ദേവാസുരം: ഭാഗം 13

Devasuram nila

രചന: നിള നിരഞ്ജൻ

സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി. ഭാഗം 13 പറഞ്ഞ പോലെ തന്നെ അമ്മൂമ്മയെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് പോന്നു . ഹരിയും ജാനകിയുമൊക്കെ ദിവസത്തിൽ രണ്ടു പ്രാവശ്യമൊക്കെ വച്ച് ദേവനെയോ ആമിയെയോ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാൽ അമ്മൂമ്മ ഹോസ്പിറ്റലിൽ ആയിട്ടു ആകെ ഒരു തവണ മാത്രമാണ് സോമൻ ചെറിയച്ഛൻ വിളിച്ചത്. ഗീത ചിറ്റ പിന്നെ വിളിച്ചത്തെ ഇല്ല. എന്നാലൂം അമ്മൂമ്മ ചോദിക്കുമ്പോൾ എല്ലാരും വിളിക്കാറുണ്ടെന്നു മാത്രം ആമി പറഞ്ഞു. അമ്മൂമ്മയേയും ഡിസ്ചാർജ് ആക്കി തറവാട്ടിലേക്ക് വന്നു കയറുമ്പോൾ ദേവൻ ആ വീട് ആകെ ഒന്ന് നോക്കി കാണുകയായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഡൽഹിയിലേക്ക് പോയതാണ്., പിന്നെ ഇങ്ങോട്ടേക്കു വന്നിട്ടേ ഇല്ല..മുത്തശ്ശൻ മരിച്ചപ്പോൾ പോലും താൻ ഒന്ന് വന്നില്ല.. അതൊക്കെ ശരിയായില്ലാന്നു ഇപ്പോൾ തോനുന്നു..

തങ്ങൾ കളിച്ചു വളർന്ന മുറ്റവും ആ വലിയ മാവുമൊക്കെ ദേവൻ വെറുതെ നോക്കി നിന്നു. കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ടു അവൻ വീടിനകത്തേക്ക് കയറി പണ്ട് താനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി. എല്ലാം വൃത്തിയായി തന്നെ വച്ചിരിക്കുന്നു.. ഹരി വല്ലപോഴുമൊക്കെ അമ്മയോടൊപ്പം വരുമ്പോൾ ഇവിടെ തന്നെയാണ് നിൽക്കാറെന്ന് പറയാറുണ്ട്..അവൻ ഫാൻ ഓൺ ചെയ്തു കട്ടിലിൽ വന്നിരുന്നു.. പഴയ ഓർമ്മകൾ..ആ ഓർമകളെ താലോലിച്ചു കൊണ്ട് അവൻ കിടക്കയിലേക്ക് ചാഞ്ഞു. അമ്മൂമ്മയെ മുറിയിൽ കൊണ്ട് കിടത്തി ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി അവൾ അടുക്കളയിലേക്കു കയറി. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കിയ കാര്യം ഹോം നഴ്സിനെയും വിളിച്ചു പറഞ്ഞിരുന്നു. അവർ വൈകുന്നേരത്തേക്കു എത്താമെന്ന് പറഞ്ഞിട്ടുണ്ട്.. വീട്ടു ജോലിക്കു നിർത്തിയിരുന്ന സ്ത്രീ നാളെ തൊട്ടേ വരുള്ളൂ.. അപ്പോൾ താൻ തത്ക്കാലം അടുക്കളയിൽ കയറുകയേ നിവർത്തിയുള്ളു..ഇന്നത്തേക്ക് തത്കാലം ഒരു കഞ്ഞിയിൽ ഒതുക്കാം.. അടുക്കളപ്പണി ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒരു നേരമായി. അവൾ വേഗം കഞ്ഞിയുമായി അമ്മൂമ്മയുടെ മുറിയിലെത്തി. കഞ്ഞിയും മരുന്നും കൊടുത്തു അവൾ പോകാനായി എഴുനേറ്റപ്പോഴാണ് " ദേവൻ എന്തിയെ മോളെ? അവനു വല്ലതും കൊടുത്തോ നീയ് ?വന്നതിൽ പിന്നെ അവനെ കണ്ടേ ഇല്ലാലോ?" അപ്പോഴാണ് അങ്ങനെ ഒരാൾ കൂടെ ഉണ്ടല്ലോ എന്ന് അവൾ ഓർക്കുന്നത് തന്നെ.

