ദേവാസുരം: ഭാഗം 16

Devasuram nila

രചന: നിള നിരഞ്ജൻ

അങ്ങനെ ആരെങ്കിലും ഫോൺ എടുത്തത് ആണെങ്കിൽ അത് ഇവിടെയുള്ള ആരെങ്കിലും കാണില്ലേ?ഭർത്താവില്ലാത്ത ദിവസം നോക്കി ഇവൾ ഹരിയേട്ടന് മെസ്സേജ് അയക്കാൻ നോക്കിയത് ആയിക്കൂടെ?" " ആര് കാണാനാ ? അമ്മയും അച്ഛനും ആമി കിടക്കുന്ന സമയത്തു തന്നെ കിടക്കും. പിന്നെ ഹരിക്കു രണ്ടാഴ്ചയായി നൈറ്റ് ആയിരുന്നു. ഞാനും ഇല്ലായിരുന്നു. പിന്നെ നിങ്ങൾ രണ്ടു പേരുമാണ്.. നിങ്ങളാണ് ചെയ്തതെങ്കിൽ നിങ്ങൾ സമ്മതിക്കുമോ?" ആതിയും ശ്രീകുട്ടിയും അവന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി. അതു ഹരിയും ദേവനും ഒരു പോലെ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ പെട്ടെന്ന് തന്നെ ആതി സംയമനം വീണ്ടെടുത്തു " ഓഹോ.. അപ്പൊ താൻ ഇവൾ ചെയ്ത കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കൻ നോക്കുവാണോ ? അത് എന്തായാലും നടക്കില്ല" " ഞാൻ ആരുടേയും തലയിൽ ഒന്നും വയ്ക്കാൻ നോക്കുന്നില്ല. ഞാൻ പറഞ്ഞത് നിങ്ങൾ പറയുന്നതിലെ ചില പൊരുത്തക്കേടുകൾ മാത്രമാണ്" "എന്ത് പൊരുത്തക്കേട്?"

" അതായതു ഹരി ഒട്ടും ഉപയോഗിക്കാത്ത ഫോണിലേക്കാണ് മെസ്സേജ് അയച്ചിരിക്കുന്നതു. ഹരി കാണാൻ ആണെങ്കിൽ അവൻ സാധാരണ ഉപയോഗിക്കുന്നതിലേക്കല്ലേ അയക്കേണ്ടത്?" " അത്... അത്.. അത് ചിലപ്പോ ഞാൻ കാണുമെന്നു കരുതീട്ടാവും " ആതി ചാടിക്കേറി പറഞ്ഞു. " ആമിയാണോ വേറെ ആരെങ്കിലും ആണോ ചെയ്തതെന്ന് എങ്ങനെ അറിയാന?" ഹരി ചോദിച്ചു. " പ്രത്യേകിച്ചൊന്നും അറിയാനില്ല. ഇവള് തന്നെയാ" ആതി ദേഷ്യത്തോടെ ആമിയെ നോക്കി പറഞ്ഞു. ദേവൻ പക്ഷെ അപ്പോൾ എന്തോ ആലോചനയിലായിരുന്നു. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൻ പറഞ്ഞു " സത്യം കണ്ടു പിടിക്കാൻ ഒരു വഴിയുണ്ട്" എല്ലാവരും ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. ആതിയും ശ്രീകുട്ടിയും മുഖാമുഖം നോക്കി. ദേവൻ തുടർന്നു " വഴി ഞാൻ പറയാം.. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്.. ഇതാര് ചെയ്തതാണെങ്കിലും ഒരു മോശം പ്രവർത്തിയാണ്..

