ഉറവിടം: ഭാഗം 34

ഉറവിടം: ഭാഗം 34

എഴുത്തുകാരി: ശക്തി കല ജി

“ഞാൻ ഇനി ഒന്നിനും കൂട്ടുനിൽക്കില്ല… അവളുടെ ആദ്യത്തെ വിവാഹ ജീവിതം ഇല്ലാതാക്കിയത് പോലെ ഇനി ഒരിക്കലും ചെയ്യാൻ പാടില്ല.. സഞ്ജയ് എനിക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ് ” അവരുടെ കണ്ണ് നിറഞ്ഞു.. മീനാക്ഷി താഴേക്ക് ഇറങ്ങി വന്നു. ” സ്വത്ത് ഞാൻ എഴുതി തരാം… പകരം എനിക്ക് എൻ്റെ അച്ഛനെ വേണം.. ..ആലോചിച്ച് തീരുമാനിച്ചോളു.. സ്വത്ത് വേണോ മരുമകൻ വേണോന്ന് ” അവൾ മുത്തശ്ശനെ നോക്കി പറഞ്ഞു കൊണ്ട് ഫ്ളവറിൽ തിരുകി വച്ചിരുന്ന പേന കൈയ്യിലെടുത്തു.. മീനാക്ഷിയുടെ വാക്കുകൾ അവൻറെ വീട് മൊത്തം പ്രതിഫലിച്ചു അവൾ വീണ്ടും ചോദിച്ചു “നിങ്ങൾക്ക് സമ്മതമാണോ ..

സ്വത്തിനുപകരം എനിക്ക് എൻ്റെ അച്ഛനെ വേണം .. .. ഈ സ്വത്തിന് വേണ്ടി എത്ര ജീവനുകൾ ഇല്ലാതാക്കാൻ ശ്രമിച്ചു.. എത്ര ജീവൻ ഇല്ലാതാക്കി.. എൻ്റെ ജീവിതവും നിങ്ങൾ ഇല്ലാതാക്കി .. പഴയ കാര്യങ്ങൾ പഴയ കാര്യങ്ങൾ ആയിട്ട് തന്നെ ഇരിക്കട്ടെ.. ഇനിയുള്ള ജീവിതം എൻ്റെ അച്ഛനോടൊപ്പം അച്ഛൻ്റെ സ്നേഹം അനുഭവിച്ച് എനിക്ക് കഴിയണം…. എൻ്റെ ജീവിതം ഇല്ലാതാക്കിയത് നിങ്ങളാണ് .. കുറച്ചു നാൾ മുൻപേ എനിക്ക് നന്നായിട്ട് അറിയാം ..അതിനുള്ള തെളിവുകളും എൻ്റെ പക്കലുണ്ട്.. അതുകൊണ്ട് ഇനിയും അതിനെക്കുറിച്ച് കാര്യങ്ങൾ ഒന്നും സംസാരിക്കണ്ട.. മുത്തശ്ശന് ഈ സ്വത്ത് അല്ലേ വേണ്ടത് ഞാൻ എഴുതി തന്നേക്കാം .. പക്ഷേ മഹിയുടെ പേരിലേക്ക് ആണ് എന്ന് മാത്രം.. മഹിയുടെ പേരിൽ എഴുതിയാലും നിങ്ങൾക്ക് സ്വന്തം തന്നെയല്ലേ.. പകരം എനിക്ക് എൻറെ അച്ഛനെ വേണം.. ഞാൻ അച്ഛനേയും കൂട്ടി ബാംഗ്ലൂരിലേക്ക് പോകും ..

