ദേവാസുരം: ഭാഗം 14

Devasuram nila

രചന: നിള നിരഞ്ജൻ

താൻ ഞായറാഴ്ച തിരികെ പോവുകയാണെന്ന് ആമിയോട് പറയാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അമ്മൂമ്മ പുതിയൊരു കാര്യവുമായി വന്നത്. വരുന്ന ദിവസങ്ങൾ രണ്ടാം ശനിയും ഞായറും ആയതു കൊണ്ട് അന്ന് എല്ലാവരോടും തറവാട്ടിലേക്ക് എത്തണമെന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു. ജാനകിയുടെ വീട്ടിലും സോമൻ കൊച്ചച്ചന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. ഹരിയോട് പറ്റുമെങ്കിൽ വരണമെന്ന് പറയാൻ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇത്ര അത്യാവശ്യപ്പെട്ടു എല്ലാവരെയും കൂടി കാണേണ്ട ആവശ്യമെന്നു പറഞ്ഞില്ല . എല്ലാവരോടും എത്തണമെന്ന് മാത്രം പറഞ്ഞു.അവരെല്ലാം വന്നു ഞായറാഴ്ച തിരികെ പോകുമ്പോൾ ആ കൂടെ ദേവനോടും ആമിയോടും തിരികെ പൊയ്ക്കോളാനും പറഞ്ഞു. ഞായറാഴ്ച തിരികെ പോകാനായിരുന്നു ദേവന്റെ പ്ലാനെങ്കിലും ആമി തിരികെ പോകുന്നില്ലാത്തതിനാൽ അപ്പച്ചിയും മറ്റും വരുമ്പോൾ എല്ലാവരോടുമായി തങ്ങൾ പിരിയാൻ തീരുമാനിച്ച കാര്യം പറയാമെന്നു കരുതി അവൾ ഇരുന്നു. എല്ലാവരും കൂടി വരുന്നത് കൊണ്ട് ശനിയാഴ്ച രാവിലെ മുതൽ ആമിയും അടുക്കള പണിക്കും വീട് വൃത്തിയാക്കാനുമൊക്കെ കൂടി. ഉച്ച ആയപ്പോഴേക്കും രണ്ടു കാറുകളിലായി എല്ലാവരും എത്തി. അമ്മൂമ്മ പ്രത്യേകം പറഞ്ഞിരുന്ന കൊണ്ട് തിരക്കുകളൊക്കെ മാറ്റി വച്ചു ഹരിയും എത്തി.ജാനകിയും രവിയും ഹരിയും വന്നപ്പോഴേ ദേവനോടും ആമിയോടും വിശേഷങ്ങൾ ചോദിച്ചെങ്കിലും ബാക്കി ആരും അവരെ കണ്ട ഭാവം പോലും നടിച്ചില്ല.

എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒരു ചെറിയ വിശ്രമവും കഴിഞ്ഞു ചായ കുടിക്കാൻ നേരം ആയപ്പോഴാണ് അമ്മൂമ്മയും വന്നത്. അമ്മൂമ്മക്ക്‌ എന്താവും പറയാനുള്ളത് എന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. " ഞാൻ എല്ലവരോടും കൂടി വരാൻ പറഞ്ഞത് എന്തിനാണ് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ? എനിക്ക് പ്രായമായി.. ഇപ്പോൾ വയ്യാതെയും ആയി.. ഇനിയിപ്പോ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല.. അതു കൊണ്ട് തരാനുള്ളതൊക്കെ എല്ലവർക്കും തരാമെന്നു വച്ചാണ് എല്ലാവരെയും വിളിപ്പിച്ചത്.. വിൽപത്രം ആകിയിട്ടില്ല.. പക്ഷെ ആർക്കൊക്കെ എന്ത് എന്ന് തീരുമാനിക്കാമല്ലോ?" അത് കേട്ടതോടു കൂടി ഗീതയുടെ മുഖം തെളിഞ്ഞു. അച്ഛനും അമ്മയ്ക്കും ആവശ്യത്തിന് സ്വത്തൊക്കെ ഉള്ളതാണ്. ജാനകിയെ കെട്ടിച്ചു വിട്ടത് ആയതുകൊണ്ട് വീടും പറമ്പുമൊക്കെ മകനായ തന്റെ ഭർത്താവിന് ആകുമെന്ന് അവർ കണക്കുകൂട്ടി. അമ്മൂമ്മ ആദ്യം ജാനകിക്കു ഭാഗമായി കൊടുക്കാനിരിക്കുന്ന സ്വത്തുക്കൾ ഏതൊക്കെയെന്നു പറഞ്ഞു. അതിൽ വീടും പറമ്പും ഇല്ലായിരുന്നു എന്ന് കേട്ടപ്പോൾ ഗീതക്ക് സന്തോഷമായി.. അപ്പോൾ അത് തങ്ങൾക്കു തന്നെ.. സ്വത്തിനോട് പണ്ടേ വലിയ ആർത്തിയൊന്നും ഇല്ലാത്ത ജാനകിക്കും രവിശങ്കറിനും കിട്ടിയതിൽ തൃപ്തി ആയിരുന്നു.

