ദേവാസുരം: ഭാഗം 11

Devasuram nila

രചന: നിള നിരഞ്ജൻ

[എന്റെ ഒന്നര വയസ്സുള്ള ഇളയ സന്തതി രാവിലെ എണീറ്റ് വന്നപോളെ ഒരു ടൈം പാസ്സിന് modem അങ്ങ് കേടാക്കി തന്നു. അതോടെ വീട്ടിലെ wifi സ്വാഹാ.. കൊറോണ കാരണം വർക്ക് ഫ്രം ഹോം ഉള്ള കെട്ടിയോന്റെ ഓഫീസും എന്റെ എഴുത്തും മൂത്ത മോളുടെ e - learning ഒക്കെ അവതാളത്തിലായി. ഇപ്പോഴാണ് ഒന്ന് ശരിയാക്കിയേ.. അപ്പോഴേ അങ്ങ് പോസ്റ്റുവാണ് .. തിരുത്തിയിട്ടില്ല.. അക്ഷരത്തെറ്റ് കാണും.. ക്ഷമിക്കണം..] ഭാഗം 11 . ഇന്നത്തോടെ തീരണം ദേവനന്ദനുമായുള്ള എല്ലാ ബന്ധങ്ങളും. പക്ഷെ ആമിക്കറിയില്ലായിരുന്നു ദൈവം അവരുടെ കാര്യത്തിൽ വേറെ ചില തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നു. അവൾ തിരികെ വീട്ടിലെത്തിയപ്പോൾ അവളെ കാത്തെന്ന വണ്ണം തന്നെ അപ്പച്ചിയും ചെറിയച്ഛനും ഹരിയും ദേവനും ഹാളിൽ ഉണ്ടായിരുന്നു.

ഇന്ന് ഞായറാഴ്ച ആയിട്ടും അവർ നാല് പേരും എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണെന്നുളത് അവളെ അതിശയപ്പെടുത്തി. പക്ഷെ അവരുടെ മുഖം കണ്ടപ്പോൾ എന്തോ ടെൻഷൻ ഉള്ള പോലെയും തോന്നി " എന്താ അപ്പച്ചി.. എന്ത്ശങ്കിലും പ്രശ്നം ഉണ്ടോ??" " മോളെ.. ഇപ്പോൾ പാലക്കാട്ടു അമ്മയുടെ കൂടെ നിൽക്കുന്ന ഹോംനഴ്സ്‌ വിളിച്ചിരുന്നു. അമ്മക്ക് പെട്ടെന്ന് നെഞ്ച് വേദന പോലെ വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയത്രേ..ഐ സി യൂ വിൽ ആണെന്ന പറഞ്ഞത്..ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ടേക്ക് പോകാൻ തുടങ്ങുകയായിരുന്നു. മോളുടെ വരാൻ കാത്തു നിന്നത്.. നിന്നെയും ദേവനെയും കാണണമെന്ന് 'അമ്മ പ്രത്യേകം പറഞ്ഞു അത്രേ..ഡ്രസ്സ് മാറണമെങ്കിൽ മാറീട്ടു വായോ.. നമുക്ക് ഉടനെ പുറപ്പെടാം" ആമി ആകെ ഞെട്ടി നിൽക്കുകയാണ്.

