ദേവാസുരം: ഭാഗം 18

Devasuram nila

രചന: നിള നിരഞ്ജൻ

ഹരി ഓരോരോ രോഗികളെയായി നോക്കി കൊണ്ടിരിക്കുമ്പോളാണ് ലിൻസി സിസ്റ്റർ മുറിയിലേക്ക് കയറി വന്നത്. എബിന്റെ കൊലപാതകം ഇപ്പോൾ അന്വേഷിക്കുന്ന അൻവർ അലി ഹരിയെ കാണാനായി വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അവനു അതിശയം തോന്നി. അദ്ദേഹം എന്തിനാവും തന്നെ കാണണം എന്ന് പറയുന്നത്? ലോക്കൽ പോലീസ് ഒരു തവണ വന്നു ചോദ്യങ്ങളൊക്കെ കഴിഞ്ഞു പോയതാണ്. അന്ന് അവർ തന്നോടൊന്നും ചോദിച്ചിരുന്നില്ല. എന്തായാലും കാണണമെന്ന് പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ കണ്ടു നോക്കുക തന്നെ. തന്റെ മുന്നിലിരിക്കുന്ന ഡോക്ടറെ അൻവർ അലി സൂക്ഷ്മമായി നിരീക്ഷിച്ചു. ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ. ഹൃദ്യമായ പുഞ്ചിരി. ഒരു തരത്തിലുള്ള പരിഭ്രമമോ പേടിയോ അയാളുടെ പെരുമാറ്റത്തിൽ കാണാനില്ല. " ഡോക്ടർ ഹരിനന്ദൻ അല്ലെ?"

" അതെ" " ഞാൻ ഡോക്ടറെ കാണണമെന്ന് പറഞ്ഞത് ഡോക്ടർ കുറച്ചു നാൾ മുന്നേ അറ്റൻഡ് ചെയ്ത ഒരു സര്ജറിയുടെ കാര്യം ചോദിക്കാനാണ്. ആ സര്ജറിയിൽ രോഗി മരണപ്പെടുകയും രോഗിയുടെ ബന്ധുക്കൾ ബഹളം വക്കുകയും ഡോക്ടറെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.. പിന്നീടത് വലിയ വാർത്ത ആവുകയും കോടതിയിൽ വരെ എത്തുകയും ചെയ്തിരുന്നു..ഓർക്കുന്നോ?" ഹരിയുടെ മുഖഭാവത്തിലെ മാറ്റം കൊണ്ട് തന്നെ ആ സംഭവം ഹരിക്കു ഓര്മയുണ്ടെന്നു അൻവറിനു മനസിലായി. അത് കൊണ്ട് അവന്റെ മറുപടിക്കു കാത്തു നിൽക്കാതെ അയാൾ തുടർന്നു "ആ ഇൻസിഡന്റിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാനായിരുന്നു " " ചോദിച്ചോളൂ സർ" " അന്ന് ആ സർജറി ചെയ്ത പയ്യനെ രക്ഷിക്കാൻ പറ്റിയില്ല അല്ലെ?"

" ഇല്ല സർ.. സര്ജറിക്കിടെ അവൻ മരിച്ചു പോയി" " ശരിക്കും എന്താണ് ഡോക്ടർ സംഭവിച്ചത്?" " ആ പയ്യന് ഹാർട്ടിലായിരുന്നു പ്രശ്നം. കുറച്ചു സീരിയസ് ഉം ആയിരുന്നു. കാര്യങ്ങളൊക്കെ വിശദമായി തന്നെ അവന്റെ വീട്ടുകാരോട് കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. സര്ജറിക്കു രണ്ടു ദിവസം മുന്നേ തന്നെ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. ആ രണ്ടു ദിവസവും അവൻ പൂർണമായും ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. സർജറിക്ക്‌ കയറുന്നതിനു തൊട്ടു മുന്നേ വരെയും അവന്റെ ബി പി നോർമൽ ആയിരുന്നു. പക്ഷെ സർജറിയുടെ സമയത്തു അവന്റെ ബി പി ക്രമാതീതമായി ഉയരുകയും നിയന്ത്രണാതീതമാവുകയും ചെയ്തതാണ് മരണ കാരണം. " " അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ടോ?" ഒരു നിമിഷം ഹരി മൗനം പാലിച്ചു. ആ മരണത്തെ സംബന്ധിച്ചു അന്ന് തന്റെ മനസ്സിൽ ഉണ്ടായ സംശയങ്ങളെല്ലാം അവന്റെ മുന്നിൽ തെളിഞ്ഞു വന്നു.

