❣️ദക്ഷ ❣️: ഭാഗം 18

Daksha Ponnu

രചന: പൊന്നു

 ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ മറക്കാനാകാത്ത ഓർമ്മകൾ തന്നവളാണ്... പെട്ടെന്നെങ്ങനെ ഒരു വാക്കിൽ ബന്ധം അവസാനിപ്പിക്കും... ഒരുനോക്കുപോലും കണ്ടിട്ടില്ലെങ്കിലും മനസ്സിൽ അവൾ മാത്രമേ ഉള്ളു... പിറ്റേന്നവൾ ഓൺലൈനിൽ പോലും വന്നിട്ടില്ലെന്നതവനെ കൂടുതൽ ആശങ്കയിലാക്കി. ചെറിയ കാര്യം പോലും ഉൾകൊള്ളാനുള്ള ശക്തി അവളുടെ മനസ്സിനില്ലെന്ന് അവനറിയാം.... ഇനി എന്തെങ്കിലും അബദ്ധം കാണിച്ചുകാണുമോ എന്നതായിരുന്നു അവന്റെ പേടി.... വിളിച്ചുനോക്കാമെന്ന് വെച്ചാൽ അതിനും നിർവാഹമില്ല. ഫോൺ വീട്ടിലെ ആരുടെയെങ്കിലും കൈയ്യിൽ ആണെങ്കിൽ അത് വലിയ പ്രശ്നമാകും... അന്നു മുഴുവൻ അവൻ അവളെയും നോക്കിയിരുന്നു. മെസ്സേജ് ഇട്ടില്ലെങ്കിൽ കൂടി ഒന്ന് ഓൺലൈനിലെങ്കിലും വന്നാൽ മതിയെന്നായി അവന്... ജിൻസിയ്ക്ക് മെസ്സേജ് ഇട്ടുനോക്കി. അവൾക്കുമറിയില്ല ദക്ഷ എവിടെയാണെന്ന്. അവൾ വിളിച്ചിട്ട് കാൾ എടുക്കുന്നുമില്ലത്രേ... അതുകൂടി കേട്ടതും അവന്റെ സമാധാനം മുഴുവൻ പോയി. ലാസ്റ്റ് സീൻ രാത്രി പത്തുമണിതന്നെ കിടക്കുന്നു... നേരം സന്ധ്യയോടടുത്തിട്ടും അവളുടെ ഒരു വിവരവുമില്ല.കഴിക്കാനെടുത്തുവെച്ചിട്ടും തൊണ്ടകുഴിയിൽ ആഹാരം തടഞ്ഞുനിക്കുന്നു.കുറ്റബോധമാവും,. താൻ കാരണം ഒരു പെണ്ണ് വേദനിക്കുന്നു. എല്ലാം തന്റെ മാത്രം തെറ്റാണ്.ഞാനായി അവളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി ചെന്നതാണ്.ഒന്നും വേണ്ടിയിരുന്നില്ല.

പെണ്ണിന്റെ കണ്ണുനീരിന്റെ ശാപം ഏത് പുണ്യ നദിയിൽ കുളിച്ചാലും മാറില്ലെന്നവൻ ഓർത്തു... 'മെസ്സേജ് ഇട്ടുനോക്കിയാലോ.. ചിലപ്പോ എന്റെ ഒരു പിൻവിളിക്കായി കാത്തുനിൽക്കയാണെങ്കിൽ.... ' മനസ്സിൽ ചിന്തിച്ചുകൊണ്ടവൻ അവൾക്ക് മെസ്സേജ് ഇട്ടു. "ഡീ എവിടാ.... ഹലോ....കൂയ്..." മെസ്സേജ് സീൻ ചെയ്യുന്നില്ല.നെറ്റ് പോലും ഓഫ് ആണ്.പിന്നെയും അവൾക്കുള്ള കാത്തിരിപ്പായി.ഇടയ്ക്കെപ്പോഴോ ജോലിക്ക് നിൽക്കുന്ന കടയിലെ മുതലാളി വിളിച്ചു കുറച്ചു സമയം അങ്ങനെ പോയി. എന്തും വരട്ടെ എന്നർഥത്തിൽ രണ്ടും കല്പിച്ച് രാത്രി പതിനൊന്നുമണി ആയതും അവളുടെ നമ്പറിലേക്ക് വിളിച്ചു... രണ്ട് റിങ് കഴിഞ്ഞതും മറുതലയ്ക്കൽ കാൾ അറ്റൻഡ് ചെയ്തു.അവനൊന്നും മിണ്ടിയില്ല.ഒരുപക്ഷെ കാൾ എടുത്തത് അവളല്ലെങ്കിലോ... മറുതലയ്ക്കലും മൗനം തന്നെ. "എന്താ വിളിച്ചേ...മരിച്ചോ ഇല്ലെയോ എന്നറിയാൻ വിളിച്ചതാണോ... നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഇന്നലെ തന്നെ അവസാനിച്ചതല്ലേ പിന്നെന്തിനാ ഇപ്പൊ വിളിച്ചേ...." പതിഞ്ഞ ശബ്ദത്തിലുള്ള സംസാരത്തിൽ നിന്നും തന്നെ മുറിയിലാണവളെന്ന് അവനു മനസ്സിലായി. "നീ നെറ്റ് ഒന്ന് ഓൺ ആക്ക് പ്ലീസ്... എന്നിട്ട് വീഡിയോ കാൾ വാ...പറയാം " അവളൊന്നും പറഞ്ഞില്ല കാൾ കട്ട് ചെയ്തു,നെറ്റ് ഓൺ ആക്കി വീഡിയോ കാളിൽ വന്നു. "ഇനി പറയ്...എന്തിനാ വിളിച്ചെ...." കട്ടിലിൽ കിടന്നുകൊണ്ട് കഴുത്തറ്റം വരെ പുതപ്പ് മൂടിയിട്ടുണ്ട്.മൊബൈൽ എവിടെയോ ചാരി വെച്ചിരിക്കുന്നു.അവനോടായ് ചോദിക്കുമ്പോഴും അവളുടെ കണ്ണിലെ നീർതിളക്കം സ്ക്രീനിലെ വെളിച്ചത്തിലൂടെയവൻ കണ്ടു. "നിന്നെ ഇന്നത്ത ദിവസം കണ്ടതേ ഇല്ലല്ലോ...