" ഇനി സോമനു ഭാഗം വച്ചിരിക്കുന്ന വസ്തുവകകൾ " "അല്ലമ്മേ .. ഇനി ബാക്കിയുള്ളതെല്ലാം സോമൻ ചേട്ടന് ഉള്ളതല്ലേ? പ്രത്യേകിച്ച് പറയണ്ട കാര്യമുണ്ടോ?" ഗീത ഇടയ്ക്കു കയറി ചോദിച്ചു " ഉണ്ട്.. ബാക്കി ഉള്ളതൊക്കെ സോമന് ഉള്ളതാണ്.. പക്ഷെ ഈ വീടും അതിരിക്കുന്ന 10 സെന്റ് സ്ഥലവും ഒഴിച്ച്.. അതു ഞാൻ ആമിക്കാണ് കൊടുക്കാൻ പോകുന്നത്" അത് കേട്ടതും ഗീതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു " ആമിക്കോ..? ഇവിടുത്തെ സ്വത്തുക്കളിൽ അവൾക്കെന്താണ് അവകാശം? അച്ഛൻ എവിടുന്നോ കൊണ്ട് വന്നതാണ് അവളെ.. ഇവിടെ നിർത്തിയപ്പോഴും.. പഠിപ്പിച്ചപ്പോഴും.. കല്യാണം നടത്തിയപ്പോഴും ഒന്നും ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷെ ഈ വീട് ഇവൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല" " ഈ വീടു എന്റെയാണ് ഗീതേ .. അത് ഞാൻ എനിക്കിഷ്ടം ഉള്ളവർക്ക് കൊടുക്കും.. അതിനു ആരുടെയും അനുവാദം എനിക്ക് ആവശ്യമില്ല" " 'അമ്മ എല്ലാം അമ്മയുടെ മാത്രം ഇഷ്ടത്തിനാണെങ്കിൽ പിന്നെ ഇനി ഒരു കാര്യത്തിനും 'അമ്മ ഞങ്ങളെ വിളിക്കരുത്" ഗീത പറഞ്ഞത് കേട്ട് സാവിത്രി ദേവി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അല്ലെങ്കിലും ഏതു കാര്യത്തിനാണ് നിങ്ങൾ വരാറ്? സോമന് എറണാകുളത്തേക്കു ജോലി മാറ്റം കിട്ടിയതിനു ശേഷം എത്ര പ്രാവശ്യം നിങ്ങൾ എന്നെ കാണാൻ വന്നിട്ടുണ്ട്? മാധവേട്ടന്റെ മരണ ശേഷം ഞാൻ ഒറ്റക്കായിട്ടും നിങ്ങൾ വന്നിട്ടുണ്ടോ? അന്നൊക്കെ എന്നെ സ്വന്തം അമ്മൂമ്മയെ പോലെ സ്നേഹിച്ചതും നോക്കിയതും ഇവളാണ്..

