ദേവനന്ദൻ: ഭാഗം 11

Devananthan mahadevan

രചന: മഹാദേവൻ

താൻ അന്ന് താല്പര്യമില്ല എന്ന് പറഞ്ഞിട്ടും വേറെ പെണ്ണിനെ പോലും ചിന്തിക്കാത്ത നന്ദൻ ഒരു വശത്ത്‌.. ജീവനായി സ്നേഹിച്ച ദേവൻ മറുവശത്ത്‌. അവൾ അടുത്തിരുന്ന ജഗ്ഗ് അപ്പാടെ വായിലേക്ക് കമിഴ്ത്തി. അവളുടെ പരവേശവും മുഖത്തെ വിളർച്ചയും കണ്ടപ്പോൾ പറഞ്ഞത് തെറ്റായിപ്പോയോ എന്ന ചിന്തയായിരുന്നു അമ്മയ്ക്ക്. പക്ഷേ, അവളായിരുന്നു നന്ദൻ മനസ്സിൽ കൊണ്ടുനടന്ന ആ പഴയ പെണ്ണ് എന്ന് മാത്രം അമ്മയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. അവൾ പറഞ്ഞതുമില്ല. ! *********** " ദേവേട്ടാ.... " റോഡിൽ സഖാവിനെയും കാത്ത് നിൽക്കുമ്പോഴായിരുന്നു പിന്നിൽ നിന്നുള്ള വിളി. തിരിഞ്ഞുനോക്കുമ്പോൾ മുന്നിൽ നിൽക്കുന്നവരെ കണ്ട് അവന്റെ മുഖമൊന്ന് വിടർന്നു. " ആഹാ.. ഇത്‌ മ്മടെ ചന്ദ്രേട്ടന്റെ മോളല്ലേ... ഇത്‌ ശങ്കരേട്ടന്റെ മോള്... " രണ്ട് പേരെയും മാറി മാറി നോക്കിക്കോണ്ട് പുഞ്ചിരിക്കുമ്പോൾ അവരും അവനൊരു പുഞ്ചിരി സമ്മാനിച്ചു. " ഇന്നെന്താ ക്ലാസ്സില്ലേ നിങ്ങൾക്ക് ടൈം വൈകിയല്ലോ " വെറുതെ ഒരു അന്വോഷണം പോലെ ചോദിച്ച ദേവനോട് ഉണ്ടെന്നവർ തലയാട്ടി.

" ഉണ്ട്... കോളേജിലേക്ക് പോകുന്ന വഴിയാണ്. 11 മണിക്ക് ശേഷേ ക്ലാസ്സ് തുടങ്ങൂ " രോഹിണിയായിരുന്നു മറുപടി നൽകിയത്. അപ്പോഴും വിറയലോടെ തല താഴ്ത്തി നിൽക്കുന്ന ചാരുവിനെ നോക്കാൻ മറന്നില്ല ദേവൻ.. " അല്ലെ, ദേ, ഈ കുട്ടി എപ്പഴും ഇങ്ങനെ ആണോ. ചന്ദ്രേട്ടൻ ഇടയ്ക്ക് പറയാറുണ്ട് മോള് ദേവനെ കണ്ടാൽ പിന്നെ ആ പരിസരത്ത്കൂടി വരില്ലെന്ന്. അത്രയ്ക്ക് ഭീകരണാണോടി കൊച്ചേ ഞാൻ? " കാട് പോലെ വളർന്ന താടിയിൽ തടവിക്കൊണ്ട് ദേവൻ ചിരിക്കുമ്പോൾ അവൾ ഒന്ന് തലയുയർത്തിനോക്കി. " ന്റെ കുട്ട്യേ.. ഈ താടീം മീ ശേം കണ്ടിട്ട് പേടിക്കണ്ട .. മ്മളും പാവാട്ടോ. ഇനി ഭീകരനാണെന്ന് കരുതി മുഖത്തു നോക്കാതിരിക്കണ്ട.. അല്ലേ... നീയിങ്ങനെ പേടിച്ചാലെങ്ങനാടി കൊച്ചേ... കെട്ടിച്ചുവിടേണ്ട പ്രായമായില്ലേ ! ഇന്നത്തെ പെണ്ണുങ്ങളൊക്കെ ആണുങ്ങളുടെ മുഖത്തു നോക്കി നിൽക്കണം.. അല്ലെങ്കിൽ പിന്നീട് ഒരിക്കലും താഴ്ന്ന തല ഉയർത്താൻ പറ്റില്ല. കേട്ടല്ലോ. " അവന്റെ വാക്ക് കേട്ട് മനസ്സിൽ ഒരു ധൈര്യമൊക്ക വന്നെന്ന് തോന്നി ചാരുവിന്.

