ദേവാസുരം: ഭാഗം 28

Devasuram nila

രചന: നിള നിരഞ്ജൻ

24ആം തീയതി തുടർച്ച ------------------------ ഹരി തന്റെ ചുറ്റും നിൽക്കുന്നവരെ നോക്കി.. രണ്ടു വണ്ടികളിലായി വന്നവർ എല്ലാം ചേർത്ത് ഒരു പത്തു പേരോളം ഉണ്ടായിരുന്നു. അവരുടെ കയ്യിലാണെങ്കിൽ നിറയെ ആയുധങ്ങളും..താൻ ഇവരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ പോകുന്നില്ല എന്ന് ഹരിക്കു ബോധ്യമായി. ദേവൻ ആ മെസ്സേജ് കണ്ടു എയ്ഞ്ചലിനെ എങ്ങനെയും രക്ഷിക്കണമേയെന്നു ഹരി ഉള്ളിൽ പ്രാർത്ഥിച്ചു. അവന്റെ വണ്ടിയിൽ നിന്നും എടുത്ത സാധനങ്ങൾ എല്ലാം അവർ അവരുടെ വണ്ടിയിലേക്ക് മാറ്റി..ഹരിയുടെ നേരെ തോക്കു ചൂണ്ടി നിന്നവൻ അവന്റെ അടുത്തേക്ക് വന്നു.. തോക്കു അവന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ചു "ഞാൻ ചോദിക്കുന്നതിനു ഡോക്ടർ സത്യസന്ധമായി ഉത്തരം പറഞ്ഞാൽ ഡോക്ടർക്ക് ജീവനോടെ ഇവിടുന്നു പോകാം" അത് സത്യമല്ലന്നു ഹരിക്കു അറിയാമായിരുന്നു. താൻ എന്ത് പറഞ്ഞാലും ഇത്രയും സത്യങ്ങൾ അറിയാവുന്ന തന്നെ അവർ എന്തായാലും ജീവനോടെ ബാക്കി വയ്ക്കില്ല. " എന്താണ് നിങ്ങള്ക്ക് അറിയേണ്ടത്?" തങ്ങൾ ഇത്ര പേർ അവനെ കൊല്ലാൻ ചുറ്റും നിൽക്കുകയാണെന്നറിഞ്ഞിട്ടും അവന്റെ ശാന്തമായ മറുപടി അവരെ അത്ഭുദപ്പെടുത്തി.. " നിനക്ക് ആ തെളിവുകൾ എവിടുന്നാ കിട്ടിയത്?" " ഏതു തെളിവുകൾ?"

ചോദിച്ചു തീരും മുന്നേ മുഖമടിച്ചു രണ്ടെണ്ണം കിട്ടി ഹരിക്കു... വായുടെ ഉള്ളിൽ ചോരയുടെ ചൂടും രുചിയും ഹരി അറിഞ്ഞു. " നീയെന്താടാ ആളെ കളിയാക്കുവാണോ ? കുറച്ചു നാളും കൂടെ ജീവിക്കണം എന്നുണ്ടെങ്കിൽ മര്യാദക്ക് പറഞ്ഞോ.. മനോജ് സാറിന്റെ കയ്യിൽ കൊടുത്ത തെളിവുകൾ നിനക്ക് എവിടുന്നു കിട്ടിയതാ?" ഹരിയുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി..അപ്പൊ മനോജ് സാറും ഇവരുടെ ആളായിരുന്നു? ആ തെളിവുകൾ താൻ ഏല്പിച്ചത് തെറ്റായ കരങ്ങളിൽ ആയിരുന്നല്ലോ? ഹരി തന്റെ വായിൽ നിന്ന് ചോര തുപ്പി കളഞ്ഞു "അത് എനിക്ക് ആരും തന്നതല്ല.. ഞാൻ തനിയെ അന്വേഷിച്ചു കണ്ടുപിടിച്ചതാണ്.." " എന്തിനു?" " 25ആം തീയതി അവിടെ നടക്കാനിരുന്ന കിഡ്നി ഓപ്പറേഷൻ തടയാൻ...ഇതിൽ ഉൾപെട്ടവരെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ" " ഈ കാര്യങ്ങളൊക്കെ നിനക്കും മനോജ് സാറിനും അല്ലാതെ മറ്റാർക്കെങ്കിലും അറിയാമോ?" ഈ ചോദ്യം ഹരി ആദ്യം മുതലേ പ്രതീക്ഷിച്ചിരുന്നു " ഇല്ല.." " ഈ തെളിവുകൾ നീ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ?" " ഇല്ല" " സത്യം പറഞ്ഞോ.. അങ്ങനെയാണെങ്കിൽ ഇനിയും നിനക്ക് ജീവിക്കാം" " ഇല്ല.. ഞാൻ ആരോടും പറഞ്ഞിട്ടും ഇല്ല തെളിവുകളും സൂക്ഷിച്ചിട്ടില്ല" അയാൾ ഉടനെ തന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു..