അല്ലെങ്കിൽ നാട്ടിൽ അമ്മയുറങ്ങുന്ന മണ്ണിൽ…. സ്വത്ത് ഒക്കെ എഴുതി തന്നു കഴിഞ്ഞാൽ അച്ഛൻ്റെ അവകാശം പറഞ്ഞ് ആരും ഇവിടെ നിന്ന് വരാൻ പാടില്ല.. അങ്ങനെ ഒരു എഗ്രിമെൻറ് ഉണ്ടെങ്കിൽ നമുക്ക് ഈ കാര്യം മുമ്പോട്ടു കൊണ്ടു പോകാം” .ധൃതി വേണ്ട സാവധാനം ആലോചിച്ച് തീരുമാനിക്കാം.. “പിന്നെ ഒരു കാര്യം എന്നെ ഇല്ലാതാൻ മീനാക്ഷി ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ട് പടികൾ കയറി മുറിയിലേക്ക് പോയി…. അവൾ പടി കയറി പോകുന്നത് അയാൾ പകയോടെ നോക്കി… “എന്താണ് ചേച്ചി ഇങ്ങനെ പറയുന്നത് ചേച്ചിയുടെ ജീവിതം ആരെ ഇല്ലാതാക്കി എന്നാണ് പറയുന്നത്. എന്താണ് സംഭവിച്ചത് .” പുറത്ത് പോയ മഹി തിരികെ വന്നു ചോദിച്ചു .. “എല്ലാം പറയാം.. ഇപ്പോൾ അല്ല ” എന്ന് പറഞ്ഞു മുത്തശ്ശൻ തിരിഞ്ഞു പോലും നോക്കാതെ പോയി..

മഹി അമ്മയെ നോക്കി.. അവരും വേഗം പോയ്… മഹിയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു…. അമ്മയും മുത്തശ്ശനും എന്തോ അവനിൽ നിന്ന് മറച്ച് വയ്ക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് തോന്നി.. അവൻ അമ്മയുടെ അരികിലേക്ക് ചെല്ലും മുന്നേ ആ മുറിയുടെ വാതിൽ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു.. വൈകുന്നേരം സഞ്ജയ് വന്നു മീനാക്ഷിയെ വിളിക്കാൻ… സഞ്ജയ് വന്ന ഉടനെ മീനാക്ഷി അവനെ മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി.. കൈയിൽ സൂക്ഷിച്ചിരുന്ന പെൻ ക്യാമറാ ഏൽപ്പിച്ചു.. സഞ്ജയ് വിജയ ഭാവത്തിൽ കൈയ്യുയർത്തി കാണിച്ചു.. ആരുമറിയാതെ ആ വീട്ടിൽ വച്ചിരുന്ന ക്യാമറാകളും എടുത്തു മാറ്റി… വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛൻ്റേയും മഹിയുടെയും മേഘയുടെയും മുഖത്ത് വിഷമം നിറഞ്ഞിരുന്നു…

മുത്തശ്ശനും മഹിയുടെ അമ്മയും മുൻപിലേക്ക് വന്നത് പോലുമില്ല…. മഹിയ്ക്കതിൽ സംശയം തോന്നി… മീനാക്ഷി ചേച്ചിയോട് എന്താണ് പെട്ടെന്ന് ദേഷ്യം എന്നോർത്ത് അവനു വിഷമം തോന്നി. തിരികെ വീട്ടിലേക്ക് പോകാൻ ഇറങ്ങി.. അടുത്തായത് കൊണ്ട് ബൈക്കിലാണ് അവൻ വന്നത്. ” ഞാൻ ഇടയ്ക്ക് വരാം ” എന്ന് മാത്രം അവൾ പറഞ്ഞു.. സഞ്ജയുടെ പുറകിൽ ബൈക്കിൽ കയറിയപ്പോൾ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു… അച്ഛൻ കാണാതിരിക്കാൻ അവൾ സഞ്ജയുടെ മറവിൽ ഇരുന്നു… തിരികെ ചെല്ലുമ്പോൾ വീടിൻ്റെ മുറ്റത്ത് സിന്ധ്യയും സഞ്ജയുടെ അമ്മയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു…ബൈക്കിൽ നിന്നിറങ്ങിയതും രണ്ടു പേരും ഓടി വന്ന് കെട്ടിപ്പിടിച്ചിരുന്നു…

