ദേവാസുരം: ഭാഗം 26

Devasuram nila

രചന: നിള നിരഞ്ജൻ

23ആം തീയതി തുടർച്ച -------------------------- " വിനോദ് ഡോക്ടറിന് ഇന്ന് ഓഫ് ആണ്.. അത് കൊണ്ടു ഞാൻ മോളുടെ വൈറ്റൽസ് ഒക്കെ ഒന്ന് ജസ്റ്റ് ചെക്ക് ചെയ്യാൻ വന്നതാണ്" " ഡോക്ടർക്ക് പകരം സിസ്റ്റർ വരുമെന്നാണല്ലോ പറഞ്ഞിരുന്നത്" അയാൾ ഹരിയെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.അപ്പോൾ കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടാണ് വിനോദ് പോയിരിക്കുന്നത്. അവരെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കണം എന്ന് ഹരി ആലോചിച്ചു. പിന്നെ ഒരു നിറഞ്ഞ ചിരിയോടെ പറഞ്ഞു.. " ലിൻസി സിസ്റ്റർ അല്ലെ? സിസ്റ്റർ മരുന്നുകളും ആയി വരും. ഡെയിലി ഇൻജെക്ഷൻ ഉണ്ടല്ലോ..ഞാൻ റോയ് സാർ പറഞ്ഞിട്ട് മോളുടെ ബിപി യും പൾസും ഒക്കെ ഒന്ന് നോക്കാൻ വന്നേനെ ഉള്ളു. എന്റെ ഒരു പേഷ്യന്റ് ഈ ബ്ലോക്കിൽ തന്നെ റൂം 104 ഇൽ ഉണ്ട്. അപ്പോൾ റോയ് സാറാണ് പറഞ്ഞത് അവിടെ വിനോദ് ഡോക്ടറിന്റെ ഒരു കിഡ്നി ട്രാൻസ്‌പ്ലാന്റ് പേഷ്യന്റ് ഉണ്ട്..എന്തായാലും ഇവിടെ വരുമ്പോൾ മോളെ കൂടി നോക്കാൻ. അത് കൊണ്ടാണ് വന്നത്" ലിൻസി സിസ്റ്ററിന്റെയും റോയ് സാറിന്റെയുമൊക്കെ പേര് കേട്ടപ്പോൾ അവർക്ക്കു ഹരിയെ കുറച്ചു വിശ്വാസമായി. പിന്നെ ഹരിക്കും അവിടെ പേഷ്യന്റ് ഉണ്ടെന്നു കേട്ടപ്പോൾ അതും ഇത് പോലെ ഏതെങ്കിലും അനധികൃതമായ സർജറി ആവുമെന്ന് കരുതിയിട്ടുണ്ടാവും.

എന്തായാലും അയാളുടെ മുഖം കുറച്ചു തെളിഞ്ഞു. ഹരി ആ കുട്ടിയോട് കളിച്ചും ചിരിച്ചും പൾസും ബിപി യും ഒക്കെ ചെക്ക് ചെയ്തു. അതൊക്കെ ഇന്നത്തെ ഡേറ്റിൽ കൊണ്ട് വന്ന ഫയലിൽ നോട്ട് ചെയ്തു. പിന്നെയും എന്തൊക്കെയോ എഴുതി ചേർത്ത്. ഡോക്ടർമാരുടെ കയ്യക്ഷരവും വാക്കുകളും ആർക്കും വായിക്കാൻ പറ്റാത്തത് നന്നായെന്ന് ഹരി ഓർത്തു. അവന്റെ കയ്യിൽ കുട്ടിയുടെ ഫയൽ കൂടി കണ്ടപ്പോൾ അവർക്കു ഹരിയോടുള്ള സംശയം മൊത്തം മാറി. " 25 നല്ലെ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്?" ഫയലിൽ കുത്തിക്കുറിച്ചു കൊണ്ട് ഹരി ചോദിച്ചു "അതെ ഡോക്ടർ.. മോൾക്ക് കുഴപ്പമൊന്നും ഇല്ലാലോ അല്ലെ? ആ കുട്ടിയുടെ അമ്മയാണ് ചോദിച്ചത്. ഹരി ചിരിച്ചു കൊണ്ട് ഇല്ലായെന്ന് തലയാട്ടി. " വേറെ പ്രശ്നമൊന്നും ഉണ്ടാവില്ലലോ അല്ലെ ഡോക്ടർ? ഐ മീൻ..