"സാർ..ഇവന്റെ കയ്യിൽ അതിന്റെ കോപ്പി ഒന്നുമില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നുമാ പറയുന്നേ..സാർ പറഞ്ഞ പോലെ ഇവന്റെ ഫോണും ലാപ്ടോപ്പും സാധനങ്ങളുമെല്ലാം എടുത്തിട്ടുണ്ട്.." തന്റെ മരണ വാറന്റ് ആണ് അപ്പുറത്തു ഉള്ളയാൾ അപ്പോൾ ഒപ്പിട്ടുകൊണ്ടിരിക്കുന്നത് എന്ന് ഹരിക്കു അറിയാമായിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പറ്റിയില്ലലോ എന്ന് ഹരി വിഷമത്തോടെ ഓർത്തു..ഫോൺ ചെയ്തു കഴിഞ്ഞു അയാൾ ഹരിയെ നോക്കി ക്രൂരതയോടെ ചിരിച്ചു. അയാളുടെ കയ്യിലുള്ള തോക്കു ഹരിയുടെ നെഞ്ചിനു നേരെ ഉയർന്നു നിന്നു " ഗുഡ്ബൈ ഡോക്ടർ" തന്റെ മരണത്തെ വരവേൽക്കാനായി ഹരി കണ്ണടച്ച് നിന്നു .പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഒരു ബുള്ളറ്റ് അവർക്കിടയിലേക്ക് ഇടിച്ചു കയറിയത്.. ഹരിയെ ഷൂട്ട് ചെയ്യാൻ പോയവൻ ബുള്ളറ്റിന്റ ഇടി കൊണ്ട് തെറിച്ചു വീണു.. അവന്റെ കയ്യിലുള്ള തോക്കു റോഡിലേക്ക് വീണു.. ആ വണ്ടിയുടെ ശബ്ദം തിരിച്ചറിഞ്ഞു ഹരി ഞെട്ടി കണ്ണ് തുറന്നു. "ഹരി.. " ജനിച്ചപ്പോൾ മുതൽ പരിചിതമായ ദേവന്റെ ശബ്ദം ഹരിയുടെ കാതിൽ വന്നു വീണു..ദേവൻ ബുള്ളെറ്റ് ഒരു പ്രാവശ്യം കൂടി അവരുടെ ഇടയിൽ ഇട്ടു വട്ടം കറക്കി.. പെട്ടെന്നുള്ള നീക്കം ആയതിനാൽ വണ്ടി ഇടിക്കാതിരിക്കാൻ അവരെല്ലാം കുറച്ചു പിറകോട്ടു മാറി..

പക്ഷെ എല്ലാവരും തങ്ങളുടെ ആയുധങ്ങൾ കയ്യിൽ മുറുകെ പിടിച്ചു അവരെ അക്രമിക്കൻ തയ്യാറായി തന്നെ അവനെ വളഞ്ഞു നിന്നു . ഹരിയേയും ബൈക്കിൽ കയറ്റി അവിടുന്ന് രക്ഷപെടാൻ പറ്റില്ലാന്ന് ദേവന് മനസിലായി. ഹരിയുടെ അപ്പുറവും ഇപ്പുറവും രണ്ടു പേരുണ്ട്.. ഹരി അനങ്ങിയാൽ അവർ ആക്രമിക്കും.. തത്ക്കാലം താൻ അവരുടെ ടാർഗറ്റ് ആയി മാറുക മാത്രമാണ് ഏക വഴി.. ആ സമയം കൊണ്ട് ആരെങ്കിലും വരും.. അപ്പോഴേക്കും ബുള്ളറ്റിന്റെ ഇടി കൊണ്ട് വീണവൻ എഴുനേറ്റു വന്നിരുന്നു.. അവൻ ചെറുതായി മുടന്തുന്നുണ്ടായിരുന്നു.. "കൊന്നു കളയെടാ ഇവന്മാരെ രണ്ടു പേരെയും" ഞൊടിയിടയിൽ ദേവൻ ബുള്ളറ്റിൽ നിന്നറങ്ങി ഹരിയെ പിടിച്ചു തന്റെയും ബുള്ളെറ്റിന്റെയും ഇടക്കായി നിർത്തി..പിന്നെ തന്റെ നേരെ ഒരുത്തൻ വടിവാൾ വീശിക്കൊണ്ട് വന്നതിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ നെഞ്ചത്ത് തന്നെ ആഞ്ഞൊരു ചവിട്ടു വച്ച് കൊടുത്തു.. " നിനക്കൊന്നും വരില്ല.. ഇവന്മാരെ ഞാൻ നോക്കിക്കോളാം" ദേവൻ ഹരിയോട് പറഞ്ഞു..അപ്പോഴേക്കും രണ്ടു വശത്തു നിന്നും ആളുകൾ അവരുടെ നേരെ ആയുധങ്ങളുമായി കുതിച്ചു കഴിഞ്ഞിരുന്നു..