അമ്മ അവളെ പൊതിഞ്ഞു പിടിച്ചു നെറ്റിയിൽ ചുംബിച്ചു… അവൾ ഒരു കോഴി കുഞ്ഞിനെപ്പോലെ ആ സ്നേഹ ചിറകിൽ കിഴിൽ ചേർന്നു നിന്നു… ” ഇപ്പോഴാ സമാധാനമായത്…. മീനൂട്ടി അവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് പേടിയായിരുന്നു… ” സഞ്ജയുടെ അമ്മ പറഞ്ഞു.. ” വേറെ വഴിയില്ലല്ലോ… നമ്മുടെ ഉദ്ദേശം നടക്കണ്ടെ..” പിന്നെ മീനാക്ഷിയുടെ ഓരോ ചുവടും നമ്മൾ ക്യാമറാ കണ്ണിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നല്ലോ “… വാ അകത്തേക്ക് പോവാം, ” എന്ന് പറഞ്ഞ് സഞ്ജയ് അകത്തേക്ക് കയറി.. ദാമോധർ അവളോട് പിണക്കം ഒന്നും കാണിച്ചില്ല.. എല്ലാരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു..

എല്ലാരും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നുവെങ്കിലും അവൾ മാത്രം മറ്റൊരു ലോകത്തിലായിരുന്നു… സഞ്ജയ് ഉടനെ വരാമെന്ന് പറഞ്ഞ് ബൈക്കുമെടുത്ത് പുറത്തേക്ക് പോയി… അന്ന് രാത്രി മീനാക്ഷിയ്ക്ക് വല്ലാത്ത വിഷമം തോന്നി.. കഴിഞ്ഞ ദിവസം വരെ അച്ഛൻ്റെ വയലിൻ സംഗീതത്തിലാണ് ഉറങ്ങിയത്… വല്ലാത്ത ഒറ്റപ്പെടലും വിഷമവും തോന്നുന്നു.. സഞ്ജയ് സാറിൻ്റെ അമ്മ നിർബന്ധപൂർവ്വം അവൻ്റെ മുറിയിലേക്ക് മീനാക്ഷിയെ കൊണ്ടുവിട്ടു… അവൾക്ക് ആ അമ്മയുടെ സ്നേഹത്തെ എതിർക്കാനായില്ല… മറ്റുവഴിയില്ലാതെ മുറിയിൽ ഇരുന്നു… ഒരു പാട് നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു…

ക്ഷീണം തോന്നിയപ്പോൾ വാതിൽ കുറ്റിയിട്ടിട്ട് കട്ടിലിലേക്ക് തലയണ വച്ച് ചാരിയിരുന്നു… ഏകദേശം പതിനൊന്ന് മണിയായപ്പോൾ സഞ്ജയ് വന്ന് കതകിൽ മുട്ടി.. അവൾ ഉറങ്ങിയിരുന്നില്ല.. എഴുന്നേറ്റു കതക് തുറന്നു… സഞ്ജയ് സാറിൻ്റെ മുഖത്ത് സന്തോഷം. മുറിയിൽ കയറിയ ഉടനെ വാതിൽ ചാരി കുറ്റിയിട്ടു.. ” മീനൂട്ടി നമ്മുക്ക് കിട്ടി… വാ.കാണിക്കാം”സാർ എൻ്റെ കൈയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.. അവൻ്റെ മീനൂട്ടീനുള്ള വിളി അവളിലെ പ്രണയിനിയെ ഉണർത്തി… അവൾ തൻ്റെ ഭാവങ്ങൾ അവനിൽ നിന്ന് ഒളിപ്പിക്കാനായി മുഖം താഴ്ത്തി.. സാർ ലാപ്പ്ടോപ്പ് ഓപ്പൺ ചെയ്ത് പോക്കറ്റിൽ നിന്നു പെൻഡ്രൈവ് എടുത്തു അതിൽ കുത്തി..

