ദേവനന്ദൻ: ഭാഗം 13

Devananthan mahadevan

രചന: മഹാദേവൻ

മറുത്തൊന്നും ചിന്തിക്കാതെ നന്ദൻ വാതിൽ ചവിട്ടി തുറക്കുമ്പോൾ ഉള്ളിൽ കണ്ട കാഴ്ച അവന്റെ ശ്വാസത്തെ പിടിച്ചുനിർത്താൻ പോന്നതായിരുന്നു. വെള്ളത്തോടൊപ്പം പരന്നൊഴുകുന്ന ചോരത്തുള്ളികൾ.... വാടിയ ചേമ്പിൻതണ്ടു പോലെ തറയിൽ അനക്കമില്ലാതെ കിടക്കുന്ന ശരണ്യ.... ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു നിന്ന ദേവൻ സമചിത്തത വീണ്ടെടുത്തുകൊണ്ട് ശരണ്യയേ വേഗം കൈകളിൽ കോരിയെടുത്തു പുറത്തേക്ക് ഓടി. വേഗം കാറിന്റെ ബാക്ക് സീറ്റിലേക്ക് ശരണ്യയെ കിടത്തുമ്പോൾ അവളിൽ ഒരു നേരിയ മിടിപ്പ് മാത്രമാണ് അവശേഷിക്കുന്നതെന്ന തിരിച്ചറിവ് അവനെ തളർത്താൻ തുടങ്ങിയിരുന്നു. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കാർ പായുമ്പോൾ ആരെ വിളിച്ചു പറയണമെന്ന് അറിയാതെ ആശങ്കയിൽ ആയിരുന്നു നന്ദൻ. മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ശരണ്യയേ കാണുമ്പോൾ അവന്റെ ചങ്ക് പിടച്ചു. ഹോസ്പിറ്റലിലിന്റെ കോമ്പൗണ്ടിലേക്ക് കാർ കയറ്റി നിർത്തി

അറ്റന്ററേ വിളിച്ച് ശരണ്യയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി പുറത്ത് അക്ഷമയോടെ നിൽക്കുമ്പോൾ നന്ദൻ ആദ്യം വിളിച്ചത് അമ്മയെ ആയിരുന്നു. ഒറ്റ ശ്വാസത്തിൽ കാര്യം അവതരിപ്പിച്ച് ബാംഗ്ലൂരിൽ നിന്നും പെട്ടന്ന് തിരിക്കാൻ ആവശ്യപ്പെട്ട് കാൾ കട്ടാക്കി പിന്നെ ശരണ്യയുടെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. ഓരോ നിമിഷവും കൊഴിഞ്ഞുവീണത് ആധിയോടെ ആയിരുന്നു. ഒരിക്കൽ പോലും അവളുടെ ചിരിക്കുന്ന മുഖം കാണാൻ കഴിഞ്ഞിട്ടില്ല ഇതുവരെ... പക്ഷേ, ഒന്നിന്റെ പേരിലും അവളെ വെറുക്കാൻ തോന്നിയിട്ടില്ല. പക്ഷേ..... ചിലപ്പോൾ ഈ ആത്മഹത്യശ്രമവും ഇന്നലത്തെ അടിയുടെ ബാക്കിയെന്നോണം ഉള്ള പ്രതികാരത്തിന്റ ഭാഗമാണങ്കിൽ ഇനി വരാൻ പോകുന്ന പ്രശ്നങ്ങളും ഭവിഷ്യത്തുകളും അവന്റെ മനസ്സിൽ നല്ല ധാരണയുണ്ടായിരുന്നു. ഏറെ നേരത്തിനു ശേഷം അടച്ചിട്ട വാതിൽ തുറക്കുമ്പോൾ പ്രതീക്ഷയോടെ ഓടിച്ചെന്നവന് നാല്പത്തിയെട്ട് മണക്കൂർ ആയിരുന്നു ഡോക്ടർ പറഞ്ഞത്... ശരണ്യയുടെ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള സമയം. -

