ദേവാസുരം: ഭാഗം 10

Devasuram nila

രചന: നിള നിരഞ്ജൻ

ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു. ഭാഗം 10 അൻവർ അലി കേസ് ഏറ്റെടുത്തതോടെ കുറ്റവാളികൾ വെളിയിൽ വരുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ബോധ്യമാവുകയും ചെയ്തു. ഇതിന്റെ സത്യം പുറത്തു വരുന്ന ദിവസവും കാത്തു ഏവരും ആകാംഷയോടെ ഇരുന്നു. കൊല്ലപ്പെട്ട എബിൻ ഹരിയുടെ ഹോസ്പിറ്റലിന്റെ ഉടമയുടെ മകനായതു കൊണ്ട് നന്ദനത്തിൽ പലപ്പോഴും ഈ കൊലപാതകങ്ങൾ സംസാരവിഷയമായി വന്നു. അൻവർ അലി കേസ് ഏറ്റടുത്തു കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാവരും കൂടിയുള്ള അത്താഴത്തിനിടെ ഇതിനെ കുറിച്ചു വീണ്ടും സംസാരമുണ്ടായി. " വര്ഗീസ് സാറിന്റെ മകന്റെ കൊലപാതകത്തെ കുറിച്ച് എന്തേലും വിവരങ്ങൾ അറിഞ്ഞോ ഹരി?? പോലീസിന് എന്തോ സുപ്രധാന തെളിവുകൾ കിട്ടി എന്നൊക്കെ പത്രത്തിൽ കാണുന്നുണ്ടല്ലോ?"

എല്ലാവരും ഹരിയെ നോക്കി. ദേവൻ മാത്രം തന്റെ ഫോണിൽ മുഴുകി ഇരുന്നു.ഹരി ചിരിച്ചു " റോയ് സാറിന്റെ കയ്യില് നിന്ന് ലിൻസി ഒരു ന്യൂസ് ചോർത്തി കൊണ്ട് വന്നിട്ടുണ്ട്.." വര്ഗീസിന്റെ ഒരു അടുത്ത ബന്ധുവും ഹോസ്പിറ്റലിന്റെ പി.ആർ.ഓ യുമാണ് റോയ്. ലിൻസി സിസ്റ്ററിനെ അവിടെ എല്ലാവരും വിളിക്കുന്നത് ന്യൂസ് മേക്കർ എന്നാണ്. എല്ലാ ന്യൂസുകളും അവർ അറിയും.. എല്ലായിടത്തും എത്തിക്കുകയും ചെയ്യും. " എന്ത് ന്യൂസ് ഹരിയേട്ടാ?" ആതിയാണ് ചോദിച്ചത് " കൊലപാതക സ്ഥലത്തു നിന്ന് കിട്ടയ റയാന്റെ പഴ്സിന്റെ ഉള്ളിൽ കുറച്ചു രക്തം പുരണ്ടിട്ടുണ്ടായിരുന്നു. അത് പരിശോധിച്ചപ്പോൾ അത് മരിച്ച രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പ് അല്ല. അത് ഒരു ഓ നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട ആരുടെയോ ചോരയാണ്. ആ ആളെയാണ് ഇപ്പോൾ പോലീസ് തിരയുന്നത്" ഹരി അത് പറഞ്ഞു കഴിഞ്ഞതും വലിയ ശബ്ദത്തോടെ എന്തോ ഒന്ന് താഴെ വീണതും ഒരുമിച്ചായിരുന്നു.

