ഉറവിടം: ഭാഗം 42

ഉറവിടം: ഭാഗം 42

എഴുത്തുകാരി: ശക്തി കല ജി

ഒരു ദിവസം പോലും വിട്ട് നിൽക്കാൻ ആഗ്രഹിച്ചില്ല… വീട് സിന്ധ്യയെ ഏൽപ്പിച്ച് അവൾ സഞ്ജയിയോടൊപ്പം വീട്ടിലേക്ക് മടങ്ങി… രണ്ടു ദിവസങ്ങൾ നിമിഷ വേഗത്തിൽ കടന്നു പോകുന്നത് വേദനയോടെ അറിഞ്ഞു…. ശരിക്കും പറഞ്ഞാൽ കല്യാണ തിരക്കിനിടയിൽ വിഷമങ്ങൾ ഓർക്കാൻ സമയമില്ലായിരുന്നു.. പക്ഷേ സഞ്ജയ് സാറിന് പോകാനുള്ള ദിവസങ്ങൾ അടുക്കുത്തോറും അവളിൽ വല്ലാത്ത പരിശ്രമം നിറഞ്ഞു.. പരസ്പരം വിഷമങ്ങൾ പറഞ്ഞുതീർക്കണ്ടായിരുന്നു …ദേഷ്യത്തോടെ തന്നെ നിന്നാൽ മതിയായിരുന്നു.. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ സാർ ലണ്ടനിലേക്ക് പോയാലും വലിയ പ്രശ്നം ഒന്നും ഇല്ലായിരുന്നു ..പക്ഷേ ഇപ്പോൾ മനസ്സുകൊണ്ട് ഒരുപാട് സ്നേഹിക്കാൻ തുടങ്ങിയത് കൊണ്ടാവണം കൂടുതൽ വിഷമം…

ഈ വിഷമങ്ങൾ എല്ലാം തരണം ചെയ്തേ പറ്റു… സാറിൻ്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ് ലണ്ടനിലേക്ക് ഉള്ള യാത്ര… തൻ്റെ സ്നേഹം ഒരിക്കലും തടസം ആകാൻ പാടില്ല… മനസ്സിനെ ഓരോന്ന് പറഞ്ഞു സ്വയം പഠിപ്പിച്ചുകൊണ്ടിരുന്നു . സഞ്ജയ് മുറിയിലേക്ക് വരുമ്പോൾ കണ്ടത് ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന മീനാക്ഷിയേയാണ്.. മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട് .അതു പോലുമറിയാതെ ഇത് ഗാഢ ചിന്തയിൽ മുഴുകിയിരിക്കുകയാണ് കൈവിരലുകൾ സാരി മുന്താണിയിൽ മുറുകെ പിടിച്ചിട്ടുണ്ട് .. അധരങ്ങൾ വിറയ്ക്കുന്നതും എന്തോ ഓർത്ത് കൊണ്ട് ഇടയ്ക്കിടെ തലയാട്ടി നിഷേധിക്കുന്നതും മീഴി നീർ തുള്ളികൾ താഴേക്ക് പതിക്കുന്നതും അവൻ സൂക്ഷ്മതയോടെ നോക്കി നിന്നു..

മനസിലെ വിഷമങ്ങളും ഈ സമയത്തെ അവസ്ഥയും ഒക്കെ അവളുടെ ചിന്തകളിൽ നിറഞ്ഞിരിക്കുമെന്നവന് നന്നായി അറിയാമായിരുന്നു . ഒന്നും പറയാതെ പുറകിൽ കൂടി വയറിൽ ചുറ്റിപിടിച്ചു കൊണ്ട് തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവൾ ഒന്നു ഞെട്ടിയെങ്കിലും സഞ്ജയണെന്ന് തിരിച്ചറിഞ്ഞതും അവൾ ആ നെഞ്ചിലേക്ക് ചാരി നിന്നു .. ” ൻ്റെ മീനൂട്ടി ഒത്തിരി വിഷമം ആണെങ്കിൽ പോകുന്നില്ലാന്ന് വെച്ചാലോ . ഇത്ര സങ്കടപ്പെടുത്തി എനിക്കൊന്നും നേടേണ്ട ” സഞ്ജയ് പറയുമ്പോൾ അവളുടെ മനസ്സിൽ ശരിയെന്ന് പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല.. ” ഒരുപാട് നാളത്തെ സ്വപ്നം അല്ലേ. ഈ സമയത്ത് വിഷമങ്ങൾ ഒക്കെ ആ സ്വപ്നം നേടുമ്പോൾ ഒന്നുമല്ലാതായി തീരുo.

