ദേവാസുരം: ഭാഗം 1

Devasuram nila

രചന: നിള നിരഞ്ജൻ

കല്യാണത്തലേന്നത്തെ ആളുകളുടെയും ബഹളങ്ങളുടെയും ഇടയിലും ആകെ ഒരു മരവിപ്പ് തന്നെ പിടി കൂടിയിരിക്കുന്നത് ആമി അറിഞ്ഞു. ആരൊക്കെയോ വരുന്നും എന്തൊക്കെയോ ചോദിക്കുകയും പറയുകയും എല്ലാം ചെയ്യുന്നുണ്ട്. പലരുടെയും കണ്ണുകളിൽ സഹതാപമാണ് കാണുന്നത്. അവരുടെ എല്ലാം മുന്നിൽ ഉടുത്തൊരുങ്ങി ഒരു കളിപ്പാവ പോലെ അവൾ ഇരുന്നു കൊടുത്തു. മുറിയിൽ തല മൂത്ത ചില അമ്മായിമാർ തനിക്കു നാളെ അണിയാനുള്ള ആഭരണങ്ങൾ കണ്ടു അതിനു അഭിപ്രായം പറയുന്നുണ്ട്.

ഒരു അനാഥ പെൺകുട്ടിക്ക് ഇത്രയധികം സ്വർണം വാങ്ങി കൊടുത്ത അമ്മൂമ്മയേയും ജാനകി അപ്പച്ചിയേം വാനോളം പുകഴ്ത്താനും അവർ മറന്നില്ല. അവൾക്കു ചിരി വന്നു. അവളുടെ ജീവിതം അവരുടെ മകന് വേണ്ടി ബലി കഴിപ്പിക്കുന്നതിനുള്ള പ്രതിഫലം. എറണാകുളത്തെ അത്യാവശ്യം അറിയപ്പെടുന്ന താന്തോന്നിക്കു താലി കെട്ടാൻ കഴുത്തു നീട്ടി കൊടുക്കുന്നതിന്റെ കൂലി. ദേവൻ എന്ന് പേരുള്ള അസുരനെ കല്യാണം കഴിക്കുന്നതിനുള്ള നന്ദി. അതൊക്കെയായിട്ടേ തനിക്കു ഈ സ്വർണത്തെ കാണാൻ സാധിക്കു. അപ്പുറത്തെ മുറിയിൽ നിന്ന് ആതിയുടെ ഉറക്കെയുള്ള ചിരിയലകൾ കേൾക്കാനുണ്ട് . തന്നെ പോലെ തന്നെ നാളെ അവളും ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. അവളെ കല്യാണം കഴിക്കുന്നത് പക്ഷെ എറണാകുളത്തെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ ആണ്.

എന്തൊരു വിരോധാഭാസമാണ്.. ഒരേ അച്ഛന്റെയും അമ്മയുടെയും രണ്ടാണ്മക്കൾ .. ഒരാൾ സുപ്രസിദ്ധനായ ഡോക്ടർ...മറ്റെയാൾ കുപ്രസിദ്ധനായ തെമ്മാടി.. ശബ്ദകോലാഹലങ്ങൾക്കിടയിലും ആമിയുടെ മനസ്സ് കാലങ്ങൾക്കു പിറകിലേക്ക് സഞ്ചരിച്ചു തുടങ്ങി. ചിറ്റേടത്തു തറവാട്ട് വീട്ടിൽ കുറെ വിറകുകൾ കൂട്ടിയിട്ടു അതിനു ചുറ്റും കയ്യും പിടിച്ചു വലം വയ്ക്കുന്ന കുഞ്ഞു ഹരിയേട്ടനും ആരതിയും..അത് കണ്ടു കയ്യടിക്കുന ശ്രീക്കുട്ടി.. അവർക്കു മേലെ പറമ്പിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ട് പുഷ്പവൃഷ്ടി നടത്തുന്ന ആമി എന്ന താൻ..ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന മട്ടിൽ ഏതെങ്കിലും ബുക്കിൽ മുഴുകിയിരിക്കുന്ന ദേവേട്ടൻ..

