ദേവനന്ദൻ: ഭാഗം 3

Devananthan mahadevan

രചന: മഹാദേവൻ

  "എടി മറ്റവളെ..നീ എനിക്കിട്ട് ഉണ്ടാക്കുന്നോ " അവൻ ചീറിക്കൊണ്ട് അവൾക്ക് നെരെ അടുക്കുമ്പോൾ പിറകിൽ ഒരു ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടായിരുന്നു. ആ ശബ്ദം കാതുകളിലേക്ക് എത്തിയപ്പോൾ ചാരു ചിരിച്ചുകൊണ്ട് രോഹിണിയേ നോക്കി. ". ഞാൻ പറഞ്ഞില്ലേ മോളെ ആ രണ്ട് രൂപ ചതിച്ചതാണെന്ന്.. ദേ, വരുന്നു എന്റെ നായകൻ. നായികയെ വില്ലനിൽ നിന്നും രക്ഷിക്കാൻ " അതും പറഞ്ഞവൾ ഒന്നുകൂടി അമർത്തിച്ചിരിക്കുമ്പോൾ ബുള്ളറ്റ് ശബ്ദം അവർക്കരികിലേക്ക് അടുത്ത്കൊണ്ടിരുന്നു. ദേവേട്ടൻ അരികിലെത്താറായി. ചാരു നാണത്താൽ കണ്ണുകൾ ഇറുക്കെ അടച്ചു. മനസ്സ് പ്രണയത്തിനെ ആഴങ്ങൾ തേടിത്തുടങ്ങിയിരുന്നു. ദൂരെ നിന്ന് കെട്ട ബുള്ളറ്റ് ശബ്ദം തനിക്കരികിൽ നിന്നപോലെ. ബുള്ളറ്റ് സ്റ്റാൻഡിലിട്ട് ദേവൻ പതിയെ ഇറങ്ങി. കൈ തെറുത്തു കയറ്റി കൈലി മടക്കിക്കുത്തി അലസമായ താടിയിലൂടെ വിരലോടിച്ചുകൊണ്ട് ഉറച്ച കാൽവെപ്പോടെ അരികിലേക്ക് വന്ന ദേവന്റെ കണ്ണുകൾ ചാരുവിന്റെ കണ്ണുകളുമായൊന്ന് ഉടക്കി. ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കമുണ്ടോ..

ദേവനെ കണ്ട് ഒരൽപ്പം പതർച്ചയോടെ മുന്നിൽ നിൽക്കുന്ന പിള്ളേരെ ദേവൻ അരികിലേക്ക് കൈ കാണിച്ചു വിളിച്ച്. " എടാ മോനെ... ആരെ കാണിക്കാനാടാ ഈ റോഡിൽ കിടന്നുള്ള ഷോ. വഴിയിലൂടെ പോകുന്ന പെണ്പിള്ളേരുടെ മുന്നിൽ ബൈക്ക് വട്ടമിട്ടു നിർത്തുക, അവിടേം ഇവിടേം കിളർത്ത നാലു രോമത്തിന്റെ ബലത്തിൽ ഉമ്മാക്കി കാണിക്കാ, മക്കളെ... ഇമ്മാതിരി പട്ടിഷോ കാണിക്കാനാണ് മോൻ ഈ പൾസറിന്റെ ആക്സിലേറ്റൻ നീട്ടിപിടിച്ചു പറന്നു വന്നതെങ്കിൽ നിന്നെയൊക്കെ സൗസറിൽ കൂടി മുള്ളിച്ചിട്ടേ ഞാൻ വിടൂ. വെറുതെ ഈ പെണ്പിള്ളേരുടെ മുന്നിൽ മുള്ളിനാറണോ അതോ......... ഇവളെന്റെ പെണ്ണാ.... ഇവളുടെ മുന്നിലെങ്ങാനും നിന്റ കണ്ണ് പെട്ടൂന്ന് ഞാൻ അറിഞ്ഞാൽ... " അതും പറഞ്ഞ് മുന്നിൽ നിൽക്കുന്നവന്റെ ചെവിക്ക് പിടിച്ചു തിരിക്കുമ്പോൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ചാരു. അവന്റെ വാക്കുകൾ മനസ്സിലേക്ക് ഒഴുകിനിറയുമ്പോൾ അതിനേക്കാൾ കൂടുതൽ അവളെ ആശ്ചര്യപ്പെടുത്തിയത് ഇടത് കൈ കൊണ്ട് തന്നെ ചേർത്തുപിടിച്ചിട്ടുണ്ട് എന്നറിഞ്ഞ നിമിഷമായിരുന്നു. " ഞാൻ ദേവേട്ടന്റെ മാത്രം പെണ്ണാണ്.. ഇനി ആർക്കും ഞാൻ വിട്ടുകൊടുക്കൂല "

