നയനം: ഭാഗം 21

നയനം: ഭാഗം 21

A Story by സുധീ മുട്ടം

ഞങ്ങൾ വെറുതെയൊന്ന് പുറത്തേക്കിറങ്ങിയതാ..മൃദുവിനു ബോറടിച്ചു തുടങ്ങിയോ?” ഹാളിനകത്തേക്ക് കയറിയ ഞാൻ മൃദുവിനോട് ചോദിച്ചു. അപ്പോഴേക്കും ഞങ്ങൾക്ക് സമീപം അമ്മ കൂടി വന്നു… “ഇല്ല ചേച്ചി ടിവി ഉണ്ടായിരുന്നല്ലോ” മൃദുവിനു നല്ല ടെൻഷനുളളതുപോലെ എനിക്ക് തോന്നി.. “എല്ലാം ശരിയാകും മോള് വിഷമിക്കേണ്ട” ലക്ഷമിയമ്മ മൃദുവിനെ ആശ്വസിപ്പിച്ചു. അവൾ സങ്കടം കടിച്ചമർത്തുന്നത് കണ്ടിട്ട് എനിക്ക് ആദിയോട് പകയിരട്ടിച്ചു… “ആട്ടിൻ തോലണിഞ്ഞ ചെന്നായ്..

അവന്റെ മുഖം മൂടി വലിച്ചു കീറണം… ഞാൻ പല്ലുകൾ കൂട്ടി ഞെരിച്ചു.. ” വെറുതെ വായിൽ കിടക്കുന്ന പല്ല് കളയണ്ട” അതിനിടയിൽ അമ്മയുടെ വകയൊരു താങ്ങ് എനിക്കിട്ട് കിട്ടി… രാത്രിയിൽ കിടക്കാൻ നേരം മൃദുവിനായി മറ്റൊരു മുറി തിരഞ്ഞെടുത്തെങ്കിലും അവൾ സമ്മതിച്ചില്ല.. “എനിക്ക് ചേച്ചിയുടെ കൂടെ കിടന്നാൽ മതി” മൃദുവിന്റെ പരിഭവം എന്നിൽ പല ഓർമ്മകളും നിറച്ചു.ഒറ്റക്ക് വളർന്നതാണ്.കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ സങ്കടം നന്നായിട്ടറിയാം.അന്നൊക്കെ ഒരുകൂട്ട് ആഗ്രഹിച്ചിരുന്നു. കുട്ടിക്കാലത്ത് ഹരിയേട്ടൻ അകൽച്ച മാത്രമായിരുന്നു കാണിച്ചത്… മൃദുവും ഒറ്റമകളാണ്..ഒരുപാട് സങ്കടമുളള കുട്ടിയും.

തന്നെയുമല്ല അവൾ അനുഭവിക്കുന്ന ടെൻഷനിൽ നിന്നൊരു അയവ് ലഭിക്കണമെങ്കിൽ തന്റെ കൂടെ കിടത്തുന്നതാണ് നല്ലതെന്ന് ഞാനും വിചാരിച്ചു… “ഞാൻ വേറെ മുറിയിൽ കിടന്നോളാം..നിങ്ങൾ രണ്ടു പേരും കൂടി ഇവിടെ കിടന്നോളൂ” അമ്മ പതിയെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു… “എന്റെ ലച്ചു ഡബിൾക്കോട്ട് കട്ടിലല്ലേ നമുക്ക് മൂന്നുപേർക്കും കൂടി ഇവിടെ അഡ്ജസ്റ്റ് ചെയ്തു കിടക്കാമെന്നേ” അമ്മയും എതിർത്തൊന്നും പറഞ്ഞില്ല.ഭിത്തിയോട് ചേർന്ന് അമ്മയും കട്ടിലിന്റെ സൈഡിൽ മൃദുവും നടക്ക് ഞാനുമായി കിടന്നു… മൃദുല കൂടി വീട്ടിൽ ഉളളതിനാൽ സമയം പോയതറിഞ്ഞില്ല.

