ദേവാസുരം: ഭാഗം 21

Devasuram nila

രചന: നിള നിരഞ്ജൻ

ബാക്കി എല്ലാവര്ക്കും ഇഷ്ടപ്പെട്ടോ ആവൊ?ആദ്യമായാണ് ഞാൻ എന്തെങ്കിലും വാങ്ങി കൊടുക്കുന്നത്" അവന്റെ സ്വരത്തിലെ ആശങ്ക അവൾ തിരിച്ചറിഞ്ഞു. തന്റെ മുന്നിൽ തെളിഞ്ഞു വന്ന ശ്രീക്കുട്ടിയുടെ മുഖം അവൾ അവനോടു പറയാൻ നിന്നില്ല " എല്ലാവര്ക്കും ഒരുപാടു ഇഷ്ടമായി.. " അന്നു രാത്രി കഴിക്കാൻ വന്നപ്പോഴും പിറ്റേ ദിവസം രാവിലേയും ഒന്നും ശ്രീക്കുട്ടിയുടെ മുഖം തെളിഞ്ഞില്ല. ദേവൻ വാങ്ങി കൊടുത്ത ഡ്രസ്സ് അല്ല അവളുടെ പ്രശ്നമെന്ന് അതോടെ ആമിക്കു ഏകദേശം ഉറപ്പായി. താൻ ചോദിച്ചാൽ അവൾ പറയില്ല എന്നറിയാവുന്നത് കൊണ്ട് ചോദിക്കാനും നിന്നില്ല. അന്ന് ആമിയുടെ കോച്ചിങ് നേരത്തെ കഴിഞ്ഞതു കൊണ്ട് പതിവിലും നേരത്തെ അവൾ വീട്ടിലെത്തി. വീട്ടിലാരും കാണില്ലെന്ന കരുതിയെ..ആതി രാവിലെ തന്നെ അവളുടെ കൂട്ടുകാരിയെ കാണാൻ പോയി ഇനി വൈകിട്ടേ വരുള്ളുന്നു പറഞ്ഞിരുന്നു. അത് കൊണ്ട് പോർച്ചിൽ ശ്രീക്കുട്ടിയുടെ സ്കൂട്ടർ കിടക്കുന്നത് കണ്ടപ്പോൾ ആമിക്കു അതിശയം തോന്നി. ഇന്നെന്താ ഇവൾ നേരത്തെ വന്നോ? അതോ ഇനി ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു? അപ്പച്ചി ഒന്നും പറയുന്നതും കേട്ടില്ല. ശ്രീക്കുട്ടി അകത്തുള്ളത് കൊണ്ട് ബെൽ അടിക്കാം എന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കോളേജിൽ നിന്ന് വന്നു അവൾ ഉറങ്ങുകയോ മറ്റോ ആണെങ്കിൽ അത് ഇഷ്ടപ്പെടില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്റെ കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്നു അവൾ അകത്തു കയറി.

ഹാളിലെങ്ങും അവളെ കാണാത്ത കൊണ്ട് മുറിയിൽ ആവുമെന്ന് കരുതി അവളും തന്റെ മുറിയിലേക്ക് പോകാൻ തുടങ്ങി. അപ്പോഴാണ് ശ്രീക്കുട്ടിയുടെ മുറിയിൽ നിന്നു എന്തൊക്കെയോ ഒച്ച കേട്ടത്..ശ്രദ്ധിച്ചപ്പോൾ ഭാരമുള്ള എന്തോ സാധനങ്ങൾ കട്ടിലോ മേശയോ ഒക്കെ വലിച്ചു നീക്കുന്നത് പോലെയാണ് തോന്നിയത്. ഇവൾ ഇതെന്താ ഈ ചെയ്യുന്നത്.. പോകണോ വേണ്ടയോ എന്ന് കുറച്ചു നേരം ചിന്തിച്ചു.. രണ്ടു ദിവസമായുള്ള അവളുടെ മൂഡ് ഔട്ടും .. ആരോടും പറയാതെ ഉച്ചക്ക് കോളേജിൽ നിന്ന് വന്നതും ആലോചിച്ചപ്പോൾ ഒന്ന് പോയി നോക്കാമെന്നു തന്നെ തീരുമാനിച്ചു. ശ്രീക്കുട്ടിയുടെ മുറി അടച്ചിരിക്കുകയായിരുന്നു. ഹാൻഡിലെ തിരിച്ചപ്പോൾ അത് തുറന്നു. അകത്തേക്ക് നോക്കിയ ആമിയുടെ സപ്ത നാഡികളും അവിടെ കണ്ട കാഴ്ച്ചയിൽ തളർന്നു പോയി. കട്ടിൽ ഒരു വശത്തേക്ക് മാറ്റി ഇട്ടിരിക്കുന്നു.. മുറിയുടെ ഒത്ത നടുക്ക് മേശ വലിച്ചിട്ടു അതിനു മുകളിൽ ഒരു കസേരയിട്ട് അതിൽ കയറി നിന്ന് ഫാനിൽ തന്റെ ഷോൾ കൊണ്ട് കുടുക്ക് ഇടുകയാണ് ശ്രീക്കുട്ടി. തന്റെ മുറിയുടെ വാതിൽ തുറക്കുന്ന ഒച്ച കേട്ട് നോക്കിയ ശ്രീകുട്ടിയും ആമിയെ അവിടെ കണ്ടു ഞെട്ടി നിന്ന് പോയി. ആമിയേച്ചി വരാൻ സമയം ആവുന്നതേ ഉള്ളു.. ആരും ഇപ്പോൾ വരില്ലെന്ന് ഉറപ്പു വരുത്തിയാണ് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയത്.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം സംയമനം വീണ്ടെടുത്ത ആമി " മോളെ " എന്ന് വിളിച്ചു കൊണ്ട് ഓടി ചെന്ന് അവളെ പിടിച്ചു താഴെ ഇറക്കി.ഇറങ്ങിയ വഴിക്കു തന്നെ സങ്കടവും ദേഷ്യവും കൊണ്ട് അവളുടെ കവിളിൽ ആഞ്ഞു ഒരു അടിയും കൊടുത്തു. " എന്താടി നീയി കാണിക്കാൻ പോയത്? എന്താന്ന്? ഇതിനും മാത്രം എന്താടി നിനക്കിത്രക്കു പ്രശ്നം?" ശ്രീകുട്ടിയെ പിടിച്ചു ആഞ്ഞു കുലുക്കികൊണ്ടു ആമി ചോദിച്ചു കൊണ്ടിരുന്നു. ശ്രീക്കുട്ടി ആമിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..ആമി അവളെയും കൊണ്ട് കട്ടിലിൽ പോയിരുന്നു അവൾ കരഞ്ഞു തീരുന്ന വരെ അവളെ തലോടി സമാധാനിപ്പിച്ചു കൊണ്ടിരുന്നു. അവൾ ഒന്ന് ശാന്തയായി എന്ന് തോന്നിയപ്പോൾ അവൾ പതുക്കെ അവളെ മാറ്റി " എന്താ മോളെ? എന്ത പറ്റിയത്? " അവൾ ഒന്നും മിണ്ടാതെ തേങ്ങിക്കൊണ്ടിരുന്നു. " മോളെ.. നീ ആമിയെച്ചിയോടു പറ.. എന്താ പ്രശ്നം എന്ന്.." "ആമിയേച്ചി.. സിദ്ധു.. അവന്റെ കല്യാണമാണ്..." സിദ്ധു എന്നത് അവളുടെ ബോയ്‌ഫ്രണ്ട്‌ ആകാമെന്നും .. ഡ്രൈവിംഗ് പഠിക്കുന്ന സമയത്തു അവനെയാവും അവളോടൊപ്പം താൻ ജ്യൂസ് പാർലറിൽ വച്ച് കണ്ടതെന്നും ആമി ഊഹിച്ചു " സിദ്ധു ആരാ?" "സിദ്ധു.. സിദ്ധാർഥ് മഹേന്ദ്രൻ .. ഡിഗ്രി കു പഠിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു.. അവൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ മഹേന്ദ്ര ഗ്രൂപ്പിന്റെ എംഡി യുടെ മകനാണ്..

