❣️ദക്ഷ ❣️: ഭാഗം 3

Daksha Ponnu

രചന: പൊന്നു

പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവനെ കണ്ടതും പഴയതിനേക്കാൾ പതിന്മടങ്ങായി ഹൃദയതാളം ഉയർന്നു. ചിരിയോടെയവൾ മുഖം കുനിച്ചിരുന്നു. അല്പം കഴിഞ്ഞതും തോളിൽ ആരുടെയോ കരസ്പർശം.ദക്ഷയുടെ കൈകൾ തണുത്തു വിറച്ചു. "ഇതാരെ സ്വപ്നം കാണുവാഡി...ഫിസിക്സ് ക്ലാസോ അതോ സാറിനെയോ... " അർത്ഥം വെച്ചുള്ള സംസാരം കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ആളാരാണെന്ന്. "ഞാനാരെയും ഓർത്തില്ല.നീയൊന്ന് പോയെ. എത്ര തവണ പറഞ്ഞിട്ടുണ്ട് സാറിന്റെ പേരും പറഞ്ഞിങ്ങോട്ട് വരല്ലേന്ന് " ആയിഷയെ നോക്കിയവൾ ദേഷ്യപ്പെട്ടു. കണ്ണുകൾ അപ്പോഴും ക്ലാസിനു പുറത്തേക്ക് ചലിച്ചു.അവനെ കാണാതെ ആയതും നിരാശയോടെ കണ്ണുകൾ പിൻവലിച്ചു. ഒരിക്കൽ കൂടി കാണാൻ അവളുടെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു. "ഐഷു... നമുക്കൊന്ന് പുറത്തൊക്കെ കറങ്ങീട്ട് വന്നാലോ.. ക്ലാസ് തുടങ്ങാൻ ഇനിയും ഉണ്ടല്ലോ സമയം. " പെട്ടെന്ന് തോന്നിയ ബുദ്ധിയിലവൾ പറഞ്ഞു. "ഓക്കേ ഡി. ഞാൻ പറയാനിരുന്നതാ നിന്നോട്. വാ പോകാം. " പുറത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ സ്കൂൾ വരാന്തായിലൂടെ പാഞ്ഞു നടന്നു.

താഴത്തെ നിലയിലേക്ക് ഇറങ്ങാനുള്ള പടികൾക്ക് സമീപത്തായി നിൽക്കുന്നവനെ കണ്ടതും അവളൊരു നിമിഷം അവളെ തന്നെ മറന്നു.അവന്റെ കണ്ണുകളും അവളിലായിരുന്നു.സ്വബോധത്തിലേക്ക് തിരിച്ചുവന്നതും കണ്ണുകൾ പിൻവലിച്ചു മുന്നോട്ട് നടന്നു. ഒരുനോക്കു കൂടി അവനായി നൽകണമെന്നുണ്ടെങ്കിലും മനസ്സിനെ അടക്കിനിർത്തി. "ദച്ചു.. നിനക്ക് ആ പയ്യനെ അറിയോ...നമ്മളിറങ്ങി വന്നപ്പോ അവിടെ നിന്നവൻ " ആയിഷയുടെ ചോദ്യം കേട്ടവൾ മനസ്സിലാകാതെ അവളെ നോക്കി. "നീ എന്താ അങ്ങനെ ചോദിച്ചേ... എനിക്കെങ്ങനെ അറിയാനാ അവനെയൊക്കെ " ഒന്നുമറിയാത്തത് പോലെതന്നെ ദക്ഷ മറുപടി പറഞ്ഞു. "അവന്റെ നോട്ടത്തിൽ എന്തോ ഒരു കുഴപ്പം. നമ്മളിങ്ങോട്ട് വന്നപ്പോ കണ്ണെടുക്കാതെ നോക്കുന്നു. ഇവനൊന്നും പെൺപിള്ളേരെ കണ്ടിട്ടില്ലേ ആവോ...... " ആയിഷയുടെ സ്വരത്തിൽ ഒരല്പം ദേഷ്യം കലർന്നിരുന്നു. ഇറങ്ങിയ പടികൾ തിരികെ കയറുമ്പോൾ അവനപ്പോഴും അവിടെ തന്നെയുണ്ടായിരുന്നു.അവന്റെ മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെയവൾ പടികൾ കയറി പോയി. "എടീ... നീ കണ്ടാരുന്നോ.. അവന്റെ നോട്ടം. അങ്ങ് ദഹിച്ചു പോകുമ്മാതിരി അല്ലേ നോക്കുന്നെ...