പക്ഷെ അതെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന ഉറപ്പിൽ അവൻ പറഞ്ഞു " തികച്ചും സാധ്യമാണ്. ഇതൊരു 50 ശതമാനം മാത്രം വിജയസാധ്യത ഉള്ള സര്ജറി ആണെന്ന് നേരത്തെ തന്നെ നമ്മൾ എല്ലാവരെയും ബോധ്യപെടുത്തിയിരുന്നതാണ്. ആ വീട്ടുകാരുടെ ആരോപണങ്ങൾ എല്ലാം അവർ അപ്പോളത്തെ സങ്കടം കൊണ്ട് പറഞ്ഞതാണെന്നാണ് എനിക്ക് തോന്നിയത്. ജെയിംസ് അവരുടെ ഒരേയൊരു മകൻ ആയിരുന്നു. അവന്റെ വിയോഗം അവർക്കു താങ്ങാൻ ആയിട്ടുണ്ടാവില്ല. " ഹരി പറഞ്ഞത് സത്യമാണെന്നു തോന്നിയെങ്കിലും ഒരു തന്റെ ചോദ്യത്തിന് ഉത്തരം തരുന്നതിനു മുന്നേ ഒരു നിമിഷം ഹരി സംശയിച്ചത് അൻവർ ശ്രദ്ധിച്ചിരുന്നു. തത്ക്കാലം അത് അയാൾ അവഗണിച്ചു. " ശരി ഡോക്ടർ.. പോകുന്നതിനു മുന്നേ ഒരു ചോദ്യം കൂടി ബാക്കി?" എന്താണെന്ന ഭാവത്തിൽ ഹരി അയാളെ നോക്കി " ഇതിനു മുന്നേ ഇത് പോലെയുള്ള എന്തെങ്കിലും ഇൻസിഡന്റ്സ് ഇവിടെ ഉണ്ടായിട്ടുള്ളതായി ഓർമ്മയുണ്ടോ??

ഇത് പോലെ സർജറിയിൽ പേഷ്യന്റ്സ് മരിക്കുകയോ ബന്ധുക്കൾ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടുണ്ടോ?" ഹരി കുറച്ചു നേരം ആലോചിച്ചു. " സർജറിയിൽ ഇതിനു മുന്നേയും ആളുകൾ മരണപ്പെട്ടിട്ടുണ്ട്. ബി പി യുടെ പ്രശ്നം തന്നെ കാരണമല്ല. മറ്റു പല കാരണങ്ങൾ കൊണ്ടും. അവരുടെ ആരുടേയും വീട്ടുകാർ പ്രശ്നമുണ്ടാക്കിയതായി ഓർമയില്ല. " അൻവർ അലി പോകാനായി എഴുനേറ്റു. " താങ്ക് യു ഡോക്ടർ ഫോർ യുവർ ടൈം..എന്തെങ്കിലും ക്ലാരിഫിക്കേഷൻ വേണമെങ്കിൽ ഇനിയും ഞാൻ വരും" " തീർച്ചയായും" ഹരിയുടെ ക്യാബിനിൽ നിന്നും ഇറങ്ങി അന്നത്തെ സംഭവുമായി ബന്ധപ്പെട്ട വേറെ കുറച്ചു ആളുകളുമായി സംസാരിച്ച ശേഷമാണു അൻവർ അലി തിരിച്ചു പോകാനായി ഇറങ്ങിയത്. പോകുന്നതിനു മുന്നേ തന്നെ സിസി ടീവി ക്യാമറ ദൃശ്യങ്ങയുടെ കാര്യം ഒന്ന് കൂടി ഓര്മിപ്പിച്ചിട്ടാണ് അയാൾ പോയത്. ടെക്‌നിഷ്യൻ ലീവ് ആയതു കൊണ്ട് അയാൾ വന്നാൽ ഉടൻ തന്നെ എത്രയും വേഗം അത് അൻവറിന്റെ ഓഫീസിൽ എത്തിക്കാമെന്ന് ഹോസ്പിറ്റൽ അധികൃതർ വാക്ക് നൽകുകയും ചെയ്തു.