അവന്റെ പണം കൊണ്ടും സൗന്ദര്യം കൊണ്ടും കോളേജിൽ എല്ലാ പെണ്ണുങ്ങളുടെയും ആരാധനാപാത്രം ആയിരുന്നു അവൻ.. പക്ഷെ അവൻ വന്നു പ്രൊപ്പോസ് ചെയ്തത് എന്നെയാണ്.. ആദ്യമൊക്കെ ഇത് എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധമായതു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയതാ .. പക്ഷെ പിന്നീട് എപ്പോളോ ഞാനും.." അവൾ തേങ്ങി കരഞ്ഞുകൊണ്ടിരുന്നു "എന്നിട്ടിപ്പോൾ എന്ത് പറ്റി ?" "സ്നേഹത്തിലായ സമയം തൊട്ടേ ഞാൻ സിദ്ധുവിനോട് ചോദിക്കുമായിരുന്നു അവന്റെ വീട്ടുകാർ എന്നെ പോലൊരു സാധാരണ പെൺകുട്ടിയെ അവനു വേണ്ടി അംഗീകരിക്കുമോ എന്ന്.. അന്നൊക്കെ അവൻ പറഞ്ഞത് അതൊന്നും സാരമില്ല.. എല്ലാം അവൻ അച്ഛൻറെ പറഞ്ഞു സമ്മതിപ്പിച്ചോളാം എന്നാണ്..പക്ഷെ ഇപ്പോൾ അവന്റെ വീട്ടുകാർ അവനു വേണ്ടി അവരുടെ നിലയ്ക്കും വിലക്കും ചേർന്ന മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.. അവനു ഇപ്പോഴും എന്നെ ഇഷ്ടമാണ്.. പക്ഷെ അച്ഛനെ എതിർക്കാനുള്ള ധൈര്യം ഇല്ലെന്ന പറയുന്നേ.. 4 വര്ഷം സ്നേഹിച്ചിട്ടു നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ സഹിക്കാൻ പറ്റിയില്ല" അത് കേട്ടപ്പോൾ ആമിക്കു ദേഷ്യമാണ് തോന്നിയത് " 4 വര്ഷം സ്നേഹിച്ചവനെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ നിനക്ക് ഇത്രയും വിഷമം വന്നെങ്കിൽ 23 വര്ഷം നിന്നെ വളർത്തിയ നിന്റെ അച്ഛനും അമ്മക്കും ചേട്ടന്മാർക്കും നിന്നെ നഷ്ടപെട്ടിരുന്നെങ്കിൽ എത്രത്തോളം വിഷമം വന്നേനെ എന്ന് നീ ഒന്ന് ആലോചിച്ചു നോക്കിയേ.."

പിന്നെയും കുറെ നേരം ആമി ശ്രീകുട്ടിയോടൊപ്പം ഇരുന്നു.. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അവളുടെ സ്നേഹം വേണ്ടാന്ന് വച്ച് പോകുന്ന അവനെ കുറിച്ചോർത്തു മനസ്സ് വിധമിപ്പിക്കരുതെന്നു പറഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ താൻ ചെയ്യാൻ പോയത് ഒരു മണ്ടത്തരമായി ശ്രീകുട്ടിക്കും തോന്നി തുടങ്ങി. വീട്ടിൽ ആരൊടും പറയരുതെന്ന് അവൾ ആമിയോട് പ്രത്യേകം പറഞ്ഞു.. അവളും ആമിയും കൂടി മുറിയിലെ സാധനങ്ങളെല്ലാം പഴയ നിലയിലാക്കി. ആമി അവളുടെ കവിളിൽ ഐസും വച്ച് കൊടുത്തു. അപ്പോഴും ശ്രീക്കുട്ടിയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നതായി ആമിക്കും മനസിലായി. പാവം.. നാല് വർഷങ്ങൾ കൊണ്ട് അവൾ ആ പയ്യനെ വല്ലാതെ സ്നേഹിച്ചു പോയി.. വൈകിട്ട് എല്ലാവരും വന്നപ്പോൾ ശ്രീകുട്ടിക്കു തലവേദനയായത് കൊണ്ട് അവൾ ഉച്ചക്കെ കോളേജിൽ നിന്ന് വാണെന്നും മുറിയിൽ കിടക്കുകയാണെന്നും പറഞ്ഞു. അതോടെ പിന്നെ ആരും അവളെ ശല്യപ്പെടുത്താൻ പോയില്ല. രാത്രി കഴിക്കാൻ ജാനകിയും ആമിയും ചെന്ന് വിളിച്ചിട്ടും വന്നതുമില്ല.ആരോടും പറയരുതെന്ന് ശ്രീക്കുട്ടി പറഞ്ഞെങ്കിലും അപ്പച്ചിയോടെങ്കിലും പറയണമെന്ന് ആമിക്കു തോന്നി. രാത്രി കിടക്കാൻ ചെന്നിട്ടും ആമിക്കു ഒട്ടും സമാധാനം തോന്നിയില്ല.

