ദേവാസുരം: ഭാഗം 24

Devasuram nila

രചന: നിള നിരഞ്ജൻ

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്താൻ കാത്തിരിക്കുകയായിരുന്നു ഹരി. എന്നിട്ടു വേണം താൻ കരുതിയ പോലെ ഒക്കെ ചെയ്യാൻ. വീട്ടിലെത്തിയതും കുളി കഴിഞ്ഞു കുറച്ചു അത്യാവശ്യ കാര്യങ്ങൾ അടുത്ത ദിവസത്തെ സർജറിക്ക്‌ വേണ്ടി റെഫർ ചെയ്യാനുണ്ടെന്നു പറഞ്ഞു അവൻ മുറിയിൽ കയറി കതകടച്ചു. അവന്റെ ജോലിയോടുള്ള ആത്മാർത്ഥത അറിയാവുന്നതു കൊണ്ട് ആരും അവനെ ശല്യപെടുത്താനും പോയില്ല.അവൻ താൻ അധികം ഉപയോഗിക്കാത്ത തന്റെ മറ്റേ ഫോണെടുത്തു . ഇതിന്റെ നമ്പർ ഹോസ്പിറ്റലിൽ ആർക്കും അറിയില്ല. അവൻ അതെടുത്തു ആദ്യം എയ്ഞ്ചലിന്റെ ഫയലിൽ നിന്നെടുത്ത നമ്പർ ഡയല് ചെയ്തു എന്നിട്ടു റെക്കോർഡിങ് ഓൺ ആക്കി "ഹലോ" " ഹലോ.. എയ്ഞ്ചലിന്റെ ഫാദർ ആണോ? ഞാൻ dr ഹരിയാണു .. മേമൻ ഹോസ്പിറ്റലിൽ നിന്നു .” “ഹലോ ഡോക്ടർ.. ഡോക്ടർ ലീവ് കഴിഞ്ഞു എത്തിയോ?എന്താ ഈ സമയത്തു? ഇന്നലെ മോളുടെ ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അതാണോ ഡോക്ടർ വിളിച്ചത്" ആ പിതാവിന്റെ വ്യാകുലത നിറഞ്ഞ ചോദ്യം ഹരിയുടെ കാതുകളിൽ എത്തി. പക്ഷെ തനിക്കു അറിയേണ്ട കാര്യം താൻ ചോദിക്കാതെ തന്നെ അദ്ദേഹം ഇങ്ങൊട്ടു കയറി പറഞ്ഞതിൽ ഹരിക്കു സന്തോഷം തോന്നി.

"ഏയ് ഇല്ല.. പ്രശ്നങ്ങൾ ഒന്നുമില്ല.. ഇന്നലെ ടെസ്റ്റ് ചെയ്യാൻ വന്നിരുന്നു എന്നറിഞ്ഞു.. കാണാൻ പറ്റിയില്ലലോ" തനിക്കു അറിയേണ്ട കാര്യങ്ങൾ എങ്ങനെ ചോദിക്കും എന്നറിയാതെ ഹരി ഒന്ന് നിർത്തി. "ഹോ.. ഡോക്ടർ വിളിച്ചപ്പോൾ ഞാൻ പേടിച്ചു പോയി. 25 നു ഓപ്പറേഷൻ ചെയ്യാമെന്നല്ലേ പറഞ്ഞത്? അന്ന് ഡോക്ടർ ഉണ്ടാവുമല്ലോ അല്ലെ? മോള് ഇന്നലെയും പറഞ്ഞു ഹരി അങ്കിൾ മതിന്നു .. ഞങ്ങൾക്കും ഡോക്ടർ ഉള്ളത് തന്നാ ഒരു ധൈര്യം" 25 നോ? ഇനി ഒരു ആഴ്ച അല്ലെ ഉള്ളു..എയ്ഞ്ചലിന്റെ ഓപ്പറേഷൻ തീയതി താൻ അറിയാതെ തീരുമാനിച്ചിരിക്കുന്നു. "അപ്പൊ ക്യാഷ് ഒക്കെ റെഡി ആയോ ഓപ്പറേഷന് ഉള്ളത്.." " ഇപ്പോൾ അതിനെ പറ്റി വിഷമിക്കണ്ട.. സൗകര്യം പോലെ കൊടുത്താൽ മതീന്നാ റോയ് സാർ പറഞ്ഞത് " വിനോദ് ഒറ്റക്കാവില്ല ഇതിനു കൂട്ട് വേറെ ആരെങ്കിലുമൊക്കെ കാണുമെന്നു പണ്ടേ അറിയാമായിരുന്നു. അത് റോയ് സാർ ആവുമെന്ന് ഓർത്തില്ല. ഈ ഹോസ്‌പിറ്റലിന്റെ എല്ലാ കാര്യങ്ങളും മേമൻ സർ ഏൽപ്പിച്ചിരിക്കുന്നത് ബന്ധു കൂടിയായ റോയ് സാറിനെ ആണ് . അപ്പോൾ പിന്നെ അയാൾക്ക്‌ എന്തും ആകാമല്ലോ.. " ഇന്നലെ ലിൻസി സിസ്റ്റർ വിളിച്ചു പെട്ടെന്ന് ബ്ലഡ് ടെസ്റ്റിന് വരാൻ പറഞ്ഞപ്പോൾ ഞങ്ങളും പേടിച്ചു പോയി. പിന്നെ പെട്ടെന്ന് ഓപ്പറേഷൻ നടത്താനാണെന്നും..