രണ്ടു മൂന്നു ദിവസങ്ങൾ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ തന്നെ നന്ദനത്തു കടന്നു പോയി. അന്നത്തെ മെസ്സേജ് സംഭവത്തിൽ വീട്ടിൽ എല്ലാവരുടെയും അടുത്തുന്നു നല്ല വണ്ണം കിട്ടിയത് കൊണ്ട് ആതിയും ശ്രീകുട്ടിയും ഇപ്പോൾ ഭയങ്കര സൈലന്റ് ആണ്.പോരാത്തതിന്നു ആതിയുടെ സ്വഭാവത്തിൽ നല്ല മാറ്റവുമുണ്ട്. അവൾ ജാനകിയേയും ആമിയെയും വീട്ടുജോലികളിൽ സഹായിക്കാനൊക്കെ തുടങ്ങിയിരിക്കുന്നു. ആമിയോട് ഇപ്പോഴും വലിയ മിണ്ടാട്ടമൊന്നും ഇല്ലെങ്കിലും അവളെ ഇപ്പോൾ ആതിക്കു പുച്ഛമോന്നും ഇല്ല. അത് പോലെ തന്നെ തന്റെ വീട്ടിലോട്ടുള്ള വിളിയും അവൾ നന്നേ കുറച്ചു. ഇപ്പോൾ ഗീത ഇങ്ങോട്ടു വിളിച്ചാൽ തന്നെ അത്യാവശ്യം വിശേഷം മാത്രം പറഞ്ഞു അവൾ വയ്ക്കും.ദേവനാണ് തനിക്കു വേണ്ടി ഹരിയോട് സംസാരിച്ചത് എന്നറിഞ്ഞതിൽ പിന്നെ അവൾക്കു ദേവനോടുള്ള സമീപനത്തിലും മാറ്റം വന്നു.

ജാനകിയും ആമിയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ ദൃഢമായി വന്നു കൊണ്ടിരുന്നു. ദേവനോടുള്ള ആമിയുടെ സമീപനത്തിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി.അവൾക്കു ഒരു പ്രശ്നമുണ്ടായപ്പോൾ അവൻ അവളോട് കാണിച്ച വിശ്വാസവും കരുതലും അവളുടെ ഉള്ളിലെവിടെയോ കൊണ്ടിരുന്നു. അവളുടെ മാറ്റം ദേവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആമിയോട് അതിയായ ഇഷ്ടമുണ്ടെങ്കിലും അവളെ വിവാഹം കഴിച്ചത് ഒരു തെറ്റായോ എന്നു അവൻ സംശയിച്ചു. ആഗ്രഹമുണ്ടെങ്കിൽ പോലും ഇപ്പോൾ ഒരു സ്വസ്ഥമായ കല്യാണജീവിതം നയിക്കാൻ തനിക്കു സാധിക്കില്ല. ഇപ്പോൾ താൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളിൽ നിന്നും പുറത്തു വരാൻ ഇനി എത്ര നാൾ കാത്തിരിക്കണമെന്നും നിശ്ചയമില്ല.മാത്രമല്ല തന്റെ പോക്കിലും വരവിലുമൊക്കെ അവൾക്കു എന്തെക്കെയോ സംശയങ്ങൾ ഉള്ള പോലെ തോന്നുന്നുണ്ട്..

അവൾക്കു ഒരു നല്ല ജീവിതം കൊടുക്കാൻ കഴിയാതെ ഇങ്ങനെ തളച്ചിടേണ്ടി വന്നല്ലോ.. അതിനു തന്നാൽ കഴിയുന്ന എന്തെങ്കിലും പരിഹാരം ചെയ്യണം എന്നുള്ള ചിന്തയാണ് ഇപ്പോൾ ദേവനെ വല്ലാതെ അലട്ടികൊണ്ടിരിക്കുന്നത്. ഒരുപാട് ആലോചിച്ച ശേഷം അവൻ അതിനൊരു താത്ക്കാലിക ഉപായം കണ്ടെത്തി. ആമി ബിസി ആവുകയും ചെയ്യും.. ഈ പ്രശ്നങ്ങളിൽ നിന്ന് പുറത്തെത്താൻ തനിക്കു കുറച്ചു സമയം കിട്ടുകയും ചെയ്യും. ഉച്ചയൂണിനു ശേഷം മുറിയിൽ നിന്ന് അലക്കിയ തുണികൾ ഓരോന്നായി മടക്കി വയ്‌ക്കുപോഴാണ് കയ്യിൽ കുറച്ചു പേപ്പറുകളുമായി ദേവൻ കയറി വരുന്നതു.അവൻ അവളുടെ പിറകിൽ വന്നു അവളുടെ വയറ്റിലൂടെ രണ്ടു കൈകൾ കൊണ്ടും ചുറ്റിപിടിച്ചു തന്നോട് ചേർത്ത് നിർത്തി. എന്നിട്ടു അവളുടെ തോളിൽ തന്റെ താടിയൂന്നി നിന്നു . " എന്താ മാഷേ പതിവില്ലാത്ത ഒരു സ്നേഹപ്രകടനം?" " എനിക്ക് സ്നേഹം പ്രകടിപ്പിക്കാനൊക്കെ എപ്പൊഴും നല്ല ആഗ്രഹമുണ്ട്..

