ദേവാസുരം: ഭാഗം 23

Devasuram nila

രചന: നിള നിരഞ്ജൻ

ഹോസ്പിറ്റലിൽ നിന്നെത്തി കുളിയൊക്കെ കഴിഞ്ഞു തന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു ഹരി. അപ്പോഴാണ് ആതി അവന്റെ അടുത്ത് വന്നിരുന്നത് " ഹരിയേട്ടാ" " എന്താടി ?" " അതേയ്.. നാളെ നമുക്കൊരു ഡോക്ടറെ കാണാൻ പോയാലോ?" " അതിനു നിനക്കെന്താ അസുഖം..? അല്ലെങ്കിലും ഞാൻ ഇവിടുള്ളപ്പോൾ നിനക്കെന്തിനാ വേറെ ഡോക്ടർ?" അവന്റെ ചോദ്യത്തിന് അവൾ ഒന്ന് നാണത്തോടെ ചിരിച്ചു. " എനിക്ക് ഈ ഡോക്ടറിനെ അല്ല.. ഗൈനക്കോളജിസ്റ് നെ ആണ് കാണണ്ടത്" അവൻ അവളുടെ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി. " ശരിക്കും.. നിനക്ക് ഉറപ്പാണോ? എത്ര ദിവസമായി മിസ് ആയിട്ടു?" " 10 ദിവസമായി" " നീ ടെസ്റ്റ് ചെയ്തോ?" " ഇല്ല" " എന്നാൽ ഞാൻ പോയി ഒരു ടെസ്റ്റ് കിറ്റ് വാങ്ങി വരാം.. ഒന്ന് നോക്കി കൺഫേം ആയിട്ടു പോകാം ഹോസ്പിറ്റലിൽ" അതും പറഞ്ഞു അപ്പോൾ തന്നെ ചാടി ഇറങ്ങി പോകുന്ന ഹരിയെ കണ്ടപ്പോൾ തങ്ങളുടെ സംശയം സത്യമാവണേ എന്ന് ആതി പ്രാർത്ഥിച്ചു. അവൻ തിരികെ വന്നപ്പോൾ അവൾ ടെസ്റ്റ് ചെയ്യാൻ കയറി. മിടിക്കുന്ന ഹൃദയവുമായി ഇരിക്കുന്ന ഹരിയുടെ മുന്നിലേക്ക് രണ്ടു ചുവന്ന വരകൾ തെളിഞ്ഞ കാർഡുമായി അവൾ വന്നപ്പോൾ അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു ഉമ്മ വച്ചു . പിന്നെ തങ്ങളുടെ സന്തോഷ വാർത്ത വീട്ടിൽ എല്ലാവരെയും അറിയിച്ചു. ദേവൻ അഭിനന്ദിച്ചു കൊണ്ട് ഹരിയെ കെട്ടിപിടിച്ചു. ആമിയും ശ്രീകുട്ടിയും ജാനകിയും ആതിയെയും കെട്ടിപിടിച്ചു.

