ഉറവിടം: ഭാഗം 37

ഉറവിടം: ഭാഗം 37

എഴുത്തുകാരി: ശക്തി കല ജി

തനിക്കൊരിക്കലും ചിലപ്പോൾ സാറിൻ്റെ ഭാര്യയാകാൻ കഴിയില്ല എന്ന തോന്നൽ…. ഭാഗ്യമില്ലാത്തവളാണ്…, നിർമ്മലിനെ നഷ്ട്ടപ്പെട്ടത് പോലെ സാറിനെയും നഷ്ട്ടപ്പെടുത്താൻ വയ്യ.. എവിടെയായിരുന്നാലും ജീവനോടിരുന്നാൽ മതി.. അവൾ തൻ്റെ താലിയിൽ മുറുകെ പിടിച്ചു. ചുണ്ടിൽ മുട്ടിച്ചു. രണ്ടു തുള്ളി കണ്ണീർ അടർന്ന് താലിയിലേക്ക് പതിച്ചു.. സഞ്ജയ് സർ പറഞ്ഞതനുസരിച്ച് പോകണം എന്ന് തന്നെ അവൾ തീരുമാനിച്ചു .. പക്ഷേ ഉടനെ വേണോ എന്ന് അവൾക്ക് ആശങ്ക തോന്നി.. ജീവിതത്തിൽ ഒന്നിനും ഇത് വരെ ആഗ്രഹിച്ചിട്ടില്ല.. പക്ഷേ അച്ഛൻ്റെ സ്നേഹം അത്രമേൽ കൊതിച്ചു പോയതുകൊണ്ടാവും തിരിച്ച് നൽകാൻ കഴിയാത്തത്….

ആഗ്രഹിച്ച് നേടിയെടുത്ത കളിപ്പാട്ടം തിരിച്ച് കൊടുക്കേണ്ടി വരുമോ എന്ന് അവസ്ഥയിലുള്ള കൊച്ചു കുട്ടിയെ പോലെയാണ് ഞാനിപ്പോൾ….എല്ലാരെയും വിശ്വസിച്ചു വഞ്ചിക്കപ്പെട്ടവളാണ് ഞാൻ.. മഹിയെ.., മഹിയുടെ അമ്മയെ…, സഞ്ജയ് സാറിനെ… എല്ലാവരും അവരവരുടെ കാര്യസാധ്യതയ്ക്ക് വേണ്ടി സ്നേഹം അഭിനയിച്ചു….. ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നുo അറിയില്ല.. അമ്മയും മുത്തശ്ശനും അച്ഛനും പെട്ടെന്ന് ഒരു ദിവസം ആ വീട്ടിൽ നിന്നുo മാറി പോയാൽ മഹിയുടെയും മേഘയുടെയും അവസ്ഥ എന്താകുമെന്നും ചിന്തിച്ചില്ല… ഒന്നൂടി സാറിനെ വിളിച്ച് ചോദിച്ചാലോ.

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.. ഈ രാത്രി സമയത്ത് ആരാണ്… എന്ന് ചിന്തിച്ചു കൊണ്ട് അവൾ ഹാളിലേക്ക് വന്നു.. അതിനു മുന്നേ അച്ഛൻ വാതിൽ തുറന്നിരുന്നു.. സഞ്ജയ് ബാഗുമായി അകത്തേക്ക് കയറി. സഞ്ജയിയേ കണ്ടതും മീനാക്ഷി ഞെട്ടി. “സർ എന്താ ഇവിടെ “അവൾ പതർച്ചയോടെ ചോദിച്ചു.. “വല്ല്യ സർ വിളിപ്പിച്ചതാണ് ” സഞ്ജയ് പറഞ്ഞപ്പോൾ അവൾ സംശയത്തോടെ അച്ഛനെ നോക്കി.. ” അച്ഛൻ വിളിപ്പിച്ചെന്നോ.. എന്തിന് ” അവൾ ചോദിച്ചു. ” ഇപ്പോൾ ഒരു മാസമായില്ലേ നിങ്ങൾ തമ്മിൽ കണ്ടിട്ട്… അതു കൊണ്ട് വിളിപ്പിച്ചതാണ്..