ദേവൻ തന്നെ കൊണ്ട് പറ്റുന്നത് പോലെയൊക്കെ ഹരിയുടെ ദേഹത്ത് അവരാരും തൊടാതെ നോക്കുന്നുണ്ടായിരുന്നു.. ദേവനും അറിയാമായിരുന്നു അധിക നേരം ഒറ്റയ്ക്ക് ഇത്രയും ആളുകളുടെ മുന്നിൽ പിടിച്ചു നില്ക്കാൻ തനിക്കും കഴിയില്ലായെന്നു. ഹരിയുടെ കൈകൾ കൂട്ടി കെട്ടിയിരിക്കുകയാണെങ്കിലും അവനും തന്നെ കൊണ്ടാവുന്നതു പോലെ കാലു കൊണ്ടും ദേഹം കൊണ്ടുമൊക്കെ അവരെ തള്ളി മാറ്റുന്നുണ്ടായിരുന്നു.പക്ഷെ ഉറക്ക കുറവും ഉച്ച മുതൽ ഒന്നും കഴിക്കാത്തതും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായുള്ള ടെൻഷനുമെല്ലാം ഹരിയെ തളർത്തിയിരുന്നു. പലപ്പോഴും അവൻ വേച്ചു പോവുകയായിരുന്നു. .. വീണു പോകാതിരിക്കാൻ ബുള്ളറ്റിൽ പിടിച്ചു നിൽക്കുകയായിരുന്നു ഹരി.. ദേവൻ തന്റെ ചുറ്റുമുള്ള മൂന്നു പേരെ മാറി മാറി ഇടിക്കുന്ന തിരക്കിലാണ്.. അപ്പോഴാണ് അവന്റെ ഇടി കൊണ്ട് താഴെ വീണ ഒരുത്തന്റെ കയ്യിൽ എന്തോ തടഞ്ഞത്.. അവൻ അതെടുത്തു ദേവന്റെ നേരെ ചൂണ്ടുന്നത് ഹരി കണ്ടു.. മറ്റു രണ്ടു പേരെ പ്രതിരോധിക്കുന്ന ദേവൻ അത് കണ്ടതേയില്ല.. കൈകൾ കെട്ടി വച്ചിരിക്കുന്നത് കൊണ്ട് ദേവനെ തള്ളി മാറ്റാൻ കഴിയില്ലെന്നു ഹരിക്കു അറിയാമായിരുന്നു. വേറൊന്നും ചിന്തിക്കാതെ ഹരി " ദേവ" എന്ന് വിളിച്ചു കൊണ്ട് ദേവന്റെ മുന്നിലേക്ക് കയറി നിന്നു ..