അവളോട് ഇനി മുതൽ ഒരു പണിയും ചെയ്യതെ റസ്റ്റ് എടുത്തോളാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. വിവരമറിഞ്ഞു രാത്രി തന്നെ സോമനും ഗീതയും എത്തി. അന്നത്തെ ഫോൺ സംഭവത്തിന് ശേഷം ആദ്യമായി നന്ദനത്തിലെ എല്ലാവരെയും കാണുന്നതിന്റെ ചമ്മൽ ഗീതക്ക് ഉണ്ടായിരുന്നു. പക്ഷെ അവിടെ ആരും ഗീതയോടു ഒന്നും ചോദിക്കാത്തതു ആശ്വാസമായി. ആമിയും ആതിയും ജാനകിയുമൊക്കെ തമ്മിലുള്ള സ്നേഹം കണ്ടു ഗീത ആകെ അമ്പരന്നു. പോകാൻ നേരം ഗീത ആതിയെയും കൂടി തങ്ങളോടൊപ്പം വീട്ടിലേക്കു കൊണ്ട് പോകുന്ന കാര്യം പറഞ്ഞു. വേറെ ആരും എതിര് പറഞ്ഞില്ലെങ്കിലും ഗീതയടക്കം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആതി ഹരിയുടെ അടുത്തുന്നു വരുന്നില്ലെന്ന് പറഞ്ഞു. ഗീത പിന്നെയും കുറെ നിർബന്ധിച്ചു നോക്കിയെങ്കിലും ആതി വരുന്നില്ലെന്ന് തന്നെ പറഞ്ഞു. ആതി പൂർണമായും ഒരു നല്ല ഭാര്യയും മരുമകളും ആയി മാറിയെന്നു അതോടെ എല്ലാവരും തിരിച്ചറിയുക ആയിരുന്നു. ബെഡിൽ ഒരു ബുക്കും വായിച്ചു കൊണ്ടിരിക്കുന്ന ദേവന്റെ അടുത്ത് ആമി പരുങ്ങലോടെ നിന്നു . തനിക്കു പറയാനുള്ള കാര്യം എങ്ങനെ അവനോടു പറയണം എന്ന് അവൾക്കു അറിയില്ലായിരുന്നു. എന്തായാലും പറയാം.. അവൾ അവന്റെ അടുത്ത് ഇരുന്നു..

അവന്റെ കയ്യിലുള്ള ബുക്ക് വാങ്ങി ടേബിളിൽ വച്ച് അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി ടി ഷർട്ടിന്റെ മുകളിലൂടെ തന്റെ വിരലുകൾ ഓടിച്ചു " ദേവേട്ടാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..." കുറച്ചു നേരമായിട്ടും അവൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മുഖമുയർത്തി അവനെ നോക്കി " എന്താ ഏട്ടാ. ഒന്നും പറയാതെ" " ആമി .. നിനക്ക് പറയാനുള്ളത് എന്താണെന്നു എനിക്കറിയാം.. ആതിയെയും ഹരിയേയും പോലെ നമുക്കും.. അതല്ലേ??" അവൾ അതിശയത്തോടെ അവനെ നോക്കി. തന്റെ മനസ്സ് എപ്പോഴത്തെയും പോലെ അവൻ വായിച്ചിരിക്കുന്നു. അവന്റെ മറുപടി എന്താവുമെന്ന് അവൾ ആകാംഷയോടെ കാത്തിരുന്നു " പക്ഷെ ആമി.. ഇപ്പോൾ ഞാൻ ഒരു കുഞ്ഞിന് വേണ്ടി തയ്യാറല്ല മോളെ...." തന്റെ മറുപടി കേട്ട് അവളുടെ മുഖം മങ്ങുന്നതും കണ്ണുകൾ നിറയുന്നതും ദേവൻ ശ്രദ്ധിച്ചു. " സാരമില്ല ദേവേട്ടാ.. ഞാൻ ചോദിച്ചന്നെ ഉള്ളു" അതും പറഞ്ഞയ തിരിഞ്ഞു കിടക്കാൻ പോയ അവളെ അവൻ തന്റെ നെഞ്ചോടു ചേർത്തു " നിനക്ക് വിഷമം ആയിന്നു എനിക്കറിയാം.