എല്ലാവരും നോക്കുമ്പോൾ ദേവൻ ഒരു വല്ലാത്ത ഭാവത്തോടെ ഇരിക്കുന്നു. താഴെ അവന്റെ മൊബൈൽ പല കഷ്ണങ്ങളായി കിടക്കുന്നുണ്ട്. ഒരു നിമിഷം ആ ഇരുപ്പു ഇരുന്നതിനു ശേഷം അവൻ പെട്ടെന്ന് തന്റെ മൊബൈലിന്റെ കഷ്ണങ്ങളൊക്കെ വാരിക്കൂട്ടി ഭക്ഷണം മതിയാക്കി എഴുനേറ്റു മുറിയിലേക്ക് പോയി. അമ്മയും ഹരിയുമൊക്കെ കാര്യം തിരക്കിയെങ്കിലും അവൻ ആരോടും ഒന്നും പറഞ്ഞില്ല. അവന്റെ ആ പ്രവർത്തിയിൽ പന്തികേടു തോന്നിയ ആമിയും പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു മുറിയിലേക്ക് ചെന്നു . മുറിയുടെ മുന്നിലെത്തിയപ്പോൾ തന്നെ ദേവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു " അതൊരു അബദ്ധം പറ്റിയതാണ്..നമ്മൾ ഇനി സൂക്ഷിക്കണം. അടുത്തത് എന്താ വേണ്ടതെന്നു ഞാൻ കൂടി വന്നിട്ട് തീരുമാനിക്കാം. എന്തായാലും നനഞ്ഞു ഇറങ്ങി..ഇനി തീർക്കാതെ പിന്നോട്ടില്ല" പിന്നീട് കുറച്ചു നേരത്തേക്ക് ഒച്ച ഒന്നും കേൾക്കാതായപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു എന്നവൾക്കു മനസിലായി. ആമിയുടെ തലച്ചോറിൽ അപായസൂചനകൾ മുഴങ്ങി.

ആരെയോ പിടിച്ചു വച്ചിട്ടുണ്ടെന്നു പറഞ്ഞു ദേവേട്ടന് വന്ന ഫോൺ കാൾ.. ഇറങ്ങി പോയി കയ്യിൽ ഒരു മുറിവുമായി തിരിച്ചു വന്നത്..സംഭവസ്ഥലത്തു നിന്ന് പോലീസിന് കിട്ടിയ ഓ നെഗറ്റീവ് ബ്ലഡ്..ദേവേട്ടന്റെ ബ്ലഡ് ഗ്രൂപ്പും അത് തന്നെയല്ലേ?? ഇന്നാള് ഓ നെഗറ്റീവ് ബ്ലഡ് വേണ്ടത് കൊണ്ടല്ലേ ഹരിയേട്ടൻ ദേവേട്ടനോട് ഹോസ്‌പിറ്റലിൽ വരാൻ പറഞ്ഞത്..അപ്പൊ ഈ കൊലപാതകത്ങ്ങളിൽ ദേവേട്ടന് പങ്കുണ്ടോ??ആമിക്കു എന്ത് ചെയ്‌യണമെന്നു ഒരു ഊഹവുമില്ലായിരുന്നു. അവൾ മുറിയിലേക്ക് കയറി ചെന്നപ്പോൾ ദേവൻ എവിടെയോ പോകാൻ ഡ്രസ്സ് മാറി നിൽക്കുകയാണ്. ഇപ്പോൾ പുറത്തു പോയാൽ വീണ്ടും അവൻ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുമെന്നു അവൾക്കു പേടി തോന്നി. രണ്ടു കല്പിച്ചു അവനെ തടയാൻ ആമി തീരുമാനിച്ചു . " ദേവേട്ടൻ എവിടെങ്കിലും പോവാണോ ?" അവളുടെ ചോദ്യത്തിന് അതെ എന്ന അർത്ഥത്തിൽ അവൻ ഒന്ന് മൂളി.

" ദേവേട്ടൻ ഈ രാത്രിയിലൊക്കെ എവിടെയാ പോകുന്നെ? രാവിലെ വരെ കാക്കാൻ പറ്റാതെ ഇതിനും മാത്രം എന്താ ഇത്ര അത്യാവശ്യം?ഈ രാത്രി ദേവേട്ടൻ എവിടെയും പോകണ്ട." ധൈര്യം സംഭരിച്ചാണ് അവൾ അത്രയും പറഞ്ഞതു. ദേവൻ ഒരു അമ്പരപ്പോടെ ആമിയെ നോക്കി. ഇത് വരെ താൻ പോകുന്നതു എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഒന്നും ഒരിക്കലും ചോദിക്കാത്തവളാണ്. തന്റെ ജീവിതത്തിൽ ആമി പിടിമുറുക്കിയാൽ പിന്നെ പലതും അവതാളത്തിലാകും. അത് കൊണ്ട് ഇത്തിരി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞത് " നോക്ക്.. ഞാൻ ഇപ്പൊ ഒരു അത്യാവശ്യത്തിനു പോകുവാണ് . എന്തിനാ എങ്ങോട്ടാണെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എപ്പോളെങ്കിലും ഞാൻ പറയാം" അതും പറഞ്ഞു കീയുമെടുത്തു മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവന്റെ കൈകളിൽ ആമിയുടെ പിടി വീണു. " പറ്റില്ല.. ഈ രാത്രി പോകാൻ പറ്റില്ല.. അല്ലെങ്കിൽ എങ്ങോട്ടാണ് എന്തിനാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോയാൽ മതി" " ആമി..എനിക്കൊന്നാമതെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.