നാട്ടിലെ പേര് കേട്ട തറവാടായ ചിറ്റേടത്തെ മൂത്ത കാരണവരായ മാധവൻ നായർക്കും സാവിത്രി ദേവിക്കും രണ്ടു മക്കളാണ്.. കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായ സോമശേഖരൻ, പിന്നെ ബാങ്ക് ഉദോഗസ്ഥയായ ജാനകിയും.മാതൃക അധ്യാപകനുള്ള പ്രസിഡന്റിന്റെ മെഡൽ നേടി റിട്ടയർ ആയ ആളാണ് കണക്കു അധ്യാപകനായിരുന്ന മാധവൻ നായർ. മൂത്ത മകൻ സോമശേഖരന്റെ ഭാര്യ ഗീത വീട്ടുകാരിയാണ്. അവരുടെ മക്കളാണ് ആതി എന്ന് വിളിക്കുന്ന ആരതിയും, അപ്പു എന്ന് വിളിക്കുന്ന ആദിദേവും. ജാനകിയെ കല്യാണം കഴിച്ച രവിശങ്കർ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്. അവരുടെ മക്കളാണ് ഹരിയെന്ന ഹരിനന്ദനും ദേവനെന്ന ദേവനന്ദനും .. പിന്നെ ശ്രീകുട്ടിയെന്ന ശ്രീനന്ദയും.. ഹരിയും ദേവനും ഇരട്ടകളാണ്. ഇരട്ടകളാണെങ്കിലും രണ്ടു പേരും അന്നേ വ്യത്യസ്തരായിരുന്നു..

ഹരി ആരെയും ആകർഷിക്കുന്ന എല്ലാവരോടും കൂട്ട് കൂടുന്ന ഒരു കുട്ടിയായിരുന്നു. ദേവൻ കാണാൻ ഹരിയെ പോലെ സുന്ദരൻ ആണെങ്കിലും അന്തർമുഖൻ ആയിരുന്നു. എപ്പോഴും വായനയുടെ ലോകത്തായിരുന്നു അവൻ. പഠനവും പുസ്തകങ്ങളും ഒരുപാടു ഇഷ്ടപെട്ടിരുന്നവൻ. ബാക്കി എല്ലാവരോടും അകന്നു നിൽക്കുമെങ്കിലും ഹരിയും ദേവനും തമ്മിൽ വല്ലാത്ത ഒരു ആത്മബന്ധമായിരുന്നു. ഒരാൾ ഇല്ലാതെ മറ്റെയാൾ ഇല്ല എന്ന പോലെ. ജാനകിയുടെ കല്യാണം ആദ്യം കഴിഞ്ഞത് കൊണ്ട് ഹരിയും ദേവനുമാണ് മക്കളിൽ ഏറ്റവും മൂത്തത് . അവരെക്കാൾ നാല് വയസ്സിനു ഇളയതാണ് ആതി.ആതിയേക്കാൾ ഒരു വയസ്സിനു ഇളയതാണ് ശ്രീകുട്ടി.അപ്പുവാണ് അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി.കുട്ടികൾ ചെറുതായിരുന്ന സമയത്തു രവിശങ്കറിന് ജോലി ഡെൽഹിയിലായിരുന്നത് കൊണ്ട് ജാനകിയും മക്കളും തറവാട്ടിൽ ആങ്ങളക്കൊപ്പമായിരുന്നു താമസം.

അങ്ങനെ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞിരുന്ന സമയത്താണ് അവരുടെ ജീവിതത്തിലേക്ക് ആമി എന്ന അവന്തിക കടന്നു വരുന്നത്. ഒരിക്കൽ ഗുരുവായൂരിൽ തൊഴുവാനായി പോയ മാധവൻ നായർ തിരികെ വന്നത് നാല് വയസ്സ് പ്രായമുള്ള ഒരു ഐശ്വര്യം തുളുമ്പുന്ന പെൺകുട്ടിയേം കൊണ്ടാണ്. കണ്ണന്റെ നടയിൽ നിന്നും ആരോരുമില്ലാതെ തനിക്കു കിട്ടിയ ആ പെൺകുട്ടിക്ക് അദ്ദേഹം തന്നെയാണ് അവന്തിക എന്ന് പേരിട്ടു ആമി എന്ന് വിളിച്ചത്. അവളെ അന്വേഷിച്ചു പിനീടൊരിക്കലും ആരും വന്നതും ഇല്ല. ആതിയുടെ സമപ്രായക്കാരിയായ അവളെ ആ വീട്ടിലെ കുട്ടികളെ പോലെ തന്നെ കണ്ടാണ് അദ്ദേഹവും ഭാര്യയും സംരക്ഷിച്ചു പോന്നത്.