പതിയെ അവൾ തല ഉയർത്തി ദേവനെ നോക്കി ചിരിച്ചു. " അത് പിന്നെ ദേവേട്ടാ... ഞാൻ.... " വാക്കുകൾ കിട്ടാതെ വിമ്മിഷ്ട്ടപ്പെടുന്ന ചാരുവിനെ കണ്ടപ്പോൾ രോഹിണിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിലുള്ളത് എങ്ങനേലും അവതരിപ്പിക്കാം എന്നും പറഞ്ഞ് വന്നവൾ ദേ, ഇപ്പോൾ കിടന്ന് ബ ബ ബ അടിക്കുന്നത് കണ്ടപ്പോൾ അവൾ ചാരുവിനെ രൂക്ഷമായൊന്നു നോക്കി. പിന്നെ കണ്ണുകൾ കൊണ്ട് പറയാൻ ആഗ്യം കാണിക്കുമ്പോൾ അവൾ വേണ്ടെന്ന് പേടിയോടെ തലയാട്ടുന്നുണ്ടായിരുന്നു . അവരുടെ മുഖത്തെ ഭാവങ്ങളും ചലനങ്ങളും ദേവൻ ശ്രദ്ധിക്കുന്നുണ്ടെന്ന് പോലും ചിന്തിക്കാതെ ചാരുവും രോഹിണിയും പരസ്പരം ആംഗ്യം കാണിക്കുമ്പോൾ ദേവൻ രണ്ട് പേരോടും കൂടി ചോദിക്കുന്നുണ്ടായിരുന്നു " അല്ല, ന്താ മക്കളുടെ പ്രശ്നം.. ഇവിടെ കിടന്നിങ്ങനെ കഥകളി കാണിക്കാതെ വന്ന കാര്യം പറ.. ന്താ കൊച്ചേ.. താൻ പറ " ചാരുവിനോട് ആയിരുന്നു. അത് കേട്ടപ്പോൾ തന്നെ വന്ന ധൈര്യം അപ്പാടെ ചോർന്നുപോയപ്പോലെ അവൾ വിറയലോടെ തലതാഴ്ത്തി.

അവളുടെ ഭാവം രോഹിണിയെ വല്ലാതെ ചൊടിപ്പിച്ചു. അവൾ ചാരുവിനെ നെരെ പല്ല് കടിച്ചുകൊണ്ട് ദേവന് നെരെ നോക്കി. ". ന്റെ ദേവേട്ടാ... സംഭവം ത്രേ ഉളളൂ.. ഇവൾക്ക് ദേവേട്ടനോട് ഇഷ്ട്ടം. അതിപ്പോ എങ്ങനെ പറയണം എന്നറിയാതെ ഉള്ള നിൽപ്പാണിത്. ഇതിപ്പോ തുടങ്ങിയതൊന്നും അല്ലാട്ടോ... പക്ഷേ, മറ്റേ ചേച്ചിയുമായി ദേവേട്ടൻ ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ.. ഇവൾക്ക് പേടി പറഞ്ഞാൽ തെറ്റാവോ, ദേഷ്യപ്പെടോ.. ചീത്ത പറയോ എന്നൊക്കെ. മനസ്സിലുള്ള ഇഷ്ട്ടം തുറന്ന്പറയുന്നതിൽ ന്ത് തെറ്റ്.. അല്ലേ ദേവേട്ടാ.... " രോഹിണിയുടെ ആവേശത്തോടെ സംസാരം കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ അതൊരു പുഞ്ചിരിയായി മാറിയിരുന്നു ദേവനിൽ. " അല്ലേ ദേവേട്ടൻ പറ.. ഞാൻ പറഞ്ഞത് ശരിയല്ലേ... ഒരാൾക്ക് മറ്റൊരാളോട് ഇഷ്ട്ടം തോന്നിയാൽ അതങ്ങ് പറയുക.. മറുപടി എസ് ആയാലും നോ ആയാലും മനസിന്റെ ഭാരം കുറയുമല്ലോ.. പിന്നീട് പറഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ട് കാര്യവുമില്ലലോ... ല്ലേ ദേവേട്ടാ... " രോഹിണി കത്തിക്കയറുന്നത് കണ്ടു ചിരിക്കാനേ ദേവന് കഴിഞ്ഞുള്ളു.