മോളുടെ നല്ലതിന് വേണ്ടിയാണെന്നും .. ക്യഷിനെ പറ്റി ഇപ്പോൾ ഒന്നും ചിന്തിക്കേണ്ട എന്ന് കേട്ടപ്പോൾ ഒക്കെയാണ് ഒന്ന് സമാധാനമായത്" ലിൻസി .. അടുത്ത കൂട്ടാളി അപ്പോൾ അവളാണ്.. ഇനി ആരൊക്കെ ഉണ്ടാവും. " ഡോക്ടർ ഉണ്ടാവില്ലേ 25 ആം തീയതി?.. മോൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലലോ അല്ലെ?" " ഞാൻ ഉണ്ടാവും.. മോൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല" അത് പറയുമ്പോൾ മാത്രം ഹരിയുടെ സ്വരം ഉറച്ചതായിരുന്നു. അപ്പോൾ താൻ സംശയിച്ചത് പോലെ തന്നെ.. എയ്ഞ്ചലിന്റെ വീട്ടുകാർക്ക് ഒന്നും അറിയില്ല. വെറും പെയിന്റ് പണിക്കാരനായ ആ കുട്ടിയുടെ അച്ഛനെയും വീട്ടമ്മയായ അമ്മയെയും ഇവർ ചതിക്കുകയാണ്. 25 ലെ ഓപ്പറേഷൻ കഴിഞ്ഞു പുറത്തേക്കു വരുന്നത് ചിലപ്പോൾ ആ കുഞ്ഞിന്റെ ശവമായിരിക്കും. ഇല്ലെങ്കിൽ കിഡ്‌നിയ്ക്കു പെട്ടെന്ന് എന്തെങ്കിലും കുഴപ്പം വന്നു എന്ന് പറഞ്ഞു ഒരു കിഡ്നി ഇവർ നീക്കം ചെയ്യും. ഡോക്ടർമാരെ ദൈവങ്ങളായി കാണുന്ന പാവങ്ങളായ നിരക്ഷരരായ ഇവരെ എന്ത് പറഞ്ഞു വേണമെങ്കിലും പറ്റിക്കാമല്ലോ..റോയ് സാർ, വിനോദ്, ലിൻസി.. ഇനിയും കാണും ഇവരുടെ കൂട്ടാളികൾ.. ലാബിലും തീയേറ്ററിലും ഒക്കെയായി..ഇവിടെ ചാരിറ്റി കേസുകൾ വരുന്നത് കൊണ്ട് ഒരുപാടു പാവപ്പെട്ടവർ ചികിത്സാക്കായി വരുന്നുണ്ട്..

