തോളോട് തോൾ ചേർന്ന്: ഭാഗം 29

തോളോട് തോൾ ചേർന്ന്: ഭാഗം 29

എഴുത്തുകാരി: ജിച്ചന്റെ കാവു

” നല്ലോണം ശ്രദ്ധിച്ചോളോ ഏട്ടന്റെ മോള്… പണ്ടത്തെ പോലെ ഓടിച്ചാടി നടക്കൊന്നും ചെയ്യല്ലേട്ടോ… ” കവിളിൽ തലോടികൊണ്ടുള്ള അഭിയുടെ സ്വരത്തിൽ നിറഞ്ഞിരിക്കും വാത്സല്യം അപ്പുവിന്റെ തൊണ്ടയിലൊരു ഗദ്ഗദത്തെയുണർത്തി… വാക്കുകൾ അന്യമായതും അവളൊന്നു മൂളി… പിന്നെയും അനന്ദുവിന്റെ നെഞ്ചോരം പതുങ്ങി… രണ്ട് ഏട്ടന്മാരുടെയും നടുവിലിരുന്നുകൊണ്ട് അവരുടെ സന്തോഷപ്രകടനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നവൾ… നെറ്റിയിലും കവിളിലും നെറുകിലും മാറി മാറി പതിയുന്ന മുത്തങ്ങളും തലോടലും അത്രമേൽ അവളും ആസ്വദിക്കുമ്പോൾ അമ്മമാരേക്കാൾ ആവലാതിലോടെ ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ട് ഏട്ടന്മാർ കാണിക്കുന്ന കരുതൽ അവളുടെ കണ്ണുകളെ നിറയിച്ചു…

മൂവരുടെയും എതിർവശത്തു ഇരുന്നുകൊണ്ട് ഭരതിനോടുള്ള സംസാരത്തിനിടയിലും ഹരി അവന്റെ കുഞ്ഞിന്റെ അമ്മയെ പ്രണയപൂർവം നോക്കുന്നുണ്ട് ഇടക്ക്… അവർക്കടുത്തിരിക്കുന്ന ഭഗത് ഫോണിൽ എന്തോ ചെയ്യുന്നെന്ന വ്യാജേന മേശയ്‌ക്കരികിൽ മിത്തുമോളെ കളിപ്പിച്ചിരിക്കുന്ന ശ്രീയെ നോക്കി.. ദേവൂട്ടിക്ക് ഒപ്പം ചേർന്നു മിത്തുമോളെ മാറി മാറി ഉമ്മവച്ചും കുഞ്ഞി കവിളിൽ മൂക്കുരസിയും അവളുടെ കൊഞ്ചികൊണ്ടുള്ള സംസാരങ്ങൾക്ക് മറുപടി കൊടുത്തും ഇരിക്കുന്ന ശ്രീയും അവന്റെ കള്ള നോട്ടം അറിയുന്നുണ്ടായിരുന്നു… ഹരിക്കും അപ്പുവിനും കുഞ്ഞുണ്ടാവാൻ പോകുന്നെന്നറിഞ്ഞതും ഒത്തുകൂടിയതാണ് എല്ലാവരും… അത്രമേൽ സന്തോഷത്തോടെ… കുഞ്ഞിനെപോലെ തന്റെ നെഞ്ചിൽ പതുങ്ങിക്കൊണ്ട് അഭിയേട്ടൻ പറയുന്ന കാര്യങ്ങൾക്കെല്ലാം മൂളുന്ന അപ്പുവിനെ അനന്ദു നോക്കി…

വെള്ള നിറത്തിലുള്ള ടർക്കിയിൽ പൊതിഞ്ഞൊരു ഇളം റോസ് നിറത്തിലുള്ള കുഞ്ഞാവ.. അതായിരുന്നു ആദ്യമായി അവളെ കണ്ട രൂപം…. ഇന്നും അപ്പു അതെ വാവ തന്നെയാണെന്ന് തോന്നുകയായിരുന്നു അവനു… അവളുടെ ഓരോ വളർച്ചയിളും കൂടെ നിന്ന ഏട്ടൻമാർക്ക് ഇപ്പോഴും അവളൊരു കൊച്ചുകുഞ്ഞു തന്നെയാണ്… അപ്പുവിന്റെ നെറുകയിൽ കവിൾ ചേർത്തുവച്ചുകൊണ്ട് അനന്ദു തങ്ങളെ നോക്കി നിൽക്കുന്ന ധ്വനിയെ നോക്കി കണ്ണുചിമ്മി… അവളുടെ മുഖത്തും നിറഞ്ഞ സന്തോഷം ആയിരുന്നു… ആ പെണ്ണിന്റെ മുഖം ഉള്ളിനുള്ളിൽ എവിടെയോ അവനെ നോവിക്കുന്നപോലെ… പലപ്പോഴും കളിയാക്കലിലൂടെയും അല്ലാതെയും പറഞ്ഞുകെട്ട പല വാക്കുകളും ഉള്ളിലേക്കെത്തുന്നു… കാലിനു മാത്രമാണോ അതോ മറ്റുപല കഴിവ്കേടുകളുമുണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള കുത്തിനോവിക്കൽ… അതവന്റെ ഹൃദയത്തെ പോലെ മുഖത്തെയും മങ്ങലേൽപ്പിച്ചു…

