ദേവനന്ദൻ: ഭാഗം 8

Devananthan mahadevan

രചന: മഹാദേവൻ

ആ സന്തോഷത്തിനു പറയാനുള്ള വാക്കുകൾ കിട്ടാതെ അയാൾ ചാരുവിന്റ തോളിലൊന്ന് തട്ടികൊണ്ട് ചിരിയോടെ കടയിൽ നിന്നും ബില്ല് പേ ചെയ്ത് പുറത്തേക്ക് നടക്കുമ്പോൾ രോഹിണിയോടുള്ള സ്നേഹത്തിന്റ ആഴം ആ അച്ഛന്റെ വാക്കുകൾ ഊട്ടിയുറപ്പിക്കുന്നത് കണ്ടപ്പോൾ ചാരുവിന്റെ നെഞ്ച് പിടയ്ക്കുകയായിരുന്നു . ആ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനാണ് കള്ളം പറഞ്ഞതെങ്കിലും ആ കള്ളമായിരുന്നു ഞാൻ ആ അച്ഛനോട് ചെയ്ത ഏറ്റവും വലിയ ക്രൂരത എന്ന കുറ്റബോധത്തോടെ.... ----------------------------------------------------- നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ തന്നെ മോഹനൻ പറയുന്നുണ്ടായിരുന്നു " ദേവാ, നേരം വൈകാതെ വീട്ടിൽ പോകാൻ നോക്ക്, അമ്മ ഒറ്റയ്ക്കല്ലേ ഉളളൂ " എന്ന്. അപ്പോഴൊക്കെ ദേവൻ ചിരിച്ചു. " ന്റെ സഖാവെ, അന്നത്തെ സംഭവത്തിന്‌ ശേഷം സഖാവിനാകെ പേടി തട്ടിയിട്ടുണ്ടല്ലോ. ഏത് പ്രതിസന്ധിയെയും തരണം ചെയ്തതല്ലേ നമുക്ക് ശീലം. ന്നിട്ട് ഇപ്പോൾ.... " അവൻ മോഹനന്റെ മുഖത്തേക്ക് നോക്കി ചിരിക്കുമ്പോൾ അയാളുടെ ചുണ്ടിൽ മങ്ങിയ ഒരു ചിരി ഉണ്ടായിരുന്നു.

" ദേവാ.. പറഞ്ഞതൊക്കെ ശരിയാ.. പക്ഷേ,.. മോഹനേട്ടന് ഇനി ഒന്നും നഷ്ട്ടപ്പെടാനില്ല , നിന്റ കാര്യം അങ്ങനല്ല. മതിയെടോ, ഈ തല്ലും പിടിയും...... എല്ലാം. ഇനിയെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്കാൻ പടിക്ക്. പഴയ കാലം അല്ല ദേവാ.. നമ്മളെ തീർക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ഒറ്റാൻ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ട് ആളുകൾ. നേരിന് വേണ്ടി ശബ്ദം ഉയർത്തി നെറികേട് കാണിക്കുന്ന തന്തയ്ക്ക് പിറക്കാത്തവന്മാർ. നിന്നോട് ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയാണ്. ഇതൊക്കെ വിട്ട് നീ കുറെ നാൾ മാറി നിൽക്കണം ദേവാ.. ന്നാലെ നിന്റ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകൂ. നഷ്ട്ടപെട്ടത് ഒന്നും ഇനി തിരികെ കിട്ടില്ല.. പക്ഷേ, ജീവിതം വെറുമൊരു നഷ്ട്ടം മാത്രമായി മണ്ണോടു ചേരാതിരിക്കാൻ ഒരു മാറ്റം അനിവാര്യമാണ് ദേവാ. നിന്റ സ്വന്തം ഏട്ടൻ പറയുകയാണെന്ന് കരുതിയാൽ മതി. " അയാൾ വല്ലാതെ വികാരഭരിതനാകുന്നത് കണ്ടപ്പോൾ ദേവൻ അയാളുടെ കയ്യിൽ മുറുക്കെ പിടിച്ചു. അയാൾ ആ കയ്യിൽ തിരിച്ചും. " സഖാവേ.. എല്ലാം ഒരു ഒളിച്ചോട്ടമല്ലേ. ഇനി..., "

