നയനം: ഭാഗം 26

നയനം: ഭാഗം 26

A Story by സുധീ മുട്ടം

“ഹലോ നയനയല്ലേ” “അതെ..നിങ്ങൾ ആരാണ്” “ഞാനാരാണ് എന്നതിനു പ്രസക്തിയില്ല…മൃദുലയിപ്പോൾ എനിക്ക് അരുകിലുണ്ട്” മൃദുലയെന്ന് കേട്ടതോടെ ഞാൻ ചാടിപ്പിടിച്ചു എഴുന്നേറ്റു.. “എവിടെ മൃദുല പറയൂ..അവളെ കാണാതെ ഞങ്ങൾ സങ്കടപ്പെട്ടിരിക്കുവാ” ഞാൻ കരഞ്ഞുപോയി..അമ്മ ആരാണെന്ന അർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്…. “മൃദുലയെ വിട്ടുതരാം..പകരം ഞാൻ പറയുന്ന സ്ഥലത്ത് നീ വരണം” അവരുടെ ആവശ്യം കേട്ടു ഞാൻ ഞെട്ടിയെങ്കിലും മൃദുവിനെയോർത്ത് പറഞ്ഞു… “എവിടെ വേണമെങ്കിലും ഞാൻ വരാം.. അവൾക്കൊരു കുഴപ്പവും പറ്റാതിരുന്നാൽ മതി.”

“എവിടെ എങ്ങനെ ഏതു സമയത്ത് വരണമെന്ന് ഞാൻ പിന്നീട് അറിയിക്കാം..പിന്നെ മറ്റേവനുണ്ടല്ലോ സബ് ഇൻസ്പെക്ടർ വിശാഖ്..അവനെയെല്ലാം അറിയിക്കാനാണു ഭാവമെങ്കിൽ മൃദുലയെ പിന്നെ മറന്നേക്ക്” “ഇല്ല.സത്യമായിട്ടും വിശാഖ് ഒന്നും അറിയില്ല..എനിക്ക് മൃദുലയെ വിട്ടു കിട്ടിയാൽ മതി” ഞാൻ കേണപേക്ഷിച്ചു…. “ടാർജറ്റ് ചെയ്തു പൊക്കാൻ പറഞ്ഞത് നിന്നെ ആയിരുന്നു.. പക്ഷേ വന്നവർക്ക് ആളു മാറിപ്പോയി.. എന്നാലും സാരമില്ല.. നീ വന്നാൽ മതി” “ഞാൻ വരാം” “ശരി എങ്കിൽ പിന്നീട് വിവരങ്ങൾ അറിയിക്കാം” മറ്റെന്തെങ്കിലും ചോദിക്കും മുമ്പേ ഫോൺ ഡിസ്ക്കണക്റ്റായി…. ഫോണിൽ കൂടി കേട്ട സ്വരം എവിടെയോ കേട്ടുമറന്നതു പോലെ എനിക്ക് തോന്നി… പക്ഷേ എവിടെ….

ഓർമ്മയിലാകെ പരതി നോക്കിയെങ്കിലും ഫോണിൽ വിളിച്ച സ്ത്രീ ആരെന്ന് മാത്രം എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…. “ആരാ മോളേ..എന്താ കാര്യം” അമ്മയുടെ മുഖത്തെ പരവേശവും വെപ്രാളവും ഞാൻ കണ്ടു.അമ്മയെ ഒന്നും അറിയിക്കേണ്ടന്ന് ഞാനാദ്യം കരുതിയത്..പിന്നെ കരുതി എന്തിനാണ് വെറുതെ മറച്ചു വെക്കുന്നത്… “ആരാണെന്ന് അറിയില്ല അമ്മേ വിളിച്ചത്..മൃദുവിനെ തട്ടിക്കൊണ്ടു പോയതാണെന്ന് ഉറപ്പായി” ഞാൻ ആവലാതിയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി… “എന്നെ ടെൻഷനാക്കാതെ കാര്യം പറയെടീ കുഞ്ഞേ.വിളിച്ചത് ആരെന്ന് വല്ലതും പറഞ്ഞോ” “ഇല്ലമ്മേ.. പക്ഷേ ആ സ്വരം എവിടെയോ കേട്ടു മറന്നതു പോലെയുണ്ട്”

