❣️ദക്ഷ ❣️: ഭാഗം 15

Daksha Ponnu

രചന: പൊന്നു

ഏതോരാണിനെ കണ്ടാലും മനസ്സിലേക്കോടിയെത്തുന്നത് ശിവയാണ്. ആണെന്ന വർഗ്ഗത്തിനോട് തന്നെ ആ സമയം ദക്ഷയ്ക്ക് ദേഷ്യം തോന്നും. അവന്റെ ആ കണ്ണുകളും നോട്ടവും ചുട്ടെരിക്കുന്നത് പോലെ... മിഴികളൊന്ന് അടച്ചുതുറന്നു, ശ്വാസം നീട്ടിവലിച്ചവൾ ഫോൺ മാറ്റിവെച്ചു. സമയമേറെ നീണ്ടുപോയെന്നവൾ ഓർത്തു. എഴുത്തു നിർത്തി ഇരുന്നിടത്തുനിന്നും എഴുനേറ്റ് ദർശിനടുത്തേക്ക് നടന്നു. "ഏട്ടാ... എണീറ്റെ.... എണീക്കെന്നെ.... നേരമിപ്പോ തന്നെ വൈകി. ഗുളിക കഴിക്കണ്ടേ... എണീക്ക്... " "മ്മ്മ്.... ഹ്മ്മ്‌... " ചെറുമൂളലോടെയവൻ തിരിഞ്ഞു കിടന്നു. "ഇങ്ങേരെ ഞാൻ.... ദേ എണീക്കുന്നുണ്ടോ.. ഇല്ലേൽ ഈ വയ്യാത്ത കൈയിലിട്ട് ഇടിക്കുവേ... " "മ്മ്മ്.... എണീറ്റു... ...ആഹ്.... കൈ..." എഴുനേൽക്കുന്നതിനിടയിൽ മുറിവുപറ്റിയ കൈ എവിടെയോ തട്ടിയതും വേദനയോടെയവൻ കൈ തടവി. "സൂക്ഷിക്കാൻ എത്ര പറഞ്ഞാലും കേക്കില്ല... ദേ മരുന്ന് കഴിച്ചിട്ട് ഉറങ്ങിക്കോ...... " വേദനയുള്ള കൈ പതിയെ തടകികൊടുത്തവൾ കൈയ്യിൽ കരുതിയിരുന്ന മരുന്ന് അവനുനേരെ നീട്ടി. "എനിക്ക് വേണ്ട.... കൊണ്ട് പോ... " നീട്ടിയ കൈകളേയും അവളെയും അവഗണിച്ചുകൊണ്ട് മുഖം തിരിച്ചു. "അതെന്താ....? മര്യാദയ്ക്ക് കഴിച്ചോ.... "

"എനിക്ക് വേണ്ടാന്നല്ലേ പറഞ്ഞെ.... വെറുതെ മരുന്ന് കഴിക്കുന്ന എന്തിനാ... മുറിവൊക്കെ അതിന്റേതായ സമയത്തങ് ഉണങ്ങിക്കോളും.... നീ വന്ന് കിടക്കുന്നേൽ കിടക്ക്.... " വേദന കാരണമുള്ള ദേഷ്യമാണിതെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ദക്ഷ അധികം തർക്കത്തിനു നിന്നില്ല. "മരുന്ന് കഴിച്ചില്ലെങ്കിൽ പിന്നെയെന്നോട് മിണ്ടണ്ട.... ഇന്ന് മാത്രം കഴിച്ചാൽ മതി. ഈ ദേഷ്യം വേദനിച്ചിട്ടാണെന്ന് അറിയാം. ഇത് കഴിക്ക് വേദന മാറും. വാശികാണിക്കല്ലേ....പ്ലീസ്.... " ശാന്തമായിരുന്നു അവളുടെ സ്വരം. മറുപടിയൊന്നും നൽകാതെ അവളിൽ നിന്നും ഗുളിക വാങ്ങി കഴിച്ചു. ഒരു നോട്ടം കൊണ്ടുപോലും പരിഗണിക്കാതെ പതിയെ കിടന്നു. ഒരുപക്ഷെ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞുപോകുമോ എന്ന തോന്നലാകാം. ഉറങ്ങുന്നവനെ ഒരല്പനേരം നോക്കി നിന്നശേഷം അവളും കിടന്നു. കട്ടിലിന്റെ ഇരുവശത്തായി കിടന്നെങ്കിലും ഇരുവർക്കും ഉറക്കം വന്നിരുന്നില്ല. ആ ചെറിയ അകലം പോലും ശ്വാസം മുട്ടിക്കുന്നതുപോലെ. ദച്ചു അവന്റെ അടുത്തേക്ക് നീങ്ങി കിടക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. അവനെന്തുകൊണ്ടോ അവളിൽ നിന്നകന്നു കിടക്കാനായില്ല. "ദച്ചൂ... ഉറങ്ങിയോ....? " "ഇല്ല.... " ചോദിക്കാൻ കാത്തുനിന്നതുപോലെ ഒരൊറ്റ വാക്കിലവൾ മറുപടി നൽകി.