എന്നെ നോക്കാൻ വേണ്ടിയാണു ഡിഗ്രി ക്കു ശേഷം ഇവൾ പഠനം പോലും നിർത്തിയത്. അതൊക്കെ പോട്ടെ.. എനിക്ക് ഹാർട്ട് അറ്റാക്ക് ആയി ഹോസ്‌പിറ്റലിൽ ആയി എന്നു അറിഞ്ഞിട്ടു പോലും നീയോ നിന്റെ ഭർത്താവോ ഒന്ന് വന്നോ?ആമി ഇവിടുന്നു കല്യാണം കഴിഞ്ഞു പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇവിടെ പിന്നെ ഒറ്റക്കാണെന്നു നിങ്ങൾക്കറിയില്ലേ? പ്രായമായ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തം മകനില്ലേ ? എന്നെ നിങ്ങളുടെ കൂടെ വിളിക്കാനോ ഞാൻ ഒറ്റയ്ക്ക് ഇവിടെ എങ്ങനെ നിൽക്കുമെന്നോ നിങ്ങൾ അന്വേഷിച്ചോ? ഞാൻ ഇവിടുന്നു വരില്ലന്നു പറഞ്ഞത് കൊണ്ട് ജാനകിയും രവിയും ആണ് എനിക്ക് ഹോം നഴ്സിനെ ആക്കി തന്നത്" ഒന്നിനും ഗീതക്ക് മറുപടി ഇല്ലായിരുന്നു. " ഇത്ര നാളും നിങ്ങളുടെ സഹായം ഇല്ലാതെ ആണ് ഞാൻ കഴിഞ്ഞത്. ഇനിയും അങ്ങനെ തന്നെ ആയിക്കോട്ടെ. ഇതാണ് എന്റെ തീരുമാനം. ഇങ്ങനെയാണ് നടക്കാൻ പോവുന്നത്. അത് പറയാൻ നിങ്ങളെ വിളിപ്പിച്ചു എന്ന് മാത്രം" അതും പറഞ്ഞു അമ്മൂമ്മ എഴുനേറ്റു അകത്തേക്ക് പോയി. 'അമ്മ പോയ്കഴിഞ്ഞതും ഗീത ആമിയുടെ നേരെ ചീറി " തട്ടിയും മുട്ടിയും നിന്ന് നീ ഈ വീട് അടിച്ചെടുത്തു അല്ലെ?" അമ്മൂമ്മ പറഞ്ഞതൊക്ക കേട്ട് ആകെ ഞെട്ടി നിന്ന ആമി ഗീതയുടെ കുറ്റപ്പെടുത്തൽ കൂടി കേട്ടപ്പോൾ വല്ലാതായി "

ഗീതേച്ചി എന്തിനാണ് അവളെ പറയുന്നത്? അമ്മയുടെ തീരുമാനം അല്ലെ ?" ജാനകി ആമിയുടെ പക്ഷം ചേർന്നു . ഇപ്പോൾ അവളെ എന്ത് പറഞ്ഞാലും അവളെ സപ്പോർട് ചെയ്യാൻ ആളുണ്ടാവും എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചവിട്ടി തുള്ളി ഗീത അകത്തേക്ക് പോയി. ജാനകിയുടെ വീട്ടിൽ അവൾക്കു കിട്ടുന്ന പരിഗണന കണ്ടപ്പോഴേ ആമിക്കിട്ടു നല്ല ഒരു പണി കൊടുക്കണമെന്ന് വിചാരിച്ചു ഇരുന്നതാണ്. പക്ഷെ അവസരം ഒന്നും ഒത്തു വന്നില്ല. ഇതിപ്പോ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്.. അവൾക്കു എന്തായാലും ഈ വീട് കിട്ടാൻ പാടില്ല. അമ്മയെ നിര്ബന്ധിപിച്ചു സമ്മതിപ്പിക്കാനൊന്നും കഴിയില്ല.. ജാനകിയും ആമിക്കും ഒപ്പം ഉണ്ട്. പിന്നെയുള്ള വഴി എല്ലാവരും ആമിയെ വെറുക്കുക എന്നതാണ്.. അങ്ങനെ വന്നാൽ പിന്നെ ജാനകി അവളെ നന്ദനത്തിൽ നിന്നും 'അമ്മ ഇവിടെ നിന്നും പുറത്താക്കും. അതിനു എന്തെങ്കിലും ചെയ്യണം. സാവിത്രി അമ്മയുടെ തീരുമാനത്തിന് പ്രതിഷേധം എന്നോണം സോമനും ഗീതയും അപ്പുവും അന്ന് തന്നെ അവിടെ നിന്നു മടങ്ങി. ഗീത ആതിയെയും നിർബന്ധിച്ചു കൂട്ടികൊണ്ടു പോയി. അതിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണ്ടും വഴക്കാവും എന്നോർത്ത് ജാനകിയും ഹരിയും മിണ്ടിയില്ല. പോകുന്ന വഴിയും വീട്ടിലെത്തിയിട്ടുമെല്ലാം ആമിയെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഗീത. എല്ലാവരും ഉറങ്ങിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആമി.