ആതി പറഞ്ഞ പോലെ ഈ വീട്ടിൽ പിന്നെ അയാൾ ഉണ്ടാവാൻ പാടില്ല.സത്യം പുറത്തു വരുമ്പോൾ ആമിയാണ് കുറ്റക്കാരിയെങ്കിൽ ആമിയെ ഞാൻ ഇവിടുന്നു പറഞ്ഞു വിടാം.. മറിച്ചു വേറെ ആരെങ്കിലും ആണെങ്കിൽ അവർ ഇറങ്ങണം. സമ്മതമാണോ?" എല്ലാവരും പരസ്പരം നോക്കി. " സമ്മതമാണ്" രവിശങ്കറും ഹരിയും ഒരേ സ്വരത്തിൽ പറഞ്ഞു. " ഇനി പറ.. എങ്ങനെ അറിയും ആരാണ് കുറ്റക്കാരെന്നു?" " ആമി സാധാരണ മൊബൈൽ ഞങ്ങളുടെ മുറിയിൽ മേശയുടെ മുകളിൽ വച്ചാണ് ഉറങ്ങാറ്. ഞങ്ങളുടെ മുറി ഹാളിനോട് ചേർന്നായതു കൊണ്ട് ആരെങ്കിലും രാത്രി അവളുടെ മൊബൈൽ എടുത്തിട്ടുണ്ടെങ്കിൽ ഹാളിലൂടെ പോകാതെ പറ്റില്ല. " " പക്ഷെ അതെങ്ങനെ അറിയും?" "അച്ഛന് ഓർമ്മയുണ്ടോ.. ഞങ്ങളുടെ കല്യാണ സമയത്തു ഇവിടെ പണിക്കാരെ നിർത്തിയത്.. പെയിന്റ് അടിക്കാനും മറ്റുമായി." രവിശങ്കർ ഓര്മയുണ്ടെന്നു തലയാട്ടി

"ആ സമയത്തു നമ്മളുടെ ഹാളിൽ ഇരുന്ന കുറച്ചു സാധനങ്ങൾ കളഞ്ഞു പോയില്ലേ? ആരാണെന്നു കാണാത്തതു കൊണ്ട് അന്ന് അത് തിരിച്ചു കിട്ടിയതുമില്ല. നമ്മളാരും പകൽ വീട്ടിലില്ലാത്ത കൊണ്ട് സിറ്ഔട്ടിൽ ലും ഹാളിലുമായി രണ്ടു ക്യാമെറകൾ വച്ചിരുന്നു. അതിപ്പോഴും അവിടെ തന്നെ ഇല്ലേ .. നമ്മൾ പിന്നെ അത് മാറ്റാനൊന്നും പോയില്ലലോ?? അതിന്റെ റെക്കോർഡിങ് എടുത്തു നോക്കിയാൽ പോരെ?" രവിശങ്കറിന്റെ മുഖം തെളിഞ്ഞു. ശരിയാണ്.. അവൻ പറയുന്നത്. ഹരി സംശയ ഭാവത്തിൽ ദേവനെ ഒന്ന് നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. ആമിക്കു സമാധാനമായി. ആതിയോ ശ്രീകുട്ടിയോ ആരോ തന്റെ ഫോൺ എടുത്തിട്ടുണ്ട്. അതാരാണെന്ന് തെളിയുമല്ലോ. ദേവൻ വെറുതെ പറയുന്നതാണൊന്നു ആതിക്കു സംശയം തോന്നി. അവൾ ശ്രീകുട്ടിയെ നോക്കി. ഏതോ ഭൂതത്തെ കണ്ട പോലുള്ള അവളുടെ നിൽപ് കണ്ടപ്പോൾ രംഗം അത്ര പന്തിയല്ലാന്നു ആതിക്കു മനസിലായി. " എന്ന പിന്നെ അതെടുത്തു നോക്കാം..

