ദേവാസുരം: ഭാഗം 20

Devasuram nila

രചന: നിള നിരഞ്ജൻ

റോയ് സാറിനെ പരിചയപെടുത്താൻ ഹരി ദേവനോടൊപ്പം ചെന്നു . അവരെ തമ്മിൽ പരിചയപ്പെടുത്തി കൊടുത്ത ശേഷം അവൻ അവന്റെ റൂമിലേക്ക് പോയി. ദേവനോട് കുറച്ചു നേരം സംസാരിച്ചു അവന്റെ സര്ടിഫിക്കറ്റ്സ്‌ നോക്കിയ ശേഷം അവനെ ഒരു ഓൾ ദി ബെസ്റ്റും പറഞ്ഞു അക്കൗണ്ട്സിലേക്കു പറഞ്ഞു വിട്ടു. അന്നത്തെ ദിവസം എല്ലാവരെയും പരിചയപ്പെടലും ബേസിക് കാര്യങ്ങൾ പഠിക്കലുമൊക്കെയായി കഴിഞ്ഞു പോയി. ശീതളിന്റെ കൂടെയുള്ള ട്രെയിനിങ് അടുത്ത ദിവസം മുതൽ തുടങ്ങാമെന്ന് പറഞ്ഞിരുന്നു. തന്റെ ഉദ്ദേശം നടക്കണമെങ്കിൽ ഇവിടെ എല്ലാവരുടെയും മുന്നിൽ നല്ല ഇമേജ് ഉണ്ടാക്കി എടുക്കണമെന്ന് അറിയാവുന്ന കൊണ്ട് എല്ലാവരോടും വളരെ നല്ല രീതിയിലാണ് അവൻ പെരുമാറിയത്. തങ്ങളുടെ അടുത്ത ഇര പലപ്രാവശ്യവും തന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ദേവന്റെ ശ്രദ്ധയിൽ പെടുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അയാൾ അവനെ നോക്കിയപ്പോൾ അവൻ നല്ല ഒരു ചിരി ചിരിച്ചു കൊടുത്തു " നിന്റെ കൗണ്ട് ഡൗൺ സ്റ്റാർട്ട് ആയി മോനെ" പിന്നീടുള്ള ദിവസങ്ങൾ നന്ദനത്തിൽ എല്ലാവര്ക്കും നല്ല സന്തോഷമായിരുന്നു. ദേവന്റെ മാറ്റം തന്നെയായിരുന്നു പ്രധാന കാരണം. അവൻ ജോലിക്കു പോകാനൊക്കെ തീരുമാനിച്ചെങ്കിലും അവന്റെ മനസു പിന്നീട് മാറുമോന്നു എല്ലാവര്ക്കും സംശയം ഉണ്ടായിരുന്നു. പക്ഷെ അതിനെയൊക്കെ മറികടന്നു അവൻ എല്ലാ ദിവസവും ജോലിക്കു കൃത്യമായി പോയി,

അതിൽ താത്പര്യവും കാണിച്ചു. ഹോസ്പിറ്റലിൽ ഉള്ളവർക്കും അവന്റെ ജോലിയിൽ നല്ല മതിപ്പായി എന്ന് ഹരി കൂടി പറഞ്ഞപ്പോൾ എല്ലാവര്ക്കും അവന്റെ കാര്യത്തിൽ വിശ്വാസമായി. അവനു അവൾ പറഞ്ഞ പോലെ ജോലിയായ സ്ഥിതിക്ക് ഇനി കോച്ചിങ്ങിനു പോയി ചേരാൻ ആമിയെ ദേവൻ നിർബന്ധിച്ചു. അത് തന്റെയും ആഗ്രഹം ആയിരുന്നത് കൊണ്ട് പിന്നെ അവൾ എതിർത്തില്ല. അങ്ങനെ ഇപ്പോൾ ആമി ബാങ്ക് കോച്ചിങ്ങിനു പോകുന്നുണ്ട് ഉച്ച വരെ. ആമിയും ദേവനും തമ്മിൽ ഇപ്പോൾ നല്ല സ്നേഹത്തിലാണ്. എങ്കിലും സമയമായിട്ടില്ല എന്ന് പറഞ്ഞു ഇപ്പോളും വലിയ അടുപ്പത്തിനൊന്നും അവൾ സമ്മതിക്കില്ല. ഇടയ്ക്കു അതും പറഞ്ഞു അവൻ കളിയായി അവളോട് പിണക്കം ഭാവിക്കും എങ്കിലും അവളെ ഒന്നിനും അവൻ നിര്ബന്ധിച്ചില്ല. അവളുടെ ഉള്ളു നിറഞ്ഞ സ്നേഹം മാത്രം മതിയായിരുന്നു അവന്റെ മനസ്സ് നിറയാൻ . അവന്റെ മാറ്റവും സ്നേഹവും അവളുടെ ഉള്ളും നിറച്ചെങ്കിലും അവനു ചില അസ്മയങ്ങളിൽ വരുന്ന ഫോൺ കോളുകൾ അവളിൽ ചെറിയ ഭയം ഉളവാക്കി. എത്രയൊക്കെ പറഞ്ഞാലും അവന്റെ കൂട്ടുകാരല്ലേ.. അവർ വിളിക്കുന്നത് എങ്ങനെയ തടയുക എന്നൊക്കെ ഓർത്തു സമാധാനിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ വിളികൾ അവനെ വീണ്ടും പഴയ വഴിക്കു നയിക്കുമോ എന്ന പേടി അവൾക്കുണ്ടായിരുന്നു .

