❣️ദക്ഷ ❣️: ഭാഗം 29

Daksha Ponnu

രചന: പൊന്നു

"ഇവളെ ഇത്രയ്ക്കും തല്ലാനും എന്നോട് ദേഷ്യം കാണിക്കാനും അച്ഛനോട് ഞാൻ ചെയ്ത തെറ്റെന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. സ്നേഹിച്ചത് ഇത്ര വലിയ പാപമാണെന്ന് തോന്നിയിട്ടും ഇല്ല. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാർ ആണ്... അച്ഛൻ കൈപിടിച്ചു തരാതെ ഞങ്ങൾ ഒന്നിച്ചു ജീവിക്കില്ല... ഇനി ഇവളെ ഉപദ്രവിക്കരുത്.... പ്ലീസ്...." എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും അത്രമാത്രമേ അവനെക്കൊണ്ടായുള്ളു. അച്ഛൻ ദക്ഷയെയും ദർശിനെയും ദേഷ്യത്തോടെ നോക്കി അകത്തേക്ക് കയറി പോയി. "ദച്ചു അകത്തേയ്ക്ക് പൊയ്ക്കോ... അമ്മാ... ഇവളെ ഒന്ന് ശ്രദ്ധിക്കണേ... ഇനിയും അച്ഛൻ എന്തെങ്കിലും ചെയ്യുകയാണേൽ ഞാനിവളെ എന്റെ കൂടെ കൊണ്ട് പോകും....." "എങ്കിൽ നീയങ് ഇപ്പൊ തന്നെ കൊണ്ട് പോടാ അവളെ... " അവൻ പറഞ്ഞു തീർന്നതും അകത്തുനിന്നും അച്ഛന്റെ കനത്ത സ്വരമുയർന്നു. അവനെന്തോ പറയാൻ ആഞ്ഞതും ദക്ഷ അതു തടഞ്ഞു. ഒന്നും മിണ്ടാതെ അച്ഛന്റെ മുന്നിലൂടെ തന്നെ അകത്തേക്ക് കയറി. "തമ്പുരാട്ടി എങ്ങോട്ടാണാവോ... ഇത് ഞാൻ ഉണ്ടാക്കിയ വീടാണ്.... എന്നെ അനുസരിക്കാത്ത ഒരുത്തിയും ഇവിടെ വേണ്ടാ.... ഇറങ്ങി പൊക്കോ എവിടാന്ന് വെച്ചാ... മരിച്ചാലും നിന്നെ കാണാൻ ഞാൻ വരത്തില്ല....

ഇത്രേം നാൾ വളർത്തിയ എന്നെ ധിക്കരിക്കുന്ന ഒരു മോള് ഇവിടെ വേണ്ടാ.... പോകുമ്പോ നിന്റെ തള്ളേനേം കൂട്ടിക്കോ...." "ഇത്രയും നാൾ വളർത്തിയെന്ന ബോധം ഉള്ളതുകൊണ്ടാ അവന്റെ കൂടെ ഇറങ്ങി പോകാതെ ഇത്രേം സഹിച്ചും ക്ഷമിച്ചും ഇവിടെ കഴിയുന്നത് അച്ഛാ.... സ്നേഹിച്ചു പോയി.... ഇനി അത് തിരുത്താൻ കഴിയില്ല. എന്റെ സന്തോഷത്തിന് വേണ്ടിയല്ലേ അച്ഛൻ വെയിലും മഴയും കൊണ്ട് ജോലി ചെയ്തത്. എന്നിട്ടിപ്പോ വാശി ജയിക്കാൻ വേണ്ടി എന്തിനാ എന്റെ സന്തോഷം ഇല്ലാതാകുന്നെ.... " മറുപടിയായി അയാൾ നൽകിയത് പുച്ഛം മാത്രം.... "ഞാൻ കണ്ടുപിടിച്ചു തരുന്ന ആളെ കെട്ടിയാൽ എന്താ നിനക്ക്... നല്ല പയ്യനെ അല്ലെ ഞാൻ കണ്ടെത്തുള്ളൂ.... " "ഞാനും കണ്ടെത്തിയത് നല്ല ആളെ അല്ലെ അച്ഛാ... " നിസ്സഹായതയോടെ അച്ഛനെ നോക്കിയവൾ പറഞ്ഞതും അയാളുടെ കണ്ണുകൾ ദർശിലേക്ക് ചലിച്ചു. പിന്നെ എന്തോ ചിന്തിച്ച ശേഷം ഒന്നും മിണ്ടാതെ കസേരയിൽ പോയി ഇരുന്നു. അച്ഛന്റെ മനസ് മാറണേയെന്ന പ്രാർത്ഥനയോടെ ദർഷും ദക്ഷയും അയാളിലേക്ക് മിഴികൾ കേന്ദ്രീകരിച്ചു. ദർശിന് തിരികെ പോകാൻ തോന്നിയില്ല.