മറ്റേ കുട്ടിയുടെ വീട്ടുകാരോ.. അതോ ആ കുട്ടി അന്ന് വരാതിരിക്കുകയോ മറ്റോ... ഒരുപാടു അന്വേഷിച്ചിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒന്ന് ശരിയായത്" അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് ഹരിക്കു മനസിലായി. തന്റെ മനസ്സിൽ തോന്നിയ വികാരം മുഖത്തു കാണാതിരിക്കാൻ ഹരി പ്രത്യേകം ശ്രദ്ധിച്ചു. " റോയ് സാർ ഏറ്റ കാര്യമല്ലേ.. ഒരു കുഴപ്പവുമുണ്ടാവില്ല" " ഡോക്ടർ ഉണ്ടാവുമോ 25 ത് ഓപ്പറേഷന്?" "ഇല്ല.. വിനോദ് ഡോക്ടർ ആണ് ഉണ്ടാവുക...കുട്ടി ഇപ്പോൾ ഓക്കേ ആണ്.. സൊ ഐ വിൽ ടേക്ക് മൈ ലീവ്" അതും പറഞ്ഞു ഫയലുമായി ഹരി പുറത്തേക്കിറങ്ങി. വാതിൽ തന്റെ പിറകിൽ അടഞ്ഞപ്പോൾ ഹരി ഒരു ദീർഘനിശ്വാസം വിട്ടു.

ഇനിയിപ്പോൾ കുഴപ്പമില്ല. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ക്യാമറ ഓഫ് ചെയ്തു. തത്ക്കാലം വേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞു. 25 ആം തീയതി അനധികൃതമായി ഒരു കിഡ്നി ട്രാൻസ്‌പ്ലാന്റ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന്നും അതിൽ റോയ് സാറിനും വിനോദിനും ലിന്സിക്കും പങ്കുണ്ടെന്നും തെളിയിക്കാൻ ഇത് മതി. സമയത്തു മാച്ചിങ്ങായ ഒരു കിഡ്നി കിട്ടിയില്ലെങ്കിൽ അകത്തു കിടക്കുന്ന നിഷ്കളങ്കയായ കുട്ടിക്ക് എന്തു സംഭവിക്കും എന്നോർത്തപ്പോൾ ഹരിയുടെ മനസ്സിൽ ഒരു വിങ്ങലുണ്ടായി. പക്ഷെ സ്വന്തം കുഞ്ഞിന് വേണ്ടിയാണെങ്കിൽ പോലും മറ്റൊരു കുഞ്ഞിന്റെ ജീവനെടുക്കാനുള്ള അവരുടെ സ്വാർത്ഥതയും പണം കിട്ടാനായി എന്തും ചെയ്യുമെന്നുള്ള റോയ് സാറിന്റെയും കൂട്ടരുടെയും ചിന്താഗതിയും ഓർത്തപ്പോൾ താൻ ചെയ്യുന്നത് ശരിയാണെന്ന ഉറച്ച വിശ്വാസം ഹരിക്കു ഉണ്ടായി. തനിക്കു ഇവിടെ പേഷ്യന്റ് ഉള്ളത് കൊണ്ട് ഇടനാഴിയിൽ വച്ച് തന്നെ ആരെങ്കിലും കണ്ടാലും പ്രശ്നമില്ല.. റൂമിൽ വച്ച് കണ്ടാലാണ് കുഴപ്പം. പക്ഷെ എന്നാലും ഇനി അധികം സമയം പാഴാക്കാനില്ല. ലിൻസി സിസ്റ്റർ ഇൻജെക്ഷൻ എടുക്കാൻ വരുമ്പോൾ താൻ വന്നിരുന്നു എന്ന കാര്യം അവർ പറയുമോ ഇല്ലയോ എന്നറിയില്ല. അങ്ങനെ പറഞ്ഞാൽ അവർക്കു ഉറപ്പായും സംശയമാവും. പിന്നെ അവർ എല്ലാം മറച്ചു വയ്ക്കാൻ എന്ത് വേണമെങ്കിലും ചെയ്യും. എന്ത് ചെയ്യണം എങ്കിലും ഉടനെ ചെയ്യണം..അവൻ വേഗം തന്നെ ഹോസ്പിറ്റലിൽ തിരിച്ചെത്തി അന്നത്തെ ഡ്യൂട്ടി സൈൻ ഔട്ട് ചെയ്തു ഇറങ്ങി.

