ദേവാസുരം: ഭാഗം 17

Devasuram nila

രചന: നിള നിരഞ്ജൻ

അവളുടെ മറ്റേ കവിളിലും ചുണ്ടുകൾ ചേർത്ത് കഴിഞ്ഞപ്പോൾ അവന്റെ നോട്ടം അവളുടെ അധരങ്ങളിൽ ഉടക്കി. മറ്റൊന്ന് ചിന്തിക്കാതെ അവൻ ചുണ്ടുകൾ അവളുടെ ചുണ്ടകളിലേക്കു അടുപ്പിച്ചു. പെട്ടെന്നാണ് ചാരിയിട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു മോനേ എന്ന് വിളിച്ചു കൊണ്ട് ജാനകി അങ്ങോട്ട് കയറി വന്നത്. ദേവനും ആമിയും പെട്ടെന്ന് അടർന്നു മാറി. ദേവനെയും ആമിയെയും പിണക്കങ്ങൾ മാറി ഒന്നായി കണ്ടതിൽ വളരെ സന്തോഷം തോന്നിയെങ്കിലും അവരുടെ സ്വകാര്യതയിലേക്കു കയറി ചെന്നതിൽ ജാനകിക്കും ചമ്മൽ തോന്നി. മൂന്നു പേരും കുറച്ചു നിമിഷങ്ങളിലേക്കു ഒന്നും മിണ്ടാതെ നിന്നു .. പിന്നെ ദേവൻ തന്നെ ചോദിച്ചു " എന്താ അമ്മെ.. എന്തെങ്കിലും കാര്യമുണ്ടോ??" "അത്.. ഞാൻ.. നിന്നോട് ഒരു കാര്യം പറയാമെന്നു കരുതി വന്നതാ .. ഞാൻ പോയിട്ട് കുറച്ചു കഴിഞ്ഞു വരാം" ജാനകി പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ ആമി പെട്ടെന്ന് വിളിച്ചു

" വേണ്ട അപ്പചി.. അപ്പച്ചി എന്ത പറയാൻ വന്നെന്നു വച്ചാൽ പറഞ്ഞോളൂ.. ഞാൻ മാറാം" " അതിനു നീയെന്തിനാ മാറുന്നെ? നീ അവിടെ തന്നെ നിന്നോ" പിന്നെ ദേവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു " ഡാ.. ഞാൻ ഹരിയുടെ കാര്യം പറയാൻ വന്നതാ.. അവന്റെ സ്വഭാവം നിനക്ക് അറിയാലോ.. ദേഷ്യം വന്നാൽ പിന്നെ ഒരു രക്ഷയും ഇല്ല.. എനിക്കറിയാം നിങ്ങളോടു രണ്ടു പേരോടും അവൾ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്ന്.. പക്ഷെ നമ്മുടെ ഹരിയുടെ ജീവിതം അല്ലെ? ആതി നമ്മുടെ കുട്ടി തന്നെ അല്ലെ? ഹരിയെ പറഞ്ഞു സമാധാനിപ്പിചു അവളെ പോയി വിളിച്ചു കൊണ്ട് വരാൻ നീ ഹരിയോട് പറയണം.. നീ പറഞ്ഞാലേ അവൻ കേൾക്കു.." ദേവൻ പതിയെ തലയാട്ടി

" ഞാൻ പറയാം" അതു കേട്ടപ്പോൾ ജാനകിക്കു സമാധാനം ആയി. ഇനി ഹരിയുടെ കാര്യം അവൻ നോക്കിക്കൊള്ളും. ആമിയെ ഒന്ന് നോക്കി അവർ പുറത്തേക്കു പോയി. ദേവനോടൊപ്പം മുറിയിൽ വീണ്ടും ഒറ്റക്കായപ്പോൾ ആമിക്കു അവന്റെ മുഖത്തേക്ക് പോലും നോക്കാൻ ബുദ്ധിമുട്ടു തോന്നി. " ഞാൻ അപ്പച്ചിയുടെ കൂടെ അടുക്കളയിലേക്കു ചെല്ലട്ടെ" അവന്റെ മുൻപിൽ നിന്ന് രക്ഷപെടാനായി അതും പറഞ്ഞു അവൾ അകത്തേക്ക് പോകാനൊരുങ്ങി. രണ്ടടി വച്ചപ്പോഴേക്കും അവളുടെ കൈകളിൽ അവന്റെ പിടി വീണിരുന്നു. കൈയിൽ പിടിച്ചു അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവന്റെ നെഞ്ചിൽ തട്ടി അവനെ തിരിഞ്ഞു നോക്കാതെ ആമി നിന്നു . അവൻ അവളുടെ വയട്ടിലൂടെ കൈ ചുറ്റി അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു " അങ്ങനങ്ങു പോവാണോ ? നേരത്തെ തുടങ്ങി വച്ചതു മുഴുവനാക്കിട്ടു പോയാൽ പോരെ?" "അയ്യടാ" എന്ന് പറഞ്ഞു