അവന്റെ കയ്യിലേക്ക് ചാരു ഒന്നുകൂടി ചേർന്ന് നിൽകുമ്പോൾ അവന്റെ പിടുത്തതിന്റെ മുറുക്കവും കൂടിയിരുന്നു. മുന്നിലുള്ളവർ പതിയെ പിൻവാങ്ങുന്നത് കണ്ടപ്പോൾ ചാരു കിട്ടിയ അവസരം കളഞ്ഞ്കുളിക്കാതെ ചാടി ദേവന്റെ കവിളിൽ ചുണ്ടുകളമർത്തി. " പഫ... ഊളെ.. നീ എന്ത് കോപ്പാടി കാണിക്കുന്നേ.. അതും നടുറോഡിൽ " കണ്ണ് പൊട്ടുന്ന ചീത്തയിൽ ഒന്ന് ഞെട്ടിയ ചാരു മുന്നിലേക്ക് നോക്കിയപാടെ ചമ്മലോടെ തല താഴ്ത്തി. " നീ എന്തോന്നടി കോപ്പേ സ്വപ്നം കാണുവാണോ? നീ സ്വപ്നലോകത്താണെങ്കിലും കടി കിട്ടിയത് എനിക്കാ... പട്ടി " രോഹിണി ദേഷ്യത്തിലാണെന്ന് മനസ്സിലായപ്പോൾ ചാരു ചമ്മലോടെ സ്വയം തലയിൽ തട്ടി. " സോറി ടീ.. ഞാൻ... ദേവേട്ടൻ.... " അവൾ വാക്കുകൾ പൂർത്തിയാക്കാതെ നാലുപാടും തിരയുന്നത് കണ്ടപ്പോൾ രോഹിണിക്ക് കാര്യം ഏകദേശം ഊഹിച്ചെടുക്കാൻ കഴിഞ്ഞു. " ഓഹ്, അപ്പൊ അതാണ് കാര്യം. വീരപുരുഷന്റെ ആഗമനവും പഞ്ച് ഡയലോഗും അവസാനം ഒരു കിസ്സും...

