ദേവാസുരം: ഭാഗം 25

Devasuram nila

രചന: നിള നിരഞ്ജൻ

20 ആം തീയതി തുടർച്ച ------------------------- ദേവൻ അന്ന് ജോലി കഴിഞ്ഞു നേരെ പോയത് തങ്ങളുടെ സങ്കേതത്തിലേക്കാണ്. നാലഞ്ചു ദിവസത്തേക്ക് താൻ കുറച്ചു തിരക്കിൽ ആവുമെന്നും വരാനൊക്കെ വൈകുമെന്നും ആമിയോട് പറഞ്ഞിട്ടുണ്ട്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവൾ സമ്മതിച്ചിട്ടുമുണ്ട്. അതാണ് ഏക ആശ്വാസം. പാവം..എല്ലാം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ.. ദേവൻ വരുമെന്ന് അറിയാവുന്നതു കൊണ്ട് ബാക്കി നാല് പേരും അവനെയും കാത്തിരിക്കുക ആയിരുന്നു. തനിക്കു മാത്രമല്ല ഈ കളി തുടങ്ങുമ്പോൾ എല്ലാവര്ക്കും കുറച്ചു ടെൻഷൻ ഉള്ളതായി ദേവന് തോന്നി. അത് കാര്യമാക്കാതെ പോലെ അവൻ ചോദിച്ചു.. " എന്തായി ഇവിടുത്തെ കാര്യങ്ങൾ? നമ്മൽ വച്ച ക്യാമെറയിൽ നിന്ന് എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയോ കാശിനെ പറ്റി ?" " ഹ്മ്മ് .. അയാളുടെ ഫോൺ വിളികളിൽ നിന്നും മറ്റും കുറച്ചു ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. അത് വച്ച് നടത്തിയ ഒരു അന്വേഷണത്തിൽ ഏകദേശം നമ്മൾ ആ പണം ട്രാക്ക് ചെയ്തു കഴിഞ്ഞു" " വെരി ഗുഡ്.. ഹോസ്പ്പിറ്റലിലെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം.. ഞാൻ അവിടെ ഉണ്ടല്ലോ..പിന്നെ 25 നാണു അവരുടെ ഓപ്പറേഷൻ. അപ്പോൾ അന്ന് ഒരു ക്യാഷ്‌ ട്രാൻസാക്ഷൻ ഉണ്ടാവും.. അതും കൂടി കഴിഞ്ഞാൽ ഉടനെ തന്നെ അയാളെ പൊക്കണം. മനസിലായല്ലോ? ഒന്നും നഷ്ടപ്പെടാൻ പാടില്ല. എബിനെയും റയാനെയും ആദ്യം കൊണ്ട് വന്നിടത്തു കൊണ്ട് വന്നാൽ മതി.

