ദേവാസുരം: ഭാഗം 2

Devasuram nila

രചന: നിള നിരഞ്ജൻ

എന്റെ മോള് വിഷമിക്കരുത്. നമ്മുടെ ദേവനെ എന്തോ പ്രശ്നത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തുന്നു. എന്തോ തല്ലു കേസ് ആണെന്നാണ് പറയുന്നത്. അവനെ ഇന്ന് വിടാൻ സാധ്യത ഇല്ലെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യം..." അമ്മൂമ്മ പറഞ്ഞു മുഴുമിപ്പിച്ചിക്കാതെ വിതുമ്പി കരഞ്ഞു...അവൾ ഒന്നും പറയാതെ എഴുനേറ്റു മുറിയിലേക്ക് പോയി. അപ്പുറത്തെ മുറിയിലിരുന്ന് തന്റെ മകളുടെ കല്യാണം മുടങ്ങുന്നതിനെ പറ്റി ഗീത ചിറ്റ പതം പറഞ്ഞു കരയുന്നതു അവൾ കേട്ടു . നാളെ തന്റെ കല്യാണം മുടങ്ങിയാൽ അതോടൊപ്പം ആതിയുടെയും കല്യാണം മുടങ്ങും. ദേവേട്ടൻ ജയിലിൽ കിടക്കുമ്പോൾ കല്യാണം കഴിക്കാൻ ഹരിയേട്ടൻ തയ്യാറാവില്ല. അതാണ് അവരുടെ വിഷമം. തന്റെ വിധിയോർത്തപ്പോൾ ആമിക്കു അവളോട് തന്നെ സഹതാപം തോന്നി. കല്യാണത്തലേന്നു പോയി അടിയുണ്ടാക്കി പോലീസ് സ്റ്റേഷനിൽ കിടക്കുന്ന ആളെയാണ് താൻ കല്യാണം കഴിക്കാൻ പോകുന്നത്. ദേവൻ ഈ കല്യാണത്തെ വെറും കളിതമാശ ആയാണ് കാണുന്നത് എന്ന് അവൾക്കു ഉറപ്പായി. ഇനി നാളെ നടന്നില്ലെങ്കിലും മറ്റൊരു ദിവസം താൻ തന്നെ അയാളുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വരും. അപ്പോൾ വരുന്നത് വരുന്നിടത്തു വച്ച് കാണുക തന്നെയെന്ന് അവൾ ഉറപ്പിച്ചു.

ഹരി കാറിന്റെ പിൻസീറ്റിൽ വിൻഡോയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ദേവനെ ഒന്ന് നോക്കി. തല്ലു ഉണ്ടാക്കിയപ്പോഴാണോ അതോ പോലീസ് കാര് കൊടുത്തതാണോ എന്നറിയില്ല കുറച്ചു അടി കിട്ടിയതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. കാറിന്റെ മുന്നിൽ തന്നോടൊപ്പം ഇരിക്കുന്ന അച്ഛൻ പറയുന്ന ചീത്തയൊന്നും അവനെ ബാധിക്കുന്ന ലക്ഷണമൊന്നും കാണുന്നെ ഇല്ല. നാളെ അവന്റെ കല്യാണം ആണെന്നോ ഇന്ന് അവനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ പറ്റിയിരുന്നില്ലെങ്കിൽ നാളെ തന്റെയും കൂടി കല്യാണം മുടങ്ങുമായിരുന്നെന്നോ അവൻ ഓർക്കുന്നു പോലും ഉണ്ടെന്നു തോനുന്നില്ല എന്ന് ഹരി വിഷമത്തോടെ ഓർത്തു. നാളത്തെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വരും എന്ന് തന്നെയാണ് താനും കരുതിയിരുന്നത്. ദേവൻ പോലീസ് കസ്റ്റഡിയിൽ ആണെന്നറിഞ്ഞു താനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ അവൻ ലോക്ക് അപ്പിൽ ആയിരുന്നു. കൂടെ അവന്റെ കൂട്ടുകാരും. നാളെ അവന്റെ കല്യാണം ആണെന്ന് അടക്കമുള്ള കാര്യങ്ങൾ എത്ര പറഞ്ഞിട്ടും എസ്.ഐ അവനെ വിടാൻ ഒരുക്കമല്ലായിരുന്നു. ദേവനെയും കൂട്ടരെയും കേസ് ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കണമെന്നാണ് അയാൾ പറഞ്ഞത്. വേറൊരു വഴിയും ഇല്ലായെന്ന് തോന്നിയപ്പോഴാണ് ഹരി അവൻ ജോലി ചെയ്യുന്ന നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ വര്ഗീസ് മേമനെ വിളിച്ചത്.