സ്വപ്നം കണ്ടു നിൽക്കുകയായിരുന്നു കുട്ടി അല്ലെ.. കൊള്ളാം.. എടി പോത്തേ... ആ ബുള്ളറ്റ് എപ്പഴേ പോയി.. അത് ദേവട്ടനും ഒരു കൊവാലേട്ടനും അല്ല. ആ വണ്ടി കണ്ടപ്പോൾ തന്നെ ഇവിടെ നിന്നവൻമാരും സ്ഥലം വിട്ടു. നീ മാത്രം ഇവിടെ സ്വപ്നവും കണ്ട് വെള്ളമിറക്കി നിന്നോ.. ഇപ്പോൾ കിട്ടും അയാളെ നിനക്ക്. അയ്യേ " അവളുടെ കളിയാക്കൽ കൂടി ആയപ്പോൾ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു.. " വെറുതെ... എല്ലാം സ്വപ്നമായിരുന്നു.. " അവൾ കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് നടക്കാൻ തുടങ്ങിയപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി രോഹിണിക്ക്. " എടി ചാരു.. നീ എന്താ കൊച്ചു കുട്ടി ആണോ. നീ കാണിക്കുന്നത് കണ്ടാൽ തോന്നുമല്ലോ നിങ്ങൾ തമ്മിൽ മുടിഞ്ഞ പ്രേമം ആണെന്ന്. എടി വെറുതെ മോഹിച്ചിട്ട് അയാളുടെ മനസ്സിൽ പോലും നീ ഇല്ലെങ്കിൽ? ഇന്നലെ വരെ മറ്റൊരു പെണ്ണിന്റ സ്വന്തമായിരുന്നു അയാൾ. പക്ഷേ, ആ ചേച്ചി പോയി. എന്നും വെച്ച് അടുത്ത ദിവസം നിന്നെ പ്രേമിക്കാൻ പറ്റോ?

ആദ്യം നീയൊന്ന് ആളുടെ മുഖത്തു നോക്കാനുള്ള ധൈര്യം കാണിക്ക്.. എന്നിട്ടാകാം പ്രേമം. ആളെ കാണുമ്പോൾ തല താഴ്ത്തി പേടിയോടെ ഓടുന്നവളാ പ്രേമിക്കാൻ നടക്കുന്നെ " ഗൗരവത്തിൽ പറഞ്ഞുകൊണ്ട് രോഹിണി അവൾക്ക് മുന്നേ നടക്കുമ്പോൾ വീണ്ടും പ്രതീക്ഷയറ്റുപോകുകയായിരുന്നു ചാരുവിന്റെ. ************ " ദേവാ... നീ വീട്ടിൽ പോകുന്നില്ലേ.. നീയുംകൂടി ഇറങ്ങിയാലേ എനിക്കിത് പൂട്ടി വീട്ടിൽ പോകാൻ പറ്റൂ. " " സഖാവ് പൊക്കോ.. ഇന്ന് ഞാൻ പൂട്ടിക്കോളാ ഇത്‌. " ദേവൻ പിന്നെയും അവിടെ തന്നെ കിടക്കുമ്പോൾ മോഹനൻ അവനരികിൽ വന്നിരുന്നു. " എന്റെ ദേവാ... ആ പെണ്ണ് പോയതു കൊണ്ടാണോ നീ? അത് കഴിഞ്ഞില്ലേ.. ഇന്നലെ മുതൽ അവൾ മറ്റൊരുത്തന്റെ ഭാര്യയുമായി. പിന്നെ... " " എന്റെ സഖാവേ, അതൊന്നുമല്ല.. അവൾ പോയതിൽ എനിക്ക് സന്തോഷമേ ഉളളൂ. എന്റെ ജീവിതം കൊണ്ട് അവൾക്ക് എന്ത് സന്തോഷം നൽകാൻ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരിക്കൽ പോലും ഇഷ്ട്ടമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല... പറഞ്ഞിരുന്നെങ്കിൽ... പക്ഷേ, ഇഷ്ട്ടമായിരുന്നു സഖാവേ.. ഒരു പൈങ്കിളി പ്രണയത്തോടെ താല്പര്യം ഇല്ലാത്തത് കൊണ്ടാവാം ഗൗരവം നടിച്ചു.