ആദ്യത്തെ ബുള്ളെറ്റ് ഹരിയുടെ നെഞ്ചിന്റെ ഭാഗത്തായി തന്നെ കൊണ്ടു .. ഹരിക്കു വെടി കൊള്ളുന്നത് ഒരു സ്വപ്നത്തിലെന്ന പോലെ ദേവൻ കണ്ടു.. . താൻ എവിടെയാണെന്നോ എന്ത് ചെയ്യുകയായിരുന്നു എന്നൊക്കെ ദേവൻ മറന്നു പോയിരുന്നു. ഹരി വീഴാൻ പോകുന്നതും മറ്റവൻ ഹരിയുടെ നേരെ രണ്ടാമതും ഷൂട്ട് ചെയ്യാൻ പോകുന്നതും കണ്ട ദേവൻ ഞൊടിയിട കൊണ്ട് അവനെ പിടിച്ചു മാറ്റി. എങ്കിലും രണ്ടാമത്തെ ബുള്ളറ്റ് ഹരിയുടെ ഇടത്തെ തോളിൽ തറച്ചു . ഹരിയേയും കൊണ്ട് ദേവൻ നിലത്തേക്ക് പതിച്ചു " ഹരി.. ഹരി .. ഡാ..." കരഞ്ഞു കൊണ്ടുള്ള ദേവന്റെ വിളിക്കു ഒരു പ്രതികരണവും ഉണ്ടായില്ല.. അപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നു. ഉടനെ തന്നെ അവനെ ഹോസ്‌പിറ്റലിൽ എത്തിച്ചില്ലെങ്കിൽ അവന്റെ ജീവന് ആപത്താകുമെന്നു ദേവന് മനസിലായി. ഹരിയേയും തോളിൽ എടുത്തു കൊണ്ട് ദേവൻ എഴുന്നേറ്റതും അവന്റെ തലയ്ക്കു പിന്നിൽ ശക്തമായ ഒരു അടി കിട്ടിയതും ഒരുമിച്ചായിരുന്നു. അതിന്റെ ഷോക്കിൽ ദേവന്റെ കയ്യിൽ നിന്ന് ഹരി വീണ്ടും താഴേക്ക് തന്നെ വീണു.

ഒരു കൈ കൊണ്ട് തലയുടെ പിറകിൽ പിടിച്ചു കൊണ്ട് വേച്ചു വേച്ചു ദേവൻ തിരിഞ്ഞു നോക്കി.. ഇരുമ്പുവടി പോലെ എന്തോ ഒന്ന് പിടിച്ചു കൊണ്ട് നിൽക്കുന്നവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് തന്റെ വയറ്റിൽ എന്തോ കയറി ഇറങ്ങുന്നതും ചൂട് രക്തം തന്റെ ശരീരത്തിൽ നിന്ന് ഒഴുകി ഇറങ്ങുന്നതും അവൻ അറിഞ്ഞു.. രണ്ടാമതും ദേവനെ കുത്താനായി കത്തി ഉയർത്തുമ്പോഴാണ് തങ്ങൾക്കു ചുറ്റും വെളിച്ചം പരക്കുന്നതു അവർ അറിഞ്ഞത്... " വേഗം വിട്ടോടാ.. ആരോ വരുന്നുണ്ട്...." സമയമില്ലാത്തതു കൊണ്ട് ദേവനെയും ഹരിയേയും അവിടെ തന്നെ ഇട്ടു വന്നവർ തങ്ങളുടെ രണ്ടു വണ്ടികളിൽ കയറി അതിവേഗം ഇരുളിൽ മാഞ്ഞു. അവർ പോയതും രണ്ടു വണ്ടികൾ വന്നു ദേവന്റെയും ഹരിയുടെയും അടുത്തായി നിന്നു . അടഞ്ഞു പോകാൻ തുടങ്ങുന്ന കണ്ണുകളിലൂടെ ആരൊക്കെയോ വരുന്നതും ഹരിയെ എടുത്തു കൊണ്ട് പോകുന്നതും ദേവൻ കണ്ടു.. അവൻ അത് തടയാനായി കൈ ഉയർത്താൻ നോക്കിയെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല.. ആരൊക്കെയോ കൂടി തന്നെയും എടുത്തു കൊണ്ട് പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. അവൻ കണ്ണ് തുറന്നു നൊക്കിയെങ്കിലും ഒന്നും വ്യക്തമല്ലായിരുന്നു.. കുറച്ചു നിഴലുകൾ മാത്രം.. " ഹരി.. ഹരി..." " ഹരിയുണ്ട് ദേവ.. വി ആർ ടേക്കിങ് യു ടു ഹോസ്പിറ്റൽ നൗ" പരിചയമുള്ള ശബ്ദം.. " മേമൻ ... ഹോസ്പിറ്റൽ.. വേണ്ട.... ഹരി..." ഹരിയെ മേമൻ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകരുത് എന്നു പറയാൻ ശ്രമിച്ചു കൊണ്ട് ദേവൻ പറഞ്ഞു