ആഗ്രഹപ്രകാരം പോകണം വിജയകരമായി പ്രൊജക്ട് ചെയ്യുകയും വേണം .. ഇതാർക്കും കിട്ടാത്ത ഭാഗ്യമല്ലേ. കിട്ടിയ ഭാഗ്യം തള്ളിക്കളയേണ്ട. നമുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്കും സഞ്ജയ് സാറിൻ്റെ സമ്പാദ്യത്തിൽ ജീവിച്ചാൽ മതി.. എൻ്റെ അച്ഛൻ്റെയോ അപ്പൂപ്പൻ്റെയോ പൂർവിക സ്വത്തോ ഒന്നും വേണ്ട … സാറിൻ്റെ സമ്പാദ്യത്തിൽ മാത്രം നമ്മുടെ കുട്ടികൾ വളർന്നാൽ മതി അതിനുവേണ്ടി നമ്മൾ തന്നെ കഷ്ടപ്പെട്ട് സമ്പാദിക്കണം.അതിനുള്ള വഴിയാണ് ദൈവം തന്നിരിക്കുന്നത് .. ” മനസ്സിലെ വിഷമം പ്രകടിപ്പിക്കാതെ അവൾ മനസ്സില്ലാ മനസ്സോടെ പറഞ്ഞു . സഞ്ജയിക്ക് അവളുടെ വാക്കുകൾ ആശ്വാസം നൽകിയെങ്കിലും മനസ്സിൽ വിഷമം ബാക്കിയായി .. തൻ്റെ മനസ്സറിഞ്ഞു കൊണ്ട് അവൾ സംസാരിക്കുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി ..

“ശരിയാണ് പറഞ്ഞത്.. മീനൂട്ടിയുടെയോ എൻ്റെയോ അച്ഛൻ്റെ സ്വത്തൊന്നും എനിക്ക് വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എൻ്റെ കുടുംബo കഴിയേണ്ടത് എൻ്റെ സമ്പാദ്യത്തിൽ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട് ..അത് നീ മനസ്സിലാക്കിയല്ലോ മീനൂട്ടി എനിക്കതുമതി …”സഞ്ജയ് അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു “നാളെ ഈ സമയം ഫ്ലൈറ്റിൽ പോവുക ആയിരിക്കുമല്ലേ ” അവൾ വേദനയുടെ ചോദിച്ചു .. അവൻ ഒന്നും മൂളുക മാത്രം ചെയ്തു. അതിൽ കൂടുതൽ മറുപടി പറയാനോ ചോദ്യങ്ങൾ ചോദിക്കാനോ ഒരു രണ്ടുപേർക്കും ആവുമായിരുന്നില്ല . രാത്രി ഭക്ഷണം കഴിക്കാനും താഴെ ചെന്നില്ല ..അവരുടെ വിഷമം മനസ്സിലാക്കി അമ്മ മുറിയിൽ വന്നു വിളിച്ചു..