കൈ മുട്ട് കൊണ്ട് അവന്റെ വയറ്റിൽ അവൾ ആഞ്ഞു ഒരു കുത്തു വച്ച് കൊടുത്തു. പെട്ടെന്നുണ്ടായ ഞെട്ടലിൽ അവന്റെ കൈകൾ അയഞ്ഞു. ആ തക്കം നോക്കി ആമി ഓടി കതകിന്റെ അടുത്തെത്തി. കിതച്ചു കൊണ്ട് അവനെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു " അതിനുള്ള സമയം ആയിട്ടില്ല.. ആവുമ്പോൾ അറിയിക്കാട്ടോ .. കള്ള അസുരാ " അതും പറഞ്ഞു അവൾ അടുക്കളയിലേക്കോടി. അവൾ പോകുന്നതും നോക്കി ഒരു കള്ള ചിരിയോടെ അവൻ അവിടെ തന്നെ നിന്നു . മനസ്സിന് ഒരു സുഖവും ഇല്ലന്ന് തോന്നിയപ്പോൾ ഹരി വന്നു മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ ഇട്ടിട്ടുള്ള ആട്ടുകട്ടിലിൽ വന്നു കിടന്നു. രാവിലെ ദേഷ്യത്തിൽ പുറത്തിറങ്ങി പോയി വളരെ നേരത്തിനു ശേഷമാണു തിരിച്ചു വന്നത്. വന്നപ്പോഴേക്കും ആതി പോയിരുന്നു.അത് ഏതായാലും നന്നായി..

അല്ലെങ്കിൽ ചിലപ്പോൾ നിയന്ത്രണം വിട്ടു താൻ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേനെ.. പക്ഷെ തിരികെ മുറിയിൽ വന്നു കിടന്നിട്ടും ഒരു സമാധാനവുമില്ല.. മുറിയിൽ നിറയെ അവളുടെ സാധനങ്ങളും ഓര്മകളുമാണ്.. പോരാത്തതിന് ഇടയ്ക്കിടെ ഫോണിലേക്കു വരുന്ന അവളുടെ കോളുകളും മെസ്സേജും . മനസ്സ് അസ്വസ്ഥമാക്കുന്നു എന്ന് തോന്നിയപ്പോഴാണ് ഇവിടെ വന്നു കിടന്നതു.. അങ്ങോട്ടേക്ക് ആരോ കയറി വരുന്ന ഒച്ച കേട്ടപ്പോഴാണ് ഹരി തിരിഞ്ഞു നോക്കിയത്. ദേവനാണ്.. അവൻ വന്നു ആട്ടുകട്ടിലിന്റെ ഒരറ്റത്തായി ഇരുന്നപ്പോൾ ഹരി എഴുന്നേറ്റിരുന്നു. പതിവില്ലാതെ എന്ത് പറഞ്ഞു തുടങ്ങണമെന്ന് ഹരിക്കു അറിയില്ലായിരുന്നു.തന്റെ ഭാര്യ അത്രയും വലിയ തെറ്റാണു അവനോടു ചെയ്യാൻ പോയത്. ദേവൻ ഹരിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു

അവന്റെ തോളിൽ കൈ വച്ചു " നീ നാളെ തന്നെ പോയി ആതിയെ വിളിച്ചു കൊണ്ടി വരണം" ഹരി അതിശയത്തോടെ അവനെനോക്കി. പിന്നെ ഇല്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു. " ഇത് പറയാനാ നീ വന്നതെങ്കിൽ വേണ്ട.. അവൾക്കു അവളുടെ 'അമ്മ പറയുന്നതല്ലേ വേദ വാക്യം.. അവള് അവിടെ തന്നെ നിൽക്കട്ടെ" "ഡാ.. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കു..ആതിയെ ഇപ്പോൾ വീട്ടിൽ പറഞ്ഞു വിട്ടത് കൊണ്ട് എന്താ കാര്യം.. നോക്ക്.. ഇതൊന്നും അവൾ മനഃപൂർവം ചെയ്യുന്നതല്ല.. ഗീത അമ്മായി ആണ് ഓരോന്നും പറഞ്ഞു അവളെ പിരി കേറ്റി വിടുന്നത്.. അതും നിനക്കും അറിയാവുന്നതല്ലേ?" ഹരി ഒന്നും മിണ്ടിയില്ല. കുറച്ചു കുശുമ്പും അസൂയയും ഒക്കെ ഉണ്ടെങ്കിലും ആതി അത്രയ്ക്ക് ദുഷ്ട ഒന്നുമല്ലെന്ന് അവനും അറിയാം. അത് കൊണ്ട് തന്നെയാണ് അവളെ ഇഷ്ടപെട്ടതും. പക്ഷെ ഗീത അമ്മായി വിഷമാണ്..