"ഐ നോ .. ഐ നോ .." വീണ്ടും ആ ശബ്ദം.. കുറച്ചു മുന്നെയാണ് താൻ ഹരിയോട് അവനു ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞത്..എന്നിട്ടു തന്റെ കണ്മുന്നിൽ വച്ച് തന്നെ.. ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. തലക്കു ഭാരം കൂടി വന്നു.പതിയെ പതിയെ കണ്ണുകൾ തുറക്കാൻ പറ്റാത്തത് പോലെ അടഞ്ഞു പോകുന്നത് അവൻ അറിഞ്ഞു. അവസാനത്തെ ബോധത്തിലും ഹരിക്കു ഒന്നും സംഭവിക്കരുതേ എന്ന് മാത്രമാണ് ദേവൻ പ്രാർഥിച്ചത്.. ഹരിയേയും അവനെ അന്വേഷിച്ചു പോയ ദേവനെയും ഇത്ര നേരമായും കാണാത്തതു കൊണ്ട് നന്ദനത്തിൽ എല്ലാവരും വിഷമിച്ചു തന്നെ ഇരിക്കുകയായിരുന്നു. രണ്ടു പേരെയും ഫോണിലും വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. ബാക്കി എല്ലാവരേക്കാളും കാര്യങ്ങൾ കുറച്ചു കൂടുതൽ അറിയാവുന്ന ആമി ഹരിക്കും ദേവനും ഒന്നും വരുത്താതെ കാത്തോളണേ എന്ന് ഓരോ നിമിഷവും പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് രവിശങ്കറിന്റെ ഫോൺ ബെല്ലടിച്ചതു.. എല്ലാവരും ആകാംഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി " പരിചയമില്ലാത്ത നമ്പറിൽ നിന്നാണ്" അയാൾ ഫോൺ എടുത്തു ചെവിയോട് ചേർത്തു

" ഹലോ" അവിടുന്ന് ഇങ്ങോട്ടു പറയുന്ന കാര്യങ്ങൾ കേട്ട് അറിയാതെ രവി സോഫയിലേക്കിരുന്നു പോയി. " എന്താ രവിയേട്ട... ആരാ വിളിച്ചത്? എന്താ പറഞ്ഞത്?" തന്റെ മുഖത്തേക്ക് വ്യാകുലതയോടെ നോക്കി ഇരിക്കുന്നവരോട് എന്ത് പറയണം എന്നറിയാതെ രവി കുഴങ്ങി. താൻ പേടിച്ച പോലെ തന്നെ ആർക്കോ എന്തോ സംഭവിച്ചിട്ടുണ്ടെന്നു ആമിക്കു മനസിലായി. അവൾ പതിയെ രവിശങ്കറിന്റെ അടുത്തേക്ക് ചെന്നു " ആർക്കാ ചെറിയച്ഛ .. ഹരിയേട്ടനോ അതോ? അയാൾ അവളെ ദയനീയമായി നോക്കി " രണ്ടു പേർക്കും" കേട്ടത് മനസിലാവാതെ ഒന്നും വിശ്വസിക്കാനാവാതെ ആ കുടുംബം അവിടെ തറഞ്ഞിരുന്നു പോയി. ഫോണിലൂടെ തന്റെ ആൾക്കാർ പറയുന്ന വിവരങ്ങൾ കേട്ട് റോയ് മേമൻ ശക്തമായി തന്റെ മൊബൈൽ ടേബിളിലേക്കു എറിഞ്ഞു. " ഇഡിയറ്റ്സ് .. ഒരു കാര്യം ഏൽപ്പിച്ചാൽ നേരാം വണ്ണം ചെയ്യാൻ അറിയില്ല.." ഹരിയെ കൊല്ലാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ ബുള്ളറ്റിൽ വന്നു എന്നാണ് അവർ പറഞ്ഞത്... അതാരായിരിക്കും. പെട്ടെന്നാണ് റോയിക്കു ഹരിയുടെ ബ്രദർ ദേവനെ പറ്റി ഓര്മ വന്നത്..ദേവനും നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുന്നത്.. ഇനി ഹരിക്കറിയാവുന്നതൊക്കെ അവനും അറിയാമോ?