പാവപ്പെട്ടവർക്കായി വര്ഗീസ് സാർ ഉണ്ടാക്കിയ ആശുപത്രിയിൽ സാറിന്റെ ഏറ്റവും വലിയ വിശ്വസ്തനും ബന്ധുവും ആയ റോയ് സാർ അവയവ കച്ചവടം നടത്തിയത് അറിഞ്ഞാൽ ആ മനുഷ്യൻ തകർന്നു പോവും എന്ന് ഹരി ഓർത്തു. എയ്ഞ്ചലാണ് ഇവരുടെ ആദ്യത്തെ ഇര എന്നൊന്നും തോന്നുന്നില്ല. ഇതിനു മുൻപും തന്റെ കണ്ണിന്റെ മുന്നിൽ തന്നെ ഈ കച്ചവടത്തിന്റെ ഭാഗമായി ആളുകൾ മരിച്ചിട്ടുണ്ടാവും എന്നോർത്തപ്പോൾ ഹരിക്കു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. അങ്ങനെ ഓർത്തപ്പോഴാണ് ജയിംസിന്റെ മുഖം ഹരിയുടെ ഓർമയിൽ തെളിഞ്ഞത്. ജെയിംസ് ഓപ്പറേഷനിൽ മരിച്ചപ്പോൾ തനിക്കുണ്ടായ അകാരണമായ സംശയങ്ങൾ..ജയിംസിന്റെ മരണവും ഒരുപക്ഷെ.. പക്ഷെ ആ ഓപ്പറേഷൻ നടത്തിയത് താനായിരുന്നു. താൻ അറിയാതെ എങ്ങനെ..ജെയിംസിനെ ഓപ്പറേഷന് കയറ്റുന്നതിനു മുന്നേ വിനോദ് ഡോക്ടർ അവനെ വന്നു കണ്ടിരുന്നു.. ഒരു പക്ഷെ വിനോദ് എന്തെങ്കിലും ചെയ്തതാവും .. എന്തായാലും ഇതിന്റെ സത്യാവസ്ഥ തനിക്കറിയണം..ഒരു തെളിവും ഇല്ലാതെ താൻ ഇവരുടെ മേൽ കുറ്റം ആരോപിച്ചാൽ അവർ തന്നെ വിഢിയാക്കി രക്ഷപെടും. ഒരുപക്ഷെ തന്റെ ജീവനും ആപത്തുണ്ടായേക്കാം.

ജയിംസിന്റെ സംഭവം മനസ്സിൽ വന്നപ്പോൾ ഹരിയുടെ മനസ്സ് എബിനിലേക്കും പോയി. ഇനി റോയ് സാറിന്റെ കള്ളത്തരം കണ്ടു പിടിച്ചതിന്റെ പേരിലായിരിക്കുമോ എബിൻ കൊല്ലപ്പെട്ടത്? എബിൻ ഹോസ്പിറ്റലിൽ വരാൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു.. അവൻ കാര്യങ്ങളെല്ലാം പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.. പക്ഷെ അന്ന് ജയിംസിന്റെ മരണത്തിന്റെ വഴക്കു നടക്കുമ്പോൾ എബിനും ഉണ്ടായിരുന്നു. ഇനി അവൻ അറിയരുതാത്തത് വല്ലതും അറിഞ്ഞു കാണുമോ..ജയിംസിന്റെ അച്ഛനും അമ്മയും നീതിക്കായി അലഞ്ഞു ഒടുവിൽ തോറ്റു പോയത് ഹരി ഓർത്തു. ഇവർക്കെതിരെ ഒരു ചെറു വിരൽ അനക്കണമെങ്കിൽ പോലും താൻ ഇനിയും ഒരുപാടു കാര്യങ്ങൾ അറിയണം. 19 ആം തീയതി -------------------- പിറ്റേ ദിവസം ഹരി ഓഫ് എടുത്തു ആതിയോടൊപ്പം ചെക്കപ്പിന് പോയി. തന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പുകൾ ആദ്യമായി കണ്ടപ്പോഴും അവനു സന്തോഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പുറത്തേക്കിറങ്ങിയപ്പോൾ ആതി കാര്യം ചോദിച്ചെങ്കിലും അവൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി. വീട്ടിലെത്തിയിട്ടും ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയായിരുന്നു ഹരിക്കു. 25ആം തീയതിയാണ് ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. അതിനു ഇനി അഞ്ചു ദിവസമേ ഉള്ളു. കിഡ്‌നിയ്ക്കു പ്രശ്നം ഉള്ള കുട്ടിയാണെങ്കിൽ ബാംഗ്ലൂർ കാരിയും . ഈ അഞ്ചു ദിവസത്തേക്ക് വേണ്ടി വയ്യാത്ത ആ കുട്ടി ബാംഗ്ലൂർ പോയിട്ടുണ്ടാവില്ല.