പഴയ ഓർമ്മകൾ എന്ന് പറഞ്ഞു ഹരിയും ദേവനും ഇന്ന് ഒരുമിച്ചു അവരുടെ മുറിയിൽ കിടന്നു. ആമി അവളുടെ പഴയ മുറിയിലും..നാളെ എല്ലാവരോടും എല്ലാം എങ്ങനെ പറയും എന്ന് ഒരു ഊഹവുമില്ല. ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ അവൾ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു.. ഓരോരോ ചിന്തകളിൽ മുഴങ്ങി. തോളിൽ ആരുടെയോ കരസ്പർശം തോന്നിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി " അമ്മൂമ്മ.. അമ്മൂമ്മ ഉറങ്ങിയില്ലേ?" " നീ ഉറങ്ങിയില്ലേ?" " എനിക്ക് ഉറക്കം വന്നില്ല.." " അതെന്താ?? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് പണ്ടത്തെ പോലെ സന്തോഷം ഒന്നുമില്ല.. എപ്പോളും ഒരു ചിന്തയും മറ്റും.. ഇത് വരെ ഞാൻ ചോദിച്ചില്ലന്നെ ഉള്ളു.. ഇനിയിപ്പോ നാളെ നീ പോകുവല്ലേ? എന്താ നീയും ദേവനും തമ്മിൽ വല്ല പ്രശ്നവുമുണ്ടോ?? എന്ത് പറയണമെന്ന് ആമി ആലോചിച്ചു. പിന്നെ അമ്മൂമ്മയോടു ഇപ്പോൾ തന്നെ എല്ലാം പറയാമെന്നു വച്ചു . " ഞാൻ അവരോടൊപ്പം പോകുന്നില്ല" "അതെന്താ? എന്നെ പറ്റി ഓർത്തിട്ടാണോ? അതിനു എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലലോ? പോരാത്തതിന് ദിവ്യയും ഉണ്ട്" " അതല്ല അമ്മൂമ്മേ.. " " പിന്നെന്താ ? നീയും ദേവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?" അവൾ അമ്മൂമ്മയെ നോക്കി. ഉള്ളിൽ അടക്കി പിടിച്ചിരുന്ന വിഷമമൊക്കെ പുറത്തേക്കു വന്നു. കരഞ്ഞു കൊണ്ട് അവൾ കല്യാണം കഴിഞ്ഞു ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം അമ്മൂമ്മയോടു പറഞ്ഞു.