നിന്നെയാ അവൻ നോക്കിയത്. കുറി ഇട്ടിട്ടുണ്ട്, കാണാനൊക്കെ കൊള്ളാം. നിനക്ക് ചേരും.." "നിനക്കെന്താഡി.. ആരേലും എന്നെ നോക്കാൻ കാത്തിരിക്കുവാണോ നീ. അപ്പൊ തുടങ്ങിക്കോളും ഓരോന്ന്. അവൻ നോക്കിയത് ഞാൻ കണ്ടില്ലല്ലോ. കണ്ടവന്മാരെ വായിനോക്കി നടന്നിട്ട്. അവൻ നീ നോക്കുന്നത് കൊണ്ട് നിന്നെയാകും നോക്കിയത്.എന്തായാലും നീ നോക്കിയിട്ടല്ലേ അവൻ നോക്കിയെന്ന് നീ കണ്ടത്. " കള്ളച്ചിരി ചുണ്ടിലൊളിപ്പിച്ചവൾ പറയുമ്പോൾ ആയിഷക്ക് ഒന്നും മനസ്സിലായിരുന്നില്ല. "ഇപ്പൊ എന്താ നീ പറഞ്ഞെ, എനിക്കൊന്നും മനസ്സിലായില്ല. " "ഇനി പറയാൻ എനിക്ക് സൗകര്യമില്ല. നീ വേണേൽ നിന്റെ അജ്മലിനോട് ചോദിക്ക് ... " ദക്ഷയെ കൂർപ്പിച്ചു നോക്കി ആയിഷ തിരിഞ്ഞിരുന്നു. മനസ്സിലപ്പോൾ അജ്മൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനോടുള്ള അടങ്ങാത്ത പ്രണയത്തിലവൾ സ്വയം മറന്നിരുന്നു.കണ്ടമാത്രയിൽ ആരോടും തോന്നാത്ത എന്തോ ഒന്ന് അവനിലേക്കവളെ അടുപ്പിച്ചു. കവികൾ വർണിക്കുന്ന പ്രണയം, മനസ്സിന്റെ താളം തെറ്റിക്കാൻ കഴിവുള്ള പ്രണയം അവളും തിരിച്ചറിഞ്ഞു തുടങ്ങി.

അവനറിയാതെ ഏറെ നേരം പ്രണയത്തോടെ അവനെ തന്നെ നോക്കിയിരുന്നിട്ടുണ്ട്. ഇടവേളകളിലൊക്കെയും അവനെ കാണാനായി വെറുതെ വരാന്തായിലൂടെ നടന്നെങ്കിലും ദക്ഷക്കവനെ കാണാനായില്ല. ആരാണെന്നോ എന്താണെന്നോ അറിയില്ല. പക്ഷെ ആ കണ്ണുകൾക്കെന്തോ കാന്തിക ശക്തിയുള്ളത് പോലെ. ഓർമയിലേക്കവൻ കടന്നു വരരുതേ എന്ന പ്രാർത്ഥനയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് അവന്റെ നോട്ടം മനസ്സിന്റെ താളം തെറ്റിച്ചു. തിരികെ വീട്ടിലെത്തുമ്പോഴും മനസ്സിൽ അവനായിരുന്നു. ആരാണെന്ന ചോദ്യവും. പഠിക്കാനായില്ലവൾക്ക്. സ്വപ്നലോകത്തെന്നതുപോലെ തോന്നി.പിറ്റേന്നുമുതൽ സ്കൂളിലേക്ക് പോകാൻ തിടുക്കമായിരുന്നവൾക്ക്. അന്നും അവനവിടെ ഉണ്ടായിരുന്നു. ഇന്ന് നെറ്റിയിൽ ചന്ദന കുറിയില്ല. എങ്കിലും നോട്ടവും ചുണ്ടിലെ ചെറുചിരിയും അതേപോലെ തന്നെയുണ്ട്. ഇന്നെന്തോ മുന്നത്തേക്കാൾ ഭംഗിയുണ്ട് ആ ചിരിയിൽ. പ്രണയം കലർന്ന ചിരിയോ..? അവന്റെ മനസ്സിൽ എന്താവും? ദക്ഷയുടെ മനസ്സിൽ അവനൊരു ചോദ്യചിഹ്നമായിരുന്നു. അവന് മുന്നിലൂടെ കടന്ന് പോകുമ്പോൾ അറിയാതെ പോലും അവനിലേക്കൊരു നോട്ടം പാറി വീഴാതിരിക്കാനവൾ ശ്രമിച്ചു. പടികളോരോന്നായി കയറുമ്പോഴും തിരിഞ്ഞു നോക്കിയില്ല.

