ദേവാസുരം: ഭാഗം 15

Devasuram nila

രചന: നിള നിരഞ്ജൻ

" ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ" പിന്നീടുള്ള ദിവസങ്ങളിൽ നന്ദനത്തിൽ എല്ലാവരുടെയും ജീവിതം പഴയ പോലെ ഒഴുകി കൊണ്ടിരുന്നു. ദേവൻ തോന്നിവാസത്തിനു വരവും പോക്കും തുടർന്ന് കൊണ്ടിരുന്നു. ദേവൻ കരുതിയ പോലെ ആമി ഒന്നിലും ഇടപെടാൻ ഒന്നും വന്നില്ല. അവൾ പണ്ടത്തെ പോലെ തന്നെ അവനോടു അകലം പാലിച്ചു തന്നെ നിന്നു .ആമി അതൊന്നും നിയന്ത്രിക്കാൻ ചെന്നിലെങ്കിലും അവന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുനുണ്ടായിരുന്നു. ഇരട്ട കൊലപാതകങ്ങളിൽ അവനു എന്തെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അവനെ അന്വേഷിച്ചു വരുമോ എന്നും അവൾക്കു നല്ല ആശങ്ക ഉണ്ടായിരുന്നു. ഇനി അവൻ എന്തെങ്കിലും കുഴപ്പത്തിൽ ചെന്ന് ചാടാനുള്ള പരിപാടിയാണെങ്കിൽ അപ്പോൾ തന്നെ ചെറിയച്ചനെയും അപ്പച്ചിയെയും വിവരം അറിയിക്കാനും അവൾ തീരുമാനിച്ചു. പക്ഷെ ഇതിനിടക്ക് ആമി അറിയാതെ ആമിക്കെതിരെ ഒരു വലിയ ഗൂഢാലോചന ഗീത തയ്യാറാക്കിയിരുന്നു.'

അമ്മ വീടും സ്ഥലവും ആമിയുടെ പേരിൽ എഴുതി വയ്ക്കുന്നതിന് മുന്നേ തന്നെ അത് നടത്തണമെന്ന് അവർ തീരുമാനിച്ചു. അത് നടപ്പാക്കാൻ അവർ ആതിയെയും ശ്രീകുട്ടിയെയും കൂട്ട് പിടിക്കുകയും ചെയ്തു. സ്വത്തിന്റെ കാര്യത്തിലൊന്നും ആതിക്കും ശ്രീകുട്ടിക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ആമിയോട് ജാനകിയും രവിശങ്കറും ഹരിയുമെല്ലാം കാണിക്കുന്ന അടുപ്പം ആയിരുന്നു അവർക്കു പ്രശ്നം. അവൾ വന്നതിൽ പിന്നെ രണ്ടാം സ്ഥാനമേ ഉള്ളു എന്ന തോന്നൽ ഇരുവർക്കും ഉണ്ടായിരുന്നു. അവളെ ഇവിടുന്നു പുറത്താക്കിയാൽ പിന്നെ ആ പ്രശ്നം തീരുമല്ലോ?? ഗീതയുടെ പദ്ധതി കേട്ടപ്പോൾ ആദ്യം കുറച്ചു പേടി രണ്ടാൾക്കും തോന്നിയെങ്കിലും ആമിയോടുള്ള അസൂയ കാരണം അത് നടപ്പാക്കാൻ അവർ സമ്മതിച്ചു. ഹരിക്കു നൈറ്റ് ഡ്യൂട്ടി തുടങ്ങിയ സമയമാണ് അവർ ഇതിനായി തിരഞ്ഞെടുത്തത്. ഇനീപ്പോ രണ്ടാഴ്ചത്തേക്ക് അവനു നൈറ്റ് ആണ്. ദേവനാണെങ്കിൽ എന്നും ഇപ്പോൾ വളരെ ലേറ്റ് ആയിട്ടാണ് വരുന്നത്. ആമിയുടെ ശല്യം ഇതോടെ ഒഴിവാക്കാമെന്ന തീരുമാനത്തോടെ അവർ അത് നടപ്പിലാക്കാൻ തീരുമാനിച്ചു .പദ്ധതി പ്രകാരം ആദ്യം ഹരിയുടെ ഫോൺ കൈക്കലാക്കി. ഹരിക്കു രണ്ടു ഫോണാണ് ഉള്ളത്. ഒന്ന് ഓഫീസ്‌ യുസിനു മാത്രം എന്ന് പറഞ്ഞു വാങ്ങിയതാണെങ്കിലും അതാണ് അവൻ ഇപ്പോൾ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. മറ്റേതു വർക്കിംഗ് ആണെങ്കിലും അത് വല്ലപ്പോഴുമേ അവൻ നോക്കാറുള്ളു.

