ദേവനന്ദൻ: ഭാഗം 4

Devananthan mahadevan

രചന: മഹാദേവൻ

 " ഓഹ് ഇനി ഞാൻ ഇല്ല.. രാവിലെ ഒരിടത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കണ്ണിനീര് കണ്ടാൽ പിന്നെ ആ ദിവസം പോകാ.... ഉള്ള മൂഡ് പോയി.. ഞാൻ ഇല്ല ഇനി എവിടേക്കും.. " അതും പറഞ്ഞവൾ ചാടിക്കുലുങ്ങി അമ്മയെയും മറികടന്ന് അകത്തേക്ക് പോകുമ്പോൾ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു നന്ദൻ. ഒന്നുമില്ലാതായിപ്പോയ ആ അവസ്ഥയിലും അവനെ കൂടുതൽ വേദനിപ്പിച്ചത് അമ്മയുടെ മുഖമായിരുന്നു. രാവിലെ ഒത്തിരി സന്തോഷത്തോടെ കണ്ട മുഖത്തിപ്പോൾ വല്ലായ്‌മയുടെ കരിനിഴൽ വീണപോലെ. അടുത്ത കാലത്തൊന്നും അമ്മയുടെ കണ്ണുകൾ ഇത്രയേറെ നിറയുന്നത് കണ്ടിട്ടില്ല. പക്ഷേ, ഇപ്പോൾ.... അവൻ കാർ ലോക്ക് ചെയ്ത് തിരികെ അമ്മയ്ക്കരികിലേക്ക് നടന്നു. " സോറി അമ്മേ.. അവളിങ്ങനെയൊക്കെ... " പറയാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന മകന്റെ കയ്യിൽ അമ്മ മുറുക്കെ പിടിച്ചു. " സാരമില്ല മോനെ...അവൾക്കിതൊന്നും ഇഷ്ടമാകില്ല. ചിലർ അതങ്ങ് തുറന്നടിച്ചു പറയും. മനസ്സിൽ വെച്ചിരിക്കുന്നതിനേക്കാൾ നല്ലത്‌ അത് തന്നെ അല്ലെടാ. ഇതിപ്പോ ഇതോടെ എല്ലാം തീർന്നു. എനിക്ക് മനസ്സിലാക്കാനും പറ്റും.

ഒന്നും മിണ്ടാതെ ഇതുപോളുള്ള കാര്യങ്ങൾ മനസ്സിലിട്ട് പുറമെ ചിരിച്ചുനിന്നാൽ അമ്മയ്ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല.. അപ്പൊ നാളേം അമ്മ അറിയാതെ ഇങ്ങനെ ഒക്കെ ചെയ്ത് പോകും. ഇതിപ്പോ അമ്മയ്ക്ക് മനസിലാക്കാലോ അമ്മയുടെ ഭാഗത്തെ തെറ്റ്. ഇനി അവർത്തിക്കാതിരിക്കുകയും ചെയ്യാം. ഓരോ ആളും വ്യത്യസ്ത സ്വഭാവക്കാരല്ലേ. അത് മനസ്സിലാക്കേണ്ടത് നമ്മളല്ലേ നന്ദാ. " അമ്മ ചിരിക്കാൻ ശ്രമിച്ചിട്ടും പരാചയപ്പെട്ടുപോകുന്നത് നന്ദന് ആ മുഖത്തു നിന്ന് അറിയാൻ കഴിയുന്നുണ്ടായിരുന്നു. മകൻ കാണാതിരിക്കാൻ കണ്ണുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ അവൻ വേദനയോടെ നോക്കി. " നീ അങ്ങോട്ട് ചെല്ല്.. എന്നിട്ട് അവളെ ഒന്ന് തണുപ്പിച് രണ്ട് പേരും കൂടി പുറത്തൊക്കെ ഒന്ന് പോയി. അല്ലെങ്കിൽ അവളുടെ വീട്ടിലൊന്ന് പൊ. വിരുന്ന് വിളിച്ചിട്ട് കൂടി പോയില്ല. അവരെയൊക്കെ വിട്ട് നിൽക്കുന്നതിന്റെ വിഷമം കൂടിയുണ്ടാകും അവളുടെ മനസ്സിൽ. "