പിന്നാലെ ആരോ വരുന്നുണ്ടെന്ന് തോന്നിയതും വെറുതെയൊന്ന് തിരിഞ്ഞു നോക്കി. അതെ അതവനായിരുന്നു. വേഗം മുഖം തിരിച്ചവൾ മുന്നിലേക്ക് നടന്നു. അവളുടെ ചൊടികളിലും പുഞ്ചിരി നിറഞ്ഞിരുന്നു. അവനായി മാത്രം. ക്ലാസ്സിൽ കയറി ഇരിക്കുമ്പോഴും കണ്ണുകൾ പുറത്തേക്ക് ചലിപ്പിച്ചില്ല. അവനവിടെ ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെ പതിയെ വരാന്തായിലേക്ക് നോക്കി. പ്രാർത്ഥന ഫലിച്ചെങ്കിലും അവനെ കാണാത്തത്തിൽ നിരാശയും തോന്നി. അതിനധികം ആയുസ്സുണ്ടായിരുന്നില്ല. ക്ലാസ്സിനകത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് വിജനമായ ആ വരാന്തയിലൂടെ അവൻ പതിയെ നടന്നു. പ്രതീക്ഷിക്കാത്തതിനാലാകാം അവളൊരു നിമിഷത്തേക്ക് നിശ്ചലമായി. പെട്ടെന്ന് തന്നെ മുഖം താഴ്ത്തി. ബെല്ലടിക്കുന്നത് വരെയും അവളതേ ഇരുപ്പ് തുടർന്നു. എന്തുകൊണ്ടോ പുറത്തേക്ക് നോക്കാൻ തോന്നിയില്ല.ഇടവേളകളിലും അധികം പുറത്തിറങ്ങിയില്ല. മനസ്സ് കൈവിട്ടുപോകുന്നുവെന്ന തോന്നലാകാംഅതിനു കാരണം. പ്രണയമാണോ അവനോട്.. പേരെന്താണെന്നോ, നാടേതാണെന്നോ അറിയില്ല. പ്രണയമാകാൻ എന്താണ് അവനുമായുള്ള ബന്ധം. ഒന്ന് സംസാരിച്ചിട്ടുപോലുമില്ല. അരികിൽ നിന്നിട്ടില്ല, എന്തിനു പറയുന്നു ശബ്ദം പോലും കേട്ടിട്ടില്ല. ആകെയുള്ളതവന്റെ നോട്ടം മാത്രം. അതുമാത്രം കൊണ്ടെങ്ങനെ പ്രണയമാകും. ഇതാണോ പ്രണയം. ഉറങ്ങുവാൻ കിടക്കും നേരം അവളുടെ ചിന്തകൾ അവനായിരുന്നു.