സത്സ്വഭാവിയും തന്റെ സ്ഥാപനത്തിലെ നല്ലൊരു ഡോക്ടറുമായ ഹരിയെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ബിസ്സിനെസ്സുകാരനായ അദ്ദേഹത്തിന് പല സമൂഹത്തിലെ ഉന്നതന്മാരുമായും ബന്ധമുണ്ട്. ഹരിയുടെ അവസ്ഥ കേട്ടപ്പോൾ തന്നെ കൊണ്ട് പറ്റുന്നത് ചെയ്യാമെന്ന് അദ്ദേഹം വാക്ക് കൊടുത്തു. എന്നാൽ അദ്ദേഹം സ്ഥലം എം. എൽ. എ യെക്കൊണ്ട് വിളിപ്പിച്ചിട്ടും ദേവനെ വിടാൻ എസ്.ഐ കൂട്ടാക്കിയില്ല. അതോടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. രണ്ടു കല്യാണങ്ങളും മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പിച്ചു. ഹരിയുടെ മാത്രം കല്യാണം നടത്താമെന്നു പറഞ്ഞെങ്കിലും അതിനു ഹരി ഒരുക്കമല്ലായിരുന്നു. അച്ഛൻ സോമൻ അമ്മാവനെ വിളിച്ചു കല്യാണം മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് പറയുകയും ചെയ്തു. പക്ഷെ അത്ഭുദം എന്ന് പറയട്ടെ അവരുടെ അവസ്ഥ മനസ്സിലാക്കിയോ സമൂഹത്തിലെ ഉന്നതനെ പിണക്കേണ്ട എന്ന് കരുതിയോ ദേവനെ വിട്ടയക്കാൻ കുറച്ചു സമയത്തിന് ശേഷം അയാൾ തയ്യാറായി. അങ്ങനെ അവനെയും കൂട്ടി വരുന്ന വരവാണ്. സ്റ്റേഷനിൽ നിനിറങ്ങിയപ്പോഴേ ദേവനെ വിട്ടയച്ചുവെന്നും കല്യാണം നാളെ തന്നെ നടത്താമെന്നും രവിശങ്കർ സോമശേഖരൻ വിളിച്ചു പറഞ്ഞു. അതോടെ ഗീതയും ആതിയുമെല്ലാം സങ്കടം മാറി വീണ്ടും സന്തോഷത്തിലായി.

ആരോ ഈ വിവരം ആമിയെയും ചെന്ന് അറിയിച്ചു. അവൾക്കു പ്രത്യേകിച്ച് യാതൊരു വികാരവും തോന്നിയില്ല. വധശിക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി തള്ളി അത് നേരത്തെ പറഞ്ഞ സമയത്തു തന്നെ നടത്തുന്ന പോലെയേ അവൾക്കു തോന്നിയുള്ളൂ. വീടിനു മുന്നിൽ എത്തിയപ്പോൾ തന്നെ ദേഷ്യവും സങ്കടവും നിറഞ്ഞ കണ്ണുകളുമായി തങ്ങളെ നോക്കി സിറ്റ് ഔട്ടിൽ നിൽക്കുന്ന അമ്മയെ ദേവൻ കണ്ടു. വീടിനു മുന്നിൽ പന്തലൊക്കെ ഇട്ടു ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദേവനെ കണ്ടതും ചീത്ത പറയാൻ തുടങ്ങിയ അമ്മയെ ഹരി തടഞ്ഞു " ആവശ്യത്തിനുള്ളത് അച്ഛൻ കാറിൽ ഇരുന്നു പറഞ്ഞിട്ടുണ്ട്. ഇനി അമ്മയും കൂടി വേണ്ട." ജാനകി പിന്നെയും ഒന്നും മിണ്ടിയില്ല. "അല്ലെങ്കിലും ആര് പറഞ്ഞിട്ടും എന്താ കാര്യം.. എന്റെ ഫ്രണ്ട് ഒക്കെ വന്നപ്പോൾ എല്ലാവരുടെയും മുന്നിൽ ഇങ്ങേരു കാരണം ഞാൻ നാണം കെട്ടു . " ദേവൻ അകത്തേക്ക് പോകുമ്പോൾ ശ്രീക്കുട്ടിയുടെ പതം പറച്ചിൽ കേട്ടു. തന്നെ ഇപ്പോൾ അവൾ ഏട്ടാ എന്ന് വിളിക്കാറ് പോലും ഇല്ല എന്നവൻ ഓർത്തു. ദേവന്റെ പിറകെ ഹരിയും അവന്റെ മുറിയിലേക്ക് കയറി വന്നു. ദേവൻ വേറെ ആരോടൊക്കെ മുഖം തിരിച്ചാലും ഹരിയുടെ അടുത്ത് മാത്രം പറ്റില്ല. ഹരി മുറിയിൽ തന്നെയും നോക്കി നിൽക്കുന്നുണ്ടെന്നു അറിഞ്ഞിട്ടും അവൻ അറിയാത്ത പോലെ ഡ്രസ്സ് മാറാൻ തുടങ്ങി.