അവനു ചീത്ത ബുദ്ധി ഒന്നും തോന്നല്ലേ എന്നും അവൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പക്ഷെ ഇനി സംഭവിക്കൻ ഇരിക്കുന്നതൊന്നും അവർ ആരും തന്നെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു. 'നന്ദനം' എന്ന് പേരുള്ള ആ ഇരുനില വീടിനു മുന്നിൽ അൻവർ തന്റെ വണ്ടി നിർത്തി. ഗേറ്റ് തുറന്നിട്ടിരിക്കുകയാണ്. ഇന്ന് സൺ‌ഡേ ആണ്.. അത് കൊണ്ട് ആ വീട്ടിലുള്ളവർക്കു മിക്കവർക്കും ഓഫ് ആയിരിക്കുമെന്ന് അയാൾ ഊഹിച്ചു. ആ വീടിനെ കുറിച്ചും അവിടെ ഉള്ളവരെ കുറിച്ചും തനിക്കു അറിയേണ്ടതൊക്കെ അറിഞ്ഞു വച്ചിട്ടാണ് അൻവർ അങ്ങോട്ടേക്കിറങ്ങിയത്. അഞ്ചു വര്ഷങ്ങള്ക്കു ശേഷമുള്ള ആ കൂടിക്കാഴ്ച പ്രതീക്ഷിച്ചു കൊണ്ട് അൻവർ അകത്തേക്ക് പ്രവേശിച്ചു. രാവിലത്തെ ഭക്ഷണം കഴിഞ്ഞു എല്ലാവരും ഓരോരോ പണിയിൽ മുഴുകി ഇരിക്കുകയായിരുന്നു. ഇന്ന് ഹരിക്കും ദേവനും ഓഫ് ആണ്.. അങ്ങനെ ഇരിക്കുമ്പോഴാണ് വീട്ടിലെ കാളിങ് ബെല്ല് ശബ്ദിക്കുന്നത്. ആതിയാണ് ചെന്ന് വാതിൽ തുറന്നതു. മുന്നിൽ നിൽക്കുന്ന ആളെ എവിടെയോ കണ്ട നല്ല മുഖപരിചയം തോന്നിയെങ്കിലും ആരാണെന്നു അവൾക്കു മനസിലായില്ല . "ഡോക്ടർ ഹരിനന്ദന്റെ വീടല്ലേ?" " അതെ.." ഇനി ഹരിയുടെ പെഷ്യന്റൊ മറ്റോ ആണോ എന്ന സംശയത്തിൽ ആതി പറഞ്ഞു.