അവരെ പോലെ തന്നെ അവൾക്കും നല്ല വിദ്യാഭ്യാസവും വസ്ത്രങ്ങളും ബുക്കുകളും എല്ലാം കൊടുത്തു.സ്വന്തം മകനും ഭാര്യയും ബന്ധുക്കളും നാട്ടുകാരും എല്ലാം അതിനെ എതിർത്തെങ്കിലും അയാൾ അതൊന്നും കാര്യമാക്കിയേ ഇല്ല. സോമനും ഗീതക്കും ആമിയെ ഇഷ്ടമല്ലായിരുന്നു എങ്കിലും ജാനകിക്കും രവിക്കും അവളോട് താത്പര്യക്കുറവ് ഉണ്ടായിരുന്നില്ല. അവർ ആതിയേം അപ്പുവിനേം കണ്ട പോലെ തന്നെ അവളെയും കണ്ടു. കുട്ടികളായിരുന്നപ്പോൾ ഈ വസ്തുതകളൊന്നും അവരെ ബാധിച്ചേ ഇല്ല. അവരെല്ലാം ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്നു. വളർന്നു കാര്യങ്ങളൊക്കെ മനസിലാക്കാൻ തുടങ്ങിയപ്പോളാണ് ആമി അവരുടെ ആരുമല്ലെന്നും എവിടുന്നോ വന്നവളാണെന്നുമൊക്കെ അവർക്കു മനസിലായത് .

അതിനോടൊപ്പം ഗീതയുടെ ഉപദേശങ്ങളും കൂടെ ചേർന്നപ്പോൾ ആതിയും ശ്രീകുട്ടിയും അപ്പുവും അവളോട് അകന്നു. അവളുടെ കൂടെ കളിയ്ക്കാൻ പോലും അവർക്കു മടിയായി തുടങ്ങി. ഹരിയും ദേവനും പഴയ പോലെ തന്നെ തുടർന്നു. ബാല്യം കഴിഞ്ഞു കൗമാരത്തിലേക്ക് കടന്നപ്പോളാണ് കാര്യങ്ങൾ കുറച്ചൂടെ സങ്കീര്ണമായതു. മുറച്ചെറുക്കൻ എന്ന നിലയിൽ ആതിക്ക്‌ ഹരിയോട് എന്നും ഒരു താത്പര്യം ഉണ്ടായിരുന്നു. എന്നാൽ ഹരിക്കു ഇഷ്ടം തോന്നിയതാവട്ടെ ആമിയോടും.ആമിയോടുള്ള അവന്റെ നോട്ടത്തിലും ചിരിയിലും പ്രണയം നിറയുന്നതു അവൾ അറിയുന്നുണ്ടായിരുന്നു. തുറന്നു പ്രകടിപ്പിച്ചില്ലെങ്കിലും ഉള്ളിൽ അവൾ അതൊക്കെ ആസ്വദിക്കുകയും ചെയ്തിരുന്നു.

പക്ഷെ അതിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. ഹരിക്കു ആമിയോടുള്ള താത്പര്യം ആതി മനസിലാക്കി. അവൾ അത് ഉടനെ തന്നെ തന്റെ അമ്മയെ അറിയിച്ചു. എന്നെങ്കിലും ഒരിക്കൽ ആതിയെ ഹരിയെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് കരുതിയിരുന്ന അവർ അന്ന് തന്നെ ആമിക്കു അന്ത്യശാസനവും നൽകി. ഹരിയോട് എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അത് ഇപ്പോൾ മറന്നേക്കാൻ . പിന്നീടൊരിക്കലും ഹരിയുടെ നോട്ടമോ ചിരിയോ ഒന്നും തന്നെ ആമിയെ ആകര്ഷിച്ചിട്ടില്ല. ആ ഇഷ്ടം അവൾ മുളയിലേ നുള്ളി കളഞ്ഞിരുന്നു. ദേവൻ അന്നും പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തായിരുന്നു.

ഭക്ഷണം കഴിക്കാൻ തന്നെ നൂറു പ്രാവശ്യം പോയി വിളിച്ചു കൊണ്ട് വരണം. വന്നാലും വല്യ ബഹളമൊന്നുമില്ല.. ശാന്തമായ സ്വഭാവം.. ഒരിക്കൽ മുറ്റത്തു മാവിൽ നിന്ന് എല്ലാവരും കൂടി മാങ്ങാ പറിച്ചു കൊണ്ടിരിക്കുമ്പോൾ ആമി വീണു അവളുടെ കാലു മുറിഞ്ഞു...ഹരിയടക്കം എല്ലാവരും അവളെ കളിയാക്കി ചിരിച്ചപ്പോൾ ഓടി വന്നു അവളെ പിടിച്ചെഴുനേല്പിച്ചതും മരുന്ന് വച്ച് കൊടുത്തതും ദേവനായിരുന്നു.. അന്നാണ് അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു ആദ്യമായി ആമിക്കു തോന്നിയത്. പക്ഷെ ഒരിക്കൽ പോലും തന്നോട് മര്യാദക്ക് ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ദേവേട്ടന് തന്നോട് എന്തെങ്കിലും താത്പര്യമുണ്ടെന്ന് വിശ്വസിക്കാൻ ആമിക്കു പ്രയാസം തോന്നി.