പ്രശ്നത്തിന് തീരുമാനമാവട്ടെ" ജാനകി പറഞ്ഞു.ആതിയുടെ നെഞ്ചിടിപ്പ് കൂടി. അത് പരിശോധിച്ചാൽ താനും ശ്രീകുട്ടിയും രാത്രി ആമിയുടെ മുറിയിൽ പോകുന്നത് അതിൽ കാണും. അതോടെ ഹരിയേട്ടൻ തന്നെ ഇവിടുന്നു പുറത്താക്കുകയും ചെയ്യും. ശ്രീകുട്ടിക്കു ആണെങ്കിൽ തല കറങ്ങുന്നതു പോലെ തോന്നി. ഹാളിൽ കാമറ ഉണ്ടെന്ന കാര്യം താൻ ഓർത്തില്ല. ഇപ്പോൾ അത് പരിശോധിക്കുമ്പോൾ താനും ആതിയേച്ചിയും കൂടെയാണ് എല്ലാം ചെയ്തതെന്ന് തെളിയും. പിന്നെ രണ്ടു പേരുടെയും കാര്യം പോക്കാണ്. ഇറക്കി വിടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ആതിയേച്ചിക്ക് പോകാൻ വീടെങ്കിലും ഉണ്ട്.. തനിക്കോ.. ഒന്നും വേണ്ടായിരുന്നു..ആമിയേച്ചിയെ പുറത്താക്കാൻ ഇറങ്ങിട്ടു ഇപ്പോൾ താൻ തന്നെ സ്വന്തം വീട്ടിൽ നിന്ന് പുറത്താവുന്ന അവസ്ഥയാണ്. .എന്തായാലും ക്യാമറയിൽ തങ്ങളുടെ കള്ളത്തരം പിടിക്കപ്പെടും. പിന്നീടുള്ള തന്റെ അവസ്ഥ ഓർക്കാനേ വയ്യ.

സ്വന്തം ഭാര്യയെ പറ്റി ഇങ്ങനെയൊരു അപവാദം പടച്ചുണ്ടാക്കിയതിനു ദേവേട്ടൻ തന്നെ കൊല്ലും.. അച്ഛനും അമ്മയും ഹരിയേട്ടനും ഇക്കാര്യത്തിൽ ദേവേട്ടന്റെ ഭാഗത്തെ നിൽക്കൂ.. അവരായിട്ടു കണ്ടു പിടിക്കുന്നതിനു മുന്നേ താനായിട്ടു പറയുന്നതായിരിക്കും ഭേദം. ഹരിയേട്ടന്റെ അടുത്തേക്ക് മാറി നിൽക്കാം.. കുറച്ചെങ്കിലും ദയ അവിടുന്ന് മാത്രമേ പ്രതീക്ഷിക്കാനുള്ളു.. അവൾ പതിയെ ഹരിയുടെ അടുത്തേക്ക് മാറി നിന്നു . എന്നിട്ടു എല്ലാവരും കേൾക്കെ പറഞ്ഞു " എനിക്ക് ഒരു കാര്യം പറയാനുണ്ട്" എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി. ആതി എന്ത് ചെയ്യണമെന്നറിയാതെ നിൽപ്പാണ്. " അത്.. എനിക്കും ആതിയേച്ചിക്കും ഒരു അബദ്ധം പറ്റിയതാണ്.. എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം." രവിശങ്കർ തന്റെ മകളുടെ മുന്നിലേക്ക് നീങ്ങി നിന്നു . " നിങ്ങളാണോ ഈ മെസ്സേജിന് പിന്നിൽ?" അവൾ തല കുനിച്ചു നിൽക്കുകയാണ്. എന്നാലും തലയാട്ടി.

" എന്തിനാ നിങ്ങൾ അങ്ങനെ ചെയ്തത്?" " അത്.. ആമിയേച്ചിയെ ഇവിടുന്നു പറഞ്ഞു വിടാൻ ഗീത അമ്മായി പറഞ്ഞിട്ടു..." പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ കരണം പുകച്ചു ഒന്ന് കിട്ടി അവൾക്കു. " അത് കേട്ട ഉടനെ തന്നെ നീ ഇറങ്ങി പുറപ്പെട്ടു അല്ലെ? സ്വന്തം ചേട്ടന്റെ ജീവിതമാണ് നശിക്കുന്നത് എന്ന് പോലും ഓർക്കാതെ..." അയാൾ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു. ശ്രീക്കുട്ടി വല്ലാതെ ഭയന്ന് പോയി. അച്ഛനെ ഇത്രയും ദേഷ്യത്തിൽ ആദ്യമായാണ് അവൾ കാണുന്നത്. " അപ്പോൾ ഇനി ഒരു കാര്യം ചെയ്യൂ.. ഗീത അമ്മായി പറയുന്നതല്ലേ എന്റെ മോൾക്ക് വേദവാക്യം.. അപ്പോൾ ഇനി അവിടെ തന്നെ കൂടിക്കോ.." ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് ദയനീയമായി എല്ലാവരെയും നോക്കി. ആരുടെ കണ്ണുകളിലും ദയ കാണാൻ സാധിച്ചില്ല. അതോടെ എല്ലാ നിയന്ത്രണവും വിട്ടു അവൾ പൊട്ടിക്കരഞ്ഞു. " സോറി.. അച്ഛാ.. സോറി .. അമ്മെ.. ഹരിയേട്ടാ.. ദേവേട്ടാ..ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല.. ഈ ഒരൊറ്റ തവണ പ്ലീസ്" അവൾ കരയുന്ന കണ്ടപ്പോൾ എല്ലാവര്ക്കും വിഷമമായി.