ആ വിഷം അവരുടെ മകളിലേക്കും അവര് കുത്തി വയ്ക്കും..ഹരി മറുത്തൊന്നും പറയാത്ത കൊണ്ട ദേവൻ തുടർന്നു.. " ഡാ.. അവൾക്കു നീ എന്ന് വച്ചാൽ ജീവനാണ്.. കുഞ്ഞിലേ മുതൽ ഹരിയേട്ടാ എന്ന് വിളിച്ചു നിന്റെ പിറകെയല്ലേ എപ്പോളും നടക്കുന്നെ? ഇപ്പോൾ വീട്ടിൽ പോയിരുന്നു കരയുന്നുണ്ടാവും.. തന്നെയുമല്ല ഇതൊന്നും ചെയ്തത് ആതി ഒറ്റയ്ക്ക് അല്ലാലോ.. എല്ലാത്തിനും ശ്രീകുട്ടിയും കൂട്ടുണ്ടായിരുന്നല്ലോ.. എന്നിട്ടിപ്പോ ആതിക്കു മാത്രമായി ഒരു ശിക്ഷ ശരിയല്ല.." " എന്ന് വച്ച് അവളോട് തോറ്റു കൊടുത്തു അവളെയും വിളിച്ചു കൊണ്ടു വന്നിട്ട് വീണ്ടും ഇത് പോലെ എന്തെങ്കിലും ഒപ്പിക്കാനല്ലേ ?" " യാതൊന്നുമില്ല... ഇപ്പോൾ അത്യവശ്യം ഒരു പേടിയൊക്കെ അവൾക്കു വന്നിട്ടുണ്ടാകും.. നീ ഒന്നുടെ ഒന്ന് നന്നായി പേടിപ്പിച്ചാൽ പിന്നെ അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല..

ശ്രീകുട്ടിക്കും അച്ഛനും അമ്മയും കൂടി ഒരു നല്ല ഡോസ് കൊടുത്തിട്ടുണ്ട്" ഹരി പിന്നെയും മൗനം പാലിച്ചു " നീ തന്നെ അല്ലെ എപ്പൊഴും എന്നോട് പറയുന്നേ ഞാൻ ആമിയോട് അകൽച്ച കാണിച്ചു ഇവിടെ എല്ലാവരെയും വേദനിപ്പിക്കുന്നുന്നു ..അപ്പോൾ നീയും ആതിയും ഇങ്ങനെ അകന്നു നിന്നാൽ ഇവിടെ ആർക്കെങ്കിലും സന്തോഷം ഉണ്ടാവുമോ? എന്തൊക്കെ പറഞ്ഞാലും അവൾ ഇല്ലാതെ നിനക്ക് സന്തോഷം ഉണ്ടാവുമോ?" ഹരിക്കു അതിനു മറുപടി ഇല്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും അവളെ തനിക്കു വലിയ ഇഷ്ടമാണ്. " അതാ പറഞ്ഞത് നാല് ചീത്തയും പറഞ്ഞു അവളെ പോയി വിളിച്ചോണ്ട് വരാൻ" "ഹ്മ്മ് .. " ഹരി ഒന്ന് മൂളി." ഏതായാലും ഇന്നിനി ഞാൻ പോകുന്നില്ല. അവൾ അവിടെ ഒറ്റയ്ക്ക് ഇരുന്നു ചെയ്തതിനെ പറ്റി ഒക്കെ ഒന്ന് ആലോചിക്കട്ടെ.

നാളെ പോകണോ വേണ്ടയോ എന്നൊക്കെ ഞാൻ ഒന്ന് കൂടി ആലോചിക്കട്ടെ" ദേവന് സന്തോഷമായി. ഹരി ഏതായാലും നാളെ അവളെ പോയി കൂട്ടികൊണ്ടു വന്നോളും എന്ന് ഉറപ്പായി. കാര്യം അവൾക്കു തന്നോട് ദേഷ്യമാണെങ്കിലും കുഞ്ഞിലേ മുതൽ ഒരുമിച്ചു കളിച്ചു വളർന്ന അവളോട് ഒരു അനിയത്തിയോടുള്ള സ്നേഹം ദേവന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഹരിയുടെ പെണ്ണായി അവൾ വന്നപ്പോൾ അത് ഒന്നുകൂടി ഊട്ടിഉറപ്പിച്ചതാണ്. പിന്നെ എന്തിന്റെ പേരിലാണെങ്കിലും ഹരിയുടെ മനസ്സ് വിഷമിക്കുന്നത് അവനു സഹിക്കില്ല. എല്ലാം കൊണ്ടും ആതി തിരികെ വരണമെന്ന് തന്നെയാണ് അവൻ ആഗ്രഹിച്ചത്. തന്റെ പരിശ്രമം ഫലം കണ്ടതിൽ സന്തോഷിച്ചു അവൻ തന്റെ മുറിയിലേക്ക് പോകാൻ എഴുനേറ്റു. അപ്പോഴാണ് ഹരി വിളിച്ചത് " ദേവാ "