ബാക്കി ബോസ് പറയുന്നത് പോലെ.. പരുന്തെ.. നീ അവനെ സ്കെച്ച് ചെയ്യാൻ തുടങ്ങിക്കോ.. അധികം ദിവസമല്ല" കുറച്ചു നേരം കൂടി പ്ലാൻ ചെയ്തിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഫോൺ വിളിക്കാൻ പറഞ്ഞു അവർ പിരിഞ്ഞു. 21 ആം തീയതി ---------------- തന്റെ ഓഫീസിൽ ഇരുന്നു അൻവർ തന്റെ കയ്യിലെ പേപ്പറിലേക്കു നോക്കി. ദേവന്റെ ഫോൺ കാൾസ് ട്രാപ് ചെയ്യാനുള്ള അനുമതിയാണ്. ഒരുപാടു കഷ്ടപ്പാടാണ് താൻ ഇത് നേടിയെടുത്തത്. ഒരുപാടു പേരെ പലതും ബോധിപ്പിക്കേണ്ടി വന്നു. ഇനിയിപ്പോൾ പെർമിഷൻ കിട്ടിയ സ്ഥിതിക്ക് പ്രശ്നമില്ല. അവന്റെ പരിപാടികൾ എന്താണെന്നു ഇനി കൃത്യമായി തനിക്കു അറിയാൻ കഴിയും.അൻവർ മനസ്സിലോർത്തു. അന്ന് ഹരി ഡ്യൂട്ടി ടൈം കഴിയുന്നതിനു ഒരു പത്തു മിനിറ്റ് മുന്നേ തന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി. നേരെ ജയകുമാർ ഡോക്ടറിന്റെ റൂമിന്റെ അടുത്തുള്ള ഡോക്ടർസ് ക്യാന്റീനിലേക്കു പോയി. അവിടിരുന്നാൽ ഡോക്ടർ വെളിയിലിറങ്ങുമ്പോൾ കാണാൻ കഴിയും. ഡോക്ടറിന് ഇനിയും രോഗികൾ ബാക്കിയുണ്ട്. അത് കൊണ്ട് ഹരി ഒരു ചായ ഓർഡർ ചെയ്തു കാത്തിരുന്നു . ജയകുമാർ ഡോക്ടർ പോകാനായി ഇറങ്ങുന്നത് കണ്ടപ്പോൾ ഹരി ക്യാന്റീനിൽ നിന്നിറങ്ങി. തന്റെ ഫോൺ എടുത്തു ബാക് ക്യാമറ ഓൺ ആക്കി ഷർട്ടിന്റെ പോക്കറ്റിൽ കാമറ പുറത്തു വരുന്നത് പോലെ തിരിച്ചു വച്ചു . എന്നിട്ടു ഡോക്ടറെ പിറകിൽ നിന്ന് വിളിച്ചു.. വിളി കേട്ട് തിരിഞ്ഞു നോക്കിയ ജയകുമാർ ഹരിയെ കണ്ടു ചിരിച്ചു.

" എന്താ ഡോക്ടറെ.. കുറച്ചു നാളായല്ലോ കണ്ടിട്ട്.. വലിയ തിരക്കാണോ?" " കുറച്ചൊക്കെ .." ഡോക്ടറിന്റെ എതിർവശത്തായി നിന്ന് ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു. താൻ ക്യാന്റീനിൽ വന്നപ്പോൾ ഡോക്ടറെ കണ്ടപ്പോൾ വന്നു സംസാരിച്ചതാണെന്ന മട്ടിലാണ് ഹരി പറഞ്ഞത്. പിരിയാൻ നേരം പെട്ടെന്ന് ഹരി ചോദിച്ചു " ഡോക്ടർ.. ആ എയ്ഞ്ചലിന്റെ കാര്യം എന്തായി? വൺ മന്ത് മുൻപാണ് എന്നെ വന്നു കണ്ടത്..ഈയിടെ വല്ലോം ഡോക്ടറിന്റെ ഫോളോ അപ്പൊ മറ്റോ ഉണ്ടായിരുന്നോ?" " ഇല്ലാലോ ഹരി.. കൊടുത്തിരിക്കുന്ന മെഡിസിൻ കഴിയുമ്പോൾ എന്നെ വന്നു കാണാനാ പറഞ്ഞിരുന്നത്. അതിനിടയിൽ സർജറിക്കുള്ള ക്യാഷ് റെഡി ആവുകയാണെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ ക്യാഷ് റെഡി ആയി കാണില്ലായിരിക്കും" "ഓ.. ഓക്കെ ഡോക്ടർ" ഡോക്ടർ പോയ്കഴിഞ്ഞപ്പോൾ ഹരി മൊബൈൽ എടുത്തു കാമറ ഓഫ് ആക്കി. അവിടുന്ന് നടന്നകലുമ്പോൾ ജയകുമാർ ഡോക്ടർ പറഞ്ഞതൊക്കെ സത്യമാണെന്നാണ് ഹരിക്കു ഡോക്ടറിന്റെ മുഖഭാവത്തിൽ നിന്ന് തോന്നിയത്. തന്നെ പോലെ ആത്മാർഥമായി ജോലി ചെയ്യുന്നവരും ആ സ്ഥാപനത്തിൽ ഉണ്ടെന്നതു ഹരിക്കു ആശ്വാസമായി. അയാൾ അറിയാതെ അയാളുടെ വീഡിയോ എടുക്കുക എന്നത് ജയകുമാർ ഡോക്ടറോട് ചെയ്യാൻ പാടില്ലാത്തതാണ് .