അതിനർത്ഥം ആ കുട്ടി ഇപ്പോൾ മേമൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ടാവണം. അവരുടെ സാമ്പത്തിക സ്ഥിതിയും ഇവരുടെ സ്വകാര്യതയും വച്ച് നോക്കുമ്പോൾ അവർക്കു വി. ഐ.പി റൂം തന്നെയായിരിക്കും കൊടുത്തിട്ടുണ്ടാവുക. വി.ഐ.പി ബ്ലോക്കിലേക്കു പ്രത്യേകം പാസ് വരെയുണ്ട്. അവിടെ അഡ്മിറ്റ് ആക്കിയിരിക്കുന്ന രോഗികൾക്കും അവരുടെ ആൾക്കാർക്കും അവർക്കായി അസൈൻ ചെയ്‌തിരിക്കുന്ന ഡോക്ടര്സിനും നഴ്‌സുമാർക്കും മാത്രമാണ് അങ്ങോട്ട് പ്രവേശനം. എന്തിനു ആ മുറികളിൽ cctv കാമറ പോലും ഇല്ല. ഹരി ഒരു ജൂനിയർ ഡോക്ടറായി മേമൻ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന സമയത്തു ഇങ്ങനെ ഒരു ബ്ലോക്ക് അവിടെ ഉണ്ടായിരുന്നില്ല. റോയ് സാർ ആണ് ഇങ്ങനെ ഒരു ഐഡിയ കൊണ്ട് വന്നത്. പ്രധാനമായും പാവപെട്ട രോഗികളുടെ ചികിത്സാക്കായി പണിത ഈ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇങ്ങനൊരു ബ്ലോക്ക് കൊണ്ട് വരുന്നതിനോട് വര്ഗീസ് സാറിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ അത് ഹോസ്പ്പിറ്റലിനു സാമ്പത്തികമായി ഉപകാരപ്രദമാകും എന്ന് പറഞ്ഞും കൂടുതൽ രോഗികൾ വരുമെന്ന് പറഞ്ഞും റോയ് സാർ സമ്മതിപ്പിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ ഇത്തരം ഒരു സ്വകാര്യത എന്തിനെന്നു പലപ്പോഴും ഹരി അമ്പരന്നിരുനെങ്കിലും ഇപ്പോഴാണ് അവനു അതിന്റെ കാര്യം മനസിലായത്. ദൈവം ചിലപ്പോൾ കാര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം..

അത് കൊണ്ടാണ് ഹരിക്കു വരും ദിവസം സർജറി ഉള്ളതു ഒരു വി.ഐ.പി പേഷ്യന്റിന്റെ ആണ്. അയാളോട് 22നു അഡ്മിറ്റ് അവനാണ് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് 22 മുതൽ ഹരിക്കു വി.ഐ.പി ബ്ലോക്കിൽ പ്രവേശനവും ഉണ്ടാവും. ഹരിക്കു ശരിക്കും ഈ ആഴ്ചത്തെ ഓഫ് 23 നായിരുന്നു. പക്ഷെ വിനോദുമായി ഓഫ് മാറ്റി എടുത്തത് കൊണ്ട് 23 നു ഹരി ഡ്യൂട്ടിയിലുമുണ്ട്.. വിനോദ് ഓഫ് ആണ്. അതിനു മുൻപ് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവൻ ആദ്യം തന്നെ തന്ന വിനോദിന്റെ റൂമിൽ നിന്ന് തന്റെ ഫോണിൽ എടുത്ത എയ്ഞ്ചേലിന്റെ കിഡ്നി മാച്ച് ചെയ്തു നോക്കിയ റിപോർട്സിന്റെയും രണ്ടു വയസ്സുള്ള കുട്ടിയുടെ കിഡ്നി ഫൈലിയർ റിപ്പോർട്ടിന്റെയും ഫോട്ടോകൾ ഒരു പെൻ ഡ്രൈവിലേക്കു മാറ്റി. അതിനോടൊപ്പം തന്നെ എയ്ഞ്ചലിന്റെ അച്ഛനെ വിളിച്ചു സംസാരിച്ചതിന്റെ വോയിസ് ക്ലിപ്പും. ഇനി രണ്ടു ദിവസം കൊണ്ട് എന്തെല്ലാംചെയ്യണമെന്ന് മനസ്സിൽ കണക്കു കൂട്ടികൊണ്ടു ഹരി ഇരുന്നു . ഓഫീസിൽ തന്റെ കൂടെയുള്ള ഓഫീസേഴ്‌സിനെ ബ്രീഫ് ചെയ്തു കഴിഞ്ഞു ഇരിക്കുകയായിരുന്നു അൻവർ അലി. ദേവനും കൂട്ടരും എന്തൊക്കെയോ പ്ലാനിങ്ങിൽ ആണെന്ന് അറിയാം. അതെന്താണെന്നു കണ്ടുപിടിക്കണം. അതിനായി പോലീസിൽ നിന്നു തനിക്കു വിശ്വസ്തരായ കുറച്ചു ആൾക്കാരെ തിരഞ്ഞെടുത്തു. എല്ലാ കാര്യങ്ങളെയും അവരെ പറഞ്ഞു മനസിലാക്കി. എന്നിട്ടു മഫ്ടിയിൽ ഹോസ്പിറ്റലിന്റെ ഉള്ളിലും പരിസരത്തുമായി അവരെ നിയോഗിക്കുന്ന തിരക്കിലായിരുന്നു അയാൾ.