സ്വന്തം വീട്ടിലേക്ക് പോകാനോ ഇവിടെ തന്റെ ഭാര്യ എന്ന ലേബലിൽ ജീവിക്കാനോ അവൾക്ക് താല്പര്യം ഇല്ലെന്നത് അമ്മയോട് എങ്ങനെ പറയുമെന്ന് അറിയാതെ കുഴങ്ങി നന്ദൻ. അകത്തേക്ക് പോകാതെ പിന്നെയും അവിടെ തന്നെ നിൽക്കുന്ന നന്ദനെ കവിളിലൊന്ന് തൊട്ടു അമ്മ. " അമ്മ ഒരു കാര്യം ചോദിച്ചോട്ടെ മോനെ " അമ്മയുടെ മുഖവുരയോടെ ഉള്ള ചോദ്യം കേട്ട് അവൻ തലയുയർത്തി നോക്കി. " ശരിക്കും മക്കള് തമ്മിൽ ന്തേലും പ്രശ്നം ഉണ്ടോ. അതല്ലെങ്കിൽ, ഈ കല്യാണത്തിന് അവൾക്ക് വല്ല ഇഷ്ടക്കുറവും ഉണ്ടായിരുന്നോ? ഇവിടെ വന്നത് മുതൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവളുടെ പെരുമാറ്റം. ഇത്രേം ദിവസമായിട്ട് അടുക്കളയിൽ ഒന്ന് വന്നിട്ട് പോലുമില്ല.. എനിക്ക് തന്നെ മുഖം തരുന്നത് ദുര്ലഭം. സാവിത്രി രാവിലെ വന്ന് പണികളൊക്കെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാലും... ഒരു പെണ്ണിന്റെ മനസ്സല്ലേ... വാശി കൂടും. പക്ഷേ.... എന്തോ. ഇന്നല്ലെങ്കിൽ നാളെ ഒക്കെ ശരിയാകുമെന്ന് കരുതി സമാധാനിക്കാം. " അമ്മ ഒന്ന് ദീർഘനിശ്വാസം വിടുമ്പോൾ അമ്മയുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയുമെന്ന് അറിയാതെ നിൽക്കുകയായിരുന്നു നന്ദൻ.

അമ്മയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു മകന്റെ കല്യാണം. അത് നിരാശ സമ്മാനിച്ചാൽ... വേണ്ട, ഒന്നും ഇപ്പോൾ അറിയണ്ട... എന്നെങ്കിലും അറിയുമ്പോൾ അറിയട്ടെ.. അവൻ അമ്മയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ആ കയ്യിലൊന്ന് മുറുക്കെ പിടിച്ചു. പിന്നെ അമ്മയിൽ നിന്നും ഒളിച്ചോടുംപ്പോലെ അകത്തേക്ക് നടന്നു.. റൂമിലെത്തുമ്പോൾ ചെവിയിൽ ഹെഡ്സെറ്റും വെച്ച് പാട്ട് കേട്ടിരിക്കുകയായിരുന്നു ശരണ്യ. അവനെ കണ്ടപ്പോൾ പുച്ഛത്തോടെ ഒന്ന് നോക്കികൊണ്ട് അവൾ വീണ്ടും മൊബൈളിലേക്ക് മിഴി പായിക്കുമ്പോൾ അവന് അരിശം വരുന്നുണ്ടായിരുന്നു. അവൾ തനിക്ക് മുന്നിൽ അഭിനയിക്കുന്നത് കാണുമ്പോൾ ഉടലിൽ പാഞ്ഞു കേറുന്ന ദേഷ്യം പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ അടുത്തെത്തി ചെവിയിൽ നിന്ന് ഹെഡ്‌ഫോൺ വലിച്ചിട്ടു. അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അരിശം കൊണ്ട ശരണ്യ അവന് നെരെ നോക്കുമ്പോൾ ദേഷ്യം ഉള്ളിലൊതുക്കി സംയമനം പാലിച്ചായിരുന്നു നന്ദൻ സംസാരിച്ചത്.

