❣️ദക്ഷ ❣️: ഭാഗം 24

Daksha Ponnu

രചന: പൊന്നു

അവളിൽ നിന്നും തേങ്ങലില്ലാതെ കണ്ണുനീർ ഒഴുകിയിറങ്ങി.... ചുണ്ടുകൾ വിതുമ്പുന്നുണ്ട്, ശരീരം അപ്പോഴും അനങ്ങുന്നില്ല... ബെഡിൽ ഇരുന്നിടത്തുനിന്നും ഒരടി ചലിച്ചിട്ടില്ല... പിരിയാനായിരുന്നോ ഇന്നലെയേറെ സന്തോഷിച്ചത്.... ഓരോ പ്രശ്നങ്ങൾ ഒതുങ്ങുമ്പോൾ പുതിയത് വരുന്നതെന്തിനായിരിക്കും... ഒരുപക്ഷെ വിധി ഇതാവാം.... "പോയി പല്ലുതേക്കെടി... അവിടെ ഇരിക്കാതെ..." അമ്മയുടെ ഉത്തരവ് വന്നതും തോരാത്ത കണ്ണുകളുമായി മുറിയിൽ നിന്നിറങ്ങി. മുഖം കഴുകുമ്പോൾ തണുത്ത വെള്ളത്തിനോടൊപ്പം അവളുടെ ചുടുകണ്ണുനീരും ഒഴുകി ഇറങ്ങി... അവനോട് എങ്ങനെ പറയുമിതെല്ലാം..,എന്ത് പറയണം... മറക്കണമെന്നോ പിരിയാമെന്നോ.... ചിന്തിക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു. റൂമിൽ കയറി ഫോൺ എടുത്തു വാട്സപ്പ് നോക്കി. ലാസ്റ്റ് സീൻ ഇന്നലെയാണ് അവന്റേത്... എഴുന്നേറ്റിട്ടില്ലെന്നവൾക്ക് മനസ്സിലായി... രാവിലെ തന്നെ അവനെ സങ്കടപ്പെടുത്തുവാൻ അവൾക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. എങ്കിൽ കൂടി പറയാതെ വേറെ നിർവാഹവും ഇല്ല. മെസ്സേജ് അയച്ച് കാര്യങ്ങൾ പറഞ്ഞ ശേഷം ഫോൺ ഓഫ് ആക്കി വച്ചു... പഠിക്കാനുണ്ടെന്ന കളളം പറഞ്ഞുകൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങാതെയിരുന്നു കരഞ്ഞു.

അമ്മയ്ക്കത് മനസ്സിലായിട്ടും തടയാനോ വഴക്ക് പറയാനോ നിന്നില്ല കരഞ്ഞു തീർക്കട്ടെയെന്ന് വിചാരിച്ചുകാണും. പതിനൊന്നുമണി ആയതും അവന്റെ മെസ്സേജ് വന്നു. "നീ പേടിക്കാതിരിക്ക്... ഞാനുണ്ട് കൂടെ.... അമ്മയെ ഇന്ന് വിളിച്ച് സംസാരിക്കാം... " മറുപടിയവൾ മൂളലിൽ ഒതുക്കി. ഒന്നും പറയാൻ തോന്നിയില്ല. അത്രമാത്രം മനസ്സ് വേദനിച്ചിരുന്നു. ഉച്ചയോടടുത്തതും അവളുടെ ഫോണിലേക്ക് അവന്റെ കാൾ എത്തിയിരുന്നു. അതവളുടനെ അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. അവന്റെ മാന്യമായ സംസാരം നന്നായി ബോധിച്ചിട്ടുണ്ടെന്ന് അമ്മയെ കണ്ടാൽ അറിയാം... "മോനെ... എനിക്ക് നിന്നെ ഇഷ്ട്ടായി... പക്ഷെ അച്ഛൻ സമ്മതിക്കാതെ ഞാൻ മാത്രം ഇഷ്ടപ്പെട്ടിട്ട് ന്ത് ചെയ്യാനാ... ഞാനിന്ന് രാവിലെ പറഞ്ഞുനോക്കി... അച്ഛന് എല്ലാം സ്വന്തം തീരുമാനമാ... ആര് പറഞ്ഞാലും കേക്കത്തില്ല... ദേ ഒരുത്തിയോട് ഇന്ന് രാവിലെ പറഞ്ഞതും ഇരുന്ന് കരയുന്നു... ഇത്രേം നാള് ആ മനുഷ്യൻ പൊരിവെയിലത്തു കഷ്ട്ടപെട്ടിട്ടാ രണ്ടുമക്കളേം പൊന്നുപോലെ നോക്കിയത്... ദച്ചൂന് വേണ്ടിയാ ഈ കഷ്ട്ടപെടുന്നതും... അങ്ങനെയൊരാളെ വെറുപ്പിച്ചിട്ട് നിങ്ങടെ കല്യാണം നടത്തിത്തരാൻ എനിക്ക് വയ്യ.... ദൈവം പൊറുക്കേല... ഇപ്പൊ രണ്ടാളും മനസ്സിലുള്ള ഇഷ്ട്ടം കളഞ്ഞേക്ക്...

