❣️ദക്ഷ ❣️: ഭാഗം 28

Daksha Ponnu

രചന: പൊന്നു

"ഡീ.....എനിക്കിനി നിന്നെ ഗർഭിണിയാക്കിയതിനു അച്ഛന്റെ കയ്യീന്ന് അടി വല്ലതും കിട്ടോ ആവോ......." "പോടാ.... എന്റെ അച്ഛൻ അത്രയ്ക്ക് ദുഷ്ട്ടാനൊന്നൂല്ല.... പാവമാ..." ".... അതാണല്ലോ മോള് തലപൊട്ടി കുറേ നാൾ കിടന്നത്... " "അത് പിന്നേ.... അച്ഛന് അങ്ങനൊരു സ്വഭാവം ആയി പോയി... ഞാനങ്ങനെ പ്രേമത്തിലൊന്നും പോയി ചാടില്ലെന്ന വിശ്വാസമല്ലേ തകർത്തെ.... പണ്ട് മുതലേ അച്ഛന് സ്വന്തം ഇഷ്ട്ടം നടക്കണം... വേറാരുടെ വാക്കും കേൾക്കൂല... അപ്പൊ പിന്നെ സ്വന്തം പൊന്ന് മോള് ചെയ്താ ക്ഷമിക്കോ.... " "എന്തായാലും നല്ലതാ.... സ്വന്തം പൊന്നുമോളെ അടിച്ച് ഹോസ്പിറ്റലിൽ ആക്കിയല്ലോ...." അവളെ ചേർത്തുപിടിച്ചുകൊണ്ട് കളിയാലെ അവൻ പറഞ്ഞു. "സാരല്ലാ... നമ്മുടെ മോള് ഇങ്ങെനെ ആരേലും പ്രേമിച്ചാൽ നല്ലതാണേൽ നമുക്ക് നടത്തി കൊടുക്കാവേ... ന്തായാലും നിന്റെ അച്ഛനെ പോലെ ഞാനാവൂല... മോളേ.... കേക്കുന്നുണ്ടോ നീ... അച്ഛൻ നിന്നെ അടിക്കൂലാട്ടോ.... എന്നുവെച്ച് ആവശ്യമില്ലാത്ത കുരുത്തക്കേടൊന്നും ചെയ്യല്ലേ..." ആദ്യം അവളെ നോക്കിയും പിന്നീട് ദക്ഷയുടെ വയറിൽ കൈച്ചേർത്ത് കുഞ്ഞിനായി ചുംബനം സമ്മാനിച്ചുകൊണ്ടവൻ പറഞ്ഞു. കുഞ്ഞിന്റെ വരവറിഞ്ഞ ആദ്യ നാൾ മുതൽ തന്നെ അവനൊരു അച്ഛനിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

ഒരുപക്ഷെ അവളെക്കാൾ ഏറെ ശ്രദ്ധയും അവനായിരിക്കാം... "അതേയ് ഏട്ടാ... ഏട്ടന്റെ ആഗ്രഹം പോലെ പെൺകുഞ്ഞല്ലെങ്കിലോ... " "അല്ലെങ്കിൽ..... അത് അപ്പൊ അല്ലെ... എന്തായാലും ന്റെ കുഞ്ഞല്ലേ.... മോൻ ആണേൽ നീ നോക്കിക്കോ.. മോൾ ആണേൽ ന്റെ മോളെ ദേ എന്റെ ഈ നെഞ്ചത്ത് കിടത്തിയെ ഞാൻ ഉറക്കു..." അവനിലെ അച്ഛന്റെ വാത്സല്യം നോക്കിക്കാണുകയായിരുന്നു ദക്ഷ. "ആഹാ... കൊള്ളാലോ... അപ്പൊ ഞാനോ... ഞാനെവിടെ കിടക്കും... ഇത്രേം നാൾ ഞാൻ കിടന്ന ന്റെ സ്ഥലമാ ഈ നെഞ്ച്... കുഞ്ഞാവ വരുമ്പോ ഞാൻ ഔട്ട്‌ അല്ലെ.... ഹും.... " "നീ വേണേൽ നിലത്ത് കിടന്നോ.... എനിക്കെന്റെ മോളെ മതിയേ.... " അവളുടെ വയറിലേക്കവൻ ചുണ്ടുകൾ പതിപ്പിച്ചു. "പോടാ ദുഷ്ട്ടാ.... എന്നോടിനി മിണ്ടണ്ടാ....." പിണക്കം നടിച്ചവൾ മുഖം തിരിച്ചതും മുറിയിലാകെ ദർശിന്റെ ചിരി ഉയർന്നു.... "എന്തിനാ മനുഷ്യ കിടന്ന് ചിരിക്കുന്നെ .... ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ.... " "എനിക്കെ നിന്റെ പിണക്കം കണ്ടപ്പോ ശരിക്കും ചിരി വന്നെടി...." പൊട്ടി ചിരിയോടെ പറയുന്നവനെ കാൺകെ എന്തിനോവേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു. ചിരിക്കുന്നത് തടയാനോ ദേഷ്യപ്പെടാനോ നിൽക്കാതെ എഴുനേറ്റു പോകാൻ തുനിഞ്ഞതും കൈകൾക്കുമേൽ അവന്റെ ബന്ധനം വീണിരുന്നു.....

