❣️ദക്ഷ ❣️: ഭാഗം 11

Daksha Ponnu

രചന: പൊന്നു

"പാടിക്കോ.... " മടിച്ചു നിൽക്കുന്നവനെ നോക്കി ടീച്ചർ പിന്നെയും പറഞ്ഞു. അവനെന്തോ ആകെ ചമ്മൽ തോന്നി. പാടാൻ മടിച്ചു നിന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്ത മാത്രം... "ടീച്ചർ അത് എനിക്ക് തൊണ്ട വയ്യാണ്ടിരിക്കുവാ.... ഡോക്ടർ പറഞ്ഞിട്ടുണ്ട് കുറച്ചു നാളത്തേക്ക് ഉച്ചത്തിൽ സംസാരിക്കരുതെന്ന്... ശ്വാസം മുട്ടും ഉണ്ട്.... അതുകൊണ്ടാ... വേറെ ആരെയെങ്കിലും...... " ഇല്ലാത്ത വയ്യായ്ക നടിച്ചവൻ പറഞ്ഞു നിർത്തി... "ഓക്കേ... എങ്കിൽ താൻ പോയിരുന്നോ.... വേറെ ആരുണ്ട് പാടാൻ... നിങ്ങളെന്താ ആരും ഒന്നിനും തയ്യാർ ആകാത്തെ.... " ടീച്ചറിന്റെ മുഖത്ത് നീരസം വ്യക്തമായിരുന്നു. എന്തെന്നറിയില്ല, അവൾക്കേറെ സങ്കടം തോന്നി. 'അല്ലെങ്കിലും കൊതിച്ചതൊന്നും കിട്ടിയിട്ടില്ലല്ലോ...' സ്വയം പറഞ്ഞവൾ ആശ്വസിച്ചു. വേദനയിൽ മുക്കിയെടുത്തൊരു ആശ്വാസം....

ഫോൺ വന്നതും ടീച്ചർ ധൃതിയിലിറങ്ങി പുറത്തേക്ക് നടന്നു.പിന്നീടെന്തോ അവനിലേക്ക് കണ്ണുകൾ പോയില്ല. ഒരുപക്ഷെ കണ്ണുകളും മനസ്സും അവളെ പോലെ തന്നെ അവനോട് പിണക്കമാകാം. ആൺകുട്ടികൾക്കിടയിൽ എന്തൊക്കെയോ കാര്യമായ ചർച്ച നടക്കുന്നുണ്ട്. സംസാരത്തിൽ നിന്നും പാട്ടിനെ കുറിച്ചാണെന്ന് മനസ്സിലായി. അവൾക്കതൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല. പെട്ടെന്ന് തന്നെ ക്ലാസ് അകെ നിശബ്ദമായി. കാതുകളിൽ മധുരസ്വരം ഒഴുകാൻ തുടങ്ങി. 🎶🎶🎶കരിമിഴി കുരുവിയെ കണ്ടീല നിൻ ചിരിമണി ചിലമ്പൊലി കേട്ടീല... നീ പണ്ടേ എന്നോടൊന്നും മിണ്ടീല... കാവിൽ വന്നീലാ രാ പൂരം കണ്ടീടാൻ.... മായ കൈകൊട്ടും മേളവും കേട്ടീലാ.... ആനച്ചന്ദം പൊൻ ആമ്പൽ ചമയം നിൻ നാണ ചിമിയിൽ കണ്ടീലാ.... കാണാ കടവിൽ പൊൻ ഊഞ്ഞാൽ പടിയിൽ നിൻ ഓണചിന്തും കേട്ടീലാ.....