നീയല്ലേ സമയമായില്ല എന്ന് പറഞ്ഞു എന്നെ സമ്മതിക്കാത്തത്" ചെറിയ കുറുമ്പൊടെ അവൻ അത് പറഞ്ഞപ്പോൾ അവൾ അവന്റെ മൂക്കിൽ പിടിച്ചു " അത് സമയം ആയില്ലാത്തതു കൊണ്ട് തന്നെയാ കേട്ടോ.. സമയം ആവുമ്പോൾ ഞാൻ പറയാം" "ഹാ.. ആയിക്കോട്ടെ.. എന്റെ വിധി" അവൻ ഒരു ദീർഘനിശ്വാസം വിട്ടു. പിന്നെ അവളിൽ നിന്ന് മാറി താൻ കൊണ്ട് വന്ന പേപ്പറുകൾ അവൾക്കു നേരെ നീട്ടി " എന്താതു ?" ആമി ആകാംഷയോടെ ചോദിച്ചു " അത്..വേറൊന്നുമല്ല.. നീ പഠിക്കാൻ നല്ല മിടുക്കി അല്ലായിരുന്നോ.. എന്നിട്ടും ഡിഗ്രി വരെയല്ലേ നിനക്കു പഠിക്കാൻ പറ്റിയുള്ളൂ.. സ്വന്തമായിട്ട് ഒരു ജോലി വേണമെന്ന് നിനക്ക് വലിയ ആഗ്രഹം അല്ലായിരുന്നോ? ഇത് ഇവിടുത്തെ ചില നല്ല കോച്ചിങ് അക്കാദമികളുടെ ബ്രോഷറുകൾ ആണ്.. നീ നോക്കിയിട്ടു ഏതാ ഇഷ്ടപെട്ടതെന്നു വച്ചാൽ അതിൽ പോയി അഡ്മിഷൻ എടുക്കാം..

Psc യോ ബാങ്ക് കോച്ചിങ്ങോ ഏതാണ് നിന്റെ ഇഷ്ടമെന്ന് വച്ചാൽ അതിനു പോകാം" അവൻ തന്റെ കയ്യിൽ ഉള്ള പേപ്പറുകൾ അവളുടെ നേരെ നീട്ടി. അവൾ അത് വാങ്ങി വെറുതെ മറിച്ചു നോക്കി. എന്നിട്ടു പതിയെ ജനലിനടുത്തേക്കു പോയി പുറത്തേക്കു നോക്കി നിന്നു . ശരിയാണ്.. സ്വന്തമായ ഒരു ഗവണ്മെന്റ് ജോലി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. അച്ഛമ്മക് സുഖമില്ലാത്ത കാരണമാണ് പഠിക്കാൻ മിടുക്കി ആയിരുന്ന താൻ ആ ആഗ്രഹം താത്ക്കാലത്തേക്കു വേണ്ടാന്ന് വച്ചതു. കല്യാണത്തിന് ശേഷം വിവാഹം കഴിക്കുന്ന ആളോട് പറഞ്ഞു പറ്റുമെങ്കിൽ ആ ആഗ്രഹം സാധിച്ചെടുക്കണം എന്ന് വിചാരിച്ചിരുന്നതാണ്. അപ്പോളാണ് എല്ലാം തകിടം മറിഞ്ഞത്. ദേവേട്ടൻ എങ്ങനെ തന്റെ മനസ്സിലെ ഈ ആഗ്രഹം അറിഞ്ഞു എന്ന് മനസിലാവുന്നില്ല. ഒരിക്കലും താനായിട്ടു ഇവിടെ ആരോടും ഇതൊന്നും പറഞ്ഞിട്ടില്ല.