അമ്മയോട് അവരുടെ കണ്ടീഷനും പറഞ്ഞു.. ലക്ഷമിയമ്മ കുറച്ചു നേരം ചിന്തയിലാണ്ടു… “നീ വിശാഖിനെ വിളിച്ചു അറിയിക്ക്..അതാണ് നല്ലത്” “അയ്യോ അമ്മേയത് വേണ്ട..വിശാഖ് അറിയരുതെന്ന് അവർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്” “എന്നു പറഞ്ഞാലെങ്ങെനെ ശരിയാകും‌.നമ്മൾ വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങൾ.. നീ അവനെ വിളിച്ചു വിവരം പറയൂ മോളേ” അമ്മയുടെ അഭിപ്രായം അങ്ങനെയായതോടെ ഞാനുമൊന്ന് ചിന്തിച്ചു. മൃദുവിനെ തട്ടിക്കൊണ്ടു പോയവരുടെ ആവശ്യപ്രകാരം ഞാൻ തനിയെ ചെന്നാൽ മൃദുവിനെ വിടുമെന്ന് ഉറപ്പില്ല.വിശാഖ് ഭാവി വരനെയെന്നതിനെക്കാൾ ഒരുപോലീസ് ഓഫീസർ കൂടിയാണ്. അദ്ദേഹത്തിനു മികച്ചൊരു തീരുമാനം എടുക്കാൻ കഴിയും….

ഞാൻ മൊബൈലെടുത്ത് വിശാഖിനെ വിളിച്ചു… “ഞങ്ങൾ അൻവേഷിച്ചു കൊണ്ട് ഇരിക്കയാണു” വിശാഖിന്റെ പതിവു മറുപടി.. പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്… “ഞാൻ വിളിച്ചതൊരു കാര്യം പറയാനാണ് വിശാഖ്” “പറയെടോ” ഞാൻ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.. അവർ വിളിച്ച ഫോൺ നമ്പരും നൽകി… “ഇനിയവർ വിളിക്കുമ്പോൾ ഞാൻ പറഞ്ഞതു തരുന്നതുപോലെ പറയണം” “ശരി വിശാഖ്” ഞാൻ ഫോൺ കട്ടു ചെയ്തു മുറിയിലേക്ക് പോയി.അടുത്ത ഫോൺ കോൾ എപ്പോഴെത്തും എന്നതായിരുന്നു ആശങ്ക മുഴുവനും…. രണ്ടു ദിവസം ഫോൺ കോളിനായി പ്രതീക്ഷിച്ചെങ്കിലും വിളിയെത്തിയില്ല.മൃദുലയെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ എനിക്കൊരു സമാധാനവും കിട്ടിയില്ല… ഞാൻ വിശാഖിനെയൊന്നു ചെന്നു കാണാൻ തീരുമാനിച്ചു.

ഞായറാഴ്ച ദിവസം വിശാഖ് വീട്ടിലുണ്ടെന്ന് വിളിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ഞാൻ അങ്ങോട്ട് ചെന്നത്.അമ്മയും എന്റെ കൂടി ഉണ്ടായിരുന്നു. ഞങ്ങൾ ആദ്യം ഗായത്രിയുടെ വീട്ടിൽ കയറി… “എന്തെങ്കിലും വിവരമുണ്ടോടീ നയനേ” എന്നെ കണ്ടതും മൃദുവിനെ കുറിച്ചാണ് അവൾ തിരക്കിയത്… “ഇല്ല മൃദൂ…രണ്ടു ദിവസം മുമ്പ് ഫോൺ വന്നിരുന്നു. പിന്നീട് വിളിയൊന്നും വന്നില്ല” ഞാൻ ഗായുവിനു മുമ്പിൽ എന്റെ മനസ്സ് തുറന്നു.. “നീ വിഷമിക്കാതെ.. എത്രയും പെട്ടെന്ന് മൃദുവിനെ കണ്ടെത്താൻ കഴിയും.വിശാഖ് കൂടെയുണ്ടല്ലോ..” “അതാണെന്റെ ഏക ആശ്വാസം..” വിശേഷങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നതിനിടയിൽ വെറുതെ ഞാൻ ഗായത്രിയോട് തിരക്കി.. “വിശാഖ് വീട്ടിലുണ്ടോടീ ഗായൂ” “എന്നെക്കാൾ അറിവ് നിനക്കല്ലേടീ” ഗായത്രി അങ്ങനെ പറഞ്ഞതോടെ ഞാൻ ചൂളിപ്പോയി.എന്നാലും ഞാനത് മറച്ചു പിടിച്ചു…