മോഹനൻ അവന്റെ തോളിൽ തട്ടികൊണ്ട് ദൂരേക്ക് നോക്കി. " ദേവാ.... പാർട്ടിക്ക് വേണ്ടി മറന്നുപ്പോയ സ്വന്തം ജീവിതം തിരികെ പിടിക്കാനാണ് നിന്നോട് പറഞ്ഞത്. അതൊരു ഒളിച്ചോട്ടമായി മറ്റുള്ളവർ പുലമ്പിയാൽ അവർ പറയട്ടെ. ജീവിതം നിന്റ ആണ്. നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ആർക്കും ഒന്നും പോകില്ലെടോ. നിന്റെ സ്ഥാനത്തേക്ക് വേറെ ഒരാൾ വരും. നീ ഇരുന്ന കസേരയ്ക്ക് വേറെ ഒരു അവകാശി. പോകുന്നത് നിനക്കും നിന്നെ സ്നേഹിക്കുന്നവർക്കും ആണ്. ഒരിക്കലും നിന്നോട് പാർട്ടിയെ ഇട്ടെറിഞ്ഞുപോകാനല്ല ഞാൻ പറഞ്ഞത്. ഇപ്പോൾ നിനക്ക് ഒരു ജോലി വേണം, ജീവിതത്തെ പ്രതീക്ഷയോടെ നോക്കികാണാനുള്ള ഊർജ്ജം വേണം. പണമുണ്ടെങ്കിലേ പവറുള്ളു മോനെ. അതുകൊണ്ട് ഇനി മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാതെ നീ നിനക്ക് വേണ്ടി ഒന്ന് ജീവിക്കാൻ നോക്ക്. " മോഹനൻ ഒന്നുകൂടി അവന്റെ തോളിൽ തട്ടികൊണ്ട് പുറത്തേക്ക് നടന്നു. തന്റെ ജീവിതം ശരിക്കുമൊരു പരാജയമാണെന്ന് തോന്നി ദേവന്. സ്നേഹിച്ചവരെ ഒക്കെ വേദനിപ്പിച്ചു. പെറ്റ വയറിനു പോലും തന്നെ ഓർത്ത് വിഷമിക്കാനെ അവസരം കൊടുത്തിട്ടുള്ളൂ. .

എല്ലാം തികഞ്ഞവൻ എന്ന് സ്വയം അഹങ്കരിച്ചപ്പോൾ ഓർത്തില്ല ജീവിതത്തിൽ ശരിക്കും ഒന്നിനും കൊള്ളാത്തവനാണ് താനെന്ന്. കുറെ നേരം ആ നിൽപ്പ് തുടർന്നു അവൻ. പിന്നെ ബുള്ളറ്റുമെടുത്തു വീട്ടിലേക്ക് തിരിച്ചു. കുളി കഴിഞ്ഞ് കഞ്ഞിയും കുടിച്ച് വായിക്കാൻ ഒരു ബൂക്കുമായി റൂമിലെത്തുമ്പോൾ ആണ് മേശപ്പുറത്ത്‌ അലസമായി വലിച്ചെറിഞ്ഞ ഒരു വിസിറ്റിംഗ്കാർഡ് കണ്ണിൽ പെട്ടത്. എടുത്ത് പുറം മറിച്ചുനോക്കുമ്പോൾ ആണ് മനസ്സിലായത് അത് നന്ദൻ തന്ന കാർഡ് ആണെന്ന്. അതൊന്ന് അലസമായി നോക്കികൊണ്ട്‌ വീണ്ടും മേശപ്പുറത്തേയ്ക്ക് ഇട്ട് ദേവൻ ബെഡിലേക്ക് ഇരുന്ന് ബുക്ക് മറിയ്ക്കുമ്പോൾ എന്തോ ഒരു മൂകത അവനെ വല്ലാതെ പൊതിഞ്ഞുപിടിക്കുംപോലെ. ബുക്ക് തുറന്ന് പിടിച്ചെങ്കിലും വായിക്കാൻ കഴിയുന്നില്ല.. മനസ്സിനെ എന്തെല്ലാലോ അലട്ടുംപ്പോലെ. മനസ്സ് അസ്വസ്ഥമായത്കൊണ്ടാവാം അവൻ ബുക്ക്‌ മടക്കിവെച്ച് പതിയെ ബെഡിലേക്ക് കിടന്നു. കണ്ണുകൾ അടച്ചപ്പോൾ അച്ഛൻ നിൽക്കുംപ്പോലെ. അടുത്തുണ്ട്... തലയിൽ തലോടുന്നുണ്ട്. ". ന്താടാ... തളർന്നുപോയോ നീ? ഇതും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഏതൊരു ഇറക്കത്തിനപ്പുറവും ഒരു കയറ്റമുണ്ട് ദേവാ. കേറാൻ ഇച്ചിരി കഷ്ടപ്പാട് ആണെന്നെ ഉളളൂ.

