ദേവനന്ദൻ: ഭാഗം 1

Devananthan mahadevan

രചന: മഹാദേവൻ

കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ അവളൊന്നു വിറച്ചു. രണ്ട് തുള്ളി കണ്ണുനീർ കാലിൽ വീണ് പൊള്ളിപ്പിടഞ്ഞു. " ഒരിക്കലും നിന്റ മോഹം നടക്കില്ല " എന്ന് മുഖത്തു നോക്കി പറഞ്ഞവന്റെ മുന്നിലാണ് ഇന്ന് കഴുത്ത് നീട്ടേണ്ടത്. " മോളെ.... അങ്ങോട്ട് കയറി ഇരിക്ക് " അമ്മയാണ്. ഷോക്കേറ്റപോലെ പെട്ടന്നുള്ള നിൽപ്പ് കണ്ട് പരിഭ്രമിച്ചിരിക്കണം. " കേറി വന്ന മഹാലക്ഷ്മിയെ പുറംകാല് കൊണ്ട് ചവിട്ടിതെറിപ്പിക്കല്ലേ മോളെ " എന്ന് പറഞ്ഞത് അമ്മയാണ്. " മോൾടെ താല്പര്യം... അതിലപ്പുറം അച്ഛനൊന്നുമില്ല.

മോൾക്ക് ഇഷ്ട്ടാണേൽ മാത്രം സമ്മതം മൂളിയാൽ മതി. കേട്ടോ !" പെണ്ണു കാണാൻ വന്നവർ പോയിക്കഴിഞ്ഞപ്പോൾ അരികിൽ പിടിച്ചിരുത്തികൊണ്ട് അച്ഛൻ പറഞ്ഞത് അങ്ങനെ ആയിരുന്നു. അല്ലെങ്കിലും അച്ഛനെക്കാൾ കൂടുതൽ ആരും തന്റെ മനസ്സ് വായിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നിയിട്ടുണ്ട് ശരണ്യയ്ക്ക്. " ആ തൊടങ്ങി.... നിങ്ങൾ ഒറ്റ ആളാ ഈ പെണ്ണിനെ വഷളാക്കുന്നത്. അവളുടെ ഇഷ്ട്ടം മാത്രം നോക്കി ഇരുന്നാൽ ഇവളിങ്ങനെ നിന്ന് പോകത്തെ ഉളളൂ.. ഇവളുടെ വിവാഹം കഴിഞ്ഞാൽ പകുതി ഭാരം കുറഞ്ഞു. ഇപ്പോൾ വന്ന ആലോചനയാണെങ്കിൽ എന്ത്കൊണ്ടും കൊള്ളാം... ജോലിയുണ്ട്, പണമുണ്ട്, ചെക്കനെ കാണാൻ ചന്തവുമുണ്ട്. വന്നു കേറിയത് മഹാലക്ഷ്മിയാ.. വെറുതെ ഇവളുടെ താളത്തിനു തുള്ളാൻ നിന്നാൽ അതങ്ങ് ഇറങ്ങിപോകും, പറഞ്ഞില്ലെന്നു വേണ്ട... ഇനി ഇവളുടെ താഴെ ഒന്നുകൂടി ഉണ്ട്.. അത് മറക്കണ്ട. "

" അപ്പൊ ഞാൻ നിങ്ങൾക്കൊക്കെ ഭാരമാണോ അമ്മേ? ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ഒരു ആയുസ്സ് ജീവിച്ചു തീർക്കുന്നത് എങ്ങനാ അമ്മേ? എനിക്കും ഇല്ലേ മോഹങ്ങൾ.. അത് കണ്ണ് മഞ്ഞളിപ്പിച്ച പണത്തിനു മുന്നിൽ അടിയറവ് വെക്കണം ന്നാണോ അമ്മ പറയണേ? " ശരണ്യ ഒന്ന് വിതുമ്പി. പിന്നെ മുഖം തുടച്ചുകൊണ്ട് അകത്തേക്ക് നടന്നു. " ദേ, മനുഷ്യ... നിങ്ങളിങ്ങനെ ചൂടും പാടുമില്ലാതെ എല്ലാം മോള് തീരുമാനിച്ചോ എന്നും പറഞ്ഞിരുന്നാൽ ഈ വന്നവന് വേറെ പെണ്ണ് കിട്ടും. ഇവിടെ ഉള്ളവൾ ആ മഹാദേവന്റെ കൂടെ അങ്ങ് പോവേം ചെയ്യും. അത് മറക്കണ്ട.. ഇപ്പോൾ വന്ന ആലോചന കൊണ്ട് ഈ വീടിനു നാളെ വല്ല ഗുണോം ഉണ്ടാകും.. മറ്റേ കെഴങ്ങനെ കൊണ്ട് എന്ത് ഉപകാരം ഉണ്ടാകാനാ? കള്ളും കുടിച്ച് പാർട്ടിക്ക് വേണ്ടി കൊടിപിടിക്കാനും തല്ലുണ്ടാക്കാനും അല്ലാതെ വല്ല ജോലിയും കൂലിയും ഉണ്ടോ അവന്.