“ഞങ്ങൾ അവിടെ വരെയൊന്നു പോയിട്ട് വരാം ഗായൂ” “ഉം ചെല്ല് ചെല്ല്…” ഗായത്രി അർത്ഥം വെച്ചു ചിരിച്ചു… “ഞാനും അമ്മയും കൂടിയാടീ പോണത്..മൃദുവിന്റെ കാര്യത്തെ കുറിച്ച് കൂടുതൽ അറിയണം” “ഞാൻ ചുമ്മാതെ പറഞ്ഞതാ..നീയും അമ്മയും കൂടിയൊന്ന് ചെന്നിട്ട് വരൂ” അമ്മയേയും കൂട്ടി ഞാൻ വിശാഖിന്റെ വീട്ടിലേക്ക് പോയി. വാതിൽ തുറന്നു കിടക്കുകയാണെങ്കിലും ഞാൻ കോളിങ്ങ് ബെല്ലിൽ വിരലമർത്തി.ഹാളിലൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല… കുറച്ചു കഴിഞ്ഞു വിശാഖ് വാതിക്കലിലേക്ക് വന്നതും മുറ്റത്ത് ഞാനും അമ്മയും കൂടി നിൽക്കുന്നത് കണ്ടിട്ട് ആളാകെ ചമ്മിപ്പോയി… “സർപ്രൈസ് ആണല്ലോ.. വിളിച്ചപ്പോൾ ഒന്നു പറയാമായിരുന്നില്ലേ തനിക്ക്” ചമ്മിയ മുഖത്തോടെ വിശാഖ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചിരുത്തി… “അച്ഛനെവിടെ മോനേ” അമ്മ വിശാഖിനോട് ചോദിച്ചു..

“അടുക്കളയിലുണ്ട്…ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് കുറച്ചു ചിക്കൻ വാങ്ങി കറിവെക്കുക ആയിരുന്നു” വിശാഖ് പറയുമ്പോഴേക്കും അടുക്കളയിൽ നിന്ന് ചിക്കൻ കറിയുടെ കൊതിപ്പിക്കുന്ന വാസന എന്റെ മൂക്കിലേക്ക് ഇരച്ചു കയറി… “ഞാൻ അച്ഛനെ പറഞ്ഞു വിടാം” വിശാഖ് അടുക്കളയിലേക്ക് പോയി രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് വന്നു.ഞാൻ പെട്ടെന്ന് എഴുന്നേൽക്കാൻ ഭാവിച്ചു… “അവിടെയിരിക്ക് മോളേ” വാത്സല്യം നിറഞ്ഞ സ്വരം എന്റെ കാതിലേക്ക് ഒഴുകിയെത്തി.എനിക്ക് ഫോട്ടോയിൽ മാത്രം കണ്ടു പരിചയമുള്ള എന്റെ അച്ഛന്റെ മുഖം ഓർമ്മയിലെത്തി.പൊടുന്നനെ എന്റെ മിഴികളൊന്നു തുളുമ്പി അധരങ്ങളൊന്ന് വിറച്ചു…. വിശാഖിന്റെ അച്ഛൻ ഞങ്ങളോട് വളരെ സ്നേഹത്തിലാണു പെരുമാറിയത്.എന്നോടുളള സ്നേഹം അദ്ദേഹത്തിന്റ ഓരോ വാക്കുകളിലും ഉണ്ടായിരുന്നു…