ദേവനുമായുള്ള വഴക്കും പിരിയാനുള്ള തീരുമാനവും ഒക്കെ ആ നിമിഷം അവളുടെ ഉള്ളിൽ നിന്ന് മാഞ്ഞു പോയി. " ഡ്രസ്സ് ഒന്നും മാറേണ്ട അപ്പച്ചി.. നമുക്കുടനെ തന്നെ പോവാം" അവർ അഞ്ചു പേരും കൂടി ഒരു കാറിലാണ് യാത്ര തിരിച്ചത്. അമൂമ്മ തന്നെ കൂടി കാണണമെന്ന് പ്രത്യേകം പറഞ്ഞത് കൊണ്ട് ദേവന് പോകാതിരിക്കാൻ പറ്റിയില്ല.ആതി വരുന്നില്ലയെന്നു പറഞ്ഞു.. ശ്രീകുട്ടിക്കാണെങ്കിൽ പിറ്റേ ദിവസം പരീക്ഷയും ഉള്ളത് കൊണ്ട് അവർ രണ്ടു പേരും വീട്ടിൽ തന്നെ നിന്നു .കാറിൽ ഇരിക്കുമ്പോഴെല്ലാം ആമിയുടെ ഉള്ളിൽ നിറയെ വല്ലാത്ത കുറ്റബോധമായിരുന്നു. ആരോരുമില്ലാത്ത തന്നെ സ്വന്തം കൊച്ചുമകളെ പോലെ നോക്കി വളർത്തിയതാണ് അമ്മൂമ്മ. എന്നിട്ടു താനോ.. ദേവേട്ടനുമായുള്ള തന്റെ കല്യാണത്തിന് അമ്മൂമ്മയും കൂടി കൂട്ട് നിന്നു എന്ന് തോന്നിയപ്പോൾ എപ്പോഴോ തന്റെ ഉള്ളിൽ അമ്മൂമ്മയോടു ഒരു ദേഷ്യം വന്നു കൂടി.

അത് കൊണ്ടാണല്ലോ ഒറ്റക്കാണെന്നു അറിയാമെങ്കിലും കല്യാണത്തിന് ശേഷം ഒരിക്കൽ പോലും താൻ അമ്മൂമ്മയെ കാണാൻ പോലും ഒന്ന് വരാഞ്ഞത്. അപ്പച്ചി തനിക്കു മൊബൈൽ വാങ്ങി തന്നതിന് ശേഷവും വിളി പോലും വല്ലപ്പോഴും ആയിരുന്നു. എത്ര പ്രാവശ്യം വിരുന്നിനു പോകാൻ അപ്പച്ചിയും , വിരുന്നു വരാൻ അമ്മൂമ്മയും നിര്ബന്ധിച്ചിട്ടു പോലും താൻ പോയില്ല. എന്നിട്ടിപ്പോൾ പാവത്തിന് വയ്യാതായപ്പോൾ തന്നെയാണ് കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. താൻ ചെയ്ത തെറ്റിന്റെ വ്യാപ്തി ഓർത്തപ്പോൾ ആമിയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി കൊണ്ടേ ഇരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ റിയർവ്യൂ മിററിലൂടെ ദേവൻ കാണുന്നുണ്ടായിരുന്നു പിന്നിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ആമിയെ.

അവളുടെ അടുത്ത് ചെന്ന് അവളെ ആശ്വസിപ്പിക്കാൻ മനസ്സ് തുടിച്ചെങ്കിലും തന്റെ സാമീപ്യം അവൾ ആഗ്രഹിക്കുന്നില്ല എന്നവന് അറിയാമായിരുന്നു. താനിപ്പോൾ അവളെ സംബന്ധിച്ചിടത്തോളം വെറുക്കപെട്ടവനാണ്. അതങ്ങനെ തന്നെ ഇരിക്കട്ടെ. അനിശ്ചിതത്വത്തിന്റെ കുറച്ചു മണിക്കൂറത്തെ യാത്രക്ക് ശേഷം അവർ അമ്മൂമ്മയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തി. ഐ സി യൂ വിനു മുന്നിലെത്തിയപ്പോൾ അമ്മൂമ്മയുടെ ഹോം നേഴ്സ് ഉണ്ടായ കാര്യങ്ങളൊക്കെ അവരെ ധരിപ്പിച്ചു. ഡോക്ടർ ഇപ്പോൾ അകത്തുണ്ടെന്നും പുറത്തു വരുമ്പോൾ കാണാമെന്നും പറഞ്ഞപ്പോൾ ഡോക്ടറെ കണ്ടു കാര്യങ്ങൾ തിരക്കാൻ അവരെല്ലാം അവിടെ കാത്തിരുന്നു . അര മണിക്കൂറോളം കാത്തിരുന്നതിനു ശേഷമാണു ഡോക്ടർ ഐ സി യു വിനു പുറത്തേക്കു വന്നത്.

ഡോക്ടറെ കണ്ട ഉടനെ ഹരി ഡോക്ടറിന് അടുത്തേക്ക് ചെന്നു . പിറകെ ദേവനും രവിശങ്കറും.. " ഹലോ ഡോക്ടർ .. ഞാൻ ഹരി.. എറണാകുളത്തു ഒരു ഹോസ്പിറ്റലിലെ സർജൻ ആണ്.. അകത്തു അഡ്മിറ്റ് ആക്കിയിരിക്കുന്ന സാവിത്രി ദേവി എന്റെ അമ്മൂമ്മയാണ്.. എന്താണ് ഡോക്ടർ ഇപ്പോഴത്തെ കണ്ടിഷൻ?" "ഹലോ ഹരി..ഒരു മൈനർ അറ്റാക്ക് ആയിരുന്നു.. കൃത്യ സമയത്തു തന്നെ ഇവിടെ എത്തിച്ചത് കൊണ്ട് ജീവന് ആപത്തു ഒന്നുമില്ല. പക്ഷെ പ്രായമായ സ്ത്രീ ആയതു കൊണ്ട് അവശതയും വാർധക്യ സഹജമായ രോഗങ്ങളും ഉണ്ട്.. വിശ്രമവും മനസ്സമാധാനവും സന്തോഷവുമാണ് ഇപ്പോൾ ആവശ്യം. ഇന്നേതായാലും ഐ സി യൂ വിൽ തന്നെ തുടരേണ്ടി വരും. നാളെ രാവിലത്തെ കണ്ടീഷൻ നോക്കിയിട്ടു റൂമിലേക്ക് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

തത്ക്കാലം ഇപ്പോൾ സെഡേഷനിൽ മയക്കത്തിലാണ്. ബോധം വീഴുമ്പോൾ ആർകെങ്കിലും കയറി കാണാം" " താങ്ക് യൂ ഡോക്ടർ" ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഹരി ബാക്കിയുള്ളവരെയും ധരിപ്പിച്ചു. അമ്മൂമ്മയുടെ ജീവന് ആപത്തില്ല എന്ന് കേട്ടപ്പോൾ തന്നെ എല്ലാവര്ക്കും ആശ്വാസമായി. അമ്മൂമ്മക്ക്‌ ബോധം വീഴാനായി പിന്നെ എല്ലാവരുടെയും കാത്തിരിപ്പു. കുറച്ചു സമയത്തിന് ശേഷം വീണ്ടും ഐ സി യൂ വിന്റെ വാതിൽ തുറക്കപ്പെട്ടു. ഒരു നേഴ്സ് പുറത്തേക്കു വന്നു " സാവിത്രി ദേവിയുടെ??" " ഞങ്ങളാണ് സിസ്റ്റർ" " പെഷ്യേന്റിനു ബോധം വന്നിട്ടുണ്ട്.. ആമിയും ദേവനും ആരാ?? അവരെയാണ് കാണണമെന്ന് പറയുന്നത്.." ആമിയും ദേവനും പരസ്പരം ഒന്ന് നോക്കി സിസ്റ്ററിനു മുന്നിലേക്ക് വന്നു നിന്നു . സിസ്റ്റർ അകത്തേക്ക് പോയപ്പോൾ അവർ രണ്ടു പേരും പിറകെ ഐ സി യൂ വിലക്ക് കയറി.