നിങ്ങടെ മോൾടെ ഇഷ്ട്ടത്തിനു എല്ലാം കയറൂരിവിട്ടാൽ നാളെ ആ ദേവാധിദേവന് കൂടി നിങ്ങള് ചിലവിനു കൊടുക്കേണ്ടി വരും. പറഞ്ഞില്ലെന്നു വേണ്ട. " സുലോചനയുടെ വാദപ്രതിവാദങ്ങൾക്ക് മുഖം കൊടുക്കാതെ ഇരിക്കുമ്പോൾ ശ്രീധരന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. ഒരിടത് മകൾക്ക് ഇഷ്ട്ടപ്പെട്ട ഒരാൾ.. മഹാദേവൻ. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൻ. എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന തന്റേടി. പക്ഷേ, അവന് ജോലി എന്തെന്ന് ചോദിച്ചാൽ.... എന്തും ചെയ്യുമെന്ന് പറയാനേ ആർക്കും കഴിയൂ.. സ്ഥിരമായി ഒരു ജോലിയില്ല, വരുമാനമില്ല. നാളെ മുന്നോട്ട് ഇങ്ങനെ ജീവിക്കും എന്ന് പോലും ഇനി മുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു. മറുപുറത്ത്‌, പണവും പ്രതാപവുമുള്ള ഒരാൾ... നന്ദൻകിഷോർ. ഒന്നിനും ഒരു കുറവിലാതെ ജീവിക്കാം ഇനിയുള്ള കാലം. നാളെ എങ്ങനെ എന്ന് ചിന്തിക്കേണ്ട. !

മകൾക്ക് വേണ്ടി ആരെ സ്വീകരിക്കണം എന്ന് സ്വയം ഒരു ഉത്തരം കണ്ടെത്താൻ കഴിയുന്നില്ലായിരുന്നു അയാള്ക്ക്. സുലോചന പറയുന്നതിലും കാര്യമുണ്ട്... പക്ഷേ...... " സുലു.... അവളോട് എങ്ങനാടോ ഒരാളുടെ താലിക്ക് മുന്നിൽ തല കുനിക്കാൻ വേണ്ടി നിർബന്ധിക്കുക. നാളെ ജീവിക്കേണ്ടത് അവളല്ലേ? മകൾക്ക് ഇഷ്ടമല്ലാത്ത ഒരു ജീവിതം പണവും സ്വർണ്ണവും നൽകി വാങ്ങികൊടുത്തിട്ട് നമുക്ക് എന്ത് നേടാനാടോ? ഇന്നോ നാളെയോ പോരല്ലോ... ഒരു ആയുഷ്ക്കാലം ഒരുമിച്ച് ജീവിക്കേണ്ടവർ അല്ലെ. നമുക്ക് വേണ്ടി ഒരു അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് അവളെ ഞാൻ എങ്ങനെ നിർബന്ധിക്കും ? " ആരെ കൊള്ളണം, ആരെ തള്ളണം എന്നറിയാതെ ഇരിക്കാനേ ശ്രീധരന് കഴിഞ്ഞുള്ളു. കിട്ടുന്നത് കഞ്ഞി ആണെങ്കിലും കുടിക്കുമ്പോൾ സമാധാനം വേണം... അതില്ലെങ്കിൽ പിന്നെ വിഭവസമൃദ്ധമായ ഭക്ഷണം മുന്നിൽ നിരത്തിവെച്ചിട്ടും എന്ത് കാര്യം. താൻ അറിയുന്നിടത്തോളം മഹാദേവൻ സ്നേഹമുള്ളവനാണ്. പക്ഷേ, എന്തിന് മുന്നിലും ഉള്ള എടുത്ത്ചാട്ടം.