അത് കൊണ്ട് തന്നെ വീട്ടിലുള്ളവർ ആണെങ്കിൽ പോലും അവന്റെ ഒഫീഷ്യൽ ഫോണിലേക്കാണ് വിളിക്കാറ്. അത് പോലെ തന്നെ ഡ്യൂട്ടിക്ക് പോകുമ്പോൾ അവൻ പേർസണൽ ഫോൺ കൊണ്ട് പോകാറേ ഇല്ല. അത് കൊണ്ട് നൈറ്റ് ഡ്യൂട്ടി തുടങ്ങി കഴിഞ്ഞപ്പോൾ മുതൽ രാത്രിയിൽ അവന്റെ പേർസണൽ ഫോൺ ആതിയുടെ കയ്യിലാണ്. പദ്ധതിയുടെ അടുത്ത ഘട്ട്ടം ആമിയുടെ ഫോണിന്റെ പാറ്റേൺ മനസിലാക്കുക എന്നതാണ് . പലപ്പോഴായി അവൾ ഫോൺ ഉപയോഗിക്കുമ്പോൾ അവളുടെ അടുത്ത് അറിയാത്ത പോലെ ചുറ്റി പറ്റി നിന്ന് അത് മനസിലാക്കി എടുത്തു. ആമിയുടെ പാറ്റേൺ വെറും "U " ആയതു കാരണം അവർക്കു എളുപ്പമായി. രാത്രിയിൽ ആമി ഉറങ്ങി കഴിഞ്ഞാൽ അവളുടെ ഫോൺ കൈക്കലാക്കും.ദേവൻ ലേറ്റ് ആയി വരുന്ന ദിവസങ്ങളിൽ മാത്രമാണ് ഇത് ചെയ്തിരുന്നത്. അങ്ങനുള്ള ദിവസങ്ങളിൽ ആമി മുറിയുടെ വാതിൽ കുറ്റിയിടില്ല .പുറത്തുന്നു ആരേലും വരുന്നുണ്ടോ എന്നറിയാൻ ശ്രീക്കുട്ടി ഹാളിൽ നിൽക്കും. ആതി മുറിയിൽ കയറി ആമി സ്ഥിരം വെക്കാറുള്ള മേശയുടെ മുകളിൽ നിന്ന് ഫോൺ എടുത്തു പുറത്തേക്കു വരും. ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് അവരുടെ പരിപാടി തീർത്തു അത് പോലെ തിരിച്ചു വയ്ക്കുകയും ചെയ്യും. ഹരിയുടെ രണ്ടാഴ്ചത്തെ നൈറ്റ് ഡ്യൂട്ടിക്കിടെ ഇത് പലപ്രാവശ്യമായി ഒരു അഞ്ചാറു പ്രാവശ്യം ഇവർ ആവർത്തിച്ചു. ആമിയും ഹരിയും ഒന്നും അറിഞ്ഞില്ല.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുള്ള രണ്ടു ദിവസം ഹരിക്കു ഓഫ് ആയിരുന്നു. ഹരിയുടെ ഓഫിന്റെ രണ്ടാം ദിവസമാണ് അവർ തങ്ങളുടെ പ്ലാൻ നടപ്പാക്കാനായി തിരഞ്ഞെടുത്തത്. അന്ന് ആതിയും ശ്രീകുട്ടിയും പതിവിലും നേരത്തെ എണീറ്റു .ശ്രീക്കുട്ടി പഠിക്കാനെന്ന ഭാവേന തന്റെ മുറിയിൽ തന്നെ പുസ്തകവുമായി ഇരുന്നു. ഹരിയും ദേവനും ഉറക്കത്തിലാണ്. രവിശങ്കർ രാവിലെ ചായയും കുടിച്ചു പത്രവായനയിൽ മുഴുകി ഇരിക്കുകയാണ്. ജാനകിയും ആമിയും അടുക്കളയിൽ കാപ്പി തയ്യാറാക്കുന്ന തിരക്കിലാണ്. അപ്പോളാണ് ഹരിയുടെയും ആതിയുടെയും മുറിയിൽ നിന്ന് ബഹളം കേൾക്കുന്നത്. ആതിയുടെ വലിയ വായിലുള്ള കരച്ചിലും ഹരിയോട് എന്തെക്കെയോ പറഞ്ഞു ദേഷ്യപെടുന്നതും കേൾക്കാം. എന്താ കാര്യമെന്നറിയാൻ ജാനകി അങ്ങോട്ട് പോയപ്പോൾ ആമിയും പിറകെ ചെന്നു. അവിടുത്തെ ഒച്ച കേട്ട് അപ്പോളേക്കും രവിശങ്കറും ശ്രീകുട്ടിയും അവിടെ എത്തിയിരുന്നു. ഹരിയുടെ മുറിയിലേക്ക് കയറിയപ്പോൾ ആതി ഒരു ഫോണും കയ്യിൽ പിടിച്ചിരുന്നു കരച്ചിലാണ്. ഹരി ഉറക്കത്തിൽ നിന്നെഴുന്നേറ്റു കട്ടിലിൽ തന്നെ ഒന്നും മനസിലാവാത്ത പോലെ ഇരിക്കുകയാണ്. ശ്രീക്കുട്ടി ആതിയുടെ അടുത്തേക്ക് ചെന്നു " എന്താ ആതിയേച്ചി .. എന്ത് പറ്റി .. എന്തിനാ കരയുന്നതു?" അതോടെ ആതി ശ്രീകുട്ടിയെ കെട്ടിപിടിച്ചായി കരച്ചിൽ. "എന്റെ ജീവിതം തകർന്നു മോളെ.. " ശ്രീകുട്ടിക്കു അതിശയം തോന്നി.