ഒരുപാടു യന്ത്രങ്ങളുടെ നടുവിൽ ക്ഷീണിതയായി കിടക്കുന്ന അമ്മൂമ്മയെ കണ്ടപ്പോൾ ആമി വിങ്ങി കരഞ്ഞു പോയി. കുറ്റബോധതാൽ അവളുടെ മനസ്സ് നീറിപുകഞ്ഞു. അവരെ കണ്ട ഉടനെ തന്നെ അമ്മൂമ്മയുടെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു.. കൈകാട്ടി രണ്ടാളെയും അടുത്ത് വിളിച്ചു. അമ്മൂമ്മയുടെ ഇരുവശത്തുമായി അവർ ചെന്ന് നിന്നു " ഇപ്പോളും ദേഷ്യമാണോ അമ്മൂമ്മയോടു എന്റെ കുട്ടിക്ക്?" അവൾ കരഞ്ഞു കൊണ്ട് ഇല്ല എന്നർത്ഥിത്തിൽ തല ചലിപ്പിച്ചു. " സുഖാണോ എന്റെ മോൾക്ക്?" അതെയെന്ന് അവൾ തലയാട്ടി. "നിന്നെ ഇവൻ നന്നായി നോക്കുന്നുണ്ടോ?" ആമി ദേവനെ ഒന്ന് നോക്കി.. പിന്നെ അമ്മൂമ്മയെ നോക്കി ഉണ്ടെന്നു തലയാട്ടി . അവരുടെ മുഖം തെളിഞ്ഞു. പിന്നെ ദേവന്റെ നേരെ തിരിഞ്ഞു അവന്റെ കൈകളിൽ പിടിച്ചു " ഞാൻ ഇല്ലാണ്ടായാലും എന്റെ കുട്ടിനെ നന്നായി നോക്കണേ ദേവ നീയ് " എന്ത് പറയണമെന്ന് അറിയാതെ അവൻ നിന്നു .

അപ്പുറത്തു നിന്നും ആമിയുടെ നോട്ടം തന്നിലേക്ക് തുളഞ്ഞു കയറുന്നതു അവൻ അറിയുന്നുണ്ടായിരുന്നു. ഒന്നും പറയാനാവാതെ അവളെ പോലെ അവനും തലയാട്ടുക മാത്രം ചെയ്തു. അത് കേട്ട് സമാധാനത്തോടെ ആ വൃദ്ധ കണ്ണടച്ച് കിടന്നു.അമ്മൂമ്മ അവരുമായി സംസാരിച്ചു കഴിഞ്ഞു എന്ന് മനസിലായപ്പോൾ സിസ്റ്റർ വന്നു അവരോടു പുറത്തേക്കു പൊയ്ക്കോളാൻ പറഞ്ഞു. "അമ്മൂമ്മ എന്ത് പറഞ്ഞു?" പുറത്തേക്കിറങ്ങി വന്ന ദേവനോട് ഹരി ചോദിച്ചു. "പ്രത്യേകിച്ചൊന്നും പറഞ്ഞില്ല" അതും പറഞ്ഞു അവൻ കുറച്ചു മാറി ഒരു ജനലരികിൽ വന്നു നിന്നു . ജനലിൽ കൂടി പുറത്തേക്കു നോക്കി എന്തോ വലിയ ചിന്തയിൽ മുഴുകിയിരുന്ന ദേവന്റെ അടുത്തേക്ക് ചെന്ന് ഹരി അവന്റെ തോളിൽ മെല്ലെ കൈ വച്ചു . " എന്താടാ വലിയ ആലോചന" " ഒന്നൂല്ല ..വെറുതെ"