ദേവന്റെ എല്ലാ നീക്കവും വാച്ച് ചെയ്തു അൻവറിനോട് റിപ്പോർട്ട് ചെയ്യാനാണ് അവരോടു പറഞ്ഞിരിക്കുന്നത്. ഒരാളെ ദേവന്റെ കൂട്ടുകാന്റെ പിറകെയും പറഞ്ഞു വിട്ടിട്ടുണ്ട്. പോരാത്തരത്തിനു ദേവന്റെ ഫോൺ ട്രാപ് ചെയ്യാനുള്ള അനുമതിയുംകൂടി ചോദിച്ചിട്ടുണ്ട്. അതും കൂടി കിട്ടിയാൽ പിന്നെ അവരുടെ പ്ലാൻ എന്താണെന്നു അറിയാൻ എളുപ്പമാവും. "ദേവ..നിന്റെ പിറകെ ഒരു നിഴല് പോലെ ഞാനും ഉണ്ടാവും.. ഇത് കഴിയുന്നത് വരെ" അതെ സമയം ഹരിയുടെ തൊട്ടപ്പുറത്തെ മുറിയിൽ ദേവനും ചില കണക്കുക്കൂട്ടലുകളിൽ ആയിരുന്നു. കുറെ നേരമായിട്ടും ബാൽക്കണിയിൽ നിന്ന് അവൻ കിടക്കാൻ വരാത്തത് കൊണ്ടാണ് ആമി അവനെ അന്വേഷിച്ചു ചെന്നത്. വലിയ ആലോചനയിൽ ഇരിക്കുന്ന ദേവന്റെ തോളിൽ കൈ വച്ച് വിളിച്ചപ്പൊഴാണ് അവൻ അറിഞ്ഞത് തന്നെ " ദേവേട്ടാ.. കിടക്കുന്നില്ലേ?" " നീ കിടന്നോ.. എനിക്ക് ഉറക്കം വരൂന്നില്ല" അവനു എന്തോ പ്രശ്നം ഉണ്ടെന്നു തോന്നിയത് കൊണ്ട് അവളും അവന്റെ അടുത്തിരുന്നു. " എന്താ ഏട്ടാ? എന്തെങ്കിലും പ്രശ്നമുണ്ടോ??" അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ എന്തോ ഉറപ്പിച്ച പോലെ അവളോട് പറഞ്ഞു " ആമി.. നിന്നോട് ഞാൻ കുറെ കാര്യങ്ങളൊക്കെ പറയാറുണ്ട്.. എനിക്ക് പുതിയൊരു വർക്ക് വന്നിട്ടുണ്ട്..