അത് തന്നെ ആണ് അവന്റെ പ്രശ്നം. ഒരുപാട് പോലീസ്കേസുകൾ. ഒക്കെ മറ്റുള്ളവർക്ക് വേണ്ടി ആണെന്ന് മാത്രം. എന്നാലും പറയുമ്പോൾ പ്രതി അവനാണല്ലോ.. അങ്ങനെ ഒരാളെ മകൾക്ക് വേണ്ടി ആലോചിക്കാൻ പോലും സുലോചന സമ്മതിക്കില്ലന്ന് ശ്രീധരന് നന്നായി അറിയാം. പുറത്ത് അമ്മയുടെ കർക്കശ്യമായ വാക്കുകളും അച്ഛന്റെ നിസ്സഹായതയോടെയുള്ള ഇരിപ്പുമെല്ലാം അവൾ കാണുന്നുണ്ടായിരുന്നു. പാവം, അവൾ ആ ഇരിപ്പ് സങ്കടത്തോടെ നോക്കി നിന്നു അൽപനേരം. പിന്നെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് റൂമിലേക്ക് നടന്നു. പിന്നെ കുറെ നേരം കരഞ്ഞു. " മോളെ... വാതിൽ തുറക്ക് " പുറത്ത് അച്ഛനാണെന്ന് മനസ്സിലായപ്പോൾ മുഖം തുടച്ചുകൊണ്ട് അവൾ എഴുനേറ്റ് വാതിൽ തുറന്നു. അവൾക്ക് പിന്നാലെ അകത്തേക്ക് കയറിയ അച്ഛൻ ബെഡിലേക്ക് ഇരുന്ന് ആ മുറിയുടെ ഒന്ന് കണ്ണോടിച്ചു. ആ മൗനവും നാലുപാടുമുള്ള നോട്ടവുമെല്ലാം എന്തോ പറഞ്ഞുതുടങ്ങാനുള്ള മുന്നോടിയാണെന്ന് ശരണ്യയ്ക്ക് തോന്നി. അവൾ പതിയെ അച്ഛന്റെ അടുത്ത് വന്നിരുന്നപ്പോൾ അച്ഛൻ പതിയെ aa കയ്യിലൊന്ന് പിടിച്ചു.

" മോളെ....... അച്ഛനറിയാം മോൾടെ മനസ്സ്. ഇഷ്ട്ടപ്പെടുന്ന ഒരാളെ പറിച്ചെറിയാൻ കഴിയാത്ത വേദന. ദേവനും നിന്നെ വല്ലാത്ത കാര്യമാണെന്നും അറിയാം. പക്ഷേ, നല്ല ഒരു ജോലിപോലുമില്ലാത്ത അവന് എന്ത് വിശ്വസിച്ചാണ് മോളെ ഞങ്ങൾ പിടിച്ചേൽപ്പിക്കുക. നാളെ എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചിരിക്കേണ്ട അവസ്ഥയിലേക്ക് നിന്നെ തള്ളിവിടാൻ അച്ഛനും..... ഇപ്പോൾ വന്നവനാണെങ്കിൽ നിന്നെ കണ്ട് ഇഷ്ട്ടപ്പെട്ട് വന്നതാണ്... നല്ല കുടുംബം.. നീ അവിടെ സുരക്ഷിതയായിരിക്കും എന്ന് അച്ഛന് വിശ്വാസമുണ്ട്. " വല്ലാത്ത വിമ്മിഷ്ടത്തോടെ അയാൾ ഓരോ വാക്കും പറയുമ്പോൾ ഇടയ്ക്കൊന്ന് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു, പുറത്ത് അയാളെ പറയാൻ നിർബന്ധിക്കുന്ന സുലോചനയെ. " നിങ്ങൾ പറയ് മനുഷ്യാ " എന്ന് കയ്യും കണ്ണും വെച്ച് ആഗ്യം കാട്ടുന്ന അവളോട് ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി ശ്രീധരൻ. "