അല്ലെങ്കിൽ പിന്നെ കൃത്യ സമയത്തു അവൻ എങ്ങനെ ഹരിയുടെ അടുത്തെത്തി? അയാൾ ഉടനെ ഫോൺ എടുത്തു മനോജിനെ വിളിച്ചു.. സമയം കുറച്ചധികം വൈകിയതിനാൽ കുറച്ചു നേരം ബെല്ലടിച്ചതിനു ശേഷമാണു അയാൾ ഫോൺ എടുത്തത്. " ഹലോ റോയ്.. എന്താടോ ഈ സമയത്തു? " റോയ് എല്ല കാര്യങ്ങളും മനോജിനോട് പറഞ്ഞു.. " ചെ.. ഇതിപ്പോ അക്കെ കുഴപ്പമായല്ലോ റോയ്? ഹോസ്പിറ്റലുകാർ ഇതിപ്പോൾ എന്തായാലും പോലീസ് കേസ് ആക്കിയിട്ടുണ്ടാവും.. അവന്മാർക്ക് ബോധം വീണാൽ എന്താണ് ഉണ്ടായതെന്നണ് അവർ ഉറപ്പായും പോലീസിനോട് പറയും..കുടുങ്ങുമ്പോൾ ഞാനും കൂടിയാണ് പെടുന്നത്" " എന്താ സാറെ ഇതിനു ഒരു പ്രതിവിധി?" " അവന്മാർ ജീവനോടെ പുറത്തു വരാൻ പാടില്ല. ഹോസ്പിറ്റലിൽ വച്ച് അല്ലാതെ തന്നെ മരണപ്പെടുകയാണെങ്കിൽ അത്രയും നല്ലതു.. അല്ലെങ്കിൽ ഡോക്ടര്സിനെ വാടകക്ക് എടുത്തോ ആളുകളെ വിട്ടോ എങ്ങനെയെന്ങ്കിലും തീർക്കണം.. അവന്മാർ പോലീസിനോട് ഒന്നും പറയാൻ പാടില്ല. പിന്നെ.. സൂക്ഷിച്ചു വേണം.. താൻ ഓപ്പറേഷൻ ചെയ്ത് പറ്റിക്കുന്ന വിവരമില്ലാത്ത പാവങ്ങളെ പോലെ അല്ല.. ഇവന്മാരുടെ വീട്ടുകാരൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്" "ശെരി സാർ" രവിശങ്കറും കുടുംബവും ഹോസ്പിറ്റലിൽ എത്തുമ്പോൾ അവർ രണ്ടു പേരും ഐ.സി. യൂ വിൽ ആണെന്ന വിവരം ആണ് കിട്ടിയത്. അവർ വേഗം തന്നെ ICU വിനു മുന്നിലെത്തി. അവിടെ രണ്ടു പോലീസുകാർ ഉണ്ടായിരുന്നു.

രവിശങ്കർ വേഗം അവരുടെ അടുത്തേക്ക് ചെന്നു " സാർ.. ഞാൻ ദേവന്റെയും ഹരിയുടെയും അച്ഛനാണ്.. എന്താണ് എന്റെ മക്കൾക്ക് പറ്റിയത്?" അവർ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ ICU വിന്റെ ഡോർ തുറന്നു രണ്ടു മൂന്നു ഡോക്ടർസ് എന്തൊക്കെയോ ഡിസ്‌കസ് ചെയ്തു കൊണ്ട് പുറത്തേക്കു വന്നു.. രവിശങ്കർ ഓടി അവരുടെ അടുത്തേക്ക് ചെന്നു ..പിറകെ ബാക്കി എല്ലാവരും " എന്റെ മക്കൾക്ക് എങ്ങനെയുണ്ട് ഡോക്ടർ?" " ഒന്നും പറയാറായിട്ടില്ല.. രണ്ടാളുടെയും നില ക്രിട്ടിക്കൽ ആയി തുടരുകയാണ്.. രണ്ടു പേർക്കും ഇമ്മീഡിറ്റ് ആയി സർജറി ചെയ്യണം.. " രവിശങ്കർ തലയാട്ടി.. "ഒരാളുടെ നെഞ്ചിന്റെ തൊട്ടരികിലായാണ് വെടിയുണ്ട കയറിയിരിക്കുന്നത്.. അത് കൊണ്ട് സർജറി കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരിക്കും.. മറ്റേ ആളുടെ വയറ്റിലെ മുറിവ് കുറച്ചു ഡീപ് ആണ്.. പിന്നെ തലയ്ക്കു പിന്നിലും അടിയേറ്റിട്ടുണ്ട്.. ലെറ്റ് അസ് ഹോപ്പ് ഫോർ ദി ബെസ്റ്റ്‌ . എന്തായാലും സർജറിയുടെ പേപ്പർസ്‌ എല്ലാം സൈൻ ചെയ്ത് കൊടുത്തോളു.." ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുകയാണ് എല്ലവരും .. ഹരിയും ദേവനും കൂടി വരുമ്പോൾ എന്തോ അപകടം പറ്റിയെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. ഇതിപ്പോൾ വെടി കൊണ്ടു , തലക്കടിച്ചു എന്നൊക്കെ പറയുമ്പോൾ.. ആർക്കാണ് തന്റെ മക്കളോട് ഇത്രക്കും വിരോധം?