അവൾ ജോലി സ്ഥലത്തെ ഹോസ്റ്റിലിൽ തങ്ങുന്നതിനാൽ വീട്ടിൽ നിന്നെന്തായാലും ചോദ്യം വരില്ല.. എനിക്ക് എന്നും പതിവുപോലെ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാൻ കഴിഞ്ഞില്ല.മൃദുവിന്റെ കൈകൾ എന്നെ ആലിംഗനം ചെയ്തിരുന്നതിനാൽ എനിക്ക് മാറ്റുവാനും തോന്നിയില്ല.അങ്ങനെ കിടന്ന് ഞാനും ഉറങ്ങിപ്പോയി… പതിവുപോലെ പുലർച്ചേ ഞാൻ ഉണർന്നു. കൂടെ അമ്മയും മൃദുവും… “രണ്ടു പേരും കുറച്ചു കൂടി കിടന്നോളൂ.അമ്മയെല്ലാം ചെയ്തോളാം” എനിക്കെന്തിങ്കിലും സംസാരിക്കാൻ കഴിയും മുമ്പേ അമ്മ മുറിക്ക് പുറത്തേക്കിറങ്ങി… “വാ ചേച്ചി കുറച്ചു നേരം കൂടി കിടക്കാം” മൃദുവിന്റെ നിർബന്ധം കൂടിയതോടെ ഞാൻ ബെഡ്ഷീറ്റിലേക്ക് ചുരുണ്ടുകൂടി.ഒരുപൂച്ചക്കുട്ടിയെന്ന പോലെ മൃദുവും എന്നെയൊട്ടി കിടന്നു…

അമ്മയുടെ വിളികേട്ടാണ് ഞാൻ വീണ്ടും ഉണരുന്നത്.മൃദു നല്ല ഉറക്കമായിരുന്നു.അവളെ ശല്യപ്പെടുത്താതെ എന്നെ കെട്ടിപ്പിടിച്ചിരുന്ന കൈകൾ ഞാൻ മെല്ലെ അടർത്തി മാറ്റി… “ലച്ചു ” ഞാൻ അമ്മയുടെ തോളിലേക്ക് കയ്യിട്ടു… “ഡീ പെണ്ണേ ചുമ്മാ കൊഞ്ചാതെ പല്ല് തേച്ചിട്ടു വാടീ..” “ഓ..പിന്നെ ഒരുദിവസം ബ്രഷ് ചെയ്തില്ലെന്ന് കരുതി എന്തു സംഭവിക്കാനാ” “വായും മുഖവുമെങ്കിലും കഴുകെടീ” അമ്മയെന്നെ ഓടിച്ചതോടെ ഞാൻ മുഖമൊക്കെ കഴുകിയൊന്ന് ഫ്രഷായി… “ലച്ചൂ മൃദു ഉറങ്ങുന്നത് കണ്ടോ.കൊച്ചു കുട്ടികളെപ്പോലെ എത്ര ശാന്തമായിട്ടാണ്” ചായക്കപ്പ് കയ്യിലെടുത്ത് ഞാൻ ചുണ്ടോട് ചേർത്തു ഒരുകവിളിറക്കി ചായയും രുചി ആസ്വദിച്ചു…

അമ്മയും അവളുടെ ഉറക്കം ശ്രദ്ധിച്ചു യെസ് മൂളി.. “മനസിൽ കളങ്കമില്ലാത്തവർക്ക് അങ്ങനെ ഉറങ്ങാൻ കഴിയും” “ശരിയാണമ്മേ..അതിനുമൊരു ഭാഗ്യം വേണം” മനസമാധാനമായി ഒന്ന് ഉറങ്ങിയട്ട് നാളുകുറെയായി.ആദിയുമായി വിവാഹം ഉറപ്പിച്ചതുമുതൽ മനസ്സാകെ അസ്വസ്ഥമാണ്.ഇഷ്ടമില്ലാത്ത വിവാഹം നടന്നാൽ ശരിയാകില്ലല്ലോ… “അമ്മേ ഞാനിന്ന് ലീവെടുക്കുവാ..മൃദുവിന്റെ കൂടെയൊന്നു പോകണം” മനസ്സിൽ ഞാൻ ചില ലക്ഷ്യങ്ങൾ ഉറപ്പിച്ചാണു പറഞ്ഞത്.അതിലൊന്ന് ശലഭയും ആദിയും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുകയെന്നത് ആയിരുന്നു… ആദിയെ തൽക്കാലം പിണക്കണ്ടാന്നു ഞാനും കരുതി. എല്ലാ സത്യങ്ങളും ആദ്യമൊന്ന് വെളിച്ചത്ത് കൊണ്ടുവരട്ടെ…