ഓ കളപ്പുര കോലയിൽ നീ കാത്തുനിന്നീല.... മറക്കുട കോണിൽ മെല്ലെ നീ ഒളിച്ചീല... പാട്ടൊന്നും പാടീലാ.... പാൽത്തുള്ളി പെയ്തീല... പാട്ടൊന്നും പാടീലാ.... പാൽത്തുള്ളി പെയ്തീല.... നീ പണ്ടേ എന്നോടൊന്നും മിണ്ടീല....🎶🎶🎶🎶 അവളുടെ കണ്ണുകൾ അനങ്ങിയില്ല, കാതുകൾ മറ്റൊരു ശബ്ദത്തെയും ശ്രദ്ധിക്കാൻ മുതിർന്നില്ല, ഹൃദയം അവൻ പാടിയ പാട്ടിന്റെ അർത്ഥതലങ്ങളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്... പാടുന്നതിനിടയിലും പിറകിലേക്കുള്ള അവന്റെ തിരിഞ്ഞു നോട്ടം എന്തുകൊണ്ടോ പാട്ടിനൊപ്പം മനോഹരമായി തീർന്നു... 🎶നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ🎶 മനസ്സിൽ ആഴത്തിൽ ആ വരികൾ തുളച്ചുകയറി. ശരിയാണ്, മിണ്ടിയില്ല.... അവനോട് മിണ്ടാൻ ഭയമാണ്. വല്ലാത്ത വെപ്രാളം... അവനടുത്തെത്തുമ്പോൾ തൊണ്ട വരണ്ടുണങ്ങുന്നു, ഹൃദയം വല്ലാതെ മിടിയ്ക്കുന്നു.കൈയടികൾ ചുറ്റുമുയർന്നിട്ടും അവളുടെ കൈകൾ പൊങ്ങിയില്ല. എന്തുകൊണ്ടാണിങ്ങനെ? "അവൻ തന്റെ സ്വന്തമാണോ.... അതോ.... മാറ്റാരുടെയെങ്കിലും....?" ചിന്തകളുടെ ചങ്ങലകൾ കൂടുതൽ മുറികയതും തലയൊന്നുകുടഞ്ഞവൾ അവനിൽ തങ്ങി നിന്ന മിഴികളെ പിൻവലിച്ചു. "അവൻ നിന്നെ ഉദ്ദേശിച്ച് തന്നെയാടി പാടിയെ....

ഇല്ലെങ്കിൽ ലൗ സോങ് തന്നെ പാടേണ്ട കാര്യമില്ലായിരുന്നല്ലോ...." ആയിഷ പറയുന്നത് എപ്പോഴും എതിർത്തിരുന്നവൾ ഇന്നെന്തോ എതിർക്കാൻ തുനിഞ്ഞില്ല. സത്യമാണെന്ന് തോന്നിയിട്ടാകും... പിറ്റേന്ന് ഇന്റർവെൽ സമയം എല്ലാവരും പുറത്തായിരുന്നു. അവൾക്കെന്തോ പോവാൻ തോന്നിയില്ല. അവളെ കൂടാതെ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുണ്ട്. പതിയെ ഡസ്കിൽ തലവെച്ചുകിടന്നു. കണ്ണുകൾ വെറുതെ അടച്ചു. കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഡെസ്കിനു മുകളിൽ വീണു. "അച്ഛനും അമ്മയും പിരിയുവോ.... ഇന്നലെ അവരെന്തിനാ വഴക്കിട്ടിട്ട് അങ്ങനെയൊക്കെ സംസാരിച്ചേ.... അനിയനും ഞാനും ന്താ ചെയ്യാ... " അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുമ്പോഴും ഇന്നലെ അച്ഛന്റെയും അമ്മയുടെയും സംഭാഷണം മനസ്സിൽ നിറഞ്ഞിരുന്നു.... ആരോടും പറയാൻ നിന്നില്ല ഈ കാര്യങ്ങളൊന്നും.