പറഞ്ഞ പോലെ വന്ന ശേഷം ദേവനെ കണ്ടേ ഇല്ല.. " ഞാനും കണ്ടില്ല അമ്മൂമ്മേ.. ഒന്ന് നോക്കട്ടെ.. അമ്മൂമ്മ കിടന്നോളു" അതും പറഞ്ഞു അവൾ പുറത്തേക്കിറങ്ങി. ഹാളിലും പുറത്തുമൊക്കെ നോക്കിയെങ്കിലും അവനെ കണ്ടില്ല. അതോടെ അവൾക്കു ചെറിയൊരു പേടിയും തോന്നി. ഇനി അമ്മൂമ്മ വന്നത് കൊണ്ട് പറയാതെ പൊയ്ക്കാണുമോ?? " ഏയ് .. കാർ കിടപ്പുണ്ടല്ലോ? കാർ എടുക്കാതെ പോകുമോ? പിന്നെ എവിടെ പോയി?" അങ്ങനെ തപ്പി വന്നപ്പോളാണ് പണ്ട് അവനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കിടന്നു ഉറങ്ങുന്ന ദേവനെ കണ്ടതും അവൾക്കു വല്ലാത്ത ആശ്വാസം തോന്നി. "ഉറങ്ങുമ്പോൾ എന്ത് പാവമാണ് ഈ മനുഷ്യൻ" പതിയെ ചെന്ന് അവന്റെ ചുമലിൽ കുലുക്കി വിളിച്ചു " ദേവേട്ടാ അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി. എവിടെയാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു . അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു " അമ്മൂമ്മക്ക്‌ എങ്ങനുണ്ട്?" " കുഴപ്പമില്ല.. കഞ്ഞിയും മരുന്നും കഴിച്ചു.. ദേവേട്ടന് കഴിക്കണ്ട?" " കഴിക്കാം.. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം" അവൻ കുളിക്കാൻ കയറിയപ്പോഴേക്കു അവൾ രണ്ടാൾക്കും കഞ്ഞി വിളമ്പി വച്ചു . ഇത് വരെ ഭക്ഷണം കഴിക്കുമ്പോൾ അവനു വേണ്ടി കാത്തിരിക്കുന്ന ശീലം ഇല്ലെങ്കിലും ഇന്നെന്തോ അവൻ വരാതെ കഴിക്കാൻ തോന്നാത്ത കൊണ്ട് അവൾ വരുന്നതും നോക്കിയിരുന്നു. ദേവൻ കുളിച്ചു വന്നു അവനു വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.

എറണാകുളത്തെ വീട്ടിൽ കഞ്ഞി പതിവില്ലാത്ത കൊണ്ട് കഞ്ഞി കാണുമ്പോൾ അവൻ എന്തെങ്കിലും പറയുമോ എന്ന് വിചാരിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഭകഷണം മുഴുവൻ അവർ രണ്ടു പേരും മൗനമായിരുന്നു കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ അവന്റെ പ്ലേറ്റ് അവൻ തന്നെ എടുക്കാൻ തുടങ്ങിയെങ്കിലും അവൾ ഞാൻ കഴുകി വച്ചോളാം എന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് പോയി. വൈകുന്നേരം ആയപ്പോഴേക്കും ഹോം നേഴ്സ് എത്തി അമ്മൂമ്മയുടെ ജോലികൾ എല്ലാം ഏറ്റെടുത്തു. ദേവൻ ഊണ് കഴിഞ്ഞും തന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. സന്ധ്യ ആയപ്പോൾ ആമി മേല്കഴുകി വിളക്ക് വച്ചു . അത്താഴം കഴിഞ്ഞു പാത്രങ്ങൾ കഴുകി വയ്ക്കുമ്പോഴാണ് ദിവ്യ( ഹോം നേഴ്സ്) വന്നു അമ്മൂമ്മ വിളിക്കുന്നു എന്ന് പറഞ്ഞത്. അവൾ അമ്മൂമ്മയുടെ മുറിയിൽ ചെന്നപ്പോൾ ദേവൻ അവിടെ അമ്മൂമ്മയുടെ അടുത്ത് ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.. അവൾ വന്നപ്പോൾ പെട്ടെന്ന് അവർ സംസാരം നിർത്തി. സംശയത്തോടെ നിന്ന അവളെയും അമ്മൂമ്മ അടുത്തേക്ക് വിളിച്ചു ഇരുത്തി. " ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ നിങ്ങളെ രണ്ടാളെയും ഇങ്ങോട്ടു വിളിപ്പിച്ചത്" അവർ രണ്ടാളും എന്താണെന്ന അര്ഥത്തിൽ അമ്മൂമ്മയെ നോക്കി. " ഇവിടുന്നു കുറച്ചു മാറി നമ്മുടെ കുടുംബക്ഷേത്രം ഉണ്ട്..നിനക്കറിയില്ലേ കുട്ടി?"