പക്ഷെ ഹരി വീട്ടിൽ അങ്ങനെ ആരെയും നോക്കാറില്ല. " ഞാൻ dysp അൻവർ അലി.. ഞാൻ ഇപ്പോൾ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപെട്ടു ഒരിക്കൽ ഡോക്ടറോട് സംസാരിച്ചിരുന്നു. ഡോക്ടർ ഇല്ലേ?" ഓ.. അതാണ് ഇയാളെ കണ്ടു പരിചയം..ടിവിയിലും പത്രത്തിലുമൊക്കെ കണ്ടു..ഇയാളിപ്പോ എന്തിനാണാവോ ഹരിയേട്ടനെ കാണുന്നത്..ആതി മനസ്സിൽ വിചാരിച്ചു " ഉണ്ട് സാർ.. ഞാൻ വിളിക്കാം.. അകത്തേക്ക് കയറിയിരിക്കൂ" " ഹരിയേട്ടാ.. ഒന്നിങ്ങു വന്നേ.." ആതിയുടെ വിളി കേട്ട് ഇറങ്ങി വന്ന ഹരി അൻവറിനെ കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി. " സാറോ ? സാർ എന്താ ഇവിടെ?" "പ്രത്യേകിച്ച് ഒന്നുമില്ല.. ഇതു വഴി പോയപ്പോൾ ഡോക്ടറിന്റെ വീട്ടിൽ ഒന്ന് കേറീട്ടു പോകാമെന്നു കരുതി.. അത്രേയുള്ളു" തന്റെ വീട് അൻവർ എങ്ങനെ കണ്ടു പിടിച്ചു എന്നാണ് ഹരി അപ്പോൾ ആലോചിച്ചത്. താൻ പറഞ്ഞിട്ടില്ല. ഒരു dysp ക്കു തന്റെ വീട് കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പക്ഷെ എന്താണ് അയാളുടെ വരവിന്റെ ഉദ്ദേശം എന്ന് മനസിലാവുന്നില്ല. വെറുതെ എന്തായാലും അയാൾ ഇവിടെ വരേണ്ട കാര്യമില്ല. എന്തായലും നോക്കാം " സാർ ഇരിക്കൂ" "നൈസ് ഹോം..ഇവിടെ ആരൊക്കെയുണ്ട്?" താൻ അന്വേഷിക്കുന്ന ആൾ ഇവിടെ ഉണ്ടോ എന്നറിയാനായി അൻവർ ചോദിച്ചു

"അച്ഛനും അമ്മയും ബ്രദറും സിസ്റ്ററും. പിന്നെ എന്റെ വൈഫും ബ്രദറിന്റെ വൈഫും" " ഓ.. ഐ സീ .. എന്നിട്ടു എല്ലാവരും എവിടെ? ആരെയും കാണുന്നില്ലാലോ?" " എല്ലാവരും ഇവിടെയൊക്കെയുണ്ട്.. ഓരോരോ പണികളായി... " അവൻ അമ്മയെയും ആമിയെയും ശ്രീകുട്ടിയേം വിളിക്കാനായി ആതിയെ പറഞ്ഞു വിട്ടു. അച്ഛനെയും ദേവനെയും അവൻ തന്നെ പോയി വിളിച്ചിട്ടു വന്നു. ഇരട്ടകൊലപാതകങ്ങൾ അന്വേഷിക്കുന്ന അൻവർ അലി വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആമിയുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. തന്റെ സംശയങ്ങൾ സത്യമാവുകയാണോ ദൈവമേ .. ഇയാൾ ഇനി ദേവേട്ടനെ അറസ്റ്റ് ചെയ്യാൻ എങ്ങാനും വന്നതാവുമോ? വിറയ്ക്കുന്ന കാൽവയ്പുകളോടെ അവൾ ജാനകിയുടെ പിറകെ ഹാളിലേക്ക് ചെന്നു വീട്ടിലാരോ വന്നിട്ടുണ്ട്.. പുറത്തേക്കു ചെല്ലാൻ ഹരി പറഞ്ഞത് കൊണ്ടാണ് ദേവൻ ഹാളിലേക്ക് ചെന്നത്. അവൻ ചെല്ലുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു. ആരാ വന്നിരിക്കുന്നതെന്ന് ചുറ്റും നോക്കിയപ്പോഴാണ് ആ മുഖത്തു ദേവന്റെ കണ്ണുകൾ ഉടക്കിയത്. ഒരു നിമിഷം അവന്റെ മുഖത്തെ രക്തമയം വാർന്നു പോകുന്നത് അവനെ ശ്രദ്ധിച്ചു കൊണ്ടിരുന്ന അൻവറും ആമിയും കണ്ടു. അൻവറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

