❣️ദക്ഷ ❣️: ഭാഗം 12

Daksha Ponnu

രചന: പൊന്നു

 ആയിഷ സങ്കടത്തോടെ അവളെ നോക്കി. കാത്തിരുന്ന നിമിഷം.... ഇന്നിതാ അവൾ വെറുക്കുന്ന നിമിഷവും ഇതുതന്നെയായിരിക്കും...... ഒരുപാട് സ്നേഹിച്ചവൻ.... എന്തിനായിരുന്നു എല്ലാം.... അവന്റെ കണ്ണിൽ ഇപ്പോഴും പ്രണയമുണ്ട്. പക്ഷെ അവളോടല്ലെന്ന് മാത്രം.... ഉള്ളിലെ പ്രണയം തുറഞ്ഞു പറഞ്ഞത് മറ്റൊരാളോട്.... "ഡോ.... എന്തെങ്കിലുമൊന്ന് പറയ്.... " ദക്ഷ ഇരിക്കുന്നതിനു തൊട്ടു മുന്നിലായിരിക്കുന്ന പെൺകുട്ടിയോടവൻ പിന്നെയും ചോദിച്ചു. ആ പെൺകുട്ടി മുഖം പിറകിലേക്ക് ചരിച്ച് ദക്ഷയെ നോക്കി. മുഖത്ത് സഹതാപമാണോ? അതോ പുച്ഛമോ.... അവളും അർത്ഥം വെച്ചു പറഞ്ഞിട്ടുണ്ടൊരിക്കൽ.... "അവനെന്തിനാടി നിന്നെ നോക്കുന്നെ.... എന്തോ ഉണ്ടല്ലോ.... " മറുപടിയായി ദക്ഷ വെറുതെ ഒന്ന് ചിരിക്കും.

"എന്തിനായിരുന്നു തന്നോട് ഈ ചതി.... ആർക്കും ഒരു ശല്യവില്ലാർന്നല്ലോ.... അല്ലെങ്കിലും കുറ്റം എന്റെ മാത്രാ.... ന്റെ മാത്രം.... അവനെന്നോട് ഇഷ്ട്ടം പറയും മുന്നേ..... ഞാനല്ലേ.... അവനെ സ്നേഹിച്ചേ..... " ഒരിറ്റു കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങിയെങ്കിലും ഭൂമിയിൽ പതിക്കാനതിനെ അനുവദിക്കാതെ കൈകൊണ്ടവൾ തുടച്ചുമാറ്റി.... "ഇഷ്ട്ടല്ലേ എന്നെ.... പറാന്നേ.... " അവന്റെ ശബ്ദം പിന്നെയും കാതുകളെ വേദനിപ്പിച്ചു.... ആ പെൺകുട്ടി മൗനം പാലിച്ചു. ഇടയ്ക്കിടെ ദക്ഷയെ തിരിഞ്ഞു നോക്കുകയും ചെയ്തു. അതു കണ്ടിട്ടും ശിവയുടെ കണ്ണുകൾ അറിയാതെ പോലും ദക്ഷയെ തേടിയെത്തിയില്ല. ദയനീയമായി നോക്കുന്നവൾക്ക് ദക്ഷ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. വിരഹചൂടിൽ അവൾ ഉരുകുകയാണെങ്കിലും പുറമേ അതു കാണിച്ചില്ല.

ആയിഷയുടെ കൈ ദക്ഷയുടെ കരങ്ങൾക്കുമേൽ മുറുകി. എന്നിട്ടും പ്രതികരിച്ചില്ല. പുഞ്ചിരിയുടെ മുഖംമൂടി അണിഞ്ഞ ഒരു പാവയെ പോലെ അവളിരുന്നു. സമനില തെറ്റുന്നത് പോലെ, ഹൃദയം അനേകമായിരം കഷ്ണങ്ങളായി മുറിഞ്ഞു പോകുന്നുവോ...? മറുപടി നൽകാനാവാതെ ആ പെൺകുട്ടി തല കുനിച്ചിരുന്നു. ഒരല്പ നേരത്തെ ആലോചനയ്ക്കു ശേഷം അവനു മറുപടി കൊടുക്കാനെന്നവണ്ണം തലയുയർത്തി നോക്കി.... "എനിക്കിഷ്ട്ടല്ലാ....." ദക്ഷയുടെ മുഖം മനസ്സിൽ തെളിഞ്ഞിട്ടാവും അവന്റെ മുഖത്തു നോക്കി തന്നെ ഒരൽപ്പം പോലും പതർച്ചയില്ലാതെയവൾ മറുപടി പറഞ്ഞു. ഞൊടിയിടയിൽ തന്നെ ശിവയുടെ മുഖത്ത് സങ്കടം നിറഞ്ഞു. "അതെന്താ.... എഡോ ഞാൻ സീരിയസ് ആയിട്ടാ... അല്ലാതെ ടൈം പാസ്സിനല്ല.... സത്യം.... "