ഈ ആഴ്ച കൊണ്ട് അത് തീരും..പക്ഷെ" " പക്ഷെ?" അവൾ പേടിയോടെ ചോദിച്ചു " ഇത് വരെ ഇങ്ങനെ ഒരു കാര്യങ്ങൾ ചെയ്യുമ്പോഴും എനിക്ക് ഒട്ടും ഭയം തോന്നിയിട്ടില്ല.. വരുന്നത് വരട്ടെ എന്നെ കരുതിയിട്ടുള്ളു.. പക്ഷെ ഇപ്പോൾ.. നിന്നെ ഓർക്കുമ്പോൾ..ഈ ഒളിച്ചു കളി എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു നിന്റെ കൂടെ സമാധാനത്തോടെ ജീവിക്കാൻ കൊതി തോനുന്നു മോളേ ..." അവൾ അവനെ കെട്ടിപിടിച്ചു " എന്ന പിന്നെ ഇതിനു പോകാതിരുന്നൂടെ ദേവേട്ടാ?" "പോകാതിരിക്കാൻ പറ്റില്ല മോളെ.. അത് നിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്നെനിക്കറിയില്ല.. പക്ഷെ ഒരു വാക്ക് എന്റെ ആമിക്കു ദേവേട്ടൻ തരാം.. ഈ ജോലിയും കൂടി കഴിഞ്ഞു ഞാൻ രക്ഷപെട്ട് വരികയാണെങ്കിൽ പിന്നെ നീ ആഗ്രഹിച്ച പോലെ ഒരു ജീവിതം ഞാൻ നിനക്ക് തരും.. പിന്നെ നിന്റെ മുന്നിൽ എനിക്ക് ഒരു ഒളിച്ചു കളിയും ഇല്ല.. " അവൾ മുഖമുയർത്തി അവനെ നോക്കി. " ദേവേട്ടൻ ചെയ്യുന്നതിലെ തെറ്റും ശരിയും ഞാൻ നോക്കുന്നില്ല. പക്ഷെ ഇതിൽ നിന്നൊക്കെ എന്റെ ഏട്ടൻ പുറത്തു വരാൻ ഞാൻ പ്രാർത്ഥിക്കാം.. എനിക്ക് അതല്ലേ ചെയ്യാൻ പറ്റൂ.. ഏന്തു ചെയ്യുമ്പോഴും ഏട്ടനേയും കാത്തു ഞാൻ ഇവിടെ ഉണ്ടെന്നു ഓര്മ വേണം.. എന്നിട്ടു തിരികെ വരണം" അവൻ നിറകണ്ണുകളോടെ അവളെ ചുംബിച്ചു

"എന്തിനാ പെണ്ണെ നീ ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്? ദ്രോഹം അല്ലാതെ മറ്റൊന്നും ഞാൻ നിന്നോട് ചെയ്തിട്ടില്ലലോ?" " എനിക്കറിയാം ഈ മനസ്സിൽ എന്നോടുള്ള സ്നേഹം.. അത് മതി" അവളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ താൻ തന്നെ തന്നെ മറന്നു പോവുകയാണെന്ന് ദേവന് തോന്നി. എല്ലാം ഒന്ന് ഒതുങ്ങുന്നതു വരെ അരുതു എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിരുന്നതാണ്. കുറച്ചു നേരത്തേക്കെങ്കിലും മറ്റെല്ലാം മറന്നു ആമിയുടെ ദേവൻ മാത്രം ആകാൻ ഒരു കൊതി. അവന്റെ മനസ്സിന്റെ ചിന്തകൾ ആ കണ്ണുകളിൽ അവൾ കണ്ടു. അവൾ മെല്ലെ അവന്റെ കവിളിൽ തലോടി..അവിടെ മൃദുവായി ചുംബിച്ചു.. " ഒന്നും സാരമില്ല ദേവേട്ടാ.. ഞാൻ ഇല്ലേ?" പതിയെ അവൻ അവളെ തന്നോട് ചേർത്ത്. അവളുടെ മുഖത്ത് മുഴുവനും അവന്റെ ചുണ്ടുകൾ ഓടി നടന്നു. ഒന്ന് ചുംബിച്ചു തീർത്തിട്ടും മതി വരാത്ത പോലെ വീണ്ടും അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ കണ്ണുകളും കവിളുകളും തേടി ചെന്നു . അവളുടെ ഇടുപ്പിൽ ചേർത്ത് വച്ചിരുന്ന അവന്റെ കൈകൾ അവളുടെ നൈറ്റ് ഡ്രെസ്സിനിടയിലൂടെ അവളുടെ വയറ്റിലൂടെ ഇഴഞ്ഞപ്പോൾ അവളുടെ ശരീരം ആകമാനം ഒന്നു വിറച്ചു. അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ അമർന്നു. ആ വിറയൽ തീരും മുന്നേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