എത്തിപ്പിടിക്കാൻ പറ്റിയാൽ അവിടെ മറ്റൊരു ലോകം നമ്മളെ കാത്തിരിപ്പുണ്ടാകും. ആ കയറ്റത്തിലേക്ക് നമുക്ക് പിടിച്ചുകേറാൻ ദൈവം കാണിച്ചുതരുന്ന ഒരു പിടിവള്ളിയുണ്ട്. അത് നമ്മൾ കാണാതെ പോകുന്നിടത്ത്‌, അല്ലെങ്കിൽ കണ്ടിട്ടും നിരസിക്കുന്നിടത്താണ് ഇറങ്ങിയിറങ്ങി ഒടുവിൽ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നത്. ഇപ്പോൾ നിനക്ക് മുന്നിൽ ഒരു വഴിയുണ്ട്.. നീയൊന്ന് മനസ്സ് വെച്ചാൽ നിന്നെ നീയാക്കി മാറ്റാൻ കഴിയുന്ന വഴി. കൈവിട്ട് കളയരുത് മോനെ.. ഒരിക്കലേ അവസരം വന്ന് ചേരൂ... " പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടായിരുന്നു ദേവൻ ചാടിയെഴുന്നേറ്റപ്പോൾ മനസ്സിലായി താൻ മറ്റേതോ ലോകത്തായിരുന്നു. എന്ന്... അച്ഛനൊപ്പം... !!! " അച്ഛൻ..... !" അവൻ നാലുപാടും ഒന്ന് കണ്ണോടിച്ചു. നന്നായി കിതിയ്ക്കുന്നുണ്ടായിരുന്നു അവൻ. ആകെ വെട്ടിവിയർത്തിരുന്നു. കുറച്ചു നേരം അതെ ഇരിപ്പിരുന്നു. അച്ഛൻ സ്വപ്നത്തിൽ വന്ന് പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ. പിന്നെ പരവേശത്തോടെ എഴുനേറ്റ് മുഖത്തെ വിയർപ്പ് മുണ്ടിൽ തുടച്ച് മേശക്ക് മുകളിൽ വെച്ചിരിക്കുന്ന കൂജ എടുത്ത് അപ്പാടെ വായിലേക്ക് കമിഴ്ത്തി. ഒറ്റയിറക്കിന് അതിലെ വെള്ളം മുഴുവൻ കുടിച്ച് തീർത്ത്‌ ഒന്ന് ശ്വാസം വലിച്ചുവിട്ടു ദേവൻ.....

എന്തോ വല്ലാത്തൊരു ആശ്വാസം തോന്നിയ പോലെ കൂജ തിരികെ വച്ച് തിരിയുമ്പോഴായിരുന്നു അലസമായി വലിച്ചെറിഞ്ഞ നന്ദൻ കൊടുത്ത കാർഡ് കണ്ണിലുടക്കിയത് . അതോടൊപ്പം അച്ഛൻ പറഞ്ഞ വാക്കുകളും മനസ്സിനുള്ളിലേക്ക് തികട്ടിവന്നത് ! " മോനെ, കയറ്റത്തിലേക്ക് നമുക്ക് പിടിച്ചുകേറാൻ ദൈവം കാണിച്ചുതരുന്ന ഒരു പിടിവള്ളിയുണ്ട്. അത് നമ്മൾ കാണാതെ പോകുന്നിടത്ത്‌, അല്ലെങ്കിൽ കണ്ടിട്ടും നിരസിക്കുന്നിടത്താണ് ഇറങ്ങിയിറങ്ങി ഒടുവിൽ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നത്. " ചിലപ്പോൾ അച്ഛൻ ഓർമ്മിപ്പിച്ച ആ പിടിവള്ളി ഇതാണെങ്കിൽ ! ആൾക്ക് ഒരു ജോലി തരപ്പെടുത്തിത്തരാൻ കഴിഞ്ഞാൽ.... ആ ഒറ്റ പ്രതീക്ഷയോടെ ആയിരുന്നു ദേവൻ ഫോൺ എടുത്ത് നന്ദന്റെ നമ്പർ ഡയൽ ചെയ്തത് . ഒരുപാട് നേരം ഫോൺ റിങ് ചെയ്ത ശേഷമായിരുന്നു അപ്പുറത്ത്‌ ഫോൺ അറ്റന്റ് ചെയ്തത്. "ഹലോ " അപ്പുറത്തു് നിന്നുള്ള ശബ്ദം കാത്തിലെത്തിയപ്പോൾ ദേവന് എങ്ങനെ പറഞ്ഞ് തുടങ്ങണം എന്നറിയാതെ ഒന്ന് വിഷമിച്ചു. " Hello... " " ഹലോ.. നന്ദനല്ലേ... ഞാൻ ദേവൻ.... "