എല്ലാവരും ഉറങ്ങുമ്പോൾ ശ്രീക്കുട്ടി വീണ്ടും എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്ന പേടി അവൾക്കു നല്ലവണ്ണം ഉണ്ടായിരുന്നു. അവളുടെ കൂടെ പോയി കിടക്കാമെന്നു വച്ചാൽ പിന്നെ എല്ലാവര്ക്കും സംശയമാവുകയും ചെയ്യും... ബെഡിൽ മൊബൈലും പിടിച്ചു ഇരിക്കുന്ന ദേവൻ ആമിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവൾക്കു എന്തോ പ്രശ്നമുണ്ട്.. വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് അവൾ എന്തോ വലിയ ചിന്തയിലാണ്.. ആകെ അസ്വസ്ഥയുമാണ്..ശ്രീകുട്ടിയെ പറ്റി ചിന്തിച്ചു കൊണ്ട് ബെഡിലേക്കു ഇരിക്കാൻ തുടങ്ങിയ ആമിയെ പെട്ടന്നാണ് ദേവൻ വലിച്ചു തന്റെ മടിയിലേക്കിരുത്തിയത്..അവൾ ഞെട്ടി അവനെ നോക്കി " എന്റെ ആമിക്കുട്ടി ഇന്ന് വല്ലാതെ മൂഡ് ഔട്ടാണല്ലോ .. എന്ത് പറ്റി?" അവൾ ഒന്നുമില്ലന് തലയാട്ടി..അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.. അവൾ അവന്റെ കഴുത്തിടുക്കിൽ മുഖം ചേർത്ത് വച്ചു ഇരുന്നു.. " അത് കള്ളം.. എനിക്കറിയില്ലെ ഈ മുഖം കണ്ടാൽ.. എന്താടോ.. എന്താ പ്രശ്നം?" സത്യമാണ്.. ദേവേട്ടന് തന്റെ മുഖം കണ്ടാൽ മനസിലാവും..പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ച ശേഷം പറയാമെന്നു തന്നെ തീരുമാനിച്ചു. " ഞാൻ പറയാൻ പോകുന്ന കാര്യം ദേവേട്ടൻ ശ്രദ്ധയോടും ക്ഷമയോടും കേൾക്കണം..കേട്ട ഉടനെ വഴക്കൊന്നും ഉണ്ടാക്കാൻ പോകരുത്.. നമ്മുടെ ശ്രീക്കുട്ടിയുടെ ഒരു കാര്യമാണ്.." " ശ്രീകുട്ടിയുടെയോ.. അവളുടെ എന്തു കാര്യം??" " വഴക്കുണ്ടാക്കാൻ പോകില്ലന്നു പറ.. എന്നിട്ടു പറയാം"

" ഇല്ല.. പോകില്ല" അവൾ കാര്യങ്ങളെല്ലാം അവനോടു പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.. അവനോടു പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്കും കുറച്ചു സമാധാനം തോന്നി. ആമി ഉറങ്ങിക്കഴിഞ്ഞു അവൻ ശ്രീക്കുട്ടിയുടെ മുറിയിൽ ചെന്ന് നോക്കി. വാടിയ പൂ പോലെ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന തന്റെ കുഞ്ഞനിയത്തിയെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ രോഷം നുരഞ്ഞു പൊങ്ങി. തിരിച്ചു വന്നു ആമിയേം ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ദേവൻ ഉള്ളിൽ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു. കൊച്ചിയിലുള്ള മങ്കൊമ്പ് എന്ന വലിയ ബംഗ്ലാവിന്റെ സെക്യൂരിറ്റി ബുള്ളറ്റിൽ വന്നിറങ്ങിയ ചെറുപ്പക്കാരനെ അടിമുടി നോക്കി. കാണാൻ സുന്ദരനാണെങ്കിലും അവന്റെ കണ്ണുകൾക്ക് ഒരു വന്യത ഉണ്ടെന്നു തോന്നിപ്പിച്ചു. ഒന്നിനെയും കൂസാത്ത പ്രകൃതമാണെന്നു ഒറ്റനോട്ടത്തിൽ കണ്ടാലേ തോന്നും. " ആരാ.. എന്താ വേണ്ടേ?" " ഞാൻ ദേവനന്ദൻ .. ഇവിടുത്തെ മഹേന്ദ്രൻ സാറിന്റെ മകൻ സിദ്ധാർത്ഥിനെ ഒന്ന് കാണണം.. അതിനാ വന്നത്" ദേവനെ അടിമുടി ഒന്നു നോക്കിയ ശേഷം അയാൾ ഗേറ്റ് തുറന്നു കൊടുത്തു. അവൻ അകത്തേക്ക് കയറി ചുറ്റും ഒന്ന് നോക്കി. തന്റെ വീടിന്റെ മൂന്നിരട്ടി വലുപ്പം ആ വീടിനുണ്ട്.