" ശരണ്യ... എന്തൊക്കെ പറഞ്ഞാലും നീ അമ്മയോട് പറഞ്ഞതും ചെയ്തതും തെറ്റാണ്. എന്നോടുള്ള ദേഷ്യം തീർക്കേണ്ടത് മറ്റുള്ളവരോട് അല്ല. നിന്നെ ഇഷ്ടപ്പെട്ടു എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. നിനക്ക്‌ മറ്റൊരാളെ ഇഷ്ട്ടമാണെന്ന് എനിക്ക് അറിയുകയും ഇല്ലായിരുന്നു. നിന്റ കഴുത്തിൽ താലി ചാർത്തിയതിന്റെ പേരിൽ നീ കാണിക്കുന്നതെല്ലാം ക്ഷമിക്കുന്നത് നട്ടെല്ല് ഇല്ലാത്തവനായോ കൈക്ക് ഊക്കില്ലാത്തവനായതുകൊണ്ടോ അല്ല, നിന്റ മനസിലെ വിഷമങ്ങൾ എന്നോട് പറഞ്ഞോ ചെയ്‌തോ പതിയെ തീരുകയാണെങ്കിൽ തീരട്ടെ എന്ന് കരുതി മാത്രമാണ്. പക്ഷേ, നിന്റ അഹംഭാവത്തിന്റെ ചൊരുക്ക്‌ തീർക്കാനുള്ളതല്ല എന്റെ അമ്മ. എന്തൊക്കെ ക്ഷമിച്ചാലും ഇതെനിക്ക് ക്ഷമിക്കാൻ പറ്റില്ല. അതുകൊണ്ട് എന്റെ അമ്മയ്ക്ക് മുന്നിൽ നീ ആടിയ പൂതനാവേഷം അഴിച്ചുവച്ച് പോയി മാപ്പ് പറയണം. വയസ്സായവരല്ലേ.. അവർക്ക് മുന്നിൽ ഒന്ന് താഴ്‌ന്നെന്ന് കരുതി ഒന്നും സംഭവിക്കില്ല. എഴുനേറ്റ് ചെല്ല്. നിന്റ ആ വാക്കുകൾ വേദനിപ്പിച്ച മനസ്സിനെ നീ തന്നെ തണുപ്പിക്ക്.