" തല്ലുണ്ടാക്കാൻ പോകരുത് എന്ന് പറഞ്ഞാൽ നീ കേൾക്കാറില്ല.. പക്ഷെ ഇന്ന് വേണമായിരുന്നോ? ഇന്ന് ഇവിടെ വന്ന ആളുകളുടെ എല്ലാവരുടെയും മുന്നിൽ നീ എല്ലാവരെയും നാണം കെടുത്തിയില്ലേ ? അത് പോട്ടെ.. എല്ലാവരെയും എന്ത് മാത്രമേ നീ ടെന്ഷൻ അടിപ്പിച്ചു?" " അതിനു ഞാൻ മനഃപൂർവം തല്ലുണ്ടാക്കാൻ പോയതല്ല.. അവന്മാരാണ് ഇങ്ങോട്ടു വന്നു തല്ലുണ്ടാക്കിയത്" " അപ്പൊ നീ ഓർക്കണ്ടായിരുന്നോ നാളെ നിന്റെ കല്യാണം ആണെന്ന്" " ഞാൻ പറഞ്ഞില്ലാലോ എനിക്കിപ്പോൾ കല്യാണം കഴിക്കണം എന്ന്.. എല്ലാവരും കൂടി എന്നെ നിർബന്ധിച്ചും ഓരോ കാര്യങ്ങൾ പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്തും സമ്മതിപ്പിച്ചതല്ലേ? അപ്പൊ എനിക്കിത്രയൊക്കെയേ പറ്റൂ" " കല്യാണത്തിന് ഞങ്ങൾ തന്നെയാണ് നിർബന്ധിച്ചത്.. പക്ഷെ കല്യാണം കഴിക്കുന്നെങ്കിൽ ആമിയെ മാത്രേ കെട്ടൂ എന്ന് പറഞ്ഞത് ആരാ? നിന്റെ നിർബന്ധം കാരണം അല്ലെ എല്ലാവരും കൂടി അവളെ കൊണ്ട് ഇതിനു സമ്മതിപ്പിച്ചത്..എന്നിട്ടിപ്പോ കല്യാണത്തിന്റെ തലേന്ന് നീ വഴക്കും ഉണ്ടാക്കി സ്റ്റേഷനിൽ ആണെന്ന് അറിഞ്ഞപ്പോൾ അവൾക്കു എങ്ങനാരിക്കും തോന്നിയിട്ടുണ്ടാവുക? " ദേവൻ അതിനു ഉത്തരമൊന്നും പറഞ്ഞില്ല.ഹരി അവനടുത്തേക്കു ചെന്നു " ഡാ.. ആമി ഒരു പാവമാണ്..

നീ കല്യാണത്തിന് ശേഷവും ഇങ്ങനൊക്കെ തുടങ്ങിയാൽ അവൾക്കു താങ്ങാൻ പറ്റില്ല.. അത് ഓർത്തോണം.." കൂടുതലൊന്നും പറയാൻ നിക്കാതെ ഹരി തന്റെ മുറിയിലേക്ക് പോയി. ദേവൻ പതിയെ ചിന്തകളിൽ മുഴുകി. കുറച്ചു മണിക്കൂറുകൾക്കു ശേഷം തന്റെ വിവാഹമാണ്.. ആമിയുമായി.. കുട്ടിക്കാലത്തു ഒരുമിച്ചു താമസിച്ചിരുന്ന നാളുകളിൽ എപ്പോളോ അവളോട് ഒരു ഇഷ്ടം തോന്നി തുടങ്ങി.. ആദ്യമായി ഒരു ചുംബനമായി അത് അവൾക്കു നൽകിയപ്പോൾ തിരികെ കിട്ടിയത് കാരണം പുകച്ചു ഒരു അടിയായിരുന്നു... ഇപ്പോളും അത് ഓർക്കുമ്പോൾ ഉള്ളിലും കവിളിനും ഒരു പുകച്ചിലാണ്. പിന്നീടൊരിക്കലും അവളെ കാണാൻ പോലും ഉള്ള ഒരു അവസരം ഉണ്ടാക്കിയിട്ടില്ല.. കല്യാണം കല്യാണം എന്ന് പറഞ്ഞു എല്ലാവരും നിർബന്ധിച്ചപ്പോൾ അവളുടെ പേര് പറഞ്ഞത് മനഃപൂർവം തന്നെയാണ്. ഹരി പറഞ്ഞത് പോലെ ആമി ഒരു പാവമാണ്. അവളെക്കൊണ്ട് അധികം ശല്യമൊന്നും ഉണ്ടാവില്ല. പിന്നെ പഴയ ചില കണക്കുകൾ അവളോട് ബാക്കി വച്ചിട്ടുണ്ട്... അതും വീട്ടണം. ഓരോന്നോർത്തു നിൽക്കെ അവന്റെ ഫോൺ റിങ് ചെയ്തു.. എടുത്തു നോക്കിയ ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. " നിഷ കാളിങ്" ഫോണും ചെവിയോട് ചേർത്ത് അവൻ ബാൽക്കണിയിലേക്കിറങ്ങി.. പക്ഷെ അവൻ അറിയുന്നുണ്ടായിരുന്നില്ല അവൻ വെറും പാവം എന്ന് കരുതുന്ന ആമി അവനുമായുള്ള യുദ്ധത്തിന് ഒരുങ്ങി തന്നെയാണ് അവന്റെ ജീവിതത്തിലേക്ക് വരുന്നതെന്ന്.