എല്ലാം അമ്മൂമ്മ ശ്രദ്ധയോടും ക്ഷമയോടും കേട്ടിരുന്നു. കുറച്ചു നേരം ആലോചിച്ച ശേഷം അവളോട് ചോദിച്ചു " അപ്പോൾ നിങ്ങൾ പിരിയാൻ തന്നെ തീരുമാനിച്ചോ?" "ദേവേട്ടന് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണ് അമ്മൂമ്മേ ?" "ഹമ്മ് .. ഞാൻ ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം തരണമെന്നില്ല. നീ സ്വയം ആലോചിച്ചാൽ മതി" " ദേവന് നിന്നോട് വെറുപ്പാണെന്നു നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവൻ നിന്നോട് എപ്പോഴെങ്കിലും അങ്ങനെ പെരുമാറിയിട്ടുണ്ടോ? നിന്നെ വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ?" അമ്മൂമ്മ ഒന്ന് നിർത്തി അവളെ നോക്കി. അവൾ ഒന്നും മിണ്ടാതെ ഇരിക്കുവാണ് "ഇതിനെല്ലാം ഉത്തരം ഇല്ല എന്ന് ആണെങ്കിൽ പിന്നെ അവനു നിന്നോട് ദേഷ്യമാണെന്നു നീ എങ്ങനെ ഉറപ്പിച്ചു?" " അത് ദേവേട്ടൻ തന്നെ പറഞ്ഞു..." "അവൻ പറഞ്ഞുന്നു വച്ച് അങ്ങനെ തന്നെ ആവണം എന്നില്ലാലോ..ഞാൻ നിന്നെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാണ് .. അവൻ നിന്നെ നോക്കുന്ന നോട്ടം കണ്ടാൽ അറിയാം.. അവനു നിന്നോട് നിറയെ സ്നേഹമാണെന്നു" " ആണോ അമ്മൂമ്മേ?" അവളുടെ ഉത്സാഹം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കും അവനോടു നല്ല സ്നേഹം ഉണ്ടെന്നു അവർക്കു മനസിലായി. " ദേവന് അവന്റെ മുത്തശ്ശന്റെ സ്വഭാവം ആണ്.. സ്നേഹമൊന്നും പുറത്തു അങ്ങനെ കാണിക്കില്ല.. അസുരന്റെ സ്വഭാവം പോലെ.." " പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ദേവേട്ടൻ എന്നോട് പിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞത്?" " അത് നീയായിട്ടു തന്നെ കണ്ടുപിടിക്കണം..മോളെ..

നിനക്കു രണ്ടു വഴികളുണ്ട്.. ഒന്നുകിൽ നീ ദേവന്റെ കൂടെ തിരികെ പോണം.. ക്ഷമയോടെ അവന്റെ കൂടെ നിന്ന് അവന്റെ പ്രശ്നങ്ങൾ ഒക്കെ മനസിലാക്കി അവനെ നിന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം... അല്ലെങ്കിൽ എല്ലാം നിങ്ങൾ തീരുമാനിച്ച പോലെ ഇവിടം കൊണ്ട് അവസാനിപ്പിക്കണം.. രണ്ടായാലും അമ്മൂമ്മ നിന്റെ കൂടെ ഉണ്ട്..നിനക്ക് ധൈര്യമായി ഈ വീട്ടിൽ തന്നെ തുടരാം.. ഇതിനി നിന്റെ പേരിൽ ആവാൻ പോവുകയല്ലേ ?എന്താണ് വേണ്ടതെന്നു നീ ആലോചിച്ചു ഒരു തീരുമാനമെടുക്കു .. അമ്മൂമ്മ കിടക്കാൻ പോകുന്നു" അമ്മൂമ്മ പോയി കഴിഞ്ഞും കുറെ നേരം കൂടെ ആമി അവിടെ തന്നെ ആലോചിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി. തീരെ മനസ്സിലെങ്കിലും ദേവനും തന്റെ ഡ്രെസ്സും മറ്റും പാക്ക് ചെയ്തു. ആമിയെ അവിടെയെങ്ങും കണ്ടേ ഇല്ല.. അവൾ വരുന്നില്ലാത്തതു കൊണ്ട് ഒന്നും പാക്ക് ചെയ്യണ്ടല്ലോ.. പക്ഷെ അവൾ ഇത് വരെ തിരികെ വരുന്നില്ലാന്നുള്ള കാര്യം ആരോടും പറഞ്ഞിട്ടില്ല. അമ്മയോടും അച്ഛനോടും എല്ലാം പറയണമെന്നല്ലേ അവൾ പറഞ്ഞിരുന്നത്? എല്ലാരും എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? ആകെ കൂടെ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അവനു.. ഹരിയോടെങ്കിലും എല്ലാം പറഞ്ഞാലോ എന്ന് ഓർത്തു നിൽക്കുമ്പോഴാണ് ഹരി മുറിയിലേക്ക് കയറി വന്നത് " ആ.. നിന്റെ പാക്കിങ് കഴിഞ്ഞില്ലേ..