പറഞ്ഞില്ലെങ്കിലും മീനൂട്ടിയ്ക്ക് ഭർത്താവിനെ കാണണം എന്ന് ആഗ്രഹമുണ്ടാകും എന്നറിയാം”.. എൻ്റെ സ്വാർത്ഥതയ്ക്ക് വേണ്ടി നിൻ്റെ ജീവിതം ഇല്ലാതാവരുത്… സഞ്ജയ് നല്ല മനസ്സുള്ളവനാണ്.. മീനൂട്ടിയെ മനസ്സിലാക്കി ഒരു മാസം എൻ്റെ കൂടെ വിട്ടില്ലെ.. അത് തന്നെ വല്യ കാര്യം ആണ്.. ” അച്ഛൻ പറഞ്ഞപ്പോൾ മീനാക്ഷി എന്ത് പറയണമെന്നറിയാതെ നിന്നു… സർ മഹിയും മേഘയും സുഖായിരിക്കുന്നോ ” മീനാക്ഷി വിഷയം മാറ്റാനായി ചോദിച്ചു.. ” അതിന് അവരുടെ സുഖവും സന്തോഷവും എല്ലാം താൻ കൊണ്ടുപോയില്ലേ.. മഹി എന്നെ വിളിക്കാറില്ല.. ഞാൻ വിളിച്ചാലും ഫോൺ എടുക്കില്ല… നേരിട്ട് ചെന്നപ്പോൾ കതക് പോലും തുറക്കാൻ തയ്യാറായില്ല.. ആ മനോ മാത്രം കേസിൻ്റെ കാര്യത്തിന് ഇടയ്ക്കിടെ അവിടെ കയറിയിറങ്ങുന്നുണ്ട്….

മേഘയ്ക്ക് എന്തോ സുഖമില്ലാന്ന്.. മനോ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചിട്ടും പോകാൻ സമ്മതിച്ചില്ലെന്നാ അവൻ പറഞ്ഞത്. “.സഞ്ജയ് പറഞ്ഞു.. “സർ എന്നെ കുറ്റപ്പെടുത്തുകയാണോ… ഞാൻ പിന്നെ എന്തു ചെയ്യണമായിരുന്നു… എല്ലാരുടെയും കപട സ്നേഹം അറിഞ്ഞില്ലാന്ന് ഭാവിച്ച് അവിടെ തന്നെ തുടരണമായിരുന്നോ.. ” അവൾ ചോദിച്ചു “മേഘയ്ക്ക് എന്ത് പറ്റി ” അച്ഛൻ പതർച്ചയോടെ ചോദിക്കുന്നത് മീനാക്ഷി ശ്രദ്ധിച്ചു. “പനിയുണ്ട്.. എന്നാണ് മനോ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിയില്ല… പക്ഷേ എത്രയും വേഗം സർ മഹിയുടെയുo മേഘയുടെയും അടുത്തേക്ക് ചെല്ലണം.. അവർ മാനസീകമായി തളർന്നിരിക്കുന്ന സമയമാണ്.. അവരെ ആശ്വസിപ്പിച്ച് ചേർത്തുനിർത്തേണ്ടത് നമ്മളല്ലേ.