അമ്മ നിർബന്ധിച്ചത് കൊണ്ട് അവർ രണ്ട് പേരും താഴേക്കിറങ്ങി വന്നു.. ” ഞങ്ങൾ കഴിച്ചതാണ്.. നിങ്ങൾ രണ്ടു പേരും കഴിച്ചിട്ട് കിടന്നോളു ” എന്ന് പറഞ്ഞ് അമ്മ മുറിയിലേക്ക് പോയി.. സഞ്ജയ് അവളെ നിർബന്ധിച്ചു കഴിപ്പിച്ചു…. അടുക്കളയിൽ പാത്രം കഴുകി ഒതുക്കി വയ്ക്കാൻ അവനും സഹായിച്ചു.. അന്ന് രാത്രി മുഴുവൻ പരിഭവങ്ങൾ പറഞ്ഞുo പരസ്പരം പ്രണയിച്ചുo വിഷമങ്ങൾ പരസ്പരം പറഞ്ഞ് തീർത്തും ആ രാവ് കൂടി കൊഴിഞ്ഞു പോയി . പിറ്റേ ദിവസം രാവിലെ സഞ്ജയ് ഉണരും മുന്നേ മീനാക്ഷി എഴുന്നേറ്റ് കുളിച്ച് താഴേക്ക് ചെന്നിരുന്നു.. അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു .മുൻപിൽ ചെന്നു കഴിഞ്ഞാൽ സ്വയം നിയന്ത്രണം നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു. സഞ്ജയ്ക്ക് കൊണ്ടുപോകേണ്ട സാധനങ്ങൾ എല്ലാം ഒരുക്കി വെച്ചു…

അമ്മയുടെ കൂടെ കൂടി അത്യവശ്യ സാധനങ്ങളൊക്കെ ഉണ്ടാക്കാനും എല്ലാം സഹായിച്ചു.. സഞ്ജയും അതുപോലെ തന്നെയായിരുന്നു മീനാക്ഷിയുടെ അടുത്തേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു . അവളുടെ മുഖം കണ്ടാൽ അടുത്തേക്ക് ചിലപ്പോൾ പൊട്ടിക്കരഞ്ഞു പോകും എന്ന് തോന്നി. അതുകൊണ്ട് അവളിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറി നടന്നു . രാവിലെയും തൊട്ടേ ബന്ധുക്കൾ വന്നുപോയിരുന്നു… സഞ്ജയുടെ കൂട്ടുകാരുമെല്ലാം ഒത്തുകൂടി . കല്യാണത്തിന് വരാത്ത കൂട്ടുകാർക്ക് മീനാക്ഷിയെ പരിചയപ്പെടുത്തി . മീനാക്ഷിയുടെ മുഖത്തെ തെളിച്ചം ഇല്ലായ്മ എല്ലാവരിലും വേദന ഉണ്ടാക്കിയെങ്കിലും ആരും പരസ്പരം പറഞ്ഞില്ല.. സിന്ധ്യയും മഹിയും മേഘയും വന്നപ്പോഴാണ് മീനാക്ഷിക്ക് ആശ്വാസമായത് .. അവളോടൊപ്പം തന്നെ നിന്നു.

സിന്ധ്യയും മേഘയും മീനാക്ഷിയെ ഒറ്റയ്ക്ക് ആക്കാതെ അവളോടൊപ്പം കൂടി ജോലികൾ സഹായിച്ചു ഒരുമിച്ച് നടന്നു.. .എല്ലാവരോടൊപ്പം ജോലിത്തിരക്കിൽ മുഴുകിയിരിക്കുമ്പോഴും അവളുടെ മിഴികൾ ഇടയ്ക്കിടെ ഘടികാരത്തിലെ സമയം സൂചികളെ തേടിച്ചെന്നു കൊണ്ടിരുന്നു.. അതിലെ എല്ലാ സൂചികളും മുന്നോട്ടു പോകുംതോറും അവളുടെ ഹൃദയവും ആരുമറിയാതെ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു .ഈ സമയം ഒരിക്കലും മുൻപോട്ട് പോകാതിരുന്നെങ്കിൽ എന്ന് അതിയായി കൊതിച്ചു . വിധിയെ തടുക്കാനും സമയത്തെ നിയന്ത്രിക്കാനും ആർക്കും ആവില്ലല്ലോ . അവളുടെ മിഴികളിലെ പരിഭ്രമവും വിഷമം എല്ലാം സഞ്ജയ് അറിയുന്നുണ്ടായിരുന്നു .. അവന് ചേർത്ത് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും എല്ലാവരും അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് പിൻമാറി ..