പുഷ്പവൃഷ്ടികൾക്കും നാദസ്വരമേളങ്ങൾക്കും ഒപ്പം ദേവൻ കഴുത്തിൽ താലി ചാർത്തുമ്പോൾ മനസ്സും ശരീരവും മരവിച്ച ഒരു പാവ പോലെ ആമി ഇരുന്നു കൊടുത്തു. കണ്ണിൽ നിന്നും ഇനി പൊടിയാൻ ചോര മാത്രമേ ബാക്കിയുള്ളു എന്നുള്ളത് കൊണ്ട് ഒരിറ്റു നീര് പോലും വന്നില്ല. കഴുത്തിൽ താലി വീഴുമ്പോൾ പെണ്ണുങ്ങൾ സാധാരണ തന്റെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്ഥിക്കുമെന്നു കേട്ടിട്ടുണ്ട്. അവൾക്കു അതിനും തോന്നിയില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നവന്റെ ആയുസ്സിന് വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുമോ? ദേവൻ അവളുടെ കഴുത്തിൽ ചേർത്ത് വച്ച താലി പുറകിൽ നിന്ന് ആരോ കെട്ടുന്നതായി തോന്നിയപ്പോൾ അത് ആരാവുമെന്നു അവൾ അതിശയിച്ചു. എന്തായാലും ശ്രീക്കുട്ടി ആവില്ല.. അവൾ ഇപ്പോൾ അവളുടെ പ്രിയപ്പെട്ട ഏട്ടത്തിയമ്മയുടെ താലി കെട്ടി കൊടുക്കുന്നുണ്ടാവും. ദേവൻ ആമിയുടെ കഴുത്തിൽ താലി കെട്ടിയ അതെ സമയത്തു തന്നെ ഹരി ആരതിയുടെ കഴുത്തിലും താലി ചാർത്തി.നിറുകയിൽ സിന്ദൂരം തൊടാനായി ദേവൻ ആമിയുടെ നേരെ തിരഞ്ഞപ്പോൾ അവളുടെ നോട്ടത്തിനു അവനെ ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു. പക്ഷെ അവന്റെ മുഖത്ത് അപ്പോൾ അങ്കം ജയിച്ച വിജയിയുടെ ഭാവമായിരുന്നു. അത് അവളിൽ കൂടുതൽ ദേഷ്യമുണ്ടാക്കി.

മാലയിടിലും പുടവ കൊടുക്കലും കൈ പിടിച്ചു കൊടുക്കലുമൊക്കെ മുറ പോലെ നടന്നു. ദേവന്റെ കയ്യും പിടിച്ചു മണ്ഡപത്തിനു ചുറ്റും വലം വെക്കുമ്പോൾ ആമി കണ്ടു തൊട്ടപ്പുറത്തെ മണ്ഡപത്തിൽ ആരതിയുടെ കയ്യും പിടിച്ചു വലം വയ്ക്കുന്ന ഹരിയേട്ടനെ...ആതിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ആമിയുടെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി. ഇടക്കെപ്പോളോ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അതി ഒരു പുച്ഛം നിറഞ്ഞ ചിരി അവൾക്കു സമ്മാനിച്ചു .കല്യാണത്തിന് വന്നിരിക്കുന്ന ആളുകൾ ആതിയെ അസൂയയോടെയും തന്നെ സഹതാപത്തോടെയും നോക്കുന്നത് കണ്ടപ്പോൾ അവൾക്കു ചിരി വന്നു.. ഒരു താന്തോന്നിയുടെ ഭാര്യയായി ജീവിക്കാൻ വിധിക്കപെട്ടവളോട് സഹതാപമല്ലാതെ പിന്നെന്താണ് തോന്നേണ്ടത്. ഇന്നലത്തെ തല്ല് കേസ് കൂടി പാട്ടായ സ്ഥിതിക്ക് സഹതാപത്തിന്റെ അളവ് കൂടും. ഫോട്ടോകൾക്കും സാരി മാറി ഉടുക്കാനുമെല്ലാം അവൾ നിന്ന് കൊടുത്തു. എല്ലാം കഴിഞ്ഞു ദേവന്റെ കൂടെ പോകാൻ ഇറങ്ങിയപ്പോൾ ആമി അമ്മൂമ്മയുടെ കാൽ തൊട്ടു തൊഴുതു.. അവളെ പിടിച്ചെണീപ്പിച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു " നിനക്ക് അമ്മൂമ്മയോടു ദേഷ്യമാണെന്നു അറിയാം. പക്ഷെ ഒന്നോർത്തോളൂ.. എന്റെ മോൾക്ക് ദോഷം വരുന്നതൊന്നും ഈ അമ്മൂമ്മ ഒരു കാലത്തും ചെയ്യില്ല.