എത്ര മനോഹരമായാണ് ആതിയേച്ചി അഭിനയിക്കുന്നത്. കള്ളകരച്ചിലാണെന്നു ആരും പറയില്ല. " നീ ഇങ്ങനെ കരയാതെ കാര്യം എന്താണെന്നു വച്ചാൽ പറ ആതി" ജാനകി പറഞ്ഞു. " ഞാൻ എന്ത് പറയാനാ.. അപ്പച്ചി പുന്നാര മരുമോളോട് ചോദിക്കു എന്താ കാര്യമെന്ന്. എന്റെ ജീവിതം നശിപ്പിക്കാനായി ഇറങ്ങിയിരിക്കുകയാണ്" തന്നെയാണ് പറഞ്ഞതെന്ന് ആമിക്കു മനസിലായി. താൻ എന്താണ് ചെയ്തതെന്ന് മനസിലാകാത്തത് കൊണ്ട് ആമി തിരിച്ചു ചോദിച്ചു " ഞാനോ? ഞാൻ നിന്നോട് എന്താ ചെയ്തത്?" " ഓ.. നീയൊന്നും അറിഞ്ഞില്ല അല്ലെ? എന്റെ ഭർത്താവിനെ കണ്ണും കയ്യും കാണിച്ചു വശത്താക്കാൻ നോക്കിട്ട് .. ഇപ്പൊ ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു" ആമിക്കു ദേഷ്യം വന്നു. താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമാണ്. " അനാവശ്യം പറയരുത് ആതി..." " അതെ.. ആവശ്യമില്ലാത്ത കാര്യങ്ങൾ വെറുതെ പറയുന്നത് നല്ലതല്ല ആതി " ജാനകിയും ആമിയെ അനുകൂലിച്ചു " അല്ലെങ്കിലും എന്നെ ആരും വിശ്വസിക്കില്ലാന്നു എനിക്കറിയാം. ഇവൾ എല്ലാവരെയും പാവമായി അഭിനയിച്ചു മയക്കി വച്ചേക്കുവാണല്ലോ.. പക്ഷെ ഇതൊന്നു നോക്കണം.. ഇത് നോക്കിട്ടു അപ്പച്ചി പറ.. " ആതി തന്റെ കയ്യിലിരുന്ന ഫോൺ ജാനകിയുടെ നേരെ നീട്ടി. " ഇത് ഹരിയേട്ടന്റെ ഫോൺ ആണ്. ഇതിലേക്ക് ഇവൾ അയച്ചിരിക്കുന്ന മെസ്സേജുകൾ അപ്പച്ചി ഒന്ന് വായിച്ചു നോക്ക്" ആമി അതിശയിച്ചു നിൽക്കുകയാണ്..