പിന്നീട് പലപ്പോഴും തന്നോട് ദേവന് പ്രത്യേക താല്പര്യമുള്ള പോലെ തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയേ ഇല്ല. ദേവനും ഹരിയും പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ജാനകിക്കും ഡൽഹിയിലേക്ക് മാറ്റമായതു. അതോടെ അവരെല്ലാവരും കൂടെ ഡൽഹിയിലേക്ക് പോകാൻ തയ്യാറായി. അപ്പച്ചിയും ചെറിയച്ഛനും എല്ലാവരും പോകാനായി ഇറങ്ങി നിൽക്കുന്ന സമയത്താണ് ആരോ തന്നെ വിളിക്കുന്ന പോലെ തോന്നി ആമി തിരിഞ്ഞു നോക്കിയത്.. ദേവേട്ടനാണ്.. എന്താണെന്ന മട്ടിൽ തലയാട്ടിയപ്പോൾ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ചെന്നപ്പോൾ അവൻ അവളുടെ കയ്യിലൊരു ചെറിയ സമ്മാനപ്പൊതി വച്ച് കൊടുത്തു. അവൾ ചോദ്യഭാവേന അവനെ നോക്കി. " ഞാൻ പോയിട്ട് തുറന്നു നോക്കിയാൽ മതി" അവൾ തലയാട്ടി. " എന്നാൽ ഞാൻ പോട്ടെ.. " അവൾ വീണ്ടും തലയാട്ടി. പെട്ടെന്ന് ദേവാ എന്ന് പുറത്തു നിന്നാരോ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. അതെ സമയം തന്നെ അവളുടെ വലത്തേ കവിളിൽ അവന്റെ ചുണ്ടുകളും അമർന്നു.

അവൾ പോലും അറിയാതെ അവളുടെ കൈ അവന്റെ കരണത്തു ആഞ്ഞു പതിച്ചു. ദേവൻ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ ഇറങ്ങി പോയി. അത്രയും വേണ്ടിയിരുന്നില്ല എന്ന് അവൾക്കും തോന്നാതിരുന്നില്ല. തന്റെ അനുവാദമില്ലാതെ തന്നെ ഒരാൾ ചുംബിച്ചപ്പോൾ ഉണ്ടായ ഷോക്കിൽ അടിച്ചു പോയതാണ്. നാളുകൾ കഴിഞ്ഞതോടെ അവൾ ആ സംഭവം മറക്കുകയും ചെയ്തു. ജാനകിയൊക്കെ ഡൽഹിക്കു പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ സോമശേഖരനും കുടുംബവും ജോലി മാറ്റവുമായി എറണാകുളത്തേക്കു താമസം മാറ്റി. അങ്ങനെ തറവാട്ടിൽ മുത്തശ്ശനും അമ്മുമ്മയും ആമിയും മാത്രമായി. പഠിത്തവും കാര്യങ്ങളുമൊക്കെയായി ജീവിതം പിന്നെയും മുന്നോട്ടു പോകുമ്പോളാണ് ആ ദുരന്തം ചിറ്റേടത്തു തറവാടിന്റെ ബാധിക്കുന്നത്.മരണം ഹാർട് അറ്റാക്കിന്റെ രൂപത്തിൽ മാധവൻ നായരേ കൊണ്ട് പോയി.വിവരമറിഞ്ഞു ദേവനൊഴികെ എല്ലാവരും എത്തി..

ചടങ്ങുകളെല്ലാം കഴിഞ്ഞു അവരവരുടെ തിരക്കിലേക്ക് തിരിച്ചും പോയി. പക്ഷെ അതോടെ ആമിക്കു ആ വീട്ടിലെ പേരക്കുട്ടിയുടെ സ്ഥാനം നഷ്ടപ്പെട്ടു. അച്ഛനെ എതിർക്കാൻ സോമനും ഗീതക്കും പേടിയായിരുനെങ്കിലും അമ്മയെ അവർക്കു പേടി ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ കാണുമ്പോളെല്ലാം അവൾ അവരുടെ ഔദാര്യത്തിൽ കഴിയുന്നവളാണെന്നു ഓർമ്മിപ്പിക്കാൻ മറന്നില്ല. ആതിയാണെങ്കിൽ പഴയ കളികൂട്ടുകാരിയെ ഒരു വേലക്കാരിയായാണ് കണ്ടിരുന്നത്. ഇതിനിടയിൽ ഹരി എൻട്രൻസ് എഴുതി മെഡിസിന് ചേർന്നു .. ദേവൻ ആണെങ്കിൽ ഡിഗ്രിക്ക് ചേർന്നു. കൂടെ അവന്റെ ചെറുപ്പത്തിലേയുള്ള ആഗ്രഹം പോലെ സിവിൽ സെർവിസിന്റെ കോച്ചിങിനും പോകാൻ തുടങ്ങി.