"എന്താടാ?" അടുത്ത ചോദ്യം അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാണ് ഹരി ചോദിച്ചത് " ആ കാമറ ഹാളിൽ ഇല്ലായിരുന്നേൽ പെട്ടേനെ അല്ലെ?" ദേവൻ ഒന്നും മിണ്ടിയില്ല. പക്ഷെ അവന്റെ ചുണ്ടിൽ ഒരു കള്ളചിരി ഉണ്ടായിരുന്നു. ഹരി തന്റെ കൈകൾ കൂട്ടിയിടിച്ചു.. " എനിക്കറിയാരുന്നു.. എനിക്കറിയാരുന്നു നീ വെറുതെ തള്ളിയതാണെന്നു.. ആ ക്യാമറ വീട്ടീന്ന് പണിക്കാര് പോയ അന്ന് തന്നെ നമ്മൾ ഓഫ് ചെയ്തതല്ലേ? ഇപ്പോൾ അത് വർക്കിംഗ് അല്ല.." ദേവൻ വീണ്ടും ചിരിച്ചു. "അറിയാരുന്നെങ്കിൽ പിന്നെ നീ എന്താ അപ്പോൾ പറയാഞ്ഞേ?" " അവരെ കൊണ്ട് പറയപ്പിക്കാനുള്ള നിന്റെ ഐഡിയ കുളമാക്കേണ്ട എന്ന് കരുതി. എങ്ങാനും റെക്കോർഡിങ്ങും കൊണ്ട് വരട്ടേന് അവര് കരുതിയിരുന്നേൽ നീ പെട്ടേനെ" " അതാണ് ഞാൻ പ്രാർത്ഥിച്ചോണ്ടിരുന്നേ.."

ചിരിച്ചു കൊണ്ടിരുന്ന ഹരിയുടെ മുഖം പെട്ടെന്ന് ആർദ്രമായി " അവൾക്കു ഒരുപാടു വിഷമമായി കാണും അല്ലെ?" ആമിയെയാണ് ഹരി ഉദേശിച്ചത്‌ എന്ന് ദേവന് മനസിലായി. " കുറച്ചു.. പക്ഷേ അത് സാരമില്ല. ആതി തിരികെ വരണമെന്നാണ് അവളുടെയും ആഗ്രഹം" " നിങ്ങലു തമ്മിലുള്ള പ്രോബ്ലെംസ് ഒക്കെ സോൾവ് ആയോ?" നേരത്തെ നടന്ന സംഭവങ്ങളുടെ ഓർമയിൽ ദേവൻ ഒന്ന് ചിരിച്ചു.. " എന്താടാ .. നിന്റെ മുഖത്തൊരു കള്ളചിരി?" അവൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ഹരിയുടെ നേരെ കൈ വീശി "ഗുഡ് നൈറ്റ്" " ഗുഡ് നൈറ്റ് ഡാ" ദേവന്റെ മുഖത്തെ സന്തോഷം ഹരിയുടെ ചുണ്ടിലും ഒരു ചിരി കൊണ്ട് വന്നു. തിരികെ കിടക്കാൻ തന്റെ മുറിയിലേക്ക് പോകുന്ന വഴി അമ്മയെ കണ്ടു ഹരി ആതിയെ പോയി വിളിച്ചോളും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അൻവർ അലി കടുത്ത ചിന്തയിലായിരുന്നു. അയാൾ ഇപ്പോൾ അന്വേഷിക്കുന്ന ഇരട്ട കൊലപാതകങ്ങളുടെ കേസ് വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണ്ട ഒന്നാണെന്ന് ആദ്യമേ അറിയാമായിരുന്നു.ജനശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയതു കൊണ്ട് തന്നെ വളരെ സൂക്ഷിച്ചു വേണം മുന്നോട്ടുള്ള ഓരോ കാൽവയ്പുമെന്നു മനസ്സിൽ കുറിച്ചിരുന്നു. ഒരു ചെറിയ പിഴവുണ്ടായാൽ പോലും വല്യ വില കൊടുക്കേണ്ടി വരും.കോഴിക്കോട് പോയി നടത്തിയ അന്വേഷണത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. റയാനെ അന്വേഷിച്ചു അവന്റെ ഓഫീസിൽ എത്തിയ രണ്ടു പേരുടെയും ചിത്രങ്ങൽ ഇപ്പോൾ തങ്ങളുടെ പക്കലുണ്ട്.. പക്ഷെ താൻ അന്വേഷിച്ചു നടക്കുന്ന മുഖം അവിടെയും കണ്ടില്ല. ഇവന്മാരെ തപ്പി കണ്ടെത്തിയാൽ അത് വഴി അയാളിലേക്കെത്താൻ കഴിയും എന്ന് അയാൾക്ക്‌ ഉറപ്പുണ്ടായിരുന്നു.

അയാളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അൻവറിന്റെ മുഖത്ത് ഒരു വല്ലാത്ത സന്തോഷം കണ്ടു. തത്കാലം ഈ കാര്യങ്ങളൊക്കെ മീഡിയയിൽ നിന്ന് രഹസ്യമാക്കി വയ്ക്കാൻ എല്ലാവര്ക്കും നിർദേശം കൊടുത്തിട്ടുണ്ട്. ഇനിയുള്ളത് എബിന്റെ ഹോസ്പിറ്റലിലെ സ്റ്റാഫിനെ ഒക്കെ ചോദ്യം ചെയ്യുന്ന കർമമാണ്. എബിൻ അവിടുത്തെ അഡ്മിനിസ്ട്രേഷനിൽ ആയിരുന്നല്ലോ ജോലി ചെയ്തുകൊണ്ടിരുന്നത്. അതിനായി അടുത്ത് തന്നെ മേമൻ ചാരിറ്റി ഹോസ്പിറ്റലിലേക്ക് പോകാൻ അൻവർ തീരുമാനിച്ചു. തന്റെ മുറിയിലെ ജനലിലൂടെ പുറത്തേക്കു നോക്കി എന്തൊക്കെയോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു ആതി. ഇന്നലെ വന്നപ്പോൾ കയറിയതാണ് അവൾ ആ മുറിയിൽ. കുളിച്ചിട്ടില്ല.. ഇത് വരെ ഒന്നും കഴിച്ചിട്ടുമില്ല..

ഗീത പലതവണ അവളോട് മിണ്ടാൻ വന്നെങ്കിലും അവർ പറയുന്നത് ഒന്നും കേൾക്കാൻ അവൾക്കു മനസുണ്ടായില്ല. അവർ വന്നു കഴിക്കാൻ വിളിച്ചിട്ടും അവൾ ചെന്നതേയില്ല. 'അമ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആമിക്കും കുറച്ചു സ്വത്തു കിട്ടി എന്ന് വച്ച് തനിക്കു ഒന്നും ഇല്ലായിരുന്നു. ദേവൻ ആമിയെ നോക്കുന്നതിലും എത്രയോ നന്നായാണ് ഹരിയേട്ടൻ തന്നെ നോക്കികൊണ്ടിരുന്നതു. 'അമ്മ ആമിക്കെതിരെ ഈ ഐഡിയയുമായി വന്നപ്പോൾ തന്നെ ഒരു പേടി തോന്നിയതാണ്. അപ്പോൾ അവളെ പറ്റിയുള്ള കുറ്റമൊക്കെ പറഞ്ഞു തന്നു അവളെ അവിടുന്ന് പുറത്താക്കാമെന്നു പറഞ്ഞാണ് തന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. എന്നിട്ടിപ്പോൾ താൻ പുറത്തായി. കൂട്ട് നിന്ന ശ്രീകുട്ടിയും അവിടെ തന്നെ ഉണ്ട്. ഹരിയെ ഒന്ന് കാണാൻ അവളുടെ മനസ് വല്ലാതെ തുടിച്ചു. തന്റെ ഫോൺ പോലു ഹരിയെട്ടൻ ഇപ്പോൾ എടുക്കുന്നില്ല. ഹരിയേട്ടന്റെ ദേഷ്യം മാറുമ്പോൾ പറഞ്ഞു മനസ്സിലാക്കി