വീട്ടിലെ ഏറ്റവും ഇളയതായതു കൊണ്ട് പുന്നാരിച്ചു വളർത്തിയതാണ്.. അവളുടെ മനസ്സ് വിഷമിച്ചാൽ നന്ദനത്തിൽ എല്ലാവര്ക്കും പൊള്ളും . അത് കൊണ്ട് തന്നെ പിന്നെയൊന്നും പറയാതെ രവിശങ്കർ മുറിയിലേക്ക് പോയി. അചൻ പോയിക്കഴിഞ്ഞപ്പോൾ ഹരി ആതിക്കു നേരെ തിരിഞ്ഞു. ആതി പേടിച്ചു ഒരടി പിറകോട്ടു വച്ച്. " ഞാൻ നിന്നെ തല്ലാനൊന്നും പോവുന്നില്ല." അത് കേട്ടപ്പോൾ അവൾക്കു കുറച്ചു ആശ്വാസമായെങ്കിലും അവന്റെ അടുത്ത വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ആശ്വാസമെല്ലാം ആവിയായി. " ശ്രീകുട്ടിയെ ഇതിലേക്ക് വലിച്ചിട്ടത് നീയാണെന്നു എനിക്കറിയാം. ഈ വീട്ടിലുള്ളവരെ തമ്മിൽ തല്ലിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നവർ ഇനി ഇവിടെ വേണ്ട. നീനയെ 'അമ്മ പറയുന്നത് മാത്രമല്ലെ നീ കേൾക്കു.. അമ്മ പറയുന്നതും കേട്ട് പുന്നാര മോൾ ഇനി അമ്മയുടെ കൂടെ വീട്ടിൽ തന്നെ നിന്നോ.. നിന്റെ സാധനങ്ങളൊക്കെ പാക്ക് ചെയ്തോ..

പോകാൻ നിന്റെ വീട്ടിനു തന്നെ ഒരു കാറും തന്നിട്ടുണ്ടല്ലോ.. അതും കൊണ്ട് പൊയ്ക്കോ" ആതി ഇത്തവണ ശരിക്കും കരച്ചിലായി. കാര്യങ്ങൾ കൈ വിട്ടു പോകുകയാണെന്ന് തോന്നിയപ്പോൾ ജാനകി ഹരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു " മോനെ.. ഹരി.. അവൾക്കു ഒരു അബദ്ധം" " 'അമ്മ ഇവളുടെ വക്കാലത്തു പിടിച്ചോണ്ട് വരണ്ട..ഞാൻ ഇപ്പോൾ ഒന്ന് പുറത്തേക്കു പോവാണ് . ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുത്. അങ്ങനെ കണ്ടാൽ പിന്നെ നിന്നെ ഞാൻ ഇവിടുന്നു അടിച്ചിറക്കേണ്ടി വരും" അതും പറഞ്ഞു മറ്റാർക്കെങ്കിലും എന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നേ തന്നെ അവൻ അവിടെ നിന്ന് പോയി.ദേവനും തന്റെ മുറിയിലേക്ക് പോയി. ശ്രീകുട്ടിയെ ജാനകി തങ്ങളുടെ മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി. അവൾക്കു ഇന്ന് നല്ലതു കിട്ടുമെന്ന് അറിയാവുന്നതു കൊണ്ട് വിറക്കുന്ന കാലടികളോടെ അവൾ അവർക്കൊപ്പം ചെന്നു .