പക്ഷെ താൻ ചെയ്യുന്നത് ഒരു വലിയ ശരിക്കു വേണ്ടിയാണെന്ന തോന്നൽ ആ കുറ്റബോധം മായ്ച്ചു കളഞ്ഞു. വീട്ടിലെത്തി കഴിഞ്ഞപ്പോൾ ഹരി ആ വീഡിയോ ഒന്ന് പ്ലേ ചെയ്തു നോക്കി. ചില സ്ഥലത്തൊക്കെ ഡോക്ടറിന്റെ മുഖം വ്യക്തമല്ലെങ്കിലും അവരുടെ സംഭാഷണം എല്ലാം കിട്ടിയിട്ടുണ്ട്. എയ്ഞ്ചലിനെ നോക്കുന്ന ഡോക്ടർ പോലും അവളുടെ ഓപ്പറേഷനെ പറ്റി അറിഞ്ഞിട്ടില്ല എന്നുള്ളത് വ്യക്തമാക്കുന്നതാണ് ആ വീഡിയോ. അതും അവൻ പെൻ ഡ്രൈവിലേക്കു കോപ്പി ചെയ്തു ഫോണിൽ നിന്നു ഡിലീറ്റ് ചെയ്തു. ഇനി ഉള്ളത് 23 ആം തീയതിലെ ഒരു കടമ്പ കൂടിയാണ്. 25 ആം തീയതിയിലേക്കു താൻ തയ്യാറാക്കിയ പദ്ധതി ഫോണിലൂടെ പരുന്തു ദേവന് വിവരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാം സെറ്റ് ആണെന്ന് ദേവനും തോന്നി. അത് കൊണ്ട് അങ്ങനെ തന്നെ നീങ്ങാമെന്നും.. തങ്ങൾ വച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങളിൽ എപ്പോളും ഒരു കണ്ണ് വേണമെന്ന് പിന്നെയും ഓർമിപ്പിച്ചു ഫോൺ വച്ചു . എല്ലാം ഇത് വരെ നല്ലതായി തന്നെ പോകുന്നുണ്ട്.. പക്ഷെ അൻവർ അലി കുറച്ചു ദിവസമായി സൈലന്റ് ആണ്.. അത് അത്ര നല്ലതിനല്ല..അതിനർത്ഥം അവൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ്.. എന്തായാലും സൂക്ഷിക്കണമെന്ന് ദേവൻ മനസ്സിൽ ഉറപ്പിച്ചു.