താൻ പോയാൽ അച്ഛനവളെ നോവിക്കുമോ എന്ന ഭയം ഉള്ളിൽ കിടന്നു ഞെരിപിരി കൊണ്ടു. കാലുപിടിച്ചിട്ടായാലും ഇന്നുതന്നെ സമ്മതിപ്പിക്കണമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ... ഒരുപക്ഷെ വീട്ടിൽ നിന്നും ഇറക്കിവിടാം, തല്ലിയേക്കാം... എത്ര നാണക്കേട് അനുഭവിച്ചാലും വേണ്ടില്ല, അച്ഛനെ കാര്യം പറഞ്ഞു മനസ്സിലാക്കിയ മതിയാകു എന്ന ചിന്തയിൽ ഉള്ളിലെ ഭയം മാറ്റിവെച്ചുകൊണ്ട് അച്ഛനടുത്തേക്ക് ചെന്നു. അയാളപ്പോഴും എന്തോ ചിന്തായിലാണ്. "അച്ഛാ.... അവളെ... അവളെ എനിക്ക് തന്നൂടെ.... " അവൻ പറഞ്ഞുകഴിയും മുൻപേ അയാൾ കസേരയിൽ നിന്നും ചാടിയെഴുനേറ്റു. "നീയായിട്ട് ഇറങ്ങി പോകുന്നോ അതോ ഞാൻ ഇറക്കി വിടണോ.... " അയാളുടെ എടുത്തടിച്ച പോലുള്ള മറുപടി കേട്ട് അവനെക്കാൾ വേദനിച്ചത് ദക്ഷയ്ക്കും അമ്മയ്ക്കുമാണ്. "അച്ഛാ.... എന്തിനാ ഈ വാശി... അച്ഛന് തോന്നുന്നുണ്ടോ അവള് വേറൊരു കല്യാണത്തിന് സമ്മതിക്കുമെന്ന്... അഥവാ സമ്മതം ചോദിക്കാതെ ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചയച്ചാൽ അവള് സന്തോഷത്തോടെ ജീവിക്കുമെന്ന് അച്ഛനുറപ്പുണ്ടോ...

എങ്കിൽ ദേ ഈ നിമിഷം ഞാനിവിടെ നിന്നും, അവളുടെ മനസ്സിൽ നിന്നും പടിയിറങ്ങും... ഉറപ്പു തന്നാൽ മാത്രം.. " അതിനുള്ള മറുപടി അയാളുടെ മനസ്സിൽ ശൂന്യമായിരുന്നിരിക്കാം. തലകുനിച്ചു നിന്നതല്ലാതെ മറുപടിയേതും പറഞ്ഞില്ല. "എന്റെ മോളുടെ സന്തോഷവും ദുഃഖവും തീരുമാനിക്കാൻ ഞാനിവിടെ ഉണ്ട്... നിനക്ക് പോകാം..." അത്രമാത്രം പറഞ്ഞയാൾ മുറിയിക്കുള്ളിലേക്ക് കടന്നു വാതിലടച്ചു. തിരികെ പോകുമ്പോൾ ദക്ഷയെ ഓർത്ത് ആശങ്കയിലായിരുന്നു അവൻ. അവളിൽ നിന്നകലാൻ അവനാകില്ല. അവൾക്കുമതുപോലെ തന്നെ. പ്രണയമെന്ന വൻ വൃക്ഷത്തിന്റെ വേരുകൾ ഇരുവരിലേക്കും ആഴ്ന്നിറങ്ങിയിരിക്കുന്നു. ഒരുപക്ഷെ അതിലെ ഇലകളൊക്കെയും കൊഴിഞ്ഞേക്കാം.... അവ പിന്നെയും ഭൂമിയിൽ അലിഞ്ഞുചേർന്നിരിക്കാം... എങ്കിലും വേരുകൾ മുറിഞ്ഞുപോകാതെ ആഴത്തിൽ ഭൂമിയുടെ ഉള്ളറകളെ തേടി പോയികൊണ്ടേയിരിക്കും.... ***** "ഡീ... നീ മരുന്ന് കഴിച്ചാരുന്നോ.... " അവളുടെ ഒരൽപ്പം വീർത്ത വയറിൽ കൈകൾ ചേർത്തുവച്ചുകുഞ്ഞിനോട് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ഓർത്തെന്നപോലെയവൻ ചോദിച്ചു. "അയ്യോ..... മറന്നുപോയി.... സോറി.... വഴക്ക് പറയല്ലേ ഏട്ടാ... പ്ലീസ്.... ഞാൻ ദേ ഇപ്പൊ എടുത്തു കഴിക്കാം..."