മോൾക്ക് അച്ഛൻ പറഞ്ഞത് മനസ്സിലായോ... അച്ഛൻ മോളെ നിർബന്ധിക്കുകയല്ല..... ദേവനായാലും നന്ദനായാലും അച്ഛന് ഒരുപോലാ... പക്ഷേ, അമ്മ..... " അത് പറയുമ്പോൾ അയാൾ ഒന്നുകൂടി പുറത്ത് നിൽക്കുന്ന സുലോചനയെ നോക്കി. " അച്ഛനും പറയുന്നത് അമ്മയുടെ ഇഷ്ടത്തിനും വാശിക്കും വേണ്ടി എന്റെ ജീവിതം ഉഴിഞ്ഞവെക്കണം എന്നാണോ? ഒരാൾക്ക് ഇഷ്ടമല്ലാത്ത ആളെ തലയിൽ കെട്ടിവെച്ചിട്ട് എന്ത് സന്തോഷമാണ് നിങ്ങളൊക്കെ എനിക്ക് വേണ്ടി കണ്ടെത്താൻ പോകുന്നത്. അയാളുടെ കൂടെ ജീവിക്കുമ്പോൾ എങ്ങനെ ആണ് എനിക്കയാളെ സ്നേഹിക്കാൻ കഴിയുന്നത്? ഒരിക്കൽ അയളുടെ മുഖത്തു നോക്കി പറഞ്ഞതാ ഞാൻ നിന്റ മോഹം നടക്കില്ലെന്ന്. ഇന്ന് അയാൾ ആ വാശി തീർക്കാൻ ആണ് വന്നതെങ്കിൽ പണത്തിനു മുന്നിൽ കണ്ണ് മഞ്ഞളിച്ച നിങ്ങളൊക്കെ കൂടി അറവുകാരന് കൊല്ലാൻ കൊടുക്കുന്നപോലെയല്ലേ എന്നെ അയാളുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത്? ഇത്രയ്ക്ക് ഭാരമാണോ അപ്പാ ഞാൻ നിങ്ങൾക്കൊക്കെ. "

അവളുടെ കണ്ണുനീർ അവളുടെ ഹൃദയത്തേക്കാൾ പൊള്ളിച്ചത് ആ അച്ഛന്റെ മനസ്സിനെ ആയിരുന്നു. നിസ്സഹായതയോടെ അയാൾ എഴുനേറ്റ് ശരണ്യയുടെ തോളിൽ കൈവെച്ചുകൊണ്ട് ഒന്ന് തലയാട്ടി. പിന്നെ അവളെ കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒന്നുകൂടി തിരിഞ്ഞുനോക്കി ആ അച്ഛൻ ദയനീയമായി. " മോളെ... നീ സ്വപ്നം കണ്ടു നിൽക്കുവാണോ. മുഹൂർത്തം ആവാറായി അങ്ങോട്ട് കേറി നിൽക്കൂ " ആരൊക്കെയോ പിന്നിൽ നിന്നും കയ്യിൽ പിടിച്ചുലച്ചപ്പോൾ ആണ് യാഥാർഥ്യത്തിലേക്ക് ഇറങ്ങിവന്നത്. " ഇങ്ങോട്ട് നിന്നോളൂ.. മുഹൂർത്തം ആവാറായി " അവൾ പതിയെ കിഷോറിനരികിലേക്ക് ചേർന്ന് നിന്നു. ആരുടേയും മുഖത്തു നോക്കാൻ കഴിയുന്നില്ല. " കെട്ടിമേളം " ആരോ ഉറക്കെ പറയുന്നുണ്ടായിരുന്നു.. കെട്ടിമേളത്തിന്റെ അകമ്പടിയോടെ കിഷോർ അവളുടെ കഴുത്തിൽ താലി ചാർത്തി..

ഒന്നും യാഥാർഥ്യമാകരുതേ എന്ന് മാത്രമായിരുന്നു ആ നിമിഷം ശരണ്യയുടെ മനസ്സിൽ. ഓരോ നിമിഷങ്ങൾ കടന്ന്പോകുമ്പോഴും അവളുടെ മനസ്സ് കൊടുമ്പിരികൊള്ളുകയായിരുന്നു താനിപ്പോൾ കിഷോറിന്റെ ഭാര്യയാണെന്നത് ഉൾകൊള്ളാൻ കഴിയാതെ. ഒരിക്കലും ആഗ്രഹിക്കാത്തതെന്തോ അത് സംഭവിച്ചിരിക്കുന്നു. അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ കിഷോറിന്റെ ചുണ്ടുകളിൽ പുഞ്ചിരി വരുത്തി. ഒരിക്കൽ തള്ളിപ്പറഞ്ഞവളാണ്.... ഇന്ന്..... ഓർക്കുമ്പോൾ അവന്റെ ചിരിയ്ക്ക് വല്ലാത്തൊരു മനോഹാരിതയായിരുന്നു. വൈകീട്ട് കൂട്ടുകാരോടൊത്ത്‌ ഇരിക്കുമ്പോൾ ആയിരുന്നു കിരൺ അവർക്കരികിലേക്ക് വന്നത്. " എന്റെ ഏട്ടാ... നിങ്ങളിത് എന്ത് ഭാവിച്ചാ.. സമയം എത്ര ആയെന്ന് അറിയോ. ചേച്ചി കഴിച്ചു കിടക്കാൻ പോയി. ആദ്യരാത്രി പോലും മറന്നുപോയ ഒരു കേട്യോൻ " അവൻ കളിയാക്കുംപോലെ ഏട്ടന്റെ തോളിൽ തട്ടി ചിരിക്കുമ്പോൾ കൂട്ടത്തിലാരോ പറയുന്നുണ്ടായിരുന്നു " ആദ്യരാത്രിയെ കുറിച്ച് ഏട്ടനേക്കാൾ ഉത്കണ്ഠയാണല്ലോ അനിയന് " എന്ന്.