അതാണ് അതിന്റ ശരി " നന്ദൻ അവളെ നോക്കുമ്പോൾ അവളിൽ ഒരു കൂസലും ഇല്ലായിരുന്നു. " എനിക്ക് ആരോടും മാപ്പ് പറയേണ്ട ആവശ്യം ഇല്ല. അതിനൊരു തെറ്റും ഞാൻ ചെയ്തിട്ടും ഇല്ല. " അവൾ വീറോടെ മുഖം വെട്ടിച്ചു. " ശരണ്യ... ചെല്ല്... നീ ചെയ്തത് തെറ്റാണ്. നിനക്ക് നീ ചെയ്യുന്നതെല്ലാം ശരിയായി തോന്നാം. അത് നിന്റ അഹങ്കാരത്തിന്റ ആണ്. ഇപ്പോൾ നീ ചെല്ല്... അമ്മയോട് ഒരു സോറി പറ.. അതോടെ അമ്മയുടെ ആ വിഷമം അങ്ങ് തീരും. ചെല്ല്.... " അവൻ പിന്നെയും പ്രതീക്ഷയോടെ അവളെ നിർബന്ധിച്ചിട്ടും അവൾക്കൊരു കുലുക്കവും ഇല്ലായിരുന്നു. അവനെ ഒന്ന് പുച്ഛത്തോടെ നോക്കികൊണ്ട് വീണ്ടും മൊബൈൽ കയ്യിലെടുത്ത അവളുടെ കയ്യിൽ പെട്ടന്നായിരുന്നു നന്ദൻ കയറിപിടിച്ചതും മുന്നോട്ട് വലിച്ചതും. പ്രതീക്ഷിക്കാതെയുള്ള അവന്റെ വലിയിൽ കട്ടിലിൽ നിന്നും എഴുനേറ്റ് നിൽക്കുമ്പോൾ നന്ദന്റ ഭാവം തന്നെ മാറിയത് അവളെ ഒന്ന് ഞെട്ടിച്ചു. " എടി പുല്ലേ.. നിന്നോട് മര്യാദയ്ക്ക് നിൽക്കുമ്പോൾ നീ എന്താ തലയിൽ കേറി തുള്ളുന്നോ? നിന്റ ഉമ്മാക്കി കണ്ടു പേടിച്ചിട്ടാണ് ഞാൻ ഒന്നും മിണ്ടാത്തതെന്ന് കരുതിയോ നീ? എടി, എനിക്കൊരു തെറ്റ് പറ്റി. അത് വേണേൽ ദേ, ഇപ്പോൾ തിരുത്താം...

താലി കെട്ടി എന്നല്ലേ ഉളളൂ. സ്നേഹത്തോടെ നിന്റ കയ്യിൽ ഒന്ന് തൊട്ടിട്ടു പോലുമില്ലല്ലോ. അപ്പോൾ പിന്നെ ഇത്രയ്ക്ക് അഹങ്കാരം വേണ്ട.. നിനക്ക് പറ്റില്ലെങ്കിൽ നീ പൊക്കോ. എന്നെ സഹിച്ചു നിൽക്കണ്ട നീ. എനിക്ക് ഒരു തെറ്റ് പറ്റി, അതുകൊണ്ട് തന്നെ ആണ് പലപ്പോഴും ഞാൻ മൗനം പാലിച്ചതും. എന്ന് വെച്ച് എല്ലായിടത്തും കേറി അങ്ങ് ഉണ്ടാക്കിക്കളയാമെന്ന് മോൾക്ക് വല്ല മോഹവുമുണ്ടെങ്കിൽ അതങ്ങു നാലായി മടക്കിവെച്ചേക്ക്. എന്നിട്ട് അമ്മയോട് പോയി സോറി പറ. പറ്റില്ലെങ്കിൽ ഇപ്പോൾ എടുത്തോ നിന്റ പെട്ടി. എന്നിട്ട് നീ ആരുടെ കൂടെ വേണേലും പൊറുത്തോ. നീ തന്നെ പറഞ്ഞിട്ടില്ലേ നിന്റ കഴുത്തിൽ താലി കെട്ടി എന്നലാതെ ഒരു ഭർത്താവായി എന്നെ കണ്ടിട്ടില്ല എന്ന്. അതാണ്‌ എനിക്കിപ്പോ നിന്നോടും പറയാനുള്ളൂ.. എന്നെ ഭർത്താവായി കാണാൻ കഴിയാത്തവൾക്ക് എന്റെ മുറിയിൽ കഴിയാൻ എന്ത് യോഗ്യത. അതുകൊണ്ട് നിനക്ക് ഇപ്പോൾ ഒരു തീരുമാനമെടുക്കാം..