ദേവൻ കവലയിൽ നിൽക്കുമ്പോഴാണ് ഒരു അരികിൽ വന്നു നിന്നത്. കാർ കണ്ടപ്പഴേ അത് ശരണ്യയുടെ വീട്ടിലെ ആണെന്ന് അവന് മനസ്സിലായി. അതുകൊണ്ട് തന്നെ അവൻ ബൈക്കിൽ നിന്നും എഴുനേറ്റ് ചിരിക്കാൻ ശ്രമിക്കുമ്പോൾ കടന്നൽ കുത്തിയ പോലെ ആയിരുന്നു ശരണ്യയുടെ അമ്മയുടെ മുഖം. " നീ കാരണമാ എന്റെ മോൾക്കീ ഗതി വന്നത്. പിന്നാലെ നടന്ന് പെണ്ണിന്റ മനസ്സിളക്കി അവളുടെ ജീവിതം നശിപ്പിച്ചപ്പോൾ നിനക്ക് സമാധാനമായില്ലേ? ഒരു അമ്മയുടെയും അച്ഛന്റെയും സ്വപ്‌നങ്ങൾ കൂടെ ആണ് നീ ഇല്ലാതാക്കിയത്. ഇന്നിപ്പോൾ ചാവോ ജീവിക്കോ എന്ന് പോലും അറിയാതെ ന്റെ മോള്.... നീയൊന്നും ഗുണംപിടിക്കില്ല.. ഒരുകാലത്തും... ഒരമ്മയുടെ മനസ്സ് നൊന്തുള്ള വാക്കാ... നശിക്കത്തെ ഉളളൂ നീ... " അവരുടെ വാക്കുകൾ കേട്ട ഞെട്ടലിൽ ആയിരുന്നു ദേവൻ. കാര്യമെന്തെന്ന് മനസ്സിലായില്ലെങ്കിലും ശരണ്യ എന്തോ കടുംകൈ കാണിച്ചിട്ടുണ്ടെന്ന് മനസ്സിലായി . അതിന്റ സങ്കടം കൂടിയാണ് താനിപ്പോൾ കേട്ടതെന്നും.

അതുകൊണ്ട് തന്നെ മറുത്തൊന്നും പറയാതവൻ മൗനം പാലിച്ചു. ശരണ്യയുടെ അമ്മ അത്രയൊക്കെ പറഞ്ഞപ്പോഴും അപ്പുറത്തിരിക്കുന്ന അവളുടെ അച്ഛൻ ഒന്നും പറയാതിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു ദേവൻ. അല്ലെങ്കിലും മകളുടെ ഇഷ്ട്ടത്തോളം വലുതായൊന്നും അയാൾക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മകളെ നിർബന്ധിച്ചു മറ്റൊരാൾക്കൊപ്പം അയച്ചതിന്റെ സങ്കടം ആ മുഖത്തു മായാതെയുണ്ടായിരുന്നു. ദേവൻ മറുത്തൊന്നും പറയാതെ നിൽക്കുന്നത് കണ്ടപ്പോൾ ആ അമ്മയുടെ ദേഷ്യം ഇരട്ടിയായിരുന്നു. അവർ പുച്ഛത്തോടെ അവന് മുന്നിലേക്ക് കാർക്കിച്ചു നീട്ടി തുപ്പി. " ത്ഫൂ.... ന്റെ കുട്ടിയെ ന്ത് കൈവിഷം കൊടുത്താടാ നീ മയക്കിയെടുത്തത്? നല്ലൊരുത്തന്റെ കൂടെ ഒരു ജീവിതം തുടങ്ങിയിട്ടും നിന്നേം മനസ്സിലിട്ട് സ്വന്തം ജീവിതം അവൾ നശിപ്പിക്കുവാ. അതിന്റെ ബാക്കിയാ അവളിപ്പോ കിടക്കുന്ന കിടപ്പ്. പോയി കാണേടാ നീ പോയി കാണ്. ജീവിക്കൊ ഇല്ലേ എന്നറിയാതെ കിടക്കുന്ന ന്റെ മോളെ പോയി കാണ് നീ. എന്നിട്ട് സന്തോഷിക്ക്. ഞങ്ങൾ അറിഞ്ഞു.. ഇപ്പോൾ നീ വേറൊരു പെണ്ണിന്റെ പിറകേ ആണെന്ന്. നിനക്കൊക്കെ ഒന്ന് പോകുമ്പോൾ മറ്റൊന്ന്. ന്നാ ന്റെ മോള് നിനക്ക്‌ വേണ്ടി..... "