അവളിൽ നിന്നും കണ്ണുകളെ പിൻവലിച്ചുകൊണ്ട് അപ്പുവിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുവാൻ ശ്രമിച്ചു.. അവളെ നെറുകിൽ മുത്തി…മുടിയിൽ തലോടി… അപ്പോഴും ഉള്ളിനുള്ളിൽ മൗനമായ് ഇതുപോലൊരു സന്തോഷം അവന്റെ ദേവയ്ക്കും സ്വന്തമാകണമേ എന്ന് ആശിച്ചു… മിത്തുമോളിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് ചിരി കളികളുമായി ഇരിക്കുന്ന ശ്രീയെ കാണുമ്പോൾ കാരണമില്ലാതെ തന്നെ ദേഷ്യം നിറയുകയായിരുന്നു ഭഗതിനു… അവളുടെ ഓരോ ചിരിയും നോട്ടവും മറ്റുള്ള എല്ലാവർക്കും കിട്ടും പോലെ തന്നിലേക്ക് ഒരിക്കൽ പോലും നീളുന്നില്ലന്ന് കണ്ടതും തികട്ടി വന്ന ദേഷ്യം നിയന്ത്രിക്കാനാവതവൻ അവിടെ നിന്നും എഴുന്നേറ്റു നടന്നു… മുകളിലെ നീണ്ട വരാന്തയിൽ ചെന്ന് നിന്നുകൊണ്ട് പുറത്തേയ്ക്ക് കണ്ണെറിഞ്ഞു…

ഇരുണ്ടു തുടങ്ങുന്ന പ്രകൃതി തന്റെ ഉള്ളിന്റെ പ്രതിഫലനമായി അവനു തോന്നി… പതിയെ ഭൂമിയിലേക്കെത്തുന്ന മഴയെ വെല്ലുവിളിച്ചുകൊണ്ട് ആർത്തു വിളിച്ചുകൊണ്ട് ദേഷ്യത്തെ അടക്കാൻ വെമ്പൽകൊണ്ടു… ” ഇതെന്താ ഇവിടെ വന്നു നിൽക്കുന്നത്??.. ” തൊട്ടടുത്തായി ശ്രീയുടെ സ്വരം.. അവനത് കേൾക്കാത്ത ഭാവത്തിൽ രൗദ്രരൂപത്തിലേക്ക് മാറുന്ന മഴയെ മാത്രം ശ്രദ്ധച്ചു നിന്നു.. മൗനം മഴയുടെ സ്വരത്തിൽ ലയിച്ചു ചേർന്നു… ” അഭിയേട്ടൻ വന്നിട്ടുണ്ട്… കണ്ടില്ലേ… മോളും ഉണ്ട്… മധുവേട്ടത്തി.. അവരെ ഏട്ടൻ ഉപേക്ഷിക്കുമെന്നാ പറയുന്നേ..” അല്പനേരത്തെ മൗനത്തെ ഭേന്ധിച്ചുകൊണ്ട് പിന്നെയും അവളുടെ സ്വരം.. അവൻ അതേപടി തന്നെ നിന്നുകൊണ്ട് ഒന്ന് കണ്ണുകളടച്ചു ശ്വാസം വലിച്ചുവിട്ടു… ” മ്മ്മ്…” കണ്ണുകൾ പിന്നെയും മഴയിൽ തന്നെയെങ്കിലും അവനൊന്നു മൂളി…

ചെറുതായി പാളിയ നോട്ടം അവൾ അവനിലേക്ക് കൊടുത്തു… ആ മുഖത്തേ വേദന കണ്ടതും കുസൃതി തോന്നി… ” അഭിയേട്ടൻ എന്നോട് ഒറ്റക്ക് സംസാരിച്ചു… ഇഷ്ടം പറഞ്ഞപ്പോ അന്നെന്നെ തല്ലിയതിനും കുട്ടികളിയായി സ്നേഹത്തെ വിലയിരുത്തിയതിലുമെല്ലാം സോറി പറഞ്ഞു… ” അവന്റെ മുഖത്തേ മാറ്റങ്ങൾ നോക്കികൊണ്ട് തന്നെയവൾ പറഞ്ഞുകൊണ്ടിരുന്നു… ഇടക്കുള്ള മൂളലുകൾ മാത്രം അവൾക്കുള്ള മറുപടിയായി കിട്ടി… ” ഇനിയപ്പോ ഞാൻ കാത്തിരിക്കേണ്ട എന്നാണോ??.. ” നിമിഷങ്ങൾക്ക് ശേഷം അവളെയൊന്നു നോക്കികൊണ്ട് ഭഗത് ചോദിക്കുമ്പോൾ ആ കണ്ണുകളിലെ ഭാവത്തിൽ പെട്ടുഴറുകയായിരുന്നു അവൾ… സ്വരത്തിൽ കുസൃതിയോ പ്രണയമോ അവൾക്കു തിരിച്ചറിയാനായില്ല… മറുപടിയേതും പറയാനും തോന്നിയില്ല…

കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി… അവന്റെ കണ്ണുകൾ അത്രമേൽ ആഴത്തിലവളുടെ ഹൃദയെ തൊട്ടുണർത്തി… പരിഭവം പറഞ്ഞു… പെണ്ണിന്റെ മറുപടി കിട്ടാതായതും അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങി… അപ്പോഴും അവളുടെ കണ്ണുകളിൽ അവന്റെ രൂപവും ഉള്ളിൽ ഹൃദയത്തിന്റെ പരിഭവം പറച്ചിലും മാത്രമായിരുന്നു… അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു… എന്തിനോ… കളിപ്പിക്കാൻ പറഞ്ഞതാണ് അഭിയേട്ടൻ സംസാരിച്ചെന്നും മധുവേട്ടത്തിയെ ഉപേക്ഷിക്കുകയാണെന്നും… വെറുതെ… വെറുതെ ആ മുഖത്തേ കുശുമ്പ് കാണാൻ… ആദ്യമായി തോന്നിയ മോഹം… അവനിലെ തനിക്കു വേണ്ടി മാത്രമുള്ള കുഞ്ഞു കുശുമ്പ് പോലും ആസ്വദിക്കാൻ മോഹം… അതവനെ ഇത്രത്തോളം നോവിക്കുകയായിരുന്നോ… നടന്നകലുന്ന രൂപം കണ്ണുനീർതുള്ളികൾ മറച്ചു… പൊടുന്നനെ പാഞ്ഞടുത്തുകൊണ്ട് ഭഗത് പെണ്ണിന്റെ ചുറ്റിവരിഞ്ഞുകെട്ടിപിടിച്ചു …

ചുമരിലേക്ക് ചേർത്തു ഒരുനിമിഷം പോലും വൈകാതെ തുറിച്ചു നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചു നുണഞ്ഞു… പിടയുന്ന പെണ്ണിനെ അമർത്തി ദേഹത്തേക്ക് ചേർത്തു പിടിച്ചു… ” ന്റെ മുന്നിൽ കണ്ണുനിറയ്ക്കരുതെന്ന് പറഞ്ഞിട്ടില്ലെടി കോപ്പേ… ” നുണയുന്നതിനിടയിലും അവ്യക്തമായവന്റെ സ്വരം… അവളുടെ കണ്ണിൽ നിന്നടർന്ന ഒരു തുള്ളി ആ ചുംബനത്തിലേക്ക് ചേർന്നു… പെണ്ണിന്റെ ഉണ്ടകവിളിൽ മുറുക്കെ കൈയ് ചേർത്തുകൊണ്ടവന്റെ അധരങ്ങൾ അവളെ തഴുകി… ശ്വാസം വിലങ്ങിയതും വേർപെട്ടുകൊണ്ടവളെ സ്വതന്ത്രമാക്കി… ” അഭിയേട്ടനോ മിത്തുമോളോ ആരോ വരട്ടെ… നീ എന്റെയാ… ഈ ഭഗതിന്റെ… സ്കൂളിൽ പഠിക്കുന്ന കാലത്ത് തോന്നിയ ആ ഇഷ്ടം… അതെന്റെ പെണ്ണ് ഇപ്പൊ പൂർണമായും മറന്നെന്നും ഈ ഉള്ളിൽ ഞാൻ മാത്രേ ഉള്ളൂന്നും എനിക്കിപ്പോ കൂടുതൽ ഉറപ്പായി…

” പെണ്ണിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നുകൊണ്ട് കിതപ്പടക്കി ഭഗത് പറയുമ്പോൾ അവളവനെ കൂർപ്പിച്ചു നോക്കി… ” പോടാ അലവലാതി.. ” ഇരു കയ്യ്കൊണ്ടും അവന്റെ നെഞ്ചിൽ പിടിച്ചു പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ട് കണ്ണുകൾ കൂർപ്പിച്ചു പറഞ്ഞവൾ തിരിഞ്ഞു നടന്നു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ മറച്ചു പിടിച്ചു… ” ടി ഉണ്ടമുളകെ… ” പുറകിൽ നിന്നുള്ള വിളിയിൽ അവളൊന്നു തിരിഞ്ഞു നോക്കി… ” നിന്റെ എരിവിനും മധുരമാണല്ലോ പെണ്ണെ.. ” കണ്ണിറുക്കി കൊണ്ടുള്ള അവന്റെ വാക്കുകൾ കേട്ട് ഞെട്ടി ഓടി വന്നുകൊണ്ട് പെണ്ണവന്റെ വയറിൽ തന്നെ ആഞ്ഞു ഇടിച്ചു… വേദനിച്ചു കുനിഞ്ഞവന്റെ പുറത്തും ഒരിടി കൊടുത്തു തിരിയുമ്പോൾ അവനവളെ പുറകിൽ നിന്നും മുറുക്കി ചുറ്റിവരിഞ്ഞിരുന്നു… ഒളിപ്പിച്ചുപിടിച്ച പുഞ്ചിരി തന്നെയായിരുന്നു ഇരുവരിലും അന്നേരം… കയ്യെത്തിച്ചേർന്ന പ്രണയത്തിന്റെ…