വീട്ടിൽ പോകാൻ സമയമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇറങ്ങി പോകുന്ന വഴി ദേവനോട് ഒരു അത്യാവശ്യ കാര്യത്തിന് പോവുകയാണെന്ന് മാത്രം പറഞ്ഞു. എന്താണെന്നു അവൻ ചോദിച്ചെങ്കിലും വന്നിട്ട് പറയാമെന്നു പറഞ്ഞു ഹരി ഇറങ്ങി. തന്നോട് പറയാത്ത എന്ത് അത്യാവശ്യമാണ് ഹരിക്കു എന്നോർത്തെങ്കിലും ജോലി തിരക്കിൽ ചോദിയ്ക്കാൻ കഴിഞ്ഞില്ല. അവൻ ആതിയോടും വിളിച്ചു വരാൻ ലേറ്റ് ആവുമെന്ന് അറിയിച്ചു. ഹരി സമയം നോക്കി.. 4 മണി കഴിഞ്ഞിരിക്കുന്നു. ഹരി തന്റെ കാറിൽ കയറി ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി കുറച്ചു ദൂരം ചെന്ന ശേഷം വണ്ടി ഒതുക്കി നിർത്തി. രാവിലെ വീട്ടിൽ നിന്ന് പോന്നപ്പോഴേ ഹരി തന്റെ പേർസണൽ ലാപ്ടോപ്പും ഇത് വരെയുള്ള തെളിവുകൾ ശേഖരിച്ച പെൻഡ്രൈവും കയ്യിൽ കരുതിയിരുന്നു. ഒപ്പം താൻ അധികം ഉപയോഗിക്കാത്ത തന്റെ പഴയ ഫോണും . പെൻഡ്രൈവെടുത്തു ഇന്ന് എടുത്ത വിഡിയോയും അതിനോടൊപ്പം കോപ്പി ചെയ്തു. ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞു.. തന്റെ തെളിവ് ശേഖരണം പൂർത്തിയായിരിക്കുന്നു. ഇനിയും അധികം തിരഞ്ഞു പോയാൽ അവർക്കു സംശയം തോന്നും. ഇനിയുള്ളത് ഇത് വിശ്വാസ്യത ഉള്ള ആരുടെയെങ്കിലും കയ്യിൽ ഏല്പിക്കുക എന്നതാണ്. കുറെ ആലോചനക്ക് ശേഷം ഹരി അതിനു വേണ്ടി തിരഞ്ഞെടുത്ത ആൾ അൻവർ അലിയാണ്.