"അത്...... അത് പിന്നെ.... കാരണമൊന്നൂല്ല...പെട്ടെന്ന് ഇങ്ങനെ ചോദിച്ചാൽ.... എനിക്ക് ആലോചിക്കാൻ സമയം വേണം.... പ്ലീസ്.... " "ഓക്കേ.... പിന്നെ പറഞ്ഞാ മതി... പറ്റുമെങ്കിൽ നാളെ തന്നെ...." "മ്മ്.... പറയാം... " പറയുമ്പോഴും അവന്റെ ചുണ്ടുകളിൽ ചെറുചിരി മൊട്ടിട്ടിരുന്നു. ദക്ഷയുടെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു. വേദന ഉള്ളിലൊതുക്കി., മറ്റുള്ളവരോട് താൻ സന്തോഷത്തിലാണെന്ന് പറയാൻ വേണ്ടിയുള്ള ജീവനില്ലാത്ത ചിരി.... "എന്നെ വിടൂ.... എനിക്ക് അഗ്നിയായ് അവന്റെ മേൽ പതിക്കണം.... വിടൂ.... വിടൂ..... " പൊഴിയാൻ അനുവദിക്കാതെ പിടിച്ചുനിർത്തിയിരിക്കുന്ന കണ്ണുനീർ അവളോട് ഉറക്കെ അലറി വിളിച്ചുകൊണ്ട് പറഞ്ഞു.പിന്നെയും പിന്നെയും അവ ദേഷ്യത്തിൽ അലറി. പെണ്ണിന്റെ കണ്ണുനീരിന്റെ കോപം.....

ചിരിയോടെ പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവൻ പിന്നെയും നേരെ നിന്നു. മറ്റാരേയും കൂസാക്കാതെ അവന്റെ നോട്ടം കൃത്യമായി ദക്ഷയിൽ എത്തി നിന്നു. കലങ്ങിയ കണ്ണുകൾ അവൻ കാണരുതെന്ന് കരുതിയിട്ടാവും അവനിൽ തറഞ്ഞു നിന്ന കണ്ണുകളെ പിൻവലിച്ചു താഴേക്കു നോക്കി. "ദക്ഷ.... " തീരെ പ്രതീക്ഷിക്കാതെയുള്ള അവന്റെ വിളിയിൽ അവൾ ഞെട്ടിപോയിരുന്നു. മിഴികളുയർത്താതിരിക്കാനായില്ല. എന്തിനാവും തന്നെ വിളിച്ചതെന്നറിയാൻ നോട്ടം അവനിലേക്ക് പായിച്ചു. "ഡോ.... എനിക്കൊന്ന് സംസാരിക്കണം... വരാമോ... " "മ്മ്.... അതിനെന്താ വരാല്ലോ..." മറുത്തൊന്നും ചിന്തിക്കാൻ നിന്നില്ലവൾ.അവനോട് സംസാരിക്കുന്നതവൾക്ക് അത്രമേൽ പ്രിയപ്പെട്ടകാര്യമാണ്.ഇരുന്നിടത്തു നിന്നും എഴുനേറ്റ് അവനൊപ്പം മുന്നോട്ടു നടന്നു

ക്ലാസ്സിലേക്ക് കടന്നുവരാനുള്ള വാതിലിനടുത്തായി അവർ നിന്നു. "എന്താടാ പറയ്.... " നിറയാൻ വെമ്പി നിൽക്കുന്ന മിഴികളെ തടഞ്ഞു വെച്ചുകൊണ്ടവൾ ചെറുചിരിയോടെ തന്നെ അവനോട് ചോദിച്ചു.... അവനു പറയാനുള്ളതെന്താവുമെന്ന് ഊഹിക്കാൻ പോലും അവൾ തുനിഞ്ഞില്ല.ഹൃദയത്തിനേറ്റ മുറിവ് ഒരുപക്ഷെ അത്രത്തോളം കഠിനമായിരിക്കാം... "അത്... ഡി... എനിക്ക് കാർത്തിയെ ഭയങ്കര ഇഷ്ട്ടാ.... അവളെന്ന് വെച്ചാ എനിക്ക്.... എനിക്ക് വട്ടാണ്.... എത്ര നാളായിട്ട് പറയണമെന്ന് വെച്ചിരിക്കാണെന്നോ..." "ഇതൊക്കെ എന്തിനാ എന്നോട്... എന്നോട് പറയുന്നേ.... " എത്ര ശ്രമിച്ചിട്ടും അവളുടെ തൊണ്ടയിടറി, മിഴികൾ നിറഞ്ഞു. "അത് നീ അവളുമായി നല്ല കമ്പനി ആണല്ലോ... നിനക്ക് അവൾടെ മനസ് മാറ്റാൻ പറ്റും... പ്ലീസ് ഡി...... "