" ദേവൻ.... മനസ്സിലായില്ല.. !" പെട്ടന്ന് ആ പേര് ഓർത്തെടുക്കാൻ കഴിയാതെ നിൽക്കുന്ന നന്ദനോട് ദേവൻ പരിചയപ്പെട്ട സംഭവം വിശദമായി പറഞ്ഞപ്പോൾ ആണ് നന്ദന് ആളെ മനസിലായത്. " ഓഹ്.. സോറി ദേവൻ... ദേവൻ എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് മനസ്സിലായില്ലട്ടൊ... എന്ത് പറയുന്നു ദേവൻ..? " പരസപരം വിശേഷങ്ങൾ പങ്കു വെച്ച് അവർക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തപ്പോൾ ആണ് മടിച്ചുമടിച്ചാണെങ്കിലും ദേവൻ നന്ദനോട് കാര്യം അവതരിപ്പിച്ചത്.. " നന്ദാ.... ഞാൻ വിളിച്ചത് ഒരു സഹായം പ്രതീക്ഷിച്ചാണ്‌. " " Ofcourse..... താൻ പറയടോ...എന്നെ കൊണ്ട് കഴിയുന്നതാണേൽ..... " ആ വാക്കൊരു പ്രതീക്ഷയും ഉന്മേഷവുമായിരുന്നു ദേവന്. കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകേറാനുള്ള വ്യഗ്രതയോടെ ആയിരുന്നു പിന്നെ ദേവൻ സംസാരിച്ചത്. എല്ലാം തുറന്ന് പറയാൻ ഒരാളെ കണ്ടെത്തിയ സന്തോഷത്തിൽ ജോലിയെ കുറിച്ചും അവസ്ഥയെ കുറിച്ചുമെല്ലാം വിശദമായി അവന് മുന്നിൽ പറയുമ്പോൾ ഇടയിൽ മനസ്സിൽ കൊണ്ട് നടന്ന പ്രണയത്തെ കുറിച്ചും പറഞ്ഞു ദേവൻ. എല്ലാം കേട്ട് കഴിഞ്ഞ് കുറച്ചു നേരം അവർക്കിടയിൽ മൗനത്തിന്റ വേലിക്കെട്ടുയർന്നിരുന്നു . ആ വേലിക്കെട്ടിനെ പൊളിച്ചുമാറ്റിയത് നന്ദന്റ ചിരിയായിരുന്നു. " ഇതാണോടോ ഇത്ര വല്യ പ്രശ്നം..