കീബോർഡിൽ വിരലുകൾ ചലിപ്പിച്ചു…. സ്ക്രീനിൽ കണ്ട കാഴ്ചയും സംഭാഷണങ്ങളും കേട്ട് തളർന്നിരുന്നു.. സഞ്ജയ് സാറിൻ്റെ നിർദേശപ്രകാരം മുത്തശ്ശൻ്റെ മുറിയിലും തൻ്റെ മുറിയുടെ വാതിൽക്കലും ക്യാമറ ഒളിപ്പിച്ച് വച്ചിരുന്നു… അതിനെ ഒരു സംഭാഷണം അവളെ ശരിക്കും ഞെട്ടിച്ചു.. സഞ്ജയ് സാറിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും മുത്തശ്ശൻ നടത്തുന്നുണ്ട് എന്നു മനസ്സിലായി…. എല്ലാം കണ്ട് ലാപ്പ്ടോപ്പ് അടച്ചു.. നിർമ്മലിനെ ഇല്ലാതാക്കിയത് പോലെ ഇനി സാറിനെയും ഇല്ലാതാക്കുമോ എന്ന ഭയം അവളെ വരിഞ്ഞുമുറുക്കി… അവൾ കരഞ്ഞുകൊണ്ട് അവനോട് ചേർന്നിരുന്നു.. ” പ്ലീസ് എന്നെയൊന്ന് ചേർത്ത് പിടിക്കുമോ..

അല്ലെങ്കിൽ ഞാൻ ചിലപ്പോ ഭ്രാന്തിയായി അലറി കരഞ്ഞു പോകും” മീനാക്ഷി വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു… അവൻ ലാപ്പ്ടോപ്പ് മടിയിൽ നിന്നുo ഒരു വശത്തേക്ക് മാറ്റിവച്ചു… അവളെ നെഞ്ചോടു ചേർത്തു പിടിച്ചു… കരുതലോടെ തലമുടിയിൽ തലോടികൊണ്ടിരുന്നു…. “വേഗം സ്വത്ത് എഴുതി കൊടുത്തേക്കാം. സ്വത്ത് കാരണം മറ്റൊരു ജീവൻ പൊലിയരുത്… പിന്നെ സാറിൻ്റെ ജീവൻ അപകടത്തിലാവും.. പാടില്ല.. അമ്മയ്ക്ക് വേദനിക്കും.. സിന്ധ്യയ്ക്ക് വേദനിക്കും… പിന്നെ…. എല്ലാർക്കും ” അവൾ ഏങ്ങലോടെ നെഞ്ചിലേക്ക് മുഖം ചേർത്തു… അഭയത്തിനായ് ഒരു സ്ഥാനം തിരയുകയായിരുന്നു… വീണ്ടും ഓരോന്ന് പറയാൻ തുടങ്ങിയതും സഞ്ജയ് അവളെ കൂടുതൽ ശക്തിയായി ചേർത്ത് പിടിച്ചിരുന്നു… രാവിലെ വരെ ഉറങ്ങിയിരുന്നില്ല….