"ഇതെന്തിനാ ഇത്രേം അകലം.... ഈ വയ്യാത്ത കൈയ്യും കാലും വെച്ച് എനിക്കങ്ങു വരാൻ പറ്റില്ല. നീയൊന്നിങ്ങോട്ട് നീങ്ങി കിടക്കോ.... എന്നും എന്റെ അടുത്തല്ലേ കിടക്കാറ്... ഇന്നെന്തേയ് ഒരു പുതുമ.... " മറുപടി നൽകാതെ തന്നെ അവന്റെ ചാരത്തായി വന്നു കിടന്നു. അവനു വേദനിക്കാത്ത വിധം പതിയെ പുണർന്നുകൊണ്ട് കിടന്നു.. "ദേഷ്യായിരുന്നല്ലോ.... അതുകൊണ്ടാ.... " ആ വാക്കുകളിൽ ഒരൽപ്പം പരിഭവം കലർന്നിരുന്നു. "സോറി.... എന്തോ അപ്പൊ ദേഷ്യം വന്നു. അതാ അങ്ങനെയൊക്കെ... " "മ്മ്മ്.... സാരല്ല... " പരസ്പരം പുണർന്നിരുവരും നിദ്രയിലേക്ക് വീണു..... ******** പിന്നീട് രണ്ടുദിവസത്തേക്ക് അവനിൽ നിന്നും മെസ്സേജ് ഒന്നും തന്നെ വന്നില്ല. അവളങ്ങോട്ടേക്ക് അയക്കാനൊട്ടും പോയതുമില്ല. അവളുടെ ഓർമയിൽ നിന്നും അവൻ തന്നെ മാഞ്ഞുപോയിയെന്ന് പറയുന്നതാവും ശരി. ബോറടി മാറ്റാൻ വെറുതെ ഫോണിൽ നോക്കിയിരുന്നപ്പോഴാണ് ദർശിന്റെ കാര്യം ഓർത്തതുപോലും. സമയമൊട്ടും കളയാതെ തന്നെ വാട്സാപ്പ് തുറന്ന് അവന് മെസ്സേജ് ഇട്ടു. ഉടനെവീണ നീലകളർ ഡബിൾ ടിക്കിൽ ഒരുനിമിഷമവൾ ഞെട്ടിപോയിരുന്നു. "ഇവനെന്താ എന്റെ ഓൺലൈൻ നോക്കി നോക്കി ഇരിക്കുവാണോ... " മനസ്സിൽ പറഞ്ഞുകൊണ്ടവൾ അവന്റെ മറുപടിക്കായി കാത്തുനിന്നു.

'ഹലോ.... ' 'ഇതെന്താ മാഷേ എന്നെയും നോക്കി ഇരിക്കുവാരുന്നോ... മെസ്സേജ് അപ്പൊ തന്നെ സീൻ ചെയ്തല്ലോ.... 🤔😄' 'അതേല്ലോ.... രണ്ട് ദിവസായില്ലേ..😒 മെസ്സേജ് എന്തെങ്കിലും വന്നോന്നറിയാൻ ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കും.' 'ആഹാ.... എന്തേയ് ഇങ്ങനെ... മുൻപ് എന്നോട് എന്ത് ദേഷ്യായിരുന്നു... ഇപ്പൊ പോയോ... 🤭 മര്യാദ പഠിപ്പിക്കാൻ വന്നിട്ട് എല്ലാം മറന്നോ... ' 'മറന്നിട്ടൊന്നുമില്ലേ.... വഴിയേ പഠിപ്പിച്ചോളാം😜.... ഡോ... നമുക്ക് നല്ല ഫ്രണ്ട്‌സ് ആയാലോ... ' 'മ്മ്... ഓക്കേ.... 😁' ഒരുനിമിഷം chindhicha ശേഷം അവനു മറുപടി നൽകി. അവിടെനിന്നും തുടങ്ങുകയായിരുന്നു ഇരുവരുടെയും ബന്ധം. ഒരുപക്ഷെ പ്രണയത്തെക്കാൾ മോനോഹരമായ സൗഹൃദത്തിലേക്ക് ആ ബന്ധം വളർന്നു. ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട്. മെസ്സേജുകളിലൂടെ മാത്രം.... പിറ്റേന്ന് വൈകുന്നേരം വാട്സാപ്പ് സ്റ്റാറ്റസുകൾ വേഗത്തിൽ കണ്ടുപോകുന്ന കൂട്ടത്തിൽ അവന്റെയും കണ്ണുകളിൽ ഉടക്കി. ഒരു ലവ് സ്റ്റാറ്റസ്... അഞ്ചോ ആറോ വയസ്സുള്ള ഒരു ആൺകുട്ടി സമപ്രായമുള്ള പെൺകുട്ടിയ്ക്ക് നേരെ ഒരു പേപ്പർ വെച്ചു നീട്ടുന്ന വീഡിയോ... അതിനു താഴെ അടിക്കുറിപ്പായി എഴുതിയ വരികൾ ഇങ്ങനെയായിരുന്നു. "❤എന്റെ പെണ്ണിനെ ഞാൻ കണ്ടുപിടിച്ചേ..... 🥳❤" കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു വേദന പോലെ തോന്നിയവൾക്ക്.