അവനു തന്റെ മനസ്സ് വായിക്കാൻ ശരിക്കും കഴിവുണ്ടോ..ഇനിയൊരിക്കലും നടക്കില്ലെന്നു കരുതി മനസ്സിൽ കുഴിച്ചു മൂടിയ ആഗ്രഹമാണ് ഇപ്പോൾ കയ്യെത്തും ദൂരത്തു എത്തി നിൽക്കുന്നത്. പക്ഷെ.. " ആമി.. നീ എന്താ ആലോചിക്കുന്നത്?? നീയെന്താ ഒന്നും പറയാത്തത്?" അവൾ ജനലരികിൽ നിന്ന് അവനരികിലേക്കു വന്നു. അവൻ തന്റെ കയ്യിലേക്ക് തന്ന പേപ്പറുകൾ അവന്റെ കയ്യിലേക്ക് തന്നെ വച്ച് കൊടുത്തു " പഠിക്കാൻ പോകാൻ എനിക്ക് താത്പര്യമാണ് ദേവേട്ടാ" അവന്റെ മുഖത്ത് ആശ്വാസം നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു. " പക്ഷെ" എന്താ ഒരു പക്ഷെ എന്നുള്ള ഭാവത്തിൽ അവൻ അവളെ നോക്കി. " ഞാൻ പഠിക്കാൻ പോകണമെങ്കിൽ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം" " എന്ത് കാര്യങ്ങൾ?" " ഒരു കോച്ചിങ് സെന്റർ .. പഠനം.. ഇതൊക്കെ ആവുമ്പോൾ അത്യവശ്യം കുറച്ചു പൈസ ചിലവാകില്ലേ? അഡ്മിഷൻ എടുക്കണം..ബുക്ക്സ് വാങ്ങണം..

എല്ലാ മാസവും ഫീസ് അടക്കണം.. പരീക്ഷ ഫീസ്.. അങ്ങനെ അങ്ങനെ.." അവൾ എന്താണ് പറഞ്ഞു വരുന്നതെന്ന് അവനു മനസിലായില്ല. " ഇതിനെല്ലാം എവിടുന്നു ദേവേട്ടൻ പൈസ കണ്ടെത്തും??.. ദേവേട്ടന് സ്വന്തമായി ഒരു ജോലി പോലുമില്ലലോ?" അവൾ അവന്റെ മുഖത്ത് ഈർഷ്യ കണ്ടു " അതൊക്കെ എന്തിനാ നീ അറിയുന്നേ? നിനക്ക് സമയാസമയത്തു നിന്റെ ആവശ്യങ്ങൾക്ക് പൈസ കിട്ടിയാൽ പോരെ?" " പോരാ.. എനിക്കറിയണം.. എവിടുന്നാണ് ഇത്രയും പണം ദേവേട്ടൻ കണ്ടെത്താൻ പോകുന്നതെന്ന്. വല്ലവരുമായും തല്ലു ഉണ്ടാക്കി അല്ലേൽ വല്ല കൊട്ടേഷൻ നടത്തി കൊണ്ട് വരുന്ന കാശിനു എനിക്ക് പഠിക്കേണ്ട .. അല്ലെങ്കിൽ തന്നെ സ്ഥിരമായി ഒരു വരുമാനമില്ലാത്ത ദേവേട്ടൻ എല്ലാ ആവശ്യങ്ങൾക്കും കൃത്യ സമയത്തു എങ്ങനെ പൈസ കണ്ടെത്തും? ചെറിയച്ഛന്റെയോ അപ്പച്ചിയുടെയോ ഹരിയേട്ടന്റെയോ ഔദാര്യത്തിൽ ആണെങ്കിൽ എനിക്ക് താത്പര്യമില്ല..

പിന്നീട് അതിനു വേണ്ടി കുത്തുവാക്കുകളും കണക്കുകളും കേൾക്കാൻ എനിക്ക് വയ്യ.. അപ്പച്ചി പൈസ മുടക്കി എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാൻ അയച്ചതിനു ഗീത ചിറ്റയും പല ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും പലതും പറഞ്ഞത് ഞാൻ കേട്ടതാണ് .അത് കൊണ്ട് എന്റെ പഠന ചിലവുകൾ മുഴുവനും ദേവേട്ടനെ കൊണ്ട് ഏറ്റെടുക്കാൻ പറ്റുമെന്ന് എനിക്ക് ബോധ്യമായാൽ മാത്രമേ ഞാൻ ഇപ്പോൾ പറഞ്ഞതിനെ കുറിച്ച് ആലോചിക്കൂ" അതും പറഞ്ഞു അവന്റെ മറുപടിക്കു കാത്തു നിൽക്കാതെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി.ആമി മുറിയിൽ നിന്ന് ഇറങ്ങി പോകുന്നത് ഇരമ്പി വന്ന ദേഷ്യത്തോടെ ദേവൻ നോക്കി നിന്നു .അല്ലെങ്കിലും ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ തന്നെയാണ്.. ഇത്തിരി ഒന്ന് താഴ്ന്നു കൊടുത്താൽ തോളിൽ കയറി ഇരുന്നു ചെവി തിന്നും.