***************** തിരിച്ചുള്ള യാത്രയിൽ കാറിലെ പിൻസീറ്റിലിരിക്കുന്ന ദേവൂട്ടിയെ ഇടയ്ക്കിടെ കണ്ണാടിയിലൂടെ നോക്കികൊണ്ട് വണ്ടി ഓടിക്കുകയാണ് ഭരത്… ഇരുട്ട് മൂടിയ വഴികളിൾ ഇടയ്ക്കിടെ ഇരു വശത്തുമുള്ള സ്ട്രീറ്റ് ലൈറ്റ്സ് അവളുടെ മുഖത്തെ പളുങ്ക് പോലെ തിളക്കമുള്ളതാക്കുമ്പോൾ ആ ഉരുണ്ട കണ്ണിലെ ഭാവങ്ങൾ നോക്കികൊണ്ടവൻ പുഞ്ചിരിച്ചു… ഇടക്ക് ഇരുവരുടെയും മിഴികൾ ഇടയും നേരം അവളിൽ വിരിയുന്ന നാണത്തിന് ഏഴഴക് ആണെന്നവൻ തിരിച്ചറിഞ്ഞു… ” അതേയ്… വണ്ടി വേണേൽ ഞാൻ ഓടിക്കാം… ഇന്നൊന്നു ലൈഫ് സെറ്റ് ആയെ ഉള്ളൂ… അപ്പൊക്കും ചാവാൻ പറ്റാത്തതുകൊണ്ടാ… ചേട്ടായി ഇറങ്ങ്… ” ഭരതിന്റെ ഇടക്കിടക്കുള്ള നോട്ടം കണ്ടുകൊണ്ട് ഭഗത് പാതി കളിയായും കാര്യമായും പറഞ്ഞു… ഒരു ചമ്മിയെ ചിരിയോടെ ദേവൂട്ടി വായ പൊത്തി ഇരിക്കുമ്പോൾ ഭരത് അവനെ നോക്കി കണ്ണിറുക്കി കാട്ടി… പിന്നെയും യാത്രയിൽ തുടർന്നു….

ഇടക്കിടക്കുള്ള കള്ളനോട്ടങ്ങളും… ” ദേവൂട്ട്യേയ്… നിന്റെ കൂട്ടുകാരി ഇല്ലേ… ആ ഉണ്ടമുളക്… അവളെ നിന്റെ ഭഗതേട്ടൻ കെട്ടിയാലോ??.. ” പിന്നിലിരിക്കുന്ന ദേവൂട്ടിയെ അടുത്തേയ്ക്ക് കൈയ് കാട്ടി വിളിച്ചുകൊണ്ട് അവളോട് സ്വകാര്യം പറയുംപോലെ ഭഗത് പറഞ്ഞു… ഇടയ്ക്കൊന്ന് ഭരതിന്റെയും മുഖത്തേയ്ക്ക് കണ്ണെറിഞ്ഞു… കേട്ടപാതി ഉണ്ടക്കണ്ണുകൾ രണ്ടും തുറിപ്പിച്ചുകൊണ്ട് ദേവൂട്ടിയവന്റെ കഴുത്തിലൂടെ കയ്യ്ചുറ്റി കെട്ടിപിടിച്ചു… എന്നോ അവൾക്കുള്ളിലും തോന്നിയ സംശയങ്ങൾ ഓരോന്നും ചോദിക്കുകയും അതിനെല്ലാം മറുപടി ഭഗത് പറയുകയും ചെയ്യുമ്പോഴും ഏട്ടനെ ഇടക്ക് കള്ളനോട്ടം കൊണ്ട് നോക്കാനും മറന്നില്ല… അവന്റെ ഉള്ളിലിരിപ്പ് പണ്ടേ മനസിലാക്കിയ ഭരതിനു അതൊരു പുത്തനറിവ് അല്ലാതിരുന്നതിനാൽ അവനും ഇരുവരുടെയും സന്തോഷത്തിനൊപ്പം പുഞ്ചിരിച്ചിരുന്നു…