മുത്തശ്ശനും അമ്മയും ചെയ്ത തെറ്റിന് അവരെ ശിക്ഷിക്കരുത്.. ഇപ്പോഴത്തെ അവസ്ഥയിൽ അവർ വല്ല കടുംകൈയ്യും ചെയ്താൽ നമ്മുക്ക് താങ്ങാൻ കഴിയുമോ…” സഞ്ജയ് പറഞ്ഞു. ” എനിക്ക് എൻ്റെ മക്കൾ മൂന്നു പേരുo ഒരു പോലെയാണ് …പക്ഷേ അന്നത്തെ സാഹചര്യത്തിൽ മീനൂട്ടിയൊടൊപ്പം നിൽക്കാനാണ് തോന്നിയത്.. അവർ രണ്ട് പേരുണ്ടല്ലോ പരസ്പരം ആശ്വസിപ്പിച്ചോളും” പക്ഷേ മീനൂട്ടി തനിച്ചാവില്ലേ എന്നേ കരുതിയുള്ളു…” അച്ഛൻ പറഞ്ഞു.. ” മീനൂട്ടി അതിന് തനിച്ചല്ലല്ലോ.. ഞാനില്ലേ കൂടെ… വല്യ സാർ കൂടെ പോന്നില്ലാരുന്നെങ്കിൽ ഞാൻ ഇവളുടെ ഒപ്പം വന്നേനെ.. “സഞ്ജയ് പറഞ്ഞു.. ” അപ്പോൾ എന്നോടൊപ്പം വന്നതല്ലേ അച്ഛൻ” അവൾ പരിഭവത്തോടെ ചോദിച്ചു.. അവൾക്ക് വിഷമം തോന്നി.. ” ഞാൻ എങ്ങനെ മഹിയേയും മേഘയേയും ഉപേക്ഷിക്കും മീനൂട്ടി…

നിന്നെ പോലെ തന്നെയുള്ളു എനിക്കവരും “.. നമ്മൾ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലേക്ക് പോകണം” അച്ഛൻ പറഞ്ഞപ്പോൾ അവൾ നിരാശയോടെ കേട്ടു നിന്നു.. “നല്ല ക്ഷീണം.. എനിക്കൊന്ന് കുളിക്കണം.. മീനൂട്ടി നമ്മുടെ മുറിയേതാ.. ” സഞ്ജയ് മീനാക്ഷിയെ നോക്കി ചോദിച്ചു.. അവൾ നിന്നു വിയർത്തു.. അച്ഛന് താനും സാറുമായി ഉള്ള ഉടമ്പടികൾ ഒന്നും അറിയില്ല.. ഇപ്പോൾ ഒന്നും വിവരിച്ച് പറയാനും കഴിയില്ല.. അവൾ മറ്റുവഴിയില്ലാതെ കിടക്കുന്ന മുറി കാണിച്ചു കൊടുത്തു.. തിരികെയിറങ്ങും മുന്നേ അവൻ്റെ വലത് കരം അവളുടെ വിരലുകളിൽ കോർത്തു പിടിച്ചിരുന്നു.. “അതേയ് കുറെ നാളു കഴിഞ്ഞ് ഭർത്താവിനെ കണ്ടിട്ട് ഒരു സ്നേഹവുമില്ലല്ലോൻ്റെ മീനൂട്ടി ” അവൻ മീശ പിരിച്ച് കൊണ്ട് അവളിലേക്ക് നടന്നടുത്തു..

“എനിക്ക്… പിന്നെ…. ഞാൻ…. ഇങ്ങനൊന്നുമല്ലല്ലോ നമ്മൾ തീരുമാനിച്ചിരുന്നത് ” അവൾ വാക്കുകൾക്കായി പരതി…അവൾക്ക് ഓടി രക്ഷപ്പെടണമെന്ന് തോന്നി… കൈയ്യിലെ പിടി ഒന്നൂടി മുറുകിയിരുന്നു.. ”എങ്ങനൊന്നും ” സഞ്ജയ് അവളോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു.. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു… ” മാറിക്കേ ഞാൻ അച്ഛനെ വിളിക്കും” മീനാക്ഷിയ്ക്ക് ഭയം തോന്നി തുടങ്ങിയിരുന്നു… ധൈര്യമൊക്കെ എങ്ങോ പോയി ഒളിച്ചിരുന്നു.. ” വിളിക്ക്.. എനിക്കും വല്യ സാറിനോട് കാര്യം പറയാനുണ്ട് ” സഞ്ജയ് കുസൃതി ചിരിയോടെ പറഞ്ഞു.. “ഡിവോസിൻ്റെ പേപ്പർസ് ശരിയാക്കാന്ന് പറഞ്ഞിട്ട് ” അവൾ ഒരു വിധത്തിൽ ചോദിച്ചു..