ഇപ്പോൾ തന്റെ പ്രശ്നം ഒരു ജോലിയല്ലേ.. എന്ത് ജോലിയും ചെയ്യാൻ തയ്യാറായ നിനക്ക് നിന്റെ കോളിഫിക്കേഷൻ അനുസരിച്ചൊരു ജോലി ഞാൻ തരാം.. പക്ഷേ, നാട്ടിലല്ലെന്ന് മാത്രം... ബാംഗ്ലൂർ... അവിടെ എന്റെ ഓഫീസിൽ തന്നെ ഒരു സൂപ്പർവൈസറുടെ വേക്കൻസി ഉണ്ട്. തനിക് താല്പര്യം ഉണ്ടേൽ ഒന്നും ചിന്തിക്കണ്ട, താൻ മനസ്സ് കൊണ്ട് റെഡിയായാൽ കേറിക്കോ. പിന്നെ എനിക്ക് തന്നോട് ഇച്ചിരി ദേഷ്യം ഒക്കെ ഇപ്പോൾ തോന്നുന്നുണ്ട് ദേവാ. നിന്നെ ഇത്രത്തോളം സ്നേഹിച്ച ഒരു പെണ്ണിനെ നിന്റ അവസ്ഥയുടെ പേരിൽ മറ്റൊരാൾക്ക് മുന്നിൽ തല കുനിക്കാൻ വിട്ട് കൊടുത്തത് ശരിയായില്ല. നിന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ച പെണ്ണല്ലേ? ദേവാ...നമ്മൾ മനസ്സിൽ കൊണ്ട്നടക്കുന്ന ആളുടെ സ്നേഹം അതിനേക്കാൾ പതിന്മടങ്ങ് നമുക്ക് തിരികെ കിട്ടുക എന്നത് ചിലർക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ്.. തനിക്ക് കിട്ടിയതും എനിക്ക് കിട്ടാതെ പോയതും അതാണ്‌. ഇങ്ങനെ ഒരു പെണ്ണ് സ്നേഹിക്കാൻ ഉള്ളതൊക്കെ ഒരു ഭാഗ്യല്ലേടോ.. ആ സ്നേഹമല്ലേ താൻ പുറംകാല് കൊണ്ട് തട്ടിത്തെറുപ്പിച്ചത്. അവൾ അത്രത്തോളം നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ലൈഫിനോട് അവൾക്ക് പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയുമെന്ന് തോണുന്നുണ്ടോ? ശരിക്കും പറഞ്ഞാൽ രണ്ട് പേരുടെ ജീവിതത്തിന്റെ പൊരുത്തക്കേടുകൾക്ക് താനും ഒരു കരണക്കാരനാണ്.

അങ്ങനെ ഒരു പെണ്ണിനെ ചേർത്തുപിടിക്കാൻ കൊതിക്കുന്ന ഒരു ഭർത്താവിന്റെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും ദേവാ... " അത് പറയുമ്പോൾ നന്ദന്റ മുഖം മങ്ങിയിരുന്നു. എന്ത് പറയണമെന്ന് അറിയാതെ ദേവനും മൗനം പാലിക്കുമ്പോൾ നെഞ്ചിൽ ഒരു ഭാരം കെട്ടിവെച്ചപോലെ ഒരു വിങ്ങൽ. " ആഹ്... അതൊക്ക പോട്ടെടോ.. കഴിഞ്ഞത് കഴിഞ്ഞ്.. ചത്ത കുട്ടിയുടെ ജാതകം വായിച്ചിട്ട് ഇനി എന്തിനാ... താൻ ഒരു കാര്യം ചെയ്യ്. ഫ്രീ ആകുമ്പോൾ എന്റെ വീട്ടിലോട്ട് ഒന്ന് വാ.. കുറച്ചു ദൂരം ഉണ്ട്. ഞാൻ ഈ നമ്പറിൽ അഡ്രസ്സ് അയക്കാം... നാളെ എങ്കിൽ നാളെ.. വരുമ്പോൾ ഒന്ന് വിളിച്ചാൽ മതി... താൻ ബേജാറാകേണ്ടടോ.. മ്മക്ക് ഒക്കെ ശര്യാക്കാം.. " രണ്ട് പേരും ഗുഡ്നൈറ്റ്‌ പറഞ്ഞ് ഫോൺ വെക്കുമ്പോൾ ദേവന്റെ മനസ്സിൽ ആയിരം പൂർണ്ണചന്ദ്രന്മാർ ഉദിച്ച നിലാവ് പോലായിരുന്നു. ************ രാവിലെ നേരത്തെ എഴുനേറ്റ് ഫ്രഷ് ആയി ഒരു മുണ്ടും ഷർട്ടുമിട്ട് അമ്മയോട് കാര്യം പറഞ്ഞിറങ്ങി ദേവൻ. നല്ല കാര്യങ്ങൾ വെറുതെ വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ അമ്മ അവനെ ആ വേഷത്തിൽ കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വേഷം. കാണുമ്പോൾ തന്നെ അവന്റെ മുഖത്തൊരു തിളക്കമുണ്ടായിരുന്നു.