ഒരേ ദിവസം കല്യാണം കഴിഞ്ഞു ഒരേ വീട്ടിൽ താമസിക്കുമ്പോൾ നിനക്കും അങ്ങനൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികം.. ആതിയുടെ വിശേഷം അറിയുമ്പോൾ നിനക്ക് ആൾക്കാരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ടിയും വരും...ഒന്നും പോരാത്തതിന് ഒരു ഭാര്യ എന്ന നിലയിലും ഒരു പെണ്ണെന്ന നിലയിലും അതു നിന്റെ അവകാശവുമാണ്.. ഇതൊന്നും അറിയാഞ്ഞിട്ടോ മനസിലാവാഞ്ഞിട്ടോ അല്ല.. പക്ഷെ നിനക്കിപ്പോൾ ഒരു കുഞ്ഞിനെ ക്കാളും അവശ്യം ഒരു ജോലിയാണ്.. എന്റെ കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞില്ലേ ആമി? എനിക്കെന്തെങ്കിലും സംഭവിച്ചാൽ.." അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവന്റെ വായ മൂടി.. " അങ്ങനെ ഒന്നും പറയല്ലേ ദേവേട്ടാ" തന്റെ വായുടെ മുകളിൽ വച്ചിരിക്കുന്ന കയ്യെടുത്തു അവൻ അതിൽ ചുംബിച്ചു. " സത്യമാണ് ആമി.. നാളെ എനിക്കെന്തു സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.. അങ്ങനെ എന്തെങ്കിലും വന്നാൽ നിനക്ക് ഒരു ജോലി വേണം സ്വന്തം കാലിൽ നില്ക്കാൻ. അത് കൊണ്ട് ഇപ്പോൾ മറ്റൊന്നും ആലോചിക്കാതെ അതിനു വേണ്ടി പരിശ്രമിക്കൂ.. ആ സമയം കൊണ്ട് ഞാനും ഈ കുടുക്കൊക്കെ ഒന്ന് അഴിച്ചു ശരിയാക്കാം.. അതിനു ശേഷം ഒരു കുഞ്ഞിനെ പറ്റിയൊക്കെ നമുക്ക് ചിന്തിക്കാം"

അവൾ തലയാട്ടി. അവളെ നെഞ്ചോട് ചേർത്ത് തന്നെ അവൻ കട്ടിലിലേക്ക് കിടന്നു. അവനെ പറ്റി അവളും അവളെ പറ്റി അവനും ഓരോന്നോർത്തു എപ്പോഴോ രണ്ടാളും ഉറങ്ങി. ശ്രീക്കുട്ടിയുടെ കല്യാണ ഉറപ്പിക്കലും ഹരിയുടെയും ആതിയുടെയും വിശേഷവുമൊക്കെയായി പിന്നീട് നന്ദനത്തിൽ സന്തോഷത്തിന്റെ നാളുകളായിരുന്നു. ഒരു ദിവസം ആതിയോടൊപ്പം അവളുടെ സ്കാനിങ്ങിനു പോകാനായി തന്റെ ഡ്യൂട്ടി ഒന്ന് മാറിയെടുക്കമൊന്നു വിനോദ് ഡോക്ടറിന്റെ അടുത്ത് ചോദിക്കാനായി ഡോക്ടറിന്റെ റൂമിൽ എത്തിയതായിരുന്നു ഹരി. വിനോദ് അവിടെ ഇല്ലാത്തതു കൊണ്ട് ഹരി അവിടെയുള്ള ചെയറിൽ അയാളെയും വെയിറ്റ് ചെയ്തു ഇരുന്നു. ഇരുന്നു ബോർ അടിച്ചപ്പോൾ ചുമ്മാ ഡോക്ടറിന്റെ ടേബിളിൽ ഇരുന്ന രണ്ടു ഫയലുകളിൽ ഒരു പേഷ്യന്റ് ഫയൽ തുറന്നു നോക്കി.. അതിൽ കണ്ട പേഷ്യന്റിന്റെ പേര് പരിചയം തോന്നിയത് കൊണ്ട് ഒന്നുടെ ഉറപ്പിക്കാൻ ഹരി കൺസൾട്ടിങ് ഡോക്ടർസിന്റെ പേര് നോക്കി. "കൺസൾട്ടിങ് ഡോക്ടർ: dr . ജയകുമാർ, കാർഡിയോളോജിസ്റ്.. കൺസൾട്ടിങ് സർജൻ: dr . ഹരിനന്ദൻ , അസിസ്റ്റന്റ് സർജൻ" അപ്പോൾ താൻ സംശയിച്ചത് പോലെ തന്നെ. ഇത് എയ്ഞ്ചൽ മോളുടെ കേസ് ഫയൽ ആണ്. ഇതെന്താ വിനോദിന്റെ ടേബിളിൽ? താൻ നോക്കുന്ന രോഗികളെ വിനോദും വിനോദ് നോക്കുന്നവരെ താനും നോക്കാറില്ല. ഇടയ്ക്കു എന്തെങ്കിലും സംശയത്തിന് കൺസൾട് ചെയ്താലും പിന്നീട് അതിൽ അന്യോന്യം കൈ കടത്താറില്ല.