ഇപ്പോൾ അത് ചിന്തിക്കാനുള്ള സമയം അല്ലായെന്നു അയാൾക്ക്‌ തോന്നി. ആദ്യം തന്റെ മക്കൾ രക്ഷപെടട്ടെ.. ആമി കരഞ്ഞു കൊണ്ട് തന്റെ താലിയിൽ മുറുകെ പിടിച്ചു കൊണ്ട് അവിടെയുള്ള കസേരയിൽ പോയിരുന്നു. "പിന്നെ.. രണ്ടു പേരുടെയും ശരീരത്തിൽ നിന്ന് കുറച്ചധികം ബ്ലഡ് നഷ്ടമായിട്ടുണ്ട്.. റെയർ ബ്ലഡ് ഗ്രൂപുമാണ്...കുറച്ചു ബ്ലഡ് സംഘടിപ്പിക്കേണ്ടി വരും.. " " എന്റെ ബ്ലഡ് ഗ്രൂപ്പും ഓ നെഗറ്റീവ് ആണ്.. ഞാൻ മാത്രമല്ല മോളുമുണ്ട്.. ഞങ്ങളുടെ കൊടുക്കാം.. ബാക്കി എവിടെ നിന്നെങ്കിലും അറേഞ്ച് ചെയ്യാം" " ശെരി.. വേഗം വേണം" " വാ മോളെ.. " രവിശങ്കർ ശ്രീകുട്ടിയെ വിളിച്ചു. അച്ഛനോടൊപ്പം ബ്ലഡ് കൊടുക്കാൻ പോകുന്ന വഴി അവൾ ഫോണെടുത്തു ഒരു നമ്പർ ഡയൽ ചെയ്തു. അപ്പുറത്തു നിന്ന് ഫോൺ എടുത്തപ്പോൾ ഒരു കരച്ചിലോടെ അവൾ വിളിച്ചു " സിദ്ധു ..." ICU വിനു മുന്നിൽ എല്ലാവരും കരച്ചിലും പ്രാർത്ഥനയുമായി ഇരുന്നു കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്ന പോലീസുകാരിൽ ഒരാൾ പുറത്തേക്കു പോയി അൻവർ അലിയെ വിളിച്ചു " ഹലോ സാർ" " ഗണേശ.. എന്താ അവിടുത്തെ അവസ്ഥ?" " രണ്ടു പേരുടെയും നില വഷളാണ്.. ഉടനെ സർജറി വേണമെന്ന പറയുന്നേ.. ആ പയ്യന്മാരുടെ വീട്ടുകാരൊക്കെ എത്തിയിട്ടുണ്ട്" " ഗണേഷ്.. നിങ്ങൾ രണ്ടു പേരും മുഴുവൻ സമയവും അവിടെ വേണം.. എനിക്ക് അപ്പോളപ്പോൾ വിവരങ്ങൾ തന്നു കൊണ്ടിരിക്കണം" " ഓക്കേ സാർ" ഫോൺ വച്ച ശേഷം അൻവർ തന്റെ കൂടെയുള്ള സബ്‌ ഇൻസ്‌പെക്ടർ ആന്റണിയോട് വിവരങ്ങൾ പറഞ്ഞു

"ഇനിയെന്താണ് സാർ നമ്മുടെ പ്ലാൻ?" അൻവർ കുറച്ചു നേരം ആലോചിച്ചു.. " ഹരിക്കു 25ആം തീയതിയിലെ ഡീലിനെ പറ്റിയോ എബിന്റെ കൊലപാതകത്തെ പറ്റിയോ എന്തൊക്കെയോ വിവരം ലഭിക്കുന്നു.. അതുമായി അയാൾ എന്നെ കാണാൻ വരുന്നു.. ഞാൻ ഇവിടെ ഇല്ല എന്നറിഞ്ഞപ്പോൾ അയാൾ അതുമായി വേറാരെയോ ചെന്ന് കാണുന്നു.. ഇതൊക്കെ എങ്ങനെയോ അറിഞ്ഞവർ ഹരിയെ ഇല്ലാതാക്കാൻ നോക്കുന്നു.. ഹരിയെ അന്വേഷിച്ചു ചെല്ലുന്ന ദേവനും അവരുടെ ഇര ആകുന്നു.. ഇതാണ് നമ്മുടെ പ്രാഥമിക നിഗമനം" ആന്റണി തലയാട്ടി " പക്ഷെ ഇതിൽ ഒരുപാടു ചോദ്യങ്ങളുണ്ട്.. ഹരി എന്താണ് അറിഞ്ഞത്? എങ്ങനെയാണു അറിഞ്ഞതു? അയാളുടെ പക്കൽ വല്ല തെളിവുകളും ഉണ്ടോ? ദേവൻ അവിടെ ഹരിയെ അന്വേഷിച്ചു മാത്രം വന്നതാണോ അതോ അയാൾക്കും വല്ലതും അറിയാമോ? ആരാണ് ഇതൊക്കെ ചെയ്യുന്നത്..? എല്ലാത്തിനും ഉത്തരം കിട്ടണമെങ്കിൽ ദേവനും ഹരിയും ബോധത്തിൽ വരണം" " പക്ഷെ സാർ.. അങ്ങനെയാണെങ്കിൽ ഹരിയും ദേവനും മരിച്ചിട്ടില്ല എന്നറിഞ്ഞാൽ അവർ ഇനിയും എന്തെങ്കിലും ചെയ്യാൻ നോക്കില്ല?" " യെസ്‌ .. അത് കൊണ്ട് തന്നെ അവരുള്ള ഹോസ്പ്പിറ്റലിനു നമ്മൾ ശക്തമായ കാവൽ ഏർപ്പെടുത്തും.. പോലീസ് യൂണിഫോമിൽ അല്ല..