.മുറ്റത്തെ പോർച്ചിലും മാറി പാർക്കിങ്ങിലുമായി വളരെ വിലപിടിച്ച മൂന്നാലു കാറുകളും ബൈക്കുകളും.. ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയിരിക്കുന്ന ലോണും താമരകുളവും.. മങ്കൊമ്പ് മഹേന്ദ്രൻ തമ്പിയുടെ പ്രൗഢിയും പണവും ആ വീടും പരിസരവും വിളിച്ചോതുന്നുണ്ടായിരുന്നു. പക്ഷെ ദേവന് അതൊന്നും തന്നെ ഒരു പ്രശ്നമേ ആയി തോന്നിയില്ല. അവൻ കാളിങ് ബെൽ അടിച്ചു വാതിൽ തുറക്കാനായി കാത്തിരുന്ന്. പ്രതീക്ഷിച്ച പോലെ തന്നെ ജോലിക്കാരിയാണ് വന്നു വാതിൽ തുറന്നതു. സിദ്ധാർത്ഥിനെ കാണണമെന്ന് പറഞ്ഞപ്പോൾ അവർ അവനോടു അകത്തു കയറിയിരിക്കാൻ പറഞ്ഞു സിദ്ധാർത്ഥിന്റെ വിളിക്കാനായി പോയി. ദേവൻ ഇരിക്കാനൊന്നും മിനക്കെട്ടില്ല. ആ വീടിന്റെ അകം നോക്കികൊണ്ട്‌ അവിടെ നിന്നു . കുറച്ചു കഴിഞ്ഞപ്പോൾ കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ മുകളിൽ നിന്നും അവന്റെ അടുത്തേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അതായിരിക്കും സിദ്ധാർഥ് എന്ന് അവൻ ഊഹിച്ചു. " അമുൽ ബേബി" ദേവൻ മനസ്സിൽ വിചാരിച്ചു.അവന്റെ മുഖഭാവത്തിൽ നിന്നു അവനു തന്നെ മാനസിലായിട്ടില്ല എന്ന് ദേവന് മനസിലായി.അവൻ ചോദിക്കുന്നതിനു മുന്നേ തന്നെ ദേവൻ പരിചയപ്പെടുത്തി " ഞാൻ ദേവനന്ദൻ .. ശ്രീനന്ദയുടെ ചേട്ടനാണ്" തന്റെ പേര് കേട്ടപ്പോൾ തന്നെ അവന്റെ മുഖം വിവർണമാകുന്നത് ദേവൻ കണ്ടു. " ഞാൻ എന്തിനാ വന്നതെന്ന് മനസ്സിലായിക്കാണുമല്ലോ അല്ലെ?" ദേവന്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ സിദ്ധുനു പേടിയാവുന്നുണ്ടായിരുന്നു.