ഇന്നേ വരെ ഒരു അഴിമതിയും കേട്ടിട്ടില്ലാത്ത ഓഫീസർ. പിന്നെ താൻ സംശയിച്ച പോലെ എബിന്റെ മരണവുമായി ഇതിനു ബന്ധം ഉണ്ടെങ്കിൽ തന്റെ തെളിവുകൾ അൻവറിനും സഹായം ആവും. ദേവന്റെ പിറകെ പിന്നെ അയാൾ വരികയുമില്ല. സമയം വൈകിട്ട് ഏകദേശം അഞ്ചു മണിയായി. ആദ്യം അയാളുടെ ഓഫീസിൽ പോയി നോക്കാം. പിന്നെ വീട്ടിൽ പോകാം എന്നോർത്ത് ഹരി കാര് എടുക്കാൻ തുടങ്ങി. രണ്ടാമത് ഒരു ചിന്തയിൽ തന്റെ ലാപ്ടോപ്പ് ഒന്നുടെ ഓൺ ആക്കി ഒരു പുതിയ ഇമെയിൽ ഐഡി ഉണ്ടാക്കി ആ ഈമെയിലിലേക്കു ഈ പെൻ ഡ്രൈവിൽ ഉള്ള സാധനങ്ങൾ എല്ലാം കോപ്പി ചെയ്ത ഒരു മെയിൽ ആ മെയിൽ ഐഡിയിലേക്ക് തന്നെ അയച്ചിട്ടു. എന്നിട്ടു അൻവറിന്റെ ഓഫീസിലേക്ക് യാത്രയായി. ദേവൻ വീട്ടിലെത്തിയപ്പോഴും ഹരി എത്തിയിട്ടില്ല എന്നത് അവനു അതിശയമായി. പിന്നെ ആതിയോടും അവൻ എവിടെ പോവാണെന്നോ എന്തിനു പോവാണെന്നോ പറഞ്ഞിട്ടില്ല. അവനോടു പറഞ്ഞ പോലെ ഒരു അത്യാവശ്യമുണ്ട് വരാൻ ലേറ്റ് ആവുമെന്ന് മാത്രം പറഞ്ഞു. ദേവന് ഉള്ളിൽ എന്തൊക്കെയോ കാരണം അറിയാത്ത അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. അവനെ വിളിക്കാമെന്ന് ഓർത്തെങ്കിലും എന്തെങ്കിലും തിരക്കിലോ മറ്റോ ആണെങ്കിലോ എന്നോർത്ത് വേണ്ടാന്ന് വച്ചു . അവൻ ഒരു കൊചു കുട്ടിയൊന്നും അല്ലാലോ..എന്തായാലും കുറച്ചു നേരം കൂടിയായിട്ടും വന്നില്ലെങ്കിൽ വിളിച്ചു നോക്കാം എന്ന് ഉറപ്പിച്ചു.

അൻവറിന്റെ ഓഫീസിന്റെ മുന്നിൽ എത്തി ഹരി തന്റെ കാർ പാർക്ക് ചെയ്ത് പെൻഡ്രൈവ് പോക്കറ്റിൽ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. പുറത്തു നിൽക്കുന്ന സെക്യൂരിറ്റിയുടെ അടുത്ത് അൻവർ സാറിനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ സാർ ഇന്ന് ലീവ് ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഇനി നാളെ വന്നാൽ മതിയോ എന്ന് ആദ്യം ചിന്തിച്ചെങ്കിലും പിന്നീട് എപ്പോൾ വേണമെങ്കിലും തന്റെ മേൽ അവർക്കു സംശയം തോന്നാം എന്നുള്ളത് കൊണ്ട് ഇന്ന് തന്നെ സാറിനെ വീട്ടിൽ പോയി കാണാം എന്ന് തീരുമാനിച്ചിറങ്ങി. ഹരി അൻവറിന്റെ വീട്ടിലെത്തി ചുറ്റും നോക്കി. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയപ്പോഴേക്കും സെക്യൂരിറ്റി വന്നു. " ആരാ?" " ഞാൻ ഹരിനന്ദൻ.. ഇവിടെ മേമൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്..അൻവർ സാറിനെ കാണാൻ വന്നതാ.. ഓഫീസിൽ ചെന്നപ്പോൾ സാർ ലീവ് ആണെന്ന് അറിഞ്ഞു. വളരെ അത്യാവശ്യമായ ഒരു കാര്യം സാറിനോട് പറയണമായിരുന്നു. നാളെ വരെ കാക്കാൻ പറ്റില്ല.. അത് കൊണ്ടാണ് ലീവ് ആണെന്നറിഞ്ഞിട്ടും ഇങ്ങോട്ടേക്കു വന്നത്.. സാറിനോട് ഒന്ന് പറയാമോ ഞാൻ വന്നിട്ടുണ്ടെന്ന്.. എന്നെ സാറിന് അറിയാം." " പക്ഷെ സാറെ.. അൻവർ സാർ ഇവിടെ ഇല്ലാലോ?" " ഇല്ലേ?"

