ദേവനന്ദൻ: ഭാഗം 7

Devananthan mahadevan

രചന: മഹാദേവൻ

ഇപ്പോൾ നീ ചെയ്തത് നിന്റ മനസ്സിലുള്ള ശത്രുതയും ദുശ്ചിന്തയും ഇല്ലാതാക്കാനുള്ള വഴിപാട് ആണ്. അതായത് എനിക്കിട്ട് തരാൻ നിന്ന പണി നിന്റ നല്ലതിന് വേണ്ടി ചെയ്തെന്ന്. ന്തായാലൂം അഞ്ഞൂറ് പോയാലെന്താ.. " അവൻ അവളെ നോക്കികൊണ്ട് പിന്നെയും പൊട്ടിച്ചിരിക്കുമ്പോൾ അവൾ ദേഷ്യത്താൽ കൊടുമ്പിരികൊള്ളുകയായിരുന്നു. അപ്പോഴും നിരാശയോടെ മനസിലോർത്തത് തിരുമേനി പറഞ്ഞ വാക്കുകൾ ആയിരുന്നു. " നമ്മൾ മനസ്സറിഞ്ഞു കഴിക്കുന്ന വഴിപാട് ദേവി അതുപോലെ നടത്തിതരും, അത്രേം ശക്തിയുള്ള ദേവ്യാ... ! " അമ്മയും കിരണും പ്രസാദവും വാങ്ങി അവർക്കരികിലെത്തുമ്പോഴാണ് ശരണ്യയുടെ കടന്നൽ കുത്തി വീർത്തപോലുള്ള മുഖം ശ്രദ്ധിച്ചത്. പോകുമ്പോൾ ചിരിച്ചും സന്തോഷിച്ചും തെളിച്ചതോടെ നിന്നവൾ ഇപ്പോൾ മുഖം കറുപ്പിച്ചു നില്കുന്നത് കണ്ടപ്പോൾ അമ്മ വ്യസനത്തോടെ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് നന്ദന്റെ മുഖത്തേക്ക് നോക്കി. " ന്താ നന്ദാ നീ ന്റെ കുട്ടിയെ കാട്ടിയത്. ഒരു രണ്ട് മിനുട്ട് ഒന്ന് മാറിയപ്പോഴേക്കും ഇവിടെ ന്താപ്പോ ണ്ടായേ. "

അമ്മ അവളുടെ കവിളിൽ തലോടുന്നത് കണ്ടപ്പോൾ, അവൾ അമ്മയുടെ കയ്യിൽ വിഷമം അഭിനയിച്ചുകൊണ്ട് പിടിക്കുന്നത് കണ്ടപ്പോൾ നന്ദന് ചിരിയാണ് വന്നത്. " ഇവളാണ് പെണ്ണ്. ഓന്തിനെ പോലെ നിറം മാറാൻ കഴിയുന്ന പെണ്ണ് " എന്നും മനസ്സിൽ ചിന്തിച്ചുകൊണ്ട് നിൽക്കുന്ന നന്ദനോട് അമ്മ ആ ചോദ്യം ആവർത്തിക്കുന്നുണ്ടായിരുന്നു. " അതോ. ന്റെ അമ്മേ അങ്ങനെ പ്രശ്നം ഒന്നുമില്ല. സംഭവം ത്രേ ഉളളൂ.... " അവൻ കാര്യങ്ങൾ അമ്മയ്ക്ക് മുന്നിൽ വിവരിക്കാൻ തുടങ്ങിയപ്പോഴേക്കും ശരണ്യ ഇടയിൽ കേറി. " നന്ദേട്ടന് ന്നോട് സ്നേഹം ഇല്ല അമ്മേ.. അത്രേ ഉളളൂ സംഭവം. ഞാൻ ഒരു ആഗ്രഹം പറഞ്ഞപ്പോൾ എന്നോട് വഴക്കിട്ടു. നിക്ക് വേണ്ടിയല്ലല്ലോ, നന്ദേട്ടന് ഒരു ആപത്തും വരുത്തരുതേ ന്ന് കരുതിയാണ് ഞാൻ.. പക്ഷേ... " അവൾ നിറയാൻ മടിച്ച കണ്ണുകൾ വെറുതെ തുടയ്ക്കുമ്പോൾ അമ്മ സംഭവം ന്താണെന്ന് അറിയാനുള്ള വ്യഗ്രതയിലായിരുന്നു. " മോള് അവനേ നോക്കണ്ട, അമ്മയോട് പറ മോൾടെ ആഗ്രഹം. അവനെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോള. " അമ്മ അവളുടെ മുടിയിലൂടെ സ്നേഹത്തോടെ തലോടുമ്പോൾ " അത് മതി അമ്മേ " എന്നും പറഞ്ഞവൾ സന്തോഷത്തോടെ അമ്മയുടെ കവിളിൽ ചുണ്ടുകൾ അമർത്തി. " പറ മോളെ... ന്താ സംഭവം !? "