" പിന്നെ .. ഞങ്ങളെല്ലാം കൂടെ ഇവിടുത്തെ കാര്യം ഇനി എങ്ങനാണെന്നു ആലോചിക്കുവാരുന്നു. ആമി എന്തായാലും ഇപ്പോൾ വരില്ലെന്ന പറയുന്നേ.. അമ്മൂമ്മയുടെ ഈ അവസ്ഥയിൽ ഹോം നഴ്സിനെ മാത്രം ഇവിടെ അക്കിട്ടു പോകുന്നതും ശരിയല്ലലോ... ആതിയും ശ്രീക്കുട്ടിയും വീട്ടിൽ തനിച്ചല്ലേ? പോരാത്തതിന് ശ്രീകുട്ടിക്കു നാളെ മുതൽ പരീക്ഷയും... എനിക്കും നാളെ അത്യാവശ്യമായി ഹോസ്പിറ്റലിൽ പോയെ മതിയാവൂ..നേരത്തെ ഫിക്സ് ചെയ്തു വച്ചിരുന്ന സർജറി ഉണ്ട്.. അത് കൊണ്ട് ഞാനും അമ്മയും അച്ഛനും ഇപ്പോൾ തിരിച്ചു പോകാമെന്ന വിചാരിക്കുന്നെ.. നിന്റെ കാര്യം എങ്ങനാ?? " ദേവൻ മനസിലാവാത്ത പോലെ ഹരിയെ നോക്കി " നീ ഇവിടെ ആമിയുടെ കൂടെ നിൽക്കുന്നോ അതോ ഞങ്ങളുടെ കൂടെ വരുന്നോന്നു ? " " ഞാൻ എന്തിനാ ഇവിടെ നില്കുന്നത്?" " ഇവിടെയും ആരെങ്കിലും വേണ്ടേ? ഹോം നഴ്സും ആമിയും രണ്ടു പെണ്ണുങ്ങൾ മാത്രമല്ലെ ഉള്ളു?

ആണുങ്ങൾ ആരേലും ഉള്ളത് നല്ലതല്ലേ? തന്നെയുമല്ല.. ആമി ഇനി അമ്മൂമ്മക്ക്‌ ഭേദമായിട്ടേ എറണാകുളത്തേക്കു വരുന്നുള്ളു എന്നാണ് പറഞ്ഞത്..അത്രയും നാൾ നിന്റെ ഭാര്യയെ പിരിഞ്ഞു നില്ക്കാൻ നിന്നെ കൊണ്ട് പറ്റുമോ?" ഹരിയുടെ കളിയാക്കൽ ദേവൻ പൂർണമായും അവഗണിച്ചു. പക്ഷെ ഇവിടെ തത്ക്കാലം ആണുങ്ങൾ ആരെങ്കിലും ഉള്ളത് നല്ലതാണെന്ന അവന്റെ വാദം ശരിയാണെന്നു ദേവനും തോന്നി. ജോലിയും കൂലിയും ഒന്നുമില്ലാത്ത കൊണ്ട് തനിക്കു ഇവിടെ നിൽക്കാമല്ലോ.. അതാണ് എല്ലാവരുടെയും കണക്കു കൂട്ടൽ. ഒന്ന് ആലോചിച്ചിട്ട് പറയാമെന്നു പറഞ്ഞു ദേവൻ വീണ്ടും ചിന്തയിൽ മുഴുകി. ഹോസ്പിറ്റലിന്റെ വരാന്തയിലെ ജനലിലൂടെ ദേവനോട് യാത്ര പറയുന്ന അപ്പച്ചിയെയും കൊച്ചച്ചനെയും ഹരിയേയും ആമി കണ്ടു. ദേവനോട് ആമിയുടെ കൂടെ ഇവിടെ നില്ക്കാൻ പറയാമെന്നു അപ്പച്ചി പറഞ്ഞപ്പോൾ അവൻ ഒരിക്കലും അതിനു സമ്മതിക്കില്ലെന്ന് അവൾക്കു ഉറപ്പായിരുന്നു.