ഫോണിലൂടെയുള്ള ദേവന്റെയും പരുന്തിന്റെയും പ്ലാനിംഗ് എല്ലാം അൻവർ കേൾക്കുന്നുണ്ടായിരുന്നു. അതോടെ 25 ആം തീയതി ക്യാഷ് ട്രാൻസാക്ഷൻ കഴിഞ്ഞാണ് അവരുടെ പരിപാടി എന്നയാൾ മനസിലാക്കി. ഒപ്പം അവർ ഹോസ്പിറ്റലിൽ വച്ചിരിക്കുന്ന ക്യാമറയെ പറ്റിയും." സൊ 25ത് ഇസ്‌ ദി ഡി ഡേ" 22 ആം തീയതി ------------------- ആമിയും ആതിയും വീടിനടുത്തുള്ള അമ്പലനടയിൽ നിൽക്കുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവർ രണ്ടു പേരും തങ്ങളുടെ മനസ്സിലെ വിഷമങ്ങൾ ദൈവത്തോട് പറയുകയായിരുന്നു. ദേവൻ ആമിയോട് അവന്റെ ദൗത്യത്തെ പറ്റി പറഞ്ഞതിന് ശേഷം എല്ലാ ദിവസവും രാവിലെ ആമി അമ്പലത്തിൽ വരുന്നുണ്ട്. അവൻ ചെയ്യാൻ പോകുന്നത് തെറ്റാണെങ്കിൽ പോലും അവനെ എങ്ങനെ എങ്കിലും അതിൽ നിന്ന് രക്ഷിക്കണമേ എന്ന് കരഞ്ഞു പ്രാര്ഥിക്കുകയായിരുന്നു അവൾ. ഇതിൽ നിന്ന് അവൻ രക്ഷപെട്ടു വന്നാൽ പിന്നെ അവനെ ഒരു രീതിയിലുമുള്ള തെറ്റിലേക്കും പോകാതെ നോക്കാൻ പറ്റുമെന്ന് അവൾക്കു വിശ്വാസമുണ്ടായിരുന്നു. അതെ സമയം ആമിയുടെ തൊട്ടപ്പുറത്തു നിന്ന ആതിയും കരയുകയായിരുന്നു. ഇന്ന് ആമി പോരാനായി ഇറങ്ങിയപ്പോൾ ഞാനും ഉണ്ട് എന്ന് പറഞ്ഞു കൂടെ വന്നതാണ് അവൾ. ഹരിയുടെ രണ്ടു മൂന്നു ദിവസമായുള്ള മാറ്റം അവൾക്കു മനസിലാവുന്നുണ്ടായിരുന്നില്ല. അവളോട് അവൻ ഒന്ന് മിണ്ടുന്നു പോലുമില്ല. തന്റെ പ്രെഗ്നൻസി ഇനി അവനു ഇഷ്ടമല്ലാതെ എങ്ങാനും ആണോ??അന്ന് സ്കാനിങ്ങിനു പോയപ്പോളും അവനു ഒരു സന്തോഷവും ഉണ്ടായില്ല. ആദ്യം നല്ല സന്തോഷം ആയിരുന്ന ഹരിക്കു പിന്നെ ഇഷ്ടക്കേടുണ്ടാവാനുള്ള കാരണം അവൾക്കു മനസിലായില്ല.

തിരികെ പോരുമ്പോഴും അവർ രണ്ടാളും അവരവരുടെ ലോകത്തായിരുന്നു. വീട്ടിലെത്തി ആമി മുറിയിലേക്ക കയറി താൻ കഴിപ്പിച്ച വഴിപാടിന്റെ പ്രസാദം ദേവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു. രണ്ടു ദിവസമായി ഇത് പതിവായതു കൊണ്ട് ദേവൻ ഒന്നും ചോദിച്ചില്ല. തനിക്കു വേണ്ടിയുള്ള പ്രാർത്ഥന ആണെന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു. അവളുടെ പ്രാർത്ഥന കേൾക്കണമെന്ന് ദേവനും പ്രാർത്ഥിച്ചു. അമ്പലത്തിൽ നിന്ന് തിരികെ എത്തി ആതി മുറിയിലേക്ക് ചെന്നപ്പോൾ ഹരി