ഇടക്ക് വെറുതെ ഭഗതിനെ കാട്ടാൻ എന്ന വണ്ണം കൂർപ്പിച്ചു നോക്കുകയും ചെയ്തു… വെറുതെ… ഒരു ദിവസം അമ്മയെയും അനിയത്തിയെയും ചേർത്ത് പിടിച്ചുകൊണ്ട് ജനിച്ച് വളർന്ന വീട് വീട്ടിറങ്ങിയ പെണ്ണിന്റെ മുഖം ഭരതിനു കണ്മുൻപിൽ തെളിഞ്ഞു… അവളുടെ മുഖത്തേ പുഞ്ചിരിയിൽ ഒളിഞ്ഞിരുന്ന ധൈര്യം… വാശി… ആത്മവിശ്വാസം… അന്ന് അവസാനമായവൾ തന്നോട് പറഞ്ഞുപോയ വാക്കുകൾ…. അതിന്നവന്റെ ജീവിതം തന്നെ മാറ്റിമറച്ചിരുന്നു… കഴിഞ്ഞ 28 കൊല്ലങ്ങൾ നൽക്കാത്ത സന്തോഷങ്ങൾ നൽകിയിരിക്കുന്നു…. ഒത്തിരി വർഷങ്ങൾ കഴിഞ്ഞ നിറമേറിയ കൂട്ടിൽ നിന്നും അവരെല്ലാം പറക്കാൻ പഠിച്ചിരിക്കുന്നു… സ്വപ്‌നങ്ങൾ നെയ്യാനും സ്വന്തമാക്കാനും തുടങ്ങിയിരിക്കുന്നു… ജീവിതത്തിലെ സന്തോഷങ്ങളിൽ അകമറിഞ്ഞു ചിരിക്കുവാനും ദുഃഖങ്ങളെ ഒരുമിച്ചുനിന്നു നേരിടാനും തയ്യാറായിരിക്കുന്നു… ജീവിതത്തെ പ്രണയിക്കാൻ പഠിച്ചിരിക്കുന്നു…

***************** മുറിയിൽ പരന്നിരിക്കുന്ന മങ്ങിയ മഞ്ഞവെട്ടം എന്നത്തേയും പോലെ അവളിലെ അഴകിനെ എടുത്തുകാണിച്ചു… ആ നക്ഷത്ര കണ്ണുകളിലെ തെളിച്ചം ഒന്നുകൂടി കൂടിയപോലെ… അവൾക്കു മേലെ കയ്യ്കളൂന്നി നിന്നുകൊണ്ട് അനന്ദു മതിവരാതെ പെണ്ണിനെ നോക്കികൊണ്ടിരുന്നു… നെറുകിലെ കുങ്കുമത്തിന്റെ ചുവപ്പ് അവളുടെ കവിളുകളിലും തെളിഞ്ഞു… ചുണ്ടിലെ പുഞ്ചിരിയെ വെല്ലുവിളിച്ചുകൊണ്ട് താടിച്ചുഴി പുഞ്ചിരിതൂകി… വശ്യമായി… അവനവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കിടന്നു… പതിയെ നക്ഷത്രഗോളങ്ങളിലും ചുണ്ട് ചേർത്തു… അവയുടെ പിടപ്പിനെ സ്വന്തമാക്കി.. കുഞ്ഞു മൂക്കുത്തിൽ മൂക്കുരസി… മൃദുവായി മുത്തി… ” നന്ദാ… ” പെണ്ണിന്റെ സ്വരത്തിലും അത്രമേൽ മൃദുലത… അവനൊന്നു മൂളിക്കൊണ്ട് താടിച്ചുഴിയിൽ ചുംബിച്ചു… മുഖമുയർത്തി പെണ്ണിനെ നോക്കി… ” ദേവാ… ”

ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന പ്രണയത്തിൽ മുങ്ങിക്കൊണ്ട് അവളിലേക്കലിഞ്ഞു ചേരാൻ തുടങ്ങി… വലതുകാലൊരു പിടപ്പോടെ അവളുടെ കൊലുസിനെ തിരഞ്ഞു നടന്നു… അതിൽ തട്ടി സ്വരമുണ്ടാക്കി… പെണ്ണിന്റെ കാലിനും കൊലുസ്സിനുമിടയിലേക്ക് നുഴഞ്ഞുകയറി ചുറ്റിപ്പിടിച്ചു വലിച്ചു… രണ്ടു നിമിഷം ഇരു കൊലുസുകളും താളത്തിൽ കുണുങ്ങി… പെണ്ണിന്റെ കണ്ണുകളും കൂമ്പിയടഞ്ഞു… പെട്ടന്നു തന്നെ അവളിൽ നിന്നകന്നുകൊണ്ട് അനന്ദു ഒരുനിമിഷം മലർന്നു കിടന്നു.. മുഖമൊന്നു അമർത്തിത്തുടച്ചുകൊണ്ട് പെണ്ണിന്റെ മാറിലേക്ക് പതുങ്ങി… അവളെ ചുറ്റിപ്പിടിച്ചു… അവന്റെ ഉള്ളിലെന്തോ സങ്കടം നിറഞ്ഞിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയവൾ അവനെ മാറോടടുക്കി നെറുകിൽ ചുംബിച്ചു കിടന്നു… പതിയെ പുറത്തു തലോടി…