അത് കൊണ്ട് തന്നെ അവൻ ഇവിടെ നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ അവൾ ഞെട്ടി പോയിരുന്നു. എന്ത് കൊണ്ട് അവൻ ഇവിടെ നില്ക്കാൻ സമ്മതിച്ചു എന്ന് എത്ര ആലോചിച്ചിട്ടും ആമിക്കു മനസിലായില്ല. ഹരി പഴ്സിൽ നിന്നും തന്റെ എ ടി എം കാർഡ് എടുത്തു ദേവന് നേരെ നീട്ടി. എന്തിനാണെന്ന മട്ടിൽ ദേവൻ ഹരിയെ നോക്കി " ഹോസ്പിറ്റൽ അല്ലെ?? ഇവിടെ ചിലവുണ്ടാവില്ലേ?? നീ തത്ക്കാലം കയ്യിൽ വച്ചോ" " വേണ്ട.. ഇവിടുത്തെ ചിലവിനു ഉള്ളതൊക്കെ എന്റെ കയ്യിലുണ്ട്" ഹരിയുടെ സംശയം നിറഞ്ഞ നോട്ടം കണ്ടപ്പോൾ ദേവൻ ദേഷ്യപ്പെട്ടു " എന്താ .. എന്റെ കയ്യിൽ പൈസ ഉണ്ടാവാൻ പാടില്ലേ??" കൂടുതൽ പറയാൻ നിന്നാൽ ദേവൻ കലിപ്പാവുമെന്നു അറിയാവുന്ന ഹരി കാർഡ് തിരിച്ചു പഴ്സിൽ തന്നെ വെച്ചൂ. "ഡാ.. ആമി രാവിലെ മുതൽ ഒന്നും കഴിച്ചതല്ലാ ..

എന്തെങ്കിലും കൊണ്ട് പോയി വാങ്ങി കൊടുക്കണേ" ടാക്സിയിലേക്കു കയറുമ്പോൾ ജാനകി അവനെ ഓർമിപ്പിച്ചു. ദേവൻ തലയാട്ടി. ഹോസ്പിറ്റലിൽ ആവശ്യം വന്നാലോ എന്നോർത്ത് അവർ കാർ ദേവന്റെ അടുത്ത് ഇട്ടിട്ടു ടാക്സി എടുത്താണ് തിരിച്ചു എറണാകുളത്തേക്കു പോയത്. അവർ പോയി കഴിഞ്ഞപ്പോൾ ദേവൻ തിരിച്ചു ഹോസ്പിറ്റലിനുളിലേക്കു പോന്നു . ഇവിടെ നിൽക്കണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചാണ് തീരുമാനിച്ചത്. അവിടെ അൻവർ അലി ഇരട്ടകൊലപാതകങ്ങളുടെ കേസിലെ പിടി മുറുക്കുന്നുണ്ടാവും.. കുറച്ചു ദിവസം അവിടുന്ന് ഒന്ന് മാറി നിൽക്കുന്നത് നല്ലതാണു.ആവശ്യമില്ലാതെ അയാളുടെ മുന്നിൽ പോയി ചാടി കൊടുക്കണ്ടല്ലോ.. പരുന്തിനെയും മറ്റും വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവരും അതേ അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവനു അറിയാമായിരുന്നു അവൻ നില്ക്കാൻ തീരുമാനിച്ചതിന്റെ കാര്യം അതൊന്നും അല്ലായെന്നു.

ഒരുപക്ഷെ ആമിയോടൊപ്പം അവളുടെ ഭർത്താവായി സമയം ചിലവഴിക്കാൻ തനിക്കു കിട്ടുന്ന അവസാനത്തെ അവസരമായിരിക്കും ഇത്.. അത് വിട്ടു കളയാൻ അവനു തോന്നിയില്ല. അവൻ ചെല്ലുമ്പോൾ ആമി ഐ സി യൂ വിനു മുന്നിലെ കസേരകളൊന്നിൽ ഇരിക്കുകയായിരുന്നു. തൊട്ടപ്പുറത്തു ഹോം നഴ്സും ഉണ്ട്. അവൻ ചെന്ന് ഹോം നഴ്സിനോട് അവരുടെ വീട്ടിലേക്കു പൊയ്ക്കോളാൻ പറഞ്ഞു. തത്ക്കാലം ഹോസ്പിറ്റലിൽ ദേവനും ആമിയും മതിയല്ലോ.. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കുമ്പോൾ അറിയിക്കാമെന്നും അപ്പോൾ വീട്ടിലേക്കു വന്നാൽ മതിയെന്നും പറഞ്ഞാണ് വിട്ടത്. ദേവൻ അവരുടെ അടുത്ത് വന്നു ഹോം നഴ്സിനോട് സംസാരിക്കുന്നത് കേട്ടിട്ടും ആമി മൈൻഡ് ചെയ്യാതെ ഇരുന്നതേ ഉള്ളു. ഹോം നേഴ്സ് പോയിക്കഴിഞ്ഞപ്പോൾ അവൻ ആമിയോട് പറഞ്ഞു " എണീറ്റ് വാ.. നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം" " എനിക്ക് വേണ്ട" " രാവിലെ മുതൽ ഒന്നും കഴിച്ചില്ലലോ..

