❣️ദക്ഷ ❣️: ഭാഗം 17

Daksha Ponnu

രചന: പൊന്നു

"ഓഹ്.... ഞാനൊന്നും പറഞ്ഞില്ലപ്പാ.... എന്റെ വിധി... ഏതുസമയത്താണോ ആവോ ഇങ്ങനൊരു സാധനത്തിനെ പ്രേമിക്കാൻ തോന്നിയെ.... " തലയിൽ കൈവെച്ചുകൊണ്ടവൾ കപടദേഷ്യം നടിച്ചു.... "നീ ആരാടി.... ഏഹ്.... ഡീ വൈഫി... കൂതറെ.... കെട്ട്യോളാണെന്ന് നോക്കൂല പറഞ്ഞേക്കാം.... " "എന്തോ.... എങ്ങനെ.... അതേയ്.... ഞാനിപ്പോ നിന്റെ കാമുകിയാണ്. അല്ലാതെ വൈഫ് അല്ലാ... പിന്നെ കൂടുതൽ വിളച്ചിലെടുത്താൽ ഇണ്ടല്ലോ തേച്ചിട്ട് പോവും... കേട്ടോടാ...." ചിരിയടക്കി പിടിച്ചുകൊണ്ടവൾ മൊബൈൽ സ്ക്രീനിൽ കാണുന്ന അവനെ നോക്കി പറഞ്ഞു. "പോടീ.... " ദിവസവും ഒന്നും രണ്ടും പറഞ്ഞു വഴക്കാണ്. തുടക്കമിടുന്നത് ദക്ഷയും.അവളെ ദേഷ്യം പിടിപ്പിക്കാൻ അവന് വല്ലാത്ത ഉത്സാഹമായിരുന്നു. വഴക്കിട്ട് പിണങ്ങിയിരിക്കുന്ന പെണ്ണിനെകാണാൻ വല്ലാത്ത ചേലാണ്. "അതേയ് നാളെ റിസൾട്ട് വരും... എനിക്കെന്തോ പേടിയാവാ.... മാർക്ക് കുറവാണേൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടൂല, പിന്നെ എന്നെ കെട്ടിച്ചുവിടും അമ്മ... " "എങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ... " അവൻ കളിയാലെ പറഞ്ഞതും ദക്ഷ വീഡിയോ കാൾ കട്ട് ആക്കി... മനസ്സിൽ ദൈവത്തിനെ ധ്യാനിച്ചുകൊണ്ടവൻ അവളെ വിളിച്ചു. കാൾ കട്ട് ചെയ്തു കൊണ്ടിരിക്ക തന്നെയാണ്.

മൂന്നാമത്തെ കാളിൽ അവളെടുത്തു. കൊച്ചു കുട്ടികളെ പോലെ മുഖം വീർപ്പിച്ചിരിക്കുന്ന തന്റെ പെണ്ണിനെക്കാണെ അവനെന്തോ വാത്സല്യം തോന്നി. കണ്ണെടുക്കാനാകാതെ നോക്കി നിന്നു. അവളപ്പോഴും നോട്ടം മറ്റെങ്ങോ മാറ്റി മുഖം വീർപ്പിച്ചിരിപ്പാണ്.ഇടയ്ക്കെപ്പോഴോ കണ്ണുകൾ അവനിലേക്ക് പാറി വീണതും തന്നെ നോക്കിയിരിക്കുന്നവനെ നോക്കി പുരികമുയർത്തി. "എന്താ ഇങ്ങനെ നോക്കുന്നെ.... എന്നെ കെട്ടിച്ചുവിടാൻ ഞാൻ അമ്മയോട് പറയാം... നിങ്ങള് രക്ഷപ്പെടോല്ലോ.... " പിന്നെയും നോട്ടമെങ്ങോട്ടോ മാറ്റി. "എന്റെ ദച്ചൂ.... ദേ ഇങ്ങോട്ട് നോക്കിയേ... ഞാൻ ചുമ്മാ പറഞ്ഞതാന്നെ.... പിന്നെ നീ നാളത്തെ റിസൾട്ട് ഓർത്ത് ടെൻഷൻ ആവണ്ടാ... എല്ലാം ശരിയാകും... ഒന്നിക്കാൻ വിധി ഉണ്ടേൽ ഒന്നിക്കാം.... " "മ്മ്മ്... അഥവാ വീട്ടിൽ കല്യാണമെങ്ങാനും ആലോചിച്ചാലോ.. ഏട്ടൻ വന്ന് അച്ഛനോട് ചോദിക്കോ..." പ്രതീക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കിയവൾ ചോദിച്ചു. മുറിയിലെ വെളിച്ചം കെടുത്തിയതിനാൽ മൊബൈൽ സ്ക്രീനിലൂടെ കാണുന്ന ചെറു വെളിച്ചതിലൂടെയാണ് അവളുടെ മുഖം കാണുന്നത് പോലും... അവളിലെ പ്രതീക്ഷയെതല്ലിക്കെടുത്തും വിധം അവൻ മുഖം കുനിച്ചിരുന്നു... "ഏട്ടാ... ചോദിക്കോ വീട്ടിൽ വന്ന്...പറയ്...എന്താ ഇങ്ങനെ മിണ്ടാണ്ടിരിക്കുന്നെ...."

