❣️ദക്ഷ ❣️: ഭാഗം 4

Daksha Ponnu

രചന: പൊന്നു

"നാളെ കൂടിയല്ലേ ക്ലാസ്സുള്ളു. ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ.എനിക്ക് വേറെ സ്കൂളിൽ ആണ് എക്സാം ഡ്യൂട്ടി. അപ്പൊ ഓൾ ദി ബെസ്റ്റ്. " അതും പറഞ്ഞു തിരികെ പോകും മുൻപേ കൈയ്യിലുണ്ടായിരുന്ന പേപ്പർ അവൾക്ക് നൽകി. കൂടെ ചെറുചിരിയും. തുറന്നുനോക്കണമെന്നുണ്ട്, എങ്കിലും അതിനു മുതിർന്നില്ല. മുകളിലേക്ക് നടക്കുമ്പോൾ ഇടയ്ക്കിടെ കണ്ണുകൾ പിറകിലേക്കും പാഞ്ഞു. അവനുണ്ടാകുമോ എന്ന ചിന്ത.. ക്ലാസ്സിലെത്തി മണിക്കൂറുകൾ കഴിഞ്ഞുകൊണ്ടിരുന്നു.ഉള്ളിലെന്തോ ഒരു വിങ്ങൽ. എന്തിനെന്നറിയാതെ കണ്ണുകളിൽ ചെറിയ തോതിൽ കണ്ണുനീർ തിളക്കം. ഹൃദയം അതിനോട് തന്നെ പലതവണയായി ചോദിച്ചതത്രയും ഒന്നു മാത്രം. "ഹൃദയമേ... നിനക്കെന്താണവനോട്..? " കൃത്യമായ മറുപടിയില്ലെങ്കിലും ഹൃദയം പറഞ്ഞു. "അറിയില്ല. ഒരുവേള പ്രണയമാകുമോ എന്നു ഞാൻ സംശയിക്കുന്നു. " ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും കാത്തുനിൽക്കാത്ത സമയം, തിരക്കിനിടയിൽ മറ്റുള്ളവരെ ഓർമിക്കാത്ത മനുഷ്യനെ പോലെ, സമയവും കടന്നു പോയി.അതിനിടയിൽ മറവിയെന്ന രോഗം അവളെ തലോടിയതിനാലാകും സാർ തന്ന പേപ്പറിന്റെ കാര്യവും മറന്നുപോയിരുന്നു. എങ്ങനെ മറക്കാതിരിക്കും,

ചിന്തകളത്രയും പേരറിയാത്ത ഒരുവൻ കവർന്നെടുത്തിരിക്കുന്നു.അവൻ പോലും അറിയാതെ അവന്റെ സ്വന്തമാക്കിയിരിക്കുന്നു. തിരികെ പോകാനായി പടികളോരോന്നായി ഇറങ്ങവേ ഒരുമാത്രയവൾ ആ മുഖം കാണുവാൻ കൊതിച്ചു.ഇനി രണ്ട് ദിനം അവനെ കാണാനാവില്ലെന്നത് എന്തുകൊണ്ടോ നോവിച്ചു. 'ഒന്നു കാണുവാനായെങ്കിൽ ' മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടവൾ കാലടികൾ മുന്നോട്ടു വച്ചു. "ഡീ വേഗം വാ... ബസ് ഇപ്പൊ വരും.. ഇന്ന് വെള്ളിയാഴ്‌ചയാണ് മറന്നോ.." കൂടെപടിക്കുന്നൊരു പെൺകുട്ടി വിളിച്ചുപറഞ്ഞുകൊണ്ട് മുന്നോട്ടേക്ക് നടന്നു. അപ്പോഴാണവളും വാച്ചിലേക്ക് നോക്കുന്നത്. അതെ,സമയം വൈകിയിരിക്കുന്നു.വെള്ളിയാഴ്ച്ച ആയതിനാൽ എന്നും സ്കൂൾ വിടുന്നതിനേക്കാൾ ഒരൽപ്പം വൈകിയാണ് വിടുന്നത്.വേഗത്തിലവൾ നടന്നു.വേഗത കൂടിയതിനാലാകും മുന്നിലുള്ളതൊന്നും ശ്രദ്ധയിൽ പെട്ടില്ല.അവനെയും. കാണാൻ കൊതിച്ചിട്ടും മുന്നിലൂടെയവൻ നടന്നുനീങ്ങിയതവൾ അറിഞ്ഞില്ല. സ്ഥിരമായി പോകാറുള്ള ബസിൽ ഇരിക്കുമ്പോൾ ബസിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന പ്രണയഗാനത്തിൽ അവളും ലയിച്ചു പോയിരുന്നു. പ്രണയം... അവനോടുള്ളത് ഭ്രാന്തമായ പ്രണയമാണെന്നവൾ തീരിച്ചറിയുകയായിരുന്നു