ഒരു സമാധാനവും കിട്ടിയില്ല.ജിൻസിയെ കൊണ്ട് വിളിപ്പിച്ചു നോക്കി എന്നിട്ടും നീ വന്നില്ല... അതാ ഇപ്പൊ രണ്ടും കൽപ്പിച്ചു വിളിച്ചത്... എന്തുപറ്റി നിനക്ക്... ഇന്നലെ പറഞ്ഞതല്ലേ നിന്നോട് ഇതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കരുതെന്ന്.... ന്താ ഒന്നും മിണ്ടാതിരിക്കുന്നെ.... " തൊണ്ടകുഴിയിൽ ശബ്ദം കുടുങ്ങി കിടക്കുന്നു.പുറത്തേക്ക് തേങ്ങലുകളല്ലാതെ മറ്റൊന്നും വരുന്നില്ല... കണ്ണുകൾ അനുസരണക്കേട് കാട്ടി കണ്ണുനീരിനെ ഒഴുക്കി കൊണ്ടിരുന്നു. "ദച്ചൂ.... ഡോ...കരയാതെ.... ഇതിപ്പോ ഞാനെന്താ ചെയ്യേണ്ടേ... നീ തന്നെ പറയ്... ഒരു വീടും, സ്ഥിരമായിട്ട് ജോലിയും ഇല്ലാതെ നിന്റെ വീട്ടിൽ ഇപ്പൊ വന്ന് ഞാൻ ചോദിച്ചാൽ എനിക്ക് നിന്നെ തരുമെന്ന് തോന്നുന്നുണ്ടോ... പറയ്..." "എനിക്ക്.... എനിക്ക് മറക്കാൻ പറ്റണില്ല... വീട്ടിൽ സമ്മതിക്കോ ഇല്ലെയോ എന്നുള്ളത് അപ്പോഴല്ലേ.... ഇപ്പൊ അതിനെ കുറിച്ച് ചിന്തിച്ചിട്ട് എന്ത് കിട്ടാനാ...എന്തായാലും വരുന്നിടത്തു വെച്ചു കാണാം...അതുവരെ... അതുവരെയെങ്കിലും ന്റെ കൂടെ കാണൂലെ... അതുവരെ സ്നേഹിച്ചൂടെ.... ഞാൻ പരമാവധി ശ്രമിച്ചതാ... മറക്കാൻ.... എനിക്കറിയില്ല എന്താ ഇങ്ങനേന്ന്... പ്ലീസ്...എന്നെ.... എന്നെവിട്ട് പോവാതിരുന്നൂടെ... പാതിവഴിയിൽ ഇട്ടേച്ചു പോവാനായിരുന്നെങ്കിൽ ന്തിനാ ന്റെ ജീവിതത്തിൽ വന്നേ...." കരഞ്ഞുകൊണ്ടുള്ള അവളുടെ വാക്കുകൾക്കുമുന്നിൽ അവനു നിരത്താൻ ഉത്തരം ഉണ്ടായിരുന്നില്ല... പറഞ്ഞതൊക്കെ ശരിയാണ്... ഇപ്പോഴേ ചിന്തിക്കുന്നതെന്തിനാ....