" ഹലോ .. ദേവൻ.. സൊ നൈസ് ടു മീറ്റ് യു.. ആഫ്റ്റർ ഫൈവ് ലോങ്ങ് ഇയേഴ്സ്" എന്ന്പറഞ്ഞു അവന്റെ നേരെ തന്റെ വലതു കൈ നീട്ടി..അൻവർ ദേവനെ പേരെടുത്തു വിളിക്കുന്നത് കേട്ടപ്പോൾ ഹരിക്കു അതിശയമായി. അൻവറിനെ അവിടെ കണ്ട ഞെട്ടലിൽ നിന്ന് മുക്തനായി സംയമനം വീണ്ടെടുത്ത് ദേവൻ അയാളുടെ കൈ പിടിച്ചു .. പക്ഷെ അപ്പോഴും അവന്റെ മുഖം മുറുകി തന്നെ ഇരുന്നു " ഹലോ അൻ .. സാർ" " അഞ്ചു വര്ഷം കൊണ്ട് വല്ലാത്ത മാറ്റമാണ്.. ഞാൻ dysp ആയി.. ഇവിടെ.. കല്യാണം.. പിന്നെ അക്കൗണ്ടന്റ് ജോബ്" അൻവർ എല്ലാം നന്നായി അന്വേഷിച്ചിട്ടാണ് വന്നതെന്ന് മനസിലായത് കൊണ്ട് ദേവൻ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളു. അപ്പോഴേക്കും ആതി ചായയുമായി വന്നു. " ആക്ച്വലി ദേവനെ ഇവിടെ ഞാൻ പ്രതീക്ഷിച്ചതല്ല.. കേസുമായി ബന്ധപെട്ടു ഒരു cctv വീഡിയോ പരിശോധിച്ചപ്പോഴാണ് ഹരിയുടെ ഒരു പേഷ്യന്റിനു ഓ നെഗറ്റീവ് ബ്ലഡ് കൊടുക്കാൻ വന്ന ദേവനെ അതിൽ കണ്ടത്" "ഓ നെഗറ്റീവ്" എന്നത് അൻവർ ഇത്തിരി കടുപ്പിച്ചാണ് പറഞ്ഞത് അതും ദേവന്റെ പ്രതികരണം എന്താണെന്നു അറിയാൻ അവന്റെ മുഖത്തേക്ക് നോക്കി തന്നെ. പക്ഷെ ദേവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും കാണാത്തതു അൻവറിനെ അസ്വസ്ഥനാക്കി " ബൈ ദി വേ .. ഞാനിപ്പോൾ അന്വേഷിക്കുന്ന ഇരട്ടകൊലപാതകങ്ങളുടെ കേസിലും ഈ ഓ നെഗറ്റീവ് ബ്ലഡ് ഒരു വലിയ തെളിവാണ്.. വല്ലാത്ത കോയ്നസിഡന്സ് അല്ലെ?"

ആതി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അൻവർ തുടർന്ന് " ദേവനു കോഴിക്കോട് ഫ്രണ്ട് ഒക്കെ ഉണ്ടെന്നു തോന്നുന്നല്ലോ?" അത് പറഞ്ഞപ്പോൾ ദേവന്റെ മുഖം ചെറുതായി വലിഞ്ഞു മുറുകുന്നത് അൻവർ കണ്ടു.. " അല്ല .. കുറച്ചു നാൾക്കു മുൻപ് .. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 24,25,26 തീയതികളിൽ ദേവനും കുറച്ചു ഫ്രണ്ട്സും കോഴിക്കോട് പോയി തങ്ങിയിരുന്നില്ലേ? അത് കൊണ്ട് ചോദിച്ചതാ.. നേരത്തെ പറഞ്ഞ പോലെ വേറൊരു കോയ്നസഡന്സ്. . ഞാൻ അന്വേഷിക്കുന്ന കൊലപാതകത്തിലെ ഒരു ഇര കോഴിക്കോട് ഉള്ള ആളായിരുന്നു.. പത്രത്തിലൊക്കെ വായിച്ചു കാണുമല്ലോ അല്ലെ?" ദേവൻ അതിനും മൗനം പാലിച്ചു. അവന്റെ വായിൽ നിന്ന് ഒന്നും വരാൻ പോകുന്നില്ല എന്നറിയാവുന്ന കൊണ്ട് അൻവർ പോകാനായി എഴുനേറ്റു. " അപ്പൊ ദേവ.. ഇനി അധികം വൈകാതെ തന്നെ നമുക്ക് വീണ്ടും കാണാം" അതും പറഞ്ഞു അയാൾ ഹരിയെ നോക്കി ഒന്ന് ചിരിച്ചു പുറത്തേക്കിറങ്ങി. തന്റെ സംശയങ്ങൾ ശരിയായിരുന്നു എന്ന് അവന്റെ മുഖഭാവം വിളിച്ചോതുന്നുണ്ട്.. പക്ഷെ അത് കൊണ്ട് മാത്രം ആയില്ല.. തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്യുകയായിരുന്നു അൻവർ. അൻവർ പോയിക്കഴിഞ്ഞതും ഹരി ദേവന്റെ അടുത്തേക്ക് വന്നു..