ഇതിപ്പോ പറഞ്ഞില്ലെങ്കിൽ നിങ്ങടെ മനസ്സിൽ കിടന്ന് ഇഷ്ടം വളരും... അവസാനം ഒന്നും നടന്നില്ലെങ്കിൽ കണ്ണീര് കാണാൻ എനിക്ക് വയ്യ.... " ദർശിനോടായി ഫോണിലൂടെ സംസാരിക്കുന്നത് കേൾക്കേ മുന്നിലിരുന്നു കൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണുനീരവൾ അമ്മ കാണാതെ തുടച്ചുനീക്കി.... കണ്ണുനീർ പോലെ മനസ്സിൽ നിന്നും മായ്ച്ചുകളയാനാവില്ലല്ലോ അവളുടെ പ്രണയത്തെ... "അമ്മാ എനിക്ക് മനസിലാകും... അച്ഛനിപ്പോ സമ്മതിച്ചില്ലെന്നല്ലേ ഉള്ളു... ഒരു രണ്ട് മൂന്ന് വർഷം കഴിയുമ്പോ ഞാൻ വന്ന് നേരിട്ട് ചോദിക്കാം... അപ്പോഴേക്കും എനിക്കൊരു വീടൊക്കെ വെക്കാൻ പറ്റും... ഒരു നല്ല ജോലി കിട്ടും... പിന്നെയിപ്പോ ഇരുപത്തിരണ്ട് വയസ് തികഞ്ഞിട്ട് പോലുമില്ല... ഒരു ഇരുപത്തഞ്ചു വയസിൽ മാര്യേജ് ചെയ്യാനാ പ്ലാൻ... അതുവരെ അമ്മയൊന്ന് സഹായിക്കണം...അവളെ വേറെ ഒരു കല്യാണം കഴിപ്പിച്ചു വിടാതിരിക്കണം... പ്ലീസ് അമ്മാ..." ലൗഡ് സ്പീക്കറിലിട്ടിരിക്കുന്ന ഫോണിലൂടെ അവൻ പറയുന്നത് കേൾക്കുമ്പോൾ നേരീയ പ്രതീക്ഷ അവളിലുണ്ടായി... "എനിക്ക് തോന്നണില്ല മോനെ ഇവൾടെ അച്ഛൻ സമ്മതിക്കോന്ന്.... ഇന്ന് രാവിലെ... ഞാൻ പറഞ്ഞു മോന്റെ അച്ഛനും അമ്മയും പിരിഞ്ഞതാണെന്നൊക്കെ... അപ്പൊ തന്നെ പറഞ്ഞു തന്തേം തള്ളയും ഇല്ലാത്ത ഒരുത്തന്റെ കൂടെ എന്റെ മോളെ പറഞ്ഞുവിടില്ലെന്ന്...