ആ അമ്മ നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട് ഒന്നുകൂടി അവന്റെ മുഖത്തിന് നെരെ തുപ്പി. പിന്നെ ഭർത്താവിനെ നോക്കി പോകാം എന്ന് പറയുമ്പോൾ അയാൾ നിസ്സഹായതയോടെ നിൽക്കുന്ന ദേവന് ഒന്ന് നോക്കുകമാത്രം ചെയ്ത് പതിയെ കാർ മുന്നോട്ട് എടുത്തു. കാർ കണ്ണിൽ നിന്ന് മായുന്നത് വരെ നോക്കി നിന്ന ദേവൻ ബുള്ളറ്റിലേക്ക് കയറി ആ കാറിനു പിന്നിലായി പതിയെ മുന്നോട്ട് നീങ്ങി അവർ പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്നറിയാൻ, ഉണ്ടെങ്കിൽ ശരണ്യ ഏത് ഹോസ്പിറ്റലിൽ ആണെന്ന് അറിയാനായി. --------------------------------------------------------- ഡോക്ടർ പറഞ്ഞ നാല്പത്തിയെട്ട് മണിക്കൂറുകൾക്ക് മുന്നേ ശരണ്യ അപകടനില തരണം ചെയ്തെന്നുള്ള വാർത്ത അവരെ തേടിയെത്തുമ്പോൾ എല്ലാവരുടെയും മുഖത്ത്‌ വലിയ ഒരു ആശ്വാസത്തിന്റെ തെളിച്ചം വന്നിരുന്നു. വിവരമറിഞ്ഞു ഓടിയെത്തിയ നന്ദന്റെ അമ്മയും ശരണ്യയുടെ അമ്മയും ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്തു പ്രാര്ത്ഥിക്കുമ്പോൾ അവളുടെ അച്ഛന്റെ മുഖത്തപ്പോഴും മങ്ങിയ ഒരു പുഞ്ചിരി മാത്രമായിരുന്നു.

മകളുടെ ഈ അവസ്ഥയ്ക്ക് താനും കൂടി കരണമാണല്ലോ എന്ന കുറ്റബോധമ്മ അയാളെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. അയാളിലെ ഇരിപ്പും ഭാവവും ആ മനസിന്റെ വിങ്ങൽ എടുത്തുകാണിക്കുമ്പോൾ അത് മനസ്സിലാക്കിയപോലെ നന്ദൻ അച്ഛനരികിലെ കസേരയിലേക്ക് ഇരുന്ന് ആ കൈകളിൽ പിടിച്ചു. " അപകടനില തരണം ചെയ്തന്നല്ലേ ഡോക്ടർ പറഞ്ഞത്. ഇനിപ്പോ വിഷമിച്ചിരിക്കാതെ അച്ഛനും അമ്മയും വീട്ടിലേക്ക് പൊയ്ക്കോളൂ.. ഇവിടെ ഞാൻ മതിയല്ലോ.. അല്ലെങ്കിൽ തന്നെ ഇവിടെ ഇങ്ങനെ എല്ലാവരും ഇരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല.. അവളെ ഒന്ന് കാണാൻ പോലും പറ്റില്ല. പിന്നെ എന്തിനാണ് വെറുതെ എല്ലാവരും.ഇവിടെ ഇരിക്കുമ്പോൾ തന്നെ മനസ്സിന് വിഷമം കൂടും. അതുകൊണ്ട് അമ്മയും അച്ഛനും വീട്ടിലേക്ക് പൊയ്ക്കോളൂ.. " ഒന്നുകൂടി ആ കൈകളിൽ മുറുക്കെ പിടിച്ചുകൊണ്ട് അവൻ എഴുനേറ്റ് അവന്റെ അമ്മയോടും അണിയനോടും വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു.