മൗനമായ് തന്നെ ഹൃദയത്തിന്റെ പിടപ്പിനെ ഏറ്റെടുത്തു… മാറിൽ ഒളിപ്പിച്ച മുഖം പതിയെ ഉയർത്തിപിടിച്ചുകൊണ്ട് നെറ്റിയിൽ അമർത്തി ചുംബിച്ചു… ഇരു കണ്ണുകളും ചിമ്മി പുഞ്ചിരിച്ചു… അവളുടെ കവിളിൽ പതിയെ തലോടിക്കൊണ്ട് അനന്ദു മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു… ഇന്നും പണ്ടത്തെ പോലെ തന്നെയാണ്… കളിയാക്കാനും കുറ്റപ്പെടുത്താനും ആളുകൾ മത്സരിക്കുന്നു… അവക്ഞ്ഞയോടെ നോക്കുന്നു… പുച്ഛത്തോടെ സംസാരിക്കുന്നു… സഹതാപത്തോടെ പുഞ്ചിരിക്കുന്നു… സ്നേഹിക്കുന്നു… പക്ഷെ മാറ്റം തനിക്കാണ്… അത്തരത്തിലുള്ള കുത്തിനോവിക്കലുകളെ പുഞ്ചിരിയോടെ നേരിടാൻ തുടങ്ങിയിരിക്കുന്നു… വേദന ഒളിപ്പിച്ച പുഞ്ചിരികൊണ്ടല്ല… ഒന്നിനെയും കൂസാത്ത ചിരികൊണ്ട്… അത് തന്റെ ചുണ്ടിൽ നിറച്ചത് അവൾ മാത്രമാണ്… ദേവ… തന്റെ ജീവൻ… ഓരോ വട്ടം ഉള്ള് നോവുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് കണ്ണുചിമ്മികാണിച്ചു കൂടെ നിൽക്കുന്നവൾ ഉള്ളിൽ തെളിയും… ആ ഒരു ചിരികൊണ്ട്‌ തന്റെ നോവിനെ തുടച്ചു മാറ്റും…

പ്രണയം നിറയ്ക്കും… ഒരിക്കലും നിലയ്ക്കാത്ത പ്രണയം… അനുനിമിഷവും വളർന്നുകൊണ്ടിരിക്കുന്ന പ്രണയം… ഒന്നും മോഹിക്കാതെ തന്നിലേക്കെത്തിയവൾ… സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിച്ചു.. വാത്സല്യം കൊണ്ട് ചേർത്ത് നിർത്തി… പ്രണയം പകർന്നു പൂർണനാക്കി… ആ അവളിലൊരു പ്രണയത്തുടിപ്പ് നൽക്കാൻ കഴിയാതെ പോകുവായാണോ.. പെണ്ണിൽ അലിഞ്ഞു ചേരുമ്പോൾ വേദനിച്ചു കടയുന്ന കാലുകൾ പലപ്പോഴും അവന്റെ ഹൃദയത്തെ നോവിച്ചു… മലർന്നു കിടക്കുന്ന പെണ്ണിന്റെ ഉദരത്തിൽ മുഖം പൂഴ്ത്തി… പൊക്കിളിച്ചുഴിയെ അമർത്തി ചുംബിച്ചു… അവളെ ചുറ്റിപിടിച്ചുകൊണ്ടങ്ങനെ കിടന്നു… കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അവളുടെ പൊക്കിൾ ചുഴിയിൽ പതിഞ്ഞു… തലമുടിയിൽ തഴുകിയ പെണ്ണിന്റെ കൈയ്കൾ അവന്റെ മുഖത്തേ ബലമായി ഉയർത്തി… സംശയത്തോടെ നോക്കി… അവനൊന്നു കണ്ണുചിമ്മി… ” നിക്കേ… ഈ വാവേനെ മതിയിപ്പോ…