മനസിലേക്കൊരു കുളിർതെന്നൽ പോലെ വിശാഖിന്റെ മുഖം ഓടിയെത്തി.വിശാഖ് നല്ലൊരു ചെറുപ്പക്കാരനാണ്.എന്നെക്കാൾ യോഗ്യതയുള്ളൊരു പെൺകുട്ടിയെ ആയിരിക്കും തീർച്ചയായും ലഭിച്ചിരിക്കുക… വിശാഖ് എന്നുമൊരു നഷ്ടം തന്നെയാണെന്ന് എനിക്കറിയാം.എന്നാലും സഹിച്ചല്ലേ കഴിയൂ… എട്ടുമണി കഴിഞ്ഞതോടെ ഞാൻ മൃദുവിനെ വിളിച്ചു ഉണർത്തി… “മൃദു എട്ട് മണി കഴിഞ്ഞു.. എഴുന്നേൽക്ക്” ചുണുങ്ങിക്കൊണ്ടവൾ വീണ്ടും ചുരുണ്ടതോടെ ഞാൻ വീണ്ടും കുലിക്കി വിളിച്ചു… “അയ്യോ സോറി ചേച്ചി..ഞാൻ ഒരുപാട് നാളിനുശേഷമാണു നന്നായിട്ടൊന്ന് ഉറങ്ങുന്നത്” നിഷ്ക്കളങ്കതോടെയുളള മൃദുവിന്റെ സംഭാഷണം കേട്ടതും എനിക്ക് അവളോട് പെട്ടന്നൊരു വാത്സല്യം തോന്നി..

“എനിക്ക് ജനിക്കാതെ പോയൊരു അനിയത്തിയെ പോലെ” “എഴുന്നേറ്റു വാ മൃദു വന്ന് ചായ കുടിക്ക്” ഞാൻ അവളെ വിളിച്ചു എഴുന്നേൽപ്പിച്ച്… “ചേച്ചി പല്ല് ബ്രഷ് ചെയ്യണം” ഞാൻ മുമ്പ് വാങ്ങിയിരുന്ന പുതിയൊരു ബ്രഷ് പൊട്ടിക്കാത്തത് എടുത്തു മൃദുവിനു കൊടുത്തു.. “അടുക്കളയിൽ അമ്മയോട് ചെന്ന് അമ്മയോട് ചോദിച്ചാൽ മതി.പേസ്റ്റ് എടുത്ത് തരും” “ശരി ചേച്ചി” മൃദുല അമ്മയുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ ഓർക്കുകയായിരുന്നു .. “എന്തേ എനിക്കിവളെ നേരത്തെ പരിചയപ്പെടാൻ കഴിഞ്ഞില്ല” അരമണിക്കൂർ എടുത്തില്ല അതിനു മുമ്പേ നനഞ്ഞ മുടികൾ തോർത്തുകൊണ്ട് കെട്ടി മൃദു മുറിയിലേക്ക് കയറി വന്നു.. നനഞ്ഞ മുടിയിഴകളിൽ നിന്ന് വെളളത്തുള്ളികൾ മൃദുലയുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്…