വയറിൽ ഒരു കൈ താങ്ങി പിടിച്ചുകൊണ്ടു ബെഡിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞവളെ തടഞ്ഞു കൊണ്ടവൻ ടേബിളിൽ കൈ എത്തി മരുന്നും വെള്ളവും എടുത്തു. "ഞാനിതെടുത്തു അടുത്തു വെച്ചിട്ടല്ലേ പുറത്തേക്ക് പോയേ... ഒന്നും കഴിക്കാൻ വയ്യല്ലേ നിനക്ക്... നിനക്ക് വേണ്ടേൽ വേണ്ടാ... കുഞ്ഞിനെ ഓർത്തെങ്കിലും കഴിച്ചാൽ എന്താ കുഞ്ഞി നിനക്ക്. ഡോക്ടർ പ്രേത്യേകം പറഞ്ഞതല്ലേ സമയത്തിന് ഫുഡും മരുന്നുമൊക്കെ കഴിക്കണമെന്ന്... ഏഹ്... പിന്നെന്താ നിനക്ക് ഇത്ര മടി..." ഗൗരവമേറിയ അവന്റെ വാക്കുകൾക്ക് മറുപടിയേതും പറയാതെയവൾ തലകുനിച്ചിരുന്നു. "പോട്ടെ... ദേ കഴിച്ചേ... കഴിച്ചിട്ട് ഇവിടെ ഇരിക്കെ... ഞാൻ പോയി ഫുഡ്‌ എടുത്തിട്ട് വരാം.... " വായിലേക്ക് ഗുളിക ഇട്ടുകൊടുത്തുകൊണ്ടവൻ പറഞ്ഞു. "എനിക്കിപ്പോ വിശപ്പില്ല... പിന്നെ കഴിച്ചാൽ മതിയോ..." "അതൊന്നും പറഞ്ഞാൽ പറ്റില്ല മോളെ... മര്യാദിക്ക് കഴിച്ചോണം... ഞാൻ പോയി എടുത്തിട്ട് വരാം... " ഇനിയും വേണ്ടന്നു പറഞ്ഞാൽ വഴക്ക് ഉറപ്പാണെന്നവൾക്കറിയാം. സ്നേഹിക്കാനും സംരക്ഷിക്കാനും ഇങ്ങനെയൊരാൾ ഉള്ളതും ഒരു ഭാഗ്യം തന്നെയാണെന്നവൾ ഓർത്തു. കൊച്ചുകുട്ടികൾക്ക് കൊടുക്കുന്നത് പോലെ ആഹാരം വായിലേക്ക് വെച്ചുകൊടുക്കുന്നതും അവളെ താങ്ങിപിടിച്ചു നടക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം അവൻ തന്നെയാണ്. ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ കുളിച്ചു ഫ്രഷ് ആയി ഒരൊറ്റ ഓട്ടമാണ് അവളുടെ അടുത്തേക്ക്... പിന്നീട് കുഞ്ഞിനോട് വാതോരാതെ സംസാരിക്കും.

അതിനു മറുപടിയായി ചവിട്ടുമുഴുവൻ ദച്ചുവിന് നൽകികൊണ്ട് അച്ഛനോട് വാവയും സംസാരിക്കും. "മനുഷ്യാ... ഇന്നലെ നമ്മള് ഹോസ്പിറ്റലിൽ പോയപ്പോ നിങ്ങളോട് സംസാരിച്ച പെണ്ണ് ആരാ... നിന്നു ചിരിക്കാതെ പറയ്... അവളുടെ ഒരു കൊഞ്ചികുഴഞ്ഞുള്ള സംസാരം... ഹും... ആരാ അത്... ഇന്നലെ ചോദിച്ചപ്പോഴും ഇതേപോലെ ചിരി അല്ലാരുന്നോ... മര്യാദക്ക് പറയ്... ആരാ.." ഗൗരവത്തിൽ ചോദിക്കുന്നവളെ നോക്കി ചിരിച്ചതല്ലാതെ അവനൊന്നും പറഞ്ഞില്ല. "നീ ആദ്യമൊന്ന് അടങ്ങി ഇരുന്നേ.... കാലൊക്കെ നീരുവച്ചിരിക്കുന്ന കണ്ടില്ലേ... അടങ്ങി എവിടേലും ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ..." അവളുടെ കാൽ തിരുമ്മികൊടുക്കുന്നതിനിടയിൽ പറഞ്ഞതും ദച്ചു മുഖം വീർപ്പിച്ചവനെ നോക്കി. "ഇപ്പൊ പൊട്ടോ ആ കവിൾ.... ദൈവമേ... എന്റെ മോള് ഈ ഭദ്രകാളിയെ പോലെ ആകല്ലേ... അവളെ കെട്ടുന്നവനെങ്കിലും രക്ഷപെട്ടേനെ... എന്നെപോലെ പെട്ട് പോവൂല്ലല്ലോ...." "പോടാ... എന്റെ സ്വഭാവത്തിന് എന്ത് കുഴപ്പമാ ഉള്ളേ...." "എന്ത് കുഴപ്പമാ ഇല്ലാത്തെ.... എല്ലാ ഉഡായിപ്പും ഉണ്ടല്ലോ നിനക്ക്.... നീയീ പോടാന്ന് എന്റെ മോൾടെ മുന്നിൽ വെച്ച് വിളിക്കല്ലേ.. അവസാനം അച്ഛാന്ന് വിളിക്കുന്നതിന്‌ പകരം അവള് പോടാന്ന് വിളിക്കും... " "അയ്യടാ... അച്ഛാന്ന് വിളിക്കാൻ പറ്റിയ മുതല്... ഹും..."