നല്ലൊരു വാക്ക് പോലും പറഞ്ഞിട്ടില്ല ഞാൻ. എന്നിട്ടും... ആഹ്... അത് വിട് സഖാവേ... വെറുതെ... സഖാവ് വിട്ടൊ.. ഞാൻ വന്നേക്കാം.. കുറച്ചു നേരം കൂടി ഒറ്റയ്ക്ക് ഇരിക്കട്ടെ. " ദേവൻ പതിയെ എഴുനേറ്റ് പുറത്തെ നിലാവിലേക്ക് മിഴി പായിക്കുമ്പോൾ പിറകെ വന്ന മോഹനൻ അവനൊപ്പം നിന്നു. " ദേവാ... തളർന്നുപോയാൽ തകർന്നുപോയീന്നാ.. നിനക്കിപ്പോ ആവശ്യം ഒരു മാറ്റമാ.. അതിന് കുറച്ചു കാലം ഇവിടെ നിന്ന് മാറിനിൽക്കണം. ഞാൻ തന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളത് തന്നാ ഇപ്പോഴും പറയാനുള്ളെ. പാർട്ടി ഒക്കെ വേണടൊ.. പക്ഷേ, ജീവിതം പാർട്ടി മാത്രം ആവരുത്.. നമുക്ക് വേണ്ടി ജീവിക്കാൻ മറന്നുപോകരുത്. പിന്നീട് ഒരു കാലം പിന്തിരിഞ്ഞു നോക്കുമ്പോൾ ദുഃഖിക്കേണ്ടി വരും ഈ മോഹനേട്ടനേ പോലെ. " അത് പറയുമ്പോൾ അയാളിലൊരു ഇടർച്ച ഉണ്ടായിരുന്നു. " ഇതുപോലൊക്കെ ആയിരുന്നുണ്ടോ ഒരു കാലത്ത് ഞാനും.

പാർട്ടിക്ക് വേണ്ടി സ്നേഹിച്ച പെണ്ണിനെ വരെ തള്ളിപറഞ്ഞു. ഉണ്ടായിരുന്ന ജോലി കളഞ്ഞു. പിന്നീട് മനസ്സിലാക്കിവന്നപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. അങ്ങനെ ഒക്കെ ആയാൽ ജീവിതത്തിന് ഒരർത്ഥവുമില്ലെന്ന് അനുഭവങ്ങൾ കൊണ്ട് പഠിച്ച ഒരാളുടെ വാക്കായി കണ്ടാൽ മതി... ഒരു കയ്യിൽ പാർട്ടിയേ മുറുക്കെ പിടിക്കുമ്പോൾ മറുകയ്യിൽ നിന്ന് ജീവിതം ഊർന്നുപോകാതെ ഇനിയെങ്കിലും" മോഹനൻ ദേവന്റെ തോളിലൊന്ന് പതുക്കെ തട്ടികൊണ്ട് ഇരുട്ടിലേക്ക് ഇറങ്ങിയപ്പോൾ ദേവൻ അയാളുടെ പിന്നാലെ ചെന്നു. " സഖാവേ... ഞാൻ വീട്ടിലേക്ക് ആക്കി തരാം. " അയാളെ തിരിഞ്ഞു നിന്നൊന്ന് പുഞ്ചിരിച്ചു. " വേണ്ടെടോ... ഞാൻ നടക്കാം. മനസ്സിടരുമ്പോൾ ഇരുട്ട് ആണ് കൂട്ടിന് നല്ലത്‌. " അതും പറഞ്ഞ് മോഹനൻ മുന്നോട്ട് നടക്കുമ്പോൾ അവൻ അയാളെ തന്നെ നോക്കിനിൽക്കുകയായിരുന്നു. " പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ.. പക്ഷേ, മനസ്സിൽ എവിടെയൊക്കെയോ നഷ്ടബോധത്തിന്റെ വിങ്ങലുണ്ട്. ജീവിക്കാൻ മറന്നുപോയ ജീവിതത്തിന്റ അവശേഷിപ്പ്. അടുത്ത മോഹനൻ താനാണോ " കുറച്ചു നേരം അതെ നിൽപ്പ് നിന്നു അവൻ . പിന്നെ പാർട്ടിഓഫീസിന്റെ വാതിൽ പൂട്ടി ബുള്ളറ്റുമെടുത്ത്‌ വീട്ടിലേക്ക് തിരിച്ചു. ************