ഇവിടുത്തെ കാന്റീൻ രാത്രി എട്ടു മണി വരെയേ ഉള്ളു.. ഇപ്പോൾ തന്നെ ഏഴു മണി ആയി.. " " എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ.." ദേവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. കുറച്ചൊന്നു താണു കൊടുക്കുമ്പോഴേക്കും പെണ്ണ് അഹങ്കാരം കാണിക്കയാണ്. " അവസാനമായിട്ടു ചോദിക്കുവാ.. നീ കഴിക്കാൻ വരുന്നുണ്ടോ?" " അവസാനമായിട്ടു പറയുവാ.. എനിക്ക് ഭക്ഷണം വേണ്ട" " ശെരി.. എന്നാൽ നീ ഇവിടെ പട്ടിണി കിടന്നോ.. നിന്നെയും നോക്കി പട്ടിണി കിടക്കാനൊന്നും എന്നെ കിട്ടില്ല" "എനിക്ക് വേണ്ടി പട്ടിണി കിടക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല " അതും പറഞ്ഞു അവൾ മുഖം തിരിച്ചിരുന്നു . " നീ പട്ടിണി കിടന്നു ചാവ് .. എനിക്കെന്താ?" ഒരു നിമിഷം കൂടി ദേഷ്യത്തോടെ അവളെ തന്നെ നോക്കിയിട്ടു അവൻ തിരിഞ്ഞു ക്യാന്റീനിലേക്കു നടന്നു.

ക്യാന്റീനിൽ ഇരിക്കുമ്പോഴും അവനിൽ ചെറുതായി ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വെയ്റ്റർ അവൻ ഓർഡർ ചെയ്ത ചോറും കറികളും കൊണ്ട് വന്നു. രാവിലെ മുതൽ ഒന്നും കഴിക്കാതെ അവനും പട്ടിണി ആയിരുന്നെങ്കിലും ഐ സി യുവിന് മുന്നിൽ തന്നോടുള്ള വാശിയുടെ പേരിൽ ഒന്നും കഴിക്കാതെ പട്ടിണിയിരിക്കുന്ന ആമിയെ പറ്റി ഓർത്തപ്പോൾ അവനും കഴിക്കാൻ പറ്റിയില്ല. കുറച്ചു നേരം കൂടി ചോറിനു മുന്നിൽ ഇരുന്ന ശേഷം നാശം എന്ന് പിറുപിറുത്തു കൊണ്ട് ഒരു വറ്റു ചോറ് പോലും കഴിക്കാതെ അവൻ ഇറങ്ങി പോയി. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ആമിയുടെ വിശപ്പിന്റെ കാഠിന്യവും കൂടി വന്നു. ദേവനോടുള്ള വാശിയുടെ പുറത്താണ് ഭക്ഷണം വേണ്ടാന്ന് പറഞ്ഞത്. പക്ഷെ ഇപ്പോൾ വിശപ്പ് സഹിക്കാൻ പറ്റുന്നില്ല.