“അച്ഛാ കുറച്ചു വെള്ളം കുടിക്കാൻ വേണമായിരുന്നു” തൊണ്ടയിൽ ദാഹം അനുഭവപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു… “മോനേ വിശാഖേ കുടിക്കാനെന്തെങ്കിലും എടുക്ക്” അച്ഛൻ അടുക്കളഭാഗത്തേക്ക് നോക്കി… മറുപടി കിട്ടാതെ വന്നപ്പോൾ ഞാൻ എഴുന്നേറ്റു… “ഞാൻ പോയി എടുത്തോളാം അച്ഛാ” “അവൻ പുറത്തേക്ക് ഇറങ്ങിക്കാണും അതാ വിളി കേൾക്കാത്തത്” മറുപടിക്കു പകരം മെല്ലെയൊന്ന് തലയാട്ടിയട്ട് അടുക്കള ഭാഗത്തേക്ക് ഞാൻ ചെന്നു.വിശാഖിനെ അവിടെയെങ്ങും കണ്ടില്ല… അടുക്കളയാകെ ഞാനൊന്ന് ശ്രദ്ധിച്ചു.. ചെറുതെങ്കിലും മനോഹരവും വൃത്തിയുളളതുമായൊരു അടുക്കള.പാത്രങ്ങളെല്ലാം കഴുകി ഷെല്ഫിൽ അടുക്കി വെച്ചിട്ടുണ്ട്. അടുപ്പിൽ വെച്ചിരിക്കുന്ന കറിച്ചട്ടിയിൽ ചിക്കൻ കറി തിളക്കുന്നുണ്ട്. അടുക്കള ഭാഗത്തെ വാതിലിൽ കൂടി ഞാൻ മുറ്റത്തേക്ക് ഇറങ്ങി.. വിശാഖ് കറിവേപ്പില തണ്ടു നുള്ളുന്നത് ഞാൻ കണ്ടു….

“ഇവിടെ വന്നു നിൽക്കുവായിരുന്നോ?” എന്റെ സംസാരം കേട്ടു വിശാഖൊന്ന് പുഞ്ചിരിച്ചു… “കറി ഇറക്കി വെക്കാൻ നേരം ഒരുതണ്ട് കറിവേപ്പില ഇറുത്തിടുന്നത് നല്ലതാണ്..നാടൻ കറിവേപ്പില ആയതിനാൽ കറിക്ക് സ്വാദ് കൂടും.” വിവാഹം കഴിഞ്ഞാലും ഞാൻ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് എനിക്ക് ഉറപ്പായി…. വിശാഖിന്റെ പുറകെ ഞാനും അടുക്കളയിലേക്ക് കയറി. പുള്ളിക്കാരൻ ഇറച്ചിയുടെ വേവ് പരിശോധിച്ചിട്ട് കറി താഴേക്ക് ഇറക്കിവെച്ചു.ഇറുത്തെടുത്ത കറിവേപ്പില കഴുകിയശേഷം കറിയിലേക്ക് വിതറിയിട്ടു… “കുറച്ചു വെള്ളം വേണം കുടിക്കാൻ” “തിളപ്പിച്ച വെള്ളം വേണമെങ്കിൽ ഇവിടെയുണ്ട്. അതല്ലെങ്കിൽ ഫിഡ്ജിൽ നാരങ്ങയുണ്ട്..” “നാരങ്ങാ വെള്ളം മതി” വിശാഖ് ഫ്രിഡ്ജ് തുറന്നു നാരങ്ങായെടുത്തു.ഞാൻ നാരങ്ങാക്ക് കൈ നീട്ടിയതും വിശാഖ് ചിരിച്ചു… “നയനയും അമ്മയും ഞങ്ങളുടെ ഗസ്റ്റാണു..”

ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു.. “ശരി ഞാൻ പിന്മാറി.. വിശാഖ് തന്നെ റെഡിയാക്കി താ” നാരങ്ങാ പിഴിഞ്ഞു നാലുഗ്ലാസിലാക്കി എടുത്തു. രണ്ടു ഗ്ലാസ് നാരങ്ങാ വെള്ളം ഞാൻ അച്ഛനും അമ്മക്കു കൊണ്ട് കൊടുത്തിട്ട് അടുക്കളയിലേക്ക് വന്നു” “വിശാഖിനു നല്ല കൈപ്പുണ്യം ഉണ്ട്” നാരങ്ങാവെള്ളം ആസ്വദിച്ചു കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. “വർഷം കുറെയായില്ലേ നയനേ എല്ലാം ചെയ്യാൻ തുടങ്ങിയട്ട്” അത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു… “വിശാഖ് മൃദുവിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ..എനിക്കൊരു സമാധാനവും ഇല്ല” “തന്നെ വിളിച്ച ഫോൺ നമ്പർ വഴി ട്രയിസ് ചെയ്തെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. പത്തനം തിട്ടയിലുളള വഴിയരുകിലെ കോയിൻ ഇട്ട് വിളിക്കാവുന്ന ഫോണിൽ നിന്നാണ് കോൾ വന്നത്” “മം” നിരാശയോടെ ഞാൻ മൂളി… ആ നിമിഷത്തിലാണു എന്റെ മൊബൈൽ ശബ്ദിച്ചത്…