പോകാനായി ഡ്രസ്സ് ചെയ്യുകയായിരുന്നു. അവൾ വന്നിട്ടും അവനൊന്നു നോക്കുക കൂടി ചെയ്യാത്തപ്പോൾ അവൾക്കു വല്ലാത്ത വിഷമമായി. അവന്റെ മനസിൽ എന്താണിത്ര ദേഷ്യമെന്നു അറിയണമെന്ന് ഓർത്തു കൊണ്ട് അവൾ അവനെ വിളിച്ചു " ഹരിയേട്ടാ " അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു. ആ അവഗണന അവൾക്കു താങ്ങാനാവുന്നതിനും അപ്പുറം ആയിരുന്നു. " എന്തിനാ ഹരിയേട്ടാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ? എന്ത് തെറ്റാ ഞാൻ ചെയ്തേ? എനിക്കിതു സഹിക്കാൻ പറ്റുന്നില്ല" പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആതി അത് പറഞ്ഞത്. ആതിയുടെ കരച്ചിലാണ് ഹരിയെ അവന്റെ ലോകത്തു നിന്ന് തിരിച്ചു കൊണ്ട് വന്നത്. ഒരു നിമിഷം അവളുടെ കരച്ചിൽ കണ്ടു അമ്പരന്നു പോയെങ്കിലും പെട്ടെന്ന് ചെന്ന് അവൻ അവളെ ചേർത്ത് പിടിച്ചു " എന്താ മോളെ.. എന്തിനാ നീ കരയുന്നെ ?" " എന്താ ഹരിയേട്ടാ രണ്ടു മൂന്നു ദിവസമായിട്ടു എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തത്?" തേങ്ങി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഹരിയുടെ ഉള്ളു പൊള്ളി. ശരിയാണ്..

ഹോസ്‌പിറ്റൽ കാര്യങ്ങൾ തലയിൽ കയറിയതിൽ പിന്നെ താൻ ആതിയെ പാടെ അവഗണിച്ചു. വേറൊന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവൾക്കു ഒരുപാടു വിഷമമായി കാണും.. പ്രത്യേകിച്ച് ഈ സമയത്തു താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ അമർത്തി ചുംബിച്ചു " സോറി മോളെ.. ഏട്ടന് രണ്ടു മൂന്നു ദിവസമായിട്ടു ഭയങ്കര തിരക്കായിരുന്നു. ഒരു കോംപ്ലിക്കേറ്റഡ് കേസ് ഉണ്ട്.. അതിന്റെ ടെൻഷൻ ആണ് . " " സത്യം?" " സത്യം" അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. താൻ പേടിച്ചത് പോലെയൊന്നും അല്ലാത്തതിൽ ആതിക്കു സന്തോഷമായി. ഒപി കഴിഞ്ഞു റൗണ്ട്സിന്റെ സമയം ആയപ്പോൾ ഹരി മുറിക്കു പുറത്തിറങ്ങി. തന്റെ വി.ഐ.