അറിയാമെന്നു ആമി തലയാട്ടി. " ശിവനും പാർവതിയും ചേർന്നുള്ള പ്രതിഷ്ഠ ആണ് അവിടെ.. അതു കൊണ്ട് തന്നെ ദമ്പതികൾ ഒരുമിച്ചു പോയി പ്രാർത്ഥിക്കേണ്ട അമ്പലമാണ്..വിരുന്നിനു വരുമ്പോൾ നിങ്ങൾ നാലാളെയും കൂടി അവിടെ പറഞ്ഞു വിട്ടു ചില വഴിപാടുകളൊക്കെ കഴിപ്പിക്കണമെന്നു കരുതി ഇരുന്നത്.. പക്ഷെ നിങ്ങളാരും ഇങ്ങോട്ടേക്കു വന്നിലാലൊ " ദേവനും ആമിയും മുഖം കുനിച്ചു ഇരുന്നതേ ഉള്ളു. " എന്തായാലും നിങ്ങള് രണ്ടാളും വന്ന സ്ഥിതിക്ക് നാളെ രാവിലെ അവിടെ പോണം.. തൊഴണം..ഞാൻ പറയുന്ന വഴിപാടുകളും കഴിക്കണം.. ഹരിയും ആതിയും ഇനി എപ്പോളാ വരുന്നെന്നു വച്ചാൽ അപ്പോൾ പോകട്ടെ" അവർ രണ്ടാളും പോകാമെന്നു തലയാട്ടി. " അപ്പോൾ പിന്നെ പുലർച്ചെ പുറപ്പെടേണ്ട? രണ്ടാളും പോയി കിടന്നോ" ദേവൻ പോയ്കഴിഞ്ഞും തന്റെ മുറിയിൽ നിൽക്കുന്ന ആമിയെ നോക്കിയാണ് അമ്മൂമ്മ ചോദിച്ചത് " നീയെന്താ കുട്ടി ഇവിടെ തന്നെ നിൽക്കുന്നെ? ദേവന്റെ കൂടെ ചെല്ലു " " അല്ല.. ഞാൻ അമ്മൂമ്മയുടെ കൂടെ.." മുത്തശ്ശന്റെ മരണ ശേഷം അവൾ കിടപ്പു അമ്മൂമ്മയുടെ കൂടെ ആക്കിയതായിരുന്നു. " എന്റെ കൂടെ കിടക്കാനും എന്റെ കാര്യങ്ങൾ നോക്കാനും അല്ലെ ഇവിടെ ദിവ്യ ഉള്ളത്.. നീ ദേവന്റെ കൂടെ ചെല്ലു .. ഒരുപാടു നാൾക്കു ശേഷം അല്ലെ അവനിവിടെ വരുന്നത്..

ഒന്നും പരിചയമുണ്ടാവില്ല" അവൾ പോയിക്കഴിഞ്ഞപ്പോൾ സാവിത്രി ദേവി ഒന്ന് ദീർഘനിശ്വാസം വിട്ടു.. " ഇപ്പോഴത്തെ കുട്ടികളെ കൊണ്ട് തോറ്റു പോവുകയേ ഉള്ളു" ആമി ഒരു കപ്പിൽ വെള്ളവുമെടുത്തു വല്ലാത്ത ഒരു വൈക്ളബ്യത്തോടെ ദേവന്റെ മുറിയിലേക്ക് നടന്നു. വേറെ ഏതെങ്കിലും ഒരു മുറിയിൽ പോയി കിടന്നാലോ എന്ന് പോലും ആലോചിച്ചു..അമ്മൂമ്മ അറിഞ്ഞാലോ എന്നോർത്ത് വേണ്ടാന്ന് വച്ച്..ആദ്യരാത്രിയിൽ പോലും ഇല്ലാത്ത ഒരു മടി.. കഴിഞ്ഞ ആറു മാസമായി എന്നും ഒരുമിച്ചു ഉറങ്ങുന്ന ആളുടെ മുറിയിലേക്കു പോകാൻ എന്തിനാണ് പേടിക്കുന്നത്.. ഭാര്യയായി കഴിഞ്ഞിരുന്നപ്പോൾ പോലും ദേവേട്ടൻ ഒന്നിനും വന്നിട്ടില്ല..പിരിയാൻ പോകുമ്പോൾ പിന്നെ വരുമോ? ആമി മുറിയിലേക്ക് ചെന്നപ്പോൾ ഫോണിൽ ആയിരുന്ന ദേവൻ അമ്പരന്നു ആമിയെ നോക്കി " ഇവിടെ കിടക്കാൻ അമ്മൂമ്മ പറഞ്ഞു" "ഒഹ്‌ " അവൻ വീണ്ടും ഫോണിലേക്കു തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ അവളുടെ നേരെ നീട്ടി "അമ്മയാ .. നിന്നോട് സംസാരിക്കണമെന്ന്" അവൾ ഫോൺ വാങ്ങി സംസാരിക്കുന്ന കൂട്ടത്തിൽ നാളെ കുടുംബക്ഷേത്രത്തിൽ പോകുന്ന കാര്യവും പറഞ്ഞു. അത് കേട്ടപ്പോൾ ജാനകിക്കു സന്തോഷമായി "നന്നായി മോളെ..വളരെ ശക്തിയേറിയ പ്രതിഷ്ഠ യാണ് അവിടെ..അവിടെ ഒരുമിച്ചു പോയി പ്രാർത്ഥിക്കുന്ന ദമ്പതികൾ ജന്മങ്ങളിലേക്കു ഒരുമിക്കുമെന്നാണ് പറയപ്പെടുന്നത്. നന്നായി പ്രാർത്ഥിച്ചു വാ" ഈ ജന്മത്തിലേ പിരിയാൻ നിക്കുവാണ്‌ .