.ഉച്ചയ്ക്ക് മുറിയിലേക്ക് വരുന്നതും കാത്തു ഇരുന്നു ..ഊണ് കഴിച്ച് എല്ലാവരും അവരവർക്ക് ഏർപ്പാടാക്കിയ മുറിയിലേക്ക് ചെന്നപ്പോഴും മീനാക്ഷി മാത്രം അടുക്കളയിൽ വൃത്തിയാക്കിയും തുടച്ചു കൊണ്ടിരുന്നു… .ഓരോ ജോലികൾ കണ്ടു പിടിച്ച് സമയം വെറുതെ നിന്നു കൊണ്ടിരുന്നു .. മൂന്നു മണിക്കാണ് വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയം . സമയം ഒന്നര ആയിരിക്കുന്നു.. ഇനിയും ഒന്നരമണിക്കൂർ മാത്രമേ സഞ്ജയ് സാർ വീട്ടിൽ ഉണ്ടാവുകയുള്ളൂ . അത്രയും സമയം എങ്ങനെയെങ്കിലും മനസ്സിൻ്റെ വേദനയും വിഷമങ്ങളും സ്വയം നിയന്ത്രിക്കണം .. സഞ്ജയുടെ അമ്മ അവളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു.. സഞ്ജയുടെ മുറിയിലേക്ക് പോകാതെ അടുക്കളയിൽ ജോലികൾ തേടിനടന്നു ചെയ്യുന്ന അവളെ അവർ വിഷമത്തോടെ നോക്കി . അവർ അവളുടെ അടുത്തേക്ക് ചെന്ന് പോകാൻ നിർബന്ധിച്ചു..

” കുറച്ചുനേരം മുറിയിൽ പോയി കിടക്കു. രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങിയ ജോലി അല്ലെ.. കുറച്ചുനേരം വിശ്രമിക്കു.. “എന്ന് പറഞ്ഞു നിർബന്ധപൂർവ്വം മീനാക്ഷിയെ സഞ്ജയുടെ മുറിയിലേക്ക് പറഞ്ഞയച്ചു . വാതിൽ തുറന്ന് വരുന്നവളെ അവൻ കണ്ണിമ മാറ്റാതെ നോക്കിക്കൊണ്ട് കിടക്കുകയായിരുന്നു.. കൈ കണ്ണിന് കുറുകെ ഇരിക്കുന്നത് കൊണ്ട് അവൻ ഉറങ്ങി എന്ന് കരുതി അവൾ വാതിൽ ചാരി ബാൽക്കണിയിലേക്ക് പോയിരുന്നു … വെറുതെ കാഴ്ചയും കണ്ടിരുന്നു… ആകാശം ഇരുണ്ടു മൂടിയിരുന്നു… ഏത് നിമിഷവും മഴ പെയ്യും എന്നവസ്ഥ… ഇപ്പോൾ ഇത് പോലെയാണ് തൻ്റെ മനസ്സും… ഏതു നിമിഷവും ദുഃഖം പെയ്തിറങ്ങിയേക്കാം.. മഴത്തുള്ളികൾ വീണു തുടങ്ങി.. തണുത്ത കാറ്റേറ്റ് അവൾ അങ്ങനെ കണ്ണടച്ചിരുന്നു….