മുറിയിൽ ആതിയും ആമിയും തനിച്ചായി. സങ്കടവും ദേഷ്യം ഇടകലർന്ന ഭാവത്തിൽ ആമി ആതിയെ നോക്കിട്ടു മുറി വിട്ടിറങ്ങി. തന്റെ മുറിയിലേക്ക് പോകാൻ തോന്നാത്തത് കൊണ്ട് അവൾ പുറത്തിറക്കിറങ്ങി. മനസ്സൊന്നു തണുക്കട്ടെ. ആമിയും പോയിക്കഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആതി മുറിയിൽ നിന്നു . സാധനങ്ങൾ പാക്ക് ചെയ്യാനാണ് ഹരിയേട്ടൻ പറഞ്ഞതു. ആമി ഇന്നത്തോടെ നന്ദനത്തിൽ നിന്ന് പോകുമെന്ന് കരുതിയിട്ടു താനാണ് പോകുന്നത്. എല്ലാം തുലച്ചത് ദേവനും ശ്രീകുട്ടിയുമാണ്. ക്യാമറ ഉണ്ടെന്ന കാര്യം അവൾ ഓർത്തു പറഞ്ഞിരുന്നെങ്കിൽ തങ്ങൾ ഇങ്ങനെ പിടിക്കപെടില്ലായിരുന്നു. അത് പോലെ തന്നെ ആ ദേവൻ.. തന്റെ കാര്യങ്ങളൊന്നും നോക്കാത്ത ഭാര്യയോട് അവനു ദേഷ്യമാവുമെന്നാണ് കരുതിയത്..മെസ്സേജുകൾ കാണുമ്പോഴേ അവളെ കുറ്റപ്പെടുത്തുമെന്നും പുറത്താക്കുമെന്നും കരുതി...

പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് അവൻ അവളുടെ കൂടെ നിന്നു . അത് കൊണ്ടാണ് സത്യം പുറത്തു വന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ അമ്മയെ വിളിച്ചു. തന്റെ പ്ലാനുകൾ തന്റെ മകൾക്കു തന്നെ വിനയായി എന്ന് മനസിലായപ്പോൾ ഗീതക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജാനകിയെ തിരിഞ്ഞു നോക്കി മടിച്ചു മടിച്ചു ആതി കാറുമെടുത്തു നന്ദനത്തിൽ നിന്ന് യാത്രയായി. പോകാൻ മടിച്ചു കരഞ്ഞു കൊണ്ടിരുന്ന ആതിയെ ഹരി ഒന്ന് തണുക്കുന്നത് വരെ വീട്ടിൽ പോയി നില്ക്കാൻ പറഞ്ഞു ജാനകി പരഞ്ഞു വിടുകയായിരുന്നു. അവന്റെ ദേഷ്യം മാറുമ്പോൾ അവനെ അങ്ങ് പറഞ്ഞു വിടാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചാണ് വിട്ടത്. പക്ഷെ എന്നാലും ജാനകിക്കു ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.ദേവനെ പോലെ അല്ല ഹരി..ദേവന് പെട്ടെന്ന് ദേഷ്യം വരും..അത് പെട്ടെന്ന് തണുക്കുകയും ചെയ്യും. എന്നാൽ ഹരിക്കു ദേഷ്യം വരാൻ ഭയങ്കര പാടാണ് .