"ഒരുവാക്കെങ്കിലും സംസാരിക്കാനായെങ്കിൽ, അവന്റെ പേരെങ്കിലും അറിയാൻ എന്താ വഴി, ഏത് ക്ലാസ് എന്നുപോലും അറിയില്ല.." നിദ്രയെന്തേ അവൾക്കടുത്തേക്കുപോലും എത്തി നോക്കിയില്ല? സ്വപ്നം കാണുവാൻ പഠിപ്പിക്കുകയാണോ അവളെ?.... കൈ വേദനയെടുത്തതും എഴുതുന്നത് നിർത്തി പേനയവൾ പേപ്പറിന് മുകളിൽ വച്ചു.ഒരുപാടു നേരമായി ഇരിക്കുന്നതിനാലാകും നടുവേദന ചെറിയ തോതിൽ തുടങ്ങിയിരുന്നു. നടുവൊന്ന് നിവർത്തി പേപ്പറിൽ നിന്നും നോട്ടം മാറ്റി നേരെ നോക്കിയത് മുന്നിൽ ഇരിക്കുന്ന ദർശിന്റെ ഫോട്ടോയിലേക്കാണ്.ചിരിയോടെ നിൽക്കുന്നവന്റെ ഫോട്ടോയിലേക്ക് നോക്കിയതും അവളുടെ ചൊടികളിലും പുഞ്ചിരി നിറഞ്ഞു. അവളെന്നല്ല ആരതിലേക്ക് നോക്കിയാലും ചെറുചിരിയെങ്കിലും ചുണ്ടിൽ വരാതിരിക്കില്ല.അത്ര മനോഹരമായിരുന്നു അവന്റെ ചിരി. പതിയെ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഫോട്ടോയവൾ കൈയ്യിലെടുത്തു. കണ്ണെടുക്കാനവൾക്ക് തോന്നിയില്ല... നീയൊരിക്കൽ പറഞ്ഞിട്ടില്ലേ... 'നിന്നിൽ ഞാൻ അടിമയാകുന്നു പെണ്ണെ, ലൈലയെ സ്വന്തമാക്കാനാകാത്ത മജ്നുവിനെ പോലെ ആകുമോ ഞാൻ.എങ്കിൽഎനിക്കുറപ്പുണ്ട്, ഞാനൊരു ഭ്രാന്തനാകും.' അവന്റെ വാക്കുകൾ കാതിൽ ഓളങ്ങൾ തീർത്തു.

അവന്റെ ഫോട്ടോയിലേക്കവൾ മുഖം അടുപ്പിച്ചു. അതിൽ അധരം പതിപ്പിച്ചു. പ്രണയചുംബനം.. എന്തുകൊണ്ടോ അവനെ കാണാൻ തോന്നി. ഫോട്ടോ അവിടെ വെച്ചുകൊണ്ടവൾ എഴുനേറ്റ് പുറത്തേക്ക് നടന്നു. മറ്റൊരു മുറിയിലേക്ക് കയറി. അത്ര വലുതല്ലാത്ത എന്നാൽ ഭംഗിയുള്ള ഒരു മുറി.ദർശ് കമ്പ്യൂട്ടറിന് മുന്നിൽ കസേരയിലിരുന്ന് നല്ല ഉറക്കത്തിലാണ്. "നല്ല ആളാ.. ഇവിടെ ഇരുന്നുറങ്ങുന്നോ... അതേ... എണീറ്റെ. ബാക്കിയൊക്കെ നാളെ ചെയ്യാം. കഴിച്ചിട്ട് കിടക്കാൻ നോക്ക്... " അവനരികിലായ് വന്നു നിന്നുകൊണ്ട് അവൾ പറഞ്ഞെങ്കിലും ദർശ് ഇതൊന്നുമറിയാതെ ഉറക്കത്തിൽ തന്നെയാണ്... "ഏട്ടാ... എണീക്കാൻ... " "മ്മ്മ്... ഇച്ചിരി കൂടി കിടക്കട്ടെ... നേരം വെളുത്തില്ലല്ലോ... " തട്ടി വിളിച്ചതും കുറുകികൊണ്ടവൻ മുഖം തിരിച്ചുകിടന്നു. "നേരം വെളുക്കാനായില്ല. മണി ഒൻപത് ആയേ ഉള്ളു.ഇത് കട്ടിലല്ല കിടക്കാൻ, കസേരയാണ്.അങ്ങോട്ട് എണീറ്റെ... " എങ്ങനെയൊക്കെയോ അവനെ എഴുനേൽപ്പിച്ചു പുറത്തേക്ക് കൊണ്ടു പോയി. "ഞാൻ പോയി കഴിക്കാൻ എടുക്കാം. മുഖം കഴുകി താഴെക്ക് വായോ. " "മ്മ്.... " ഉറക്കത്തിന്റെ ആലസ്യത്തിൽ ചെറുതായവൻ മൂളി. "ദച്ചു..തലവേദനിക്കുന്നെടി. " കിടക്കാൻ നേരമവൻ തലയിൽ കൈവച്ചു പറയുമ്പോൾ വാത്സല്യത്തോടെ അവളവനെ സ്വന്തം മാറോടു ചേർത്തു നെറുകയിൽ അരുമയായി തലോടികൊണ്ടിരുന്നു.