ഞങ്ങളെല്ലാം ഇറങ്ങി.. വേഗം വാ" അതും പറഞ്ഞു അവൻ പോയി. ദേവൻ തന്റെ ബാഗും എടുത്തു ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും പോകാൻ തയ്യാറായി ഉണ്ടായിരുന്നു. അമ്മൂമ്മയും അവരെ യാത്രയാക്കാൻ അവിടെ ഉണ്ടായിരുന്നു. " ആഹ്.. നീ ഇറങ്ങിയോ??ആമി എവിടെ?" അതിനു എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനും ഇല്ല. ഒരു പക്ഷെ എല്ലാ കാര്യങ്ങളും താനായിട്ടു തന്നെ എല്ലാവരോടും പറഞ്ഞോട്ടെ എന്ന് കരുതി മനഃപൂർവം മാറി നിൽക്കുന്നത് ആവാമെന്ന് അവനു തോന്നി. ആമിയെ വിട്ടിട്ടു പോവുന്നതിന്റെ മനോവേദനയുടെ പുറത്താണ് ഇനി ഇതും കൂടി.. എന്തായാലും എല്ലാവരും എല്ലാം അറിഞ്ഞല്ലേ പറ്റൂ .. അപ്പോൾ പറയുക തന്നെ.. " അത് .. ആമി.." " ആമി?" " ഞാനിവിടെ ഉണ്ട് അപ്പച്ചി" അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ദേവൻ ഞെട്ടി പോയി. പോകാൻ തയ്യാറായി കയ്യിൽ ഒരു ബാഗുമായി ആമി. അവൾ ദേവനെ നോക്കിയേ ഇല്ല. " ഇറങ്ങാറായപ്പോഴാ പുറകിലത്തെ അയയിൽ എന്റെ കുറച്ചു തുണി വിരിച്ചിട്ട കാര്യം ഓർത്തത്. അതും കൂടി എടുത്തു വയ്ക്കാൻ പോയപ്പോൾ ലേറ്റ് അയി. " അതും പറഞ്ഞു അവൾ മുന വച്ച് ദേവന്റെ മുഖത്തേക്ക് നോക്കി. അവനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് . അവൾ അമ്മൂമ്മയുടെ അടുത്ത് ചെന്നു.. ഒന്നു കണ്ണിറുക്കി കാണിച്ചു.. അമ്മൂമ്മ തിരിച്ചും..

