറത്തേക്കാണ്… അപ്പുവിന് ഇരുവശവുമിരുന്നുകൊണ്ട് ദേവൂവും ശ്രീയും നല്ല സംസാരത്തിലാണ്.. മൂന്നും കൈയെല്ലാം മടക്കി നെഞ്ചോരം ചേർത്തുപിടിച്ചുകൊണ്ടാണ് ഇരിക്കുന്നത്… തണുപ്പടിക്കുന്നതുകൊണ്ടാവും… അവരെ മൂന്നിനെയും ശ്രദ്ധിക്കവേ സംസാരിച്ചുകൊണ്ടിരിക്കുന്നവരോട് ഇടക്ക് മൂളുന്നുണ്ടെങ്കിലും കണ്ണുകൾ തന്നിലേക്ക് മാത്രം പതിപ്പിച്ചുകൊണ്ട് അപ്പു പുഞ്ചിരിക്കുന്നത് കണ്ടു… ഇരുവരുടെയും കണ്ണുകൾ പരസ്പരം ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കെ ചുറ്റും പടർന്ന ഇരുണ്ട വെളിച്ചവും തണുത്ത കാറ്റും മറ്റൊരു അനുഭൂതി ഉള്ളിൽ നിറയ്ക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾ പിടഞ്ഞു…

നെഞ്ചോരം ചേർത്തു കൂട്ടികെട്ടിവച്ചിരിക്കുന്ന കൈയ്കൾ ഒന്നൂടെ മുറുക്കികൊണ്ട് പെണ്ണ് ചെറുതായി തോളുയർത്തി തണുപ്പിനെ പ്രതിരോധിക്കുമ്പോൾ ഹരിയുടെ ചുണ്ടിലും പുഞ്ചിരി മിന്നിമാറി… പെണ്ണിനെ നോക്കി പുറത്തേക്കുവരാൻ കണ്ണുകളാൽ പറഞ്ഞുകൊണ്ടവൻ ക്ലാസ്സിൽ നിന്നുമിറങ്ങി വരാന്തയിലൂടെ നടന്നു… നീണ്ട ഇടനാഴിയിലൂടെ നടന്നുകൊണ്ട് തൂണിനരികെ മഴയിൽ കണ്ണുനട്ട് നിൽക്കുമ്പോൾ എപ്പോഴോ പുറകിൽ പെണ്ണിന്റെ സമീപ്യമറിഞ്ഞു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ പ്രണയം കലർന്നിരുന്നു… ” ഹരിയേട്ടാ… ” സ്വരത്തിൽ പോലും അത്രമേൽ സ്നേഹം… ” എന്തായിരുന്നു ക്ലാസ്സിൽ??.. പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോ എന്നെ തന്നെ നോക്കിയിരിക്കാൻ എന്റെ മുഖത്താണോ പ്രോബ്ലം സോൾവ് ചെയ്യുന്നത്??? ഏഹ്ഹ്??.. ”

തിരിഞ്ഞു നോക്കാതെ തന്നെ ഗൗരവത്തോടെ ചോദിക്കുമ്പോൾ പെണ്ണിന്റെ മുഖം മങ്ങുന്നത് കാണാതെ തന്നെയവൻ അറിയുന്നുണ്ടായിരുന്നു… ” പഠിക്കാൻ വന്നാൽ പഠിക്കണം… അല്ലാതെ ആ നേരം പഠിപ്പിക്കുന്നവരെ വായ്നോക്കി ഇരിക്കല്ല വേണ്ടത്… ഇതുവരെ ഇല്ലാതിരുന്ന അനാവശ്യ ശീലങ്ങൾ തുടങ്ങാൻ നിൽക്കേണ്ട… കേട്ടില്ലേ??.. ” മാറിൽ ഇരുകയ്യും പിണച്ചുവച്ചുകൊണ്ട് അവളിലേക്ക് തിരിഞ്ഞു നിന്നു പറയുമ്പോൾ മുഖം വീർപ്പിച്ചു വച്ചുകൊണ്ട് അപ്പു തലയനക്കി… ” ഞാനെന്റെ കെട്ടിയോനെ മാത്രം വായ്നോക്കിയുള്ളൂ.. ” പതിയെ ചുണ്ടിനിടയിൽ പറഞ്ഞുകൊണ്ട് മുഖം തിരിച്ചു… ചുണ്ടിലൂറിവന്ന ചിരി മറച്ചുപിടിച്ചുകൊണ്ട് ഹരി ഒറ്റ പുരികം പൊക്കി എന്താണെന്ന് ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന മറുപടി പറഞ്ഞുകൊണ്ടവൾ പിന്തിരിഞ്ഞു നടന്നു…” അതേയ്… വീട്ടിലേക്ക് തിരിച്ചു പോവുമ്പോ എന്റെ കൂടി പോരുന്നോ??.. ” ചുണ്ടിലും സ്വരത്തിലും കുസൃതി ഒളിപ്പിച്ചു ചോദിക്കുന്നവനെ പെണ്ണ് തിരിഞ്ഞു നോക്കി..