.ഇപ്പൊ എന്നോടൊന്നും ചോദിക്കാതെ..കയ്യിന്നു വിട് .. ഞാൻ പോട്ടെ.." ഇത്തവണ അവന്റെ ശബ്ദത്തിനു കുറച്ചു കൂടി കടുപ്പം ഉണ്ടായിരുന്നു. പക്ഷെ ഇനിയും അവനെ ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടാൻ വിടാൻ ആമിയും തയ്യാറല്ലായിരുന്നു. " ഇല്ല.. പറ്റില്ല.. നിങ്ങളുടെ ഭാര്യ എന്ന നിലയ്ക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശം എനിക്കുണ്ട്.. എനിക്കറിയണം" " കയ്യിന്നു വിടെടി " ഇത്തവണ ദേവന്റെ ഒച്ച നല്ലവണ്ണം പൊന്തിയിരുന്നു.തന്റെ കൈ ആമിയുടെ പിടിയിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ദേവൻ അവളെ പിടിച്ചു ഒരു തള്ളു കൊടുത്തു. അവന്റെ തള്ളിന്റെ ശക്തിയിൽ ആമി കട്ടിലിൽ ചെന്ന് ഇരുന്നു പോയി. " ഞാൻ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നൊന്നും നീ തിരക്കാൻ വരണ്ട. എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ പോകും .. വരും.. ഭാര്യ എന്ന അവകാശം പറഞ്ഞോണ്ട് എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ" അവളുടെ നേരെ നോക്കി ഒരു താകീതും നൽകി ദേവൻ ഇറങ്ങി പോയി.

അവൻ പോകുന്നതും നോക്കി നിറഞ്ഞൊഴുകുന്ന മിഴികൾ ഒന്ന് തുടക്കാൻ പോലും ആകാതെ അവൾ ഇരുന്നു. തങ്ങളുടെ സ്ഥിരം സങ്കേതത്തിൽ എത്തുമ്പോഴേക്കും ബാക്കി നാല് പേരും എത്തി ദേവനെയും കാത്തിരിക്കുകയായിരുന്നു. " അന്ന് അവിടെ വീണ ബ്ലഡ് ഒക്കെ നമ്മൾ ക്ലീൻ ചെയ്തതല്ലേ? പിന്നെന്താ പറ്റിയത്?" " അതൊക്കെ ചെയ്തതാ .. പക്ഷെ ആ പയ്യന്റെ പഴ്സിൽ പറ്റിയിരുന്ന ചോര നമ്മടെ കണ്ണിൽ പെട്ടില്ല..അതാ ഇപ്പൊ പണിയായതു.." " അതും എന്റെ ചോരയാണ് വീണിരിക്കുന്നത്.. കേസ് അന്വേഷിക്കുന്നത് അൻവർ അലിയും.. പഴയ കാര്യങ്ങൾ ഒക്കെ അറിയാല്ലോ .. എന്നെ പറ്റി എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ പിന്നെ എല്ലാം കയ്യിന്നു പോകും.. " " ഇപ്പൊ എന്താ ചെയ്യുക?" " ഞാൻ എന്തായാലും ബോസിനെ ഒന്ന് വിളിക്കട്ടെ" ദേവൻ മാറി നിന്ന് കുറച്ചു നേരം ഫോണിൽ സംസാരിച്ച ശേഷം തിരിച്ചെത്തി. "ബോസ് എന്ത് പറഞ്ഞു?"