ആ കരവലയത്തിനുള്ളിൽ നിന്നും മാറാൻ തോന്നിയില്ല… അങ്ങനെ കിടന്നു… അവൻ എപ്പോഴോ ഉറങ്ങിയിരിന്നു….. അവൾക്ക് മാത്രം ഉറക്കം വന്നില്ല… രാവിലെ സഞ്ജയ് ഉണരും മുൻപേ അവൾ എഴുന്നേറ്റു. കുളിച്ച് മാറാൻ വസ്ത്രം എടുക്കാനായി കബോഡ് തുറന്നു.. അവൾ അതിശയിച്ച് പോയി… പഴയ വസ്ത്രങ്ങൾ ഒന്നും കാണുന്നില്ല… പകരം പുതിയ സാരികൾ അടുക്കി വച്ചിരിക്കുന്നു… അതിനുള്ള ബ്ലൗസും തയ്ച്ച് വച്ചിട്ടുണ്ട്.. അമ്മയാവും എന്നവൾക്ക് തോന്നി… . ഇളം ഓറഞ്ച് നിറത്തിലുള്ള ഒഴുക്കൻ സാരിയെടുത്തു കട്ടിലിൽ വച്ചിട്ട് ഒരു ടോപ്പും വസ്ത്രങ്ങളും എടുത്ത് കുളിക്കാൻ കയറി… കുളിച്ച് കഴിഞ്ഞ് ടോപ്പ് എടുത്തിട്ടിട്ടാണ് കുളിമുറിയിൽ നിന്നിറങ്ങിയത്… സഞ്ജയ് സാറിനെ കട്ടിലിൽ കണ്ടില്ല.. സാർ എഴുന്നേറ്റ് താഴേക്ക് പോയിട്ടുണ്ടാവുo എന്ന് കരുതി വാതിൽ അടച്ചു…. സാരിയുടുക്കുന്നതിനിടയിൽ തലേ ദിവസം രാത്രി സഞ്ജയ് സാർ ആശ്വസിപ്പിച്ചത് ഓർത്തപ്പോൾ വല്ലാത്ത സന്തോഷം തോന്നി.. .

അതേസമയം അവൾക്ക് പരിഭ്രമവും തോന്നി… ചേർത്ത് പിടിക്കാൻ പറഞ്ഞത് സർ തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ… ആ സമയം അങ്ങനെ തോന്നി ചോദിച്ചു പോയതാണ്… നിർമ്മലിനെ കൊന്നത് പോലെ മഹിയുടെ മുത്തശ്ശൻ സാറിനേയും ഇല്ലാതാക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കിയെന്ന് അറിഞ്ഞപ്പോൾ മനസ്സിനെ നിയന്ത്രിക്കാനായില്ല…. ആ നെഞ്ചോടു ചേർന്ന് കിടന്നപ്പോൾ ശരിക്കും ഭാഗ്യവതിയാണ് ,. തൻ്റെ ദു:ഖങ്ങളെ അലിയിച്ച് കളയുന്ന മാന്ത്രികനാണ് എന്ന് ഓർക്കവേ അവളുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു… സാരി പിൻകുത്തി.. കഴുത്തിലെ താലി നേരെയാക്കിയിട്ടു… ഒരു നുള്ള് സിന്ദൂരം സീമന്തരേഖയിൽ ചാർത്തി… മുറി തുറന്നതും തൊട്ടു മുന്നിൽ സഞ്ജയ് സാർ….

ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു പോയി… അവൻ അവളുടെ വലത് കരം കവർന്നു തൻ്റെ നെഞ്ചിലേക്ക് ചേർത്തുവച്ചു… അവൾ നാണം കൊണ്ട് ചുവക്കുന്നത് അവൻ കൗതുകത്തോടെ നോക്കി… “എല്ലാം കഴിഞ്ഞ് തൻ്റെ അച്ഛനോടൊപ്പം ബാംഗ്ലൂർക്ക് പോകണമെന്ന് തീരുമാനിച്ചോ…” അവൻ ചോദിച്ചു… ” ഉം ” അവൾ മുഖം കുനിച്ച് നിന്നു കൊണ്ട് മൂളി… “നിനക്കായ് തുടിക്കുന്ന ഈ ഹൃദയത്തെ എന്തെ അറിയാത്തത്… അതോ അറിഞ്ഞിട്ടുo അറിയാത്ത ഭാവത്തിൽ നടക്കുകയാണോ.. ഇന്നലത്തെ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് വെറുതെ കൊതിച്ചു ” സഞ്ജയ് കുനിഞ്ഞ അവളുടെ മുഖത്തിനടുത്തേക്ക് മുഖമടുപ്പിച്ച് പറഞ്ഞു…