അനുസരണയില്ലാത്ത അവന്റെ കൈകൾ അവളുടെ വയറ്റിലൂടെ എന്തൊക്കെയോ തേടി ഓടി നടന്നു. അവന്റെ കൈകലും ചുണ്ടുകളും തീർക്കുന്ന മായാജാലത്തിൽ മുങ്ങി ഇരിക്കുകയായിരുന്നു ആമിയും. തന്റെ കൈകൾ പുതിയ മേച്ചില്പുറങ്ങൾ തേടി തുടങ്ങിയപ്പോൾ ഇനിയും വൈകിയാൽ തന്റെ ശരീരവും മനസ്സും തന്റെ നിയന്ത്രണത്തിൽ നിൽക്കില്ല എന്നറിഞ്ഞു ദേവൻ മെല്ലെ അകന്നു. ദീർഘമായ ചുംബനത്തിനൊടുവിൽ അവർ അകന്നു മാറുമ്പോൾ ഇരുവരും പതിയെ കിതക്കുന്നുണ്ടായിരുന്നു. ആമി ചുവന്ന ചുണ്ടകളോടെ കണ്ണുകൾ വിടർത്തി അവനെ നോക്കി " ഇങ്ങനെ നോക്കതേടി ഉണ്ടക്കണ്ണി.. ഒരു കണക്കിനാ മനുഷ്യൻ ഇവിടെ കണ്ട്രോൾ ചെയ്തു നിൽക്കുന്നെ.. " അവന്റെ പറച്ചിൽ കേട്ട് ആമി ചിരിച്ചു. " കിടക്കാം" അവൻ അവളെയും ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു.. എത്രയും പെട്ടെന്നു ഏല്ലാം കഴിഞ്ഞു സമാധാനത്തോടെ ജീവിക്കാൻ കഴിയണെ എന്നായിരുന്നു രണ്ടാളുടെയും മനസിൽ. 20 ആം തീയതി --------------------- ഇന്നു അർജെന്റ് കേസുകൾ ഒന്നും വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി ഹോസ്പിറ്റലിലേക്ക് കയറി. തിരക്കായി പോയാൽ പിന്നെ പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കില്ല. അവന്റെ പ്രാർത്ഥന പോലെ അന്ന് ഒപി യിലും തിരക്ക് കുറവായിരുന്നു. ഒപി പേഷ്യന്റ്‌സിനെ നോക്കി കഴിഞ്ഞപ്പോൾ ഹരി പതുക്കെ മേമൻ ഹോസ്പിറ്റലിലെ പഴയ കാല സർജറികളുടെ ഡീറ്റെയിൽസ് ചികയാൻ തുടങ്ങി.

ഹരി ഒരു സർജ്ജെൻ ആയതു കൊണ്ട് അതിന്റെ ഡീറ്റെയിൽസ് എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. പുതിയ എന്തെങ്കിലും കേസിന്റെ ആവശ്യത്തിനായി പഴയ കാല കേസ് ഫയൽസ് റെഫർ ചെയ്യുന്നതും സാധാരണമാണ്. അതു കൊണ്ട് അവനെ ആരും സംശയിക്കേണ്ട കാര്യമില്ല. പക്ഷെ പഴയ എല്ലാ സർജറികളുടെയും ഡീറ്റെയിൽസ് എടുക്കുക എന്നത് നടക്കുന്ന കാര്യമല്ല.. അതിനുള്ള സമയവുമില്ല.. അത് കൊണ്ട് തന്നെ ഹരി ചില പ്രത്യേക കേസുകൾ മാത്രമാണ് നോക്കാൻ തീരുമാനിച്ചത്. താൻ വിചാരിച്ചതു പോലെയാണ് കാര്യങ്ങൾ എങ്കിൽ ഇവിടെ ചാരിറ്റിയുടെ ഭാഗമായി വന്നു സർജറി നടത്തിയവരെ ആയിരിക്കും അവർ ടാർഗറ്റ് ചെയ്തിരിക്കുക. അത് പോലെ വിനോടായിരിക്കും കേസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ടാവുക. ചാരിറ്റിയുടെ ഭാഗമായി വരുന്നവരുടെ ഫയലുകൾ പ്രത്യേകമാണ് വച്ചിരിക്കുന്നത് എന്നതും ഹരിക്കു എളുപ്പമായി. വിനോദ് അറ്റൻഡ് ചെയ്തു ചാരിറ്റിയുടെ ഭാഗമായി വന്നു സർജറിക്കിടെ മരണപ്പെട്ടവരുടെ കേസ് ഫയൽസ് മാത്രമാണ് ഹരി നോക്കിയത്. ഹരിയുടെ ഊഹം പോലെ അതിൽ എല്ലാ ഡീറ്റൈൽസും ഒന്നും ഇല്ലെങ്കിലും മിക്കതിലും സർജറിക്കിടയിൽ ബിപി ഉയരുകയും അതിനോടനുബന്ധിച്ചു മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തതാണെന്ന് കണ്ടെത്താൻ സാധിച്ചു. ജെയിംസും ഇവരുടെ ഇരയായത് ആകാമെന്ന സംശയം അതോടെ ബലപ്പെട്ടു. പക്ഷെ പിന്നെ ജയിംസിന്റെ കേസ് മാത്രം എന്ത് കൊണ്ട് തനിക്കു വന്നു എന്ന ചോദ്യം ബാക്കിയായി.