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായി. ആ ദിവസങ്ങളെല്ലാം ആ മുറിയിൽ മാത്രമായി ഒതുങ്ങി ശരണ്യ. പുറത്തേക്ക് ഇറങ്ങുന്നത് വല്ലതും കഴിക്കാൻ വേണ്ടി മാത്രമായി. " എടോ... താനിങ്ങനെ മുറിയിൽ തന്നെ ഇരിക്കാതെ പുറത്തോട്ട് ഒക്കെ ഒന്നിറങ്ങി വാ.. ഈ വീട്ടിലുള്ള മറ്റുള്ളവർ എന്ത് തെറ്റ് ചെയ്തു. നിന്റ ഈൗ ഒഴിഞ്ഞുമാറ്റം അവരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് . താനാ അടുക്കളയിലൊക്കെ ഒന്ന് കേറി അമ്മയെ വല്ലതും സഹായിച്ചു മിണ്ടീ പറഞ്ഞും നിന്നാൽ മൈൻഡ് കുറെ റിലാക്സ് ആകും. പ്ലീസ്.. " ദയനീയമായിരുന്നു കിഷോറിന്റെ വാക്കുകൾ. പക്ഷേ, അത് കേട്ടതായി പോലും ഭാവിക്കാതെ അവനെ അവഗണിച്ചുകൊണ്ടവൾ കൈയിലെ ഹെഡ്സെറ്റ് എടുത്തു ചെവിയിലേക്ക് തിരുകിവെച്ചു. അവൾ മനപ്പൂർവം അവഗണിക്കുകയാണെന്ന് മനസ്സിലാക്കിയ കിഷോർ അവളെ ഒന്നുകൂടി നോക്കികൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ മുഖമൊന്നുയർത്തുകപ്പോലും ചെയ്യാതെ പറയുന്നുണ്ടായിരുന്നു " പോകുമ്പോൾ ആ വാതിലങ് അടച്ചേക്ക്..

പിന്നെ ഇടയ്ക്കിടെ കേറി വന്ന് ശല്യം ചെയ്യരുത്. ഒരു അന്യപുരുഷൻ വെറുതെ ഇങ്ങനെ എന്റെ മുറിയിൽ കേറിയിറങ്ങുന്നത് എനിക്ക് ഇഷ്ടമല്ല." അവളുടെ വാക്കുകൾ നെഞ്ചിൽ കഠാരമുറപ്പോലെ തുളഞ്ഞുകയറിയപ്പോൾ പെരുവിരൽ മുതൽ ദേഷ്യം അരിച്ചുകയറുന്നുണ്ടായിരുന്നു നന്ദന്. അവളുടെ കഴുത്തിൽ താലി കെട്ടിയവൻ അന്യപുരുഷൻ. ഓടിച്ചെന്ന് അവളുടെ മുഖമടച്ചൊന്ന് കൊടുക്കാൻ കൈ തരിച്ചെങ്കിലും സംയമനം പാലിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി വാതിൽ ചാരി അവൻ. വാതിലിനപ്പുറം അവൾ പ്രതികാരത്തോടെ പുഞ്ചിരിക്കുന്നുണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ. അന്ന് രാത്രി റൂമിലേക്ക് കേറുമ്പോൾ അവൾ കിടന്നിരുന്നു. തനിക്കുള്ള ബെഡ്ഷീറ്റും തലയിണയും കിടന്നിടത്തേക്ക് നോക്കി നന്ദൻ. പിന്നെ അവളുടെ അരികിലേക്ക് ചെന്നു. " ശരണ്യ.. കല്യാണം കഴിഞ്ഞിട്ട് ഇത്ര നാളായി. നിന്റ വീട്ടിൽ ഒരു വിരുന്ന് പോലും പോയില്ല.. അതൊക്കെ പോട്ടെ.. വിവാഹം കഴിഞ്ഞാൽ അടുത്ത് ഏതെങ്കിലും കല്യാണം വന്നാൽ ഭാര്യേം ഭർത്താവും കൂടെ പോണം എന്നൊക്കെ ആണ് അമ്മ പറയുന്നത്.