" നീ ആള് കോള്ളാലോടി... ന്തായാലും കൂട്ടുകാരിയുടെ റോൾ നീ ഭംഗിയായി ചെയ്തു. ഈ കാര്യം പറയാനാണോ ഈ പെണ്ണിങ്ങനെ പരുങ്ങി നിൽക്കുന്നത്. അപ്പൊ കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് അടുത്ത ബസ്സിന്‌ മക്കള് കോളേജിൽ പോകാൻ നോക്ക്.. ആദ്യം പഠിപ്പ്.. പിന്നെ നമുക്ക് സമയം പോലെ ആലോചിക്കാം പ്രേമവും കല്യാണവുമൊക്കെ .. ആദ്യം കുഞ്ഞിപ്പിള്ളേരെ പോലെ തല താഴ്ത്തിയുള്ള ഈ നിൽപ്പ് ഒക്കെ ഒന്ന് മാറട്ടെ. കള്ളലക്ഷണം ഉള്ളവരാ ഇങ്ങനെ തലയും താഴ്ത്തി നിൽക്കുക. " അവന്റെ സംസാരം അവളെ നിരുത്സാഹപ്പെടുത്തിയപ്പോൾ അവന്റെ ചുണ്ടിൽ വിടർന്ന ചിരി അവളെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ തോറ്റുകൊടുക്കാൻ മനസ്സില്ലാത്തപ്പോലെ തലയുയർത്തി ദേവന് നെരെ നോക്കി ചിറി കോട്ടിക്കൊണ്ട് അവൾ രോഹിണിയോടായി പറയുന്നുണ്ടായിരുന്നു " എടി പെണ്ണെ.... എന്റെ മുഖത്തു പല ലക്ഷണങ്ങളും ഉണ്ടാകും.. നീ വരുന്നുണ്ടേൽ വാ.."

അവളുടെ ദേഷ്യത്തോടെ ഉള്ള പോക്ക് കണ്ടു ചിരിയടക്കാൻ കഴിയാതെ ഇരിക്കുന്ന ദേവനോട് കുറച്ചപ്പുറത്തു ചെന്നുനിന്ന് ചാരു ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു " അതെ.. ഒരാള് തേച്ചിട്ട് പോയി.. ഇനിയെങ്കിലും ന്നെപോലെ നല്ല ആത്മാർത്ഥതയുള്ള എന്നെ കെട്ടി നല്ല കുട്ടിയായി ജീവിക്കാൻ നോക്ക്.. " അവൾ ചിരിച്ചുകൊണ്ട് സ്റ്റോപ്പിലേക്ക് വരുന്ന ബസ്സ് പിടിക്കാൻ ഓടുമ്പോൾ ദേവൻ ചമ്മലോടെ നാലുപാടും നോക്കി ആരെങ്കിലും അവളുടെ പൊട്ടത്തരം കേട്ടോ എന്ന ശങ്കയോടെ. " എടി, നിനക്കെവിടുന്നാ ഇത്രേം ധൈര്യമൊക്കെ കിട്ടിയത്. ഹോ.. ഞാൻ പോലും പേടിച്ചുപോയി.. അയാൾ കൈവീശി ഒന്ന് തന്നാൽ തീർന്നു. അപ്പൊ മിണ്ടാപ്പൂച്ചയ്ക്ക് കലമുടയ്ക്കാൻ ഒക്കെ അറിയാലേ... " രോഹിണി അവളെ പ്രോത്സാഹിപ്പിക്കുംപ്പോലെ പറയുന്നത് കേട്ട് ചാരു ചുമലിളക്കി ഒന്ന് നിവർന്നിരുന്നു. " മോളെ.. ന്തായാലും നിന്നെപ്പോലെ കലമുടയ്ക്കാൻ ഞാൻ ഇല്ല. നിന്റ പോക്ക് അത്ര ശരിയല്ല.. വണ്ടി എവിടേലും ഇടിച്ചുനിൽക്കുമ്പോഴേ നിനക്ക് ബോധം വരൂ.. " തന്റെ പ്രണയത്തിന്റെ സന്തോഷത്തേക്കാൾ രോഹിണിയുടെ പോക്കിന്റെ ആധിയായിരുന്നു അപ്പോൾ അവളുടെ വാക്കുകളിൽ..