“.. ഞാൻ… താഴേക്ക് ചെല്ലട്ടേ…”.. അമ്മ അന്വഷിക്കുo ” അവൾ പതർച്ചയോടെ പറഞ്ഞു… ” പോകാതിരുന്നൂടെ..” സഞ്ജയ് വീണ്ടും ചോദിച്ചു… ” എന്നായാലും ഞാൻ പോകേണ്ടവളല്ലേ…. ഇന്നലെ സിന്ധ്യ പറഞ്ഞിരുന്നു സ്വീറ്റി ഇവിടെ വന്ന കാര്യം… ” ആ കുട്ടിയെ വിഷമിപ്പിക്കണ്ട “.. വിവാഹത്തിന് മുൻപേ സർ എന്നോട് ആവശ്യപ്പെട്ടത് പോലെ തന്നെ കാര്യങ്ങൾ മുൻപോട്ട് പോകട്ടെ.. പിന്നെ ഇന്നലത്തെ കാര്യം മനസ്സിൽ വച്ചു കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെങ്കിൽ അത് വേണ്ട.. അപ്പോഴത്തെ സാഹചര്യത്തിൽ അറിയാതെ ചോദിച്ചു പോയതാണ് ചേർത്തു പിടിക്കാൻ..അതിപ്പോ ഇത്രയും വല്യ പ്രശ്നമാകുമെന്ന് ഞാനറിഞ്ഞില്ല… ഇന്നലത്തെ ഒരു രാത്രി എന്നെ ചേർത്തു പിടിച്ചപ്പോൾ സ്വീറ്റിയെ മറന്നോ… ”

അവളുടെ മറുപടി കേട്ട് അവന് വിഷമം കൊണ്ട് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു… “ഈ കഴുത്തിൽ ഞാൻ താലികെട്ടിയത് അവളെ മനസ്സിൽ ചുമന്നുകൊണ്ടല്ല മീനൂട്ടി.. സിന്ധ്യ പറഞ്ഞതല്ലേ നിന്നോട്…. എൻ്റെ മനസ്സിൽ നീ മാത്രയുള്ളു.. എൻ്റെ ജീവിതം ആരുടെയൊപ്പം ആവണം എന്ന് ഞാനാണ് തീരുമാനിക്കുന്നത് സ്വീറ്റിയല്ല ” സഞ്ജയ് ശബ്ദം ഉയർത്തി പറഞ്ഞു… ” പതിയെ…. എന്തായാലും പിന്നെ സംസാരിക്കാം.. കൈയ്യിൽ നിന്നു വിടു സർ” മീനാക്ഷി അപേക്ഷ സ്വരത്തിൽ പറഞ്ഞു… ” കണ്ടോ നീ ഒഴിഞ്ഞു മാറുകയാ.. നിനക്ക് പേടിയാ മനസ്സിലുള്ള എന്നോടുള്ള ഇഷ്ട്ടം സമ്മതിച്ചു പോകുമോ എന്ന് ” സഞ്ജയ് അവളോട് കൂടുതൽ ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു… അവൾ കൈ വലിച്ചെടുത്തു പുറകിലോട്ട് മാറി… ” ധൈര്യമൊക്കെ എവിടെ പോയി..