"ഞാൻ പോയിട്ട് വരട്ടെ അമ്മൂമ്മേ" അമ്മൂമ്മ അവളെ നോക്കി നല്ല ഒരു ചിരി പാസാക്കി. " പോയി വാ മോളെ " അവൾ തന്നെയാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെ ബാക്കി ഓരോരുത്തരും അമ്മൂമ്മയോടു യാത്ര പറഞ്ഞു ഇറങ്ങി . എല്ലവരും ഇറങ്ങിയിട്ടും പന്തം കണ്ട പെരുച്ചാഴിയെപോലെ അവിടെ തന്നെ നിൽക്കുന്ന ദേവനെ ഹരി വിളിച്ചു " ഡാ .. നീ വരുനില്ലെ?" " ആ .. വരുന്നു" അമ്മൂമ്മയുടെ അടുത്തെത്തി വല്ലാത്ത ഒരു ഭാവത്തോടെ അവരെ നോക്കി "ഞാൻ പോട്ടെ" അവർ വാത്സല്യപൂർവ്വം അവനെ തലോടി " എല്ലം ശരിയാവും.. മോന് പോയിട്ട് വാ" ആമി അമ്മൂമ്മയോടു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് ദേവന് മനസിലായി.അവളുടെ മനസ്സ് മാറാൻ എന്താണ് കാരണമെന്നു ആലോചിച്ചു കൊണ്ട് അവനും ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും പലപ്പോഴും ദേവന്റെ നോട്ടം തന്നെ തേടി വരുന്നത് അറിഞ്ഞിട്ടും അവൾ അത് മൈൻഡ് ചെയ്യാൻ പോയില്ല. ഞാൻ സ്നേഹത്തോടെ അങ്ങോട്ട് വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയതല്ലേ.. ഇനീപ്പോ എന്റടുത്തോട്ടു വാ.. വീട്ടിലെത്തിയപ്പോഴും അവൾ ദേവനെ അവഗണിച്ചു തന്നെ നടന്നു. ജാനകിയോടൊപ്പം ഓരോരോ കാര്യങ്ങളുമായി അവൾ തിരക്കായി തന്നെ ഇരുന്നു. രാത്രി എല്ലാം ഒതുക്കി മുറിയിലെത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നു. അവനെ പാടെ അവഗണിച്ചു അവൾ മേലുകഴുകാൻ കയറി. ആമിയോട് എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പവുമായി ദേവൻ ഇരുന്നു.

കുറച്ചു നേരമായുള്ള അവളുടെ പെരുമാറ്റം അവനു മനസിലാവുന്നുണ്ടായിരുന്നില്ല . മേല്കഴുകി വന്നു പതിവ് പോലെ കിടക്കാൻ തുടങ്ങിയപ്പോൾ കട്ടിലിൽ ഇരുന്നു തന്നേ തന്നെ ശ്രദ്ധിക്കുന്ന ദേവനെ അവൾ ഒന്ന് നോക്കി. എന്തോ കളഞ്ഞു പോയ ആരെയോ പോലുള്ള അവന്റെ ഇരിപ്പു കണ്ടപ്പോൾ അവൾക്കു ഉള്ളിൽ ചിരി പൊട്ടി. ഒന്നും കൂടി അവനെ ഒന്ന് ചുറ്റിക്കാമെന്നു അവൾ ഓർത്തു " എന്താ ആലോചിക്കുന്നേ? ഞാൻ നിങ്ങളെ വിട്ടു പോവാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിനാ തിരിച്ചു വന്നതെന്നാണോ?" അവൻ ഒന്നും മിണ്ടിയില്ല.പക്ഷെ അവളുടെ ഉള്ളിൽ എന്താണെന്നു അറിയാനുള്ള ആകാംഷ അവന്റെ കണ്ണിൽ വ്യക്തമായിരുന്നു. " നിങ്ങളെ കൂടെ സന്തോഷിച്ചു താമസിക്കാൻ ഒന്നുമല്ല വന്നത്. ഒരു വാശിപ്പുറത്തു എന്റെ ജീവിതം തന്നെ നശിപിച്ചതല്ലേ നിങ്ങൾ? ഞാൻ ചുമ്മാ കയ്യും വീശി അങ്ങ് പോയാൽ പിന്നെ നിങ്ങൾ സുഖിച്ചു ജീവിക്കില്ലേ? അങ്ങനിപ്പോ വേണ്ട..എന്റെ ജീവിതം ഇങ്ങനെ ആക്കിയിട്ടു നിങ്ങൾ മാത്രം സുഖിക്കണ്ട.. നിങ്ങളുടെ കൂടെ ജീവിച്ചു തന്നെ ഞാൻ നിങ്ങൾ എന്നോട് ചെയ്തതിനൊക്കെ പ്രതികാരം ചെയ്യും.അതിനാ ഞാൻ തിരിച്ചു വന്നത്" അതും പറഞ്ഞു അവൾ കയറി കിടക്കാൻ തുടങ്ങി. കിടക്കുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞു " ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ".. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story