" ഇല്ല.. സാറിന്റെ ഉമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞു രാവിലെ ഫോൺ വന്നിട്ട് സാർ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്.. ഇനി ഇന്നേതായാലും വരില്ല.. എന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടും ഇല്ല.. സാർ വിളിക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ ഞാൻ പറഞ്ഞേക്കാം" " അത് സാരമില്ല.. ശരി ചേട്ടാ.. താങ്ക് യൂ" അവൻ തിരികെ കാറിലെത്തി സ്റ്റിയറിങ്ങിൽ തല വച്ച് കിടന്നു. അൻവർ സാർ ഇല്ല.. ഇനിയിപ്പോൾ ആരെയാണ് കാണേണ്ടത്.. പരിചയമുള്ള പോലീസുകാരുടെ മുഖങ്ങൾ ഓർത്തപ്പോഴാണ് പെട്ടെന്ന് ACP മനോജ് ദാസ് ന്റെ കാര്യം ഒർമ്മ വന്നത്. സാറിന്റെ വൈഫ് ന്റെ ഒരു സർജറി കുറച്ചു നാൾ മുൻപ് താനാണ് അറ്റൻഡ് ചെയ്തത്. അന്നുള്ള പരിചയമാണ്. വളരെ നല്ല ഒരു മനുഷ്യനായാണ് അന്ന് തോന്നിയത്. ആ പരിചയത്തിന്റെ പേരിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു നമ്പർ തന്നിരുന്നു. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ ഹരി ആ നമ്പറിലേക്കു വിളിച്ചു " ഹലോ.. ACP മനോജ് ഹിയർ " " ഹലോ സർ.. ഞാൻ മേമൻ ഹോസ്പ്പിറ്റലിലെ ഡോക്ടർ ഹരിനന്ദൻ ആണ്.. ടു യൂ റിമെംബെർ മി ?" " ഓ എസ്.. റ്റെല്ല് മി ഡോക്ടർ?" " സാർ.. എനിക്ക് അത്യാവശ്യമായി സാറിനെ ഒന്ന് കാണണം.. വെരി അർജെന്റ്..ഫോണിൽ കൂടി പറയാൻ പറ്റില്ല..

സാർ ഓഫീസിലോ വീട്ടിലോ എവിടെയാ ഉള്ളതെന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് വരാം " "അങ്ങനെയാണോ? എങ്കിൽ ഡോക്ടർ എന്റെ ഓഫീസിലേക്ക് വരൂ..ഞാൻ ഇത് വരെ ഓഫീസിൽ നിന്ന് ഇറങ്ങിയിട്ടില്ല" " ഓ.. താങ്ക് യു സാർ.. ഐ വിൽ ബി ദേർ ഇൻ 20 മിനിറ്റ്സ്‌ " ഫോൺ വച്ച് കഴിഞ്ഞു നോക്കിയപ്പോഴേക്കും ഫോൺ ലോ ബാറ്ററി കാണിക്കാൻ തുടങ്ങി. അധികം വൈകാതെ ഇത് ഓഫ് ആവുമെന്ന് അവനു മനസിലായി. സാരമില്ല.. അത്യാവശ്യത്തിനു മറ്റേ ഫോൺ ഉണ്ടല്ലോ..