നിനക്ക് ദൈവം സന്തോഷം നിറഞ്ഞ ഒരു ജീവിതം തരും.. " അതും പറഞ്ഞു അമ്മൂമ്മ ദേവന്റെ മുഖത്തേക്ക് നോക്കി. " നീയായിട്ടു ചോദിച്ചു വാങ്ങിയതാണ് ഇവളോടൊത്തുള്ള ജീവിതം.. അപ്പോൾ ഇവളെ നന്നായിട്ടു നോക്കേണ്ട ഉത്തരവാദിത്വവും നിനക്കുണ്ട്.. അതെപ്പോളും ഓർക്കണം" അമ്മൂമ്മ പറഞ്ഞതൊന്നും ദേവന്റെ ചെവിയിൽ കേറിയിട്ടില്ലന് അവൾക്കു ഉറപ്പായിരുന്നു. അമ്മൂമ്മയെ ഒന്ന് ചിരിച്ചു കാണിച്ചു അവൾ ദേവനൊപ്പം കാറിലേക്ക് കയറി. " നന്ദനം" എന്ന ദേവന്റെയും ഹരിയുടെയും വീട്ടിലെത്തിയപ്പോൾ അവരെ വിളക്ക് കൊടുത്തു സ്വീകരിക്കാൻ ജാനകിയും ശ്രീകുട്ടിയും തയ്യാറായി നില്പുണ്ടായിരുന്നു. ആമിക്കു ജാനകിയും ആതിക്കു ശ്രീകുട്ടിയും വിളക്ക് നൽകി .പുതിയ പെണ്ണുങ്ങളെ കാണാനായി അയൽപക്കത്തുള്ള ഒരുപാടു പെണ്ണുങ്ങളെല്ലാം അവിടെ വന്നിട്ടുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ പുച്ഛം നിറഞ്ഞ നോട്ടവും വന്നവരുടെ സഹതാപവും പാടെ അവഗണിച്ചു കൊണ്ട് ആമി എല്ലാവരോടും ചിരിച്ചു കൊണ്ട് തന്നെ വർത്തമാനം പറഞ്ഞു. അവളുടെ ലക്‌ഷ്യം ദേവൻ മാത്രമായിരുന്നു. എല്ലാവരും പോയി വീട് ഒന്ന് ഒഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. അപ്പോളേക്കും ദേവൻ എവിടെയോ പോകാനായി ഇറങ്ങി വന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ജാനകിയും ഹരിയും മാറി മാറി ചോദിച്ചിട്ടും ഒന്നും പറയാതെ അവൻ ബൈക്കുമെടുത്തു പോയി. കള്ളു കുടിക്കാൻ പോയതാവും..

ആദ്യരാത്രിയിൽ വിജയിയെ പോലെ പണ്ട് കരണത്തു അടിച്ചവളെ കീഴ്പെടുത്തുമ്പോൾ ഒരിച്ചിരി കള്ളിന്റെ ബലം കൂടി ഉണ്ടെങ്കിൽ നല്ലതാവുമല്ലോ.. പുച്ഛത്തോടെ ആമി ഓർത്തു.. ഒരു പെണ്ണിന്റെ ശരീരം കീഴ്‌പെടുത്താൻ ആരോഗ്യമുള്ള ഏതൊരുത്തനും സാധിക്കും.. എന്നാൽ മനസ്സ് കീഴ്പെടുത്തി അവളെ സ്വന്തമാക്കുന്നവനാണ് യഥാർത്ഥ ആണ്.. ദേവനന്ദന് ഒരിക്കലും തന്റെ മുന്നിൽ ഒരാണാകാൻ കഴിയില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു. രാത്രിയിൽ ഭക്ഷണം കഴിക്കുന്ന സമയത്തും അവൻ തിരിച്ചെത്തിയില്ല. ഹരി വിളിച്ചു നോക്കിയെങ്കിലും അവന്റെ ഫോൺ ഓഫ് ആയിരുന്നു. കഴിച്ചു കഴിഞ്ഞു പാത്രമൊക്കെ കഴുകി തിരിച്ചു വരുമ്പോൾ കണ്ടു നാണത്തോടെ കയ്യിലൊരു ഗ്ലാസ് പാലുമായി ഹരിയുടെ മുറിയിലേക്ക് ആതിയെ കയറ്റി വിടുന്ന ശ്രീകുട്ടിയെ.. ശ്രീക്കുട്ടിയുടെ നോട്ടത്തെ പാടെ അവഗണിച്ചു അവൾ തന്റെ മുറിയിൽ പോയിരുന്നു. കല്യാണം പ്രമാണിച്ചാവണം അതാരോ വൃത്തിയാക്കി ഇട്ടിരുന്നു. കട്ടിലിൽ അവൾ അവനെയും കാത്തിരുന്നു ..വരട്ടെ.. വന്നയാൾക്കു ചെയ്യാനുള്ളതൊക്കെ ചെയ്യട്ടെ.. അങ്ങനോർത്തിരിക്കുമ്പോളാണ് ജാനകി മുറിയിലേക്ക് പാലുമായി കയറി വന്നത്. ജാനകിയെ കണ്ടപ്പോൾ അവൾ ചാടി എണീറ്റു. അവർ പാല് മേശപ്പുറത്തു വച്ച് അവളുടെ നേരെ തിരിഞ്ഞു " മോളെ. നിനക്ക് അപ്പച്ചിയോടു ദേഷ്യമാണോ?" അവൾ ഒന്നും മിണ്ടിയില്ല " അപ്പച്ചി നിന്നോട് ചെയ്തത് തെറ്റാണെന്നു അറിയാം..