" അമ്മേ, അത് പിന്നെ.... നന്ദേട്ടന്റെ മടിയൊക്കെ നാറി നല്ല ബുദ്ധി തോന്നിക്കാൻ വേണ്ടി ഞാൻ മനസ്സ് കൊണ്ട് ഒരു വഴിപാട് നേർന്നു. അത് നന്ദേട്ടനോട്‌ പറഞ്ഞപ്പോൾ ആണ്... ഒരു വഴിപാട് അല്ലെ അമ്മേ. പ്രാർത്ഥിച്ചുപോയില്ലേ. എനിക്ക് വേണ്ടി അല്ലലോ, നന്ദേട്ടന്റെ നല്ലതിന് വേണ്ടിയല്ലേ. " അവൾ പ്ളേറ്റ് മാറ്റുന്നത് കണ്ട് അമ്പരപ്പോടെ നന്ദൻ ശരണ്യയെ നോക്കുമ്പോൾ അവൾ പിന്നെയും വിഷമത്തോടെ അമ്മയിലേക്ക് ചേർന്നു നിന്നിരുന്നു. " മോള് ന്ത് വഴിപാട് ആണ് നേർന്നത്? " അത്... അമ്മേ... ഞാൻ നമ്മുടെ കുടുംബക്ഷേത്രത്തിൽ നന്ദേട്ടനെ കൊണ്ട് നൂറ്റൊന്ന് ശയനപ്രദക്ഷിണം ചെയ്യിക്കാന്ന് ആണ്..... നല്ലതിന് വേണ്ടിയാണു ഞാൻ.. പക്ഷേ.." അവൾ പറഞ്ഞത് കേട്ട് ഞെട്ടലോടെ പരസ്പരം നോക്കുകയായിരുന്നു നന്ദനും കിരണും. " നൂറ്റൊന്ന് ശയനപ്രദക്ഷിണമോ " എന്ന് ഒറ്റ ശ്വാസത്തിൽ ചോദിക്കുമ്പോൾ അമ്മ അവളുടെ വാക്കിനെ ശരിവെക്കുന്നപ്പോലെ ആയിരുന്നു സംസാരിച്ചത്. " അതെന്താ... നിന്റ നല്ലതിന് വേണ്ടിയല്ലേ മോള് നേർന്നത്. നിന്റ ആയുസ്സും ആരോഗ്യവുമാണ് അവളുടെ ജീവിതം. അത് നന്നായിക്കാണാൻ ആഗ്രഹിച്ചതിന്റെ പേരിലാണോ നീ ഇവളെ വഴക്ക് പറഞ്ഞേ? നല്ല കാര്യായി. നേർന്നതല്ലേ, മുടക്കാൻ പാടില്ല. "

. അമ്മ കൂടി അവളുടെ ഭാഗം പറയുന്നത് കണ്ടപ്പോൾ ആണ് അവന് ശരിക്കും ഈർഷ്യ തോന്നിയത്. അവൾ സ്നേഹം അഭിനയിക്കുകയാണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ എന്നോർത്തപ്പോൾ അമ്മയോട് സഹതാപവും തോന്നി നന്ദന്. " അമ്മേ.. ഇവൾ.... അമ്മായിത് എന്തറിഞ്ഞിട്ടാ..." നന്ദൻ അവന്റെ ഭാഗം ന്യായീകരിക്കാനെന്നോണം സംസാരിക്കാൻ തുടങ്ങുമ്പോൾ അവന് അതിനുള്ള അവസരം കൊടുക്കാതെ ശരണ്യ ഒരു മുഴം മുന്നേ എറിഞ്ഞു. " സാരമില്ല അമ്മേ.. അല്ലേലും ഞാനൊരു പൊട്ടിയാ. നൂറ്റൊന്ന് ശയനപ്രദക്ഷിണം എന്നൊക്കെ പറയുമ്പോൾ .... മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചാൽ എന്തും സാധിച്ചുതരുന്ന ദേവിയാണെന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ........ അല്ലേലും നന്ദേട്ടന്റെ മെല് നോവിച്ചിട്ട് എനിക്ക് ഒരു സന്തോഷവും വേണ്ടമ്മേ.. നേർന്നത് ഞാൻ അല്ലെ.. അതിന്റ തുടർന്നുള്ള ഭവിഷ്യത്തും ഞാൻ തന്നെ അനുഭവിച്ചോള്ളാം. നന്ദേട്ടന് വേണ്ടിയല്ലേ നിയ്ക്കത്തിൽ സന്തോഷേ ഉളളൂ.." എല്ലാവരെയും ഇടംകണ്ണിട്ട് നോക്കി ശരണ്യ കണ്ണുകൾ തുടച്ചുകൊണ്ട് പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ അമ്മയുടെ മുഖത്ത്‌ അവളോടുള്ള അലിവും സഹതാപവും നിറഞ്ഞിരുന്നു.