ഇടക്കൊക്കെ അവർ നാട്ടിൽ വരുകയും കാണുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ദേവൻ പിന്നീടൊരിക്കലും ആ തറവാടിന്റെ പടി ചവിട്ടിയില്ല . അവൻ വരാത്തതിന്റെ കാരണം ചോദിക്കുമ്പോളെല്ലാം പഠന തിരക്കാണെന്നാണ് അപ്പച്ചി പറയാറുണ്ടായിരുന്നതെങ്കിലും തന്നോടുള്ള ദേഷ്യം ഇപ്പോളും അവന്റെ മനസ്സിലുണ്ടെന്നു ആമിക്കു തോന്നി. ഹരി മെഡിസിന് അവസാന വര്ഷം പഠിക്കുന്ന സമയത്താണ് ദേവൻ സിവിൽ സർവീസ് എക്സാം എഴുതുന്നത്. അവന്റെ ആഗ്രഹം പോലെ തന്നെ പരീക്ഷയും ഇന്റർവ്യൂ വും ജയിച്ചു ഐ പി എസ് ട്രെയിനിങ് നായി അവൻ പോയി. എല്ലാവര്ക്കും അവനെയോർത്തു അഭിമാനം തോന്നിയിരുന്ന നാളുകൾ. പക്ഷെ അതിനു അധിക നാളത്തെ ആയുസ്സു ഉണ്ടായിരുന്നില്ല. ട്രെയിനിങ് ക്യാമ്പിൽ സഹപ്രവർത്തകരുമായി എന്തോ ഒരു പ്രശ്നത്തിൽ ദേവൻ അവരുമായി അടിയുണ്ടാക്കുകയും ട്രെയിനിങ് ഇൽ കൂടെയുണ്ടായിരുന്ന ഒരാളെ കുത്തുകയും ചെയ്തു.

അന്വേഷണ വിധേയമായി അവനെ സസ്‌പെൻഡ് ചെയ്തു തിരികെ വീട്ടിലേക്കു അയച്ചു.വീട്ടിലെത്തിയ അവൻ ഡിപ്രെഷനിലേക്കു കൂപ്പു കുത്തി.പണ്ടേ അധികം സംസാരിക്കാറില്ലെങ്കിലും വീട്ടിൽ ആരോടും തീരെ സംസാരിക്കാതെ ആയി. എപ്പോളും മുറിയിൽ കയറി ഒരേ ഇരിപ്പു തന്നെ. ഹരിയിൽ നിന്ന് പോലും വല്ലാതെ അകന്നതു എല്ലാവരെയും ഭയപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ വല്ലാത്ത ദേഷ്യം. പതിയെ മാറിക്കോളുമെന്നു വീട്ടുകാർ കരുതിയെങ്കിലും ഒന്നും മാറിയില്ല. അന്വേഷണം കഴിഞ്ഞപ്പോൾ ട്രെയിനിങ് ക്യാമ്പിലെ സംഭവങ്ങളിൽ ദേവൻ കുറ്റക്കാരനാണെന്നു തെളിഞ്ഞു. അവന്റെ സസ്പെന്ഷൻ ടെർമിനേഷൻ ആയി മാറി.

അതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോൾ ദേവനെ കാണാതായി. വീട്ടുകാരും പോലീസും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദേവനെ പറ്റി ഒരു വിവരവും കിട്ടിയില്ല. ഹരിയുടെ പഠിത്തം കഴിഞ്ഞപ്പോൾ ചെറിയച്ഛൻ വി. ആർ. എസ് വാങ്ങി അവർ കുടുംബസമേതം എറണാകുളത്തു സോമശേഖരന്റെ അടുത്ത് തന്നെ താമസമായി. ജാനകി എറണാകുളത്തെ ബാങ്കിലേക്ക് ട്രാൻസ്ഫെരും വാങ്ങി. എറണാകുളത്തു തന്നെ ശ്രീക്കുട്ടി ഇപ്പോൾ പിജി ചെയ്യുകയാണ്. ശ്രീകുട്ടിയും ആരതീയും അടുത്ത്ത്തു താമസമായതു കൊണ്ട് തന്നെ അവർ തമ്മിൽ വീണ്ടും നല്ലൊരു സൗഹൃദവും ഉടലെടുത്തു. കൂടെ കൂടെയുള്ള കാണലുകൾക്കൊടുവിൽ ഹരിയുടെ മനസ്സിലും ആതിയോടു ഇഷ്ടമായി.

കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷമാണു ദേവനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നത്. ഡൽഹിയിലെ ഒരു ഡീഅഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട് എന്ന വാർത്തയുമായി അവിടുത്തെ പോലീസുകാർ അറിയിച്ചതിനെ തുടർന്ന് രവിശങ്കറും ഹരിയും കൂടി ചെന്ന് അവനെ കൂട്ടി കൊണ്ട് വന്നു. പക്ഷെ തിരിച്ചെത്തിയ ദേവന് പണ്ടത്തെ ദേവന്റെ മുഖച്ഛായ മാത്രമേ ഉണ്ടായിരുന്നുള്ളു. ശാന്ത സ്വാഭാവിയായ ഒരു പോലീസുകാരൻ ആകാൻ ആഗ്രഹിച്ചിരുന്ന ദേവൻ,ഇപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായാണ് അവരുടെ അടുത്തേക്ക് തിരിച്ചെത്തിയത്. പല പല പെണ്ണുങ്ങളുമായും അവനു നാട്ടിൽ ബന്ധമുണ്ടെന്നും പറഞ്ഞു കേട്ടു . സ്നേഹത്തോടെയും ശാസിച്ചും തല്ലിയുമെല്ലാം രവിയും ജാനകിയും അവനെ മാറ്റി എടുക്കാൻ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല, ചികിതസിക്കാൻ കൊണ്ടാക്കിയെങ്കിലും ഓരോ തവണയും അവൻ അവിടെ നിന്ന് എങ്ങനെയൊക്കെയോ ചാടി വീട്ടിലെത്തി.

ഒരു വലിയ നിലയിൽ എത്തുമെന്ന് എല്ലാവരും കരുതിയ ദേവൻ ഇന്ന് എറണാകുളത്തെ അറിയപ്പെടുന്ന ഒരു താന്തോന്നിയാണ്. കൂട്ട് മുഴുവൻ നാട്ടിലെ ചട്ടമ്പികളുമായി. കല്യാണപ്രായമെത്തിയ വഴി പിഴച്ചു നടക്കുന്ന എല്ലാ ആണുങ്ങളെയും നന്നാക്കാനുള്ള എളുപ്പ വഴി എന്ന് പറയുന്നത് അവനെ ഏതെങ്കിലും ഒരു പെണ്ണിന്റെ പിടലിക്ക് വച്ച് കൊടുക്കുക എന്നതാണല്ലോ., തങ്ങളുടെ മകന്റെ ഈ അവസ്ഥയിൽ മനം നൊന്തു കഴിയുന്ന ജാനകിയുടെ മുന്നിലും ഇതേ ഉപായം ആരോ കൊണ്ട് വച്ചു . ഭർത്താവുമായി കൂടി ആലോചിച്ചപ്പോൾ ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു . അവന്റെ സ്വഭാവം കാരണം പെണ്ണ് കിട്ടാൻ പ്രയാസമായിരിക്കുമെങ്കിലും ആദ്യം ദേവന്റെ സമ്മതം ചോദിയ്ക്കാൻ തീരുമാനിച്ചു. കല്യാണ കാര്യം സംസാരിക്കാൻ ദേവന്റെ അടുത്തെത്തിയ ജാനകിയും രവിശങ്കറും എത്ര പറഞ്ഞിട്ടും അവൻ ഒരു കല്യാണം കഴിക്കാൻ വിസ്സമതിച്ചു. ഒരു കല്യാണം കഴിച്ചാൽ തന്റെ കുത്തഴിഞ്ഞ ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് അവൻ ഭയന്നു .

നാട്ടിലുള്ള പെണ്ണുങ്ങളുമായുള്ള അതിരു വിട്ട ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടി വരുന്നത് കൊണ്ടാണ് അവൻ കല്യാണത്തിന് സമ്മതിക്കാത്തതെന്നു കൂടി എല്ലാവരും പറഞ്ഞതോടെ ജാനകിയുടെ ആധിയും കൂടി. ദേവന്റെ മനസ്സ് മാറ്റാൻ കഴിവുള്ള ഒരേ ഒരാൾ ഹരിയായതു കൊണ്ട് ആ കർത്തവ്യം അവർ അവനെ ഏല്പിച്ചു. പക്ഷെ ഹരി പറഞ്ഞിട്ടും അവന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. അവസാനം വേറൊരു മാർഗവും ഇല്ലായെന്ന് കണ്ടപ്പോൾ ഹരിയും തന്റെ തീരുമാനം പറഞ്ഞു. ദേവൻ കല്യാണം കഴിച്ചാൽ അതിനോടൊപ്പം മാത്രമേ താനും വിവാഹിതനാകൂ എന്ന തീരുമാനം. ദേവൻ എത്രയൊക്കെ മാറിയാലും ഹരിയോടുള്ള അവന്റെ ഇഷ്ടം മാറിയിരുന്നില്ല. ദേവൻ കാരണം ആതിയുടെ ജീവിതം കൂടി തകരുകയാണെന്നു സോമനും ഗീതയും കൂടി പരിഭവം പറച്ചിലുമായപ്പോൾ ദേവൻ വിവാഹത്തിന് സമ്മതിച്ചു.