പക്ഷെ എയ്ഞ്ചൽ മോളുടെ കാര്യത്തിൽ താൻ വിനോദിന്റെ ഒരു ഹെല്പും ചോദിച്ചിട്ടില്ല. പിന്നെ എന്തിനീ ഫയൽ വിനോദിന്റെ ടേബിളിൽ വന്നു? ഇനി മാറിപ്പോയത് ആവുമോ? അതിനുള്ള സാധ്യത കുറവാണു..അതോ എയ്ഞ്ചലിന്റെ കേസ് വിനോദിന് ട്രാൻസ്ഫർ ആയോ? അങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്യാറുണ്ട്.. പക്ഷെ അങ്ങനാണെങ്കിൽ ആദ്യം തന്നോട് പറഞ്ഞിട്ടേ ചെയ്യാറുള്ളു.. വിനോദിനെ ഇന്നലെയും കണ്ടതാണ്.. ഒന്നും പറഞ്ഞില്ലാലോ.. എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത് കൊണ്ട് ഹരി ആ കേസ് ഫയൽ മൊത്തം മറിച്ചു നോക്കി. തന്റെ കയ്യക്ഷരത്തിലുള്ള കേസ് ഡീറ്റൈൽസും ജയകുമാർ ഡോക്ടറിന്റെ കുറിപ്പുകളും.... താനും ജയൻ ഡോക്ടറും പലപ്പോഴായി പറഞ്ഞു ചെയ്യിപ്പിച്ച ടെസ്റ്റ് റിസൾട്ടുകളുമായിരുന്നു അതിൽ എന്ന് അവൻ തിരിച്ചറിഞ്ഞു.. അവസാനത്തെ കുറച്ചു പേജുകളിൽ ഒഴിച്ച്.. എയ്ഞ്ചൽ ഹരിയെ കാണാൻ വന്നിട്ട് ഇപ്പോൾ ഏകദേശം ഒരു മാസം ആയിട്ടുണ്ടാവാമെന്നു അവൻ ഓർത്തു. പക്ഷെ അവസാനം ചെയ്തിരിക്കുന്ന ടെസ്റ്റുകളുടെ തീയതി ഇന്നലെയാണ് .. ഇനി ഇന്നലെ ജയകുമാർ ഡോക്ടർ പറഞ്ഞിട്ടാവുമോ? പക്ഷെ ജയൻ ഡോക്ടറിനെ കാണാൻ വന്നാൽ ഒരിക്കലും അവർ തന്നെ കൂടി കാണാതെ പോകാറില്ല. ആ കുട്ടിക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടമാണ്..