" മോളെ, മോൾക്ക് നന്ദൻ ജീവനാണെന്ന് ഈ അമ്മയ്ക്ക് അറിയാം. അവന്റെ മെല് നൊന്താൽ മോൾടെ മനസ്സ് പിടയ്ക്കുമെന്നും. ന്തായാലും വഴിപാട് നേർന്നതല്ലേ... അത് അങ്ങനെ തന്നെ നടക്കട്ടെ.... " "അയ്യോ.. വേണ്ടമ്മേ.. ഒന്നോ രണ്ടോ അല്ല.. നൂറു ശയനപ്രദക്ഷിണം ആണ്.. അത് കഴിയുമ്പോൾ നന്ദേട്ടൻ...... " അവൾ സങ്കടം ഭാവിച്ചുകൊണ്ട് അമ്മയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവൾ ഒളികണ്ണിട്ട് നന്ദന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി. തന്റെ കണ്ണീരിനു മുന്നിൽ അമ്മ തന്നെ നന്ദനെ കൊണ്ട് വഴിപാട് ചെയ്യിക്കും എന്നവൾക്ക് ഉറപ്പായിരുന്നു. നന്ദന്റെ മേല് നോവുന്നത് ഓർത്ത് അവൾ ഉള്ളിൽ സന്തോഷികുമ്പോൾ പുറമെ അമ്മയ്ക്ക് മുന്നിൽ അവൾ വിഷമം അഭിനയിച്ചു. പക്ഷേ അമ്മയുടെ പ്രതികരണം അവളുടെ മനസ്സ് വായിച്ചപ്പോലെ ആയിരുന്നു. " അമ്മയ്ക്കറിയാം മോൾടെ സങ്കടം. അവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അങ്ങനെ ഒക്കെ നേർന്നതെന്നും അതെ സ്നേഹംകൊണ്ടാണ് അതോർത്താണിപ്പോൾ സങ്കടപ്പെടുന്നതെന്നും. അതുകൊണ്ട് ഒരു കാര്യം ചെയ്യാം. നേർന്ന വഴിപാട് എന്തെങ്കിലും കാരണത്താൽ ചെയ്യാൻ പറ്റാതെ വരുമ്പോൾ നമ്മള് ഭഗവതിക്ക് തെറ്റുപണം ഉഴിഞ്ഞു കെട്ടിവെക്കാറുണ്ട്. അതുപോലെ തെറ്റ് പറഞ്ഞ് നന്നായി പ്രാര്ത്ഥിച്ചു തെറ്റു്പണം കെട്ടി ഇനി വരുമ്പോൾ ദേവിക്ക് സമർപ്പിച്ചാൽ മതി. മോൾക്ക് സന്തോഷമായില്ലേ "