“അതിനിനിയും മാസങ്ങൾ ഉണ്ട്.. അതു വരെ മീനൂട്ടി എൻ്റെ ഭാര്യ തന്നെയാ “.. ഈ താലി ഞാൻ കെട്ടിയതാണെങ്കിൽ അതെന്നും ഈ കഴുത്തിൽ തന്നെ കാണണം എന്ന് തന്നെയാ ആഗ്രഹം “.. ഒന്ന് സമാധാനമായി ആലോചിച്ച് നോക്ക് “.. ഞാൻ അപ്പോഴേക്ക് കുളിച്ചിട്ട് വരാം…..അത് വരെ സമയം ഉണ്ട്.. രാത്രി മുറിയിൽ വരുമ്പോൾ എൻ്റെ ഭാര്യയായി തന്നെ ജീവിക്കാൻ തീരുമാനം എടുത്തിരിക്കണം”. അതോ ഇപ്പോൾ തന്നെ വല്യ സാറിനോട് കാര്യങ്ങൾ തുറന്ന് പറയണോ… ഇങ്ങനെയൊരു ഉടമ്പടി പ്രകാരമാണ് എൻ്റെ താലിയേറ്റു വാങ്ങിയത് എന്നറിഞ്ഞാൽ നിൻ്റെ അച്ഛൻ്റെ ഹൃദയം താങ്ങില്ല… ചിലപ്പോൾ വെറുത്തു പോകും… ഒരു അറ്റാക്ക് കഴിഞ്ഞ ആളാണ്..

” ഇനിയും അദ്ദേഹത്തെ വേദനിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചോ…. നല്ല മകളായി അച്ഛൻ്റെ മനസ്സ് വേദനിപ്പിക്കാതെ നോക്കേണ്ടത് മീനൂട്ടിയുടെ കടമയാണ്… നല്ല മകൾ ആകാൻ ശ്രമിക്ക് ” .ഇനിയും സമയമുണ്ട്.. സ്വാർത്ഥയാകരുത് ” എന്ന് പറഞ്ഞു അവളുടെ കൈയ്യിൽ നിന്ന് പിടിവിട്ടു….. അവൾ വേഗം തിരിഞ്ഞ് മുറിയിൽ നിന്നിറങ്ങി.. അവൾ അടുക്കളയിലേക്ക് ഓടുന്നത് കണ്ട് ഹാളിൽ ഇരുന്ന് അച്ഛൻ കുസൃതിയോടെ ചിരിക്കുന്നുണ്ടായിരുന്നു.. അടുക്കളയിൽ എത്തിയിട്ടും തൊട്ടു മുന്നേ നടന്ന കാര്യങ്ങൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…. ഒന്നുറക്കെ കരയണമെന്ന് തോന്നി… സഞ്ജയ് സാറും അച്ഛനും എന്തോ തീരുമാനിച്ചിട്ടാണ്… ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്…