" അത്.. ചേട്ടാ.. ഞാൻ... മനപൂർവ്വമല്ല " അതിനു ദെവൻ മറുപടി പറയുന്നെന് മുൻപ് തന്നെ മറ്റൊരു ശബ്ദം അവിടെ മുഴങ്ങി കേട്ടു " ആരാ സിദ്ധു.. ആരാ അത്?" സിദ്ധു ഞെട്ടിതരിക്കുന്നതു കണ്ടു ദേവൻ ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി. ആറടി പൊക്കത്തിൽ ഒത്ത വണ്ണവും തികഞ്ഞ പ്രൗഢിയോടെ അവരുടെ അടുത്തേക്ക് വരുന്ന മഹേന്ദ്രൻ തമ്പിയെ ദേവൻ കണ്ടു. സിദ്ധുന്റെ മറുപടി കിട്ടാത്തത് കൊണ്ടാവണം അയാൾ ഒന്ന് കൂടി ചോദിച്ചു "ആരാ സിദ്ധു ഇത്?" സിദ്ധു വല്ലാതെ ഭയന്നിരുന്നു. ദേവന് പ്രത്യേകിച്ചു യാതൊരു കുലുക്കവും ഇല്ലായിരുന്നു. " അത് .. അച്ഛാ..ഇത്.." സിധുവിന്റെ അടുത്തുന്നു മറുപടി കിട്ടില്ലെന്നു തോന്നിയത് കൊണ്ട് സംശയത്തോടെ അയാൾ ദേവനെ നോക്കി " ആരാ താൻ? എന്താ വേണ്ടേ?" "ഞാൻ ദേവനന്ദൻ.. തന്റെ മകൻ പ്രേമിച്ചു പറ്റിച്ച ശ്രീനന്ദ എന്ന പെൺകുട്ടിയുടെ ചേട്ടനാണ്..കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്റെ മകനെ ഒന്ന് വന്നു കണ്ടിട്ട് പോകാമെന്നു കരുതി... അതാ വന്നത്" മഹേന്ദ്രൻ തമ്പിയുടെ മുഖത്ത് പുച്ഛത്തോടെയുള്ള ഒരു ചിരി വിരിഞ്ഞു..സിദ്ധു ഇപ്പോഴും പേടിച്ചു തന്നെ നിൽപ്പാണ്.. " ഓഹോ.. അപ്പോൾ അതാണ് കാര്യം.. അനിയത്തിയെ എന്റെ മകന് കല്യാണം ആലോചിക്കാൻ വന്നതാണോ?" "അല്ല.. മേലിൽ എന്റെ പെങ്ങളുടെ കൺവെട്ടത്തെങ്ങാനും വന്നാൽ ഇവന്റെ മുട്ട് കാലു രണ്ടും ഞാൻ തല്ലി ഓടിക്കും എന്ന് പറഞ്ഞിട്ട് പോകാൻ വന്നതാ" അവന്റെ മറുപടി കേട്ട് മഹേന്ദ്രൻ തമ്പി ഞെട്ടിപ്പോയി.

ആദ്യമായാണ് ഒരാൾ അയാളുടെ വീട്ടിൽ കയറി വന്നു ഇങ്ങനെ പറയുന്നത്.. അതും അയാളുടെ ഒരേയൊരു മകനെ.. " ഡാ.. നീയാരെയാ ഭീഷണിപ്പെടുത്തുന്നത് എന്നറിയാമോ? എന്റെ മകന് നല്ലൊരു വീട്ടിൽ നിന്ന് ബന്ധം കിട്ടും എന്നറിഞ്ഞപ്പോൾ അത് മുടക്കാൻ ഒരുങ്ങിയിറങ്ങിയതാണോ ചേട്ടനും അനിയത്തിയും കൂടെ?" " തന്റെ മോനെ താൻ ആരെക്കൊണ്ട് വേണമെങ്കിലും കെട്ടിച്ചോ ..