പക്ഷെ അതിനു അവൻ ഒരു നിബന്ധന വച്ചു . കല്യാണം കഴിക്കുകയാണെങ്കിൽ ആമിയെ മാത്രമേ കല്യാണം കഴിക്കൂ എന്നാണ് അവൻ പറഞ്ഞത്. ആമിയെ സ്വന്തം വീട്ടിലെ കുട്ടിയായി കണ്ടിരുന്ന ജാനകിക്കു അവളുടെ ജീവിതം തകർക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ജാനകിയും രവിശങ്കറും ആവുന്നത് പറഞ്ഞു നോക്കിയെങ്കിലും ദേവന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ ദേവന്റെ കല്യാണം നടന്നാൽ മാത്രമേ തന്റെ മകൾക്കു ഒരു ജീവിതമുണ്ടാകൂ എന്ന് കരുതിയിരിക്കുന്ന സോമനും ഗീതയും ദേവന്റെ തീരുമാനത്തെ അനുകൂലിച്ചു. ആമിയോട് പണ്ടേ ദേഷ്യമായിരുന്ന ഗീതയും ആതിയും താന്തോന്നിയായ ഒരുത്തന്റെ കൂടെ ആമി കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണാം എന്നും കരുതി. ദേവന് അതാണ് താത്പര്യമെങ്കിൽ ദേവനെ കൊണ്ട് ആമിയെയും ഹരിയെ കൊണ്ട് ആതിയെയും ഒരേ ദിവസം തന്നെ കല്യാണം കഴിപ്പിക്കാമെന്നു അവർ ജാനകിയോടു പറഞ്ഞു.

അവനു ഇഷ്ടപെട്ട പെൺകുട്ടിയെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുത്താൽ ഒരു പക്ഷെ അവൻ നന്നായേക്കും എന്ന് കേട്ടപ്പോൾ ജാനകിക്കും പ്രതീക്ഷയായി. എറണാകുളത്തു എത്തി ആതിയോടു കൂട്ടായ ശ്രീകുട്ടിയും അതിനോട് യോജിച്ചു. അവൾക്കിപ്പോൾ ചട്ടമ്പിയായ ദേവനെ പുല്ലു വിലയാണ്.. ഡോക്ടർ ആയ ഹരിയെ മാത്രമാണ് ഇപ്പോൾ അവൾ ചേട്ടനായി കണക്കാകുന്നുള്ളു. തറവാട്ടിൽ ആമിയെയും അമ്മയെയും ഈ വിവരം അറിയിച്ചപ്പോൾ ജാനകി ഭയന്ന പോലെ തന്നെ അവർ ഇതിനെ എതിർത്തു . പണ്ട് താൻ കരണത്തടിച്ചതിനു ദേവേട്ടൻ പകരം വീട്ടുകയാണെന്നു ആമിക്കു തോന്നി.കുന്നോളം ഇല്ലങ്കിലും കുറച്ചു സ്വപ്‌നങ്ങൾ അവളും കണ്ടിരുന്നു. ഒരുപാടു പണമോ പദവിയോ ഒന്നുമില്ലെങ്കിലും ചെറുതെങ്കിലും ഒരു വരുമാനമുള്ള സത്സ്വഭാവിയായ സ്നേഹമുള്ള ഒരു പങ്കാളിയെ..പക്ഷെ ഇതിപ്പോ ..

അമ്മൂമ്മ പറഞ്ഞു കേട്ട് ദേവന്റെ കാര്യങ്ങളൊക്കെ അവളും കേട്ടിരുന്നു. അതോടെ അവൾ കരച്ചിലും മറ്റുമായി വീട്ടിൽ തന്നെ കൂടി. അവളുടെ ഈ അവസ്ഥ കണ്ടു സഹിക്കാൻ കഴിയാതെ വിവരങ്ങളുടെ നിജ സ്ഥിതി അറിയാനും ഇത് നടക്കില്ല എന്ന് അവരെ അറിയിക്കാനുമായി. അമ്മൂമ്മ എറണാകുളത്തേക്കു പോയി. അമ്മൂമ്മ തിരിച്ചു വരുമ്പോൾ എല്ലാം ശരിയാവും എന്ന് സമാധാനിച്ച അവൾക്കു പക്ഷെ തെറ്റി. തിരിച്ചു വന്ന അമ്മൂമ്മയും അവരുടെ പക്ഷത്തായി മാറിയിരുന്നു. ദേവന് വേണ്ടി ജാനകിയും ആതിയുടെ നല്ല ജീവിതത്തിനു വേണ്ടി സോമൻ ചെറിയച്ഛനും അമ്മൂമ്മയും സ്വാധീനിച്ചു എന്ന് അവൾക്കു മനസിലായി. സ്വന്തം അച്ഛനമ്മമാർക്ക് ആരും പകരമാവില്ല എന്ന് അതോടെ അവൾക്കു ബോധ്യമായി. ദേവേട്ടന് വേണ്ടി ചെറിയച്ഛനും അപ്പച്ചിയും , ആതിക്കു വേണ്ടി അവളുടെ അച്ഛനും അമ്മയും വാദിക്കുന്ന പോലെ തനിക്കു വേണ്ടി പറയാൻ ആരും ഇല്ലാതെ പോയി.