"ഡീ... അയ്യേ.... ഞാൻ ചുമ്മാ... നിന്നെ ദേഷ്യം പിടിപ്പിക്കാൻ ചിരിച്ചതാ. നീയെന്തിനാ കരയണേ.. കാര്യം പറയെന്നേ...." മുഖം കൈക്കുമ്പിളിലാക്കി ചോദിച്ചതും നിറകണ്ണുകളോടെ അവനിലേക്ക് നോക്കി. "എന്നോടെന്താ ഇപ്പൊ പഴയ സ്നേഹമില്ലാത്തെ... മുൻപ് പ്രേമിച്ചു നടന്നപ്പോ ഒക്കെ എന്തിഷ്ട്ടാരുന്നു. ഇപ്പൊ അങ്ങനെ ഒന്നൂല്ലാലോ... ഇപ്പൊ പോലും വാവയ്ക്ക് ഉമ്മ കൊടുത്തു എനിക്ക് മാത്രം തന്നില്ല. എന്നെ എപ്പോഴും ദച്ചൂന്ന് മാത്രല്ലേ വിളിക്കാ... മുൻപ് ഇഷ്ട്ടം കൂടുമ്പോ കുഞ്ഞീന്ന് വിളിക്കുവാരുന്നില്ലേ... ഒട്ടും സ്നേഹമില്ല എന്നോട്... ഞാ..ൻ ശല്യമായി തുടങ്ങിയോ.... അതോ വാവ വന്നപ്പോ എന്നോടുള്ള സ്നേഹം പോയോ...." പലപ്പോഴായി താൻ ശ്രദ്ധിക്കാതെ വിട്ട കാര്യങ്ങളവൾ എണ്ണിയെണ്ണി പറയുമ്പോൾ അതിയായ വാത്സല്യം തോന്നിയവന്. തന്നോട് ചേർത്തുനിർത്തി മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോഴും അതേ വാത്സല്യം അവനിൽ നിറഞ്ഞുനിന്നു. "കുഞ്ഞിയേ.... " "മ്മ്..." "പിണക്കം മാറീലെ നിന്റെ..." "ഇല്ല... " സങ്കടം നടിച്ചുകൊണ്ട് കുസൃതിയോടെയവൾ പറഞ്ഞതും ചിരിയോടെ അവളെ ദർശ് തന്നിലേക്ക് ചേർത്തു നിർത്തി. "കുഞ്ഞി ഡീ... ഇനി എത്ര മകളുണ്ടായാലും ശരി. എന്റെ ആദ്യത്തെ മോള് നീയാരിക്കും... ഈ നെഞ്ചില് കിടന്നുറങ്ങാനുള്ള പൂർണ അവകാശവും നിനക്കാ...