അവൾടെ അച്ഛൻ ഒറ്റയ്ക്ക് വളർന്നതാ അതാവും ഇങ്ങനെ പറഞ്ഞെ.... മോനൊന്ന് രണ്ട് വർഷം കഴിഞ്ഞിട്ട് അവൾടെ അച്ഛനോട് ചോദിച്ചുനോക്ക്..." അറുത്തുമുറിച്ചുള്ള അമ്മയുടെ സംസാരം കെട്ടിട്ടാവും ഏറെ നേരത്തേക്ക് അവനൊന്നും പറഞ്ഞില്ല.... "മ്മ്... സാരല്ല അമ്മാ... എന്റെ അച്ഛനും അമ്മയും പിരിഞ്ഞതിന് ഞാനെന്ത് തെറ്റാ ചെയ്തെ...അവര് അവര്ടെ കാര്യം നോക്കി പോയി... അനുഭവിച്ചതത്രയും ഞാനും എന്റെ അനിയനും... ഇനിയിപ്പോ രണ്ട് വർഷം കഴിഞ്ഞാലും എന്റെ വീട്ടിക്കാര് മാറാൻ പോണില്ലല്ലോ.... ഞാൻ... ഞാനവളെ മറന്നോളം... ഞാനായിട്ട് ശല്യം ചെയ്യാൻ വരില്ല ഒരിക്കലും... അമ്മ അവളെ പറഞ്ഞു മനസ്സിലാക്ക്... ദച്ചു ചെറിയ കുട്ടിയാ... അവൾക്ക് ചിലപ്പോ കുറച്ചു സമയം പിടിക്കും മറക്കാൻ.... എന്റെ ഭാഗത്ത് നിന്ന് ഇനി ശ.. ശല്യം ഉണ്ടാവില്ല...." ഇടറിയ ശബ്ദത്തോടെയവൻ പറയുമ്പോൾ ഹൃദയം കീറിമുറിച്ചു രക്തമൊഴുകുന്ന പെണ്ണിനെ അവൻ ഓർത്തുകാണില്ല... അമ്മ എന്തെങ്കിലും പറയും മുൻപേ തന്നെ അവൻ കാൾ കട്ട് ചെയ്തിരുന്നു. അമ്മയുടെ മുന്നിൽ ഇനി ഒരുനിമിഷം പോലും നിലക്കാൻ അവൾക്കാകുമായയിരുന്നില്ല... കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരിക്കുന്നു... ഇന്ന് രാവിലെ കൂടി അവൻ പറഞ്ഞ വാക്കുകൾ മനസ്സിൽ നിറഞ്ഞുനിന്നു..

"നീ പേടിക്കാതിരിക്ക്... ഞാനുണ്ട് കൂടെ....ആരൊക്കെ എതിർത്താലും,എന്തൊക്കെ ഉണ്ടായാലും നിന്നെ വിട്ട് പോവില്ല...." ഓർക്കും തോറും അവളുടെ ഹൃദയം വലിഞ്ഞു മുറുകി. മുറിയിൽ ചെന്നു വേഗം ഫോൺ എടുത്ത് അവന് മെസ്സേജ് ഇട്ടു. "ഹായ്..." "മ്മ്..." "എന്നെ മറക്കാൻ തീരുമാനിച്ചോ 🥺" "മ്മ്.. എന്റെ ഫാമിലിയെ പറ്റി പറയുമ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ല. എന്റെ ഫാമിലിയാണ് നിന്റെ വീട്ടിൽ പ്രശ്നമെങ്കിൽ ഞാനെന്ത് ചെയ്യാനാ... നിനക്ക് വേണ്ടി അവരെ തള്ളിപ്പറയാൻ പറ്റില്ല... നമുക്ക് നിർത്താം... നീ അച്ഛൻ പറയുന്ന ആളെ മാര്യേജ് ചെയ്ത് ഹാപ്പി ആയിട്ട് ജീവിക്ക്.... " "അപ്പോ.... എന്ത് പ്രശ്നം വന്നാലും ഇട്ടേച്ചു പോവില്ലെന്ന് വാക്കു തന്നിട്ടോ.... " ദച്ചുവിന്റെ മെസ്സേജ് കണ്ടിട്ടും അവനൊന്നും ഒരൽപംനേരത്തേക്ക് മിണ്ടിയില്ല.... "എന്താ ഒന്നും പറയാത്തെ... ഇങ്ങനെ ഇട്ടേച്ചുപോവാനായിരുന്നെങ്കിൽ എന്തിനാ എനിക്ക് വാക്കുതന്നേ.... " അവന് കൈകൾ വിറയ്ക്കുന്നത് പോലെ തോന്നി. മനസ്സാകെ അസ്വസ്ഥമായിരുന്നു. ദച്ചുവിന്റെ അമ്മയുടെവാക്കുകൾ കാതിൽ മുഴങ്ങി. അവൾക്കു വേണ്ടി മാതാപിതാക്കളെയും അവർക്കു വേണ്ടി ദക്ഷയെയോ ഉപേക്ഷിക്കാൻ അവനാകുമായിരുന്നില്ല. ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയവന്... "ഡി.... പ്ലീസ് എന്നെയൊന്ന് വെറുതെ വിട്....