പി പേഷ്യന്റ് അഡ്മിറ്റ് ആയിട്ടുണ്ടെന്നു നേരത്തെ സിസ്റ്റർ പറഞ്ഞിരുന്നു. അപ്പോൾ അവരെ കാണാനായി ഹരി VIP ബ്ലോക്കിലേക്കു നടന്നു. പതിവ് പോലെ ഏതു രോഗിയെ കാണാനാണെന്നും മറ്റുമുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകി അവൻ പോയി തന്റെ പേഷ്യന്റിനെ കണ്ടു അയാളുടെ ആരോഗ്യനില തൃപ്തികരമെന്നു ഉറപ്പു വരുത്തി. തിരികെ പോരുമ്പോൾ ബ്ലോക്ക് സെക്യൂരിറ്റിയോട് വെറുതെ കുറച്ചു നേരം സംസാരിച്ചു നിന്ന്. അങ്ങനെ VIP ബ്ലോക്കിൽ മൊത്തം മൂന്നു പേഷ്യന്റ്‌സാണ് ഉള്ളതെന്നും അതിലൊന്ന് ബാംഗ്ലൂർ നിന്ന് വന്ന ഒരു കുട്ടിയാണെന്നും ആ കുട്ടി ഇന്ന റൂമിലാണെന്നും അറിഞ്ഞു. ഇന്നത്തെ ദൗത്യം കഴിഞ്ഞു. ഇനി നാളെ വിനോദ് ഓഫ് കൂടി എടുത്താൽ മതി... സെക്യൂരിറ്റിയോട് കുറച്ചു നേരം കൂടി സംസാരിച്ചു നിന്ന ശേഷം ഹരി മടങ്ങി. 23ആം തീയതി --------------------

ഹരിയുടെയും ദേവന്റെയും അവൻവറിന്റെയും ഒക്കെ കണക്കുകൂട്ടലുകൾ അമ്പേ തകിടം മറിഞ്ഞ ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങി നിൽക്കുമ്പോഴാണ് അൻവർ അലിക്ക് ഒരു കാൾ വരുന്നത്. അതിലൂടെ പറഞ്ഞ വാർത്ത കേട്ട് അയാൾ ആകെ അസ്വസ്ഥനായി. ഇനിയിപ്പോൾ എന്ത് ചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ച ശേഷം തന്റെ സഹപ്രവർത്തകരെ വിളിച്ചു വിവരം അറിയിച്ച ശേഷം ഡ്രസ്സ് മാറി സ്വന്തം കാറുമെടുത്തു അയാൾ വീട്ടിൽ നിന്നറങ്ങി. ഇന്ന് ചെയ്യാൻ പോകുന്ന കാര്യം ആലോചിച്ചു രാവിലെ മുതൽ ഹരിക്കു നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ എയ്ഞ്ചലിന്റെ ജീവൻ രക്ഷിക്കാൻ തനിക്കു ഇതല്ലാതെ വേറൊരു മാർഗം ഇല്ലായെന്ന തോന്നൽ അവനു ധൈര്യം പകർന്നു. എന്തായാലും വിചാരിച്ച കാര്യം ചെയ്യുക തന്നെ. ദേവനോട് എല്ലാം പറഞ്ഞാലോ എന്ന് പല തവണ ആലോചിച്ചു. പക്ഷെ അവൻ ഒറ്റബുദ്ധിയാണ്.തന്നെയുമല്ല ഇപ്പോഴാണ് വഴക്കൊക്കെ നിർത്തി ഒന്ന് നേരെയായതു. ഇനിയും അവനെ പ്രശ്നങ്ങളിലേക്ക് വലിച്ചിടേണ്ട എന്നോർത്ത് വേണ്ടാന്ന് വച്ചു . അവൻ ഹോസ്പിറ്റലിൽ എത്തി ആദ്യം ചെയ്തത് വിനോദ് വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഓഫ് ആണെന്ന് കേട്ടപ്പോഴാണ് അവനു സമാധാനം ആയതു. 25നു ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത് കൊണ്ട് ഇനി വിനോദ് ഇന്നത്തെ ഓഫ് ക്യാൻസൽ ചെയ്യുമോ എന്നൊരു സംശയം ഹരിക്കു ഉണ്ടായിരുന്നു. ഒപി കഴിഞ്ഞതും നഴ്സിംഗ് സ്റ്റേഷനിൽ പോയി പുതിയൊരു പേഷ്യന്റ് ഫയൽ വാങ്ങി.