. അപ്പോഴാണ് ഇനി വരും ജന്മങ്ങളിൽ..എല്ലാം അറിയുമ്പോൾ അമ്മൂമ്മയും അപ്പച്ചിയുമൊക്കെ എത്രത്തോളം വിഷമിക്കും എന്നോർത്തപ്പോൾ അവൾക്കും വിഷമമായി. എന്തായാലും അറിയുമ്പോൾ അറിയട്ടെ..അവൾ ഫോൺ ദേവന് തിരികെ കൊടുത്തു പതിവ് പോലെ കട്ടിലിൽ കയറി ഒരു വശം തിരിഞ്ഞു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ദേവനും വന്നു ആമിയുടെ അപ്പുറം കിടന്നു. ഓരോന്നോർത്തു രണ്ടു പേരും എപ്പോഴൊക്കെയോ ഉറങ്ങി പോയി . പിറ്റേ ദിവസം ആമി നേരത്തെ തന്നെ എഴുനേറ്റു കുളിച്ചു അമ്മൂമ്മക്കും ദിവ്യക്കുമുള്ള കാപ്പി ഒക്കെ ഉണ്ടാക്കി വച്ചു .. ഉച്ചക്കത്തെ ഭക്ഷണം പിന്നെ പ്രശ്നമില്ല.. അപ്പോഴേക്കും ജോലിക്കു നിൽക്കുന്ന ചേച്ചി വരും.. ഇടയ്ക്കു അവൾ പോയി ദേവനെ വിളിച്ചുണർത്തി ചായയും കൊടുത്തു. അമ്മൂമ്മ പറഞ്ഞതു അനുസരിച്ചു അവനു അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനായി മുത്തശ്ശന്റെ ഒരു കസവു മുണ്ട് എടുത്തു കൊടുത്തു. ശേഷം തനിക്കു ഒരുങ്ങാനായി അവൾ മറ്റൊരു മുറിയിലേക്ക് പോയി.. ദേവൻ കുളിച്ചു ഡ്രസ്സ് മാറി ഹാളിലോട്ടു വന്ന അതെ സമയത്താണ് ആമിയും മുറിയിൽ നിന്ന് ഒരുങ്ങി ഇറങ്ങിയത്. ഒരു നിമിഷം രണ്ടു പേരും അന്യോന്യം നോക്കി നിന്ന് പോയി.

താൻ കൊണ്ട് വച കസവു മുണ്ടും അതിനു മാച്ച് ചെയ്യുന്ന ഇളം മഞ്ഞ നിരതിൽ ചെറിയ ഡിസൈൻ ഉള്ള ഷർട്ടുമാണ് അവന്റെ വേഷം. കല്യാണത്തിന് ശേഷം ആദ്യമായാണ് ദേവനെ അവൾ മുണ്ടുടുത്തു കാണുന്നത്..കല്യാണത്തിന്റെ അന്നത്തെ തന്റെ മനസികാവസ്ഥക്കു അവനെ ഒന്ന് ശരിക്കു നോക്കിയത് കൂടെയില്ല.. അവന്റെ ഉയരത്തിനും ശരീരപ്രകൃതിക്കും ആ വേഷം നന്നായി ചേരുന്നുണ്ട്... ചെക്കൻ നല്ല ചുള്ളനായിരിക്കുന്നു..അതെ സമയം ദേവനും ആമിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു..നല്ല നാടൻ കസവു സെറ്റ് മുണ്ടിൽ അവൾ അതീവ സുന്ദരിയായിരുന്നു. ഒരുക്കങ്ങൾ തീരെയില്ല.. കണ്ണിൽ കരിമഷി, നെറ്റിയിൽ ചെറിയ കറുത്ത പൊട്ടു, സിന്ദൂരം.. മുടി കുറച്ചെടുത്തു മെടഞ്ഞു ബാക്കി വിടർത്തിയിട്ടിരിക്കുന്നു.. അവളുടെ ലാളിത്യം നിറഞ്ഞ സൗന്ദര്യം മുഴുവനായും അങ്ങ് ഒപ്പിയെടുക്കാനാണ് അവനു തോന്നിയത്.. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് തങ്ങൾ ഇരുവരും അന്യോന്യം മതി മറന്നു നോക്കി നിൽക്കുകയാണെന്ന് അവർക്കു രണ്ടു പേർക്കും ബോധം വന്നത്.. പെട്ടെന്നു തന്നെ രണ്ടാളും നോട്ടം മാറ്റി.. " ഞാൻ അമ്മൂമ്മയോടു പറഞ്ഞിട്ട് വരാം" " ഞാൻ വണ്ടി ഇറക്കി ഇടാം" ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു വീട്ടിൽ നിന്നു . അമ്പലത്തിലേക്കുള്ള യാത്രയിൽ രണ്ടാളും നിശ്ശബ്ദരായിരുന്നു. പക്ഷെ ഇടയ്ക്കിടെ മറ്റേ ആളുടെ നേരെ പാളി പോകുന്ന നോട്ടത്തെ നിയന്ത്രിക്കാൻ രണ്ടാൾക്കും കഴിയുന്നുണ്ടായിരുന്നില്ല.