" അയാൾ എന്തൊക്കെയാടാ പറഞ്ഞിട്ട് പോയത്? നിനക്ക് നേരത്തെ പരിചയം ഉണ്ടോ അയാളെ? അഞ്ചു വര്ഷം എന്നൊക്കെ പറയുന്ന കേട്ടല്ലോ? " ദേവൻ ഒന്നും പറയാതെ പോകാൻ തുടങ്ങിയപ്പോൾ ഹരി അവന്റെ കയ്യിൽ കയറി പിടിച്ചു " നീ പറഞ്ഞിട്ട് പോയാൽ മതി.. നിനക്ക് അൻവർ അലിയെ നേരത്തെ പരിചയം ഉണ്ടോന്നു?" എല്ലാവരും തന്റെ മറുപടിക്കായി കാത്തു നിൽക്കുകയാണ് എന്ന് അറിഞ്ഞു കൊണ്ട് ദേവൻ പറഞ്ഞു " ഉണ്ട്.." "എങ്ങനെ?" " ഞങ്ങൾ ഒരുമിച്ചു ഐ പി എസ്‌ ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്നു..പിന്നെ..." "പിന്നെ?" " ഞാൻ സിവിൽ സെർവ്വിസിൽ നിന്ന് പുറത്താകാൻ കാരണം ഇവനാണ്.. അന്ന് ഞാൻ കുത്തിയത് ഇവനെയാണ്.." എല്ലാവരും ദേവന്റെ മറുപടിയിൽ ഞെട്ടി നിൽക്കുകയാണ്.. അന്നെന്താണ് സംഭവിച്ചത് എന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നു. ആദ്യമായാണ് ദേവൻ അതിനെ പറ്റി എന്തെങ്കിലും പറയുന്നത്..ആദ്യം സംയമനം വീണ്ടെടുത്ത് ഹരിയാണ് " ഇത് വരെ ഞാൻ പോലും നിന്നോട് ചോദിച്ചിട്ടില്ല.. അന്നെന്താടാ അവിടെ സംഭവിച്ചത്? നീ ശരിക്കും അയാളെ ആക്രമിച്ചത് എന്തിനാ?" ദേവൻ ഒരു വലിയ ശ്വാസം എടുത്തു വിട്ടു. എന്നിട്ടു പറഞ്ഞു തുടങ്ങി " നിങ്ങൾക്കെല്ലാം അറിയാവുന്ന പോലെ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു പോലീസ് ആവുക എന്നത്.

ഐ പി എസ്‌ കിട്ടി ട്രൈനിങ്ങിനു പോയത് അത്രത്തോളം സന്തോഷത്തോടു കൂടിയാണ്. അവിടെ എന്റെ അതെ ട്രെയിനിങ് ക്യാമ്പിൽ ആയിരുന്നു അൻവറും. എന്നെ പോലെ തന്നെ ഒരു നല്ല ഐ പി എസ്‌ കാരൻ ആകാൻ ആഗ്രഹിച്ചു വന്നവൻ. പക്ഷെ എല്ലാത്തിലും ഒന്നാമൻ ആവണം എന്നത് അവന്റെ വാശി ആയിരുന്നു. അവിടെ അവന്റെ മെയിൻ എതിരാളി ഞാൻ ആയിരുന്നു. ഞാൻ അതൊക്കെ ഒരു ആരോഗ്യപരമായ വാശി ആയിട്ടേ കണ്ടിട്ടുള്ളു.. ട്രെയിനിങ മുറുകും തോറും അതിൽ ഒന്നാമൻ ആവാനുള്ള വാശിയും കൂടി കൂടി വന്നു. എന്നെ തോൽപിക്കാൻ അൻവർ കുറുക്കു വഴികൾ തേടി തുടങ്ങി. ഒരു ദിവസം അതിന്റെ പേരിൽ ഉണ്ടായ ഒരു വഴക്കു..വഴക്കു മൂത്തു കയ്യാങ്കളിയിലേക്കെത്തിയപ്പോൾ അവൻ ആണ് എന്നെ കുത്താനായി വന്നത്. ഞാൻ എന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അറിയാതെ അതെ കത്തി കൊണ്ട് തന്നെ അവനു കുത്തേറ്റത്. എല്ലാവരും കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം എന്നുള്ളത് കൊണ്ട് ദൃക്‌സാക്ഷികൾ ഉണ്ടായില്ല. എല്ലാം അറിയാവുന്ന അൻവർ ഒരു കാരണവും ഇല്ലാതെ ഞാൻ അവനെ ആക്രമിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ പറഞ്ഞു. അതോടെ ഞാൻ പുറത്തായി." ഹരി മെല്ലെ ദേവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

" ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ? നിനക്ക് ശിക്ഷയും കിട്ടി.. ഇപ്പോൾ പിന്നെ എന്തിനാണ് വീണ്ടും നിന്റെ പിറകെ വന്നിരിക്കുന്നത്?" അതിനുള്ള ഉത്തരം അറിയാമെങ്കിലും ദേവൻ ഒന്നും മിണ്ടിയില്ല. ഇരട്ടകൊലപാതകങ്ങൾ അന്വേഷിക്കുന്നത് അൻവറാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ താൻ ഈ കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നതാണ്. ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്നു മാത്രമേ പ്രതീക്ഷിക്കാതെ ഉള്ളു. " എന്തായാലും സാരമില്ല.. കഴിഞ്ഞതൊക്കെ കഴിഞ്ഞു..അയാള് ഇനിയും നിന്നെ ദ്രോഹിക്കാൻ നോക്കിയാൽ അപ്പോൾ നമുക്ക് നോക്കാം" ഒന്ന് മൂളിക്കൊണ്ടു ദേവൻ മുറിയിലേക്ക് പോയി. അസ്വസ്ഥമായ മനസ്സോടെ എല്ലാവരും പിരിഞ്ഞു. ആമി ആദ്യം മുറിയിലേക്ക് പോകാമെന്നു വിചാരിച്ചെങ്കിലും ഇച്ചിരി നേരം അവൻ ഒറ്റയ്ക്ക് ഇരുന്നോട്ടെ അത് കഴിഞ്ഞു പോകാമെന്നു ഓർത്തു. അൻവർ അലി ദേവനെ തപ്പി വന്നത് എന്തിനാണെന്ന് അവൾക്കു ആദ്യമേ അറിയാമായിരുന്നു. ഇപ്പോൾ അവർ തമ്മിലുള്ള പഴയ വഴക്കിന്റെ കഥ കൂടി കേട്ടപ്പോൾ എല്ലാം ശരിയായി . ദേവേട്ടനെ എന്തായാലും അയാൾ ഇതിൽ കുടുക്കാൻ ശ്രമിക്കും.. എങ്ങനെ അവനെ ഇതിൽ നിന്ന് രക്ഷിക്കും എന്ന് അവൾക്കു ഒരു ഊഹവും ഇല്ലായിരുന്നു. പക്ഷെ ഇനിയെങ്കിലും തന്റെ മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം കിട്ടണം.. അവൾ ഉറപ്പിച്ചു..

അൻവർ തന്നെ കാണാൻ വന്ന വിവരം പരുന്തിനെ വിളിച്ചു അറിയിക്കുകയായിരുന്നു ദേവൻ. " ബ്ലഡ്ന്റെ പിറകെ മണം പിടിച്ചു അവൻ എത്തുമെന്ന് അറിയാമായിരുന്നു. പക്ഷെ കോഴിക്കോട് നമ്മൾ പോയതിനു തെളിവൊന്നും ഇല്ല എന്നല്ലേ പറഞ്ഞത്.. അതും അവൻ കണ്ടു പിടിച്ചു.. ഇത്രയും പെട്ടെന്നു വരുമെന്ന് പ്രതീക്ഷിച്ചില്ല" പരുന്തു പറഞ്ഞ മറുപടി ദേവൻ ശ്രദ്ധിച്ചു കേട്ടു " തത്ക്കാലം സംശയങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും വലിയ തെളിവുകൾ അല്ല.. അവൻ അതുമായി വരുന്നതിനു മുന്നേ നമുക്ക് ബാക്കി പണി കൂടി തീർക്കണം.. മനസിലായല്ലോ..കാര്യങ്ങളെല്ലാം കുറച്ചു കൂടി വേഗത്തിലാക്കണം" വീൺടും അവിടുന്ന് മറുപടി.. "ശെരി.. അപ്പോൾ എല്ലാം പറഞ്ഞ പോലെ" ഫോൺ വച്ച് തിരിഞ്ഞു നോക്കിയപ്പോഴാണ് പിന്നിൽ നിൽക്കുന്ന ആമിയെ അവൻ കണ്ടത്. അവളുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ അവൾ എല്ലാം കേട്ടു എന്ന് അവനു മനസിലായി. " ആമി" " ഇരട്ടകൊലപാതകങ്ങളിൽ ദേവേട്ടന് എന്തെങ്കിലും പങ്കുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ വന്നത്.. ഇനിയിപ്പോൾ പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ലലോ?" അവൾ കരഞ്ഞു കൊണ്ട് കട്ടിലിൽ വന്നിരുന്നു. ദേവൻ അവളുടെ അടുത്ത് പോയി ഇരുന്നു അവളുടെ കൈ തന്റെ കൈകൾക്കുള്ളിൽ എടുത്തു പിടിച്ചു " എന്തിനാ ദേവേട്ടാ അവരെ..?"