കരുതിയിരിക്കണം.. അവൾ കറിക്കരിഞ്ഞു… രാത്രിയ്ക്ക് ഉള്ളി കറിവച്ചു…. ചപ്പാത്തിയ്ക്ക് കുഴയ്ക്കാനായി മാവ് എടുത്ത് വച്ചപ്പോഴാണ് പിന്നിൽ കാൽപ്പെരുമാറ്റം കേട്ടത്.. ആരാണ് വന്നത് എന്നറിയാവുന്നത് കൊണ്ട് തിരിഞ്ഞു നോക്കിയില്ല… ” മീനൂട്ടി എനിക്ക് രാത്രിയ്ക്ക് ചപ്പാത്തി മതി… ഗോതമ്പ് മാവ് എവിടെ.. ഞാൻ മാവ് കുഴയ്ക്കാം ” സഞ്ജയ് അടുക്കള വാതിൽപടിയിൽ നിന്ന് കൊണ്ട് ചോദിച്ചു.. അവൾ മാവ് പാത്രം അവന് നേരെ നീട്ടി.. സഞ്ജയ് അത് വാങ്ങി.. ആവശ്യത്തിനു വെള്ളം എടുത്തു കൊടുത്തു.. ” മീനൂട്ടി പേടിക്കണ്ട ഞാൻ നാളെ രാവിലെ തന്നെ മടങ്ങും… എന്തോ മഹിയുടെയും മേഘയുടെയും കാര്യം നേരിട്ട് പറയാൻ തോന്നി… തന്നെ വിളിച്ച് കാര്യം പറയാനും പറ്റില്ലാരുന്നല്ലോ… ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നില്ലേ “…

സിന്ധ്യയും അമ്മയും വല്യ വിഷമത്തിലായിരുന്നു… സ്വന്തം എന്നു കരുതി സ്നേഹിച്ചിട്ടും ഒരു വാക്ക് പറയാതെ പോയല്ലോ എന്ന് സിന്ധ്യ പറഞ്ഞു.. “.. സഞ്ജയ് മാവ് കുഴയ്ക്കുന്നതിനിടയിൽ പറഞ്ഞു.. “എനിക്കറിയില്ല… എനിക്കപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്..എല്ലാവരും അവരവരുടെ സ്വാർത്ഥതയ്ക്കായി എന്നെ കരുവാക്കിയെന്ന് മനസ്സിലായപ്പോൾ ഞാനും സ്വാർത്ഥയായാൽ എന്താ എന്നേ ചിന്തിച്ചുള്ളു”.. പിന്നെ ആരെയും വേണ്ടാ എന്ന് ഞാൻ ഒഴിഞ്ഞുമാറി പോയതല്ലേ ഞാൻ… വീണ്ടും എൻ്റെ അച്ഛൻ്റെ മുൻപിൽ എത്തിച്ചതും ആ സ്നേഹത്തിനായി കൊതിപ്പിച്ചതും നിങ്ങൾ ഒക്കെ തന്നെയാണ്.. കൊതിച്ചു പോയി.. വിട്ട് കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല” ചാപ്പാത്തി ഉരുളകൾ ഓരോന്നായി എടുത്ത് പരത്തി..

കണ്ണിലെ നീർ തീളക്കം അവനിൽ അസ്വസ്ഥയുണ്ടാക്കുന്നുണ്ടായിരുന്നു.. “എനിക്ക് ഒരു പ്രായശ്ചിത്തം ചെയ്യണമായിരുന്നു മീനൂട്ടി… ” അവനൊന്നു നിർത്തി അവൾക്കരുകിലേക്ക് ഇരുന്നു.. ” ഞാൻ നിന്നെ ഉപദ്രവിച്ച ദിവസം തൊട്ട് ഇന്ന് വരെ കുറ്റബോധം കൊണ്ട് ഉറങ്ങിയിട്ടില്ല അറിയാമോ…എന്ത് ക്രൂരമായാണ് നിന്നോട് പെരുമാറിയത്… എനിക്ക്… ഞാൻ പ്രഹരമേൽപ്പിച്ച ഈ നെറ്റിയിൽ ചുംബനങ്ങൾ കൊണ്ട് മൂടണം… എൻ്റെ കൈവിരലുകൾ കൊണ്ട് തിണിർത്ത പാടുകൾ വീണ ഈ കവിളിൽ തലോടണം… പിന്നെ ചോരയിറ്റിച്ച അധരങ്ങളിൽ മൃദുവായ് ചുംബിക്കണം”… ഒരായിരം പ്രണയചുംബനം കൊണ്ട് ഞാനായി നിനക്കേൽപ്പിച്ച വേദനകളെ ഇല്ലാതാക്കണം…” അവൻ വിരൽതുമ്പിൽ ഒന്ന് തൊട്ടു…