"ഇല്ല... എനിക്ക് കുറച്ച് ഡ്രീംസ് ഇണ്ട്... അതൊന്നും നേടാതെ ഒരു കല്യാണം ശരിയാവില്ല... ഇപ്പൊ ഞാൻ ഒരു കടയിൽ നിക്കുന്നു.പിന്നെയൊരു ഡിപ്ലോമ കോഴ്സ് കംപ്ലീറ്റ് ചെയ്യണം,അതിന്റെ ട്രെയിനിങ്,നാട്ടിൽ തൽകാലം ഒരു വിസ ഒത്തുവരുന്നതുവരെ ഏതേലും മൊബൈൽ കടയിൽ പ്രാക്ടീസ് ചെയ്യണം,ഗൾഫിൽ പോണം,സ്ഥലം വാങ്ങി വീട് വെക്കണം,പിന്നെ ഒരു കാറും വാങ്ങണം.... ഇതൊക്കെ കഴിയുമ്പോ ധൈര്യമായിട്ട് നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം... ഒരു നാലോ അഞ്ചോ വർഷം നീയൊന്ന് പിടിച്ചുനിൽക്ക് എങ്ങനെ എങ്കിലും.... " അവന്റെ വാക്കുകളിൽ അവളിലുണ്ടായിരുന്ന നേരിയ പ്രതീക്ഷയുടെ വെളിച്ചം അസ്തമിച്ചു.താനിനി എങ്ങനെയൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും അഞ്ചുവർഷകാലം മറ്റൊരു കല്യാണത്തിനു സമ്മതിക്കാതെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. "പറ്റില്ല.... ഇത്രയും നാൾ എങ്ങനെ.... ഞാനൊരു പെൺകുട്ടിയാണ്... എത്രയെന്ന് വെച്ചാ വീട്ടുകാരോട് പൊരുതി നിക്കുന്നെ... ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിങ്ങൾക്ക് ഓക്കെ പറയില്ലായിരുന്നു... "

"ദച്ചു നീ എന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്ക്. പതിനേഴു വയസുവരെ ഞാൻ ഹോസ്റ്റലിൽ നിന്നാ പഠിച്ചേ.... ലൈഫ് ഞാൻ ആസ്വദിച്ചിട്ടില്ല. ഹോസ്റ്റലിൽ നിന്നിറങ്ങി അന്ന് മുതൽ ജോലിക്ക് പോവാൻ തുടങ്ങിയതാ.... ഡിഗ്രിക്ക് പോയി കംപ്ലീറ്റ് ആക്കാൻ പറ്റീല... വെറുതെ രണ്ട് വർഷം അങ്ങനെ പോയി.... ഇനിയെങ്കിലും ആഗ്രഹങ്ങളൊക്കെ നേടിയെടുക്കണം. എന്നിട്ടേ കെട്ടുന്നുള്ളു... കെട്ടിക്കഴിഞ്ഞാൽ പിന്നെ വേറൊന്നും ചിന്തിക്കാതെ സുഗായിട്ട് ജീവിക്കാല്ലോ.... ആദ്യമേ പറയേണ്ടതായിരുന്നു...സോറി... ഇപ്പോഴും വൈകിയിട്ടില്ല... പത്തോ പതിനഞ്ചോ ദിവസമല്ലേ ആയുള്ളൂ.... നിനക്ക് വേണേൽ ഈ ബന്ധത്തിൽ നിന്ന് പിന്മാറാം... അഞ്ചുവർഷം കാത്തിരിക്കാൻ പറ്റുമെങ്കിൽ മാത്രം മുന്നോട്ടു പോകാം...." പിന്നെയും ദൈവം പരീക്ഷിക്കുകയാവുമവളെ... കണ്ണുകൾ നിറഞ്ഞുവന്നു.അവൻ കാണാതിരിക്കാൻ ക്യാമറ ഓഫ് ആക്കിവെച്ചു... "ഡീ.... ദച്ചു.... ക്യാമറ ഓൺ ആക്ക്... ദേ.... ഞാൻ വെച്ചിട്ട് പോകുവേ.... നീ കരയുവാണോ..." അവന്റെ മുഖത്തെ ടെൻഷൻ കാണുന്നുണ്ടായിരുന്നിട്ടുകൂടി ക്യാമറ ഓൺ ആക്കിയില്ല. അവൻ പിന്നെയും നിർബന്ധിക്കുന്നുണ്ട്.പതിയെ ആ മുഖം ദേഷ്യത്താൽ ചുവന്നുതുടുത്തു.ഇനിയും കേട്ടില്ലെന്ന് നടിക്കാനായില്ലവൾക്ക്... കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ക്യാമറ ഓൺ ആക്കി....