" എന്ത് പറയാൻ.. നല്ല തെറി പറഞ്ഞു.. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്കട്ടെ എന്ന് പറഞ്ഞു. എന്തായാലും തത്ക്കാലം ഇപ്പൊ ഒന്നും ചെയ്യണ്ട.. അന്വേഷണം ഏതു വഴിക്കാണ് പോകുന്നതെന്ന് നോക്കട്ടെ.. എന്നിട്ടു തീരുമാനിക്കാം എന്താ വേണ്ടതെന്നു.. അൻവറിനെ സൂക്ഷിക്കണം.. മിടുക്കനാ .. കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങാം.. അടിപിടിയൊന്നും വേണ്ട..അതാ നല്ലതു" അങ്ങനെ മതിയെന്ന് എല്ലാവരും സമ്മതിച്ചു അവർ പിരിഞ്ഞു. ദേവൻ തിരികെ വീട്ടിലെത്തുമ്പോൾ നേരം നന്നായി വൈകിയിരുന്നു. ആമി ഉറങ്ങിയിട്ടുണ്ടാവും. അവളെ വേദനിപ്പിച്ചത് ഓർത്തപ്പോൾ അവനു കുറ്റബോധം തോന്നി. പക്ഷെ തന്റെ പോക്കും വരവുമൊന്നും അവളോട് വിശദീകരിക്കാൻ കഴിയില്ല. മുറിയിൽ കയറി ലൈറ്റ് ഇട്ട ദേവൻ കണ്ടത് കട്ടിലിൽ തന്നെ കാത്തെന്ന വണ്ണം എഴുന്നേറ്റിരിക്കുന്ന ആമിയെയാണ്.

അവനെ നോക്കുന്ന അവളുടെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരിക്കുന്നത് അവൻ കണ്ടു. എന്ത് പറയണമെന്നറിയാതെ ഡ്രസ്സ് മാറാൻ എന്ന വ്യാജേന അവൻ ബാത്റൂമിലേക്കു കയറാൻ തുടങ്ങി. " ദേവേട്ടാ" അവൻ തിരിഞ്ഞു നോക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്" അവൾ തന്നെ വിടാൻ ഉള്ള ഭാവമില്ലാന്നു അവനു മനസിലായി.സംസാരിച്ചോളൂ എന്ന മട്ടിൽ അവൻ തലയാട്ടി. " ദേവേട്ടൻ എന്തിനാ എന്നെ കല്യാണം കഴിച്ചത്? ദേവേട്ടന്റെ നിര്ബന്ധമല്ലായിരുന്നോ നമ്മുടെ വിവാഹം? വളരെ ചെറിയ കുറച്ചു മോഹങ്ങളുമായി അടങ്ങി ഒതുങ്ങി ജീവിച്ച എന്നെ ഈ വീട്ടിലേക്കും നിങ്ങളുടെ ജീവിതത്തിലേക്കും വലിച്ചിഴച്ചത് നിങ്ങളല്ലേ?" കണ്ണുകൾ നിറഞ്ഞൊഴുകി തൊണ്ട ഇടറിക്കൊണ്ടാണ് ആമി ഓരോ ചോദ്യങ്ങളും ചോദിച്ചത്. അവളുടെ ചോദ്യങ്ങൾ തീർന്നിട്ടുണ്ടായിരുന്നില്ല. "

എന്തിനു വേണ്ടിയാണു നിങ്ങൾ എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാശി പിടിച്ചത്? എന്നോടുള്ള സ്നേഹം കൊണ്ടോ അതോ വെറും വാശിയുടെ പുറത്തോ..? ഇത്രക്കും വാശി കാണിക്കാൻ എന്ത് തെറ്റാണു ഞാൻ നിങ്ങളോടു ചെയ്തത്? ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ ചുംബിച്ചാൽ പ്രതികരിക്കാനുള്ള അവകാശം അവൾക്കില്ലേ?" അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത പോലെ ദേവൻ തല കുനിച്ചു നിന്നതേ ഉള്ളു. " നിങ്ങൾ എന്നോട് കാണിച്ച വാശിക്ക് തിരിച്ചും വാശി കാണിക്കണമെന്ന് വിചാരിച്ചു തന്നെയാണ് ഞാൻ ഈ ജീവിതം തുടങ്ങിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങള്ക്ക് എന്നോട് കുറച്ചു സ്നേഹമുണ്ടെന്നു എനിക്ക് തോന്നിപോയി. പക്ഷെ ... ഇപ്പോൾ എനിക്കറിയില്ല.. ചിലപ്പോ തോന്നും നിങ്ങൾക്കെന്നോട് സ്നേഹമുണ്ടെന്നു..