“ഡീ കൊച്ചേ മുടി നല്ലവണ്ണം തോർത്തിക്കേ..പനി പിടിക്കും” ഞാനവളെ വഴക്കു പറഞ്ഞു.. “ഇല്ല ചേച്ചി എനിക്കിതൊക്കെ ശീലമായി മാറിക്കഴിഞ്ഞു” മൃദുല പുഞ്ചിരി തൂകി.ഞാനവളെ എനിക്കരികിലേക്ക് നീക്കി നിർത്തി തലയിൽ കെട്ടുവെച്ചിരുന്ന തോർത്ത് അഴിച്ചെടുത്തു മൃദുവിന്റെ മുടിയിഴകളിൽ അവശേഷിച്ചിരുന്ന ജലകണങ്ങൾ ഒപ്പിയെടുത്തു… വാള് ചീപ്പെടുത്ത് മുടി നന്നായി ചീകി ഉടക്കു കളഞ്ഞു.ടേബിൾ ഫാനിനു മുമ്പിൽ തലമുടി ഒന്നു കൂടി ഉണക്കിയെടുത്തു… “നീയെന്താടി എണ്ണതേച്ചു കുളിക്കാത്തത്” ഞാൻ അവളെ വഴക്ക് പറഞ്ഞു. എന്നിട്ട് ഞാൻ തന്നെ ഉത്തരവും നൽകി.. “ഓ..അതും ശീലമായിരിക്കും” “ചേച്ചി കളിയാക്കീതാ ല്ലെ..പറയാനാണെങ്കിൽ ഒത്തിരിയുണ്ട്..പിന്നീട് ഒരിക്കൽ പറയാം” “ഓ ആയിക്കോട്ടെ..

ഞാനും കുളിച്ചിട്ട് വരാം” ഇത്രയും പറഞ്ഞിട്ട് തോർത്തും മാറാനുളള തുണികളുമെടുത്ത് ഞാനും പോയി.താമസിയാതെ കുളിച്ചിറങ്ങി എത്തുമ്പോഴേക്കും അമ്മ നല്ലമയമുളള പുട്ട് ഉണ്ടാക്കിയിരുന്നു.. ചൂടുപുട്ടും പപ്പടവും പയറും കൂടി കുറച്ചു പഞ്ചസാരയും ചേർത്തിളക്കി കഴിക്കണത് എനിക്ക് വലിയ ഇഷ്ടമാണ്… അമ്മയുടെ സ്പെഷ്യൽ മൃദൂനു നന്നായി ഇഷ്ടപ്പെട്ടു.അവൾ അമ്മയെ പുകഴ്ത്തുകയും ചെയ്തു… പത്തുമണി കഴിഞ്ഞതോടെ ഞാനും മൃദുവും കൂടി ഒരുങ്ങിയിറങ്ങി.. “അമ്മേ ഞങ്ങളിറങ്ങുവാണേ” അമ്മയോട് യാത്ര പറഞ്ഞിട്ട് ഞങ്ങൾ രണ്ടു കൂടി ഡിയോയുടെ അടുത്തെത്തി.. “നിനക്ക് ഓടിക്കാമോ സ്കൂട്ടർ” ഞാൻ മൃദുവിനോട് ചോദിച്ചു..

“ഓടിക്കാലോ ചേച്ചി” “എങ്കിൽ ഹെൽമറ്റ് കൂടി വെച്ചോളൂ..റോഡ് കുണ്ടും കുഴിയും ആയാലെന്താ ഓരോ കാരണങ്ങൾ നോക്കിയിരിക്കുവാ ഗവണ്മെന്റ് പെറ്റിയടിപ്പിക്കാൻ..ഖജനാവ് കാലിയായോന്ന് സംശയമുണ്ട്” “ശരിയാ ചേച്ചി വികസനം വാക്കുകളിൽ മാത്രമേയുള്ളൂ.. റോഡ് എങ്ങനെ കിടന്നാലും വേണ്ടില്ല.പിഴയടക്കൽ കർശനവും” മൃദുവിന്റെ വാക്കുകളിലും അരിശം കലർന്നിരുന്നു… മൃദു ഹെൽമെന്റ് തലയിൽ എടുത്തു വെച്ചു…വണ്ടി മുന്നോട്ടു എടുത്തു… “നമുക്ക് ഓഫീസിൽ ചെന്ന് ഗായത്രിയെ കണ്ടിട്ട് ലീവും കൂടി പറഞ്ഞിട്ട് പോകാം” “ശരി ചേച്ചി..” ഞാൻ ഓഫീസിൽ ചെന്നപ്പോൾ ഗായത്രി വന്നട്ടില്ലെന്ന് അറിഞ്ഞു.എന്താണ് കാരണമെന്ന് അറിയാനായി മൊബൈലിൽ വിളിച്ചു നോക്കി.സ്വിച്ചിഡ് ഓഫ് എന്ന് മറുപടി കിട്ടി… എന്നാൽ പിന്നെ ഋഷികേശിനെ കണ്ടു ലീവ് പറയാമെന്ന് കരുതി ചെന്നപ്പോൾ അയാളും ലീവിലാണെന്ന് അറിഞ്ഞു…