തന്റെ അരികിലേക്ക് അയക്കാം എന്നല്ലേ അപ്പച്ചി പറഞ്ഞതു. നോക്കട്ടെ.. ഹരിയേട്ടൻ വന്നില്ലെങ്കിൽ താൻ അങ്ങോട്ടു ചെല്ലും.. കാലു പിടിച്ചിട്ടാണെങ്കിലും തിരികെ ആ വീട്ടിൽ തന്നെ കയറണം. അവൾ തീരുമാനിച്ചു. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു തിരികെ പോരുന്ന വഴിക്കാണ് ഹരി ആതിയുടെ വീട്ടിലേക്കു പോയത്. വീട്ടിലേക്കു കയറാതെ മുറ്റത്തു തന്നെ കാർ നിർത്തി അവൻ രണ്ടു തവണ ഹോൺ അടിച്ചു . അത് കേട്ട് ആദ്യം ഇറങ്ങി വന്നത് ഗീതയാണ്. പിറകെ അവന്റെ കാറിന്റെ ഹോൺ തിരിച്ചറിഞ്ഞു ആതിയും ഓടി ഇറങ്ങി വന്നു. ഹരി വന്ന സന്തോഷത്തിലാണ് രണ്ടു പേരും വന്നതെങ്കിലും കാറിൽ ചാരി നിൽക്കുന്ന അവന്റെ ദേഷ്യം കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം വല്ലാതായി. ഇനി അവനെങ്ങാനും തന്നെ വേണ്ട എന്ന് പറയാനാണോ വന്നത് എന്നോർത്തപ്പോൾ ആതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഗീത പതിയെ ധൈര്യം സംഭരിച്ചു അവന്റെ അടുത്തേക്ക് ചെന്നു ..

പിറകെ ആതിയും " മോനെ .. നീയെന്താ വന്നിട്ട് അവിടെ തന്നെ നിന്നതു? വാ കയറിയിരിക്കു.. നമുക്ക് ചായ കുടിച്ചിട്ടു സംസാരിക്കാം" " വേണ്ട.. ഞാൻ കയറുന്നില്ല..എനിക്ക് അമ്മായിയുടെ ചായയും വേണ്ട. അമ്മായിയോട് എനിക്ക് ഒന്നും സംസാരിക്കാനുമില്ല.. ഞാൻ എന്റെ ഭാര്യയോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വന്നതാ" " അല്ല മോനെ.. അത്..." ഗീതയെ പറയാൻ സമ്മതിക്കാതെ അവൻ കയ്യുയർത്തി.. എന്നിട്ടു കരഞ്ഞു കൊണ്ട് നിൽക്കുന്ന ആതിയെ നോക്കി. " ഡീ .. ഒരുപാടൊന്നും എനിക്ക് നിന്നോട് പറയാനില്ല..നീ ചെയ്തതൊക്കെ തെറ്റാണെന്നു നിനക്ക് തോന്നുണ്ടേൽ..ഇനി ഇങ്ങനൊന്നും നിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടേൽ..നിന്റെ 'അമ്മ പറയുന്ന കുശുമ്പും കുന്നായ്മയും കേൾക്കാതെ ഞാനും എന്റെ വീട്ടുകാരും പറയുന്ന നല്ല കാര്യങ്ങൾ കേട്ട് ഒരു നല്ല ഭാര്യയായിട്ടു എന്റൊപ്പം ജീവിക്കാമെങ്കിൽ..

പത്തു മിനിറ്റ് കൊണ്ട് റെഡി ആയി എടുക്കാനുള്ളതൊക്കെ എടുത്തിട്ട് വാ" വീട്ടിനകതെക്കു കയറി പോകാനൊരുങ്ങിയ ആതിയെ ഹരി ഒന്നുടെ വിളിച്ചു " പിന്നെ.. ഇനി ഇത് പോലെ അമ്മയുടെ വാക്കും കേട്ട് എന്റെ വീട്ടിൽ എന്തെങ്കിലും ഒരു പ്രശ്നം നീ ഉണ്ടാക്കിയാൽ പിന്നെ ഇത് പോലെ ഒരു കൂടിച്ചേരൽ ഉണ്ടാവില്ല. അത് കൊണ്ട് വരുന്നുണ്ടേൽ നല്ലവണ്ണം ആലോചിച്ചിട്ട് വന്നാൽ മതി" പത്തു മിനിറ്റ് കൊണ്ട് റെഡി ആവാൻ പറഞ്ഞ ആതി എട്ടു മിനിറ്റ് കൊണ്ട് റെഡി ആയി വന്നത് കണ്ടു ഹരിക്കു ഉള്ളിൽ ചിരി വന്നെങ്കിലും അവൻ ദേഷ്യം തന്നെ മുഖത്തണിഞ്ഞു. സാധാരണ എവിടെയെങ്കിലും പോകണമെങ്കിൽ രണ്ടു മണിക്കൂർ ഒരുങ്ങാൻ വേണ്ട ആളാണ്.. " ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ? നന്നായി ആലോചിച്ചിട്ടാണോ ഈ വന്നേക്കുനെ?"