അമ്മ ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിൽ ആയിരുന്നു. ബാംഗ്ലൂരിലുള്ള ആങ്ങളയുടെ അടുത്തേക്ക്. ശരണ്യ ഉള്ളത് കൊണ്ട് ഇപ്പോൾ വരുന്നില്ലെന്ന് പലവട്ടം പറഞ്ഞെങ്കിലും അവസാനം അനിയന്റെ പിടിവാശിക്ക് മുന്നിൽ കുറച്ചു ദിവസം അവിടെ പോയി നിൽക്കാമെന്ന് തീരുമാനിച്ചു അമ്മ. " മോളെ.. അമ്മ വേഗമിങ് വരാം. ഇവിടെ നിങ്ങൾ മാത്രല്ലേ ഉളളൂ.. പറ്റിയാൽ മോൾടെ വീട്ടിലൊക്കെ ഒന്ന് പോയി വാ... അവരും ഒരു അമ്മയും അച്ഛനുമല്ലേ.. അവർക്ക് മുന്നിൽ നിവർന്നു നിൽക്കാൻ നമ്മളെ പ്രാപ്‌തരാക്കിയത് മാതാപിതാക്കളാണെന്ന കാര്യം മോള് മറക്കരുത്. ചിലതൊക്കെ അമ്മയ്ക്ക് മനസ്സിലാകും.. അതിന്റ പൊരുത്തക്കേടുകൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടെന്ന് അമ്മയ്ക്ക് അറിയാം... ഇതൊക്കെ മനസ്സിലാക്കാൻ അമ്മയോട് ആരും പറയൊന്നും വേണ്ട... ഞാനും ഒരു അമ്മയല്ലേ. പൊറുക്കാൻ പറ്റാത്ത ഒരു തെറ്റും ജീവിതത്തിൽ ഇല്ല മോളെ, പ്രത്യേകിച്ച് മാതാപിതാക്കളോട്. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് തിരുത്താൻ ശ്രമിക്കുബോൾ, നമുക്ക് മുന്നിൽ അവരുടെ തല താഴുമ്പോൾ അവർ തോറ്റെന്നു കരുതരുത്.. തോൽക്കുന്നത് മോളാണ്... മനസാക്ഷിക്ക് മുന്നിൽ. " അമ്മ അവളുടെ മുടിയിലൂടെ തലോടുമ്പോൾ അവൾ ചിരിക്കാൻ ശ്രമിക്കുകയായിരുന്നു.