നിനെയല്ലാതെ വേറെ ആരെയും അവൻ കല്യാണം കഴിക്കില്ലന്നു പറഞ്ഞപ്പോൾ.. ഇനീപ്പോ ഇതും കൂടെ ഉള്ളു ഒരു പ്രതീക്ഷ.. നീ വിചാരിച്ചാൽ അവനെ നന്നാക്കി എടുക്കാൻ സാധിക്കും.. അങ്ങനെ എന്റെ മനസ്സ് പറയുന്നു.. ഒരു അമ്മയുടെ സ്വാർത്ഥത ആയി കണ്ടാൽ മതി ഇതിനെ.." അവളുടെ മുടിയിഴകിലൂടെ തലോടി കണ്ണ് നിറഞ്ഞു അവർ ഇറങ്ങി പോയി. അവൾ വീണ്ടും അവനെയും പ്രതീക്ഷിച്ചു കട്ടിലിലേക്കിരുന്നു . ആ ഇരുപ്പിൽ എപ്പോളോ അവൾ ഉറങ്ങി പോയി. ഒരു നീണ്ട ഉറക്കത്തിൽ നിന്നെന്ന പോലെ ആമി പതിയെ കണ്ണ് തുറന്നു. മുറിയിൽ നിറയെ വെളിച്ചം വന്നിരിക്കുന്നു. അവൾ സമയം നോക്കി.. എട്ടു മണി .. അവൾ ചാടി എണീറ്റു .. ആദ്യ ദിവസം തന്നെ ഇത്രയും ലേറ്റ് ആയല്ലോ എന്നോർത്ത് കൊണ്ട്.. ദേവനെയും കാത്തിരുന്നു എപ്പോഴാണ് അവൾ ഉറങ്ങിയതെന്നു അറിയില്ല.. കിടന്നതോ പുതപ്പു പുതച്ചതോ ഒന്നും ഓർമയില്ല.. രാത്രി മുഴുവൻ അവൻ പുറത്തായിരുന്നോ എന്നോർത്ത് കൊണ്ട് നോക്കിയപ്പോഴാണ് കട്ടിലിന്റെ മറ്റേ അറ്റത്തു കമിഴ്ന്നു കിടന്നുറങ്ങുന്ന ദേവനെ കണ്ടത്. രാത്രിയിൽ വന്നിട്ടും എന്ത് കൊണ്ട് അവൻ തന്നെ ഉണർത്തിയില്ല എന്ന് ആലോചിച്ചു കൊണ്ട് അവൾ എണീറ്റു . ഡ്രെസ്സും എടുത്തു ബാത്റൂമിലേക്കു നടക്കാൻ തുടങ്ങവേ കാലിയായി കഴുകി വച്ചിരിക്കുന്ന പാൽ ഗ്ലാസ് ശ്രദ്ധയിൽ പെട്ടത്. അവൾ ഒരു ദീർഘനിശ്വാസത്തോടെ ബാത്റൂമിലേക്കു കയറി. ബാത്റൂമിലെ ഡോർ അടയുന്ന ഒച്ച കേട്ടപ്പോൾ ദേവൻ പതിയെ കണ്ണ് തുറന്നു നോക്കി.

ഇന്നലെ പാതിരാത്രി അവൻ കയറി വരുമ്പോൾ അവൾ മുട്ട് മടക്കി വച്ച് അതിൽ തലയും വച്ച് ഇരുന്നു ഉറങ്ങുകയായിരുന്നു. അവളെ നേരെ കിടത്തി പുതപ്പിട്ടു മൂടിയത് അവനാണ്. പാട കെട്ടി തുടങ്ങിയ പാൽ കളഞ്ഞു ഗ്ലാസും കഴുകി വച്ചിട്ടാണ് അവൻ കട്ടിലിൽ വന്നു കിടന്നതു. ആമിക്കു തന്നോട് ദേഷ്യമോ വെറുപ്പോ ഒക്കെയാണെന്നു ദേവന് നന്നായി അറിയാം. അതെ.. പകയും ദേഷ്യവുമൊക്കെയാണ് ഇനിയുള്ള തങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പോകുന്നതെന്ന് അവൻ വീണ്ടുംകണ്ണടച്ച് കൊണ്ട് ഓർത്തു. അവൾ അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ അപ്പച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ . ആതിയും ശ്രീകുട്ടിയും എണീറ്റിട്ടില്ലാന്നു അവൾക്കു മനസിലായി. അവളും വേഗം ജാനകിയോടൊപ്പം രാവിലത്തേക്കുള്ള കാപ്പി ഉണ്ടാക്കാൻ കൂടി. ബാക്കി ഉള്ളവരൊക്കെ പത്തു മണിയായപ്പോൾ എണീറ്റ് വന്നപ്പോളേക്കും ജാനകിയും ആമിയും കൂടി ഉച്ച വരേക്കുമുള്ള എല്ലാ പണിയും തീർത്തിരുന്നു. ദേവൻ എണീറ്റു എന്നറിഞ്ഞിട്ടും അവൾ അവനു ചായ കൊടുക്കാനോ അന്വേഷിക്കാനോ ഒന്നും പോയില്ല. ചായ കൊണ്ട് കൊടുക്കാത്തതിന് അവൻ വന്നു തന്നോട് വഴക്കുണ്ടാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.അവൻ തനിയെ വന്നു അടുക്കളയിൽ നിന്ന് ചായ എടുത്തു കുടിക്കുന്നത് കണ്ടപ്പോൾ അത് ഇവിടെ പതിവാണെന്ന് അവൾക്കു മനസിലായി. എല്ലാവരും ഒരുമിച്ചിരുന്നാണ് കാപ്പി കുടിച്ചത്.. ആമിയെ കാണിക്കാൻ വേണ്ടി തന്നെ ആതി ഹരിയോട് വളരെ അടുത്ത് ഇടപഴകി കൊണ്ടിരുന്നു.