ഇപ്പൊ ഒന്നും പറയാൻ പറ്റിയ അവസ്ഥയിലല്ല ഞാൻ... നീയൊന്ന് മനസ്സിലാക്ക്... പിരിയാനായാലും മറ്റെന്തിനായാലും പിന്നീട് തീരുമാനിക്കാം... എന്റെ സമനില തെറ്റി നിക്കുവാ.... പ്ലീസ് മെസ്സേജ് നീ ഇങ്ങോട്ട് ഇടരുത്... ആലോചിച്ചിട്ട് തീരുമാനം പിന്നീട് അറിയിക്കാം..." "മ്മ്..." അവളുടെ മെസ്സേജ് വരുന്നതിനു മുൻപേ തന്നെയവൻ നെറ്റ് ഓഫ് ആക്കി പോയിരുന്നു.... കരയാനല്ലാതെ അവൾക്ക് ഒന്നിനുമായില്ല. കുറേ കഴിഞ്ഞതും അമ്മ അമ്മമ്മയോട് ഫോണിൽ സംസാരിക്കുന്നത് കേട്ടു. ദർശിനോട് പറഞ്ഞതൊക്കെ അമ്മമ്മ രാഗിണിയോട് പറയുമ്പോൾ അവർ വഴക്ക് പറയുന്നുണ്ട്. "നിനക്കെന്താ വട്ടുണ്ടോ... അല്ലെങ്കിൽ തന്നെ അച്ഛനും അമ്മയും ഇല്ലാത്തത്തിന് അവനെന്തുചെയ്തു.... പാവം നല്ല വിഷമം ആയികാണേ ഉള്ളു.... അതാവും വേഗം വെച്ചത്..." അമ്മമ്മ പറഞ്ഞതും ദക്ഷയുടെ അമ്മയ്ക്കുമത് ശരിയാണെന്ന് തോന്നി... രാത്രിയായിട്ടും ദർശിനെ കാണാനില്ല... വാട്സാപ്പിലെ ലാസ്റ്റ് സീൻ ഉച്ചയ്ക്ക് പന്ത്രണ്ട് മണി തന്നെയാണ്.... അവൾക്ക് സമാധാനത്തോടെ ഇരിക്കാനായില്ല... ഭ്രാന്തു പിടിച്ചു പോയതാണ്... പിന്നെയിതുവരെ വന്നിട്ടില്ലെന്നത് അവളെ കൂടുതൽ ആശങ്കയിലാക്കി... മെസ്സേജ് അയക്കരുതെന്ന അവന്റെ ആവശ്യം കണക്കിലെടുത്ത് മെസ്സേജ് ഇടാനും പോയില്ല. പത്തുമണി ആയതും അവന്റെ മെസ്സേജ് തേടിയെത്തി..