ഒരോ നിമിഷവും. ബസിറങ്ങി റോഡിലൂടെ നടക്കവെ കണ്ണുകൾ പാഞ്ഞത് ഒരു വശത്തായി വിയർത്തു കുളിച്ചു നിന്ന് കാട് വെട്ടിതെളിക്കുന്ന അച്ഛനിൽ ആണ്. വെറുതെ നടന്നിട്ടുപോലും മാർച്ച് മാസചൂടിൽ ദക്ഷയും വിയർത്തൊലിച്ചു. അവൾക്ക് അച്ഛനെ കാൺകെ സങ്കടം തോന്നി. ഇങ്ങനെ പൊരിവെയിലത്തു പോലും കിളച്ചുണ്ടാക്കുന്ന തുച്ഛമായ പണം കൊണ്ടാണ് പട്ടിണി ഇല്ലാതെ കടന്നുപോകുന്നതെന്നവൾ ഓർത്തു. പണിയെല്ലാം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ കാര്യമില്ലാതെ ദേഷ്യപ്പെടുന്നത് ശരീരത്തിലാകമാനം ബാധിച്ചിരിക്കുന്ന വേദന കൊണ്ടാവും. ദക്ഷയെത്തി ഏറെ നേരം കഴിഞ്ഞാണ് വീട്ടിലേക്ക് അച്ഛൻ വന്നത്. "നിങ്ങളിന്നും റേഷൻ കടയിൽ പോണില്ലേ മനുഷ്യ....ഇന്നലെ പറഞ്ഞപ്പോ ഇന്ന് പോവാന്ന് പറഞ്ഞിട്ട്.." കുളികഴിഞ്ഞു വീടിനകത്തേക്ക് കാലെടുത്തു വെച്ചതേയുള്ളു അവളുടെ അച്ഛൻ. അതിനുമുന്നേ തന്നെ അമ്മ പരാതിപ്പെട്ടി തുറന്നു. "ആ... പോവാം. ഇനിയിപ്പോ നേരം വൈകി. എഴുമണിക്ക് കടയടക്കും. എനിക്ക് വിശക്കുന്നു നീ ചോറെടുത്തു വെച്ചേ... മേലാകെ വേദന...