പിന്നെയും നോക്കിയപ്പോൾ സർജറി നടന്ന ദിവസം ഇവരുടെ മാതാപിതാക്കളെ കൊണ്ട് അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിടിച്ചതായും കാണുന്നുണ്ട്. എല്ലാ സർജറിയുടെ കാര്യത്തിലും അങ്ങനെ ചെയ്തിട്ടുമില്ല. സമ്മതപത്രം ഒപ്പിടിച്ചിട്ടുള്ള കേസുകളുടെ മാത്രം ഡീറ്റെയിൽസ് ഹരി ഫോട്ടോ എടുത്തുസൂക്ഷിച്ചു. അവയിൽ പലതും അത്രയ്ക്ക് ക്രിട്ടിക്കൽ ആയ സർജറികൾ പോലും ആയിരുന്നില്ല എന്നത് അവന്റെ സംശയങ്ങൾ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. പിന്നീട് ഹരി നോക്കിയത് ഇതേ ദിവസങ്ങളിൽ ഇവിടെ നടന്നിട്ടുള്ള മറ്റു സർജറികൾ ഏതൊക്കെയാണെന്നാണ്. മരണം നടന്നിട്ടുള്ള ചില ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ ഇവിടെ സർജറികൾ നടന്നിരുന്നു എന്ന് കാണിക്കുന്നുണ്ടെങ്കിലും അത് എന്തിന്റെ എന്നൊന്നും സിസ്റ്റത്തിൽ ഇല്ല. അര്ജന്റ് ആക്സിഡന്റ് കേസ് എന്നാണ് കൊടുത്തിട്ടുള്ളത്. അവൻ അതിന്റെയും ഫോട്ടോ എടുത്തു സൂക്ഷിച്ചു. അതിവിടെ നടന്ന അനധികൃത ഓർഗൻ ട്രാൻസ്‌പ്ലാന്റ് ആവാമെന്ന് ഹരി ഊഹിച്ചു.

ബാക്കിയുള്ളവരിൽ നിന്ന് എടുത്ത അവയവങ്ങളുടെ ട്രാൻസ്‌പ്ലാന്റ് മറ്റേതെങ്കിലും ആശുപത്രിയിലാവും നടത്തിയിട്ടുണ്ടാവുക. എത്ര പേരാണ് ഈ പാതകങ്ങൾക്കു കൂട്ട് നിന്നിട്ടുണ്ടാവുക എന്നോർത്തപ്പോൾ ഹരിക്കു വല്ലാത്ത ദേഷ്യം തോന്നി. ജയിംസിന്റെ വീട്ടുകാരെ കൊണ്ട് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിട്ടില്ല. മിക്കവാറും അന്ന് അവർ വഴക്കിട്ടത് കൊണ്ട് ഇവരുടെ പ്ലാൻ നടക്കാതെ വന്നതാവും. ഏതായാലും കിട്ടിയ വിവരങ്ങൾ എല്ലാം ഹരി ഫോട്ടോ എടുത്തു സൂക്ഷിച്ചു വച്ചു . ഇനി അടുത്ത ലക്‌ഷ്യം ജയകുമാർ ഡോക്ടറിനെ ഒന്ന് കാണുക എന്നതാണ്. അന്നത്തെ ഡ്യൂട്ടി ടൈം അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഡോക്ടർ പോയിക്കാണും. ഇനി നാളെ കാണാം എന്നോർത്ത് ഹരിയും ഇറങ്ങി. വീട്ടിലെത്തി തലേ ദിവസത്തെ പോലെ തന്നെ താൻ ശേഖരിച്ച എല്ലാ വിവരങ്ങളും പെൻ ഡ്രൈവിലേക്കു മാറ്റി ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞു..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story