അമ്മ പറയുന്നത് കേട്ട് അവൾ ചിരിച്ചു തലയാട്ടുമ്പോൾ ഉള്ളിൽ അമ്മയോടുള്ള ദേഷ്യം കൂടി നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു. പക്ഷേ, അമ്മ പറയുന്നത് കേട്ട് സന്തോഷിച്ച മറ്റൊരാൾ ഉണ്ടായിരുന്നു. നന്ദൻ. ! അവൾ മനപ്പൂർവം തനിക്കിട്ട് പണി തരാൻ നോക്കിയപ്പോൾ അമ്മ ഇങ്ങനെ പറയുമെന്ന് കരുതിയിട്ടുണ്ടാകില്ല. അവൻ അവളെ നോക്കി താടിയൊന്നുഴിഞ്ഞു ചിരിക്കുമ്പോൾ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ മുഖം ചുളിയുന്നതോടൊപ്പം അവൾ ദേഷ്യം കടിച്ചമർത്തുന്നതും പല്ലുകൾ ഞെരിയുന്നതും അവന് മനസ്സിലാകുന്നുണ്ടായിരുന്നു. ************ അമ്മയുമൊത്തു ടൗണിൽ തുണിക്കടയിൽ നിൽക്കുമ്പോഴാണ് എതിരെ നിൽക്കുന്ന ശങ്കരേട്ടനെ ചാരു കാണുന്നത്. രോഹിണിയുടെ അച്ഛനല്ലേ എന്ന് സംശയത്തോടെ നോക്കിയ അവൾ അത് ആള് തന്നെ എന്ന് മനസ്സിലായപ്പോൾ "അങ്കിൾ " എന്ന് വിളിച്ചുകൊണ്ട് അയാൾക്കരികിലേക്ക് ചെന്നു. " അഹ്. മോളോ.. ഒറ്റയ്‌ക്കെ ഉള്ളോ " " അല്ല അങ്കിൾ. ദേ, അമ്മയുണ്ട് " എന്നും പറഞ്ഞവൾ അമ്മയെ ചൂണ്ടിക്കാട്ടി. " അങ്കിൾ രോഹിണിയെ ന്താ കൊണ്ടുവരാഞ്ഞത്. അവളില്ലെ അവിടെ !" അവളുടെ ചോദ്യം കേട്ട് പെട്ടന്ന് ന്തോ ആലോചിക്കുംപ്പോലെ അയാളെ കുറച്ചുനേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

ആ മുഖത്തു പല ഭാവങ്ങളും മിന്നിമായുന്നത് ചാരുത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. " അല്ല.. മോളെ... അപ്പോൾ നിങ്ങൾക്ക് ഇന്ന് സ്പെഷ്യൽക്ലാസ്സ് ഇല്ലേ " വേവലാതി നിറഞ്ഞ അയാളുടെ ചോദ്യം കേട്ടപ്പോൾ ചാരുവിന് ന്തോ ഒരു പന്തികേട് മണത്തിരുന്നു. അവൾ ഒരു ഉത്തരം കണ്ടെത്താൻ കഴിയാതെ വിമ്മിഷ്ടപ്പെടുമ്പോൾ അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു. " ഇന്ന് സ്പെഷ്യൽക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കൊണ്ടുവിടാമെന്ന് പറഞ്ഞതാ അവളെ. അപ്പൊ മോളും ഉണ്ട്, നിങ്ങള് രണ്ട് പേരും ബസ്സിൽ പൊക്കോളാമെന്ന പറഞ്ഞേ. ന്നിട്ട് മോളെന്താ പോയില്ലേ ? " അയാളുടെ സംശയത്തോടെയുള്ള നോട്ടവും വെപ്രാളം നിറഞ്ഞ ചോദ്യവും കേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏകദേശം അവൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു. ' സ്പെഷ്യൽക്‌ളാസ്സിന്റെ പേരും പറഞ്ഞ് അവൾ ആദിയുടെ കൂടെ സിനിമയ്ക്കോ കറങ്ങാനോ പോയിട്ടുണ്ടാകും. താനും കൂടെ ഉണ്ടല്ലോ എന്നുള്ള വിശ്വാസത്തിലാകും അവളെ ഒറ്റയ്ക്ക് വിട്ടത്. പക്ഷേ, തന്റെ പേരും പറഞ്ഞ് അവൾ അച്ഛനെ മനപ്പൂർവം ഒഴിവാക്കിയതാകും. ' അവൾ ഇനി എന്ത് മറുപടി നൽകുമെന്ന് അറിയാതെ വിയർത്തു നിൽക്കുമ്പോൾ ശങ്കരേട്ടൻ പിന്നെയും ചോദിക്കുന്നുണ്ടായിരുന്നു "