എന്തൊരു വെയിലാരുന്നു ഇന്ന്. " കൈലി(ലുങ്കി)ഒന്നുകൂടി മുറുക്കിയുടുത്തു, തോർത്തുകൊണ്ട് ശരീരത്തിൽ പറ്റിയിരിക്കുന്ന ചെറു ജല കണികകളെ ഒപ്പിയെടുത്തു അയാൾ. "ദച്ചു... ചോറെടുത്തു കൊടുത്തേ... കറിയൊക്കെ വേറൊരു പാത്രത്തിൽ ഒഴിച്ചു കൊണ്ട് വാ.. " "ഓ...... " മറുപടി ഒരൊറ്റ വാക്കിൽ ചുരുക്കി ദക്ഷ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. ചോറും കറികളും എടുത്ത് ഇറയത്തേക്ക് നടന്നു. ഒരൽപ്പം രസവും, തേങ്ങാ ചമ്മന്തിയും പിന്നെ ഉണക്കമീൻ ചുട്ടതും കൂട്ടി അയാൾ വിശപ്പകറ്റി. "ഇന്നയാള് പൈസ തന്നാരുന്നോ.. അതോ കടം പറഞ്ഞോ.." "ഓ...ഏണ്ണൂറു ചോദിച്ചപ്പോ ഒരഞ്ഞൂറു രൂപയെടുത്തു തന്നു .ആൾക്കാർക്ക് ജോലി ചെയ്തോണ്ട് നിന്ന മതി. പൈസ തരാനാണ് വലിയ പാട്..." കഴിക്കുന്നതിനിടയിലയാൾ തന്റെ ഭാര്യക്ക് മറുപടി നൽകി. "ദച്ചൂ... നിനക്ക് രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പരീക്ഷയല്ലേ പെണ്ണെ... പഠിക്കാനൊന്നൂല്ലേ. രണ്ടക്ഷരം പഠിച്ച് വല്ലതുമാവാൻ നോക്ക്. ഒന്നുങ്കിൽ പണം വേണം അല്ലെങ്കിൽ സൗന്ദര്യം വേണം അതുമല്ലെങ്കിൽ പഠിത്തം. ഇതിൽ നിന്നെക്കൊണ്ട് പറ്റുന്നത് പഠിത്തം ആണെന്നറിയാല്ലോ, മറ്റേത് രണ്ടും ഇല്ല. ചിലർക്കെല്ലാം വാരി കോരി ദൈവം കൊടുക്കും. ഇല്ലാത്തവർക്ക് ഒന്നും കൊടുക്കത്തുമില്ല. "

മുഴുവൻ സമൂഹത്തിന്റെ കാഴ്ചപ്പാടവർ സ്വന്തം വാക്കുകളിലൂടെ വെളിപ്പെടുത്തി. ദക്ഷ എല്ലാം കേൾക്കുന്നുണ്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. നിറം നോക്കി ഒരാളെ അളക്കുന്നതെന്തിനാണ്?അവളുടെ മനസ്സിൽ പലപ്പോഴും കടന്നു വന്നിട്ടുള്ളചോദ്യമാണ് ഉത്തരം കണ്ടെത്താനിതുവരെ കഴിയാത്ത ചോദ്യം.. അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മഴയ്ക്കുമുന്നോടിയായി അറിയിപ്പെന്ന മട്ടിൽ ഭൂമിയിലേക്ക് മിന്നൽപിണർ പാഞ്ഞെത്തി.. എഴുതികൊണ്ടിരുന്ന ദക്ഷയോന്ന് ഞെട്ടി. കുട്ടികാലം മുതൽക്കുള്ള ഭയമാണ് ഇടിമിന്നലിനോട്. സമയമേറെ വൈകിയിരിക്കുന്നു. താൽകാലികമായി എഴുതുന്നത് നിർത്തി, കട്ടിലിലായി വന്നു കിടന്നു.പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്നവനെ നോക്കി കിടക്കെ പ്രണയവും വാത്സല്യവും ഏറി വന്നു. അവന്റെ നെഞ്ചിലെ ചൂടേറ്റവളും നിദ്രയെ പുൽകി. "ദച്ചൂ... ഡോ.. ഞാൻ ഇറങ്ങുവാണെ.. വരാൻ ലേറ്റ് ആകും. നീ കിടന്നോ... ബൈ.. " ഓഫിസിലേക്കിറങ്ങും മുന്നേ നെറുകയിൽ സ്നേഹചുംബനം നൽകിയവൻ വീടുവിട്ടിറങ്ങി. അവനില്ലാത്ത വീടവൾക്ക് വെറുപ്പായിരുന്നു. ഉച്ചയോടെ ജോലിയൊക്കെ കഴിയും. പിന്നീടവൾ അവിടെ തനിച്ചാണ്. ആകെയുള്ള സമാധാനം കഥയാണ്.