അത് ഒരു പൊട്ടിച്ചിരിക്കു വഴിയൊരുക്കിയപ്പോൾ കിഷോറും അവർക്കൊപ്പം പങ്ക് ചേർന്നുകൊണ്ട് എഴുനേറ്റു. " ഇനിയിപ്പോ അനിയൻ പറഞ്ഞിട്ട് കേട്ടില്ലെന്ന് വേണ്ട. ചെറിയോരു പറഞ്ഞാൽ ചെവിട്ടിൽ പോണം എന്നല്ലേ. പിന്നെ സ്വഭാവം കൊണ്ട് ഈ വീട്ടിലെ മൂത്ത കാർന്നോര് ഇവന ...അപ്പൊ ഇനി നില്കുന്നില്ല... എല്ലാവർക്കും ശുഭരാത്രി... പിന്നെ പോകുന്നതിന് മുന്നേ ആ കുപ്പി അങ്ങ് കാളിയാക്കിയേക്കണം.. അല്ലെങ്കിൽ ഈ ചെക്കനെടുത്തു മോന്തും " കിഷോർ കിരണിന്റെ കവിളിൽ ഒരു തട്ട് കൊടുത്ത് ചിരിയോടെ അകത്തേക്ക് പോകുമ്പോൾ അവൻ ഉള്ളിൽ കേറുന്നത് വരെ നോക്കി നിന്ന കിരൺ വേഗം ഒഴിച്ചുവെച്ച മദ്യത്തിൽ നിന്ന് ഒരു ഗ്ലാസ്‌ വായിലേക്ക് കമിഴ്ത്തി കൂട്ടുകാർക്കൊപ്പം ഇരുന്നു. ************ റൂമിലേക്ക്‌ കേറുമ്പോൾ മനസ്സിലായി ശരണ്യ ഉറക്കം പിടിച്ചെന്ന്. ക്ഷീണം കാണും എന്ന് ചിന്തിച്ചുകൊണ്ട് കിഷോർ ഡ്രെസ് മാറ്റി ഫ്രഷ് ആയി ഭക്ഷണം കഴിച്ചു തിരികെ റൂമിലെത്തുമ്പോഴും ശരണ്യ അതെ കിടപ്പ് ആയിരുന്നു.

അമ്മ കൊടുത്തു വിട്ട പാല് ഒരു തുള്ളി പോലും ബാക്കിവെക്കാതെ അവൾ കുടിച്ചെന്ന് മനസ്സിലായപ്പോൾ കിഷോർ ഒന്ന് പുഞ്ചിരിച്ചു. " ടോ... ശരണ്യ.... " അവൻ പതിയെ അവളെ ഒന്ന് തട്ടിവിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. " പാവം ഉറങ്ങട്ടെ " പതിയെ അവളുടെ മുടിയിലൂടെ വാത്സല്യത്തോടെ ഒന്ന് തലോടിക്കൊണ്ട് ആ കവിളിലേക്ക് ചുണ്ടുകൾ അടിപ്പിച്ചതും അവൾ ചാടിയെഴുന്നേറ്റ് അവനെ തള്ളിമാറ്റിയതും ഒരുമിച്ചായിരുന്നു. ! " തൊട്ടുപോകരുത് എന്നെ. ഒരു താലിച്ചരടിന്റെ ബലത്തിൽ എന്നോടുള്ള വാശി തീർക്കാമെന്ന് വല്ല ഉദ്ദേശവുമുണ്ടെങ്കിൽ...... " അവളുടെ പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ചു നിൽക്കുകയായിരുന്നു കിഷോർ.. അതോടൊപ്പം അവനെ ഞെട്ടിച്ചതും നിശ്ചലനാക്കിയതും അവളുടെ ഭാവമാറ്റം മാത്രമല്ലാതിരുന്നു. അവൾ സ്വന്തം കൈ ഞെരമ്പിനു മുകളിൽ ചേർത്തുവെച്ച ബ്ലൈഡ്. " എന്നെ തൊട്ടാൽ.... " അവളുടെ ആക്രോശം അവന്റെ കാതുകളിൽ ഈയംകണക്കെ തുളഞ്ഞുകയറി. ( തുടരും )

Share this story