" ഇതാണ് മോനെ അമ്മ ആഗ്രഹിച്ചത്." എന്നും പറഞ്ഞ് സന്തോഷത്താൽ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഒരു ചന്ദനം ചാലിച്ച് അവന്റെ നെറ്റിയിൽ തൊടാൻ തുടങ്ങുമ്പോൾ അവൻ ചിരിച്ചുകൊണ്ട് ആ കൈ പിടിച്ചു. " ന്റെ അമ്മേ.. ഇനി ഈ ചന്ദനകുറീം കൂടി ഇട്ടു പുറത്തേക്കിറങ്ങിയാൽ വഴി കാണുന്ന പെണ്ണുങ്ങൾ എല്ലാം അമ്മേടെ മോനെ കണ്ണ് വെക്കും. അതുകൊണ്ട് ഈ കുറി അമ്മ തന്നെ ഇട്ടാൽ മതി " ഇന്നും പറഞ്ഞ് അത് അമ്മയുടെ നെറ്റിയിൽ ഇടാൻ ശ്രമിക്കുമ്പോൾ അമ്മ കപടദേഷ്യത്തോടെ അവന്റെ കയ്യിൽ ഒന്ന് തല്ലി. " എട ചെക്കാ... അങ്ങനെ നിന്നെ പെൺകുട്ടികൾ നോക്കിയാൽ നോക്കട്ടെടാ.. അങ്ങനെ ആരുടെയെങ്കിലും കണ്ണ് വീണാൽ ഈ അമ്മയങ്ങു സഹിച്ചു. അല്ല പിന്നെ.. മോനെ, കമ്മ്യൂണിസ്റ്റ്കാരാ. നീ ഈ കുറി ഇടില്ലെന്ന് അമ്മയ്ക്ക് അറിയാം.. പക്ഷേ, ഇത്‌ അമ്മയുടെ സന്തോഷം ആണ്... നിന്നെ ഇങ്ങനെ കാണാൻ അമ്മ ഒരുപാട് ആഗ്രഹിച്ചതല്ലേടാ... " അമ്മയുടെ ആ വാക്കുകൾ അവന്റെ മനസ്സിനെ വല്ലാതെ തരളിതമാക്കി.

അമ്മയുടെ ആഗ്രഹത്തെ ഒരു വാക്ക് കൊണ്ട് നോവിക്കാൻ നിൽക്കാതെ അവൻ അമ്മയ്ക്ക് മുന്നിൽ തല കുനിച്ചു. അമ്മ തൊട്ടു കൊടുത്തത് ചന്ദനക്കുറി മാത്രമല്ലായിരുന്നു. ഒരു അമ്മയുടെ സ്നേഹവും വാത്സല്യവുമായിരുന്നു.. ആ സ്നേഹത്തിന്റ തണുപ്പ് അവനെ പൊതിഞ്ഞുപിടിച്ചപ്പോൾ അമ്മയെ ഒന്ന് ചേർത്തുപിടിച്ചു ദേവൻ. പിന്നെ തലയാട്ടിക്കൊണ്ട് " പോയിവരാം " എന്നും പറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. കവലയിലെത്തുമ്പോൾ ആണ് നന്ദനെ വിളിക്കുന്ന കാര്യം ഓർത്തത്. വേഗം ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെക്കുമ്പോൾ അപ്പുറത്തു നന്ദൻ കാൾ അറ്റന്റ് ചെയ്തിരുന്നു. " ഗുഡ്മോർണിംഗ് നന്ദൻ... നല്ല കാര്യങ്ങൾ വൈകിപ്പിക്കേണ്ടെന്നു കരുതി. അതുകൊണ്ട് ഇന്ന് തന്നെ നേരിൽ കാണാമെന്നു വെച്ചു. നന്ദൻ വീട്ടിൽ ഉണ്ടാകുമല്ലോ അല്ലെ.... !!? " "Sure..ഞാൻ വീട്ടിൽ ഉണ്ടാകും.. താൻ വാ " ദേവൻ കാൾ കട്ടാക്കി സന്തോഷത്തോടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു നന്ദന്റ വീട് ലക്ഷ്യമാക്കിക്കൊണ്ട്... !!.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story