എല്ലാവരെയും വീട്ടിലേക്ക് വിട്ട് തിരികെ വന്നിരിക്കുമ്പോൾ മനസ്സിൽ ശരണ്യയെ കണ്ട നാൾ മുതലുള്ള ചിത്രങ്ങൾ തെളിയുന്നുണ്ടായിരുന്നു. ആദ്യമായി കണ്ടതും പിന്നീടാ കാഴ്ചകൾ അവർത്തിക്കപ്പെട്ടപ്പോൾ മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞതും താല്പര്യമില്ലെന്ന മുഖത്തടിച്ച പോലുള്ള അവളുടെ മറുപടിയിൽ ഇളിഭ്യനായതും.. പക്ഷേ, എന്തോ.. വെറുപ്പോടെ മുഖം വെട്ടിച്ചു നടന്നവൾ തന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു. ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും ന്തോ വേറൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ മനസ്സ് അനുവദിച്ചില്ല.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ദൈവം മാറ്റിവെച്ചപ്പോൾ ഏറെ സന്തോഷിച്ചു. പക്ഷേ, ആ സന്തോഷം ആ കഴുത്തിൽ താലി ചാർത്തുംവരെ മാത്രമാകുമെന്ന് കരുതിയില്ല. ഒരു ശത്രുവിനെ പോലെ പെരുമാറുമ്പോഴും വെറുക്കാൻ തോന്നിയില്ല. അവൾക്ക് മുന്നിൽ വെറുക്കപ്പെട്ടവനായി നിൽക്കുമ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു " എല്ലാം ശരിയാകും " എന്ന്. പക്ഷേ..... ഒരു മരണം കൊണ്ട് പിന്നെയും കുത്തിനോവിക്കാൻ ശ്രമിച്ചുകൊണ്ടവൾ... എന്തിനായിരുന്നു ഇതൊക്കെ.. സ്വന്തം ജീവിതത്തെ വെറുത്തുകൊണ്ട്, മറ്റുള്ളവരോട് പകയുമായി സ്വയം ഇല്ലാതാകുന്നത് എന്തിനാണ്. അവൻ ഒരുപാട് നേരം ആ ഇരിപ്പിരുന്നു.

" ദേ, ശരണ്യയുടെ കൂടെ വന്നവർ ആരെങ്കിലും ഉണ്ടോ.? " ഒരു നേഴ്സ് വാതിൽ തുറന്ന് ചോദിക്കുമ്പോൾ അവൻ വേഗം ചാടിയെഴുന്നേറ്റു. " അവർ കണ്ണ് തുറന്നിട്ടുണ്ട്. കേറി കാണാം " നേഴ്സ് പതിയെ ഉള്ളിലേക്ക് വലിയുമ്പോൾ പുറത്ത് ചെരുപ്പ് അഴിച്ചുവെച്ച് അവർക്കൊപ്പം അവനും അകത്തേക്ക് കയറി. ശരണ്യയ്ക്ക് അരികിലെത്തുമ്പോൾ അവൾ കണ്ണടച്ചു കിടക്കുകയായിരുന്നു. അവളുടെ ആ കിടപ്പ് നൊമ്പരത്തോടെ നോക്കി നിൽക്കുമ്പോൾ കണ്ണുകൾ വലിച്ചുതുറക്കാൻ പാട്പെട്ട ശരണ്യ മുന്നിൽ മങ്ങിത്തെളിഞ്ഞ നന്ദന്റെ മുഖം കണ്ട് ആദ്യമൊന്ന് ഞെട്ടി. പിന്നെ മുഖം വെട്ടിച്ചു കിടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി. " ശരണ്യ...... " അവന്റെ സ്നേഹത്തോടെയുള്ള വിളി അവളുടെ വിതുമ്പലിന്റെ ആക്കം കൂട്ടിയപ്പോൾ അവളുടെ കൈത്തണ്ടയിൽ ഒന്ന് തൊട്ടു നന്ദൻ. അതുവരെ ചീറ്റപ്പുലിയെ പോലെ തൊടാൻ പോലും എതിർത്തവളിൽ ഇപ്പോഴുള്ള മാറ്റം അവന് പ്രതീക്ഷയും അത്ഭുതവുമായിരുന്നു. " എന്തിനാണ് മരണം കൊണ്ട് പ്രതികാരം ചെയ്യാൻ ശ്രമിച്ചത്.