ആയിഷയോടു പോലും. സ്വന്തം ദുഃഖങ്ങൾ മനസ്സിൽ സ്വയം പറഞ്ഞാശ്വസിക്കും. അതാണവളുടെ പതിവ്. രണ്ട് ദിവസമായി രണ്ടാളും ഒരേ ക്ലാസ്സിലാണ്. സംസാരിക്കാൻ ഇതിലും നല്ല അവസരം ഒരുപക്ഷെ ഇനിയുണ്ടാവണമെന്നില്ല. എന്നിട്ടുപോലും.... എന്തേ അവൻ ഒരക്ഷരം പോലും മിണ്ടാൻ ശ്രമിച്ചില്ല? കണ്ണുകൾ കൈകൊണ്ട് പതിയെ തുടച്ചവൾ ഡെസ്കിൽ നിന്നും തലയുയർത്തി നേരെ ഇരുന്നു. മുന്നിലേക്ക് നോക്കി ക്ലാസ്സിലെങ്ങും ആരുംതന്നെയില്ല. പുറത്തെ വരാന്തയിലായി ഐഷു നിൽപ്പുണ്ട്. വിദൂരതയിലേക്ക് കണ്ണും നട്ട്... ആരെയോ വീക്ഷിച്ചു കൊണ്ട്. ദക്ഷ പുറത്തേക്കിറങ്ങിയില്ല,അകത്തു തന്നെ ഇരുന്നു. "ഞാനത് നാളെ പറയാടാ..... " ക്ലാസിനുള്ളിലേക്ക് കയറുന്നതിനിടയിൽ പുറത്തേക്ക് നോക്കിയവൻ ആരോടോ പറഞ്ഞു. വീട്ടിലെ കാര്യങ്ങൾ ചിന്തിചിരിക്കുന്നതിനിടയിൽ അവന്റെ ആഗമനം അവൾക്കൊരാശ്വാസമായിരുന്നു. അകത്തേക്ക് കയറി അവന്റെ സീറ്റിലേക്ക് നടക്കുന്നതിനിടയിൽ ഒറ്റയ്ക്കിരിക്കുന്നവളെ ഒളിക്കണ്ണിട്ടു നോക്കി.

അവനെന്തോ അവളോട് സംസാരിക്കാനുള്ളതുപോലെ അവൾക്ക് തോന്നി. ഒരുവാക്കവൻ തന്നോട് മിണ്ടിയിരുന്നെങ്കിൽ, ഒന്നടുത്തുവന്നിരുന്നെങ്കിൽ.... മനസുകൊണ്ടവൾ ആത്മാർത്ഥമായി ഒരുവേള ആഗ്രഹിച്ചു. "എവിടെ നടക്കാൻ.... ഇവനെന്തൊരു പൊട്ടനാ.... ക്ലാസ്സിൽ പോലും ആരൂല്ല... ഒന്ന് വന്ന് അടുത്തിരുന്നാലെന്താ.... എന്റെ പേരെങ്കിലും അറിയോ ആവോ... ടീച്ചർ ഇന്ന് ന്റെ പേര് വിളിച്ചപ്പോ ഈ കൊരങ്ങൻ അവ്ടെ സംസാരിച്ചോണ്ടിരുന്നു.... ഞാൻ മാത്രം ഇരുന്ന് അവനെ ശ്രദ്ധിക്കണം. ഇത്രക്കും ഗതികേട് വേറെ ഒരു പെണ്ണിനും വരുത്തല്ലേ ദൈവമേ..... " മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടവൾ പിന്നെയും ഡെസ്കിൽ തലവെച്ചു കിടന്നു. ബാഗിൽ നിന്ന് എന്തോ ഒന്നെടുത്ത് അവനും പുറത്തേക്ക് നടന്നു. ദിവസങ്ങൾ കൊഴിഞ്ഞു തീർന്നുകൊണ്ടിരുന്നു. അവന്റെ ഓരോ നോട്ടം കാണുമ്പോഴും അവളിൽ അലതല്ലുന്ന പ്രണയത്തിന് അതിരുകളില്ല. പ്രതീക്ഷിച്ച നോട്ടം അവളെ തേടി എത്തിയില്ലെങ്കിൽ കണ്ണിൽ നനവ് പടരും. അത്രമേൽ അവനോടുള്ള പ്രണയമെന്ന ഭ്രാന്ത് അവളെ കീഴടക്കിയിരുന്നു.