"നീ എന്താ പറയുന്നേ.... എനിക്കൊന്നും മനസ്സിലാവണില്ല.... " "എടീ.... നീ അവളെ എങ്ങനെ എങ്കിലും എനിക്കൊന്ന് സെറ്റ് ആക്കി തരണം.... പറ്റില്ലെന്ന് പറയല്ലേ.... പ്ലീസ്.... " വാളുകൊണ്ടവൻ അവളുടെ ഹൃദയത്തെ അരിഞ്ഞുവീഴ്ത്തിയതുപോലെ.... തന്റെ പ്രണയമായിരുന്നു, ജീവനായിരുന്നു... അവനെന്റേതാണെന്ന് പറഞ്ഞതാണ് പലപ്പോഴും.... ഇന്നോ.... തന്റെ പ്രണയത്തെ മറ്റൊരാൾക്ക് നൽകണമത്രേ.... കഴിയുമോ ആ പാവം പെണ്ണിനെക്കൊണ്ട്.... ശരീരം തളരുന്നത് പോലെ തോന്നിയവൾക്ക്.... ഭൂമി പിളരുന്നതുപോലെ.... 'ഇല്ല.... ആവില്ലെനിക്ക്... നീ എന്റെയല്ലേ... ഞാനല്ലേ നിന്നെ സ്നേഹിച്ചേ..... പിന്നെങ്ങനാ മറ്റൊരു പെണ്ണിനോട് നിന്നെ സ്നേഹിക്കണമെന്ന് ഞാൻ പറയുന്നേ...പറ്റില്ല... ഇല്ല... ഇല്ല... '

മൗനമായി നാവും ഹൃദയവും ഉറക്കെ വിളിച്ചുപറഞ്ഞു. വാക്കുകളൊന്നും പുറത്തേക്കു വരാതെ കെട്ടികിടക്കുന്നു. "ഡോ..... എന്താ ഒന്നും പറയാത്തെ.... എനിക്ക് വേണ്ടി ഈ ഒരു സഹായം ചെയ്തു തരണം... പ്ലീസ്..." " മ്മ്മ്.... നീ പേടിക്കണ്ട എല്ലാം ഞാൻ തന്നെ ശരിയാക്കി തരാം... നിങ്ങളെ തമ്മിൽ ഒരുമിപ്പിക്കാതെ എനിക്കിനി സമാധാനം കിട്ടില്ല.... പോരെ.. " "ഓഹ്.... താങ്ക്സ് ഡി.... " നന്ദിസൂചകമായി ചിരിയോടെ തലയാട്ടിയവൻ അവളെ മറികടന്നു നടന്നുപോയി. കുറച്ചുനേരം നിന്നിടത്തുനിന്നും ഒരിഞ്ചുപോലും അനങ്ങാതെയവൾ നിന്നു. ചുണ്ടുകൾ വിതുമ്പി.അവന്റെ മുന്നിൽ പുഞ്ചിരിയുടെ മറവിൽ മറച്ചുവെച്ചിരുന്ന കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി ഭൂമിയിൽ പതിച്ചു. ബെല്ലടിച്ചതും ആരും കാണാതെ കണ്ണുനീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കി തിരികെ സീറ്റിലേക്ക് വന്നിരുന്നു.ആയിഷയുടെ മുഖത്ത് നോക്കിയില്ല.