വെറുതെ ഇരിക്കണ്ടല്ലോ അവളുടെ ഇഷ്ടം പോലെ പഠിക്കാൻ പൊയ്ക്കോട്ടേ എന്ന് വിചാരിച്ചപ്പോൾ അവൾക്കു എന്റെ വരുമാനത്തിന്റെ കണക്കറിയണം .. എങ്ങനെ ഉണ്ടാക്കിയാലുള്ള പൈസ ആയാലെന്താ അവളുടെ കാര്യം നടന്നാൽ പോരെ? വല്ലവനോടും തല്ലുണ്ടാക്കി കൊണ്ട് വരുന്ന കാശ് കൊണ്ട് അവൾക്കു പഠിക്കേണ്ട പോലും..വേണ്ട.. അവൾ പഠിക്കാൻ പോകേണ്ട.. അവൻ ദേഷ്യത്തോടെ തന്റെ കയ്യിലിരുന്ന പേപ്പറുകൾ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു ബൈക്കിന്റെ കീയുമെടുത്തു ആരോടും പറയാതെ വീട്ടിൽ നിന്നിറങ്ങി പോയി. ദേവന്റെ ബൈക്ക് പോകുന്നതിന്റെ ശബ്ദം ആമി അടുക്കളയിൽ നിന്നു കേട്ടു . അവൻ തന്നോട് ദേഷ്യപ്പെട്ടു പോയതാവാമെന്നു അവൾ ഊഹിച്ചു. അവന്റെ മനസ്സ് കുറച്ചെങ്കിലും വേദനിപ്പിക്കേണ്ടി വന്നതിൽ അവൾക്കു നല്ല വിഷമം തോന്നി.

അവനു തന്നോടുള്ള സ്നേഹവും കരുതലും അറിയാഞ്ഞിട്ടല്ല....അത് തനിക്കു വേണം.. അതിനോടൊപ്പം അവനെ നല്ല വഴിക്കു കൊണ്ട് വരികയും വേണം..താൻ ഈ വീട്ടിൽ വന്നപ്പോൾ മുതൽ കേൾക്കുന്നതും കാണുന്നതുമാണ് ദേവേട്ടന്റെ ഈ അടിപിടിയും വഴക്കും അതിന്റെ പേരിലുള്ള പൊല്ലാപ്പുകളും എല്ലാം. ശ്രീകുട്ടി പോലും സ്വന്തമായി ഒരു വരുമാനവുമില്ലാതെ അലമ്പായി നടക്കുന്നത് കൊണ്ടാണ് ദേവേട്ടനെ വക വയ്ക്കാത്തതു . ഇത് വരെയും തനിക്കു അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. പക്ഷെ ഇപ്പോൾ തന്റെ ഉള്ളിൽ ആ മനുഷ്യൻ നന്നാവണം എന്ന ആഗ്രഹം മുളച്ചു തുടങ്ങിയിരിക്കുന്നു. താൻ ഈ വീട്ടിൽ വന്നതിനു ശേഷം അത് വരെ എന്നും കുടിച്ചിട്ട് വന്നു കൊണ്ടിരുന്ന ദേവേട്ടൻ ഒരിക്കൽ പോലും മദ്യപിച്ചു വന്നിട്ടില്ല. ഇത് വരെ സിഗരറ്റ് വലിച്ചും കണ്ടിട്ടില്ല്ല..താൻ മനസ്സ് വച്ചാൽ ദേവേട്ടൻ പൂർണമായും നന്നാവും എന്നാണ് അപ്പച്ചിയും ചെറിയച്ഛനും ധരിച്ചിരിക്കുന്നത്.