ഇനി താൻ എത്ര വലിയ ആളാണെന്നു പറഞ്ഞാലും എന്റെ പെങ്ങൾക്ക് ഇവനെ പോലൊരുത്തനെ വേണ്ട.. ഞാൻ വന്നത് കല്യാണം മുടക്കാൻ ഒന്നുമല്ല.. ഇവന് ഒരു സമ്മാനം കൊടുക്കാനാ " അതും പറഞ്ഞു ആരും പ്രതീക്ഷിക്കുന്നതിനു മുന്നേ ദേവൻ തിരിഞ്ഞു സിധുന്റെ കരണം പുകച്ചു ഒരെണ്ണം കൊടുത്തു "ഇതെന്തിനാന്നു അറിയോ? എന്റെ പെങ്ങളെ കരയിപ്പിച്ചതിനു" ആകെ തരിച്ചു നിൽക്കുന്ന സിധുന്റെ കരണതു ഒന്ന് കൂടി ദേവന്റെ കൈ പതിഞ്ഞു " ഇത് ഒരു പെണ്ണിനെ പ്രേമിച്ചിട്ടു സ്വന്തം വീട്ടിൽ അത് പറയാൻ പോലും ധൈര്യമില്ലാത്തവൻ പ്രേമിക്കാൻ പോയതിനു.. അവൾ നിന്നോട് ആദ്യമേ പറഞ്ഞതല്ലേ അവളുടെ വീട്ടുകാരെ പറ്റിയൊക്കെ.. അപ്പൊ നീയെന്താ പറഞ്ഞെ?" സിദ്ധു തലയും താഴ്ത്തി നിന്നു . "നേരത്തെ പറഞ്ഞ പോലെ ഇനി ശ്രീക്കുട്ടിയുടെ അടുത്ത് പോലും നീ വന്നു പോകരുത്.. അങ്ങനെ ആയാൽ ദേവനന്ദൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുന്നത്" അത് പറഞ്ഞപ്പോൾ തന്നെ തല ഉയർത്തി നോക്കിയ സിധുവിന്റെ കണ്ണുകളിൽ വേദന ദേവൻ കണ്ടു.

അവൻ പോകാനായി ഇറങ്ങി. തന്റെ വീട്ടിൽ കയറി വന്നു തന്റെ മകനെ തല്ലിയിട്ടു ഒരു കൂസലുമില്ലാതെ പോകാനൊരുങ്ങുന്ന ദേവനെ കണ്ടപ്പോൾ തമ്പി കോപം കൊണ്ട് വിറച്ചു " ഡാ.. നീ നോക്കിക്കോ.. എന്റെ സ്വാധീനം നിനക്കറിയില്ല.. പോലീസിന്റെ ഉന്നത സ്ഥാനത്തു മുഴുവൻ എന്റെ ആളുകളാണ്..എന്റെ ഒരു കാൾ മതി.. അവര് വന്നു നിന്നെ തൂക്കി എടുത്തു കൊണ്ട് പോകാൻ" ദേവൻ അയാളെ തിരിഞ്ഞു നോക്കി ഒന്നു ചിരിച്ചു "എന്ന സാർ ആരെയാണ് വച്ച വിളിക്കു.. പക്ഷെ അവര് വരുന്ന വരെ ഇവിടെ കാത്തു നില്ക്കാൻ എനിക്ക് പറ്റില്ല.. എന്റെ വീടെവിടെയാണെന്നു ഇവനറിയാം .. അങ്ങോട്ട് പറഞ്ഞു വിട്ടേക്ക്.. ദേവനന്ദൻ വീട്ടിൽ തന്നെ കാണും" അതും പറഞ്ഞു ഒരു കൂസലുമില്ലാതെ ഇറങ്ങി പോകുന്ന ദേവനെ നോക്കി മഹേന്ദ്രൻ തമ്പി പല്ലു ഞെരിച്ചു. തന്റെ മുറിയുടെ മട്ടുപ്പാവിൽ ഇരുന്ന അൻവർ അലി ഗഹനമായ ചിന്തയിൽ ആയിരുന്നു. ഇരട്ടകൊലപാതകങ്ങളിൽ ദേവനുള്ള പങ്കു പാല് പോലെ വ്യക്തമാണ്. പക്ഷെ അത് കൊണ്ടായില്ല.. ഓ നെഗറ്റീവ് ബ്ലഡ് എത്രയോ പേർക്ക് ഉണ്ട്. ദേവന്റെ ബ്ലഡ് ഗ്രൂപ്പ് അതായതു കൊണ്ട് മാത്രം അവനെ കുടുക്കാൻ പറ്റില്ല. കോഴിക്കോട് നിന്നു കിട്ടിയ cctv ദൃശ്യങ്ങളിൽ അവൻ ഇല്ല. അവന്റെ രണ്ടു കൂട്ടുകാരെ ഉള്ളു. അവൻ കോഴിക്കോട് ഉണ്ടായിരുന്നു എന്നുള്ളതിന് തന്റെ കയ്യിൽ പ്രത്യേകിച്ച് തെളിവൊന്നും ഇല്ല. ദേവൻ മിടുക്കനാണ്.. അവന്റെ ബുദ്ധിയും ശൗര്യവും ട്രെയിനിങ് സമയത്തു നേരിട്ട് കണ്ടിട്ടുള്ളതുമാണ്..