ഇന്നലെ ചാറ്റ് ചെയ്തതാണ്. എന്നിട്ടും പറഞ്ഞില്ലല്ലോ എന്നതിലാണോ അതോ മറ്റെന്തെങ്കിലും കാരണമോ...? 'ആഹാ... ആരാ ആ നിർഭാഗ്യയായ പെൺകുട്ടി.. 🤭' സ്റ്റാറ്റസിനു റിപ്ലൈ അയച്ചു. കഷ്ടിച്ച് അഞ്ചോ പത്തോ മിനിട്ടുകഴിഞ്ഞിട്ടുണ്ടാവും മറുപടി വന്നു. 'അതൊക്കെ ഉണ്ട് 😌.' 'എന്നാലും പറയെന്നേ... അവൾ ഓക്കെ പറഞ്ഞോ... എന്നാ സെറ്റായെ.... ' 'ഏയ് സെറ്റായില്ല😁... പ്രൊപ്പോസ് പോലും ചെയ്തില്ല. ഇപ്പോ ഫ്രണ്ടാണ്... ഇഷ്ട്ടാണെന്ന് പറയണം... അവൾ നോ പറയുമോയെന്ന എന്റെ പേടി.... 🙂' 'ഏയ്.... ഇയാളെ പോലെ സുന്ദരനും സൽഗുണ സമ്പന്നനും ബുദ്ധിയില്ലാത്തവനുമായ ഒരാളെ ഏതേലും പെണ്ണ് വേണ്ടാന്ന് വെക്കോ..🤭' 'ഓ.... എനിക്കിട്ട് താങ്ങിയത് മതി.... ' 'ഓക്കെ... നിർത്തി. താൻ പോയി പ്രൊപ്പോസ് ചെയ്യ്.. ഇല്ലേൽ നല്ല ആമ്പുള്ളേര് കൊണ്ടുപോവും.... എന്റെ എന്തെങ്കിലും ഹെല്പ് വേണേൽ പറഞ്ഞാൽ മതി. ഇപ്പൊ തന്നെ പോയി പ്രൊപ്പോസ് ചെയ്യെന്നെ... ' ചെറുനോവോട് കൂടിയാണെങ്കിലും അവൾ പറഞ്ഞു.ഈ അവസരം നല്ലതാണെന്ന് തോന്നിയിട്ടാവും അവന്റെ മുഖത്ത് സന്തോഷമായിരുന്നു. 'പറയാല്ലേ... എങ്കിൽ ഞാൻ പോയി പറയട്ടെ....താൻ പോവല്ലേട്ടോ....' 'ഇല്ല... പറഞ്ഞിട്ട് വായോ... അവളെന്തു പറഞ്ഞൂന്ന് പറയണേ... ' ആ മെസ്സേജ് അവൻ സീൻ ചെയ്തെങ്കിലും റിപ്ലൈ ഉണ്ടായിരുന്നില്ല.