അതെയെന്ന് അവൾ തലയാട്ടി. " എന്നാൽ പോയി വണ്ടിയിൽ കയറു" അവൾ പോയി ഫ്രന്റ് സീറ്റിൽ കയറി ഇരുന്നു. അത് കഴിഞ്ഞപ്പോൾ ഹരി ഗീതയുടെ അടുത്തേക്ക് ചെന്നു " അമ്മായി ആയതു കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഒന്നും പറയാതെ.. മേലിൽ മോളെ കൊണ്ട് ഇത് പോലത്തെ തരികിട പരിപാടി കാണിച്ചു എന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ നോക്കിയാൽ പിന്നെ മോള് ജീവിതകാലം ഇവിടെ തന്നെ നിക്കും.. ഇത് തന്നെ ഇപ്പോൾ അമ്മയും ദേവനും കൂടി നിര്ബന്ധിച്ചിട്ടാണ് ഞാൻ ഇവളെ കൂട്ടികൊണ്ടു പോകുന്നത്.. പിന്നെ നിങ്ങൾ സ്ത്രീധനം തന്ന കാർ ഇനി മുതൽ ഇവിടെ തന്നെ കിടന്നോട്ടെ" അതും പറഞ്ഞു അവൻ പോയി വണ്ടിയിൽ കയറി. തന്നോട് ഒരു യാത്ര പോലും പറയാതെ ഹരിയോടൊപ്പം പോകുന്ന ആതിയെ ഗീത കണ്ണും മിഴിച്ചു നോക്കി നിന്നു

. പോകുന്ന വഴി കാറിൽ ഇരുന്നു ആതി ഹരിയെ ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ടു നോക്കി. അനക്കമൊന്നുമില്ല. ശ്രദ്ധ ഡ്രൈവിങ്ങിൽ ആണെങ്കിലും മുഖം വളരെ ദേഷ്യത്തിൽ തന്നെയാണ്.. അവനോട് ഒന്ന് മിണ്ടണം എന്നുണ്ട്.. പക്ഷെ പേടിയാണ്.. അത് കൊണ്ട് അവൾ ഒന്നും മിണ്ടാതെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഹരി വണ്ടി ഒതുക്കി നിർത്തി. " ഇറങ്ങു" "ഇവിടെയോ.. എന്തിനാ ഹരിയേട്ടാ ?" " എന്തിനാണെന്ന് പറഞ്ഞാലേ നീ ഇറങ്ങുള്ളോ ?" അവൻ ദേഷ്യപ്പെട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. പക്ഷെ അവൾ വണ്ടിയിൽ നിന്നിറങ്ങി. അവനും വണ്ടി ലോക്ക് ചെയ്തു കൂടെ ഇറങ്ങി. അവന്റെ ഉദ്ദേശമെന്താണെന്നു മനസിലാവാതെ അവൾ അവന്റെ പിറകെ നടന്നു. ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ അവൻ നിന്നു " ഒരു ഐസ്ക്രീം കഴിച്ചാലോ?" കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടി അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനെ കണ്ടപ്പോൾ അവൾക്കു നെഞ്ചിൽ നിന്ന് വലിയൊരു ഭാരം നീങ്ങിയത് പോലെ തോന്നി.

" ഞാൻ ചിരിച്ചുന്നു കരുതി നേരത്തെ പറഞ്ഞതൊന്നും വെറുതെയല്ലട്ടോ" അവളെ ഒന്നും കൂടി ഓർമിപ്പിച്ചു കൊണ്ട് അവൻ കടയിലേക്ക് കയറി. മനസ്സിൽ കുറച്ചു തീരുമാനങ്ങൾ എടുത്തു ആതിയും അവനു പിറകെ കയറി. എബിന്റെ കൊലപാതകവുമായി ബന്ധപെട്ടു മേമൻ ചാരിറ്റി ഹോസ്പിറ്റൽ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു ഡി.വൈ.എസ്.പി അൻവർ അലി. പഠനം പൂർത്തിയായ ശേഷം തന്റെ പപ്പയുടെ ഹോസ്പിറ്റലിൽ എബിൻ ഇടയ്ക്കിടെ വരുകയും അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തുകയും ചെയ്യുമായിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപുള്ള ഒരു വർഷം സ്ഥിരമായി എബിൻ ഹോസ്പിറ്റലിൽ വരാറുണ്ടായിരുന്നു. തന്റെ പപ്പയെ പോലെ ഒരു ബിസ്സിനെസ്സുകാരൻ ആകാൻ ആഗ്രഹിച്ചിരുന്നവനാണ് എബിൻ. എം.ബി.എ പൂർത്തിയാക്കിയതിനു ശേഷം വർഗീസ് മേമന്റെ ബിസ്സിനെസ്സുകളിലെല്ലാം അവൻ ഭഗവത്താകാൻ ശ്രമിച്ചു കൊണ്ടിരുന്നു.