ഋഷിയെ ഫോണിൽ വിളിച്ചു. ബെല്ലടിച്ചു നിന്നതല്ലാതെ കോൾ അറ്റൻഡ് ചെയ്തില്ല….രണ്ടു മൂന്ന് പ്രാവശ്യം ആയപ്പോഴേക്കും എനിക്കും മടുപ്പായി…. “നമുക്ക് ഋഷിയുടെ വീട്ടിലേക്ക് പോകാം മൃദു.നിന്നെ കാണുമ്പോൾ ആദിക്കും അതൊരു ഷോക്കാകും” “അതു വേണോ ചേച്ചി.എന്തും ചെയ്യാൻ മടിക്കാത്തവനാണ് ആദികേശ്” മൃദുവിന്റെ മുഖത്ത് ഭയം നിഴലിച്ചു.ഞാൻ അവളെ ആശ്വസിപ്പിച്ചു… “നീയെന്റെ കൂടെയല്ലേ മൃദൂ വരുന്നത്..പിന്നെയെന്തിനു പേടിക്കണം” അവളെ ഒരുവിധം അനുനയിപ്പിച്ചു.ഋഷിയുടെ വീട്ടിലേക്ക് ഞാൻ പോയിട്ടില്ലെങ്കിലും വഴിയൊക്കെ എനിക്ക് അറിയാം…. ഞങ്ങൾ സ്കൂട്ടറിൽ കയറാൻ ഒരുങ്ങിയപ്പോഴേക്കും സഹപ്രവർത്തക ഗീതേച്ചി ഓടി എനിക്ക് അരുകിലെത്തി…

“നയനേ ഞാൻ പറയാൻ മറന്നു.ഗായത്രി ഓഫീസിൽ വന്നിട്ട് പെട്ടെന്ന് തന്നെ പോയി.അവളുടെ മുഖം വിളറിയട്ടുണ്ടായിരുന്നു.കാരണമൊന്നും ചോദിച്ചിട്ട് പറഞ്ഞില്ല… അതുകേട്ടതോടെ എനിക്ക് ആധികയറി… ” ഞാനെന്തായാലും ഗായൂന്റെ വീട്ടിലേക്ക് പോകാം ചേച്ചി.” ഗീതേച്ചിയോട് യാത്ര പറഞ്ഞു ഞങ്ങൾ ആദ്യം ചെന്നത് ഋഷിയുടെ വീട്ടിലേക്ക് ആയിരുന്നു. വഴിയൊക്കെ ചിലരോട് യാത്രയിൽ തിരക്കിയിരുന്നു… ഒറ്റനിലയിൽ വാർത്തൊരു മനോഹരമായ വലിയ വീട്. മുറ്റത്ത് വിവിധതരം വർണ്ണങ്ങൾ ചാർത്തിയ പൂന്തോട്ടം….. ഞങ്ങൾ സ്കൂട്ടറിൽ നിന്നും ഇറങ്ങി സിറ്റൗട്ടിൽ കയറി കോളിംഗ് ബെൽ അമർത്തി..