ചിലപ്പോ തോന്നും ഞാൻ എന്നൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെന്നു നിങ്ങൾ അറിയുന്നു പോലും ഇല്ലന്ന്. " ആമി ഒന്ന് നിർത്തി അവനെ നോക്കി. അവൻ അപ്പോഴും നിലത്തേക്ക് തന്നെ നോക്കി നിൽപ്പാണ്. " എന്തായാലും ഇത്രയും ആയി. ഇങ്ങനെയൊക്കെ നടക്കണമെന്നായിരിക്കും ദൈവം വിധിച്ചത്. ദേവേട്ടൻ മാറാൻ തയ്യാറാണെങ്കിൽ നമുക്ക് ഇതു വരെ ഉള്ളത് മറന്നു പുതിയൊരു ജീവിതം തുടങ്ങാം.. ദേവേട്ടന്റെ ഏതു വിഷമത്തിലും കൂടെ നില്ക്കാൻ ഞാൻ തയ്യാറാണ്" ഒരുപാടു പ്രതീക്ഷയോടെയാണ് അവൾ അത് ചോദിച്ചത്. ദേവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. അവന്റെ മുഖത്തെ അപ്പോഴത്തെ ഭാവം എന്താണെന്നു അവൾക്കു തിരിച്ചറിയാനെ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണുകൾ കുറ്റബോധവും മറ്റെന്തൊക്കെയോ കൊണ്ടും നിറഞ്ഞിരുന്നു. " എന്നെ കൊണ്ട് പറ്റില്ല ആമി.. പഴയ ഒരു വാശിയുടെ പുറത്തു നടന്ന ഒരു കല്യാണം ആണ് എനിക്കിതു.. ഇപ്പോൾ തോനുന്നു വേണ്ടിയിരുന്നില്ലന്നു.

.നീ ആഗ്രഹിക്കുന്ന പോലെ നിന്നെ സ്നേഹിക്കാനോ നിനക്ക് നല്ലൊരു ഭർത്താവാകാനോ എനിക്ക് കഴിയില്ല." സ്നേഹം നിഷേധിക്കപ്പെടുമ്പോൾ ഉള്ള വേദന എത്ര വലുതാണെന്ന് ആ നിമിഷം ആമി മനസ്സിലാക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു നിസാര വാശിയുടെ പേരിൽ തന്റെ ജീവിതം നശിപ്പിച്ചവനോട് അവൾക്കു വല്ലാത്ത ദേഷ്യവും തോന്നി. " അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് ദേവേട്ടൻ പറയുന്നത്?" അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി. അവൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് എന്ന് തോന്നി.. എന്ത് തന്നെയായാലും അവൻ പറയാൻ പോകുന്നത് നല്ല കാര്യമല്ലെന്ന് ആമിക്കു മനസിലായി. " നമുക്ക് ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കാം..ഞാൻ നിന്നെ തിരിച്ചു അമ്മൂമ്മയുടെ അടുത്ത് കൊണ്ടാകാം..അല്ലെങ്കിൽ എന്റെ ഭാര്യ എന്നുള്ള അവകാശം വച്ച് നിനക്ക് ഇവിടെ നിൽക്കാം.. അങ്ങനെ നിന്നാലും എന്നിൽ നിന്ന്..." ദേവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവനു നേരെ കയ്യുയർത്തി.

" വേണ്ട.. എന്നെ വേണ്ട എന്ന് പറയുന്ന ഒരാളുടെ ഭാര്യ എന്ന ഔദാര്യം എനിക്കും വേണ്ട. പക്ഷെ എന്നെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെ ഉണ്ട്.. നിങ്ങളെ ഒരു നല്ല മനുഷ്യനായി മാറ്റിയെടുക്കാൻ എനിക്ക് കഴിയും എന്ന് വിശ്വസിച്ചു കഴിയുന്ന രണ്ടു പേര്.. പോകുന്നതിനു മുന്നേ അവരോടു എനിക്ക് കാര്യങ്ങളൊക്കെ ബോധ്യപെടുത്തിയെ പറ്റൂ..പിന്നെ എന്നെ കൊണ്ടാക്കാൻ നിങ്ങൾ വരണമെന്നില്ല.. അപ്പച്ചിയോടും ചെറിയച്ഛനോടും കാര്യങ്ങൾ സംസാരിച്ചു ഞാൻ നാളെ തന്നെ പൊക്കോളാം" അതും പറഞ്ഞു പതിവ് പോലെ ഭിത്തിയുടെ സൈഡിലേക്ക് അവൾ കയറി കിടന്നു.അവളുടെ ശരീരം ഉയർന്നു താഴുന്നത് കണ്ടപ്പോൾ അവൾ കരയുകയാണ് എന്ന് അവനു മാന്ഡിലായി. തിരിഞ്ഞു കിടന്നു കരയുന്ന അവളെ ഒരു നിമിഷം നിർവികാരനായി നോക്കി നിന്നിട്ടു ദേവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.