തണുത്ത കാറ്റ് ശരീരത്തെ തണുപ്പിച്ചെങ്കിലും മനസ്സിലെ അഗ്നിയുടെ ചൂടിനെ തണുപ്പിക്കാനായില്ല. അങ്ങനെയിരിക്കുമ്പോൾ സഞ്ജയ് അവളുടെ അരികിൽ വന്നിരുന്നു. അവൾ പരിഭവത്തോടെ മാറിയിരുന്നു. ” എന്താ പെണ്ണേ എന്നോട് പിണക്കമാണോ.. എന്താ ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നത്. ഇനി കുറച്ച് സമയം വരെ അടുത്ത് ഇരിക്കാൻ കഴിയു” എന്ന് സഞ്ജയ് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പാറായിരുന്നു .. പെയ്യാൻ വെമ്പി നിൽക്കുന്ന മിഴികളിൽ അവൻ്റെ അധരങ്ങൾ ചുംബനം ചാർത്തിയിരുന്നു . ആവേശത്തോടെ ചുംബിക്കുന്നവൻ്റെ പ്രണയത്തെ ഇഷ്ടത്തോടെ അവൾ സ്വീകരിച്ചു.. അതിർവരമ്പുകൾ എല്ലാം ലങ്കിക്കും എന്നായപ്പോൾ അവൾ അവനെ തട്ടിമാറ്റി എഴുന്നേറ്റു .

. “എന്നോട് സ്നേഹം ഇല്ലല്ലോ എന്തിനാ എന്നോട് ഇങ്ങനൊക്കെ. ഞാൻ എനിക്ക് പോണം” എന്ന് പറഞ്ഞത് കൃത്രിമ ദേഷ്യത്തോടെ എഴുന്നേറ്റ് പോകാൻ ശ്രമിച്ചവളെ അവൻ വട്ടം പിടിച്ചു കൊണ്ട് തന്നെ നെഞ്ചോട് ചേർത്തിരുന്നു .. “ഇപ്പോൾ മനസ്സിലെ വിഷമങ്ങളെല്ലാം ഈ നെഞ്ചിൽ കരഞ്ഞു തീർത്തോണം. ഞാൻ പോയി കഴിഞ്ഞിട്ട് കരഞ്ഞു കൂവി നടക്കുകയാണ് എന്ന് അറിഞ്ഞിട്ടുണ്ടെങ്കിൽ അടുത്ത ഫ്ലൈറ്റിൽ വന്നു ഇവിടെ വന്നിരിക്കും കേട്ടോ .. എൻ്റേൽ നിന്ന് നല്ല ഇടിയും മേടിക്കും ൻ്റെ മീനൂട്ടിയ്ക്ക് ” എന്ന് പറഞ്ഞപ്പോൾ അവൾ അറിയാതെ ചിരിച്ചു പോയി “കരയരുത് എന്ന് കരുതിയതാണ് പക്ഷേ എന്തോ നിയന്ത്രിക്കാൻ കഴിയുന്നില്ല..വല്ലാത്ത ഒരു വിഷമം. ഇത്രനാളും അടുത്ത് ഉണ്ടായിട്ടും സ്നേഹിക്കാതെ പോയല്ലോ ..എൻ്റെ പ്രണയം മുഴുവനായി തരാനുള്ള സമയം പോലും തന്നില്ലല്ലോ “എന്ന് അവൾ പരിഭവിച്ചുകൊണ്ട് പറഞ്ഞു …