" അങ്ങനെ ചോദിച്ചാൽ അതിനു എനിക്ക് ഉത്തരം തരാൻ ഇല്ല.. ഞാൻ ഇങ്ങനൊക്കെയാണ് ആമി" " മാറിക്കൂടെ?" അവൻ കഴിയില്ലാന്നു തലയാട്ടി. "ഇതൊരു വൺ വേ ജോബ് ആണ്.. അങ്ങോട്ടെ പോകാൻ പറ്റൂ .. തിരിച്ചു പോകാൻ പറ്റില്ല" കുറച്ചു നേരം അവർ രണ്ടു പേരും മൗനമായിരുന്നു " എന്നോട് വെറുപ്പാണോ?" അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വല്ലാതെയിരിക്കുന്നു.. നിറഞ്ഞിരിക്കുന്ന കണ്ണുകളിൽ ഭയവും കാണാം. തനിക്കു അവനോടു വെറുപ്പുണ്ടോ .. ഇല്ല.. അവനെ സ്നേഹിക്കാൻ തീരുമാനിച്ച നിമിഷം ഉറപ്പിച്ചതാണ് അവൻ ആരാണെങ്കിലും എന്താണെങ്കിലും അവനെ സ്നേഹിക്കുമെന്നു. ആമി അവന്റെ മുഖം തന്റെ കൈകളിൽ എടുത്തു.. എന്നിട്ടു അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.. പതിയെ തന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്കടുപ്പിച്ചു.. അവൻ ഒരുപാടു നാളായി ചോദിച്ചു കൊണ്ട് നടക്കുന്ന ആ ചുംബനം നൽകാനായി. പക്ഷെ അതിനു മുന്നേ ദേവൻ തന്നെ അവളിൽ നിന്ന് അകന്നു മാറി " വേണ്ട.. ആമി.. എനിക്ക് കഴിയില്ല.. നിന്നെ കല്യാണം കഴിച്ചത് പോലും ഞാൻ നിന്നോട് ചെയ്ത വലിയ തെറ്റാണു..ഇനി ഇങ്ങനൊരു തെറ്റും കൂടി എനിക്ക് നിന്നോട് ചെയ്യാൻ കഴിയില്ല. നാളെ എനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. അങ്ങനെയുള്ള ഞാൻ നിന്നെ..