അടഞ്ഞ വാതിലിൽ ചാരി നിന്ന് അവൻ തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ കണ്പോളകൾക്കിടയിലൂടെ മിഴിനീർ ഒഴുകിയിറങ്ങി. "കളികൂട്ടുകാരായി നടന്ന കാലത്തേ ഉള്ളിൽ കയറികൂടിയതാണ് പെണ്ണെ നിന്റെ ഈ മുഖം. പ്രണയം എന്ന വാക്ക് കേൾക്കുമ്പോളൊക്കെ നിന്റെ മുഖവും നോട്ടവും ചിരിയും മാത്രമേ ഇക്കാലമത്രയും മനസ്സിൽ തെളിഞ്ഞിട്ടുള്ളു. കൗമാരത്തിലെ എത്രയോ രാത്രികളിൽ നീ എന്റെ പ്രണയം നിഷേധിച്ചത് ഓർത്തു ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതേ സ്നേഹം നീയെനിക്കു വച്ച് നീട്ടുമ്പോൾ അത് സ്വീകരിയ്ക്കാൻ എനിക്ക് കഴിയുനില്ലലോ.. എന്റെ ജീവിത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണു നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്..

ആ തെറ്റ് തിരുത്താൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.നിലയില്ലാക്കയത്തിലേക്കു മുങ്ങി താണു കൊണ്ടിരിക്കുകയാണ് ഞാൻ.. അതിലേക്കു നിന്നെയും കൂടി വലിച്ചിടാൻ വയ്യ പെണ്ണെ.. ഈ അസുരന്റെ കൂടെ ജീവിച്ചു നിന്റെ ജീവിതം കൂടി പാഴാക്കണ്ട.. ഇത് നിന്റെ ജീവിതത്തിലെ അവസാനത്തെ കരച്ചിലാവട്ടെ..എന്നിൽ നിന്ന് എത്ര ദൂരം പോകാവോ.. അത്രയും ദൂരെ പൊയ്ക്കോ" എത്ര നേരം അതെ നിൽപ് തുടർന്നു എന്നവന് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. മുഖം കഴുകി വരുമ്പോഴും അവൾ അങ്ങനെ തന്നെ കിടപ്പുണ്ട്. ലൈറ്റ് അണച്ച് അവനും കട്ടിലിന്റെ മറ്റേ അറ്റത്തായി വന്നു കിടന്നു. കുന്നോളം സ്നേഹം മനസ്സിൽ ഒളിപ്പിച്ചു പിരിയാം എന്ന തീരുമാനവുമായി ശരീരവും മനസ്സും എതിർദിശകളിലായി ആ രാത്രി രണ്ടു പേരും ഉറങ്ങാതെ കിടന്നു.

അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോൾ ഇന്നലെ രാത്രി എടുത്ത തീരുമാനങ്ങൾ ഒന്നുടെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ആമി. ഇന്ന് ഞായറാഴ്ച ആയതു നന്നായി. അപ്പച്ചിയും ചെറിയച്ഛനും വീട്ടിൽ തന്നെ ഉണ്ട്. അത് പോലെ ഇന്ന് ഹരിയേട്ടനും ഓഫ് ആണെന്ന് അപ്പച്ചി പറഞ്ഞിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിക്കണം. പിന്നെ കയ്യിൽ കിട്ടുന്നതൊക്കെ ഒരു പെട്ടിയിലാക്കി ഇന്ന് തന്നെ അവിടുന്നിറങ്ങാം. ഇന്നത്തോടെ തീരണം ദേവാനന്ദനുമായുള്ള എല്ലാ ബന്ധങ്ങളും. പക്ഷെ ആമിക്കറിയില്ലായിരുന്നു ദൈവം അവരുടെ കാര്യത്തിൽ വേറെ ചില തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story