ശിവ ഇഷ്ട്ടപെടുന്ന പെൺകുട്ടിയെ മാത്രം നോക്കിയൊന്നു ചിരിച്ചു. തിരികെ അവളും... "ദച്ചൂ.... അവനെന്താ പറഞ്ഞെ നിന്നോട്... പറയ്...." "കാർത്തിയെയും അവനെയും ഒന്നിപ്പിക്കാൻ ഞാൻ സഹായിക്കണമെന്ന്... " "ഓഹോ... വേറാരോടും അവനിത് പറയണ്ടാരുന്നല്ലോ..... എന്നിട്ട് നീയെന്ത് പറഞ്ഞു അവനോട്.... മനസ്സില്ലാ.... പോയി പണിനോക്കെടാന്ന് പറഞ്ഞൂടാരുന്നോ നിനക്ക്...." "എന്തിന്.... അവനെന്നോട് ഒരു ഹെല്പ് ചോദിച്ചു... ഞാൻ സഹായിക്കാമെന്ന് വാക്കും കൊടുത്തു..... അതോടെ അത് കഴിഞ്ഞു.... " "നീയെത്ര നിസാരമായിട്ടാടി പറയുന്നേ.... നിനക്കൊരു സങ്കടവുമില്ലേ.... കണ്ണ് നിറയുന്നത് ആരും കാണാണ്ടിരിക്കാൻ വേണ്ടീട്ടല്ലേ നീ കുനിഞ്ഞിരിക്കുന്നെ...." ആയിഷയുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.

"ഏയ്... എനിക്കെന്ത് സങ്കടം.... അതിന് ഞങ്ങള് തമ്മിൽ ഇഷ്ടത്തിലൊന്നും അല്ലായിരുന്നല്ലോ.... എല്ലാം എന്റെ വെറും തോന്നൽ മാത്രമായിരുന്നു.... ഹാ... ഓരോരോ പൊട്ടത്തരങ്ങൾ.... ഓർക്കുമ്പോ എനിക്ക് ചിരിയാ വരുന്നേ.... " പറയുമ്പോൾ ചുണ്ടുകൾ വിതുമ്പി.., കണ്ണുകൾ നിറഞ്ഞുതുളുമ്പി.... "ആരോടൊക്കെ കള്ളം പറഞ്ഞാലും നീ എന്നോട് പറയരുത്ട്ടോ.... " അത്രമാത്രം ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ആയിഷ തിരിഞ്ഞിരുന്നു. എന്നിട്ടുപോലും ദക്ഷ തലയുയർത്തി നോക്കിയില്ല. നിറഞ്ഞ കണ്ണുകളോടെ എതിർവശത്തായിരിക്കുന്നവനെ നോക്കി. അവൻ ഡെസ്കിൽ കിടന്നുകൊണ്ട് കാർത്തിയെ നോക്കുന്ന തിരക്കിലാണ്. ഇമവെട്ടാതെ അവളെ തന്നെ പ്രണയപൂർവം നോക്കുന്ന ശിവയെ കണ്ടതും ഹൃദയം വിങ്ങി. ഇടതടവില്ലാതെ കണ്ണുനീർ ഒഴുകിയിറങ്ങി.... ശിവയെയും കാർത്തികയേയും ദക്ഷ മാറി മാറി നോക്കി....

ഒടുവിൽ തന്റെ കൈകളിലേക്കും... "അല്ലേലും നന്നായെ ഉള്ളു.... എന്നെക്കാൾ അവളാ ചേരുന്നേ... പണം കൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാം അവൾ തന്നെയാ നല്ലത്.... ഇതങ്ങു ഞാൻഅന്നേ ചിന്തിച്ചിരുന്നേൽ എത്ര നന്നായേനെ.... ആർക്കും വേണ്ടാത്ത വെറും പാഴ്ജന്മം.... " സ്വയം കുറ്റപ്പെടുത്തി അവൾ തന്നെ അവളെ ശിക്ഷിക്കുകയായിരുന്നു... ശിവയുടെ പ്രണയത്തിന് ഹംസമായി നിന്നത് ദക്ഷ തന്നെയാണ്. കാർത്തികയോട് ഓരോന്ന് പറഞ്ഞു പിറകെ കൂടി അവളുടെ മനസ്സിൽ ശിവയോടുള്ള പ്രണയം നിറച്ചതും ദക്ഷയാണ്... സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവർക്കു മുന്നിൽ ചിരിയോടെയവൾ നിന്നു.

വീട്ടിൽ ചെന്നാലോ... തലയിണയിൽ മുഖമമർത്തി ആരും കേൾക്കാത്ത വിധത്തിൽ തേങ്ങികരയും.... കൈകൾ കോർത്തിണക്കി വരാന്തയിലൂടെ നടക്കുന്ന ശിവയെയും അവന്റെ മാത്രം കാർത്തിയെയും കാണുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. താൻ കൊതിച്ച നിമിഷമാണ്. ഇന്നാ സ്ഥാനം അവൾ തന്നെ മറ്റൊരുവൾക്ക് നൽകി. ദിവസവും അവൾ സ്വയം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണവൾ.... എന്തിനായിരുന്നു ആ നോട്ടം...? ഇഷ്ട്ടമുണ്ടായിരുന്നോ ഒരിക്കലെങ്കിലും....?......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story