ആദ്യമൊക്കെ അത് കളിയായാണ് തോന്നിയതെങ്കിലും ഇപ്പോൾ തനിക്കും തോന്നുന്നുണ്ട് അത് സത്യമാണെന്നു. തന്റെ സ്നേഹത്തിനു മുന്നിൽ ദേവേട്ടൻ തോറ്റു തരണമെന്ന് ആത്മാർഥമായി അവൾ പ്രാർത്ഥിച്ചു. താന്തോന്നിയുടെ ഭാര്യ എന്ന് പറഞ്ഞു പരിഹസിക്കുകയും സഹതപിക്കുകയും ചെയ്യുന്നവരുടെ മുന്നിലൂടെ തലയുയർത്തി നിൽക്കണം.. ഇപ്പോൾ താൻ പഠിക്കാൻ സമ്മതിച്ചാൽ അതിനുള്ള അധിക പണം കണ്ടെത്താൻ ദേവേട്ടൻ എന്ത് മാർഗമാണ് തിരഞ്ഞെടുക്കുക എന്ന് പറയാൻ പറ്റില്ല. തെറ്റായ മാർഗം വല്ലോം തിരഞ്ഞെടുത്തു അബദ്ധത്തിലെങ്ങാനും ചെന്ന് ചാടിയാലോ.. അവനെ പറ്റിയുള്ള അവളുടെ സംശയങ്ങൾ അവളുടെ മനസ്സിൽ പൊന്തി വന്നു. വേണ്ട.. ദേവേട്ടൻ ആദ്യം സ്വന്തം കാലിൽ നില്ക്കാൻ മാന്യമായി ഒരു ജോലി കണ്ടെത്തട്ടെ.. എന്നിട്ടാവാം പഠനം .. അതിനു വേണ്ടി തന്നാൽ കഴിയുന്ന രീതിയിൽ അവനെ സജ്ജമാക്കാൻ തന്നെ അവൾ തീരുമാനിച്ചു.

എത്രയൊക്കെ വേണ്ടാന്ന് വച്ചിട്ടും ആമിയുടെ വാക്കുകൾ ദേവന്റെ ചിന്താമണ്ഡലത്തിൽ കിടന്നു കറങ്ങി കൊണ്ടിരുന്നു. അവൾ പഠിക്കാൻ പോകണമെങ്കിൽ താൻ ഒരു ജോലിക്കെല്ലാം പോയി സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തണം. പക്ഷെ താൻ ഏറ്റെടുത്ത ദൗത്യം.. അത് പാതി വഴിയിൽ ആണ്.. ഇനി ഒരു തിരിച്ചു പോക്ക് അസാധ്യമാണ്. ഏതു വിധേനെയും അത് പൂര്ണമാക്കണം..തന്റെ നിലനില്പിന്റെ പ്രശ്നമാണ്. ചുറ്റും ശത്രുക്കളുണ്ട്.. ജോലിക്കും പോകണം.. തന്നെ ഏല്പിച്ച ദൗത്യവും ചെയ്തു തീർക്കണം. കുറെ നേരത്തെ ആലോചനക്ക് ശേഷം അവൻ മനസ്സിൽ ഒരു പദ്ധതി തയ്യാറാക്കി. എന്നിട്ടു തന്റെ ഫോൺ എടുത്തു പരുന്തിന്റെ നമ്പർ ഡയൽ ചെയ്തു. ഹോസ്പിറ്റലിൽ നിന്നും കിട്ടിയ ക്യാമറ ദൃശ്യങ്ങൾ ഓരോന്നായി കണ്ടു കൊണ്ടിരിക്കുകയായിരുന്നു അൻവർ അലി. ജെയിംസിനെ ഓപ്പറെഷൻ തീയേറ്ററിലേക്ക് കയറ്റുന്നതും അവന്റെ വീട്ടുകാർ വെളിയിൽ വെയിറ്റ് ചെയ്യുന്നതുമെല്ലാം കാണാം.