മഫ്തിയിൽ..പിന്നെ ദേവൻ നമ്മുടെ കേസിലെ പ്രധാന സസ്പെക്റ്റ്‌ അല്ലെ?" " ഓക്കേ സാർ" " ദേവനും ഹരിക്കും ബോധം വന്നു അവരുടെ മൊഴി എടുക്കുന്നതിനു മുന്നേ നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. പുറപ്പെടാം? " യെസ്‌ സാർ" ദേവന്റെ സങ്കേതത്തിലും വലിയ ചർച്ച നടക്കുകയായിരുന്നു. ദേവൻ ഇല്ലാതെ ഇനി 25 ആം തീയതി അവർ പ്ലാൻ ചെയ്തിരുന്ന ഓപ്പറേഷൻ നടത്തേണ്ടി വന്നാൽ എങ്ങനെ നടത്തും എന്നതായിരുന്നു അവരുടെ ടെൻഷൻ. അവരുടെ അകത്തെ ആൾ ദേവനായിരുന്നു.. അപ്പോഴാണ് പരുന്തിന്റെ ഫോണിലേക്കു ബോസ്സിന്റെ കാൾ വരുന്നത് " ബോസ്" "മൂർഖൻ?" " ഹോസ്പിറ്റലിൽ ആണ്..ബോസ് 25ആം തീയതിയിൽ നമ്മുടെ ഓപ്പറേഷൻ? അവരുടെ പ്ലാനുകൾ മറ്റൊരാൾ അറിഞ്ഞ സ്ഥിതിക്ക് ഇനി അവർ അതിനു മുതിരുമോ?" " അത് സംശയമാണ്.. പക്ഷെ അവൻ അറിഞ്ഞ വിവരങ്ങൾ പുറത്തു പോയിട്ടില്ല എന്നുറപ്പാണെങ്കിൽ അവർ ഒരുപക്ഷെ അത് നടത്തിയേക്കും.. അങ്ങനെ ആണെങ്കിൽ നമ്മുടെ പ്ലാനിനും ഒരു മാറ്റവുമില്ല.. എല്ലാം പറഞ്ഞത് പോലെ തന്നെ നടക്കണം.."

" അല്ല ബോസ് .. മൂർഖൻ ഇല്ലാതെ എങ്ങനാ?" "അത് അന്ന് നടന്നില്ലെങ്കിൽ ഇത്രയും നാൾ നമ്മൾ കഷ്ടപെട്ടതിനു ഒരു വിലയും ഇല്ലാതെ വരും.. " ബോസ് പറയുന്നത് സത്യമാണെന്നു അറിയാവുന്നതു കൊണ്ട് പരുന്തു നിശബ്ദത പാലിച്ചു "മൂര്ഖന് പകരം നമ്മുടെ ഓപ്പറേഷനിൽ പുതിയൊരാൾ ജോയിൻ ചെയ്യും" " അതാരാ?" അയാളുടെ പേര് കേട്ടതും പരുന്തിന്റെ മുഖത്ത് ഞെട്ടലുണ്ടായി. " ബോസ്..??" പിന്നീട് ബോസ് പറയുന്ന കാര്യങ്ങൾ പരുന്തു ശ്രദ്ധയോടെ കേട്ടിരുന്നു. അതിനു ശേഷം ബാക്കി എല്ലാവരോടുമായി പറഞ്ഞു .. " പ്ലാനിൽ ചെറുയൊരു മാറ്റമുണ്ട്"........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story