ഒറ്റപെട്ടു പോയ ആമിക്കു അവരുടെ തീരുമാനങ്ങൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു എന്ന് പറയുന്നതാവും ശെരി. താൻ പറ്റില്ലാന്ന് വാശി പിടിച്ചാൽ ഒരു പക്ഷെ ഈ കല്യാണം നടക്കിലായിരിക്കും. പക്ഷെ ആരും ഇല്ലാത്തവളെ സ്വന്തം മകളെ പോലെ വളർത്തിയതിന്റെ നന്ദി പോലും ഇല്ലാത്തവൾ എന്ന് എല്ലാവരും പറഞ്ഞു കുറ്റപ്പെടുത്തും എന്ന് ആമിക്കു അറിയാമായിരുന്നു. എങ്കിലും അവസരം മുതലാക്കി പഴയ പ്രതികാരം വീട്ടിയ ദേവനോടുള്ള പ്രതികാരം ഈ ജീവിതം കൊണ്ട് വീട്ടുമെന്ന് അവൾ പ്രതിജ്ഞ എടുത്തിരുന്നു. ആരോ വന്നു മൈലാഞ്ചി ഇടാൻ വിളിച്ചപ്പോഴാണ് അവൾ പഴയ ലോകത്തു നിന്ന് തിരികെ വന്നത്. ആതിയേം അവളെയും സ്റ്റേജ് ഇൽ കയറ്റിയിരുന്നു മൈലാഞ്ചി ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് സോമശേഖരന്റെ ഫോണിലേക്കു ഒരു കാൾ വന്നത്. ഫോൺ വന്നതും അയാളുടെ മുഖം മാറുകയും അവിടെ വല്ലാത്തൊരു മ്ലാനത വന്നു നിറയുകയും ചെയ്തു. സ്റ്റേജിൽ ഇരിക്കുകയായിരുന്ന കാരണം ആമിയും ആതിയും ഇതൊന്നും അറിഞ്ഞില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഗീത വന്നു ആതിയുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം മാറുന്നതു ആമി കണ്ടു. ആതി തിരിഞ്ഞു ദേഷ്യത്തോടെ ആമിയുടെ മുഖത്തേക്കു നോക്കി ഗീതയോടൊപ്പം എഴുനേറ്റു പോയി " എങ്ങനെയെങ്കിലും എല്ലാം ശരിയാക്കി കൊണ്ട് വന്നതായിരുന്നു. എന്റെ മോളുടെ ജീവിതം നശിപ്പിക്കാനായിട്ടു മാത്രം ഇറങ്ങിയിരിക്കുന്നു ഓരോരോ നാശങ്ങൾ" പോകുന്ന വഴിക്കു ഗീത പിറുപിറുക്കുന്നത് അവൾ കേട്ടു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. അവൾ നോക്കുന്ന മുഖങ്ങളെല്ലാം സഹതാപവും ആശങ്കയും നിറഞ്ഞു നിന്നു .

എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവളുടെ അടുത്തേക്ക് അമ്മുമ്മ വന്നു. അമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും കൂടി കണ്ടപ്പോൾ അവൾക്കു ആകെ പേടിയായി " എന്താ അമ്മൂമ്മേ.. എന്തെങ്കിലും പ്രശ്നമുണ്ടോ?" അമ്മൂമ്മ അവളുടെ മുടിയിൽ തലോടി " എന്റെ മോള് വിഷമിക്കരുത്. നമ്മുടെ ദേവനെ എന്തോ പ്രശ്നത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തുന്നു. എന്തോ തല്ലു കേസ് ആണെന്നാണ് പറയുന്നത്. അവനെ ഇന്ന് വിടാൻ സാധ്യത ഇല്ലെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യം..." തുടരും...

Share this story