അതിൽ അന്ന് കണ്ട ഓര്മ വച്ചു ആ ബാംഗ്ലൂർ കാരി കുട്ടിയുടെ ഡീറ്റെയിൽസ് ഫിൽ ചെയ്തു. വേറെ രോഗികളുടെ കുറച്ചു പഴയ കേസ് ഷീറ്റ് പപ്പേഴ്സും ലാബ് റിപോർട്സും നിറച്ചു ഒരു പേഷ്യന്റ് ഫയൽ പോലെ ഒന്നുണ്ടാക്കി. അവൻ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ റൗണ്ട്സിനായി VIP ബ്ലോക്കിലെത്തി. ആദ്യം തന്റെ രോഗിയെ തന്നെ പോയി കണ്ടു. പിന്നീട് സെക്യൂരിറ്റി പറഞ്ഞ ബാംഗ്ലൂർ കാരി കുട്ടിയുടെ മുറിയിലെത്തി. ജയകുമാർ ഡോക്ടറിനോട് സംസാരിച്ചപ്പോൾ ചെയ്തത് പോലെ തന്റെ മൊബൈൽ ബാക്ക്‌ ക്യാമറ ഓൺ ആക്കി അത് പുറത്തേക്കു കാണുന്ന പോലെ ഷർട്ടിന്റെ പോക്കറ്റിൽ വച്ചു . എന്നിട്ടു മിടിക്കുന്ന ഹൃദയത്തോടെ അവരുടെ മുറിയുടെ വാതിലിൽ മുട്ടി.വാതിൽ തുറന്നതു മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ്. തന്റെ മനസ്സിലുള്ള ടെൻഷൻ ഒന്നും പുറത്തേക്കു വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി ഒരു നല്ല ചിരിയോടെ അവരെ അതിസംബോധന ചെയ്തു.. "ഹലോ.. ഐ ആം ഡോക്ടർ ഹരിനന്ദൻ..ഐ ആം ആൻ അസിസ്റ്റന്റ് സർജൻ ഹിയർ..

ക്യാൻ ഐ കം ഇൻ?" അയാള് സംശയത്തോടെ മടിച്ചു നിന്നു . ഹരി പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ചുറ്റും നോക്കികൊണ്ട്‌ മുറിക്കകത്തേക്കു കയറി. അവിടെ കട്ടിലിൽ രണ്ടു വയസ്സുള്ള കൊച്ചു പെൺകുട്ടി കിടക്കുന്നുണ്ട്. ചെറിയ അവശത ഉണ്ടെങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല. പുതുതായി വന്നയാളെ കൗതുകത്തോടെ നോക്കുന്നുണ്ട്. അവളുടെ അടുത്തായി അവളുടെ അമ്മയാണെന്ന് തോന്നുന്നു ഒരു ചെറുപ്പകാരിയും ഉണ്ട്. ഐപാഡ് പോലെ എന്തോ ഒന്നിൽ അവർ കുട്ടിക്ക് കാർട്ടൂൺ കാണിക്കുകയായിരുന്നു എന്ന് തോനുന്നു. അത് അടുത്ത് കിടപ്പുണ്ട്.. ഹരി ഒരു നിറഞ്ഞ ചിരിയോടെ കുട്ടിയുടെ അടുത്തേക്ക് ചെന്ന് " സൊ യൂ ആർ കീപ്പിങ് ബിസി ..." പിന്നെ തിരിഞ്ഞു അവരോടു ചോദിച്ചു.. "മലയാളികൾ അല്ലെ? വിനോദ് ഡോക്ടർ പറഞ്ഞിരുന്നു" അപ്പോഴും അയാളുടെ സംശയം മാറിയിട്ടില്ലന്നു അയാളുടെ മുഖം വിളിച്ചോടുന്നുണ്ടായിരുന്നു. പക്ഷെ ഹരി തന്റെ മുഖം നല്ല ചിരിയോടെ തന്നെ വച്ചു . " വിനോദ് ഡോക്ടറിന് ഇന്ന് ഓഫ് ആണ്.. അത് കൊണ്ടാണ് ഞാൻ മോളുടെ വൈറ്റൽസ് ഒക്കെ ഒന്ന് ജസ്റ്റ് ചെക്ക് ചെയ്യാൻ വന്നതാണ്" " ഡോക്ടർക്ക് പകരം സിസ്റ്റർ വരുമെന്നാണല്ലോ പറഞ്ഞിരുന്നത്" അയാൾ ഹരിയെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.അപ്പോൾ കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടാണ് വിനോദ് പോയിരിക്കുന്നത്. അവരെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കണം എന്ന് ഹരി ആലോചിച്ചു..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story