അകത്ത് ബെല്ലടി ശബ്ദം കേട്ടെങ്കിലും ആരും കതക് തുറന്നില്ല..രണ്ടു പ്രാവശ്യം കൂടി സ്വിച്ചിൽ വിരൽ അമർത്തിയെങ്കിലും നിരാശയായിരുന്നു ഫലം… “ചേച്ചി ഇവിടെ ആരുമില്ലെന്ന് തോന്നുന്നു” മൃദു അത് പറയുമ്പോൾ ഞാൻ ആ വീടിന്റെ വലത് വശത്ത് എത്തിയിരുന്നു.. അവളുടെ ശബ്ദം കേട്ട് ഞാൻ പിന്തിരിയാൻ ശ്രമിച്ചെങ്കിലും തുറന്നു കിടന്ന ജനൽ പാളിയിലൂടെ അടക്കിപ്പിടിച്ച സംഭാഷണശകലങ്ങൾ എന്റെ ചെവിയിലെത്തി… ഞാൻ ശ്വാസം അടക്കി പിടിച്ചു അകത്തേക്ക് നോക്കി… ഫാനിന്റെ കാറ്റിൽ ഉയർന്നു പൊങ്ങിയ കർട്ടനു പുറകിലെ കാഴ്ച കണ്ടു അമ്പരന്നു പോയി….. ഞാൻ തിരിഞ്ഞ് നിന്ന് മൃദുവിനെ കയ്യാട്ടി വിളിച്ചു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ വിരലെടുത്ത് ചുണ്ടോട് അമർത്തിപ്പിടിച്ചു ശബ്ദിക്കരുതെന്ന് സിഗ്നൽ നൽകി…

ഞാൻ നോക്കിയ ഭാഗത്തേക്ക് മൃദുവിന്റെ കണ്ണുകളെത്തി.അവളൊന്ന് ഞെട്ടുന്നതും ഞാൻ കണ്ടു… “അകത്തെ മുറിയിൽ ആദികേശും ശലഭയും അടക്കിപ്പിടിച്ചു സംസാരിക്കുന്നു.പതിയെ ശലഭയുടെ ശബ്ദം ഉയർന്നു പുറത്തേക്കെത്തി.ഞാനും മൃദുവും ചെവികൾ കൂർപ്പിച്ചു…. ” ഞാൻ സമ്മതിക്കില്ല ആദി നീ മറ്റൊരു വിവാഹം കഴിക്കാനായിട്ട്.ഇതുവരെയെല്ലാം നിന്റെ സമയം പോക്കായേ ഞാനെടുത്തിട്ടുളളൂ” ആദികേശ് ശലഭയെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് ഞങ്ങൾ കണ്ടു.. “നിന്റെ സമ്മതം ആർക്കു വേണമെടീ…ആദിക്ക് പെണ്ണെന്ന് പറഞ്ഞാൽ ആസ്വദിക്കാനുളളതാണ്..അല്ലാതെ കെട്ടി പൂവിട്ടു പൂജിക്കാനുളളതല്ല…”

“ആദി നീ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്” ശലഭക്ക് ആധി പിടിച്ചിരുന്നു.അവളുടെ സംസാരത്തിന്റെ ധ്വനിയിൽ എനിക്കത് മനസിലായി… “ഭർത്താവും മക്കളുമുളളവൾ കാണുന്ന പുരുഷന്മാർ പ്രലോഭിപ്പിക്കുമ്പോൾ ചതിക്കുഴിയിൽ വന്ന് ചാടി തരേണ്ടവളള സ്ത്രീ..പ്രത്യേകിച്ച് അമ്മയും ഭാര്യയുമായവൾ..” “നീയെന്നെ ചതിക്കുകയായിരുന്നല്ലേ” ശലഭയുടെ കണ്ണുകൾ പെയ്തൊഴുകി.അതിൽ നിന്ന് ഒരുപാട് ജലത്തുള്ളികൾ താഴേക്ക് നിലം പതിച്ചു കൊണ്ടിരുന്നു… “ഭർത്താവും മക്കളുമായി സന്തോഷമായി കഴിഞ്ഞവളല്ലേ ആദീ ഞാൻ.. നീയെന്തിനാ ഞങ്ങൾക്കിടയിൽ കടന്നുവന്ന് വിളളലുകൾ സൃഷ്ടിച്ചത്” “അതിനുള്ള ഉത്തരമല്ലേ നിനക്ക് അറിയേണ്ടത് ഞാൻ പറഞ്ഞു തരാമെടീ” ഞാൻ ശ്രദ്ധയോടെ ഓരോന്നും കേൾക്കുകയായിരുന്നു.

ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തിനു ഞാൻ ഈശ്വരനോട് നന്ദി പറഞ്ഞു…. “വിവാഹം കഴിഞ്ഞ സ്ത്രീകളാകുമ്പോൾ തലയിലാകുമെന്ന ഭയം വേണ്ട.വീട്ടുകാർ അറിഞ്ഞാലും പാപഭാരം എന്റെ ശിരസിലെത്തില്ല.സംഭവിച്ചത് അബദ്ധം ആയെന്ന് മനസിലാക്കുമ്പോൾ ബുദ്ധിയുളള പെണ്ണുങ്ങൾ ഒഴിഞ്ഞുമാറി സുരക്ഷിതത്വം ഉറപ്പു വരുത്തും.നിന്നെപ്പോലെ ബുദ്ധിയില്ലാത്തവളുമാർ ആത്മഹത്യ ചെയ്യും.മൃദുലയെയൊക്കെ ഞാൻ ഒഴിവാക്കിയത് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല തലയിലാകുമെന്ന് ഭയന്നാണ്” ആദി പൊട്ടിച്ചിരിക്കുന്നത് കേട്ട് ഞാൻ മൃദുലയെ ശ്രദ്ധിച്ചു.അവളാകെ സ്തംഭിച്ചു നിൽക്കുകയാണ്.മൃദുവിന്റെ ചുമലിൽ എന്റെ കരം അമർന്നതും അവളുടെ ഉടൽ ഞെട്ടി വിറക്കുന്നത് ഞാനറിഞ്ഞു…മനസ്സിൽ തോന്നിയ സംശയങ്ങളൊക്കെ എത്ര ശരിയാണെന്ന് എനിക്കു മനസ്സിലായയി.കാരണം കാറിൽ വെച്ചു തന്നെ ഞാൻ കണ്ടിരുന്നതാണ് ശലഭയും ആദിയും തമ്മിലുള്ള അതിരു കവിഞ്ഞ അടുപ്പം.

അതുകൊണ്ട് തന്നെ എനിക്ക് ആദിയെ പലപ്പോഴും ഉൾക്കൊളളാൻ കഴിഞ്ഞിരുന്നില്ല… “എല്ലാം പെണ്ണുങ്ങളെയും കാണുന്നതുപോലെ ആദി നീയെന്നെ കാണരുത്.. ഞാനിത് എല്ലാവരോടും പറയും നോക്കിക്കോ” “നീയെന്തുവാടീ എന്നെ ഭീക്ഷണിപ്പെടുത്തുകയാണോ? “അങ്ങനെ നിനക്ക് തോന്നുന്നെങ്കിൽ അങ്ങനെ തന്നെ..” ആദിയെ മറികടന്ന് ശലഭ വാതിക്കലിലേക്ക് നീങ്ങിയെങ്കിലും ആദികേശ് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് കഴുത്തിൽ ഇരുകൈകളും മുറുക്കി…. “അതിനു ജീവനോടെ നീയിവിടെ നിന്ന് പുറത്ത് പോയെങ്കിലല്ലേടീ”  ആദിയുടെ ക്രൂരമായ ചിരി മുറികളിൽ മുഴങ്ങി.ശലഭ ശ്വാസം കിട്ടാതെ പിടയുന്നത് ഞങ്ങൾ കണ്ടു… ഭയന്നുപോയ ഞാൻ കണ്ണനെ വിളിച്ചു പ്രാർത്ഥിച്ചു. അപ്പോൾ മനസിൽ തോന്നിയ ബുദ്ധിയിൽ പേഴ്സിൽ നിന്ന് മൊബൈലെടുത്ത് വീഡിയോ ക്യാമറാ ഓൺ ചെയ്തു അകത്തെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു….