നമ്മുടേതായ ഒരു ജീവിതത്തോടു താല്പര്യമില്ലെങ്കിൽ സന്തോഷത്തോടെ പിരിയാമായിരുന്നല്ലോ... " എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ചിലപ്പോൾ ആ ചോദ്യം പോലും ഈ അവസ്ഥയിൽ അവളെ വേദനിപ്പിക്കാമെന്ന് തോന്നിയത് കൊണ്ട് മൗനം പാലിച്ചുകൊണ്ടവൻ അവനെ ഒന്നുകൂടി നോക്കി പതിയെ പുറത്തേക്ക് നടന്നു. അപ്പോഴും അവളുടെ കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു. ശരണ്യയെ റൂമിലേക്ക് മാറ്റിയതിന് ശേഷം അവൾക്കുള്ള ചായ വാങ്ങാനായി ഫ്‌ളാസ്‌ക്കുമായി പുറത്തെ കാന്റീനിലേക്ക് നടക്കുമ്പോൾ ആണ് യാദൃശ്ചികമായി നന്ദന്റെ കണ്ണുകളിൽ ആ മുഖം ഉടക്കിയത്. " ഏയ് ദേവൻ !" അവൻ കൈ ഉയർത്തി വിളിക്കുന്നത് കേട്ട് തിരിഞ്ഞുനോക്കിയ ദേവൻ ഫ്‌ളാസ്‌ക്കുമായി നിൽക്കുന്ന നന്ദനെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് അവനരികിലേക്ക് വന്നു. " ഹായ്. " " താനെന്താടോ ഇവിടെ? ഫ്രണ്ട്സോ റിലേറ്റീവ് ആരെങ്കിലും..... " സംശയത്തോടെ ഉള്ള നന്ദന്റെ ചോദ്യം കേട്ട് ദേവൻ തലകുലുക്കി. " ആം.. എന്റെ ഒരു ഫ്രണ്ട്‌ ഇവിടെ അഡ്മിറ്റ് ആണ്.. ആളെ ഒന്ന് കാണണം.. അല്ല, നന്ദനെന്താ ഇവിടെ.. "

" എന്റെ വൈഫിന് ചെറിയ ഒരു പ്രോബ്ലം.. അപ്പൊ രണ്ട് ദിവസം ഇവിടെ കിടന്നാലേ അവൾക്ക് സമാധാനം ആകൂ... അങ്ങനെ വന്നതാ " അതും പറഞ്ഞ് തമാശയെന്നോണം നന്ദൻ ചിരിക്കുമ്പോൾ സത്യാവസ്ഥ മറ്റൊരാൾ ഇനി അറിയേണ്ടെന്ന ഉറച്ച തീരുമാനം എടുത്തിരുന്നു മനസ്സിൽ. ഇതിന്റെ പേരിൽ ആരുടേയും സഹതാപം നിറഞ്ഞ മുഖം കാണരുത്, മാത്രമല്ല, നാളെ ഒരാളും ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയായി ശരണ്യയെ കാണരുതെന്ന ചിന്ത. " എന്നാൽ ദേവൻ ചെല്ല്.. തിരിച്ചു പോകുമ്പോൾ കാണാം.... ഞാൻ കാന്റീനിൽ പോയി അവൾക്കുള്ള ഭക്ഷണം വാങ്ങട്ടെ... " നന്ദൻ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ദേവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു, ശരണ്യയുടെ മുറി ലക്ഷ്യമാക്കികൊണ്ട്... !.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story