തനിക്കു ആ കുട്ടിയോടും.. എന്ത് ടെസ്റ്റാണ് അവൾക്കു ഇന്നലെ ചെയ്തിട്ടുള്ളത് എന്ന് ഹരി നോക്കി. ബ്ലഡ് ടെസ്റ്റാണ്. ഒരു സർജനായ ഹരിക്കു അത് എന്തിനു വേണ്ടിയുള്ളതാണെന്ന് മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.. കണ്ടത് വിശ്വസിക്കാനാവാതെ അവൻ അവിടെ തറഞ്ഞു ഇരുന്നു. പെട്ടെന്ന് തോന്നിയ ഒരു ചിന്തയിൽ അവൻ എയ്ഞ്ചലിന്റെ ഫയലിനു താഴെ ഇരുന്ന ഫയൽ കൂടി എടുത്തു നോക്കി. അതും ഒരു കുട്ടിയുടേതാണ്.. 2 വയസുള്ള ചെറിയ കുട്ടി. കുട്ടിയുടെ അഡ്രസ് ബാംഗ്ലൂർ ആണെന്ന പറഞ്ഞിരിക്കുന്നത്. പക്ഷെ മാതാപിതാക്കളുടെ പേരിൽ നിന്ന് മലയാളികൾ ആണെന്ന് ഹരിക്കു തോന്നി. വിനോദ് ഇപ്പോൾ വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ ആ കുഞ്ഞിന്റെ കേസ് ഹിസ്റ്ററി പരിശോധിച്ചു.. അവൻ സംശയിച്ചത് പോലെ തന്നെ കിഡ്നികൾക്ക് പ്രശ്നമുള്ള കുട്ടിയാണ്.. കിഡ്നി ട്രാൻസ്പ്ളാന്റ് നിർദ്ദേശിച്ചിരിക്കുന്നു.. അത് മാത്രമേ ഉള്ളു ഇനി ഈ കുഞ്ഞിനെ രക്ഷിക്കാനുള്ള ഏക വഴി.. കണ്ടത് വച്ച് അത് അധികം വൈകാതെ അത് നടത്തുകയും വേണം. ഇവളുടെ സാംപിളുമായാണ് എയ്ഞ്ചലിന്റെ ബ്ലഡ് മാച്ച് ചെയ്തു നോക്കിയിരിക്കുന്നത്. എയ്ഞ്ചലിന്റെ കിഡ്നി ഈ കുട്ടിക്ക് ഒരു പെർഫെക്റ്റ് മാച്ച് ആണ്.. അത് ഉറപ്പിക്കാനുള്ള ടെസ്റ്റുകളാണ് എയ്ഞ്ചലിന് ചെയ്തിരിക്കുന്നത്. പക്ഷെ ഹരിക്കു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എയ്ഞ്ചൽ ഇവിടെ ഹാർട്ട് സർജറിക്ക്‌ വന്നിരിക്കുന കുട്ടിയാണ്.. അവളുടെ അച്ഛന്റെ കയ്യിൽ അതിനുള്ള കാശ് തികയാത്ത കൊണ്ടാണ് ഇത്രയും സർജറി വൈകിയത് തന്നെ. ഇനി പൈസയുടെ ദൗർലഭ്യം കാരണം അവർ എങ്ങാനും..ഏയ്..