ഹരി കാറുമായി എസിപി ഓഫീസിലേക്ക് തിരിച്ചു. തൃശൂരുള്ള ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ അൻവർ അങ്ങോട്ടും ഇങ്ങോട്ടും സ്വസ്ഥത ഇല്ലാതെ നടന്നു. രാവിലെ ഉമ്മാക്ക് സുഖമില്ലാതെ ഹോസ്പ്പിറ്റലിൽ ആണെന്നറിഞ്ഞു ഉടനെ പുറപ്പെട്ടു വന്നതാണ്. പക്ഷെ കേസിന്റെ കാര്യം ഓർക്കുമ്പോൾ അവനു തിരിച്ചു പോകാൻ വ്യഗ്രത ആയിരുന്നു. ഉമ്മയുടെ സ്ഥിതി ഇപ്പോൾ ഭേദമായിട്ടുണ്ട്.. മാത്രമല്ല പെങ്ങളും ഭർത്താവും എത്തിയിട്ടുമുണ്ട്.. അവരെ കാര്യങ്ങൾ ഏല്പിച്ചു എറണാകുളത്തേക്കു മടങ്ങാൻ തന്നെ അൻവർ തീരുമാനിച്ചു. താൻ രാത്രി എത്തുമെന്നും ഭക്ഷണം എന്തെങ്കിലും വാങ്ങി വയ്ക്കണമെന്നും പറയാനാണ് അൻവർ സെക്യൂരിറ്റിയെ വിളിച്ചത് "ഹലോ" " ഹലോ ഞാൻ അൻവറാണ് .. ഞാൻ ഇന്ന് രാത്രി തന്നെ മടങ്ങിയെത്തും.. എനിക്കുള്ള ഭക്ഷണം വാങ്ങി വച്ചേക്കണം എന്ന് പറയാനാണ് വിളിച്ചത്" " ഓക്കേ സാർ.. പിന്നെ ഒരു കാര്യം.. സാറിനെ അന്വേഷിച്ചു മേമൻ ഹോസ്പ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ഇവിടെ വന്നിരുന്നു..

പേര് ഹരിന്നോ മറ്റോ ആണ് പറഞ്ഞത്.. വളരെ അത്യാവശ്യമായി സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്നും നാളെ വരെ കാക്കാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു" ഹരിനന്ദൻ.. ദേവന്റെ ബ്രദർ.. " എന്ത കാര്യമെന്നോ മറ്റോ പറഞ്ഞാരുന്നോ?" "ഇല്ല.. അതൊന്നും പറഞ്ഞില്ല.. സാറിനെ അത്യാവശ്യമായിട്ടു കാണണമെന്ന് മാത്രമേ പറഞ്ഞുള്ളു.. സാർ ഇവിടില്ല പോയിരിക്കുകയാണെന്നു പറഞ്ഞപ്പോൾ തിരിച്ചു പോവുകയും ചെയ്തു" " ഓക്കേ.." ഹരിയെന്തിനാണ് ഇത്രയും അത്യാവശ്യമായി തന്നെ അന്വേഷിച്ചു വന്നത്. ഇനി 25 നു ഹോസ്പിറ്റലലിൽ പ്ലാൻ ചെയ്തിരിക്കുന്ന എന്തിനെ പറ്റിയെങ്കിലും ഡോക്ടർക്ക് അറിവ് കിട്ടിയിട്ടുണ്ടാവുമോ.. അതോ ഇനി എബിന്റെ കാര്യത്തിൽ ദേവനുള്ള പങ്കു അറിഞ്ഞു കാണുമോ.. എന്തായാലും ഡോക്ടറെ ഉടനെ കാണണം.. അൻവർ തന്റെ വീട്ടുകാരോട് അത്യാവശ്യമായി തിരികെ പോവുകയാണെന്ന് പറഞ്ഞു അപ്പോൾ തന്നെ അവിടുന്നിറങ്ങി. തിരികെ പോരുന്ന വഴിക്കു അയാൾ തന്റെ സഹപ്രവർത്തകനെ വിളിച്ചു ഹരിയുടെ നമ്പർ വാങ്ങി.. അതിലേക്കു വിളിച്ചു നോക്കി. പക്ഷെ അത് സ്വിച്ചഡ് ഓഫ് ആണെന്ന് പറഞ്ഞു കൊണ്ടിരുന്നു. അതോടെ അൻവർ തന്റെ കാറിന്റെ വേഗതയും കൂട്ടി. ACP ഓഫീസിലെത്തി കാർ പാർക്ക് ചെയ്തു പുറത്തിറങ്ങാൻ തുടങ്ങിയ ഹരി പെട്ടെന്നൊരു ഉൾപ്രേരണയാൾ തിരിച്ചു കാറിലേക്ക് തന്നെ കയറി.