അമ്മയുടെ വാക്കുകൾക്ക് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആ വാക്കുകൾ അവളെ ഒന്ന് സ്പർശ്ശിച്ചിരുന്നു. " ന്നാ അമ്മ പോയി വരാം മോളെ " പുറത്ത് കാറിൽ നന്ദൻ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഒരിക്കൽ കൂടി അവളെ നോക്കി ചിരിച്ചുകൊണ്ട് അമ്മ കാറിലേക്ക് കയറി. കാർ പതിയെ പുറത്തേക്ക് നീങ്ങുമ്പോൾ അന്നാദ്യമായി അവൾക്കെന്തോ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടായിരുന്നു. അമ്മയെ ബസ്സിൽ കയറ്റിവിട്ട് നന്ദൻ വീട്ടിലെത്തുമ്പോൾ ഏറെ വൈകിയിരുന്നു. കോളിംഗ്ബെല്ലടിച്ചു വാതിൽ തുറക്കാൻ വേണ്ടി കുറച്ച് നേരം കാത്തുനിൽക്കേണ്ടിവന്നതിന്റെ കനപ്പ് അവന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു ശരണ്യയ്ക്ക്. അവളത് കാര്യമാക്കാതെ റൂമിലേക്ക് കേറുമ്പോൾ നന്ദന് ദേഷ്യം ഇരച്ചുകയറിയിരുന്നു. അത് അടക്കിപിടിച്ചവൻ അവള്ക്ക് പിന്നാലെ റൂമിലേക്ക് കേറി ഡ്രസ്സ്‌ മാറി " ഞാൻ കുളിച്ച് വരാം, അപ്പോഴേക്കും ചോറ് എടുത്ത് വെയ്ക്ക് " എന്നും പറഞ്ഞായിരുന്നു ബാത്റൂമിലേക്ക് കയറിയത്. പക്ഷേ, അവളത് കേട്ട ഭാവം കാണിക്കാതെ ഹെഡ്സെറ്റ് വെച്ച് പാട്ടും ആസ്വദിച്ചുള്ള കിടപ്പിന് നന്ദൻ കുളി കഴിഞ്ഞ് വരുമ്പോഴും മാറ്റമില്ലായിരുന്നു. ഒന്നും മിണ്ടാതെ അവൻ അവളുടെ ചെവിയിൽ നിന്നും ഹെഡ്സെറ്റ് വലിച്ചെടുത്തു റൂമിന്റെ മൂലയിലേക്ക് വലിച്ചെറിയുമ്പോൾ അവന്റെ പ്രതികരണത്തിൽ അവൾ രോഷം കൊണ്ടു.

" നിങ്ങളോട് ആര് പറഞ്ഞ് എന്റെ ചെവിയിൽ നിന്ന് അതൂരി വലിച്ചെറിയാൻ.. " അവൾ ദേഷ്യത്തോടെ അവന് നെരെ കയർക്കുമ്പോൾ അവൾ ഒരുക്കലും പ്രതീഷിച്ചില്ലായിരുന്നു നന്ദന്റെ കൈ തന്റെ കവിളിൽ വിരൽ പതിപ്പിക്കുമെന്ന്. ആണിന്റെ കയ്യിന്റെ കരുത്ത് ഒരു നിമിഷം കൊണ്ട് അറിഞ്ഞ അവൾ ആദ്യഅടിയിൽ തന്നെ വേച്ചു ബെഡിലേക്ക് ഇരികുമ്പോൾ അതുവരെ കാണാത്ത ഒരു മുഖം നന്ദനിൽ കണ്ടു ശരണ്യ. " നിലത്തു നിൽക്കടി ആദ്യം... പലവട്ടം ക്ഷമിച്ചും സഹിച്ചും പോട്ടെ പോട്ടെ എന്ന് കരുതി നിന്നപ്പോൾ നിനക്ക് അഹംഭാവം.. എന്റെ അമ്മയുടെ മനസ്സ് വിഷമിപ്പിച്ച അന്ന് ഓങ്ങിയതാണ് ഞാൻ , പിന്നെ കല്യാണം കഴിഞ്ഞല്ലേ ഉളളൂ, മാറും മാറ്റം വരും എന്ന് കരുതി. പക്ഷേ, നീ മാറില്ല.. ഇനി നീ നന്ദനെ കാണാൻ പോകുന്നതേ ഉളളൂ.... നീ എന്ത് കരുതി, അമ്മയെ അമ്മാവൻ അങ്ങോട്ട് നിൽക്കാൻ വിളിപ്പിച്ചതാണെന്നോ.. അല്ലേടി, അമ്മാവനെ കൊണ്ട് ഞാൻ വിളിപ്പിച്ചതാ.. ഇനി ഇവിടെ കിടന്ന് നീ നന്ദനെ അറിയും. പെണ്ണിന് അഹങ്കാരം ആകാം..പക്ഷേ, അതൊരു അലങ്കാരമായി കൊണ്ടുനടന്നു വെറുതെ ഇരിക്കുന്നവന്റെ നെഞ്ചത്തോട്ടു കുതിര കേറുമ്പോൾ കിട്ടുന്ന സന്തോഷത്തിന് അൽപ്പായുസ്സാണ് മോളെ.. അത് ഇനി നീ അറിയും.