താൻ ഹരിയേട്ടന്റെ ഫോണിലേക്കു മെസ്സേജ് അയച്ചെന്നോ ? എപ്പോൾ? ജാനകി ആതിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നോക്കി. ആമി ജാനകിയുടെ മുഖത്തേക്ക് നോക്കി. ആ മെസ്സേജ് വായിക്കുന്തോറും അപ്പച്ചിയ്യുടെ മുഖഭാവം മാറുന്നത് അവൾ കണ്ടു.മെസ്സേജ് എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ജാനകി ഒരു വല്ലാത്ത ഭാവത്തോടെ ആമിയെ നോക്കി. ഒന്നും മനസിലാകാതെ അവൾ ജാനകിയുടെ കയ്യിൽ നിന്ന് ഹരിയുടെ ഫോൺവാങ്ങി ആ മെസ്സേജുകൾ വായിച്ചു. ഓരോ മെസ്സേജ് വായിക്കുമ്പോളും ആമി ഞെട്ടി തരിച്ചു കൊണ്ടിരുന്നു. ദേവേട്ടനെ പോലെ ഒരു താന്തോന്നിയെ തനിക്കു ഇത് വരെ ഭർത്താവായി കാണാൻ കഴിഞ്ഞിട്ടില്ലെന്നും.. ഹരിയേട്ടനെ തനിക്കു പണ്ട് മുതലേ ഇഷ്ടമാണെന്നും...ഹരിയേട്ടന്റെയും ആതിയുടെയും ജീവിതം കാണുമ്പോൾ തനിക്കു അസൂയയാണെന്നും.. ഇനിയും ആതിയെ മറന്നു വന്നാൽ തങ്ങൾക്കു ഒരുമിക്കാമെന്നുമൊക്കെ പറയുന്ന കുറെ മെസ്സേജുകൾ തന്റെ ഫോണിൽ നിന്ന് ഹരിയേട്ടന്റെ ഫോണിലേക്കു അയച്ചിട്ടുണ്ട്. അതിൽ ദേവേട്ടനെയും ആതിയെയും കുറെ കുറ്റവും പറയുന്നുണ്ട്. ഒരു മെസ്സേജിനും ഇങ്ങോട്ടു മറുപടി തന്നിട്ടില്ല. എന്നിട്ടും പിന്നെയും പിന്നെയും തന്റെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള മെസ്സേജുകൾ പോയിട്ടുണ്ട്. പല ദിവസങ്ങളിലായി രാത്രി സമയങ്ങളിൽ. ആമി മുഖമുയർത്തി ഹരിയെ നോക്കി. അവന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ അവൾക്കു സാധിച്ചില്ല.

പക്ഷെ ഈ മെസ്സേജുകളെല്ലാം അവൻ കണ്ടു എന്ന് മനസിലായി. താൻ ഇങ്ങനെ ചെയ്തു എന്ന് അവൻ വിശ്വസിക്കും എന്നോർത്തപ്പോൾ തന്നെ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ആലോചിച്ചു. അവൾ അപ്പച്ചിയെ നോക്കി " ഞാനല്ല അപ്പച്ചി.. എനിക്കറിയില്ല.. ഞാൻ അറിഞ്ഞതല്ല " കരഞ്ഞു കൊണ്ട് അത്രയും പറയാനേ അവൾക്കായുള്ളു " നീയല്ലെങ്കിൽ പിന്നെ ആരാ നിന്റെ മൊബൈലിൽ നിന്ന് മെസ്സേജ് അയക്കുന്നത്. എല്ലാം ചെയ്തു എന്റെ ഭർത്താവിനെയും തട്ടി എടുക്കാൻ നോക്കിട്ടു ഇപ്പോൾ എല്ലാവരുടെയും മുന്നിൽ കള്ളക്കണ്ണീര് ഒഴുക്കി പാവം ചമയാൻ നോക്കുവാ ഇവൾ. ഇങ്ങനൊക്കെ ചെയ്തിട്ടും ഇനിയും ഇവളെ ഈ വീട്ടിൽ നിർത്താനാണ് പ്ലാൻ എങ്കിൽ ഞാൻ ഇവിടെ നിൽക്കില്ല" ആമിക്കു ഒന്നും പറയാൻ കിട്ടിയില്ല. അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു. ആതി മനഃപൂർവം കളിക്കുന്ന നാടകമാണെന്നു അവൾക്കു മാന്ഡിലായി. പക്ഷെ താൻ ലോക്ക് ചെയ്തു തന്റെ മുറിയിൽ സൂക്ഷിക്കുന്ന മൊബൈലിൽ നിന്ന് എങ്ങനെ അവൾ മെസ്സേജ് അയക്കും.. ഇത്ര നാൾ താൻ എന്ത് കൊണ്ട് അങ്ങനെ ഒരു മെസ്സേജ് പോകുന്നത് തന്റെ മൊബൈലിൽ കണ്ടില്ല. ഇതിനൊക്കെ ഉത്തരം അറിയാമെങ്കിൽ മാത്രമേ താൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുള്ളൂ. തന്റെ നിരപരാധിത്വം ബോധ്യമാക്കാൻ എന്തെങ്കിലും ഒരു വഴി കാണിക്കാൻ അവൾ ദൈവത്തോട് കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.