തൊട്ടു പിറകെ തന്നെ ഹരിയും മറ്റു രണ്ടു ഡോക്ടർ മാരും സിസ്റ്റർമാരും അകത്തേക്ക് കയറുന്നു. അതിൽ ഒരു സിസ്റ്റർ രണ്ടു മിനിട്ടോളം പുറത്തു നിന്ന് ഫോണിൽ സംസാരിച്ചതിന് ശേഷമാണു അകത്തേക്ക് കയറിയത്. കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ ചെന്നപ്പോൾ ജയിംസിന്റെ ഓപ്പറേഷനുമായി ബന്ധപെട്ടു താൻ സംസാരിച്ചതിൽ ഒരാളായ ലിൻസി സിസ്റ്റർ ആണ് അതെന്നു അൻവർ ഓർത്തു. പിന്നീട് രംഗം ശാന്തമായി. ഇനിയിപ്പോൾ കുറച്ചു നേരത്തിനു ശേഷമായിരിക്കും വഴക്കു വരുന്നതെന്നു ഒർത്തു കൊണ്ടു അൻവർ ആ വീഡിയോ കുറച്ചു ഫാസ്റ്റ് ഫോർവേഡ് ചെയ്തു. തനിക്കു കാണേണ്ട ഭാഗം എത്തിയപ്പോൾ വീണ്ടും പ്ലേ ചെയ്തു. ഹരിയും മറ്റു ഡോക്ടർമാരും പുറത്തേക്കു വരുന്നതും അവരുടെ മുഖം മ്ലാനമായിരിക്കുന്നതും കാണാൻ കഴിഞ്ഞു. അവർ വന്നു ബന്ധുക്കളോട് ജയിംസിന്റെ മരണം സംഭവിച്ച കാര്യം പറയുന്നതും പിന്നെ നടന്ന വഴക്കുമെല്ലാം അൻവർ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.. ഇതിൽ എപ്പോഴാണ് എബിൻ രംഗപ്രവേശം ചെയ്യുന്നത് എന്നറിയാൻ.

പെട്ടെന്നാണ്‌ ആ ബന്ധുക്കളിൽ ഒരാൾ ഹരി ഡോക്ടറുടെ നേരെ കയ്യോങ്ങിയതും അൻവർ അവിടെ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ ഡോക്ടറുടെ മുന്നിൽ കയറി വന്നു അയാളെ തള്ളി മാറ്റിയതും. പിന്നീട് അയാൾ ഡോക്ടറുടെ കൂടെ ഒരു കവചം പോലെ നിലയുറപ്പിച്ചിരുന്നു. പുതുതായി വന്ന വ്യക്തിയെ കണ്ടതും അൻവറിന്റെ കണ്ണുകൾ തിളങ്ങി.. താൻ അന്വേഷിച്ചു നടന്നിരുന്ന ആളിതാ തന്റെ മുന്നിൽ തന്നെ എത്തിപെട്ടിരിക്കുന്നു. പക്ഷെ അയാൾക്കെന്താണ് അവിടെ ആ സമയത്തു കാര്യം എന്ന് മാത്രം മനസിലായില്ല. അതും ആലോചിച്ചു അൻവർ വീഡിയോയുടെ ബാക്കി ഭാഗം കൂടി കണ്ടു. എബിനും മറ്റു ആൾക്കാരും വരുന്നതും.. വഴക്കും എല്ലാം കണ്ടു. പറഞ്ഞത് പോലെ തന്നെ എബിൻ വഴക്കു തീർക്കാൻ വന്നു എന്നലാതെ വേറെ കാര്യമായി ഒന്നും സംഭവിച്ചതായി കാണുന്നില്ല. ബന്ധുക്കൾ പോയിക്കഴിഞ്ഞപ്പോൾ ഹരി ഡോക്ടറും മറ്റേ ആളും കൂടി അവിടെ നിന്ന് പോകുന്നത് കണ്ടു.

എബിൻ മറ്റൊരു ഡോക്ടറോട് എന്തൊക്കെയോ സംസാരിച്ച ശേഷം തിരിച്ചു പോകുന്നതും കണ്ടു.." ദേവാ .. നമ്മൾ തമ്മിലുള്ള അകലം കുറഞ്ഞു വരികയാണ്" അയാൾ മനസ്സിൽ പറഞ്ഞു. കുറച്ചു നേരം കൂടെ ആ വീഡിയോ കണ്ടിരുന്ന ശേഷം അയാൾ അത് ഓഫ് ആക്കി എഴുനേറ്റു പോയി. ദേവനന്ദൻ എന്തിനാണ് അവിടെ വന്നത് എന്നറിയാൻ നാളെ തന്നെ ഹോസ്പിറ്റലിലേക്ക് പോകാൻ ഉറപ്പിച്ചിരുന്നു. അതേ സമയം തന്റെ പദ്ധതിയുടെ ആദ്യഭാഗം നടപ്പിലാക്കാൻ നാളെ ഹരി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോകാൻ ദേവനും തീരുമാനിച്ചിരുന്നു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story