എയ്ഞ്ചലിന്റെ അച്ഛനും അമ്മയും ഒരിക്കലും തന്റെ മകളുടെ ജീവിതം വച്ച് അങ്ങനെ ഒരു റിസ്ക് എടുക്കില്ല.. തന്നെയുമല്ല 18 വയസ്സിൽ താഴെ ഉള്ളവർക്ക് ഡോണർ ആകാനും സാധിക്കില്ല..അതാണ് നിയമം. കുട്ടികളുടെ അവയവം ദാനം ചെയ്യുക അവരുടെ മരണശേഷം മാതാപിതാക്കളുടെ സമ്മതത്തോടു കൂടി മാത്രമാണ്.. പക്ഷെ എയ്ഞ്ചൽ.. അവൾ മരിക്കുമെന്ന് ഇവർ എങ്ങനെ മുൻകൂട്ടി അറിഞ്ഞു? തന്റെ മുന്നിൽ കാണുന്നതിന്റെയൊക്കെ അർഥം വിശ്വസിക്കാനാവാതെ ഹരി ഇരുന്നു. ഒരു കുട്ടിയുടെ സർജറി ചെയ്യുന്നതിന് മുന്നേ തന്നെ അവളുടെ ബ്ലഡ് സാമ്പിൾ മാച്ച് ചെയ്തു നോക്കുക എന്നതിന്റെ അർഥം എന്താണ്?? വിനോദ് ഡോക്ടർക്ക് എന്താണ് ഇതിൽ പങ്കു??ഇന്നലെ ഹോസ്പിറ്റലിൽ വന്ന എയ്ഞ്ചലും വീട്ടുകാരും എന്ത് കൊണ്ട് തന്നെ വന്നു കണ്ടില്ല? തന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നാൽ ഒരിക്കലും മനസമാധാനം ഉണ്ടാവില്ലെന്ന് മനസിലാക്കിയ ഹരി പെട്ടെന്ന് തന്നെ രണ്ടു ഫയലിലും ഉള്ള കോൺടാക്ട് നമ്പറുകൾ കുറിച്ചെടുത്തു. അതിനു ശേഷം ഫയൽ എല്ലാം പഴയ പോലെ അവിടെ തന്നെ വച്ച് റൂമിനു പുറത്തേക്കിറങ്ങി. കുറച്ചു മാറി വിനോദ് വരുമ്പോൾ കാണാവുന്ന പോലെ നിന്നു . വിനോദ് വന്നതും പെട്ടെന്ന് തന്നെ ഹരി വിനോദിന്റെ മുറിയിലേക്ക് കയറി ചെന്നു . ഹരിയെ കണ്ടപ്പോൾ വിനോദിന് പെട്ടെന്നുണ്ടായ ഞെട്ടലും വിനോദ് ആ ഫയലുകളിലേക്കു പേടിയോടെ നോക്കുന്നതും ഹരിയുടെ സംശയങ്ങൾ ബലപ്പെടുത്തി.

ഹരി തന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും വരാതെ ശ്രദ്ധിച്ചു. " എന്ത ഹരി.. എന്താ ഇവിടെ?" "അത് വിനോദ്.. എനിക്ക് നാളെ വൈഫിന്റെ കൂടെ ചെക്കപ്പിന് പോകണമായിരുന്നു.. വിനോദിന് നാളെ ഓഫ് അല്ലെ? എന്റെ ഡ്യൂട്ടി ഒന്ന് എടുക്കുവാണെങ്കിൽ എന്റെ അടുത്ത ഓഫ് വിനോദിന് തരാം" ഇത് പറയുമ്പോൾ ഹരി മനഃപൂർവം ആ ഫയലുകളുടെ അടുത്തേക്ക് വരികയും അതിൽ തൊടുകയും ഒക്കെ ചെയ്തു. വിനോദിന്റെ മുഖത്ത് തെളിയുന്ന ഭയം ഹരി ശ്രദ്ധിക്കുന്നുണ്ടായിരുനെങ്കിലും അവൻ അത് പുറമെ കാട്ടിയില്ല. " ഓ.. അതിനെന്താ ഹരി .. ഷുവർ" പതുകെ ആ ടേബിളിൽ നിന്ന് ഫയലുകൾ എടുത്തു മാറ്റി കൊണ്ട് വിനോദ് പറഞ്ഞു. " താങ്ക്സ് വിനോദ്" അതും പറഞ്ഞു ഹരി പുറത്തേക്കിറങ്ങി. തന്റെ സംശയം വെറുതെ അല്ല എന്ന അറിവ് ഹരിയെ ചുട്ടു പൊള്ളിച്ചു. ആദ്യമായി ഇതിനെല്ലം കൂട്ട് നിൽക്കുന്നതിനു വിനോദിനോട് ഹരിക്കു വെറുപ്പ് തോന്നി. ഇനി തന്റെ സംശയം സത്യമാണൊന്നു ഉറപ്പിക്കണം. അതിനും ഹരി ഒരു മാർഗം കണ്ടിരുന്നു. കുറച്ചു റിസ്ക് ആണ്.. എന്നാലും ഇതിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു തന്നെ തത്കാലം അവൻ തന്റെ മുറിയിലേക്ക് പോയി. അക്കൗണ്ട്സിലെ പണിയുമായി ഇരിക്കുമ്പോഴാണ് ദേവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്. എടുത്തു നോക്കിയപ്പോൾ ബൊസ്സിന്റെയാനു .." അര്ജന്റ് അപ്ഡേറ്റ് .. കാൾ" എന്ന് മാത്രമായിരുന്നു മെസ്സേജ്. തിരക്ക് അധികം ഇല്ലാത്തതിനാൽ ഒന്ന് ഫോൺ ചെയ്തു വരാമെന്നു പറഞ്ഞു