രാത്രി വൈകി വന്നു കിടന്നു രാവിലെ കുറച്ചധികം നേരം ഉറങ്ങാം എന്ന് വിചാരിച്ചതായിരുന്നു ദേവൻ. അപ്പോഴാണ് രാവിലെ തന്നെ വീട്ടിൽ ഒച്ചയും ബഹളവും. തലയിണ തലയിൽ അമർത്തി വച്ച് വീണ്ടും ഉറങ്ങാൻ നോക്കിയെങ്കിലും ബഹളം കൂടി വന്നതേ ഉള്ളു. അവനും അതിശയമായി. ഒരിക്കലും വീട്ടിൽ ഇത്രയധികം ബഹളം ഉണ്ടാവാറില്ല. ആരോ ഉറക്കെ ദേഷ്യപ്പെടുകയും കരയുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്തായാലും ഉറങ്ങാൻ പറ്റില്ല എന്ന് മനസിലാക്കി എന്താണ് ബഹളമെന്നു അറിയാൻ അവൻ പുറത്തേക്കിറങ്ങി. ആമി കരച്ചിൽ തന്നെയാണ്. ഇടയ്ക്കിടെ തനിക്കു ഒന്നും അറിയില്ലയെന്നു അവൾ പറയുന്നുണ്ട്. പക്ഷെ എല്ലാവരുടെയും മനസ്സിൽ സംശയത്തിന്റെ കണികകൾ വീണിട്ടുണ്ടായിരുന്നു. തങ്ങളുടെ ശ്രമം വിജയിച്ചതിൽ മനസ്സിൽ സന്തോഷിച്ചിരിക്കുകയാണ് ആതിയും ശ്രീകുട്ടിയും. സ്വന്തം ഭർത്താവിനെ നോക്കാതെ തന്റെ ഭർത്താവിനെ പാട്ടിലാക്കാൻ നോക്കിയ ആമിയെ പുറത്താക്കിയില്ലെങ്കിൽ താൻ ഇപ്പോൾ ഇവിടെ നിന്നിറങ്ങി പോകുമെന്ന് തന്നെയുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ആതി. അപ്പോളാണ് പിറകിൽ നിന്ന് ആ ചോദ്യം വന്നത് " രാവിലെ മനുഷ്യനെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ എന്താ ഇവിടെ എല്ലാവരും കൂടി ബഹളം?" ആമിയുടെ ഹൃദയം ഒരു നിമിഷം നിലച്ച പോലെ തോന്നി. ദേവേട്ടൻ.. തന്റെ ഫോണിൽ നിന്ന് പോയ മെസ്സേജുകൾ കണ്ടാൽ എന്താവും ഉണ്ടാവുക..

ദേവേട്ടന് താൻ ഇത് വരെ ഭർത്താവിന്റെ യാതൊരു അവകാശങ്ങളും കൊടുത്തിട്ടില്ല. പോരാത്തതിന് അമ്മൂമ്മയുടെ വീട്ടിൽ നിന്നു വന്നപ്പോൾ ദേവേട്ടനോട് പകരം വീട്ടും എന്നൊക്കെ ഒരു വാശിപ്പുറത്തു കളിയായി പറയുകയും ചെയ്തു. ഇനിയിപ്പോൾ ദേവേട്ടനോട് പ്രതികാരം ചെയ്യാൻ താൻ ഇങ്ങനൊക്കെ ചെയ്തതാണെന്ന് കരുതുമോ... വരാനിരിക്കുന്ന കൊടുംകാറ്റ് ഓർത്തപ്പോൾ ആമി പേടിച്ചു പോയി. അതേ സമയം ദേവനെ കണ്ട ആതിയുടെയും ശ്രീകുട്ടിയുടെയും കണ്ണുകൾ തിളങ്ങി. ഈ മെസ്സേജുകൾ കാണുമ്പോൾ ദേവൻ ആമിയെ നല്ല തല്ല് കൊടുത്തു ആട്ടിപായിക്കും.. സ്വന്തം ഭാര്യ തന്നേക്കാൾ ഏറെ സ്നേഹിച്ച ഹരിയോട് ചിലപ്പോൾ വഴക്കാവുകയും ചെയ്യും. തങ്ങളുടെ പ്ലാൻ വിജയിച്ചിരിക്കുന്നു. ദേവൻ അവരുടെ ഇടയിലേക്ക് വന്നു. ആമിയെ നോക്കുമ്പോൾ അവൾ കരയുകയാണ്. അവൻ അമ്മയെ നോക്കി. മുഖം വല്ലാതെ ഇരിക്കുന്നു. എല്ലാവരുടെയും. "എന്താ അമ്മെ മുഖം വല്ലാതെ ഇരിക്കുന്നെ? എന്താ പറ്റിയെ ? ഇവൾ എന്തിനാ കരയുന്നെ ?" എന്ത് പറയണമെന്നറിയാതെ ജാനകി വിഷമിച്ചു നിന്നു . " ഞാൻ പറയാം " ആതി അത് പറഞ്ഞപ്പോൾ ദേവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. " നിങ്ങള്ക്ക് നിങ്ങടെ ഭാര്യയെ നോക്കാൻ സമയമില്ലാത്തതു കൊണ്ട് അവൾ എന്റെ ഭർത്താവിനെ മയക്കാൻ വന്നേക്കുവാ" ദേവൻ ഒന്നും മനസിലാവാത്തതു കൊണ്ട് എല്ലാവരെയും നോക്കി.