“!പ്രണയം തന്നില്ല എന്ന് കരുതിയാണോ വിഷമിക്കുന്നത്.. ആരും കാണാതെ എനിക്ക് മാത്രം നൽകുന്ന നോട്ടവും .,എനിക്ക് മാത്രമായി ഈ അധരങ്ങളിൽ വിരിയുന്ന ചിരിയും., എനിക്ക് മാത്രം മാറ്റിവയ്ക്കുന്ന പ്രണയവും എല്ലാം ഞാൻ ആസ്വദിച്ചിരുന്നു… ഓരോ നിമിഷവും നിന്നിൽ മിന്നിമായുന്ന പ്രണയഭാവങ്ങളും,, അതില്ലെല്ലാം എൻ്റെ പെണ്ണിന് എന്നോടുള്ള പ്രണയം ഞാനനുഭവിച്ച അറിഞ്ഞു കൊണ്ടിരിക്കുന്നു . അതുകൊണ്ട് പ്രണയിച്ചില്ലാന്നു എനിക്ക് വിഷമം ഒന്നുമില്ല ..നീയല്ലേ എല്ലാം വേണ്ട എന്ന് പറഞ്ഞു നടന്നത് . അതുകൊണ്ട് ഇത്തിരി വിഷമിച്ചോ ” എന്ന് പറഞ്ഞവൻ അവളെ ചേർത്തു പിടിച്ച് മുറിയിലേക്ക് നടന്നു. അവൾ പുഞ്ചിരിയോടെ തന്നെ പിന്നെ ഒന്നും പറയാതെ നെഞ്ചിലേക്ക് ചേർന്ന് സമയ സൂചികൾ മുന്നോട്ട് പോകുന്നതും നോക്കി കിടന്നു .. രണ്ടു മണി ആയപ്പോൾ എഴുന്നേറ്റ് പോകാൻ തയ്യാറായി. വേഷം മാറി വന്നു .മീനാക്ഷിയെ തന്നിലേക്ക് ചേർത്ത് നിർത്തി .

“എനിക്ക് അവിടെ നിന്ന് തിരികെ ഇവിടെ വരുമ്പോൾ വരെ ഓർക്കാനായി കുറച്ച് നിമിഷങ്ങൾ നിന്നോട് ചോദിക്കാതെ ഞാൻ എടുക്കുകയാണ് “എന്ന് പറഞ്ഞു അവൻ്റെ അധരo അവളുടെ അധരങ്ങളിലേക്ക് ചേർത്തുവെച്ചു .. മാറി നിൽക്കുമ്പോൾ കിതപ്പ് കരച്ചിലിലേക്ക് വഴിമാറു മുന്നേ അവൻ മുറി വിട്ട് ഇറങ്ങിയിരുന്നു.. നിമിഷങ്ങൾ വേഗം കടന്നു പോയി ചിരിച്ചുകൊണ്ട് എല്ലാരോടും യാത്ര വണ്ടിയിൽ കയറുമ്പോഴും മീനാക്ഷിയെ നോക്കി.. നോക്കി കണ്ണുകൾ നിറഞ്ഞ് നിൽക്കുക ആയിരുന്നെങ്കിലും അവനായി ചുണ്ടിൽ പുഞ്ചിരി വിരിയിച്ച് അവൾ വരാന്തയിൽ തന്നെ നില്ക്കുന്നുണ്ടായിരുന്നു. അവളുടെ അധരങ്ങളിളെ പുഞ്ചിരി മതിയായിരുന്നു അവൻ്റെ മനസ്സിൽ ധൈര്യം ചോർന്നു പോകാതിരിക്കാൻ…

കാർ കണ്ണിൽ നിന്നും മായുന്ന വരെ അവൾ വരാന്തയിൽ ചെറുപുഞ്ചിരിയോടെ തന്നെ നിന്നു … കാർ കണ്ണിൽനിന്നും മറഞ്ഞതും അതുവരെ അടക്കിവെച്ച വിഷമങ്ങൾ അവളുടെ മനസ്സിനെ നിയന്ത്രണങ്ങളെ പൊട്ടിച്ചെറിഞ്ഞ് ഒഴുകി തുടങ്ങി . മുറിയിലേക്ക് തിരിഞ്ഞ് പോകുന്നവളെ എല്ലാവരും വേദനയോടെ നോക്കി . തലയിണയിൽ മുഖം ചേർത്ത് പൊട്ടികരയുമ്പോഴും അവൾ എന്തുമാത്രം അവനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു. അവൻ ഇല്ലാത്ത ജീവിതം ശൂന്യമാണ് എന്നും അവൾ തിരിച്ചറിയുകയായിരുന്നു. അവൾ ഇല്ലാത്ത ജീവിതം അഞ്ച് വർഷം എങ്ങനെ ജീവിച്ചു ചേർക്കുമെന്ന് ഓർത്തപ്പോൾ അവൾക്ക് സ്വയം ഭയവും തോന്നി . മുറിയിൽ നിന്ന് ഇറങ്ങാൻ തോന്നിയതേയില്ല. ആരുടെയും മുഖം നോക്കിയാലും മനസ്സിലെ വിഷമങ്ങൾ മറ്റുള്ളവരെ കൂടി വേദനിപ്പിക്കുമല്ലോ എന്ന് കരുതി അവൾ മുറിയിൽ തന്നെ ഇരുന്നു ..