സ്വന്തം കഥയായതുകൊണ്ട് അധികം ആലോചിക്കേണ്ടി വരാറില്ല. വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞു അടുക്കിവച്ചിരിക്കുന്നതിൽ നിന്നും ഒരു പുസ്തകം എടുത്തു.എഴുതുമ്പോൾ ഇരിക്കാറുള്ള അവളുടെ പ്രിയപ്പെട്ട ഇരിപ്പിടത്തിലിരുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ' ഇന്ദുലേഖ' യിലെ പത്താം അദ്ധ്യായം വായിക്കാൻ തുടങ്ങി. ഏറെ സമയം ആ വായന നീണ്ടുനിന്നു.വിശപ്പിന്റെ വിളി അധികമായതും പുസ്തകം അടച്ചുവെച്ചെഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. അവനിഷ്ടമുള്ള നിരവധി വിഭവങ്ങൾ കൂട്ടിയവൾ ഭക്ഷണം കഴിച്ചു. ഓരുകാലത്തു കഷ്ടിച്ചു വിശപ്പകറ്റിയിരുന്നു. അതുകൊണ്ട് തന്നെ ഒരുവറ്റുപോലും കളയാതെ മുഴുവൻ കഴിച്ചു.സമയം കിട്ടുമ്പോഴത്രയും അവൻ ഫോണിലൂടെ അവളോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. തിരികെ മുറിയിലേക്ക് നടന്ന് എഴുതുവാനായി പേന കൈയ്യിലെടുത്തു. രണ്ടുദിവസം സ്കൂൾ അവധികഴിഞ്ഞു വീണ്ടും ആ വിദ്യാലയ മുറ്റത്തേക്ക്. ഈ കഴിഞ്ഞ രണ്ട് ദിവസവും അവനെ കാണാതെ ഓരോ നിമിഷവുമവൾ തള്ളിനീക്കി.

ഒരുദിനം പോലും അവനെ കാണാതിരിക്കാനാകുന്നില്ല. അത്രമേൽ അവന്റെ നോട്ടമവളുടെ ഹൃദയത്തെ പൂട്ടിട്ട് പൂട്ടിയിരിക്കുന്നു.വിദ്യാർത്ഥികളോരോരുത്തരും വാർഷിക പരീക്ഷഎഴുതാനായുള്ള തയ്യാറെടുപ്പിലാണ്.. മുകളിലത്തെ നിലയിലെ ക്ലാസ് മുറിയിലിരുന്നുകൊണ്ട് ജനാലയിലൂടെ പുറത്തേക്കു തന്നെ നോക്കിയിരുന്നു ദക്ഷ. ചിലപ്പോൾ അവനെ ഒരുനോക്കു കാണാനായെങ്കിലോ എന്നൊരു കുഞ്ഞു പ്രതീക്ഷ.ഗേറ്റ് കടന്ന് എന്തൊക്കെയോ പറഞ്ഞു ചിരിയോടെ വരുന്ന ആയിഷയെയും അവളുടെ മാത്രം അജ്മലിനെയും കണ്ടതോടെ ദക്ഷയുടെ ചൊടികളിലും നറുചിരി വിരിഞ്ഞു. അവൾക്കുമാഗ്രഹം തോന്നി, പേരറിയാത്ത ആ കാമുകനോടൊപ്പം ഒന്നിച്ചു നടക്കാൻ. "എടാ... നീയന്ന് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്, പറഞ്ഞില്ലല്ലോ " നടക്കുന്നതിനിടയിൽ ആയിഷ അജ്മലിന്റെ മനസ്സറിയാനായി വെറുതെ ചോദിച്ചു.കേട്ടപാടെ അവനൊന്നു പരുങ്ങി. ഒരുപക്ഷെ ഇപ്പോൾ പറഞ്ഞാൽ ശരിയാകില്ലെന്ന് തോന്നിയിട്ടാകും. "എടോ.. അത് താനിതുവരെ വിട്ടില്ലേ... നിന്നെ വെറുതെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാ.... അല്ലാ....നിനക്ക് വല്ല പ്രേമവും ഉണ്ടോ ആവോ... " അവനും അവളുടെ ഉള്ളിലെന്താണെന്നറിയാനായി തിടുക്കം കൂട്ടി. "അങ്ങനെ ചോയിച്ചാ... ഇപ്പോ ന്താ പറയാ..