വിധി പോലെ നടക്കട്ടെ എന്താണെങ്കിലും... ഒരൽപനേരത്തെ ചിന്തകൾക്കു വിരാമമിട്ടുകൊണ്ട് അവളെ നോക്കിയവൻ പുഞ്ചിരിച്ചു.... "വിട്ട് പോവില്ല.... ഇന്നലെ വരെ എങ്ങനെ പോയോ അതുപോലെ മുന്നോട്ടു പോകാം... ബാക്കി വരുന്നിടത്തു വെച്ച് നോക്കാം... എന്തിനായാലും ഞാൻ നിന്റെ കൂടെ കാണും...." അവന്റെ വാക്കുകൾക്ക് അവളുടെ തകർന്ന ഹൃദയം തുന്നിചേർക്കാനുള്ള കഴിവുണ്ടായിരുന്നു. "സത്യായിട്ടും..... പ്രോമിസ്...." ഒന്നുകൂടി ഉറപ്പുവരുത്താൻ അവൾ പിന്നെയും ചോദിച്ചു. ചിരിയോടെയവൻ വാക്കു നൽകി.. "പ്രോമിസ്.... ഞാനുണ്ടാവും കൂടെ.... ഡീ ചോദിക്കാൻ മറന്നു... റിസൾട്ട് വന്നില്ലല്ലോ.. ന്യൂസിൽ കിടക്കുന്ന കണ്ടു നാളത്തേക്ക് മാറ്റിയെന്ന്... രണ്ടുമണിക്കല്ലേ വരുന്നേ...." "മ്മ്മ്...അതെ... ഫോണിന്ന് ഞാൻ എടുത്ത പോലുമില്ലായിരുന്നു. ടീവിയിൽ ന്യൂസ് കണ്ടു ... പിന്നെ നാളെ അമ്മ, അച്ഛൻ, അനിയൻ ആരും ഇണ്ടാവില്ല ഇവിടെ.... അച്ഛൻ ജോലിക്ക് പോകും.... പിന്നെ അമ്മയും അനിയനും കൂടി പല്ലാശുപത്രിയിൽ പോവാ.... " "അങ്ങനെ ആണേൽ നാളെ ഫ്രീ ആവുമ്പോ വിളിക്കെ...നമുക്ക് കുറച്ചു സംസാരിക്കാന്നെ... ഇതിലൂടെപതിയെ അല്ലെ നീ പറയുന്നേ... നാളെ നല്ലപോലെ കേൾക്കാല്ലോ ആ കൂതറ സൗണ്ട്....." "പോടാ.... ഇയാള് കേൾക്കണ്ട ഹോഹ്..."

പിണക്കം നടിച്ചവൾ മുഖം തിരിച്ചതും അവനും അതുപോലെ കാണിച്ചു. "പോടീ... ഞാൻ കേൾക്കണില്ല ഹോഹ്..." ഇടയ്ക്ക് ഒളിക്കണ്ണിട്ടവളെ നോക്കി ....പെണ്ണ് ഒരു പുരികമുയർത്തി അവനെ തുറിച്ചു നോക്കി ഇരിപ്പാണ്.... "എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.... കണ്ണ് കുത്തിപ്പൊട്ടിക്കും.... പറഞ്ഞേക്കാം..." "ഓഹോ.... എന്റെ ഡയലോഗ് കോപ്പിയടിച്ചിട്ട് ഇപ്പൊ ഞാൻ നോക്കിയതായോ കുറ്റം.... " "ഓഹ്.... എന്റെ ദൈവമേ.... ഞാനൊന്നും പറഞ്ഞില്ല... നീയൊന്നും കേട്ടിട്ടുമില്ല... കഴിഞ്ഞല്ലോ പ്രശ്നം... ചിലനേരം പാവം.... ചിലസമയം എടുത്ത് ആറ്റിലെറിയാൻ തോന്നും... " അവൾക്കുമുന്നിൽ ഒന്ന് താഴ്ന്നു കൊടുത്തില്ലെങ്കിൽ ശരിയാവില്ലെന്ന് തോന്നിയിട്ടാവും ഒരു വലിയ വഴക്ക് ഒഴിവാക്കി വിട്ടു... പതിവില്ലാതെയവൾ കൂടുതൽ സമയം കണ്ണാടിക്കുമുന്നിൽ നിന്നു.എത്ര ഒരുങ്ങിയിട്ടും തൃപ്തി വരാത്തതുപോലെ... ഒരുപക്ഷെ ഓർമയിൽ സൂക്ഷിക്കാൻ പാകമായ ഒരു ദിനത്തിനുള്ള കാത്തിരിപ്പിലാകാം .... ഏറെനാളായി കാത്തിരുന്ന ദിവസം. തന്റെ പ്രണയത്തെ,പ്രാണനായവനെ ഒരുനോക്കു കാണുവാൻ ഒന്ന് സംസാരിക്കാൻ,ഒന്നു ചേർന്നിരിക്കാൻ........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story