അമ്മയോട് സോറി പറഞ്ഞ് എന്റെ ഭാര്യയായി ഈ വീട്ടിൽ കഴിയണോ അതോ തിരിച്ചു നിന്റ വീട്ടിൽ പോണോ. രണ്ടായാലും എനിക്ക് സന്തോഷം. ഞാൻ ഇപ്പോൾ പുറത്ത് പോയിവരും. അപ്പോഴേക്കും തീരുമാനിച്ചിരിക്കണം രണ്ടിലേതായാലും. " അവൻ അവളെ ഒന്നുകൂടി നോക്കികൊണ്ട്‌ മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ നന്ദനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തതിന്റെ ഞെട്ടലുണ്ടായിരുന്നു ശരണ്യയിൽ. അവൻ പോയതിനു ശേഷം കുറെ നെരെ ആലോചനയോടെ ബെഡ്ഢിൽ തന്നെ ഇരുന്നു. മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തി. ഒടുവിൽ അവൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു. " ഇഷ്ടമല്ലാഞ്ഞിട്ടും കഴുത്തിൽ കുരുക്കിട്ടതല്ലേ. അപ്പൊ അങ്ങനെ അങ്ങ് ഓടിപോയാൽ നന്ദൻ ജയിക്കും.. അവനിനിയും എന്റെ മുന്നിൽ തല കുനിക്കണം. ഇഷ്ട്ടം എന്നത് പിടിച്ചുവാങ്ങാൻ കഴിയുന്ന ഒന്നല്ലെന്ന് അയാൾ അറിയണം. കെട്ടിയതോർത്തു ദുഃഖിക്കണം. അതിന് വേണ്ടി അമ്മയോട് ഒരു സോറി പറഞ്ഞാലും കുറയില്ല. " അവൾ പ്രതികാരം കത്തുന്ന പുഞ്ചിരിയോടെ അമ്മയുടെ മുറിയിലേക്ക് നടന്നു. തുറന്നു കിടക്കുന്ന മുറിയിൽ അമ്മയെ കാണാതായപ്പോൾ ആയിരുന്നു

അവൾ അടുക്കളയിലേക്ക് ചെന്നത്. വീട്ടുജോലിക്ക് നിൽക്കുന്ന കല്യാണിയോട് എന്തൊക്കെയോ സംസാരിക്കുന്നതിനിടയിലാണ് പിറകിൽ കാൽപ്പെരുമാറ്റം കേട്ട് അമ്മ തിരിഞ്ഞുനോക്കിയത്. പിറകിൽ വിഷമം കലർന്ന പുഞ്ചിരിയോടെ നിൽക്കുന്ന ശരണ്യയെ കണ്ടപ്പോൾ ആ അമ്മയുടെ മുഖം സന്തോഷത്താൽ വിടർന്നു. " ആഹാ ആരിത് ശരണ്യകൊച്ചോ... കല്യാണദിവസം ഒന്ന് കണ്ടതാ.. പിന്നെ ഇപ്പഴാ കാണുന്നെ. ന്തായാലും നന്നായി മോളെ.. വെറുതെ വന്നതാണെങ്കിലും അടുക്കളയിലേക്ക് വന്നത് കൊണ്ട് കല്യാണിച്ചേച്ചിക്ക് മോളെ ഒന്ന് കാണാറായല്ലോ. അല്ലേലും ഇപ്പോഴത്തെ പെണ്കുട്ടികള്ക്ക് അടുക്കള അലര്ജിയാ. മുന്നിൽ കിട്ടിയാൽ വെട്ടിവിഴുങ്ങാനെ അറിയൂ.... അല്ല, മോളെ പറഞ്ഞതല്ലാട്ടോ.. പൊതുവായ ഒരു കാര്യം... " കല്യാണി തനിക്കിട്ടൊന്ന് ചോടെ വെച്ചതാണെന്ന് മനസ്സിലായെങ്കിലും ഈ അവസരത്തിൽ അതിനുള്ള മറുപടി പറയണ്ട എന്ന് കരുതി സംയമനം പാലിച്ചു അവൾ. " അമ്മ, ഒന്നിങ്ങു വരോ.. "