മൂർഖൻ പാമ്പിന്റെ വിഷമുള്ള ഇനം..ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ട്.. അതിൽ ഇപ്പോൾ തന്നെ കുഴക്കുന്ന ഏറ്റവും പ്രധാന ചോദ്യം താന്തോന്നിയായ ദേവൻ എന്തിനാണ് ഹോസ്പിറ്റലിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നത് എന്നാണ്..വെറുതെ ഒന്നും അവൻ ആ ജോലിക്കു പോവില്ലന്നു ഉറപ്പാണ്..അത് എന്തിനാണെന്ന് കണ്ടുപിടിക്കണം.. "ദേവ എന്റെ കണ്ണുകളും കാതുകളും നിന്റെ പിറകെ തന്നെ ഉണ്ട്" പിറ്റേ ദിവസം രാവിലെ തന്നെ കാളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്ന രവിശങ്കർ കണ്ടത് മുന്നിൽ നിൽക്കുന്ന മഹേന്ദ്രനെയും വേറെ കുറച്ചു ആള്കാരെയുമാണ്. അവയെയൊന്നും തന്നെ ആരാണെന്നു മനസിലാവാത്തത് കൊണ്ട് അയാൾ ഒന്ന് പകച്ചു.. " ആരാ ?" " ഞാൻ മഹേന്ദ്രൻ തമ്പി. മഹേന്ദ്ര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ md ആണ്.." രവുശങ്കർ അമ്പരന്നു പോയി. കേരളത്തിലെ തന്നെ പ്രമുഖനായ വ്യവസായി തന്റെ വീട്ടു വാതിൽക്കൽ വന്നു നിൽക്കുന്നത് എന്തിനാണെന്ന് അയാൾക്ക്‌ മനസിലായില്ല. " സാർ.. എന്താ ഇവിടെ? അകത്തേക്ക് വരൂ" " വേണ്ട.. നിങ്ങളുടെ മകൻ ദേവനന്ദൻ ഇന്നലെ എന്റെ വീട്ടിൽ കയറി എന്റെ മുന്നിൽ വച്ച് എന്റെ മകനെ തല്ലി. അവനെ ഒന്ന് കാണാനാ ഞാൻ വന്നത്."

രവിശങ്കർ ഞെട്ടി പോയി. ഈശ്വര അവൻ തല്ലും വഴക്കും ഒക്കെ നിർത്തി നന്നായെന്ന് വിചാരിച്ചിട്ട്.. അതും ഇങ്ങനൊരാളുടെ വീട്ടിൽ പോയി വഴക്കുണ്ടാക്കാൻ അവനു എങ്ങനെ ധൈര്യം വന്നു..ദേവനെ ഇപ്പോൾ ഇങ്ങോട്ടു വിളിച്ചാൽ ശരിയാവില്ല.. " സാർ.. അത് .. അവൻ..അറിയാതെ..," " വേണ്ട.. നിങ്ങൾ ഒന്നും പറയണ്ട.. അവനെ വിളിക്കു.. എനിക്ക് കാണേണ്ടത് അവനെയാ" " ഞാൻ ഇവിടെയുണ്ട്.. നിങ്ങള്ക്ക് എന്താ വേണ്ടെന്നു വച്ചാൽ പറ" പിറകിൽ നിന്ന് ദേവന്റെ ശബ്ദം കേട്ട് രവിശങ്കർ തിരിഞ്ഞു നോക്കി. ദേവൻ മാത്രമല്ല.. എല്ലാവരും ഉണ്ട്.. ദേവനൊഴികെ ബാക്കി എല്ലാവരും കാര്യമറിയാതെ മിഴിച്ചു നിൽക്കുകയാണ്.. " ഇന്നലെ നീയെന്റെ വീട്ടിൽ വന്നല്ലേ എന്റെ മകനെ തല്ലിയതു.. അതിനു തിരിച്ചു സമ്മാനം തരുമ്പോൾ അത് നിന്റെ വീട്ടിൽ വന്നു തന്നെ ആവണ്ടേ ?" .... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story