എന്നിട്ടു താൻ പുതുതായി ഉണ്ടാക്കിയ ഇമെയിൽ ഐഡി യും അതിന്റെ പാസ്സ്‌വേർഡും ദേവന്റെ ഫോണിലേക്കു മെസ്സേജ് ആയി അയച്ചു.താൻ വളരെ പ്രധാനപ്പെട്ട ഒരാളെ കാണാൻ കയറുകയാണെന്നും ഇത് സൂക്ഷിക്കണമെന്നും ബാക്കി എല്ലാം വന്നിട്ട് പറയാമെന്നും അതിന്റെ കൂടെ പറഞ്ഞിരുന്നു. ഈ തെളിവുകൾ മറ്റൊരാളുടെ കയ്യിൽ കൂടെ ഉണ്ടാവുന്നത് നല്ലതാണെന്നു ഹരിക്കു തോന്നി. അതിനു പറ്റിയ ആൾ ദേവൻ തന്നെയാണ്. മെസ്സേജ് കണ്ടു അവൻ തിരിച്ചു വിളിച്ചാൽ സംസാരിക്കാൻ സമയമില്ലാത്തതു കൊണ്ട് തന്റെ ആ ഫോൺ ഹരി കാറിന്റെ ബാക്‌സീറ്റിലേക്കു ഇട്ടു. അത് സീറ്റിൽ തട്ടി താഴേക്ക് വീഴുന്നത് അവൻ കണ്ടില്ല. താൻ സ്ഥിരം ഉപയോഗിക്കുന്ന ഫോൺ നോക്കിയപ്പോഴേക്കു അത് സ്വിച്ച് ഓഫ് ആയിരുന്നു. അത് ഡാഷ്ബോര്ഡിലേക്കു തന്നെ തിരികെ വച്ച് അവൻ എസിപി യെ കാണാൻ കയറി. "മേ ഐ കം ഇൻ സാർ?" " യെസ്‌ .. കം ഇൻ പ്ളീസ്" തന്റെ മുറിയിലേക്ക് കയറി വരുന്ന ഹരിയെ നോക്കി മനോജ് ഹൃദ്യമായി ചിരിച്ചു. "ഹലോ ഡോക്ടർ.. ഞാൻ ഹരിയെ എക്സ്പെക്റ്റ്‌ ചെയ്തു ഇരിക്കുകയായിരുന്നു.. പ്ളീസ് ടേക്ക് എ സീറ്റ്" ഹരി മനോജിന് എതിർവശത്തുള്ള കസേരയിൽ ഇരുന്നു. "നൗ റ്റെല്ല് മി..എന്ത ഹരി അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.. " ഹരി ഒരു ദീർഘനിശ്വാസം എടുത്തു.. എന്നിട്ടു പറഞ്ഞു തുടങ്ങി.. ഹോസ്പിറ്റലിൽ നിന്നെത്തി ചാർജിങ്ങിൽ ഇട്ടിരുന്ന ഫോൺ എടുത്തു നോക്കുമ്പോഴാണ് ഹരിയുടെ ആ മെസ്സേജ് ദേവൻ കാണുന്നത്.