ഇപ്പോൾ പോയി മോള് ഏട്ടന് ചോറെടുത്തു വെയ്ക്ക് " പക്ഷേ, അവന്റെ വാക്കുകളെ അവഗണിക്കുംപ്പോലെ അവൾ മുഖം വെട്ടിച്ചു. " നീ ചെല്ല്.. അമ്മയുള്ളത് കൊണ്ട് ഒന്ന് മിണ്ടാതെ നിന്ന എന്നെ കുത്തി കുത്തി മാളത്തിൽ നിന്ന് പുറത്തുചാടിച്ചത് നീയാ... അപ്പൊ നീ തുടങ്ങിവെച്ച കളിയ്ക്ക് ഇനി ഞാനും കൂടാം... " അതും പറഞ്ഞവളുടെ കൈത്തണ്ടയിൽ പിടിച്ചു അടുക്കളയിലേക്ക് നടക്കുമ്പോൾ അവൾ ശക്തിയിൽ കുതറുന്നുണ്ടായിരുന്നു. അവനിൽ ഇങ്ങനെ ഒരു മുഖം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവളിൽ അതുവരെ ഇല്ലാത്തൊരു ഭയവും ജനിച്ചിരുന്നു. പ്രശ്നം വഷളായാൽ ഒന്ന് ഓടിവരാൻ അമ്മ പോലും ഇല്ലെന്നത് അവളെ പ്രവേശത്തിലാക്കിയെങ്കിലും അവന്റെ മുന്നിൽ തോൽക്കാൻ മനസ്സ് അനുവദിക്കുന്നിലായിരുന്നു. അവളെ അടുക്കളയിലേക്ക് വിട്ട് " രണ്ടാൾക്കും കഴിക്കാനുള്ള ചോറെടുത്തു വാ " എന്നും പറഞ്ഞവൻ ടേബിളിൽ വാനിരിക്കുമ്പോൾ ഉള്ളിൽ ഒരു ചിരിയുണ്ടായിരുന്നു. അവന്റെ നിർദേശം പോലെ രണ്ട് പ്ളേറ്റിൽ ചോറും കറിയുമായി വന്ന അവൾ അവന് മുന്നിൽ പ്ളേറ്റ് വെച്ച് തിരിയുമ്പോൾ നന്ദൻ അവളെ തിരികെ വിളിച്ചു. "

ഇവിടെ ഇരിക്ക്.... ന്നിട്ട് കഴിക്ക്.. ഭർത്താവിന്റെ കൂടെ ഇരുന്ന് കഴിച്ചാൽ നിന്റ കയ്യിലെ വള ഊരിപ്പോകുമോ എന്ന് ഞാനൊന്ന് നോക്കട്ടെ...... ഇരിക്കടി.... " ഇരിക്കാൻ മടിച്ചു നിന്ന അവൾ അവന്റെ ശബ്ദത്തിൽ വിറയലോടെ കസേരയിലേക്ക് ഇരുന്നു. നിസ്സഹായത നിഴലിച്ച കണ്ണുകൾ ആദ്യമായി ആ വീട്ടിൽ അവളുടെ കണ്ണുനീർ വീഴ്ത്തുമ്പോൾ നന്ദൻ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു " അപ്പോൾ മറ്റുള്ളവർ കരയുന്നത് കണ്ടു സന്തോഷിക്കുന്ന നിനക്കും കരയാൻ അറിയാലേ..... അപ്പോൾ ആവശ്യത്തിന് കരഞ്ഞോ.. ന്നിട്ട് ആ ഇരിക്കുന്ന ഭക്ഷണം മുഴുവൻ കഴിച്ചേ അവിടെ നിന്ന് എഴുനേൽക്കാവൂ... കെട്ടികൊണ്ടുവന്ന വീട്ടിൽ ഭക്ഷണം കിട്ടിയില്ലെന്ന് നാളെ പരാതി പറയരുത്... അപ്പൊ തുടങ്ങിക്കോ " നന്ദൻ പതിയെ അവന്റെ ഭക്ഷണം കഴിച്ചുതുടങ്ങുമ്പോൾ ഇടയ്ക്കൊന്ന് അവളെ നോക്കുന്നുണ്ടായിരുന്നു. " കരയുമ്പോഴും ന്റെ പെണ്ണിന്റ കണ്ണുകൾക്ക് വല്ലാത്തൊരു അഴകാണ് " എന്ന് ചിന്തിച്ചുകൊണ്ട്.. !...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story