അത് പോലെ തന്നെ തങ്ങൾ ഒരുമിച്ചു ആദ്യമായി ചെയ്യുന്ന ഈ യാത്ര ചിലപ്പോൾ അവസാനത്തേതും ആയിരിക്കും എന്ന വിചാരും രണ്ടാളുടെയും ഉള്ളിൽ വിങ്ങലും ഉണ്ടാക്കി. അമ്പലത്തിൽ എത്തി ദേവൻ വണ്ടി തണലുള്ള ഒരിടം നോക്കി പാർക്ക് ചെയ്തു. " പോയി തൊഴുതിട്ടു വാ.." അവൾ മനസിലാകാത്ത പോലെ അവനെ നോക്കി " ഞാൻ വരുന്നില്ല.. ഞാൻ അമ്പലത്തിൽ ഒന്നും പോകാറില്ല" " പക്ഷെ രണ്ടാളും കൂടി ഒരുമിച്ചു തൊഴണം എന്നല്ലേ അമ്മൂമ്മ പറഞ്ഞത്.. എന്നിട്ടു ദേവേട്ടൻ വന്നില്ലെന്ന് അറിഞ്ഞാൽ " " അതിനു അമ്മൂമ്മ അറിഞ്ഞാലല്ലേ ?" ആമി അവനെ ദേഷ്യപ്പെട്ടു ഒന്ന് നോക്കി "അല്ലെങ്കിലും അസുരന്മാർക്കു എന്ത് അമ്പലവും ദൈവങ്ങളും" എന്ന് പിറുപിറുത്തു കൊണ്ട് അവൾ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കാതെ അമ്പലത്തിന്റെ നടകൾ കയറി തുടങ്ങി. അമ്പലമുറ്റത്തു എത്തിയപ്പോൾ അവൾ അവിടെ നിന്ന് ചുറ്റും നോക്കി.അമ്മൂമ്മയുടെയും മുത്തശ്ശന്റെയുമൊക്കെ ഒപ്പം പല പ്രാവശ്യം വന്നിട്ടുണ്ട് ഇവിടെ .. അപ്പോഴേ ശ്രദ്ധിച്ചിട്ടുള്ളതാണ് ഇത്രയും വലിയ അമ്പലമുറ്റം . കുടുംബക്ഷേത്രമായതു കൊണ്ട് തന്നെ അങ്ങനെ വലിയ തിരക്കൊന്നും ഇല്ല. കൂടാതെ ഇന്ന് പ്രവർത്തിദിവസവുമാണ്.. അവർ എത്തിയപ്പോൾ ഏകദേശം ഉച്ചപൂജയുടെ സമയം ആകാറും ആയിരുന്നു. അത് കൊണ്ട് തിരക്ക് നന്നേ കുറവാണു. അപ്പുറത്തു കുറച്ചു മാറി ഒരു വലിയ ആലിന്റെ അടുത്തായാണ് വഴിപാട് കൌണ്ടർ എന്നാണ് ഓര്മ. ചുറ്റും ഒന്ന് നോക്കിയപ്പോൾ ഓര്മ ശരിയായിരുന്നു എന്ന് മനസിലായി.

അമ്മൂമ്മ പറഞ്ഞു വിട്ട വഴിപാടുകൾ എഴുതിക്കാനായി അവൾ അങ്ങോട്ടേക്ക് നടന്നു. പോകുമ്പോൾ തന്നെ ആളിന്റെ ചുവട്ടിൽ ഇരുന്ന ഇരുപത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന മൂന്നു ചെറുപ്പക്കാരെയും അവരുടെ വഷളൻ നോട്ടവും ചിരിയും ആമി ശ്രദ്ധിക്കാതിരുനില്ല. കൗണ്ടറിൽ അവൾക്കു മുന്നിലായി രണ്ടാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവരുടെ ഊഴം കഴിയാനായി കാത്തു നിൽക്കുമ്പോഴാണ് തന്റെ പിന്നിലൂടെ എന്തോ ഒന്ന് ഉരഞ്ഞതു പോലെ തോന്നിയത്. അവൽ തിരിഞ്ഞു നോക്കിയെങ്കിലും പിറകിൽ ആരും വന്നിട്ടുണ്ടായിരുന്നില്ല. തന്റെ തോന്നലാവും എന്ന് കരുതി അവൾ വീന്ദും തിരിഞ്ഞു നിന്ന്. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ വീണ്ടും അതു പോലെ തന്നെ. ഇത്തവണ അവളുടെ നൊട്ടം ആൽച്ചുവട്ടിലെ ചെറുപ്പക്കാരിലും എത്തി. അതിൽ ഒരുവന്റെ കയ്യിൽ ഒരു കമ്പു കൂടി കണ്ടപ്പോൾ തന്റെ പിറകിൽ ഉരയുന്നതു അത് തന്നെയാണോ എന്ന് അവൾക്കു സംശയം തോന്നി. ഒരു വടി കയ്യിൽ പിടിച്ചിരുന്നു എന്ന് കരുതി എങ്ങനെ ഉറപ്പിക്കും? അവൾ വീണ്ടും തിരിഞ്ഞെങ്കിലും ഇത്തവണ തയ്യാറായി നിന്നു . തന്റെ പിറകിൽ എന്തോ കൊണ്ട് എന്നു തോന്നിയതും അവൾ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.. അവൾ സംശയിച്ച പൊലെ തന്നെ.. അവന്റെ കയ്യിലിരുന്ന കമ്പ് താഴുന്നത് അവൾ കണ്ടു. ചെന്ന് അവനെ ഒരെണ്ണം പൊട്ടിക്കാനാണ് ആദ്യം തോന്നിയത്.. പിന്നെ ഇതൊരു അമ്പലമുറ്റം ആണല്ലോ എന്നോർത്തപ്പോൾ അവൾ വേണ്ടാന്ന് വെച്ചു ..