"വയറ്റില് ന്റെ കൊച്ചുണ്ടായി പോയി. ഇല്ലേൽ നിന്നെ ഞാനിന്ന് നിന്നെ ഇടിച്ചു പപ്പടം ആക്കിയേനെ...." കള്ളദേഷ്യത്തോടെ പറഞ്ഞവൻ ഇടംകണ്ണിട്ട് അവളെ നോക്കി. പെണ്ണ് മുഖം വീർപ്പിച്ചിരിപ്പുതന്നെയാണ്. "പിന്നേ... പപ്പടം ആക്കാൻ ഇങ്ങോട്ട് വാ... എന്റെ കൈ മാങ്ങ പറിക്കാൻ പോവൂല്ല..." "എന്റെ പൊന്ന് ദച്ചൂ... നിനക്കീ മാങ്ങ ഒന്ന് മാറ്റിപിടിക്കാറായില്ലേ... ഇതാ ഞാൻ പറഞ്ഞെ നേരത്തെ... നിനക്ക് കുഴപ്പമേ ഉള്ളു.... " "ഓ.... അല്ലാ.... ഞാൻ ചോദിച്ചതിന് മറുപടി ഇതുവരെ പറഞ്ഞില്ലല്ലോ... ആരാ ആ പെണ്ണ്... സത്യം പറയ് മനുഷ്യാ ആരാ അവള്..." "അതോ... ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ നിന്നോട് ഞാനാദ്യം നിന്ന ഷോപ്പിന്റെ മുന്നിൽ ഒരു കുട്ടി വന്ന് എന്നെ നോക്കുന്ന കാര്യം.... " ചിരിയോടെ ഒരല്പം നാണം അഭിനയിച്ചവൻ പറഞ്ഞതും ദക്ഷയുടെ മനസ്സിൽ വെള്ളിടി വെട്ടി. "എന്റെ ഈശ്വരാ.... ഇങ്ങേരു വഴി തെറ്റി പോയേ... അന്നേ ഞാൻ പറഞ്ഞതാ അവള് നോക്കുമ്പോ നിങ്ങളോട് നോക്കരുതെന്ന്... എന്നിട്ട് എപ്പോഴാ മനുഷ്യാ നിങ്ങള് തമ്മിൽ കമ്പനി ആയത്..."

"അയ്യോ.... ഡീ... ഞാൻ പറഞ്ഞോട്ടെ... ആ കുട്ടി വന്നു നിക്കുന്നത്തിനടുത്തുള്ള കട എന്റെ ഫ്രണ്ടിന്റെ ആണ്. അവന്റെ വൈഫ്‌ ആണ് ഇന്നലെ സംസാരിച്ച കുട്ടി. ഇങ്ങനൊരു കുശുമ്പി... നിന്നെ വിട്ട് ഞാനെങ്ങും പോകില്ലെന്റെ പൊന്നേ.... " "പോടാ.... മനുഷ്യനെ ചുമ്മാ വട്ടാക്കുന്നോ... മോളിങ്ങു വരട്ടെട്ടോ... ഞാനും എന്റെ മോളും കൂടി നിങ്ങളെ ശെരിയാക്കും നോക്കിക്കോ... അല്ലേ മോളെ.... " വയറിനെ പൊതിഞ്ഞു പിടിച്ചുകൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി. "കാണാമേ.... ആരെയാ വട്ടാക്കുന്നതെന്ന് " ****** "വേഗം പോയി റെഡി ആയി നിൽക്ക്.... നിന്നെക്കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. ഇത്‌ മുടക്കാൻ വല്ല പ്ലാനും തള്ളക്കും മോൾക്കും ഉണ്ടെങ്കിൽ......" വിരൽചൂണ്ടി താക്കീതോടെ പറഞ്ഞയാൾ ദക്ഷയുടെ മുറിയിൽ നിന്നുമിറങ്ങി......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story