" മനസിലായില്ലേ?ഇന്നാ ഇത് നോക്ക്.. നിങ്ങടെ ഭാര്യ ഹരിയേട്ടന് അയച്ച മെസ്സേജ് ആണ്" അവൾ ഫോൺ ദേവന് നേരെ നീട്ടി.അവൻ അത് വാങ്ങി നോക്കുന്നത് കണ്ട ആമിക്കു തന്റെ ഹൃദയം അതിന്റെ മിടിപ്പിന്റെ ശക്തി കൊണ്ട് പൊട്ടി പോകുമെന്ന് വരെ തോന്നി. വരാനിരിക്കുന്ന പൊട്ടിത്തെറിയെ ഓർത്തു അവൾ തന്റെ കണ്ണുകൾ ഇറുകെ അടച്ചു നിന്നു . ദേവൻ ആ മേസേജുകൾ മുഴുവൻ വായിച്ചു കഴിഞ്ഞു എന്ന് ബോധ്യമായപ്പോൾ ആതി ഒരു വിജയിയെ പോലെ ചോദിച്ചു " ഇപ്പൊ കണ്ടില്ലേ ഭാര്യയുടെ സ്വഭാവവിശ്ശേഷം? ഇപ്പോൾ ഇറക്കി വിടണം അവളെ ഇവിടുന്നു.. ഇല്ലെങ്കിൽ പിന്നെ ഞാൻ ഇവിടെ നിൽക്കില്ല" ദേവൻ അമ്മിയുടെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൾക്കു ഒരുപോലെ പേടിയും സങ്കടവും തോന്നി " ഞാനല്ല ദേവേട്ടാ.. ഈ മെസ്സേജ്.. ഇതു എങ്ങനെ..എന്റെ ഫോൺ.. എനിക്കറിയില്ല.. ഞാനല്ല.." കരച്ചിലിനിടക്ക് എങ്ങനൊക്കെയോ അവൾ പറഞ്ഞു.ദേവന്റെ ദേഷ്യവും ആമിയുടെ നിസ്സഹായതയും കണ്ടപ്പോൾ എല്ലാം തങ്ങൾ വിചാരിച്ച പോലെ നടന്നതിൽ ആതി സന്തോഷിച്ചു. എരിയുന്ന തീയിൽ കുറച്ചു എണ്ണ കൂടി ഒഴിച്ച് കൊടുക്കാൻ അവൾ തീരുമാനിച്ചു. " ഇവൾക്ക് പണ്ട് മുതലേ എന്റെ ഹരിയേട്ടനെ ഒരു നോട്ടം ഉള്ളതാ.ഹരിയേട്ടൻ എന്നെ കല്യാണം കഴിച്ചത് ഇവൾക്ക് ഒട്ടും ഇഷ്ടപെട്ടിട്ടില്ല. ഹരിയേട്ടനോടുള്ള ഇവളുടെ നോട്ടവും ചിരിയും കൊഞ്ചലുമൊക്കെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുളത.