ഇനി അവന്മാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അമ്പലത്തിൽ ആരോടെങ്കിലും പറയാമെന്നും മനസ്സിൽ വിചാരിച്ചു. എന്നാലും തിരിഞ്ഞു നിൽക്കുന്നതിനു മുന്നേ അവന്മാരെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കാൻ അവൾ മറന്നില്ല. അപ്പോളേക്കും അവളുടെ മുന്നിലുള്ള രണ്ടു പേരും ചീട്ടു എഴുതിച്ചു പോയിക്കഴിഞ്ഞിരുന്നു. അവൾ വേഗം മുന്നിലേക്ക് കയറി നിന്ന്. പക്ഷെ അവൾ കൗണ്ടറിൽ ചീട്ടു എഴുതിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ പിറകിൽ നിന്ന് അവരിൽ ഒരുവൻ എഴുനേറ്റു അവളറിയാതെ അവളുടെ പിറകിൽ വന്നു നിന്നു. അവിടെ വന്നു നിന്ന് അവന്റെ കൂടെയുള്ള രണ്ടു കൂട്ടുകാരെ നോക്കിയപ്പോൾ അവർ അവനെ തംബ്സ് അപ്പ് കാണിച്ചു .അവൻ ഒരു വഷളൻ ചിരിയോടെ ഇതൊന്നുമറിയാതെ നിൽക്കുന്ന ആമിയുടെ പിറകിൽ പിടിക്കാനായി കൈ നീട്ടി. തൊട്ടു പിറകിൽ നിന്ന് ഒരു അലറിക്കരച്ചിൽ കേട്ട് കൊണ്ടു തിരിഞ്ഞു നോക്കിയ ആമി ആ കാഴ്ച കണ്ടു ഞെട്ടി പോയി. നിലവിളിക്കുന്നത് നേരത്തെ ആൽച്ചുവട്ടിൽ ഇരുന്നു തന്നെ ആ മരക്കമ്പും കൊണ്ട് തോണ്ടിയവനാണ്.. അവന്റെ കൈ ഇപ്പോൾ ഓടിക്കും എന്ന മട്ടിൽ തിരിച്ചുപിടിച്ചിരിക്കുകയാണ് ദേവേട്ടൻ.. കൂട്ടത്തിൽ അവനെ കൊല്ലാനുള്ള കലിപ്പ് നോട്ടവും. ആമി പകച്ചു നിൽക്ക്കുമ്പോൾ പെട്ടെന്ന് അവന്റെ കൂട്ടുകാരിലൊരാൾ ദേവന്റെ പിറകിൽ നിന്ന് അവനെ അടിക്കാനായി വന്നു. "ദേവേട്ടാ.."

എന്നുള്ള ആമിയുടെ വിളി മുഴുവനായും പുറത്തേക്കു വരുന്നതിനു മുന്നേ തന്നെ ഒന്ന് തിരിഞ്ഞു പോലുംനോക്കാതെ മറ്റേ കൈ കൊണ്ട് തന്നെ അടിക്കാൻ വരുന്നവന്റെ കഴുത്തിന് പിടിച്ചു ദേവൻ.. തന്റെ രണ്ടു കൂട്ടുകാരും അപകടത്തിൽ പെട്ടത് കണ്ടു ചാടി എണീക്കാൻ തുടങ്ങിയ മൂന്നാമനെ ദേവൻ ഒരു നോട്ടം നോക്കി... അത് മതിയായിരുന്നു അവന്റെ അടുത്തേക്ക് ചെന്നാൽ ശരിയാവില്ല എന്ന് മനസിലാക്കാൻ.. അവൻ തലയും കുനിച്ചു അവിടെ തന്നെ നിന്നു . ആമി മൊത്തത്തിൽ തരിച്ചു നിന്ന് പോയി. അടിപിടി ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ദേവന്റെ അങ്ങനത്തെ ഒരു മുഖം ആദ്യമായാണ് അവൾ കാണുന്നത്. അപ്പോളേക്കും ഒന്നാമന്റെ അലർച്ച കേട്ട് ആൾക്കാരൊക്കെ അവർക്കു ചുറ്റും ഓടി കൂടിയിരുന്നു. അതിൽ ഒരാൾ ദേവന്റെ അടുത്ത് വന്നു " എന്താ ഇവിടെ.. എന്തിനാ താൻ ഈ കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കുന്നെ?" ദേവൻ പക്ഷെ അയാളോട് മറുപടി ഒന്നും പറയാൻ പോയില്ല, അവന്മാരുടെ മേലുള്ള പിടിയും വിട്ടില്ല. പോലീസിനെ വിളിക്കാം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഇനിയും ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് ആമിക്കു തോന്നി. അവൾ അവിടെ അമ്പലത്തിലെ ഒരാൾ എന്ന് തോന്നിയ ഒരു ആളുടെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞു. അവിടെ തൊഴാൻ വന്ന വേറെ രണ്ടു പെണ്ണുങ്ങളും കൂടി അവന്മാരെ പറ്റി പരാതി പറഞ്ഞപ്പോൾ ആമിയെ അവർക്കു വിശ്വാസമായി. എന്നാൽ പിന്നെ പോലീസിനെ വിളിച്ചു വരുത്തി അവന്മാരെ ഏല്പിക്കാം എന്ന് പറഞ്ഞപ്പോഴേക്കും അവന്മാർ കരച്ചിലായി. ഇനി ചെയ്യില്ല.. ഈയൊരു തവണ മാപ്പാക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും ആമിയെ നോക്കി.