അവളുടെ മിഴികളിലേക്ക് നോക്കി… അവൾക്കവളെ നഷ്ട്ടമാകും എന്ന് തോന്നിയ നിമിഷം വിരലുകൾ പിൻവലിച്ച് അവൾ പുറകിലേക്ക് നീങ്ങിയിരുന്നു… ” ഞാൻ ചപ്പാത്തിയുണ്ടാക്കട്ടെ” അച്ഛൻ കഴിക്കാൻ സമയമായി ” എന്ന് അവൾ വേഗം ചപ്പാത്തി പരത്തി… കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുതുള്ളികൾ പരിഭ്രമത്തെ വിളിച്ചോതി.. അവന് തന്നെ ചമ്മലു തോന്നി… എന്തൊക്കെയാ പറഞ്ഞത്… അവളെ നോക്കി… കവിളുകൾ ചുവന്നിട്ടുണ്ട്… ഇത്രയും പറഞ്ഞതിന് പ്രയോജനമുണ്ട്… അവൻ എഴുന്നേറ്റ് ചപ്പാത്തിയുണ്ടാക്കാൻ പാൻ സ്റ്റൗവിൽ വച്ചു.. “എനിക്കൊന്ന് കുളിക്കണo… ഞാൻ വന്നിട്ട് ചപ്പാത്തിയുണ്ടാക്കിക്കോളാം” അവൾ എഴുന്നേറ്റു… “താൻ പോയ്ക്കോ.. ഞാൻ ഉണ്ടാക്കി വച്ചേക്കാം” സഞ്ജയ് തിരിഞ്ഞു നോക്കാതെ പറഞ്ഞു..

മീനാക്ഷി ഹാളിലേക്ക് വന്നപ്പോൾ അച്ഛൻ അവിടെയിരിക്കുന്നുണ്ട്.. ” മീനൂട്ടി സഞ്ജയ് എന്ത് പറയുന്നു… നമ്മുടെ കൂടെയല്ലേ തിരികെ പോകുന്നത് ” അച്ഛൻ ചോദിച്ചു.. “ഇല്ലച്ഛാ.. എന്തോ തിരക്ക് ഉണ്ട് എന്ന് പറഞ്ഞ് നാളെ രാവിലെ തന്നെ പോകണമത്രേ” മീനാക്ഷി മുഖം കുനിച്ചു നിന്നു.. “എന്ത് പറ്റി.. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ” അച്ഛൻ ചോദിച്ചു.. “ഹേയ്.. ഇല്ല ” അവൾ ചിരിക്കാൻ ശ്രമിച്ചു.. “പിന്നെന്താ മീനൂട്ടി സഞ്ജയോട് പോകണ്ട. കൂടെ വന്നാൽ മതിയെന്ന് പറയാത്തത്…”… ഇങ്ങനെ പോയാൽ പോട്ടെ എന്ന രീതി നല്ലതല്ല “.. നമ്മുക്കും രാവിലെ സഞ്ജയോടൊപ്പം നാട്ടിലേക്ക് പോകാം.. എനിക്ക് മേഘയെ ഓർത്തിട്ട് എന്തോ വല്ലാത്ത വിഷമം”..