നീ കഴിഞ്ഞിട്ടേ ഉള്ളു മക്കള്... കാരണം ആ മക്കളെ തരുന്നത് ന്റെ കുഞ്ഞിയാ...കേട്ടോ... " "ശരിക്കും...... എങ്കിലേ.... എനിക്കേ.... ബിരിയാണി വാങ്ങി തരോ... ഒന്നല്ല രണ്ടെണ്ണം വേണം... ഒന്ന് ഈ വല്യ മോൾക്കും രണ്ട് വയറ്റിലുള്ള കുഞ്ഞാവയ്ക്കും... വാങ്ങോ..." "എന്റെ ദൈവമേ..... ഇങ്ങനൊരു ബിരിയാണി കൊതിച്ചി... വാങ്ങീട്ട് വരാമേ... മുഴുവൻ കഴിച്ചാൽ മതി..." "മ്മ്മ്... കഴിക്കാല്ലോ..." അവന്റെ നെഞ്ചിലായി മുഖമമർത്തിയവൾ പറഞ്ഞു. അവന്റെ കണ്ണും നിറഞ്ഞിരുന്നു. ******** പിറകിൽ നിന്നും അയാൾ ചവിട്ടിയിട്ടും അവനൊരു അനക്കവും ഉണ്ടായില്ല... "ദച്ചൂ.... കണ്ണ് തുറക്ക്... മോളെ... കുഞ്ഞി... ഡീ.. ഒന്നൂല്ലാ നിനക്ക്.... ഒരിക്കലും നിന്നെ വിട്ട് ഞാനെങ്ങും പോവില്ല.... " അവളെ ചേർത്തുപിടിച്ചവൻ തേങ്ങി. അവന്റെ ഷർട്ടിന്റെ കോളറിലായി പിടിവീണതും ദേഷ്യത്തോടെയവൻ അച്ഛനെ തുറിച്ചു നോക്കി. ദർശിന്റെ മുന്നിൽ ആ നിമിഷം അവന്റെ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു.മറ്റെല്ലാമവൻ വിസ്മരിച്ചു. തോളിൽ നിന്നും കൈതട്ടി മാറ്റി അവളെയും കൈകളിലേന്തി എഴുന്നേറ്റവൻ മുന്നിലേക്ക് നടന്നു. "ഡാ... എന്റെ മോളെ കൊണ്ടുപോവാൻ നീയാരാടാ...." അച്ഛന്റെ അലർച്ച കേട്ടതും കാലുകൾ നിശ്ചലമാക്കി. "ഞാൻ നിങ്ങളുടെ മകളെ കെട്ടാൻ പോകുന്നവൻ.... ഇവളെന്റെയാ... "

തന്റെ പെണ്ണിനെ നെഞ്ചോടു ചേർത്തവൻ പുറത്തേക്ക് ഇറങ്ങി. അവളുടെ മുഖത്തേക്ക് നോക്കും തോറും കണ്ണുകൾ നിറഞ്ഞു. നെറ്റിയിൽ നിന്നും പൊടിയുന്ന രക്തതുള്ളികൾ അവന്റെ ഹൃദയത്തിലേക്ക് പതിക്കും പോലെ. ഹോസ്പിറ്റൽ കിടക്കയിൽ തലയിൽ കേട്ടുമായി കിടക്കുന്നവളുടെ അരികിലിരിക്കുമ്പോൾ അവളൊന്ന് കണ്ണുതുറന്ന് തന്നോട് സംസാരിച്ചിരുന്നെങ്കിൽ എന്ന മോഹമായിരുന്നു അവന്. സൂചി പോലും പേടിയുള്ള പെണ്ണാണ്. തനിക്ക് വേണ്ടി അവൾ വാങ്ങിയ അടിയുടെ വേദന അവനിലൂടെ കടന്നുപോകുന്നതായി തോന്നി. കണ്ണുകൾ പാടുപെട്ട് തുറന്നുകൊണ്ടവൾ ആദ്യം മുറിയാകെ കണ്ണോടിച്ചു. ഒടുവിൽ ദർശിലായി മിഴികളുണ്ടാക്കിയതും ആദ്യം തിരക്കിയത് അച്ഛനെയാണ്. അവന്റെ പക്കൽ അതിനുമറുപടി ഇല്ലാത്തതിനാലാവും മുഖം കുനിച്ചിരുന്നു. "പുറത്ത് അനിയനും അമ്മയും നിപ്പുണ്ട്. അച്ഛൻ വന്നില്ല... " എന്തുകൊണ്ടോ അവളുടെ മുഖത്തേക്ക് നോക്കാനായില്ലവന്. അച്ഛനോടുള്ള ദേഷ്യമോ അവളോടുള്ള കരുണയോ... എന്തോ ഒന്ന് അവനെയാകെ വലയം ചെയ്തിരിക്കുന്നു. "വേദനയുണ്ടോ കുഞ്ഞി... " ആർദ്രമായിരുന്നു അവന്റെ സ്വരം, അത്രമേൽ വേദനയോടെ... "ഏയ്... കുഴപ്പില്ല... "