അവൻ പതിയെ ഫോണുമായി പുറത്തിറങ്ങി. ആരും അധികം ശ്രദ്ധിക്കാത്ത പോലെ മാറി നിന്ന് അവൻ ബോസിനെ വിളിച്ചു . " മൂർഖ..മേമൻ ഹോസ്പിറ്റലിൽ പുതിയൊരു ഡീൽ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്.. ഈ വരുന്ന 25 നാണു പ്ലാൻ ചെയ്തിരിക്കുന്നത്.." " 25 എന്ന് പറയുമ്പോൾ ഒരാഴ്ച കൂടി അല്ലെ ഉള്ളു?" "യെസ്‌ .. നമുക്ക് സമയം കുറവാണു.. ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നതും അന്ന് തന്നെ ആയിരിക്കും.. ആ സമയം കൊണ്ട് ബാക്കി ഉള്ള ക്യാഷ് എവിടെയെന്നു കൂടി കണ്ടെത്തണം.. പിന്നെ കഴിഞ്ഞ പ്രാവശ്യം എബിന്റെ കാര്യത്തിൽ പറ്റിയ പോലെയൊന്നും ഈ പ്രാവശ്യത്തെ ടാർഗെറ്റിന്റെ കാര്യത്തിൽ പറ്റരുത്‌ . ഓർമയുണ്ടല്ലോ അൻവർ പിറകെ തന്നെ ഉണ്ട്.. നമുക്ക് കിട്ടേണ്ടതൊക്കെ കിട്ടിയാൽ പിന്നെ അയാളുടെ ആവശ്യം ഇല്ല.." " യെസ്‌ ബോസ്.. " "ബാക്കി ഉള്ളവരെയും അപ്ഡേറ്റ് ചെയ്തെക്കു" "ഓക്കേ " ദേവൻ പരുന്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അറിയിച്ചു അതോടൊപ്പം തങ്ങൾ വച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ മുഴുവൻ സമയവും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞേല്പിച്ചു. ഫോൺ വച്ചതിനു ശേഷം ദേവൻ കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു . കാര്യങ്ങൾ കലാശക്കൊട്ടിലേക്കു അടുത്ത് കൊണ്ടിരിക്കുകയാണ്.. അപകടം ഇനി ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും.

അൻവറിന്റെ രൂപത്തിലാണോ അതോ മറ്റേതെങ്കിലും രൂപത്തിലാണോ പണി വരിക എന്നത് മാത്രമാണ് ആകെ അറിയാനുള്ളത്. ഇതും കൂടി കഴിഞ്ഞു കിട്ടിയാൽ ബോസ്സിന്റടുത്തു താൻ ഏറ്റെടുത്ത ദൗത്യം തീരും. ഒരാഴ്ച.. അൻവറിനു ഇത് വരെ കൃത്യമായ തെളിവുകൾ ഇല്ല.. ദൃക്‌സാക്ഷികളും ഇല്ല.. ഇനിയും വേറെ തെളിവുകൾ ഒന്നും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ താനാഗ്രഹിക്കുന്ന പോലെ ആമിയോടൊത്തു ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കും. പക്ഷെ അവരുടെ ഈ കളിയിലേക്ക് ഒന്നുമറിയാത്ത ഹരി കൂടി വന്നു ചേർന്നതറിയാതെ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഇവരുടെ ആരുടേയും നിയന്ത്രണത്തിൽ അല്ല എന്നറിയാതെ ദേവൻ തിരിച്ചു തന്റെ ജോലിയിലേക്ക് പോയി. .... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story