ശലഭയുടെ മിഴികൾ കൂടി തള്ളിവന്നതോടെ ഇനിയും താമസിച്ചാൽ ശരിയാകില്ലെന്ന് എനിക്ക് മനസ്സിലായി… “ആദീ…” സർവ്വശക്തിയുമെടുത്ത് ഞാൻ വിളിച്ചു.. ശലഭയുടെ കഴുത്തിൽ നിന്ന് അവന്റെ കൈകകൾ മാറുന്നതും ആ നോട്ടം ജനലിനരുകിലേക്ക് നീളുന്നതും ഞാൻ കണ്ടു… നീട്ടിപ്പിടിച്ച മൊബൈലും അതിനു പിന്നിൽ എന്നെയും മൃദുലയെയും കൂടി കണ്ടതോടെ അവനാകെ വിരണ്ടു പോയെന്ന് എനിക്ക് മനസ്സിലായി.ഞങ്ങളെ അവിടെ തീരെ പ്രതീക്ഷിച്ചില്ലെന്ന് അവന്റെ നോട്ടത്തിൽ നിന്നറിയാം… “വാ മൃദു ഇനിയിവിടെ നിൽക്കുന്നത് അപകടമാണ്” ആദി ഞങ്ങളെ കണ്ട സ്ഥിതിക്ക് എത്രയും രക്ഷപ്പെടുന്നതാണു ഭംഗി.ഞാൻ മൃദുവിന്റെ കയ്യും പിടിച്ചു മുൻ ഭാഗത്തേക്കോടീ… “മോളേ സ്കൂട്ടർ വേഗം സ്റ്റാർട്ട് ചെയ്യ്” ആദി പിന്നാലെ ഓടിയെത്തുമെന്ന് അറിയാം.അതാണ് ഞാൻ ധൃതി കൂട്ടിയത്..എന്റെ കണക്കുകൾ ശരിയായിരുന്നു.ആദി മുൻ വശത്തെ വാതിൽ തുറന്നു ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി…

“ചേച്ചി കയറിക്കോളൂ” സ്കൂട്ടർ സ്റ്റാർട്ടായതോടെ ഞാൻ അതിന്റെ പിന്നിൽ കയറി. മൃദു വേഗത്തിൽ സ്കൂട്ടർ മുമ്പോട്ട് ഓടിച്ചു കഴിഞ്ഞിരുന്നു. അതിനാൽ ആദി തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അടുത്ത് എത്തുമ്പോഴേക്കും ഡിയോ വേഗത്തിൽ മുമ്പോട്ട് നീങ്ങിയിരുന്നു..അവൻ പല്ല് ഞെരിക്കുന്നത് പുറകിലേക്ക് നോക്കിയഞാൻ കണ്ടിരുന്നു…. സ്കൂട്ടർ മുമ്പോട്ട് ഓടിക്കൊണ്ടിരിക്കുമ്പോഴും എന്റെ നെഞ്ചിടിപ്പ് അവസാനിച്ചിരുന്നില്ല..ആദി ഇത്രക്കും ക്രൂരനായിപ്പോയോ.എനിക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല… പെട്ടെന്ന് എന്തോ ഓർത്തതുപോലെ സ്കൂട്ടറിൽ ഇരുന്ന് മൊബൈലെടുത്ത് റിക്കാർഡ് ചെയ്ത ദൃശ്യങ്ങൾ ഞാൻ ഋഷിയുടെയും ഗായത്രിയുടെയും മൃദുവിന്റെയും വാട്ട്സാപ്പിലേക്ക് സെന്റ് ചെയ്തു. എന്റെ മൊബൈൽ നഷ്ടപ്പെട്ടാലും ദൃശ്യങ്ങൾ മിസാകാൻ പാടില്ല….പിന്നെയത് ഞാൻ ആ വീഡിയോ ഇമെയിൽ ഐഡി ഉപയോഗിച്ച് ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്തു സുരക്ഷിതമാക്കി………………..,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 20

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story