"നീ ഫ്രീ ആകുമ്പോൾ വായോ... കുറച്ചു സംസാരിക്കാനുണ്ട്... " മെസ്സേജ് കണ്ടയുടനെ വേഗം ഡോർ അടച്ചു ലൈറ്റ് ഓഫ് ആക്കി കിടന്നുകൊണ്ട് അവനെ വിളിച്ചു. എന്നത്തെയും പോലെയായിരുന്നില്ല അവന്റെ മുഖം. മുഖത്തെ ഭാവം ദേഷ്യമാണ്. അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ മറ്റെങ്ങോ നോക്കിയിരുന്നു. സ്ക്രീനിലൂടെ കാണുന്ന അവനിലേക്ക് തന്നെ മിഴികളാഴ്ത്തി അവളും. ഏറെ നേരത്തേക്ക് മൗനം തളംകെട്ടി നിന്നു. ഒടുവിൽ മൗനത്തെ കീറിമുറിച്ചുകൊണ്ട് അവൻ തന്നെ തുടക്കമിട്ടു. "ഡീ.... നമുക്ക് എല്ലാം നിർത്താം..... ഞാൻ കുറേ ആലോചിച്ചു. ആലോചിച് ആലോചിച് വട്ടായപ്പോ ഒന്നുറങ്ങി. നിന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ട്ടല്ല.... എന്നെയല്ല എന്റെ ഫാമിലിയെ... എനിക്ക് അവരെ കളയാൻ പറ്റില്ലലോ.... നിന്റെ ഫാമിലി പറയുന്നത് കേട്ട് ജീവിക്കാൻ എനിക്ക് പറ്റില്ല... പിന്നെ നീ നിന്റെ അമ്മയും അമ്മമ്മയും തമ്മിലുള്ള ഫോൺ കാൾ റെക്കോർഡ് ചെയ്ത് അയച്ചില്ലേ.... അതിൽ പറയുന്നുണ്ടല്ലോ... അച്ഛൻ സമ്മതിച്ചില്ലേലും അമ്മ നടത്തി തരുമെന്ന് കല്യാണം... വെറുതെ അച്ഛനെ വെറുപ്പിക്കണോ... എനിക്കതിനോട് താല്പര്യം ഇല്ല... നിന്നെ വിളിച്ചിറക്കികൊണ്ട് വരാൻ അറിയാഞ്ഞിട്ടല്ല.... ഞാനും ഒരു ആണാ... നിന്റെ അച്ഛന്റെ കഷ്ടപ്പാട് എനിക്കറിയാൻ പറ്റും... വേണ്ടടി ഒന്നും...

എനിക്ക് എന്റെ ഫാമിലിയാ വലുത്... സോറി... നിന്റെ ലൈഫിൽ വന്നതിന്... എല്ലാത്തിനും..." പിന്നീടൊന്നും കേൾക്കാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല. കാൾ കട്ട് ചെയ്തു. ശബ്ദം പുറത്തുവരാതിരിക്കാൻ വായപൊത്തി പൊട്ടി കരഞ്ഞു. അവൻ തന്ന നല്ല നിമിഷങ്ങൾ, പ്രണയം, വാക്കുകൾ... എല്ലാം എല്ലാം ഓർമയാകാൻ പോകുന്നുവെന്നത് അവളെ തളർത്തി. അതിലുപരി പിരിയാമെന്ന് പറയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല.... എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെയുള്ള അവന്റെ വാക്കുകൾ അവളിലെ പ്രതീക്ഷയെ ഒക്കെയും തല്ലിക്കെടുത്തി. എന്നും കാൾ കട്ട് ആക്കിയാൽ പിന്നെയും പിന്നെയും വിളിക്കുന്നവനെന്തേ ഇപ്പോൾ വിളിക്കുന്നില്ല... "ഒഴിവാക്കിയല്ലേ ന്നെ.... പറഞ്ഞിട്ടുണ്ടല്ലോ ഞാൻ... പിരിയേണ്ടിവന്നാൽ ജീവൻ കാണില്ലെന്ന്.... അതും മറന്നുവോ...." മനസ്സിലവൾ ഒരുവിട്ടുകൊണ്ട് ഫോൺ മാറ്റിവെച്ചു. മുറിയിലെ കുഞ്ഞുടേബിളിൽ നിന്നും കൈയ്യെത്തി ബ്ലൈഡ് എടുത്തു.... ഗേറ്റിനുമുന്നിൽ കാറിന്റെ ഹോണടി ശബ്ദം കേട്ടതും ദക്ഷ എഴുതികൊണ്ടിരുന്ന പേന പേപ്പറിനു മുകളിൽ വെച്ചുകൊണ്ട് പുറത്തേക്ക് ഓടി... ആക്സിഡന്റിന് ശേഷം ഇന്നാണ് ദർഷ് ആദ്യമായി ഓഫീസിലേക്ക് പോയത്. കൈയ്ക്ക് ചെറിയ വേദനയുണ്ടെന്നതല്ലാതെ നിലവിൽ യാതൊരു കുഴപ്പവുമില്ല... ഗേറ്റ് തുറന്നുകൊടുത്തു കാർ പാർക്ക് ചെയ്ത് വീടിനുള്ളിലേക്ക് കയറി. ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും മുന്നിലായി ദർഷ് ഉണ്ടായിരുന്നു.