പക്ഷെ ദേഷ്യമായാൽ പിന്നെ തണുപ്പിക്കണമെങ്കിൽ ഭയങ്കര പാടുമാണ്. അവനെ തണുപ്പിക്കാൻ കഴിയുന്ന ഒരാളെ ഈ വീട്ടിൽ ഉള്ളു. ആ ആളുടെ സഹായം തന്നെ തേടാൻ ജാനകി തീരുമാനിച്ചു. ആതിയുടെ കാര് ഗേറ്റ് കടന്നു പോകുന്നത് ആമി വീടിനു മുന്നിലെ പൂന്തോട്ടത്തിൽ ഇരുന്നു കണ്ടു.ഭംഗിയായി വളർത്തുന്ന പൂക്കളുടെ ഇടയിൽ ഇരിക്കുമ്പോഴും മനസ്സാകെ നീറുന്നു. ആതിയുടെയും ശ്രീകുട്ടിയുടെയും ഭാഗത്തു നിന്ന് ഇങ്ങനൊരു ചതി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന പോലത്തെ ഒരു കുരുക്ക് .. അതും പറഞ്ഞു കൊടുത്തത് മകളുടെ സ്ഥാനത്തു തന്നെ കാണേണ്ട ചെറിയമ്മ തന്നെ. ഇവരോടൊക്കെ എന്ത് ദ്രോഹമാണ് താൻ ചെയ്തത്.. സത്യം പുറത്തു വന്നിലായിരുനെങ്കിൽ അപ്പച്ചിയുടേം ഹരിയേട്ടന്റെയുമൊക്കെ മുന്നിൽ ഭർത്താവിനെ മറന്നു ഭർതൃസഹോദരനെ തേടി പോയ വൃത്തികെട്ടവൾ ആയി പോകുമായിരുന്നു താൻ..ഒരു പക്ഷെ അമ്മൂമ്മയുടെ മുന്നിൽ പോലും തനിക്കു നിരപരാധിത്വം തെളിയിക്കേണ്ടി വന്നേനെ..ദേവേട്ടൻ..

അവൾ ഒരു ഞെട്ടലോടെ ഓർത്തു.. ആ മനുഷ്യൻ ഇന്ന് തന്നെ തോൽപ്പിച്ച് കളഞ്ഞു.. ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ.. ഒരു തെളിവും നോക്കാതെ.. താൻ അത് ചെയ്യില്ലായെന്നു ഉറപ്പിച്ചു പറഞ്ഞു. ദേവേട്ടൻ തന്നോട് അത്രയും വിശ്വാസം കാണിച്ചില്ലായിരുനെങ്കിൽ ആരും തന്നെ വിശ്വസിക്കില്ലായിരുന്നു.. ഹരിയേട്ടനും അപ്പച്ചിയും പോലും.,വീട്ടിൽ ഒരു സ്നേഹമുള്ള നോട്ടം പോലും തനിക്കു സമ്മാനിക്കാത്ത മനുഷ്യനാണ്.. താൻ എപ്പോൾ കിടക്കുന്നു ഉറങ്ങുന്നു എല്ലാം അറിയാം.. എന്തിനു തന്റെ മൊബൈലിന്റെ ലോക്ക് വരെ അറിയാം..അപ്പോൾ ഈ കാണിക്കുന്ന അവഗണന ഒക്കെ അഭിനയമാണോ? എന്തിനു? അമ്മൂമ്മ പറഞ്ഞതൊക്കെ സത്യമാണെന്നു വേണം കരുതാൻ. എല്ലാ വിഷമങ്ങളിൽ നിന്നും തന്നെ രക്ഷിക്കുകയാണ്. സ്നേഹമാണോ തന്നോട്.. പണ്ടുണ്ടായിരുന്നത് പോലെ..

പണ്ട് ദേവൻ തന്നെ ചുംബിച്ച കാര്യമോർത്തപ്പോൾ അറിയാതെ അവളുടെ കൈകൾ കവിളുകളിലേക്കു നീണ്ടു. തന്റെ ജീവിതത്തിലെ ആദ്യത്തെയും ഇത് വരെ അവസാനത്തെയും ചുംബനം.. ദേവേട്ടന്റെ..അവനെ ഒന്ന് കാണണം എന്ന് തോന്നിയപ്പോൾ അവൾ വീടിനുള്ളിലേക്ക് പോന്നു . മുറിക്കുള്ളിൽ കാലൊച്ച കേട്ടപ്പോഴേ ആമിയുടെ സാമിപ്യം അവൻ തിരിച്ചറിഞ്ഞു. അവൻ തിരിഞ്ഞു നോക്കി. നേരത്തെയുള്ള കരച്ചിലിന്റെ ബാക്കി എന്നോണം മുഖമൊക്കെ വല്ലാതെ ആയിട്ടുണ്ട്. ഇവിടെ നടന്നതൊക്കെ അവളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്ന് അവനു മനസിലായി. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്തതു കൊണ്ട് അവളെ അവൻ വെറുതെ നോക്കി നിന്നു . ദേവേട്ടൻ കണ്ടിരുന്നോ ആതിയൊ ശ്രീകുട്ടിയോ എന്റെ മൊബൈൽ എടുക്കുന്നത്?" " ഞാനോ.. ഞാൻ ഒന്നും കണ്ടില്ല.. ഞാൻ ഇല്ലാത്തപ്പോഴല്ലേ അവർ ഇതൊക്കെ ഒപ്പിച്ചത്? പിന്നെങ്ങനെ ഞാൻ കാണാനാ?" "അപ്പോൾ പിന്നെ ഇതെല്ലം ചെയ്തത് അവരാണെന്നു എങ്ങനെ മനസിലായി?"