വിവേകിനെ തല്ലിയത് പോലെ നീയെന്താ എന്നെ തല്ലാത്തത്..” അവൻ കുസൃതിയോടെ ചോദിച്ചു.. അവൾക്ക് മറുപടിയില്ലായിരുന്നു… “ഏടത്തി അമ്മ പറഞ്ഞു നിങ്ങൾ രണ്ടു പേരും അമ്പലത്തിൽ പോയി തൊഴുത്തിട്ട് വരാൻ “സിന്ധ്യ താഴേന്ന് വിളിച്ച് പറഞ്ഞു… ” പാവം.. അമ്മ.. മീനൂട്ടിയെ മരുമകളായി ആ മനസ്സിൽ പ്രതിഷ്ഠിച്ച് കഴിഞ്ഞു… ഇനി സ്വീറ്റി എന്ന് പറഞ്ഞ് അങ്ങോട്ടേക്ക് ചെന്നാൽ അമ്മ ചൂലെടുക്കും…. ശരിക്കും അമ്മയുടെയും സിന്ധ്യയുടെയും ആഗ്രഹo കൂടിയായിരുന്നു നമ്മുടെ വിവാഹം “… എത്ര നേർച്ചയുണ്ടെന്നോ… ദാ അതിലൊരു നേർച്ചയാണ് ഇന്നത്തെ രാവിലത്തെ ഗണപതി ഹോമം…

വിവാഹ തടസങ്ങൾ മാറ്റാൻ വേണ്ടി” സഞ്ജയ് ചിരിയോടെ മുറിയ്ക്കകത്തേക്ക് കയറി.. “ഞാനീ സ്നേഹത്തിനൊന്നും അർഹയല്ല ” അവൾ പറഞ്ഞു…. ” ഓരോന്ന് ആലോചിച്ച് തലപ്പുകയ്ക്കണ്ട..” അവിടെ ഇരിക്ക് ഞാൻ വേഗം റെഡിയായി വരാം” എന്ന് പറഞ്ഞ് സഞ്ജയ് കുളിക്കാൻ കയറി.. മീനാക്ഷി മൗനത്തെ കൂട്ടുപിടിച്ചിരുന്നത് കൊണ്ട് സഞ്ജയ് അവളെ ബുദ്ധിമുട്ടിക്കാൻ പോയി….. അവൾ സ്വതന്ത്രമായി ചിന്തിച്ച് തീരുമാനം എടുക്കട്ടെയെന്നു കരുതി…. അമ്പലത്തിൽ നടന്നു പോകണം എന്ന് അമ്മ പറഞ്ഞത് കൊണ്ട് അവൾ വരാന്തയിൽ കാത്ത് നിന്നു….. തൻ്റെ സാരിയ്ക്ക് ചേരുന്ന ഷർട്ടിട്ട് വരുന്നവനേ അവൾ അത്ഭുതത്തോടെ നോക്കി….

” എൻ്റെ സെലക്ഷനാണ് എല്ലാം…” എന്ന് പറഞ്ഞ് സഞ്ജയ് മുറ്റത്തേക്കിറങ്ങി… അവൻ്റെ കരുതലും സ്നേഹവും മനസ്സിൽ ഇഷ്ട്ടം കൂട്ടി… അമ്പലത്തിലേക്കുള്ള യാത്രയിൽ അവൻ്റ കുഞ്ഞു ആഗ്രഹങ്ങളും സ്വപ്നങ്ങളും അവളിലേക്കെത്തിച്ചിരുന്നു.. ഇന്നവൾക്ക് മുഖം മറയില്ലാതെ തലയുയർത്തി നടക്കാൻ കഴിഞ്ഞത് അവൻ്റെ പ്രയത്നം കൊണ്ടാണ് എന്നവൾക്ക് നന്നായി അറിയാം… അവൾ തൻ്റെ പാതിയുടെ ആയുസ്സിനായി മനമുരുകി പ്രാർത്ഥിച്ചു… രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയി.. എവിടെ പോയാലും സഞ്ജയിടെ കൂടെ മീനാക്ഷിയും കൂടി… അവൾക്ക് മനസ്സിൽ ഭയമുണ്ടായിരുന്നു മുത്തശ്ശൻ അവനെ അപകടപ്പെടുത്തുമോ എന്ന്… അവളുടെ കരുതലും സ്നേഹവും ആവോളം അവനും ആസ്വദിച്ചു തുടങ്ങിയിരുന്നു…………………….. ” തുടരും…………..

ഉറവിടം: ഭാഗം 33

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story