അവളെ ഡോറിനോട് ചേർത്ത് നിർത്തി ഒരു സൈഡിലുമായി അവന്റെ കൈകൾ കൊണ്ട് തടഞ്ഞു വെച്ചു... "മ്മ്.... എന്തേയ്... വന്നയുടനെ ഒരു റൊമാൻസ്..." പുരികമുയർത്തി അവൾ ചോദിച്ചതും ദർശ് കുറച്ചുകൂടി അവളിലേക്ക് ചേർന്നുനിന്നു.... "എന്താ പറ്റില്ലേ... " അവൾ ചോദിച്ച അതേ രീതിയിൽ പുരികം ചെറുതായി ഉയർത്തി അവനും ചോദിച്ചു... "പോ മനുഷ്യാ അവിടുന്ന്... പോയി കുളിച്ചേ.... ഇങ്ങനെ നോക്കാതെ...എന്തോ പോലെ തോന്നുവാ... മാറിക്കെ ഞാൻ പോട്ടെ..." "അങ്ങനെയിപ്പോ നീ പോകണ്ട... ഡീ ഇങ്ങോട്ട് നോക്ക് പെണ്ണേ.... അയ്യടി... ഇത്രേം നാളില്ലാത്ത നാണമാ പെണ്ണിന്... " തലകുനിച്ചുനിൽക്കുന്ന പെണ്ണിന്റെ മുഖമവൻ കൈകളിൽ കോരിയെടുത്തു. കാന്തിക ശക്തിയുള്ള അവന്റെ പ്രണയം കത്തിജ്വലിക്കുന്ന കാപ്പി കണ്ണുകളിലേക്ക് നോക്കവേ... അവളും അവനിൽ ലയിച്ചുപോയി. പുരികകൊടികൾക്കിടയിലായി അവന്റെ ചുണ്ടകൾ പതിഞ്ഞതും ദക്ഷ കണ്ണുകളടച്ചതിനെ സ്വീകരിച്ചു. "ഇത് ഞാനെടുത്തോട്ടെ...." അവളുടെ ചുണ്ടുകളിൽ വിരലാൽ തൊട്ടുകൊണ്ട് പ്രണയത്തോടെയവൻ ചോദിച്ചു. അവളുടെ നാണം കലർന്ന മൗനം സമ്മതമായി എടുത്തുകൊണ്ടു അവളിലേക്കവൻ മുഖമടുപ്പിച്ചു. അവന്റെ ചുടുനിശ്വാസം ചുണ്ടുകളിൽ പതിച്ചതും പെണ്ണ് കണ്ണുകൾ ഇരുകെയടച്ചു......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story