" അച്ഛനും അമ്മയും ഹരിയും നിന്നോട് അങ്ങനെ ചെയ്യില്ലെന്ന്നു അറിയാം.പിന്നെയുള്ളത് അവർ രണ്ടു പേരുമാണ്.. അവർക്കു നിന്നോടുള്ള ദേഷ്യം കൂടി കണക്കിലെടുത്തപ്പോൾ അവർ തന്നെ ആകാമെന്ന് തോന്നി." " എന്നെയോ? ഒരു പ്രാവശ്യം പോലും എന്നെ സംശയം തോന്നിയില്ലേ ദേവേട്ടന്?" അതിനുള്ള മറുപടി അവളുടെ കണ്ണുകളിൽ നോക്കിയാണ് അവൻ കൊടുത്ത് "എനിക്ക് നിന്നെ വിശ്വാസമാണ് ആമി.. എന്നോട് എത്രയൊക്കെ ദേഷ്യമുണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി നിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലനു എനിക്ക് അറിയാം.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ തെളിവുകൾ നിർത്തിയാലും അതിൽ ഒരു മാറ്റാവുമുണ്ടാവുകയുമില്ല" അവന്റെ ആ ഒരു മറുപടി കേട്ടതും അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തന്റെ മുഖമമർത്തി കണ്ണുകൾ അടച്ചു നിന്നു . ആ നിമിഷം അവൾ തീരുമാനിച്ചു അവൻ ഒരു താന്തോന്നിയായാലും കൊലപാതികയായാലും ഒന്നും ഇനി അവൾക്കു അത് ഒരു പ്രശ്നമല്ലെന്നു..അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവനും ഒന്ന് അമ്പരന്നു.

കുറച്ചു നേരം അങ്ങനെ സ്‌തബ്ധനായി നിന്ന ശേഷം അവന്റെ കൈകളും അവളെ പുണർന്നു. അവന്റെ കൈകൾ തന്നിൽ മുറുകിയതറിഞ്ഞപ്പോൾ അവൾ അവന്റെ നെഞ്ചിൽ തന്റെ താടിയൂന്നി മുഖമുയർത്തി അവനെ നോക്കി. അവൻ പോലും അറിയാതെ അവന്റെ മുഖം അവളിലേക്കടുത്തു. അവന്റെ ഉദ്ദേശം മനസിലായെങ്കിലും അവൾക്കു ആ സ്നേഹച്ചൂടിൽ നിന്നു മാറാൻ തോന്നിയില്ല. അത് കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ചുംബനം സ്വീകരിക്കാൻ തയ്യാറായി അവൾ നിന്നു . അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും അടഞ്ഞ കണ്പീലികളിലും അമർന്നു കവിളുകളെ ലക്ഷ്യമാക്കി നീങ്ങി. അവൻ അവളുടെ വലത്തേ കവിളിൽ ചുംബിച്ചപ്പോൾ പഴയ ഒരു ചുംബനത്തിന്റെ ഒർമ്മയിൽ അവരുടെ രണ്ടു പേരുടെ ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടർന്നു. അവളുടെ മറ്റേ കവിളിലും ചുണ്ടുകൾ ചേർത്ത് കഴിഞ്ഞപ്പോൾ അവന്റെ നോട്ടം അവളുടെ അധരങ്ങളിൽ ഉടക്കി. മറ്റൊന്ന് ചിന്തിക്കാതെ അവൻ ചുണ്ടുകൾ അവളുടെ ചുണ്ടകളിലേക്കു അടുപ്പിച്ചു.  .. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story