ആള് എന്തോ ടൈപ്പ് ചെയ്യുകയാണ്.... "ഇവനിതെന്തുവാ നോവൽ എഴുതുന്നോ... അവളോട് പോയി പറയാൻ പറഞ്ഞപ്പോ ഇവിടെ ഇരുന്ന് ടൈപ്പ് ചെയ്യുന്നോ... " അവനെന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ നിൽക്കാതെയവൾ ഫോൺ ഓഫ് ആക്കി വച്ചു. "എന്നാലും അവനെന്താവും പറയാൻ വന്നേ.... എന്തേലും സീരിയസ് കാര്യം ആവും. അല്ലാതെ ഇത്രയും സമയം ടൈപ്പ് ചെയ്യൂലല്ലോ..." അവനിലേക്ക് ചേക്കേറാൻ മനസ്സ് കൊതിക്കുന്നത് പോലെ. പിന്നെയും ഫോൺ എടുത്തു നോക്കി. ഇപ്പോഴും ടൈപ്പിംഗ് തന്നെ. "ന്റെ ദേവ്യേ.... ഇതുവരെ കഴിഞ്ഞില്ലേ.... " താടിയ്ക്ക് കൈകൊടുത്തുകൊണ്ട് അവന്റെ മെസ്സേജിനു വേണ്ടി കാത്തിരുന്നു. പിന്നീട് അതികം വൈകാതെ തന്നെ അവന്റെ മെസ്സേജ് വന്നു. "സത്യായിട്ടും വിറച്ചു വിറച്ചാ ടൈപ്പ് ചെയ്തേ.... ധൈര്യം ഇല്ലാഞ്ഞിട്ടല്ല.. എന്തോ കൈയ്യും കാലുമൊക്കെ വിറയ്ക്കുവാ... നീ നേരത്തെ പറഞ്ഞില്ലേ ഇഷ്ട്ടം അവളോട് തുറന്നുപറയാൻ. പറയാൻ പോകുവാ... ഇത്രയും പറഞ്ഞിട്ടും നിനക്ക് ആ പെണ്ണാരാണെന്ന് മനസ്സിലായില്ലേ...?സാരമില്ല ഇനീപ്പോ ഞാൻ തന്നെ പറഞ്ഞേക്കാം... ആ നിർഭാഗ്യവതി നീതന്നെയാ... തൽകാലം വേറെ ആരെയും അങ്ങോട്ടേക്ക് കേറ്റുന്നില്ല. നീ മതി. സിനിമ സ്റ്റൈലിൽ നേരിട്ട് വന്ന് പ്രൊപ്പോസ് ചെയ്യണമെന്നൊക്കെയിണ്ട്...

പക്ഷെ എനിക്കതിനുള്ള ധൈര്യമില്ല. ഇപ്പൊ തന്നെ കൈവിറയ്ക്കുവാ... എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടവാ.... ആദ്യം തന്നെ എന്നോട് വഴക്കിട്ടില്ലേ, ആ പെണ്ണിനെയാ എനിക്കിഷ്ടപ്പെട്ടെ... നമ്മള് നേരിട്ട് കണ്ടിട്ടില്ലെന്ന് അറിയാം. ഇപ്പൊ പരിചയപ്പെട്ടിട്ട് മൂന്നോ നാലോ ദിവസം മാത്രം... എന്നാലും എനിക്കിഷ്ട്ടാ, നീ ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാൽ മതി.. ❤❤" വായിച്ചുകഴിഞ്ഞിട്ടും അവൾക്ക് നൽകാൻ ഉത്തരമുണ്ടായിരുന്നില്ല. ഒരടുപ്പം അവനോട് തോന്നിയെന്നത് ശരിയാണ്... എങ്കിലും ഒരിക്കലും അത് പ്രണയമാണെന്ന് വിശ്വസിക്കാൻ അവൾക്കവുമായിരുന്നില്ല. ഇനിയൊരു പ്രണയമില്ലെന്ന് എന്നോ ഉറപ്പിച്ചതാണ്.ഇപ്പോഴും അതിലൊരു മാറ്റാവുമില്ല. അവൻ അവളുടെ മറുപടിയും കാത്തിരിക്കുക തന്നെയാണ് എന്തുപറയുമെന്നറിയാതെ അവളും... "ഇഷ്ട്ടമല്ലെന്ന് പറഞ്ഞാലോ... സങ്കടാവോ... അതോ ഇനി എന്നെ ശപിക്കുവോ.... ഇഷ്ട്ടാണെന്ന് പറയാനും പറ്റില്ല... എനിക്കിഷ്ടല്ലാതെ എന്തിനാ ഇഷ്ട്ടാണെന്ന് പറയുന്നേ.... " എത്ര ചിന്തിച്ചിട്ടും വ്യക്തമായൊരു ഉത്തരം അവൾക്ക് കിട്ടിയില്ല.... 'എടോ... എന്താ ഒന്നും പറയാത്തെ.... ' അവന്റെ മെസ്സേജ് പിന്നെയും എത്തി. 'അത്.... എനിക്കിഷ്ട്ടല്ല... ' വിറയ്ക്കുന്ന കൈകളോടെ ആണെങ്കിൽ കൂടി അവൾ റിപ്ലൈ കൊടുത്തു........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story