വേറൊരു വാവ ഇപ്പൊ വേണ്ടാട്ടോ… ” അവന്റെ മനസ്സ് വായിച്ചെടുത്ത പോലെ അവളുടെ സംസാരം… അവനതിൽ പുഞ്ചിരിച്ചു… എപ്പോഴും ഇങ്ങനെ തന്നെ… എന്തേലും ഒരു നോവിൽ ഉള്ളം പിടയുമ്പോഴേക്കും അവളത് വായിച്ചെടുക്കും… ഒരേ ഒരു വാചകം കൊണ്ട് പുഞ്ചിരി പകരും… എത്രയൊക്കെ മാറിയാലും ഇടക്കിങ്ങനെ ഓരോ ചിന്തകൾ മനസ്സിൽ കടന്നുകൂടും… ഒന്ന് നോവിച്ചു തുടങ്ങുമ്പോഴേക്കും പെണ്ണിന്റെ താടിച്ചുഴി പുഞ്ചിരിച്ചുകൊണ്ടതിനെ മറികടക്കാൻ തയ്യാറാക്കും… പിന്നെയും പ്രണയം നിറയ്ക്കും.. പടർത്തും… ഉള്ളാകെ… മറ്റൊന്നും ഓർക്കാൻ പോലും തോന്നാത്ത വിധം… അവന്റെ താടിരോമങ്ങൾക്കിടയിൽനിന്നും നുണക്കുഴി എത്തി നോക്കി പുഞ്ചിരിച്ചു… ” പോരാ… നിക്ക് വേണം… ന്റെ ദേവയെ പോലൊരു കുഞ്ഞിപ്പെണ്ണ്…” ചിരിയോടെ പറഞ്ഞുകൊണ്ടവളുടെ വയറിൽ മുഖമുരസി… താടിരോമങ്ങൾ അവളെ ഇക്കിളിക്കൂട്ടി… പെണ്ണിന്റെ ചിരിയൊലികൾ മുറിയിൽ നിറഞ്ഞു… പതിയെ പതിയെ കൊലുസിന്റെ ഈണത്തിലുള്ള താളവും കിതപ്പും… *****************

നിരത്തി വച്ചിരിക്കുന്ന മധുരപലഹാരങ്ങൾക്കു മുൻപിൽ കൊതിയോടെ അപ്പുവിരുന്നു… അവളുടെ തൊട്ടടുത്തു ഇരുന്നുകൊണ്ട് നന്ദകൃഷ്ണൻ ഓരോ പലഹാരങ്ങളായി എടുത്തുകൊടുക്കുന്നുണ്ട്… മുഴുവനായും വായിലിട്ട് നുണഞ്ഞുകൊണ്ട് പെണ്ണ് എതിരെ ഇരിക്കുന്ന ഹരിയെയും ശ്രീയെയും നോക്കി ഒരു കള്ള ചിരി ചിരിക്കും… അവരുടെ കേറ്റി വച്ചിരിക്കുന്ന മുഖം ഒന്നൂടി വീർക്കുമ്പോൾ അവരെ നോക്കി കളിയാക്കികൊണ്ട് കൃഷ്ണൻ അടുത്ത പലഹാരം അപ്പുവിനായി നീട്ടും… രമയാണെങ്കിൽ പുതിയ ഓരോ വിഭവങ്ങൾ അവളുടെ ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കികൊണ്ടിരിക്കുകയാണ്… ആദ്യമായി അവർക്ക് ലഭിക്കാൻ പോവുന്ന പേരകുട്ടിയുടെ വരവ് ആ അച്ഛനും അമ്മയും അത്രമേൽ ആഘോഷിക്കുമ്പോൾ നിറഞ്ഞ മനസ്സോടെ ഹരിയും ശ്രീയും ഒക്കെയും നോക്കി കണ്ടു… എന്നിരുന്നാലും അപ്പുവിന്റെ ചിരിയും കുറുമ്പും കണ്ടുകൊണ്ടിരിക്കാൻ വെറുതെ മുഖം വീർപ്പിച്ചും അവളെ കളിപ്പിച്ചും കൊണ്ടിരുന്നു…പെണ്ണിന്റെ വയർ നിറയുമ്പോൾ ബാക്കി പലഹാരങ്ങളുടെ കാര്യം ശ്രീമോൾ ഏറ്റെടുക്കും… ഇതവിടെ എന്നും നടക്കുന്ന കാഴ്ചയിപ്പോൾ…

അപ്പു പെണ്ണ് കുലുങ്ങി ചിരിച്ചുകൊണ്ട് മുഖം കഴുകാൻ വെള്ളം വായിലെടുത്തതും അതുവരെ കഴിച്ചതും കുടിച്ചതുമെല്ലാം അതിലും സ്പീഡിൽ പുറത്തേയ്ക്ക് ചാടി… ഒച്ച കേട്ടുകൊണ്ട് ശ്രീ എത്തും മുൻപേ ഹരിയുടെ കൈയ്കൾ അവളെ താങ്ങിയിരുന്നു… ശ്വാസം കിട്ടാതെ ശർദിക്കുന്ന പെണ്ണിന്റെ പുറത്ത് ഉഴിഞ്ഞുകൊടുക്കുമ്പോൾ അറിയാതെ തന്നെയവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി… തളർന്നു പോവുന്ന പെണ്ണിനെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ വൃത്തിയാക്കി പെണ്ണിനെ കൈയ്കളിൽ കോരിയെടുത്തു മുറിയിലേക്ക് നടക്കുമ്പോൾ അവനവളോട് ബഹുമാനം കൂടുകയായിരുന്നു… തന്റെ കുഞ്ഞിനായി അവൾ സഹിക്കുന്ന ഓരോ ബുദ്ധിമുട്ടിലും ചുണ്ടിലെ പുഞ്ചിരി മായാതെ സൂക്ഷിക്കുന്നവൾ… നിറഞ്ഞ കണ്ണുകളോടെ പെണ്ണിന്റെ നെറുകിൽ ചുംബിക്കുമ്പോൾ പിന്നെയും അവളിലൊരു കള്ളചിരിയാണ്.. അവന്റെ കട്ടിമീശയോട് ചേർത്ത് ചുണ്ടിലൊരു കുഞ്ഞു മുത്തം നൽകിയാലേ പെണ്ണിന് എപ്പോഴും തൃപ്തിയാവുള്ളൂ… പണ്ടത്തെ അപ്പുവിൽ നിന്നും ഒത്തിരി മാറ്റമാണവൾക്ക്…