വൈകുന്നേരം സിന്ധ്യ വന്ന വിളക്ക് വെക്കാൻ സമയം ആയി എന്ന് വിളിച്ചപ്പോഴാണ് മുറിയിൽ നിന്ന് ഇറങ്ങിയത് . വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോഴും മനസ്സ് എങ്ങും ആയിരുന്നു .. നാമം ജപിച്ചത് സിന്ധ്യയും അമ്മയും ചേർന്നാണ് . ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും അവൾ പതിയെ എഴുന്നേറ്റു മുറിയിലേക്ക് നടന്നു. ഫോൺ എടുത്തു നോക്കി സഞ്ജയ് സാറാണ് .. ” ഫ്ളൈറ്റിലേക്ക് കയറുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കും അതിനുമുന്നേ വിളിച്ചതാണ് . ഇനിയും അവിടെ ചെന്ന് ജോയിൻ ചെയ്തു കഴിഞ്ഞിട്ട് വിളിക്കാൻ പറ്റുള്ളു.. അതുവരെ തിരക്കായിരിക്കും. പുതിയ നമ്പർ ഒക്കെ എടുക്കണ്ടേ അതിനൊക്കെ ഉള്ള സമയം വേണം .വിഷമിക്കാതെ ഇരിക്കണം .. താൻ വിഷമിച്ചാൽ അമ്മയെയും അച്ഛനെയും ആര് ആശ്വസിപ്പിക്കും .

അതുകൊണ്ട് മിടുക്കിയായി ഇരിക്കണം.. പിന്നേ ബഡ്ഡിനിടയിൽ ഒരു ഫോമും എൻ്റെ എടിഎം കാർഡും വച്ചിട്ടുണ്ട്.. സംഗീത യുണിവേഴ്സിറ്റിയിൽ അഡ്മിഷനു നാളെ തന്നെ കൊണ്ടു കൊടുക്കണം.. മീനൂട്ടിയുടെ അച്ഛൻ ഒപ്പമുണ്ടാവും എന്ന് പറഞ്ഞിട്ടുണ്ട്….” സഞ്ജയുടെ വാക്കുകൾ കേട്ടു ഒന്ന് മൂളാൻ പോലും ശക്തി ഇല്ലാത്തതു പോലെ തോന്നി അവൾക്ക് . “ശരി” എന്ന് മാത്രം പറഞ്ഞു . ഫോൺ കട്ടായതും ഫോണിലേക്ക് വെറുതെ നോക്കിയിരുന്നു .. ബെഡ്ഡിനടിയിൽ നിന്നും ഫോമും എടിഎം കാർഡും എടുത്തു.. സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞു…. ഒരിക്കൽ പഠിക്കാൻ സ്വപ്നം കണ്ടിരുന്ന യുണിവേഴ്സിറ്റി…. ആരുമറിയാത്ത തൻ്റെ ആഗ്രഹങ്ങൾ സഞ്ജയ് സാർ എങ്ങനെ അറിഞ്ഞു അവൾക്കത്ഭുതം തോന്നി……………………………………… ” തുടരും…………..

ഉറവിടം: ഭാഗം 41

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story