ഞാൻ പറഞ്ഞാൽ ഇവിടെ ആരും വിശ്വസിക്കാത്ത കൊണ്ടാണ് ഇത്ര നാളും ഞാൻ പറയാതിരുന്നത്" ആതി അത് പറഞ്ഞതും ദേവൻ ദേഷ്യം കൊണ്ട് വിറച്ചു ആമിയെ നോക്കി. അവൾ അപ്പോഴും കരച്ചിൽ ആണ്. പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൻ ആതിയുടെ നേരെ തിരിഞ്ഞു. "ഇത്ര നേരം പറഞ്ഞതൊക്കെ പറഞ്ഞു..ഇനിയെന്റെ പെണ്ണിനെ പറ്റി മോശമായിട്ടു ഒരു വാക്ക് പറഞ്ഞാൽ ഉണ്ടല്ലോ.. ഇവന്റെ ഭാര്യ ആണെന്നൊന്നും ഞാൻ നോക്കുല.. അടിച്ചു കരണം പുകക്കും ഞാൻ" ആമിയും ആതിയും അവൻ പറഞ്ഞത് കേട്ട് ഒരുപോലെ ഞെട്ടി.. " എന്റെ പെണ്ണ്" എന്ന അവന്റെ പ്രയോഗം വീൺടും അവളുടെ കാതുകളിൽ മുഴങ്ങി. താൻ പറഞ്ഞതൊന്നും ദേവൻ വിശ്വസിച്ചിട്ടില്ലന്നു തോന്നിയപ്പോൾ ആതിക്കു പിന്നെയും ദേഷ്യമായി. "ഞാൻ പരഞ്ഞതനൊ മോശം? നിങ്ങളുടെ ഭാര്യ കാണിച്ചതിന് കുഴപ്പമില്ലേ?" " ഈ മെസ്സേജുകൾ ആമി അയച്ചതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല" ആമിയുടെ മനസ്സിൽ ഒരു കുളിർമഴ പെയ്ത പോലെ തോന്നി..ദേവേട്ടന് തന്നെ വിശ്വാസമാണെന്നു.. ആതിയും ശ്രീകുട്ടിയും വല്ലാത്ത അവസ്ഥയിലായി. ആമിക്കു പറയാനുള്ളത് പോലും കേൾക്കാതെ അവളെ കുറ്റപ്പെടുത്തുമെന്നു കരുതിയയാളാണ് ഇപ്പോൾ അവളെ വിശ്വാസമാണെന്നും പറഞ്ഞു കൂടെ നിൽക്കുന്നത്. " അപ്പൊ ഈ കാണുന്ന മെസ്സേജുകൾ ഒക്കെ ആരാണ് അയച്ചത്? ഇവളുടെ ഫോണിൽ നിന്ന് തന്നെയല്ലേ ഇതൊക്കെ പോയിട്ടുള്ളത്?"

" അതെനിക്ക് അറിയില്ല.. പക്ഷെ ആമി ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്യില്ലാന്നു എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.എനിക്ക് അവളെ വിശ്വാസമാണ്.. അവളെ മാത്രമല്ല ഹരിയേയും.. നീ പറഞ്ഞ പോലെ ആമിക്കു ഹരിയോടുള്ള പെരുമാറ്റത്തിൽ എന്തെങ്കിലും അപാകത ഹരിക്കു എപ്പോഴെങ്കിലും തോന്നിയിരുന്നെങ്കിൽ അപ്പോഴേ അവൻ അവളെ പറഞ്ഞു തിരുത്തിയേനെ.."" ഹരിയുടെയും ജാനകിയുടെയും രവിശങ്കറിന്റെയും മനസ്സിലും അതെ ചിന്ത ആയിരുന്നു. കാര്യങ്ങൾ കൈ വിട്ടു പോകാതിരിക്കാൻ ശ്രീക്കുട്ടി ഇടയ്ക്കു കയറി. " ഏട്ടൻ അങ്ങനെ ആമിയേച്ചിയെ ന്യായീകരിക്കണ്ട .. ആതിയേച്ചി എന്തിനാ ഒരു കാര്യവുമില്ലാതെ അങ്ങനൊക്കെ പറയുന്നേ.. എന്തെങ്കിലും കാര്യം കാണും. തന്നെയുമല്ല എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ ആമിയേച്ചിക്ക് ദേവേട്ടനെ ഇഷ്ടമല്ലായിരുന്നു എന്നു.. ദേവേട്ടനോട് ഇപ്പോളും ആമിയേച്ചിക്ക് ഒരു ഇഷ്ടവുമില്ല. ഒരു ചായ പോലും ഏട്ടന് എടുത്തു തരാറില്ലലോ. ഏട്ടന് അത്ര പോലും വില തരാത്ത ആൾക്ക് വേണ്ടി എന്തിനാണ് ഏട്ടൻ ഇങ്ങനെ ന്യായം പറയുന്നത്? ഹരിയേട്ടൻ ആതിയേച്ചിടെ കൂടെ സുഖമായി ജീവിക്കുന്നത് കാണാൻ ഇഷ്ടമില്ലാഞ്ഞിട്ടായിരിക്കും ആമിയേച്ചി ഇങ്ങനൊക്കെ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. ആമിയേച്ചി അല്ലെങ്കിൽ പിന്നെ ആരാണ് ആമിയെച്ചിയുടെ ഫോണിൽ നിന്ന് മെസ്സേജ് അയക്കുന്നത്? ചേച്ചിടെ ഫോൺ ചേച്ചി ലോക്ക് ചെയ്തതല്ലേ വച്ചിരിക്കുന്നത്?"