ഒരു ഇമെയിൽ ഐഡിയും അതിന്റെ പാസ്സ്‌വേർഡും. ആരെയൊ കാനൻ പോവുകയാണെന്നും പിന്നെ അത് സൂക്ഷിച്ചുവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആരെയാണ് കാണാൻ പോകുന്നതെന്ന് പറഞ്ഞിട്ടില്ല. തന്നെയുമല്ല മെസ്സേജ് അയച്ചിരിക്കുന്നത് ഹരി അധികം ഉപയോഗിക്കാത്ത നമ്പറിൽ നിന്നാണ്.ഒന്നും മനസിലാവാതെ ദേവൻ ഹരിയുടെ ഫോണിലേക്കു വിളിച്ചു. അവന്റെ ഫോൺ സ്വിച്ച് ഓഫ് എന്ന് പറഞ്ഞു. അവൻ ഹരി മെസ്സേജ് അയച്ചിരിക്കുന്ന നമ്പറിലേക്കു വിളിച്ചു നോക്കി. അത് ബെൽ അടിക്കുന്നുണ്ട്.. പക്ഷെ എടുക്കുന്നില്ല. രണ്ടു മൂന്നു തവണ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. അവൻ വീണ്ടും മെസ്സേജിലേക്കു നോക്കി. എന്തായാലും ഇത് ഹരിയുടെ ഇമെയിൽ ഐഡി അല്ല. അത് സൂക്ഷിക്കണമെന്ന് എന്തിനാണ് പറഞ്ഞിരിക്കുന്നത്.. ഇനി അവന്റെ വല്ല തമാശയും ആവുമോ? എന്തായാലും അവൻ ആ ഐഡിയിൽ കയറി അതിൽ എന്താണെന്നു നോക്കാൻ തന്നെ തീരുമാനിച്ചു. അതിനായി ലാപ്ടോപ്പ് എടുക്കുമ്പോഴാണ് ദേവന്റെ ഫോൺ ബെൽ അടിക്കുന്നത് കേട്ടത്.. ഡിസ്‌പ്ലേയിൽ നിഷ എന്ന് കണ്ടതും ദേവൻ ഫോൺ ചാടി എടുത്തു " പരുന്തെ .." " മൂര്ഖ.. ഒരു ന്യൂസ് കിട്ടിട്ടുണ്ട്.. അൻവർ അലി സ്ഥലത്തില്ലായെന്നു" "അനവറോ .. എവിടെ പോയി?" " അതൊന്നും അറിയില്ല..

പക്ഷെ ഇന്ന് ലീവ് ആയിരുന്നു.. വീട്ടിലും ഇല്ലെന്ന അറിയാൻ കഴിഞ്ഞത്.." കേസ് ഇത്ര ക്രൂഷ്യൽ ആയി മുന്നോട്ടു പോകുമ്പോൾ അൻവർ എവിടെ പോകാനാണ്? എന്തായാലും അയാൾ പിന്മാറുകയൊന്നും ഇല്ല.. അപ്പോൾ പിന്നെ ഈ പോക്ക് തങ്ങൾക്കെതിരെ എന്തെങ്കിലും തുമ്പു തേടിയാവുമോ.. അതോ തങ്ങളെ വഴിതിരിക്കാനോ? " ഉറപ്പാണോ.. ഇവിടെ ഇല്ലെന്നു " " ഡാം ഷുവർ" " അപ്പോൾ നമുക്കുള്ള എന്തെങ്കിലും പണിയാവാനാണ് സാധ്യത.. സൂക്ഷിക്കണം" " ഹ്മ്മ്.. പിന്നെ 25 നു വൈകിട്ട് 6 മണിയോടെയാണ് പരിപാടി പ്ലാൻ ചെയ്തിരിക്കുന്നത്..നമ്മൾ വച്ചിരിക്കുന്ന ക്യാമെറയിൽ നിന്ന് കിട്ടിയ വിവരമാണ്" " അപ്പോൾ 6 മണിക്ക് മുന്നേ ക്യാഷ് കൈമാറും..രാവിലെ മുതൽ നമ്മുടെ ആൾക്കാർ അവിടെ പരിസരത്തു തന്നെ ഉണ്ടാവണം.. ഞാൻ എന്തായാലും ജോലിക്കായി അവിടെ വരുന്നുണ്ടല്ലോ? ഒന്നും പിഴക്കരുത്.. " പിന്നെയും അവരുടെ പ്ലാനിംഗ് ഒക്കെയായി ആ കാൾ ഒരു 30 മിനിറ്റ് കൂടെ നീണ്ടു. 25 ആം തീയതിയിലേ കാര്യങ്ങളും അൻവറിന്റെ പെട്ടെന്നുള്ള പോക്കും ഒക്കെ ഹരിയുടെ മെസ്സേജിന്റെ കാര്യം ദേവന്റെ മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞു..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story