അവൾ പതിയെ ദേവന്റെ അടുത്തെത്തി അവന്റെ ചുമലിൽ കൈ വച്ചു " ദേവേട്ടാ.. മതി വിട് .. പ്ളീസ്" അവൻ അവളെ നോക്കി. അവന്റെ കണ്ണിലെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല. എന്നാലും അവൻ രണ്ടാളുടെയും ദേഹത്തുന്നു കൈ എടുത്തു. എന്നിട്ടു ഒന്നാമന്റെ അടുത്തേക്ക് നീങ്ങി.. അവൻ പേടിച്ചു പിറകോട്ടു മാറി..ദേവൻ അവന്റെ തോളിൽ കൈ വച്ചു " ഇനി മേലാൽ ഒരു പെണ്ണിന്റെ അടുത്തും ഇത് പോലത്തെ പോക്രിത്തരം കാണിക്കാൻ പോകരുത്.. പ്രത്യേകിച്ച് എന്റെ പെണ്ണിന്റെ അടുത്ത്.. കേട്ടോടാ" അതും പറഞ്ഞു അവൻ അമ്പലത്തിന്റെ അടുത്തേക്കായി നടന്നു. "എന്റെ പെണ്ണ് പോലും.....കഴിഞ്ഞ ദിവസം എന്നെ വേണ്ട.. പിരിയാം എന്നൊക്കെ പറഞ്ഞിട്ട് എപ്പോൾ മുതലാണ് ഇയാളുടെ പെണ്ണായതു" അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവനു പിന്നാലെ നടന്നു. പാർവതി സമേതനായ ശിവ ഭഗവാന്റെ നടയിൽ നിൽക്കുമ്പോൾ എന്താണ് പ്രാര്ഥിക്കേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു. തന്നിൽ നിന്ന് പിരിയാൻ നിൽക്കുന്ന ഈ മനുഷ്യനുമായി ഒരു നല്ല കുടുംബജീവിതം തരണമെന്ന് എങ്ങനെ പ്രാർത്ഥിക്കും? അവസാനം എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ നടത്താൻ പ്രാർത്ഥിച്ചു കൊണ്ട് അവൾ നിന്നു .

തന്നെ വിഷമിപ്പിച്ചു കൊണ്ടാണെങ്കിൽ പോലും ആമിക്കു നല്ലതു വരാനും അവൾ സന്തോഷമായിരിക്കാനുമാണ് ദേവൻ പ്രാർഥിച്ചത്. പ്രാർത്ഥിച്ചു അമ്മൂമ്മ പറഞ്ഞ വഴിപാടുകളും കഴിച്ചു തിരിച്ചിറങ്ങിയപ്പോഴും ആമിയുടെ മുഖം തെളിഞ്ഞിരുന്നില്ല.. " നീയെന്താ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചേക്കുന്നേ?" തിരികെ പോകാനായി കാറിലേക്ക് കയറുമ്പോഴാണ് ദേവൻ ചോദിച്ചത്. അവൾ ഒന്നും മിണ്ടാതെ ഇരുന്നതേ ഉള്ളു.. " നിന്റെ വായിലെന്താ പഴമാണോ?? ചോദിച്ചത് കേട്ടില്ലേ?" " നാട്ടുകാരുടെ മുന്നിൽ വച്ച് തല്ലുണ്ടാക്കിയാൽ ഞാൻ പിന്നെ എന്താ വേണ്ടേ?" " അത് കൊള്ളാം .. ഇപ്പൊ ഞാൻ തല്ലുണ്ടാക്കിയതാണോ കുറ്റം. ഞാൻ എന്തിനാണു അവരെ തല്ലിയതെന്നു നിനക്ക് അറിയില്ലേ?" " എന്നെ പിടിക്കാൻ വന്നിട്ടല്ലേ.. എന്നെ ആരെങ്കിലും പിടിച്ചാൽ എന്താ ചെയ്യണ്ടെന്നു എനിക്കറിയാം" " ഓ പിന്നെ .. അറിയാം പോലും.. കണ്ടായിരുന്നു.. ഈ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചാലൊന്നും അവന്മാര് പേടിക്കൂല.. അതിനു ഇപ്പൊ കൊടുത്ത് പോലെ നല്ല പെട കൊടുക്കണം" അപ്പൊ താൻ അവന്മാരെ നോക്കി പേടിപ്പിക്കുന്നതൊക്കെ കണ്ടായിരുന്നു. " അമ്പലമുറ്റം ആയതു കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാഞ്ഞതു.." " എടി.. അമ്പലമുറ്റമാണ് ബസ് ആണ് എന്നൊക്കെ പറഞ്ഞു നിന്നെ പോലുള്ളവർ പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നതാണ് ഇവന്മാരെ പോലെ ഉള്ളവന്മാരുടെ ധൈര്യം.. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ആരെങ്കിലും അവളുടെ ദേഹത്ത് തൊട്ടാൽ എവിടെയാണെങ്കിലും പ്രതികരിക്കണം..