ആമി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ശ്രീകുട്ടിയെ നോക്കി. അവൾക്കു തന്നോട് ഇത്രക്കും വിരോധം എന്തിനാണെന്ന് അവൾക്കു മനസിലായെ ഇല്ല. ദേവൻ വല്ലാത്ത ഒരു ഭാവത്തോടെ ശ്രീകുട്ടിയെ തന്നെ നോക്കി നിന്നു . " എന്റെ ഭാര്യ എനിക്ക് ചായ തരുന്നുണ്ടോ ചോറ് തരുന്നുണ്ടോ എന്നൊന്നും വേറെ ആരും തിരക്കണ്ട കാര്യമില്ല. അത് ഞങ്ങളുടെ ഇടയിലെ കാര്യമാണ്. പിന്നെ ആമിയുടെ ഫോണിന്റെ ലോക്ക്. അതിന്റെ പാറ്റേൺ "U" ആണെന്ന് ആർക്കും ഒന്ന് ശ്രദ്ധിച്ചാൽ മനസിലാവുന്ന കാര്യമേ ഉള്ളു." " ഇതൊക്കെ നോക്കി നടക്കുന്നതാണോ ഇവിടുള്ളവർക്കു പണി?" " ഇവിടെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ചില ആൾക്കാർക്ക് ആവശ്യമുള്ളപ്പോൾ ഇതും ഒരു പണിയാണ്" ആതിയെ നോക്കി കൊള്ളിച്ചു തന്നെയാണ് ദേവൻ അത് പറഞ്ഞത്. " അപ്പൊ ഈ മെസ്സേജുകളൊക്കെ ഞാൻ അയച്ചതാണെന്നാണോ നിങ്ങൾ പറയുന്നത്?" " അങ്ങനെ ഞാൻ പറഞ്ഞില്ല. പക്ഷെ ഇത് ആമിയുടെ ഫോണിൽ നിന്ന് അയച്ചുന്നു പറഞ്ഞു അവൾ തന്നെ ആയിരിക്കണമെന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. " " നീയെന്താ ദേവ പറഞ്ഞു വരുന്നത്?" ഇത്രയും നേരം ഒന്നും മിണ്ടാതെയിരുന്നു അവിടെ നടക്കുന്ന കാര്യങ്ങൾ വീക്ഷിക്കുകയായിരുന്ന ഹരിയാണ് ചോദിച്ചത് "ഡാ... നീ ഈ മെസ്സേജുകൾ നോക്ക്.. എല്ലാം അയച്ചിരിക്കുന്നത് രാത്രി പതിനൊന്നു മണിക്ക് ശേഷമാണു. ആമി ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും പത്തു മണിയോടെ ഉറങ്ങാൻ കിടക്കും.

അവൾ ഉറങ്ങിയതിനു ശേഷം ആരെങ്കിലും എടുത്തു അയച്ചതായി കൂടെ?" " അതെങ്ങനെയാ..? ഇവള് മുറിയെല്ലാം ലോക്ക് ചെയ്തിട്ടല്ലേ കിടക്കുന്നത്? പിന്നെങ്ങനാണ് ഇവളുടെ മുറിയിൽ നിന്നും ഫോൺ എടുക്കുന്നത്?" "ഞാൻ താമസിച്ചു വരുന്ന ദിവസങ്ങളിൽ ആമി മുറി ലോക്ക് ചെയ്യാറില്ല. ഞാൻ വന്നതിനു ശേഷം ഞാനാണ് ലോക്ക് ചെയ്യാറ്. ഈ മെസ്സേജ് അയച്ചിരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ഞാൻ ലേറ്റ് ആയിട്ടാണ് വന്നിട്ടുള്ളതു." ആതി പെട്ടെന്ന് പറഞ്ഞു " അങ്ങനെ ആരെങ്കിലും ഫോൺ എടുത്തത് ആണെങ്കിൽ അത് ഇവിടെയുള്ള ആരെങ്കിലും കാണില്ലേ?ഭർത്താവില്ലാത്ത ദിവസം നോക്കി ഇവൾ ഹരിയേട്ടന് മെസ്സേജ് അയക്കാൻ നോക്കിയത് ആയിക്കൂടെ?" " ആര് കാണാനാ ? അമ്മയും അച്ഛനും ആമി കിടക്കുന്ന സമയത്തു തന്നെ കിടക്കും. പിന്നെ ഹരിക്കു രണ്ടാഴ്ചയായി നൈറ്റ് ആയിരുന്നു. ഞാനും ഇല്ലായിരുന്നു. പിന്നെ നിങ്ങൾ രണ്ടു പേരുമാണ്.. നിങ്ങളാണ് ചെയ്തതെങ്കിൽ നിങ്ങൾ സമ്മതിക്കുമോ?" .. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story