പ്രണയമാണോന്നറിയില്ല പക്ഷെ ഒരാളെ ഇഷ്ട്ടാണ്. ജീവനാണ്. അവനെന്നോട് തിരിച്ചും ആ ഇഷ്ട്ടം ഉണ്ടോയെന്ന് അറിയില്ല.... " അവനെ ഇടയ്ക്ക് ഒളിക്കണ്ണിട്ടു നോക്കികൊണ്ടവൾ പറഞ്ഞു. പെട്ടെന്നവന്റെ മുഖം വാടി.അവളുദ്ദേശിച്ചത് അവനെയാണെന്നറിഞ്ഞിട്ടുകൂടി. "നിനക്കില്ലേടാ ആരോടും... " പ്രതീക്ഷയോടെയവൾ അവനെ തന്നെ ഉറ്റുനോക്കി. "ഇല്ല. എനിക്കിതിനോടൊന്നും വലിയ താല്പര്യമില്ല. " മറ്റെങ്ങോ നോക്കിയവൻ മറുപടി നൽകുമ്പോൾ ആ വാക്കുകൾ അസ്ത്രം കണക്കെ അവളിലെ പ്രണയിനിയിൽ വന്നു പതിച്ചുവോ?.. ഹൃദയം പെട്ടെന്ന് നിലച്ചതുപോലെ. "പിന്നെയും എന്നോട് നീ ഒളിച്ചുകളിക്കുവാണല്ലേ കൊച്ചുകള്ളാ... നീയിനി എത്ര പൂട്ടിവെച്ചാലും എന്നോടുള്ള ഇഷ്ട്ടമുണ്ടല്ലോ അത് ഞാൻ തുറന്നെടുക്കും... " ചിരിയോടെയവൾ അവനോടൊപ്പം മുന്നിലേക്ക് നടന്നു. പരീക്ഷാ സമയം അടുക്കാറായിട്ടും ഗേറ്റ് കടന്ന് അവനിതുവരെ വന്നില്ല. അതിന്റെ സങ്കടവും ആധിയും ദക്ഷയുടെ മുഖത്ത് നന്നായി കാണുന്നുണ്ട്. "ഇവന് എക്സാമൊന്നും എഴുതണ്ടേ... അതോ... ഇനി നേരത്തെ വന്ന് കാണോ...