ഒരു ഭാര്യയെന്നതിനേക്കാളുപരി ആ നിമിഷം അവൾ അവനൊരു അമ്മയായി. അവനൊരു മകനും. നേരമെത്ര കഴിഞ്ഞിട്ടുമവൾക്ക് ഉറങ്ങാനായില്ല.കൈകൾ വയറിനെ തലോടി. ഒരു കുഞ്ഞിനായി വിളിക്കാത്ത ദൈവങ്ങളില്ലെന്നവൾ ഓർത്തു.മാറോടു ചേർന്ന് നിഷ്കളങ്കമായി ഉറങ്ങുന്നവനെ നേരെ കിടത്തി അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരികെട്ടി എഴുനേറ്റ് മേശക്കടുത്തേക്ക് നടന്നു. ഒരൽപ്പം മാത്രം തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി അകത്തേക്ക് കയറുന്ന പാതിരാകാറ്റിൽ തൂലികയുടെ അടിയിലെ കടലാസ് ചെറുതായി അനങ്ങിക്കൊണ്ടിരുന്നു. പേനകൈയ്യിലെടുത്തവൾ പിന്നെയും എഴുതി തുടങ്ങി. ഇനി വാർഷിക പരീക്ഷക്ക് വെറും ഒരാഴ്ച മാത്രം ബാക്കി. അന്നും എന്നത്തേയും പോലെ സ്ഥിരം സ്ഥലത്ത് അവനുണ്ടായിരുന്നു. പേരറിയാത്തവൻ.. ഇന്നലെ രാത്രിതന്നെ അവളൊരു തീരുമാനമെടുത്തിരുന്നു. അവനോടെന്തെങ്കിലുമോന്ന് സംസാരിക്കണം. "ഇന്നെന്തായാലും സംസാരിക്കണം. ഏത് ക്ലാസ് ആണെന്ന് ചോദിച്ചാലോ, അതോ പേര് ചോദിക്കണോ.. ക്ലാസ് തന്നെ ചോദിച്ചേക്കാം.. "

ധൈര്യം സംഭരിച്ചവൾ മുന്നോട്ടേക്ക് ചുവടുകൾ വച്ചു. അവനടുത്തേക്കെത്തിയതും ശരീരമാകെ വിറയൽ അനുഭവപ്പെട്ടു. ധൈര്യമെങ്ങോ മറഞ്ഞതുപോലെ.എന്തും വരട്ടേയെന്ന മട്ടിലവൾ നടത്തം നിർത്തി കണ്ണുകളുയർത്തി അവനെ നോക്കി. അവൾ നോക്കിയതും അവനാനിമിഷം തന്നെ അവളിൽ നിന്നും നോട്ടം മാറ്റി അവിടെനിന്നും എഴുനേറ്റ് മറ്റെങ്ങോട്ടോ നടന്നു. ചോദിക്കാൻ വന്നതൊക്കെ എങ്ങോ പോയി മറഞ്ഞു. പിന്നീടൊരു നിമിഷം പോലുമവൾ അവിടെ നിന്നില്ല. വേഗം ക്ലാസ്സിലേക്ക് നടന്നു. "ദക്ഷ... " പിറകിൽ നിന്നും ആരോ വിളിച്ചതും തിരിഞ്ഞു നോക്കി. "എന്താ സർ.. " "നാളെ കൂടിയല്ലേ ക്ലാസ്സുള്ളു. ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ.എനിക്ക് വേറെ സ്കൂളിൽ ആണ് എക്സാം ഡ്യൂട്ടി. അപ്പൊ ഓൾ ദി ബെസ്റ്റ്. " അതും പറഞ്ഞു തിരികെ പോകും മുൻപേ കൈയ്യിലുണ്ടായിരുന്ന പേപ്പർ അവൾക്ക് നൽകി. കൂടെ ചെറുചിരിയും...... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story