അവൾ എന്നെ പിരിഞ്ഞിരുന്നിട്ടില്ല” അച്ഛൻ വിഷമത്തോടെ പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല.. ” ശരിയച്ഛാ…. ” എന്ന് പറഞ്ഞ് അവൾ മുറിയിലേക്ക് നടന്നു… ബെഡ്ഡിലേക്ക് വീണ് തലയണയിൽ മുഖമർത്തി കരയുമ്പോൾ സഞ്ജയ് അവളെ വേദനയോടെ നോക്കി… പാവം അച്ഛനെ നഷ്ട്ടപ്പെടുമോ എന്ന് വിഷമമാണ്… കരഞ്ഞ് തീർക്കട്ടെ എന്ന് കരുതി അവൻ തിരിഞ്ഞു നടന്നു… കുറെ കരഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു .. മനസ്സിലെ കാറും കോളും എല്ലാം വിട്ട് മാറിയിരുന്നു.. അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു… അച്ഛനോടൊപ്പം ഉണ്ടായിരുന്ന സന്തോഷം ഉള്ള ദിവസങ്ങൾ മാത്രം മതി ഇനിയുള്ള ജീവിതത്തിന് ജീവിക്കാൻ …

അവൾ എഴുന്നേറ്റു കുളിച്ച് വേഷം മാറി ഹാളിലേക്ക് ചെന്നു… ”അച്ഛൻ കഴിച്ചിട്ട് കിടന്നു.. നാളെ യാത്ര ചെയ്യാനുള്ളതല്ലേ… ഞാനാ പറഞ്ഞത് കിടന്നോളാൻ “.. വാ ഇരിക്ക് ” സഞ്ജയ് അവൾക്കും ചേർത്ത് വിളമ്പി… അവൾ ഒന്നും മിണ്ടാതെയിരുന്നു കഴിച്ചു.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ വേദന തോന്നിയെങ്കിലും അവൻ ഒന്നും മിണ്ടാതെ കഴിച്ചു.. മീനാക്ഷി കഴിച്ച് കഴിഞ്ഞ് പ്ലേറ്റും പാത്രങ്ങളും കഴുകി അടുക്കി വച്ചു.. അടുക്കള വൃത്തിയാക്കിയിട്ടു മുറിയിലേക്കു വന്നപ്പേഴേക്കും സഞ്ജയ് ഉറങ്ങിയിരുന്നു.. അവൾ ബാഗും കൊണ്ടുപോകാനുള്ള അത്യാവശ്യ സാധനങ്ങളും ഹാളിൽ കൊണ്ടുവന്നു അടുക്കി വച്ചിട്ടാണ് കിടക്കാൻ ചെന്നത്.. കട്ടിലിൻ്റെ ഓരം ചേർന്ന് കിടന്നു… അവൾക്ക് ഉറക്കം വന്നതേയില്ല..

രാത്രിയെങ്ങനെയോ വെളുപ്പിച്ചു.. അതിരാവിലെ എഴുന്നേറ്റു സഞ്ജയ് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.. മീനാക്ഷിയും അച്ഛനും റെഡിയായി… തിരികെയുള്ള യാത്രയിൽ മീനാക്ഷി മൗനത്തെ കൂട്ടുപിടിച്ചിരുന്നു… അച്ഛനും സാറും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നെങ്കിൽ അവൾ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു… ആദ്യം ചെന്നത് മഹിയുടെ വീട്ടിലേക്കാണ് .. ഗേറ്റ് കടന്ന് വണ്ടി കയറി ചെന്നപ്പോഴെ മുറ്റം എല്ലാം അലങ്കോലമായി കിടക്കുന്ന കാഴ്ചയാണ് കണ്ടത്.. വീട്ടിൽ ആൾത്താമസം ഇല്ലാത്തതുപോലെ .. അവൾക്ക് വല്ലാത്ത ഭയം തോന്നി … സഞ്ജയ് വണ്ടി നിർത്തിയതു്ഠ അവൾ വേഗം ഡോർ തുറന്നിറങ്ങി…