അവർ കുറച്ചു പഴയ ആളുകൾ അല്ലെ. അതുകൊണ്ട് നാളെ ഇവിടെ അടുത്ത് അകന്ന ബന്ധത്തിൽ ഒരു കല്യാണം ഉണ്ട്.. നമുക്ക് അതിന് പോണം.. വീട്ടുകാരെ ബോധിപ്പിക്കാനെങ്കിലും " " അതിന് നിങ്ങൾ തന്നെ പോയാൽ മതി. നിങ്ങടെ ബന്ധുക്കൾ അല്ലെ... നിങ്ങളെ പോലും ബന്ധമായി കാണാത്ത എനിക്ക് അവരൊക്കെ എന്ത് ബന്ധു. പിന്നെ കല്യാണത്തിന് ഭാര്യയെ കെട്ടിയൊരുക്കി കാഴ്ചയ്ക്ക് വച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴതൊന്നും ഇല്ല. പഴയ ആളുകൾക്ക് അങ്ങനെ ഒക്കെ ആചാരങ്ങൾ ഉണ്ടെങ്കിൽ അതും ചുമന്നോണ്ട് നടക്കണമെന്നുണ്ടോ ഇന്നുള്ളവർ.? ഒരു കല്യാണം കൂടൽ... കഴിഞ്ഞ ഒരു കല്യാണം കാരണം ശ്വാസംമുട്ടി ജീവിക്കുന്ന എന്നെ എഴുന്നള്ളിക്കാഞ്ഞിട്ടാ ഇനി. " അവൾ അവജ്ഞയോടെ പുറം തിരിഞ്ഞു കിടക്കുമ്പോൾ നന്ദൻ അപ്‌സെറ്റ് ആയികൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. പിറ്റേ ദിവസം റൂമിൽ ചടഞ്ഞുകൂടിയിരുന്ന ശരണ്യ വെറുതെ പുറത്തേക്ക് ഇറങ്ങിയപ്പോൾ കല്യാണത്തിന് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അമ്മ.

അത് കണ്ട പാടെ അകത്തേക്ക് കയറിയ ശരണ്യ വേഗം കുളിച്ചു റെഡിയായി ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു. ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് കയറിയ നന്ദൻ അവളുടെ വേഷം കണ്ടപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് ചെന്നു. " താങ്ക്സ് " അവൻ അവൾക്ക് മുന്നിൽ നന്ദിയോടെ ചിരിക്കുമ്പോൾ അവൾ മുടി കെട്ടിക്കൊണ്ട് അപ്പുറത്തേക്ക് മാറി നിന്നു. പക്ഷേ, ആ മാറ്റവും അവഗണനയും നന്ദനെ തെല്ലും വിഷമിപ്പിച്ചില്ല. അവൾ കല്യാണത്തിന് കൂടെ വരാൻ തയാറായല്ലോ.. അത് തന്നെ വലിയ സന്തോഷം. ഡ്രസ്സ് മാറി രണ്ട് പേരും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു അമ്മയുടെ വിളി. " മക്കളെ, റെഡിയായില്ലേ നിങ്ങള്. നെരെ ഒരുപാട് ആയി. മുഹൂർത്തം തീരുംമുന്നേ അങ്ങ് എത്തണ്ടേ. വേഗം ഇറങ്ങാൻ നോക്ക് " അമ്മ അകത്തെ വാതിലൊക്കെ പൂട്ടിയെന്ന് ഉറപ്പുവരുത്തി തിരിയുമ്പോഴായിരുന്നു ശരണ്യ മുന്നിലേക്ക് വന്നത്. അവളെ കണ്ടപ്പോൾ ഒത്തിരി സന്തോഷത്തോടെ അവളുടെ മുടിയിലൂടെ ഒന്ന് തഴുകി അമ്മ. " ന്നാ പോകാം " അമ്മ പുഞ്ചിരിയോടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു

ശരണ്യയുടെ ചോദ്യം.. " അല്ല, അമ്മായിത് എങ്ങോട്ടാ !!" " ആഹ്... അമ്മയും ഉണ്ട് മോളെ കല്യാണത്തിന്.. ബന്ധുക്കൾ അല്ലെ.. പോയില്ലേൽ പിന്നെ അത് മതി. " അമ്മ ചിരിയോടെ കാറിനടുത്തേക്ക് നടന്നു. " എന്റെ അമ്മേ.. ഇനിയെങ്കിലും മകനെ ഒന്ന് ഒറ്റയ്ക്ക് വിട്ടൂടെ. ഇങ്ങനെ ഒരു കല്യാണത്തിന് പോകുന്നത് തന്നെ ഒരു പ്രൈവസിക്ക് വേണ്ടിയാ.. അതിനിടയ്ക്ക് അമ്മ. മകനേം മകളേം അവരുടെ ഇഷ്ട്ടത്തിനു കുറച്ചു നേരം വിടാതെ അതിന്റ ഇടയിലും... " അവൾ സാധാരണമട്ടിൽ പറഞ്ഞുകൊണ്ട് ഫോണിലേക്ക് നോക്കുമ്പോൾ ഞെട്ടിയത് നന്ദൻ ആയിരുന്നു. അമ്മയുടെ മുഖത്തേക്ക് നോക്കിയ അവന് മനസ്സിലായി അവളുടെ വാക്കുകൾ അവരെ എത്രത്തോളം വേദനിപ്പിച്ചെന്ന്. ആകെ വിളറിവെളുത്തിരുന്നു അമ്മയുടെ മുഖം. ശരണ്യയിൽ നിന്ന് മുഖത്തടിച്ചപോലെ അങ്ങനെ ഒരു വാക്ക് പ്രതീക്ഷിക്കാത്തത് കൊണ്ടാവാം ആ കണ്ണുകൾ ഒന്ന് തളം കെട്ടിയിരുന്നു. " ശരിയാ മോളെ... അമ്മ അതങ്ങ് മറന്നു. മക്കളു പോയി വാ...

അല്ലെങ്കിൽ തന്നെ ഇത്ര ദൂരം സഞ്ചരിച്ചാൽ അമ്മയ്ക്ക് ഛര്ദിക്കാൻ വരും. പിന്നെ ഇവന്റെ ഒറ്റ നിർബന്ധം കൊണ്ട് ഇറങ്ങിയതാ.. മക്കള് പോയി വാ.. സമയം കളയണ്ട " അമ്മ പതിയെ അകത്തേക്ക് നടക്കുമ്പോൾ നന്ദന്റെ മുഖത്തേക്ക് നോക്കിയ അവളുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി ഉണ്ടായിരുന്നു. വാതിൽക്കൽ എത്തിയ അമ്മ തിരിഞ്ഞു നിന്ന് " മക്കള് പോയി വാ " എന്ന് ഒന്നുകൂടി പറഞ്ഞ് ചിരിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിലാമനസ്സോടെ " വാ, പോകാം, " എന്നും പറഞ്ഞ് നന്ദൻ കാറിന്റെ ഡോർ തുറന്നു. പെട്ടന്നായിരുന്നു ശരണ്യയുടെ മറുപടി. " ഓഹ് ഇനി ഞാൻ ഇല്ല.. രാവിലെ ഒരിടത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കണ്ണിനീര് കണ്ടാൽ പിന്നെ ആ ദിവസം പോകാ.... ഉള്ള മൂഡ് പോയി.. ഞാൻ ഇല്ല ഇനി എവിടേക്കും.. " അതും പറഞ്ഞവൾ ചാടിക്കുലുങ്ങി അമ്മയെയും മറികടന്ന് അകത്തേക്ക് പോകുമ്പോൾ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു നന്ദൻ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story