വീണ്ടും പരിചയമില്ലാത്തൊരു ലാൻഡ് ഫോൺ നമ്പർ… “അവരായിരിക്കും വിശാഖ്” മൊബൈൽ കയ്യിലെടുത്ത് കൊണ്ട് ഞാൻ പറഞ്ഞു… “സ്പീക്കർ മോഡിലിട്ട് കാൾ അറ്റൻഡ് ചെയ്യ്” വിശാഖ് ആവശ്യപ്പെട്ടതു പോലെ ഫോൺ സ്പീക്കർ മോഡിലിട്ടു… “ഇന്ന് രാത്രി നീ താമസിക്കുന്ന വീടിനു മുമ്പിൽ ഒരു കാറെത്തും അതിൽ കയറി നീയൊറ്റക്ക് വരിക..മറ്റാരും കൂടെ കാണരുത്. പോലീസിൽ അറിയിച്ചാൽ അറിയാമല്ലോ മൃദുലയെ നീ ജീവനോടെ കാണില്ല” ഫോണിലൂടെയുളള സ്ത്രീസ്വരം അവിടെയാകെ മുഴങ്ങുന്നതു പോലെ എനിക്ക് തോന്നി… “ഇല്ല…ആരെയും അറിയിക്കില്ല ഒന്നും ഞാൻ വരാം എവിടെ ആയാലും മൃദുവിനൊന്നും സംഭവിക്കരുത്” “ഗുഡ് ഗേൾ..അപ്പോൾ രാത്രി ഏഴുമണിക്ക് പുറപ്പെടാൻ തയ്യാറാവുക”

മറുപടി നൽകും മുമ്പേ ഫോൺ ഡിസ്ക്കണക്റ്റായി… “വിശാഖ് എനിക്കാകെ ഭയമാകുന്നു” ഞാനൊന്ന് തേങ്ങിപ്പോയി…. “താൻ ധൈര്യമായി ചെല്ലടോ…ആർക്കും ഒന്നും സംഭവിക്കില്ല..പിന്നെന്തിനാടൊ ഞാൻ പോലീസായിട്ട് ഇരിക്കുന്നത്” വിശാഖ് എനിക്ക് ധൈര്യം പകർന്നു… “വിശാഖ് എനിക്ക് അറിയില്ല..പേടിയാണെനിക്ക് തോന്നുന്നത്” ആശ്രയത്തിനെന്നവണ്ണം ഞാൻ വിശാഖിലേക്ക് ചാഞ്ഞു..വിശാഖിനൊപ്പം നിൽക്കുമ്പോൾ എനിക്കൊരു സുരക്ഷിതത്വം തോന്നി…. “ഞാനൊരു ചെറിയ മൊബൈൽ തരാം..താനത് ഒളിപ്പിച്ചു വെക്കുക..ഞാൻ തന്റെ കൂടെയുണ്ട്..” “മം” അച്ഛന്റെ വിളി എത്തിയതോടെ ഞാൻ വിശാഖിൽ നിന്ന് അടർന്നു മാറി..ഞങ്ങളെ ഊണും കഴിപ്പിച്ചിട്ടാണു വിശാഖും അച്ഛനും പറഞ്ഞയച്ചത്…. ഗായത്രിയോട് യാത്രയും പറഞ്ഞു ഞങ്ങൾ വീട്ടിലെത്തി.. രാത്രിയാകാൻ ഞാൻ കാത്തിരുന്നു…ഏഴുമണിക്ക് മുമ്പായി ഞാൻ ഒരുങ്ങിയിരുന്നു.അമ്മയും ഇടക്ക് വിശാഖും വിളിച്ചു എനിക്ക് ധൈര്യം നൽകി കൊണ്ടിരുന്നു…. കൃത്യം ഏഴ് മണിയായപ്പോൾ വഴിയരുകിൽ കാറിന്റെ ഹോണടി കേട്ടു…