കുറുമ്പും വാശിയും ദേഷ്യവുമെല്ലാം വളരെ കൂടുതൽ… പക്ഷെ ആ ഓരോ മാറ്റവും അത്രമേൽ കൊതിയോടെ വരവേൽക്കുകയാണ് ഹരിയും… ***************** ദിവസങ്ങൾ പിന്നെയും കടന്നുപോയിക്കൊണ്ടിരുന്നു… മിത്തുമോള് അവളുടെ അച്ഛനും ചെറിയച്ഛനും ചെറിയമ്മയ്ക്കുമൊപ്പം കൂടുതൽ അടുത്തു… കുഞ്ഞിനെ കാണണമെന്നും ഇനി ഒരിക്കലും തെറ്റുകൾ ആവർത്തിക്കുകയില്ലെന്നും പറഞ്ഞു മധു അഭിയെ പലയാവർത്തി വന്നു കണ്ടു… ഓരോ ദിവസവും കഴിയും തോറും അവളുടെ അഹങ്കാരവും വാശിയും അത്രമേൽ ഇല്ലാതായികൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അവനവളെ അടുപ്പിക്കാതിരുന്നു… പൂർണമായും അവൾ മാറുന്ന ദിവസത്തിനായ് ഉള്ളിനുള്ളിൽ ആഗ്രഹവുമായി കാത്തിരുന്നു… പുച്ഛത്തോടെ മാത്രം നോക്കിയിരുന്ന അനന്ദുവിന്റെ മുന്നിൽ വന്നുകൊണ്ട് തെറ്റുകൾ ഏറ്റുപറഞ്ഞവർ കരയുമ്പോൾ അവരിൽ വന്ന മാറ്റത്തെ അത്രമേൽ സന്തോഷത്തോടെ നോക്കികാണുകയായിരുന്നു അനന്ദു..

അപ്പോൾ പോലും കരഞ്ഞും നീറിയും ഉരുകുന്ന അവരുടെ ഹൃദയത്തിന്റെ നൊമ്പരം അവനെ പൊള്ളിച്ചു… ഏട്ടന്റെ വാശിയെ പൂർണമായും ഇല്ലാതാക്കാൻ ആ അനിയന്റെ വാക്കുകൾക്ക് സാധിക്കുമ്പോൾ മധു പിന്നെയും ഒരിക്കൽ കൂടി ആ വീടിന്റെ പടികൾ ചവിട്ടി… ഉള്ളിലുള്ള അഹങ്കാരത്തിന്റെയും വാശിയുടെയും അവസാന കണിക പോലും ഉപേക്ഷിച്ചുകൊണ്ട്… അന്നേവരെ കിട്ടാതെ പോയ ജീവിതത്തിലെ പല സന്തോഷങ്ങളും ബന്ധങ്ങളുടെ സ്നേഹവും ഒത്തൊരുമയും അനുഭവിക്കുമ്പോൾ ഇത്രനാളും നഷ്ടപ്പെടുത്തിയ നാളുകളുകളെ അവൾ നോവോടെ ഓർത്തു… വാവിട്ടു പറഞ്ഞുപോയതാ വാക്കുകളിൽ സ്വയം ഉരുകി… എല്ലാവരെയും അഭിമുഗീകരിക്കുവാനും സംസാരിക്കാനുമുള്ള മധുവിന്റെ ബുദ്ധിമുട്ട് കണ്ടുകൊണ്ട് ധ്വനി തന്നെ അവളെ ചേർത്തുപിടിച്ചു… ഇതുവരെ അവളിൽ നിന്നും ഉണ്ടായ അനുഭവങ്ങളെ ധ്വനിയും സൗകര്യപൂർവം മറക്കാൻ ശ്രമിച്ചു… അനന്ദുവിന് വേണ്ടി… അഭിയേട്ടന് വേണ്ടി… അവരുടെ കുഞ്ഞു കുറുമ്പിക്കുട്ടിക്ക് വേണ്ടി………………………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 28

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story