പതിവുപോലെ ഇന്നും അവന്റെ നോട്ടം അവളെ തേടിയെത്തി... അവനറിയാതെ അവളും നോക്കുന്നുണ്ട്. അല്ലെങ്കിലും, ജീവനായി സ്നേഹിക്കുന്നവരെ അവരറിയാതെ നോക്കാൻ വല്ലാത്ത ഭംഗിയാണ്. മനസ്സിന് കുളിർമയാണ്. അതിനി പ്രണയിക്കുന്നവരെ ആയാലും ജന്മം തന്നവരെയായാലും.... ഡെസ്കിൽ തലവെച്ച് ആരും കാണാതെ അവനെ മാത്രം കണ്ണെടുക്കാതെയവൾ നോക്കിയിരുന്നു. മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും കണ്ണുകൊണ്ടവൾ ഒപ്പിയെടുത്തു. തൊട്ടടുത്തായിരിക്കുന്ന കൂട്ടുകാരൻ എന്തിനോ വേണ്ടിയവനെ നിർബന്ധിക്കുന്നുണ്ട്. " എടാ.... ചെല്ല്.... പോ.... " " ഡാ... ഇപ്പൊ വേണോ.... എനിക്ക് പേടിയാവുന്നു....അവള് നോ പറഞ്ഞാലോ.... " "അങ്ങനെയൊന്നൂല്ല.... നീ പോയി പറയ്.... ചെല്ല്... ഡാ കോപ്പേ... ഇവിടെന്നിപ്പോ ഞാൻ ചവിട്ടി തള്ളിയിടും... മര്യാദയ്ക്ക് പൊയ്ക്കോ " രണ്ടാളും തമ്മിൽ ചെറുതായി തർക്കിക്കുന്നുണ്ട്. സംസാരം കേട്ട് ദക്ഷ ഞെട്ടി തലയുയർത്തി. "ഡീ... ഐഷു... നീ കേട്ടോ അവര് പറയുന്നേ.... ശ്രദ്ധിച്ചു നോക്ക്..." "ന്തോന്നാ... "

അടുത്തിരുന്ന ഐഷുവിനെ തോണ്ടിവിളിച്ചുകൊണ്ട് രണ്ടാളുംകൂടി നോട്ടം ശിവയിലേക്ക് കൊണ്ടുവന്നു. പേടിയോടെ തന്നെയാണെങ്കിലും സീറ്റിൽ നിന്നും ശിവ എഴുനേറ്റു മുന്നിലേക്ക് പതിയെ നടന്നു. കാലടികൾ വളരെ പതുക്കെ ചലിപ്പിച്ചു. "ഡീ.... ദേ വരണു.... ഇത് നിന്നോട് ഇഷ്ട്ടം പറയാൻ തന്നെയാ... ഓഹ്.... ഒച്ച് പിന്നെയും വേഗത്തിൽ വരോല്ലോടി.... " "നീയൊന്ന് മിണ്ടാണ്ടിരുന്നേ.... ദൈവമേ.... എനിക്ക് പേടിയാകുന്നു.... ഡീ... ഞാനവനോട് എന്ത് പറയും.... ആകെ കുഴപ്പായല്ലോ.... " ദക്ഷയുടെ കൈകൾ തണുത്തു വിറച്ചു.മേൽ ചുണ്ടിനുമുകളിലായി വിയർപ്പുകണങ്ങൾ നിറഞ്ഞു. കണ്ണുകളെന്തോ ഉയർത്തി നോക്കാൻ മടി പോലെ. എങ്കിലും അവനെ നോക്കാതിരിക്കാനുമാകുന്നില്ല. അവളിരിക്കുന്നതിന് തൊട്ട് മുന്നിലുള്ള ബഞ്ചിനടുത്തായി അവൻ വന്നു നിന്നു. അവളിൽ ഹൃദയത്തിന്റെ തുടിപ്പ് ഉച്ചത്തിലായി.

അവന്റെ ചുണ്ടിൽ ചെറുചിരി... പ്രണയം ആ കണ്ണുകളിലും നിറഞ്ഞതുപോലെ... അവന്റെ വാക്കുകൾക്കായി കാതുകൾ കാത്തുനിന്നു.... "എനിക്ക് നിന്നെ..... നിന്നെ ഒത്തിരി ഇഷ്ട്ടവാ..." പ്രതീക്ഷിച്ച വാക്കുകൾ... ഏറെ കൊതിച്ചവ... എങ്കിൽ പോലും അവന്റെ നാവിൽ നിന്നും വീണ ഈ വാക്യം അവളെ ചുട്ടുപൊള്ളിച്ചു. ഹൃദയം വേദനയാൽ പൊട്ടുന്നതു പോലെ... കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഭൂമിയിൽ വീണുനശിച്ചു. ആയിഷ സങ്കടത്തോടെ അവളെ നോക്കി. കാത്തിരുന്ന നിമിഷം.... ഇന്നിതാ അവൾ വെറുക്കുന്ന നിമിഷവും ഇതുതന്നെയായിരിക്കും.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story