അവൾ കൊഞ്ചലോടെ അമ്മയെ നോക്കുമ്പോൾ അവളിലെ സ്നേഹം നിറഞ്ഞ വിളി അവർക്ക് വല്ലാതങ്ങ് ബോധിച്ചു. "കല്യാണി നീ ആ ചക്ക ഒന്ന് ചൊള എടുത്തു വെക്ക്, ഞാനിപ്പം വരാം" എന്നും പറഞ്ഞ് എഴുനേറ്റ് " ന്താ മോളെ " എന്നും ചോദിച്ച് അവൾക്ക് പിന്നാലെ ഹാളിലേക്ക് കേറുമ്പോൾ പെട്ടന്നവൾ തിരിഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. " സോറി അമ്മേ... രാവിലെ ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു. എനിക്ക് ഇടയ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടമ്മേ... ന്താ പറയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല... മൈൻഡ്ഔട്ട്‌ ആയി പോകും. ഇപ്പോൾ നന്ദേട്ടൻ പറഞ്ഞപ്പഴാ ഞാൻ അമ്മയോട് പെരുമാറിയത് വളരെ മോശമായിട്ടായിരുന്നു എന്ന് മനസ്സിലായത്. ന്നോട് ക്ഷമിക്കണം അമ്മേ. " അവൾ പെട്ടന്ന് അമ്മയുടെ കാൽക്കലേക്ക് ഇരിക്കുമ്പോൾ അമ്മ " ന്താത് മോളെ " എന്നും ചോദിച്ചുകൊണ്ട് അവളെ പിടിച്ചെഴുനേൽപ്പിച്ചു. പിന്നെ പതിയെ അവളുടെ മൂര്ധാവിലൂടെ കയ്യോടിച്ചു. " അതൊന്നും സാരമില്ല മോളെ... കഴിഞ്ഞത് കഴിഞ്ഞില്ലേ...

അമ്മയ്ക്ക് മോളോട് ഒരു പിണക്കോം ഇല്ല. മോള് വന്ന് മിണ്ടിയല്ലോ.. അതില്പരം സന്തോഷം ഇപ്പോൾ അമ്മയ്ക്ക് വേറെ ഇല്ല. എനിക്ക് രണ്ട് ആൺമക്കളല്ലേ, അവിടേക്ക് ദൈവം എനിക്കായി തന്ന ഒരു പെൺത്തരിയാണ് നീയിപ്പോ. ഈ വീട്ടിലെ മരുമോൾ അല്ല, മോള് തന്നെ. അതുകൊണ്ട് കഴിഞ്ഞതൊക്കെ മറന്ന് മോള് മുഖമൊക്ക ഒന്ന് കഴുകിവാ. " അമ്മ അവളുടെ കവിളിൽ തഴുകുമ്പോൾ " താങ്ക്സ് അമ്മ " എന്നും പറഞ്ഞവൾ അവരെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു. അത് കണ്ടുകൊണ്ടായിരുന്നു നന്ദൻ കേറി വന്നത്. കെട്ടിപ്പുണർന്ന് നിൽക്കുന്ന അമ്മയെയും ശരണ്യയെയും കണ്ടപ്പോൾ അവന്റെ ഉള്ള് നിറഞ്ഞു. അമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന ശരണ്യ വാതിൽക്കൽ നിൽക്കുന്ന നന്ദനെ കണ്ടു പുഞ്ചിരിക്കാൻ ശ്രമിച്ചു. " നന്ദാ, സ്നേഹം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഇന്ന് മുതൽ നീയും അറിയാൻ പോകുകയാണ്. നീ കരയും നന്ദാ.. നിന്നെ സ്നേഹിച്ചവർ നിന്നെ തള്ളി പറയും. പറയിക്കും ഞാൻ.. " അവളുടെ ചിരി മാറ്റത്തിന്റെ ആകുമെന്ന പ്രതീക്ഷയിൽ വാതിക്കൽ നിൽക്കുന്ന നന്ദനും പുഞ്ചിരിക്കുമ്പോൾ അവന് അറിയില്ലായിരുന്നു അവളുടെ ചിരി ചതിയുടെ രസതന്ത്രം മെനെഞ്ഞെടുത്തതാണെന്ന്......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story