ചെറുചിരിയോടെയുള്ള അവളുടെ മറുപടിയിൽ നിന്നുതന്നെ അവളുടെ വേദന എത്രത്തോളമെന്ന് അവന് മനസ്സിലായി. എപ്പോഴും ഇങ്ങനെതന്നെയാണ് എത്ര വേദനിച്ചാലും കുഴപ്പമില്ലെന്ന മറുപടിയിലവൾ വേദന ഒതുക്കും. "അച്ഛനെ ഒന്ന് കാണാൻ പറ്റുവോ... എന്നോട് നല്ല ദേഷ്യം കാണുമല്ലേ.... " "കണ്ടിട്ടിനി എന്തിനാ... പിന്നെയും തല്ല് മേടിച്ചു കൂട്ടാനോ...." മറുപടിയേതും കൊടുത്തില്ലവൾ. ഹോസ്പിറ്റലിൽ നിന്നും അഞ്ചുദിവസത്തിനുശേഷം ഡിസ്ചാർജ് ആകുമ്പോഴും അച്ഛന്റെ മുന്നിലിനി എന്തുപറയുമെന്ന ചിന്ത അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. "ഡീ... ഇനിയും വീട്ടിലേക്ക് പോണോ നിനക്ക്... എന്റെ കൂടെ വന്നൂടെ.... അച്ഛനിനിയും നിന്നെ തല്ലിയാലോ... പ്ലീസ്... വാ... " ഹോസ്പിറ്റിൽ നിന്നിറങ്ങാൻ നേരമുള്ള അവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെയവൾ മറുപടി കൊടുത്തു. "ഒളിച്ചോട്ടമായിരുന്നെങ്കിൽ അത് നമുക്ക് മുന്നേ ആവാമായിരുന്നല്ലോ... ഇത്രയും അടി വാങ്ങണ്ടായിരുന്നല്ലോ.... എന്നോട് ഏട്ടനല്ലേ പറഞ്ഞെ അച്ഛൻ കൈ പിടിച്ചു തരുന്നെങ്കിൽ മതി ഒന്നിച്ചൊരു ജീവിതമെന്ന്. ഇത്രയും നാൾ വളർത്തിയ അച്ഛനെയും അമ്മയെയും വെറുപ്പിച്ചിട്ട് ഒരു ജീവിതം വേണ്ടാന്നൊക്കെ.... എന്നിട്ടിപ്പോ മാറ്റി പറയുന്നതെന്തിനാ.... എന്തായാലും ഇത്രേം സഹിച്ചില്ലേ....

ഇനി ബാക്കി കൂടി നോക്കാം... അച്ഛൻ സമ്മതിക്കുന്നത് വരെ.... " "ശെരിയാ... ഞാനങ്ങനെ പറഞ്ഞു. ഇപ്പോഴും ഒളിച്ചോട്ടത്തിൽ താല്പര്യം ഉണ്ടായിട്ടല്ല... എനിക്ക് വേണ്ടി നീ ഇനിയും സഹിക്കുന്നത് കാണാൻ വയ്യ കുഞ്ഞി... അതുകൊണ്ടാ പറഞ്ഞെ...." "എന്തായാലും നമുക്ക് കുറച്ചുകൂടി നോക്കാമെന്നേ.... ഇനിയിപ്പോ അച്ഛൻ വീട്ടിൽ കേറ്റില്ലായിരിക്കും.... ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ട് തന്നെയാ എനിക്കൊരാളെ ഇഷ്ട്ടമാണെന്ന് പറഞ്ഞതും...." ഇനിയെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയിട്ടാകും പിന്നീടൊന്നും അവനതിനെ പറ്റി മിണ്ടിയില്ല. വീടിനു മുന്നിൽ തന്നെ ഇരിക്കുന്ന അച്ഛന്റെ മുന്നിൽ അവളെയും അമ്മയെയും അനിയനെയും കൂട്ടി നിൽക്കുമ്പോൾ അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി അവന്... "എന്തുവേണം.... " ദേഷ്യവും വെറുപ്പും ആ പിതാവിന്റെ മുഖത്ത് നിറഞ്ഞിരുന്നു. "ഇവളെ ഇത്രയ്ക്കും തല്ലാനും എന്നോട് ദേഷ്യം കാണിക്കാനും അച്ഛനോട് ഞാൻ ചെയ്ത തെറ്റെന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. സ്നേഹിച്ചത് ഇത്ര വലിയ പാപമാണെന്ന് തോന്നിയിട്ടും ഇല്ല. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാർ ആണ്... അച്ഛൻ കൈപിടിച്ചു തരാതെ ഞങ്ങൾ ഒന്നിച്ചു ജീവിക്കില്ല... ഇനി ഇവളെ ഉപദ്രവിക്കരുത്.... പ്ലീസ്...." ........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story