ആമി അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. ദേവനാണെങ്കിൽ ഒന്നിലും ആരെയും ശ്രദ്ധിക്കാതെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. കാപ്പി കുടി കഴിഞ്ഞതോടു കൂടി ദേവൻ ബുള്ളറ്റുമെടുത്തു എങ്ങോട്ടോ പോയി.. ആതിയുടെ കോപ്രായങ്ങൾ കാണേണ്ട എന്ന് കരുതി ആമി തന്റെ മുറിയിലേക്ക് കയറി. കരയില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുനെങ്കിലും അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു. ഓരോന്നാലോചിച്ചു കട്ടിലിൽ കിടന്നു എപ്പോളോ അവൾ ഉറങ്ങി പോയി.. ഉച്ചക്ക് കഴിക്കാനായി ജാനകി വന്നു വിളിക്കുമ്പോളാണ് അവൾ എഴുനേൽക്കുന്നത്. കഴിക്കാനായി വന്നിരുന്നപ്പോൾ കണ്ടു എവിടെയോ പോകാനായി വേഷം മാറി വന്നു നിൽക്കുന്ന ഹരിയേയും ആതിയെയും. ഹരിക്കു ലീവ് കുറവായതു കൊണ്ട് അവർ ഇന്ന് തന്നെ ആതിയുടെ വീട്ടിൽ വിരുന്നിനു പോകുമെന്ന് അപ്പച്ചി പറഞ്ഞത് അവൾ ഓർത്തു. നഗരത്തിലെ അറിയപ്പെടുന്ന ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായ മേമൻ ചാരിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സർജൻ ആണ് ഹരി. ആ ആശുപത്രിയുടെ ഉടമയായ വര്ഗീസ് മേമൻ നാട്ടിൽ എല്ലാവര്ക്കും സ്വീകാര്യനായ , ദാനധർമ്മങ്ങളിൽ തത്പരനായ ഒരു ബിസ്സിനെസ്സുകാരനാണ്. ആശുപത്രിയിൽ പാവപെട്ട ആൾക്കാർക്കായി പ്രത്യേകം കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടുമെന്നതിനാൽ അവിടെ എന്നും നല്ല തിരക്കാണ്. അത് കൊണ്ട് തന്നെ ഹരിക്കു ലീവും വളരെ കുറവാണു. ജാനകിയോടു യാത്ര പറഞ്ഞു അവർ ഇറങ്ങി.

രാവിലെ ഹരിയുടെ വിരുന്നിന്റെ കാര്യം പറഞ്ഞ കൂട്ടത്തിൽ ആമിയോട് അവരുടെ വിരുന്നിന്റെ കാര്യത്തെ പറ്റി ജാനകി ചോദിച്ചിരുന്നു. തത്ക്കാലം തങ്ങൾ വിരുന്നിനു പോകുന്നില്ല എന്നാണ് ആമി അതിനു മറുപടി പറഞ്ഞത്. ദേവന്റെ കൂടെ , അത് തന്റെ സ്വന്തം വീട്ടിലേക്കാണെങ്കിൽ കൂടെ ഒരു യാത്ര അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മൂമ്മയെ കാണണമെന്ന് തോന്നുമ്പോൾ തനിയെ എപ്പോളെങ്കിലും പോയി കാണാമെന്നു അവൾ തീരുമാനിച്ചു. ആതി ഇല്ലാത്തപ്പോഴെങ്കിലും ശ്രീക്കുട്ടി തന്നോട് മിണ്ടുമെന്നു ആമി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ശ്രീകുട്ടിക്കു തന്നോട് ദേഷ്യമുണ്ടാവാനുള്ള കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു മനസിലായില്ല. അന്നത്തെ ബാക്കി ദിവസം ജാനകിയോടു വർത്തമാനം പറഞ്ഞും മുറിയിലും ഒക്കെയായി അവൾ കഴിച്ചു കൂട്ടി. രാത്രി ഭക്ഷണവും കഴിച്ചു അവൾ കിടന്നിട്ടും ദേവൻ എത്തിയിട്ടില്ലായിരുന്നു. ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു. വിരുന്നു പോയി വന്നു പിറ്റേ ദിവസം മുതൽ ഹരി ഹോസ്പിറ്റലിൽ പോയി തുടങ്ങി. ഡൽഹിയിൽ നിന്ന് പോന്നതിൽ പിന്നെ സോമശേഖരനും വേറെ കുറച്ചു ഫ്രണ്ട്സും ഒക്കെയായി രവിശങ്കർ ഒരു ചെറിയ ബിസിനസ് നടത്തുന്നുണ്ട്. ജാനകിക്കാണെങ്കിൽ രണ്ടു വർഷത്തെ സർവീസ് കൂടി ബാക്കിയുണ്ട്. ശ്രീകുട്ടിയാണെങ്കിൽ കോളേജിലും പോകും. അത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ ആമിയും ആതിയും തനിച്ചാണ് വീട്ടിൽ.