പറ്റില്ല ആമി.. എല്ലാം ഒന്ന് ശരിയാക്കാൻ എനിക്ക് കുറച്ചു സമയം വേണം" ആവൾ അവന്റെ മുഖത്ത് സ്നേഹത്തോടെ തലോടി. " ശെരി.. പക്ഷെ ഒരു കാര്യം എപ്പൊഴും ഓർത്തോളൂ...ദേവേട്ടൻ ആരാണെങ്കിലും എന്തൊക്കെ ചെയ്താലും ആമിയുടെ സ്നേഹം അത് പോലെ തന്നെ ഉണ്ടാവും..എന്തൊക്കെ സംഭവിച്ചാലും ഈ ആമി ദേവേട്ടന്റെ കൂടെ തന്നെ ഉണ്ടാവും.." നിറഞ്ഞ കണ്ണുകളോടെ അവളുടെ മടിയിൽ വയറ്റിലേക്ക് മുഖമമർത്തി അവൻ കിടന്നു. അവൾ പതിയെ അവന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു. പിന്നീടുള്ള കുറച്ചു ദിവസത്തേക്ക് അൻവറിനെ കൊണ്ടുള്ള ശല്യം ഉണ്ടാകാത്തത് എല്ലാവര്ക്കും ആശ്വാസമായി. ഒരു ദിവസം വൈകുന്നേരം പതിവ് സമയം കഴിഞ്ഞിട്ടും ദേവനെ കാണാത്തതിൽ വിഷമിച്ചു ഇരിക്കുകയായിരുന്നു ആമി. അവൻ ഇനി അൻവറിന്റെ പിടിയിൽ എങ്ങാനും അകപ്പെട്ടോ അതോ പഴയ കൂട്ടുകാരെ കണ്ടു അവരുടെ കൂടെ പോയോ തുടങ്ങിയ പല തരം ചിന്തകൾ അവളുടെ മനസിലൂടെ കടന്നു പോയി. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും അവൾ ഹാളിൽ ചെന്ന് പുറത്തേക്കു നോക്കികൊണ്ടിരുന്നു. അവൻ വരാൻ രണ്ടു മണിക്കൂറോളം വൈകിയപ്പോഴേക്കു ആമിക്കു ആകെ പരവേശം ആയി തുടങ്ങി. അപ്പോഴാണ് ചിരപരിചിതമായ ബുള്ളറ്റിന്റെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചത്. ഓടി ഇറങ്ങി ചെന്ന് അവൻ പോർച്ചിലേക്കു ബുള്ളെറ്റ് കയറ്റി വയ്ക്കുന്നത് കണ്ടപ്പോഴാണ് ആമിക്കു സമാധാനമായത്.

അവൻ വണ്ടിയിൽ നിന്ന് കുറെ കവറുകളുമായാണ് ഇറങ്ങിയത്.. എന്താ കയ്യിൽ എന്ന് അവൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു "ഫസ്റ്റ് ശമ്പളം.. എല്ലാവര്ക്കും ഉണ്ട്.. വാ" അതും പറഞ്ഞു അവളുടെ തോളിലൂടെ കയ്യിട്ടു അവളെയും കൊണ്ട് അകത്തേക്ക് കയറി. തന്റെ ആദ്യ ശമ്പളം കൊണ്ട് വാങ്ങിയ ഡ്രെസ്സുകൾ ദേവൻ നൽകിയപ്പോൾ എല്ലാവരുടെ മനസ്സും നിറഞ്ഞിരുന്നു. ജാനകി അവന്റെ കയ്യിൽ നിന്ന് സാരി വാങ്ങി അവനെ കെട്ടിപിടിച്ചു കരഞ്ഞു. ഒരുപാടു നാൾക്കു ശേഷം അമ്മയോട് അത്രയും അടുത്ത് പെരുമാറിയപ്പോൾ ദേവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷം ആണെങ്കിലും ശ്രീക്കുട്ടിയുടെ മുഖത്തെ തെളിച്ചമില്ലായ്മ ആമി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇനി ദേവൻ വാങ്ങി കൊടുത്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നോർത്ത് ആമിക്കു തെല്ലൊരു ആശങ്ക ഉണ്ടായി. പക്ഷെ എല്ലാവരോടും ഒത്തു സന്തോഷിച്ചപ്പോൾ അത് കാര്യമാക്കിയില്ല. ദേവൻ മുറിയിലേക്ക് ചെന്നപ്പോൾ ആമി അവൻ വാങ്ങി കൊടുത്ത വയലറ്റ് ചുരിദാർ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. അവൻ അവളെ പിറകിലൂടെ ചുറ്റിപിടിച്ചു.. " ഇഷ്ടപ്പെട്ടോ?" അവൾ അവനോടു കുറേക്കൂടി ചേർന്നു നിന്ന് " ഒത്തിരി" " ബാക്കി എല്ലാവര്ക്കും ഇഷ്ടപ്പെട്ടോ ആവൊ?ആദ്യമായാണ് ഞാൻ എന്തെങ്കിലും വാങ്ങി കൊടുക്കുന്നത്" അവന്റെ സ്വരത്തിലെ ആശങ്ക അവൾ തിരിച്ചറിഞ്ഞു. തന്റെ മുന്നിൽ തെളിഞ്ഞു വന്ന ശ്രീക്കുട്ടിയുടെ മുഖം അവൾ അവനോടു പറയാൻ നിന്നില്ല " എല്ലാവര്ക്കും ഒരുപാടു ഇഷ്ടമായി.. " അവളുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചു തോർത്തുമെടുത്തു അവൻ കുളിക്കാൻ കയറി..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story