മരിക്കുന്ന സമയത്തു രണ്ടാളും ഒരുമിച്ചായിരുന്നതു കൊണ്ട് ഇവിടുന്നു എന്തെങ്കിലും വിവരം കിട്ടിയാലും അത് തന്നെ ഈ കേസിൽ സഹായിക്കുമെന്ന് അൻവറിനു അറിയാമായിരുന്നു. എബിൻ ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമായിരുന്നു കൂടുതലും കൈകാര്യം ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അവുടെയുള്ള സ്റ്റാഫിനെ ആണ് കൂടുതലും ചോദ്യം ചെയ്തത്. എല്ലാവര്ക്കും എബിനെ പറ്റി നല്ലതേ പറയാൻ ഉണ്ടായിരുന്നുള്ളു. അവന്റെ വീട്ടുകാരെ പോലെ തന്നെ മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവന്റെ പെരുമാറ്റത്തിൽ യാതൊരു അസ്വാഭാവികതയും അവിടെയാരും ശ്രദ്ധിച്ചിട്ടില്ല. തികച്ചും നോർമൽ ആയിരുന്നു അവൻ. ഇവിടെ നിന്നും ഒരു വിവരവും കിട്ടാതെ തിരിച്ചു പോകേണ്ടി വരുമോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുബോളാണ് ഹോസ്പിറ്റലിൽ നടന്ന ഏതെങ്കിലും സംഭവം ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് ചോദിച്ചപ്പോൾ ഒരു ഹോസ്പിറ്റൽ സ്റ്റാഫ് എബിൻ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് ഹോസ്പിറ്റലിൽ നടന്ന ഒരു ജെയിംസ് എന്ന ചെറുപ്പക്കാരന്റെ സര്ജറിയെയും അവന്റെ മരണവും അതിന്റെ പേരിൽ നടന്ന ബഹളങ്ങളെ പറ്റിയും സൂചിപ്പിക്കുന്നത്.

അത് ഒരു വലിയ വാർത്ത ആയിരുന്നതിനാൽ അൻവറിനു ആ സംഭവം പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റി . ആ ബഹളത്തിൽ എബിനും ഉൾപ്പെട്ടിരുന്നു എന്നാണ് അയാളിൽ നിന്ന് അറിയാൻ കഴിഞ്ഞത് . അന്വേഷിച്ചപ്പോൾ ബഹളം നടന്നപ്പോൾ എബിൻ അവിടെ എന്താണെന്നു അന്വേഷിക്കാൻ പോയതേ ഉള്ളു എന്നും അതുമായി വേറെ ബന്ധമൊന്നും ഇല്ലായെന്നും അറിയാൻ കഴിഞ്ഞു. എന്നാലും ആ വഴിക്കും കൂടി ഒന്ന് അന്വേഷിച്ചേക്കാം എന്ന് തീരുമാനിച്ചു. ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ വച്ച് നടന്ന സംഭവമായതു കൊണ്ട് തന്നെ അവിടെയുള്ള സിസിടീവീ ക്യാമറ ദൃശ്യങ്ങൾ തന്റെ ഓഫീസിലേക്ക് കൊടുത്തു വിടണമെന്ന് അൻവർ ഹോസ്പിറ്റൽ അധികൃതർക്ക് നിർദേശം നൽകി. അന്ന് ആ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും തനിക്കു ഇന്ന് തന്നെ കണ്ടു സംസാരിക്കണമെന്നു അൻവർ ആവശ്യപ്പെട്ടു.

ഹരി പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് ചെന്നപ്പോൾ തന്നെ കണ്ടു ഹോസ്പിറ്റലിന്റെ മുന്നിൽ കിടക്കുന്ന പോലീസ് ജീപ്പ്. ഏതെങ്കിലും ആക്സിഡന്റ് കേസുമായി ബന്ധപെട്ടു വന്നതാവാമെന്നു കരുതി അവൻ അത് വകവച്ചില്ല. ഹോസ്പിറ്റലിൽ എത്തി അധികം വൈകാതെ തന്നെ തന്റെ തിരക്കുകളിൽ മുഴുകുകയും ചെയ്തു. ഹരി ഓരോരോ രോഗികളെയായി നോക്കി കൊണ്ടിരിക്കുമ്പോളാണ് ലിൻസി സിസ്റ്റർ മുറിയിലേക്ക് കയറി വന്നത്. എബിന്റെ കൊലപാതകം ഇപ്പോൾ അന്വേഷിക്കുന്ന അൻവർ അലി ഹരിയെ കാണാനായി വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അവനു അതിശയം തോന്നി. അദ്ദേഹം എന്തിനാവും തന്നെ കാണണം എന്ന് പറയുന്നത്? ലോക്കൽ പോലീസ് ഒരു തവണ വന്നു ചോദ്യങ്ങളൊക്കെ കഴിഞ്ഞു പോയതാണ്. അന്ന് അവർ തന്നോടൊന്നും ചോദിച്ചിരുന്നില്ല. എന്തായാലും കാണണമെന്ന് പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ കണ്ടു നോക്കുക തന്നെ... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story