രാവിലെ ബാങ്കിൽ പോകുന്ന വരെ ജാനകിയും കൂടും അടുക്കള പണിക്കൊക്കെ.. അത് കഴിഞ്ഞാൽ വീട്ടിലെ എല്ലാ ജോലിയും ആമി തനിച്ചാണ് ചെയ്യുന്നത്. ആതി മുഴുവൻ സമയവും ടീവി കണ്ടോ മൊബൈലിൽ കുത്തിയോ ഉറങ്ങിയോ തീർക്കും.. ആമി കിടന്നു കഷ്ടപ്പെടുന്ന കണ്ടാലും അവൾ തിരിഞ്ഞു നോക്കില്ല. ഹരി വന്നു കഴിഞ്ഞാൽ പിന്നെ അവന്റെ പിറകെ തന്നെ മുട്ടിയുരുമ്മി ഉണ്ടാവും. ആമിക്കു അവിടെ പ്രത്യേകിച്ച് ആരെയും നോക്കാനില്ലാത്തതു കൊണ്ടു പരാതിയൊന്നും ഇല്ലാതെ അവൾ എല്ലാം ചെയ്തു പൊന്നു.ദേവൻ പ്രത്യേകിച്ച് ജോലിക്കൊന്നും പോകുന്നില്ലെങ്കിലും വീട്ടിൽ ഉള്ളതിനേക്കാൾ സമയം അവൻ പുറത്താണ്. എപ്പോൾ പോകുമെന്നോ വരുമെന്നോ ആർക്കും നിശ്ചയമില്ല. ചിലപ്പോൾ രാത്രി പോലും വരില്ല. ഇടയ്ക്കിടയ്ക്ക് അവൻ വഴക്കും തല്ലും ഉണ്ടാക്കിയെന്ന് പറഞ്ഞു ഹരിയുടെയോ ചെറിയച്ഛന്റെയോ ഒക്കെ അടുത്ത് ആൾക്കാർ പരാതിയുമായി വരും. അവർ അത് എങ്ങനെയെങ്കിലും പരിഹരിച്ചു വിടും.വീട്ടിൽ ഉള്ളപ്പോളാണെങ്കിൽ പോലും ആമി ആ വീട്ടിലോ അവന്റെ മുറിയിലോ ജീവിതത്തിലോ ഉണ്ടെന്നു അറിയാത്ത പോലെയാണ് അവന്റെ പെരുമാറ്റം. കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും രണ്ടു വാക്ക് തികച്ചു അവർ തമ്മിൽ സംസാരിച്ചിട്ടില്ല.

ദേവൻ ആ വീട്ടിൽ ആകെ സംസാരിക്കുന്നത് ഹരിയോട് മാത്രമാണെന്ന് ആമിക്കു തോന്നാറുണ്ട്. തന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന് നിർബന്ധം പിടിച്ചു കല്യാണം നടത്തിട്ടു ഇപ്പോൾ തന്നെ ഒഴിവാക്കുന്നത് എന്താണെന്നു അവൾക്കു മനസിലായില്ല. ഭർത്താവിന്റെ അവകാശങ്ങളെല്ലാം തന്റെ മുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് താൻ കരുതിയെങ്കിലും അവൻ അതിനൊന്നിനും വന്നില്ലെന്ന് തന്നെയല്ല അവളെ മൈൻഡ് പോലും ചെയ്യാറില്ല. വീട്ടിലുള്ള സമയത്തു ഒന്ന് രണ്ടു തവണ അവന്റെ ഫോണിലേക്കു നിഷ എന്ന് പേരിലുള്ള ഒരു പെൺകുട്ടിയുടെ കാൾ വരികയും അവൻ അതുമായി പുറത്തേക്കു പോയി കുറെ നേരം സംസാരിക്കുകയും ചെയ്യുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അതോടെ അവൻ തന്നെ വെറുതെ പക തീർക്കാൻ മാത്രമാണ് കല്യാണം കഴിച്ചതെന്ന് ആമിക്കു ഒന്ന് കൂടി ബോധ്യമായി. അവൻ എന്ത് ചെയ്താലും അത് തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചിട്ടും തന്നെ ഭാര്യയും സ്വീകരിച്ചതിനു ശേഷവും മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നതു അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ കരടായി അവശേഷിച്ചു...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story