"എന്തിനാ കരഞ്ഞേ... ഏഹ്.... നിന്റെ ആരെങ്കിലും ചത്തോ.... തൊട്ടതിനും പിടിച്ചതിനുമൊക്കെ കരഞ്ഞോളും.... ആദ്യം കരച്ചില് നിർത്തിയിട്ട് നിന്റെ അഭിപ്രായം പറയ്... നിനക്ക് അഞ്ചു വർഷം,അല്ലെങ്കിൽ പോട്ടെ...ഒരു നാലുവർഷമെങ്കിലും വെയിറ്റ് ചെയ്യാൻ പറ്റുമോ ഇല്ലെയോ...." എന്തിനെന്നറിയാതെ അവൻ ദേഷ്യത്തോടെ ചോദിച്ചു. "ഞാൻ....ഞാൻ വെയിറ്റ് ചെയ്യാൻ റെഡിയാണ്....പക്ഷെ ന്റെ വീട്ടുകാര്.... അവര് വെയിറ്റ് ചെയ്യില്ല.... എന്നെയൊന്ന് മനസ്സിലാക്ക്.... പ്ലീസ്...." ശബ്ദമിടറി പോയിരുന്നു... "മ്മ്മ്.... എനിക്ക് മനസ്സിലാവുന്നുണ്ട്... നീ തന്നെയൊന്ന് പ്രാക്ടിക്കൽ ആയിട്ട് ചിന്തിച്ചു നോക്ക്... നിനക്ക് പതിനേഴു വയസ്സ്...എനിക്ക് ഇരുപത്തൊന്നും... ഒന്നിച്ചു തീരുമാനം എടുക്കാനോ കല്യാണപ്രായമോ എനിക്കോ നിനക്കോ ആയിട്ടില്ല.... ശരിയാവില്ലടി... നമുക്ക് ഫ്രണ്ട്‌സ് ആയിട്ടിരിക്കാം... വിധി ഉണ്ടേൽ ഒന്നിക്കാം... ഇതിന്റെ പേരിൽ നീ വെറുതെ കരയുകയൊന്നും ചെയ്യരുത് കേട്ടോ... ശരി പോയി ഉറങ്ങിക്കോ... ഇതുവരെയുള്ള എല്ലാം മനസ്സിൽ നിന്നും കളഞ്ഞേക്ക്.... " "മ്മ്മ്മ്...." കൃത്രിമമായി പുഞ്ചിരി ചുണ്ടിൽ നിറച്ചുകൊണ്ടവൾ ചെറുമൂളലിൽ മറുപടി ചുരുക്കി.

അവനെന്തോ പറയാൻ ആഞ്ഞതും അവൾ കാൾ കട്ട് ആക്കി.... ഹൃദയം നുറുങ്ങുന്നതുപോലെ...ഏടുകളിൽ സൂക്ഷിക്കാൻ,ഡയറി താളുകളിൽ മാത്രം ഒതുങ്ങിനിൽക്കുവാൻ ഒരു പ്രണയം കൂടിയോ... ഒന്നും വേണ്ടിയിരുന്നില്ല... ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചിരുന്നെങ്കിൽ ഈ കണ്ണുകൾ നിറയില്ലായിരുന്നു... അഞ്ചുവർഷം... അവളെ സംബന്ധിച്ചിടത്തോളം നീണ്ട വിശാലമായ കാലയളവ്.... ഫോൺ മാറ്റിവെച്ചു.ഹെഡ്‌സിറ്റ് ഊരി ഫോണിന്റെ കൂടെതന്നെ വെച്ചു. വിളക്കുകെടുത്തിയ ഇരുട്ടുള്ള ആ കുഞ്ഞുമുറിയിൽ മുട്ടുകാലിൽ മുഖമമർത്തിയവൾ ഒരുപാടു കരഞ്ഞു. സങ്കടം താങ്ങാൻ ആവാതെയാണ് കാൾ കട്ട് ചെയ്തതെന്ന് അറിയാമായിരുന്നിട്ടുകൂടി,അവളെ വിളിക്കണമെന്ന് തോന്നിയിട്ടും മനഃപൂർവം വിളിച്ചില്ല. ചെവിയിൽ നിന്നും വയർലെസ് ഹെഡ്‌സിറ്റ് ദേഷ്യത്തോടെ വലിച്ചൂരി ബെഡിലേക്ക് എറിഞ്ഞു... ഫോണിന്റെ ഗാലറി തുറന്ന് അവളുടെ ഫോട്ടോയിലേക്ക് മിഴികളൂന്നി. അവന്റെ കണ്ണും നിറഞ്ഞിരുന്നു. ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ മറക്കാനാകാത്ത ഓർമ്മകൾ തന്നവളാണ്... പെട്ടെന്നെങ്ങനെ ഒരു വാക്കിൽ ബന്ധം അവസാനിപ്പിക്കും... ഒരുനോക്കുപോലും കണ്ടിട്ടില്ലെങ്കിലും മനസ്സിൽ അവൾ മാത്രമേ ഉള്ളു........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story