എന്റെ വിധി അല്ലാതെന്ത്.പേരും ഊരും അറിയാത്ത അവനെ സ്നേഹിച്ച എന്നെ പറഞ്ഞാ മതിയല്ലോ....എന്റെ ദേവ്യേ.... " സ്വയം ആത്മഗതം പറഞ്ഞവൾ പതിയെ തലയിലൊന്നു കൊട്ടി. പരീക്ഷയ്ക്ക് ഇനി വെറും പത്തുമിനിട്ടുകൾ മാത്രം ബാക്കി. അവളപ്പോഴും ജനാലയിലൂടെ പ്രതീക്ഷയോടെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു. പെട്ടെന്നവളുടെ മുഖം പ്രകാശിച്ചു.കാണാൻ കൊതിച്ചതെന്തോ കണ്ണിൽ തടഞ്ഞത് പോലെ. കൈയ്യിലെ വാച്ചിലേക്ക് ഇടയ്ക്കിടെ നോക്കി ധൃതിയിൽ ഗേറ്റ് കടന്ന് വരുന്നവനെ കണ്ടതും മനസ് ശാന്തമായി. ഒരുനോക്കെങ്കിലും കാണാനായല്ലോ എന്ന ആശ്വാസം. പരീക്ഷയെഴുതുന്ന വേളയിലത്രയും ചിന്തകളിലേക്ക് അവൻ കടന്നുവരരുതേ എന്ന പ്രാർത്ഥനയെ അവൾക്കുണ്ടായിരുന്നുള്ളു. ചിലവേളയിൽ പതിയെ ഇഴഞ്ഞു നീങ്ങുന്ന സമയം പരീക്ഷ സമയങ്ങളിൽ ശരവേഗത്തിൽ പോയി. എഴുതുന്നതിന്റെ വേഗതയവൾ കൂട്ടി. ഇടയ്ക്ക് വാച്ചിലേക്കും നോക്കുന്നുണ്ട് . വരാന്തയ്ക്കടുത്തായുള്ള ഇരിപ്പിടത്തിലാണവൾ ഇരുന്നത്. ആരോ വരുന്ന ശബ്ദം കേട്ടതും കണ്ണുകൾ വരാന്തായിലേക്ക് ചലിച്ചു.എഴുതുന്നത് പെട്ടെന്നു തന്നെ നിശ്ചലമായി.

ക്ലാസ് മുറിയ്ക്ക് മുന്നിലായി അകത്തേക്ക് കയറുവാനുള്ള അധ്യാപികയുടെ അനുവാദം കാത്തു നിൽക്കുന്നവനെ കണ്ടതും ആ പെണ്ണുടൽ വിറകൊണ്ടു. ഹൃദയം പതിവിലും വിപരീതമായി ഉച്ചത്തിൽ മിടിച്ചു. ആദ്യമായവനെ ഇത്ര അടുത്ത് കണ്ടതിനാലാകാം.. "കേറിവാ... " അനുവാദം കിട്ടിയതുമവൻ അകത്തേക്ക് കയറി. അവനിൽ നിന്നുമൊരു നോട്ടം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. "ഇവന് എക്സാമില്ലേ... മനുഷ്യനെ എഴുതാനും സമ്മതിക്കില്ല. ഇനി ഇവൻ പോകാതെ എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. സമയവുമില്ലല്ലോ..." ഇടയ്ക്കിടെ അവനെ നോക്കികൊണ്ട് തന്നെ അവളെഴുതാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.അവന്റെ ശബ്ദമെങ്കിലും കേൾക്കാൻ അവളുടെ ഉള്ളം വല്ലാതെ തുടിച്ചു. "ഫോം പൂരിപ്പിച്ചു കൊടുത്താരുന്നോ ഓഫീസിൽ.. " ടീച്ചറുടെ ചോദ്യത്തിന് അവനൊന്ന് മൂളി. "ഇവന്റെ വായിലെന്താ പഴം ആണോ....ഉറക്കെ പറഞ്ഞാലെന്താ..ഇങ്ങനൊരാള് കേൾക്കാൻ ഇവിടെ ഇണ്ടെന്ന് വല്ല ബോധവും ഉണ്ടോ ആവോ..." അവൾക്കവനോട് കുഞ്ഞു ദേഷ്യം തോന്നി. "മോന്റെ പേരെന്താ..." ഒരുപേപ്പറിൽ എന്തോ എഴുതുന്നതിനിടയിൽ മുഖമുയർത്താതെ തന്നെ ടീച്ചർ ചോദിച്ചു. ദക്ഷ അവൻ പറയുന്നതു കേൾക്കാൻ ചെവി കൂർപ്പിച്ചു വച്ചു. അവന്റെ സ്വരവും പേരും അറിയാനായി അവളുടെ കാതുകൾ തിരക്കുകൂട്ടി, ഹൃദയവും........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story