ഇന്നലെ രാത്രിയിൽ കഴിച്ച അത്താഴമാണ്‌ കാര്യമായി ഇതിനു മുൻപ് എന്തെങ്കിലും കഴിച്ചത്. പിന്നെ ഇത് വരെയുള്ളതു രാവിലെ കുടിച്ച ഒരു ചായയും. അവൾ കുറച്ചു മാറി ഒരു കസേരയിൽ മൊബൈലിൽ കുത്തി ഇരിക്കുന്ന ദേവനെ നോക്കി. " ദുഷ്ടൻ.. വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ഉടനെ തനിയെ പോയി കഴിച്ചിട്ടു വന്നിരിക്കുന്നു.. അല്ലെങ്കിലും.. ഞാൻ പട്ടിണി കിടന്നാൽ അയാൾക്കിപ്പോ എന്ത്...അമ്മൂമ്മയുടെ മുന്നിൽ വച്ച് മാത്രം എന്തായിരുന്നു അഭിനയം.." അവൾ സ്വയം പറഞ്ഞു കൊണ്ട് കെറുവിച്ചു.. " ഈശ്വര.. ഈ വിശപ്പ് സഹിക്കാൻ പറ്റുനില്ലലോ" കാന്റീൻ എവിടെയാണെന്ന് ആരോടെങ്കിലും ചോദിച്ചു മനസിലാക്കിയാൽ തനിയെ ആണെങ്കിലും പോയി എന്തെങ്കിലും കഴിക്കാമായിരുന്നു. നഴ്സുമാരോട് ആരോടേലും ചോദിച്ചാലോ??

അപ്പോഴാണ് ദേവൻ നേരത്തെ പറഞ്ഞ കാര്യം ഓര്മ വന്നത്... കാന്റീൻ എട്ടു മണി വരെയേ ഉള്ളു.. അവൾ മൊബൈലിൽ സമയം നോക്കി...ഒൻപതര കഴിഞ്ഞു..അപ്പൊ ആ പ്രതീക്ഷയും അസ്തമിച്ചു.. പുറത്തെവിടെയെങ്കിലും പോയി കഴിക്കാമെന്നു വച്ചാൽ ഈ രാത്രി ഒറ്റയ്ക്ക് പറ്റില്ല..ആരോടെങ്കിലും പറഞ്ഞു ഇങ്ങോട്ടു വരുത്തിയാലോ എന്നോർത്തപ്പോളാണ് അതിനു മറ്റൊരു പ്രശ്നം കൂടി ഉണ്ടല്ലോ എന്നോര്മ വന്നത്.. അമ്മൂമ്മക്ക്‌ അസുഖമാണെന്ന് പറഞ്ഞു ഓടി ഇറങ്ങായ് പോന്നപ്പോൾ ആകെ കയ്യിലെടുത്ത് ഒരു മൊബൈൽ മാത്രമാണ്. പേഴ്സ് ഇപ്പോളും വീട്ടിലാണ്..അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു .. ഇനിയിപ്പോൾ പട്ടിണി തന്നെ ശരണം..

അവൾ ഒന്നുകൂടി ദേവനെ നോക്കി.. ഇപ്പോളും മൊബൈലിൽ തന്നെയാണ്.. "അതിനകത്തു എന്താണാവോ ഇത്രയ്ക്കു വച്ചിരിക്കുന്നത്?" തത്ക്കാലം നേരം വെളുക്കട്ടെ.. രാവിലെ വരെ ഈ വിശപ്പും കൊണ്ട് എങ്ങനെ തള്ളി നീക്കും എന്ന് ആലോചിച്ചു കൊണ്ട് അവൾ കസേരയിലേക്ക് ചാരി കണ്ണടച്ച് കിടന്നു. " വിശക്കുന്നെങ്കിൽ വാ..പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം.." തൊട്ടടുത്ത് നിന്ന് അവന്റെ ശബ്ദം കേട്ടപ്പോൾ ആമി കണ്ണ് തുറന്നു അവനെ നോക്കി.അവൾ എന്താവും പറയാൻ പോകുന്നത് എന്നോർത്ത് ദേവനും അവളെ നോക്കി നിന്നു ..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story