“അമ്മേ ഞാൻ പോകട്ടെ” ഞാൻ അമ്മയോട് അനുമതി തേടി.. “പോയിട്ട് വരാമെന്ന് പറയൂ മോളേ” അമ്മയെന്റെ വാക്കുകൾ തിരുത്തി… “ഞാൻ പോയി വരാം” അമ്മയെന്റെ തലയിൽ കൈവെച്ചു പ്രാർത്ഥിച്ചു .ഞാൻ മനസിൽ ഈശ്വരനെ പ്രാർത്ഥിച്ചു… വിശാഖിനെ വിളിച്ചു ഇറങ്ങാൻ പോകുവാണെന്ന് പറഞ്ഞു. എന്റെ മൊബൈൽ അമ്മയെ ഏൽപ്പിച്ചു വിശാഖ് എനിക്ക് നൽകിയ മൊബൈൽ എടുത്തു ഞാൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ചു…… ഞാൻ പുറത്ത് എനിക്കായി വെയ്റ്റ് ചെയ്യുന്ന കാറിൽ ചെന്നു കയറി… കാറിനുള്ളിൽ ഇരുട്ടായിരുന്നതിനാൽ ഡ്രൈവറുടെ മുഖം മനസിലാക്കാൻ കഴിഞ്ഞില്ല… കറുത്ത് തടിച്ചൊരു കുളളൻ ആയിരുന്നു ഡ്രൈവർ… “വേഗം കയറൂ” പരുക്കൻ ശബ്ദത്തിൽ അയാൾ കൽപ്പിച്ചതും ഞാൻ പിന്നിലെ സീറ്റിലേക്ക് കയറി. കാർ ഞങ്ങളെയും വഹിച്ചു മുമ്പോട്ട് ഓടിത്തുടങ്ങി…. ഏകദേശം ഒന്നരമണിക്കൂർ യാത്രക്കൊടുവിൽ കാർ ആൾത്താമസം കുറഞ്ഞൊരു സ്ഥലത്ത് എത്തി.ചുറ്റും ഒരുപാട് റബ്ബർ തോട്ടങ്ങൾ.. തോട്ടങ്ങൾക്ക് നടുവിലായുളള പഴയൊരു ബംഗ്ലാവിലേക്കാണു കാർ നിന്നത്….

“ഇറങ്ങ്…” ഡ്രൈവർ കൽപ്പിച്ചതോടെ ഞാൻ പുറത്തേക്ക് ഇറങ്ങി… “നടക്ക്” വീണ്ടും അയാളുടെ കൽപ്പന വന്നതോടെ ഞാൻ ഡ്രൈവറുടെ പിന്നാലെ നടന്നു… വലിയൊരു സ്വീകരണ മുറിയിലേക്കാണു ഞങ്ങൾ പ്രവേശിച്ചത്.അകത്ത് കയറിയതും ബംഗ്ലാവിന്റെ വാതിൽ അടഞ്ഞു…. “വരണം വരണം നയനേ നിന്നെ പ്രതീക്ഷിച്ചു ഞാൻ ഇരിക്കുകയായിരുന്നു ” എവിടെ നിന്നോ പൊട്ടിയടർന്നതുപോലെ ദീപിക എനിക്ക് തൊട്ടു മുമ്പിൽ…. ഒരിക്കലും ഞാൻ തീരെ പ്രതീക്ഷിക്കാത്ത മുഖം..വെറുതെയല്ല ഫോണിലൂടെ കേട്ടസ്വരം എനിക്ക് പരിചിതമായി എനിക്ക് അനുഭവപ്പെട്ടത്…. “നീയെന്താടി കരുതിയത്..ആദികേശ് ജയിലിൽ ആയെന്ന് കരുതി നീ രക്ഷപ്പെട്ടന്നോ…നിന്നെയങ്ങനെ വെറുതെ വിടാൻ കഴിയുമോ എനിക്ക്…” “ദീപിക.. ആദികേശ് കോളേജിൽ വെച്ചു സ്നേഹിച്ചവൾ…എല്ലാവരും കരുതിയത് ആദിയെ ഇവൾ തേച്ചെന്നാണു..ഋഷിയും അങ്ങനെയാണ് പറഞ്ഞത്… എന്റെ മനസ്സ് ഡിഗ്രി ക്ലാസിലേ അവസാന വർഷ ബാച്ചിലേ ഞെട്ടിക്കുന്ന ഓർമ്മകളിലേക്ക് അതിവേഗം കടന്നു പോയി……………………….,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 25

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story