മോളെന്താ പോവാതിരുന്നേ? ഇന്ന് സ്പെഷ്യൽക്ലാസ്സ് ഇല്ലേ? " ആ ചോദ്യത്തിൽ ഒരു അച്ഛന്റെ വേദനയും വേവലാതിയും ഉണ്ടായിരുന്നു. അവളിൽ ഒരുപാട് പ്രതീക്ഷയർപ്പിച്ച മനുഷ്യനാണ്. അമ്മ മരിച്ചതിൽ പിന്നെ അവൾക്കും അച്ഛനായിരുന്നു എല്ലാം.. ആ അച്ഛനോട്‌ കള്ളം പറഞ്ഞാണ് ആദിയോടൊപ്പം.... അച്ഛനോട് വേണേൽ സത്യം പറയാം.. പക്ഷേ, ആ നിമിഷം ഈ മനുഷ്യൻ തകർന്നുപോകുമെന്ന് ചാരുവിനു തോന്നി. ആ നിമിഷം അവളും വല്ലാത്തൊരു അവസ്ഥയിലായിരുന്നു. "മോളെ... !" ശങ്കരേട്ടന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്. " അങ്കിൾ.... അത്.. ഞാൻ.... " അവൾ വാക്കുകൾക്ക് വേണ്ടി പരതുകയായിരുന്നു വിമ്മിഷ്ടത്തോടെ. " അങ്കിൾ ഞാനത് മറന്നുപോയി.. സ്പെഷ്യൽക്ലാസ്സ് ഉണ്ടായിരുന്നതാ. പക്ഷേ, അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോണ്ട ആവശ്യം ഉള്ളത് കൊണ്ട് ഞാൻ പോയില്ല. അത് അവളോട് പറയാൻ വിട്ടുപോയി. അതാകും ഞാൻ ഉണ്ടെന്ന് കരുതി അവൾ പോന്നത്. പെട്ടന്ന് അങ്കിളിനെ കണ്ടപ്പോൾ ഞാൻ അത് ഓർത്തില്ല. " അവൾ വല്ലാത്ത വീർപ്പുമുട്ടലോടെ പറയുന്നത് ശ്രദ്ധിച്ചുനിന്ന അയാളുടെ മുഖത്ത്‌ അതുവരെയുള്ള പിരിമുറുക്കം മാഞ്ഞ് സന്തോഷം തെളിയുന്നത് വിഷമത്തോടെ കണ്ടു അവൾ. "

അല്ലേലും ന്റെ കുട്ടി അച്ഛനോട് കള്ളം പറയില്ല. മോളെ ഇവിടെ കണ്ടപ്പോൾ ശരിക്കും ഞാനൊന്ന് പേടിച്ചൂട്ടോ... കാലം അതല്ലേ. കുട്ടി പുറത്ത് പോകുമ്പോൾ തിരികെ വീട്ടിലെത്തുംവരെ നെഞ്ചിൽ തീയാണ്. ന്റെ മാത്രം അല്ലാട്ടോ.. പെണ്മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും അവസ്ഥ അതൊക്കെത്തന്നെ.. നിക്ക് അവൾ മാത്രല്ലേ ഉളളൂ.. ഈ അച്ഛന്റെ ഓരോ സ്വപ്നവും ന്റെ മോളാ.. ദേ, അവൾക്കുള്ള ചുരിദാറാ. രാവിലെ അവളോട് പറഞ്ഞതാ ക്ലാസിനു പോണ്ട, ഒരുമിച്ചു ഡ്രസ്സ്‌ എടുക്കാൻ പോവാന്ന്. പക്ഷേ, അവൾക്ക് ക്ലാസ്സിനു പോയെ പറ്റൂ. അത്രേം സ്പെഷ്യൽ ആണത്രേ.. ന്നാ പിന്നെ ക്ലാസ്സ് കളയണ്ടാന്ന് ഞാനും പറഞ്ഞ്. വരുമ്പോൾ ഇത്‌ കാണുമ്പോൾ സന്തോഷമാകും.. അതു കാണുമ്പോൾ ഈ അച്ഛന് കിട്ടുന്ന ഒരു..... ന്താപ്പോ പറയാ... അറിയില്ല മോളെ.. അത്രയേറെ....... " ആ സന്തോഷത്തിനു പറയാനുള്ള വാക്കുകൾ കിട്ടാതെ അയാൾ ചാരുവിന്റ തോളിലൊന്ന് തട്ടികൊണ്ട് ചിരിയോടെ കടയിൽ നിന്നും ബില്ല് പേ ചെയ്ത് പുറത്തേക്ക് നടക്കുമ്പോൾ രോഹിണിയോടുള്ള സ്നേഹത്തിന്റ ആഴം ആ അച്ഛന്റെ വാക്കുകൾ ഊട്ടിയുറപ്പിക്കുന്നത് കണ്ടപ്പോൾ ചാരുവിന്റെ നെഞ്ച് പിടയ്ക്കുകയായിരുന്നു . ആ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനാണ് കള്ളം പറഞ്ഞതെങ്കിലും ആ കള്ളമായിരുന്നു ഞാൻ ആ അച്ഛനോട് ചെയ്ത ഏറ്റവും വലിയ ക്രൂരത എന്ന കുറ്റബോധത്തോടെ.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story