അതിനു സ്ഥലവും കാലവും ഒന്നും നോക്കണ്ട.. എന്റെ പെണ്ണിനെ എന്റെ കണ്മുന്നിൽ വച്ച് ഒരുത്തൻ കൈ വച്ചാൽ അമ്പലമാണോ പള്ളിയാണോ എന്നൊന്നും ഞാൻ നോക്കില്ല" ആമിയുടെ കണ്ണുകൾ ജ്വലിച്ചു " ദേവേട്ടൻ കുറെ നേരമായല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് പറയുന്നു.. ഞാൻ എങ്ങനെയ നിങ്ങളുടെ പെണ്ണാവുന്നതു? നിങ്ങള്ക്ക് വേണ്ടാത്തത് കൊണ്ട് ഉപേക്ഷിക്കാൻ നിൽക്കുന്നവൾ ...." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ദേവൻ അവളുടെ കവിളുകൾ രണ്ടും കുത്തി പിടിച്ചു.. " ഇനി ഒരക്ഷരം പോലും മിണ്ടരുത്" അവന്റെ കണ്ണുകളിലെ അഗ്നിക്ക് തന്നെ പൊള്ളിക്കാൻ ഉള്ള കഴിവുണ്ടെന്ന് ആമിക്കു തോന്നി പോയി. പക്ഷെ പിന്മാറാൻ അവളും തയ്യാറായിരുന്നില്ല. കണ്ണുകളിൽ നിറയെ അഗ്നിയോടെ അവളും ആ നോട്ടത്തെ നേരിട്ടു . അവന്റെ പിടിത്തത്തിന്റെ ശക്തിയിൽ അവളുടെ കവിളുകൾ വേദനിക്കുന്നുണ്ടെങ്കിലും തോറ്റു കൊടുക്കിലാണ് ഉറപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തതെന്ന് ബോധ്യം വന്ന പോലെ ദേവൻ തന്നെ കയ്യും കണ്ണുകളും പിൻവലിച്ചു " സോറി.. ഞാൻ പെട്ടെന്ന്.. പോകാം?" " പോകാം" അവൾ ജനലിലൂടെ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു.അവളുടെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു. ആരാണ് ഇയാൾ?

എന്താണ് ഇയാളുടെ മനസ്സിൽ? ചിലപ്പോൾ പറയും അയാളുടെ പെണ്ണാണെന്ന്.. ചിലപ്പോൾ പറയും ഇഷ്ടമില്ലാന്നു.. എന്ത് കൊണ്ടോ ദേവന് തന്നെ ഇഷ്ടമില്ലാന്നു വിശ്വസിക്കാൻ ആമിക്കു പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് അകന്നു മാറി പോകുന്നത്? എന്താണ് ഇയാളുടെ മനസ്സിൽ? ഓരോന്നോർത്തിട്ടു ഭ്രാന്ത് പിടിക്കുന്നത് പോലെയാണ് ആമിക്കു തോന്നിയത്. ദേവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വിട്ടിട്ടു തിരിച്ചു പോകണമെന്ന് കരുതി ഇരുന്നതാണ്. പക്ഷെ അവളെ വിട്ടു പോകാൻ പറ്റുന്നില്ല. അതാണ് ഒരു ദിവസം കൂടി ഒരു ദിവസം കൂടി എന്നു മനസ്സിൽ പറഞ്ഞു ഇവിടെ നിൽക്കുന്നത്. അവളെ പിരിയുന്ന കാര്യം ഓർക്കുമ്പോൾ നെഞ്ച് വിങ്ങുകയാണ്. ഇനിയും ഇവിടെ ഇങ്ങനെ അധിക ദിവസം നിൽക്കാനും പറ്റില്ല. ചെയ്തു തീർക്കാൻ ഇനിയും ഒരുപാടു കാര്യങ്ങൾ ഉണ്ട്. അതിനിടക്ക് തനിക്കു എന്ത് വേണമെങ്കിലും സംഭവിക്കാം.. മരണപ്പെടാം .. അല്ലെങ്കിൽ പിടി വീഴാം..അതിലേക്കൊക്കെ അറിഞ്ഞു കൊണ്ട് എങ്ങനെ അവളെ വലിച്ചിടും? അധികം വൈകാതെ എന്തായാലും തനിക്കു തിരിച്ചു പോകേണ്ടി വരും.. വേദനയോടെ അവൻ ഓർത്തു. രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി. അൻവർ അലി കോഴിക്കോട്ടെ അന്വേഷണം അവസാനിപ്പിച്ചു കൊച്ചിയിൽ തിരിച്ചെത്തിയെന്നു പരുന്തു വിളിച്ചു പറഞ്ഞു ദേവൻ അറിഞ്ഞു. അതിനെ പറ്റി പ്രത്യേകിച്ച് വാർത്തകളൊന്നും മാധ്യമങ്ങളിൽ കാണാത്തതു കൊണ്ട് അവിടുന്ന് പ്രത്യേകിച്ചൊന്നും കിട്ടി കാണില്ല എന്ന് തന്നെ അവർ ആശ്വസിച്ചു. ഈ ഞായറാഴ്ചയോട് കൂടി ഇവിടുന്നു എറണാകുളത്തേക്കു മടങ്ങാം.. അതിനു ശേഷം തങ്ങളുടെ ഓപ്പറേഷന്റെ രണ്ടാം ഘട്ടം തുടങ്ങാം എന്നും തീരുമാനിച്ചു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story