മുഖം വീർപ്പിച്ചു പിടിച്ചിരുന്നെങ്കിലും കണ്ണുകൾ പുഞ്ചിരിക്കുകയായിരുന്നു അവളുടെ… ” ഞാനേ ന്റെ കൂട്ടുക്കാരുടെ കൂടി പൊക്കോളാം… ഇതുവരെ ഇല്ലാതിരുന്ന ശീലങ്ങൾ തുടങ്ങുന്നില്ലാട്ടോ.. ” കണ്ണു ചിമ്മികാണിക്കുന്നവനെ കൂർപ്പിച്ചു നോക്കി പറഞ്ഞുകൊണ്ടവൾ നടന്നു നീങ്ങുമ്പോൾ ചുണ്ടിലെ പുഞ്ചിരിയും തെളിഞ്ഞിരുന്നു… തൂണോട് ചാരി നിന്നുകൊണ്ടവൻ പെണ്ണിനെ നോക്കി നിൽക്കുമ്പോൾ കാറ്റേറ്റ് ദിശമാറിയ വെള്ളത്തുള്ളികൾ മുഖത്തേക്കടിച്ചുകൊണ്ടിരുന്നു… ***************** അന്നേദിവസം ഉച്ച കഴിഞ്ഞതുമുതൽ വല്ലാത്തൊരു ബുദ്ധിമുട്ടും ആസ്വസ്ഥതയുമായിരുന്നു ധ്വനിക്ക്… തലേന്ന് രാത്രിയിലെ പനിപിടിച്ചു കിടന്നിരുന്ന അനന്ദുവിന്റെ മുഖം തന്നെ ഉള്ളിൽ തെളിഞ്ഞു നിൽക്കുമ്പോൾ വിറയലാർന്ന ആ അധരവും ക്ഷീണമുറ്റും കണ്ണുകളും ചുട്ടുപൊള്ളുന്ന ദേഹവുമെല്ലാം പിന്നെയും കണ്മുൻപിൽ നിറയുകയായിരുന്നു…

നെഞ്ചോരം ചേർത്തുപിടിച്ചപ്പോൾ കുഞ്ഞിനെപോലെ മാറിൽ പതുങ്ങിയതും എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഒരുപാട് നേരം ആസ്വസ്ഥമായി കിടന്നതുമെല്ലാം അവളെ അന്നേരവും വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കുമ്പോൾ എത്രയും പെട്ടന്ന് അവനെ കാണുവാൻ തോന്നുകയായിരുന്നു… എന്തേലും വയ്യായ പിന്നീട് അവന് തോന്നിക്കാണുമോ എന്ന് തിരക്കാനാവാതെ എങ്ങനെയോ വൈകുന്നേരം വരെയവൾ തള്ളിനീക്കി…നിർത്താതെ പെയ്യുന്ന മഴയെ വക വയ്ക്കാതെ എത്രയും പെട്ടന്ന് തിരിച്ചുപോരാൻ ധൃതിക്കൂട്ടുമ്പോൾ കടയിലെ വരാന്തയിൽ അവൾക്കായി കാത്തുനിൽക്കുന്നവനായിരുന്നു ഉള്ളൂ നിറയെ… ദേവുവിനെയും അപ്പുവിൻറെയും ശ്രീയെയും കൂട്ടാൻ മുതിരാതെ ആദ്യ ബസിൽ തന്നെ തിരക്ക് വകവെയ്ക്കാതെ കയറിയതും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താൻ ഉള്ളം അനുവദിക്കാത്തതിനാലായിരുന്നു… കവലയിൽ ബസ്സിറങ്ങുമ്പോഴും കണ്ണുകൾ പാഞ്ഞത് അവന്റെ കടയുടെ തിണ്ണയിലേക്കാണ്…

മഴ കാരണം വരാന്തയിൽ കയറി നിൽക്കുന്നവർക്കിടയിൽ കടയിലേക്കെത്തി നോക്കുമ്പോൾ താഴ്ന്നുകിടക്കുന്ന ഷട്ടർ ഉള്ളിലെ ഭയത്തെ പതിന്മടങ്ങാക്കി ഉയർത്തി… ചെളി നിറഞ്ഞ വഴിയിലൂടെ മഴയിൽ തെറിക്കുന്ന ചെളി തുള്ളികളെ വക വയ്ക്കാതെ പാഞ്ഞുപോകുമ്പോൾ രാവിലെ ആ വഴിയിലൂടെ നടക്കുമ്പോൾ ഉണ്ടായതെല്ലാം പെണ്ണിനുള്ളിൽ മിന്നിമാറി… കാലുകൾക്ക് വേഗത പോരെന്നു തോന്നും നിമിഷങ്ങളിൽ കാറ്റത്തു പറക്കുന്ന കുടയോ നനയുന്ന ശരീരമോ അവളറിയുന്നുണ്ടായിരുന്നില്ല… ഇടവഴിയിൽ നിന്നും പറമ്പിലേക്ക് കയറിയതും വീടിനുള്ളിലേക്കൊരു ഓട്ടം തന്നെയായിരുന്നു… തുറന്ന് കിടന്ന വാതുക്കലിൽ എത്തി നിന്നു ആഞ്ഞു ശ്വാസം വലിക്കുമ്പോൾ അകത്തു നിൽക്കുന്നയാളെ കണ്ട് അതേപടി തറഞ്ഞുനിന്നുപോയിരുന്നു അവൾ…………………….  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 16

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story