വാതിൽ ചാരിയിട്ടേയുള്ളായിരുന്നു..അവൾ ഉറക്കെ വിളിച്ചു ”മേഘാ ” അകത്തെ മുറിയിൽ എന്തോ ശബ്ദം കേട്ടു .. ഓടി അകത്തേക്ക് കയറി… അകത്തെ മുറിയിൽ ഒരു കട്ടിലിൽ മേഘ ചുരുണ്ടു കിടക്കുന്നു .. മഹി അടുത്ത് മേശയിൽ തലവെച്ച് ഇരിക്കുന്നുണ്ട്… അവർ രണ്ടുപേരുടെയും അവസ്ഥ കണ്ടപ്പോൾ ഭയം തോന്നി . അവൾ മേഘയെ തൊട്ടു നോക്കി.. ഉണർത്താൻ ശ്രമിച്ചു ..നന്നായി പനിക്കുനുണ്ടായിരുന്നു . പരിഭ്രമത്തോടെ മഹിയെ തട്ടിവിളിച്ചു.. ക്ഷീണത്തോടെ അവൻ കണ്ണു തുറന്നു നോക്കി .. തൊട്ടുമുൻപിൽ മീനാക്ഷിയെ കണ്ടതും അവൻ്റെ കണ്ണുകൾ വിടർന്നു.. താടിയുoമുടിയും വളർന്ന് വല്ലാത്തൊരു കോലമായിരിക്കുന്നു മീനാക്ഷിയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.. അവരെ ഉപേക്ഷിച്ചു പോയത് തെറ്റായി പോയി..

പിന്നെ മറ്റാരെയും അവൾ ശ്രദ്ധിച്ചില്ല. വസ്ത്രം പോലും മാറാതെ നേരെ അടുക്കളയിലേക്ക് കയറി…കുക്കറിൽ കഞ്ഞി വെച്ച് ഒരു ചമ്മന്തി അരച്ചു ചൂടോടെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി . മേഘയെ തട്ടിവിളിച്ച് എഴുന്നേറ്റു ഇരുത്തി . കഞ്ഞി കോരി കൊടുക്കുമ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കഞ്ഞി കുടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. കഞ്ഞി കഴിപ്പിച്ച് കഴിഞ്ഞപ്പോൾ മുറിയടച്ച് വെള്ളം കൊണ്ട് ദേഹവും തുടച്ചു വസ്ത്രം മാറ്റി… കൈയിലിരുന്ന പനിയുടെ ഗുളിക കഴിപ്പിച്ചു.. ഗുളിക കഴിപ്പിച്ച ശേഷമാണ് മീനാക്ഷി വാതിൽ തുറന്നത്…

വാതിൽക്കൽ നിൽക്കുന്ന അച്ഛനെ കണ്ട് ഒരു പൊട്ടി കരച്ചിലോടെ എഴുന്നേറ്റു അദ്ദേഹത്തിന് അടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും മേഘ ക്ഷീണം കൊണ്ട് താഴേക്ക് വീണുപോയിരുന്നു… അച്ഛൻ അവളെ വാരിയെടുത്തു കട്ടിലിൽ കിടത്തി .. “അച്ഛൻ ഇനി എന്നെ വിട്ട് പോവല്ലേ ഞാൻ ചത്തുപോകും “എന്ന് പറഞ്ഞ് അവൾ ഉറക്കെയുറക്കെ കരഞ്ഞു.. ” ഇല്ല പോകില്ല” അച്ഛൻ ചേർത്തുപിടിച്ചിരുന്നു നിൻ്റെ അമ്മയോടുള്ള ദേഷ്യത്തിൽ എൻ്റെ പൊന്നിനെ ഞാനോർത്തില്ല “എന്നോട് ക്ഷമിക്ക് ” എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു…. മീനാക്ഷിയുടെ ചുവടുകൾ പിന്നിലേക്ക് വച്ചു.. സഞ്ജയുടെ നെഞ്ചിൽ തട്ടിയാണ് നിന്നത്…. അകന്നു മാറി മുറത്തേക്കിറങ്ങി… വീണു കിടക്കുന്ന കരിയിലകളിലേക്കു നോക്കി നിന്നു……………………………… ” തുടരും…………..

ഉറവിടം: ഭാഗം 36

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story