ദേവാസുരം: ഭാഗം 29

Devasuram nila

രചന: നിള നിരഞ്ജൻ

24ആം തീയതി തുടർച്ച ------------------------ ദേവനെയും ഹരിയേയും സർജറിക്കായി ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. അടുത്തടുത്തുള്ള രണ്ടു തീയേറ്ററുകളിൽ ആയാണ് രണ്ടാളുടെയും സർജറി നടക്കുന്നത്. പ്രാർത്ഥനയുമായി എല്ലാവരും അതിന്റെ മുന്നിൽ കാത്തിരുന്നു . ആമിയും ആതിയും അടുത്തടുത്തായാണ് ഇരുന്നിരുന്നത്. അവർ കൈകൾ കൂട്ടിപിടിച്ചിരുന്നു.. ഒരാളുടെ വിഷമം മറ്റൊരാൾ മനസിലാക്കുന്നുണ്ട് എന്ന് പറയുന്ന പോലെയും അന്യോന്യം സമാധാനിപ്പിക്കുന്ന പോലെയും.. ജാനകി കരഞ്ഞു തളർന്നു ശ്രീകുട്ടിയെ ചാരി ഇരിക്കുകയായിരുന്നു. അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ദൂരെ തങ്ങളുടെ അടുത്തേക്ക് വരുന്ന സിധുവിനെയും അച്ഛനെയും അമ്മയെയും കണ്ടത്.. സിധുവിന്റെ 'അമ്മ അവരുടെ അടുത്തേക്ക് വന്നു ജാനകിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ തുടങ്ങി. മഹേന്ദ്രൻ തമ്പി നേരെ രവിയുടെ എടുത്തേക്കും ചെന്നു . സിദ്ധു ശ്രീകുട്ടിയുടെ അടുത്ത് ചെന്നു " ബ്ലഡിന് ആള് വേണമെന്ന് പറഞ്ഞില്ലേ... അതാ ലേറ്റ് ആയെ.. രണ്ടാളുകൾ കൊണ്ട് വന്നു ബ്ലഡ് ബാൻകിൽ ആക്കിയിട്ടുണ്ട്.." അവൾ നന്ദിയോടെ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു.

" ഒന്നുമില്ല.. നീ പേടിക്കേണ്ട" തന്റെ അടുത്ത് തകർന്നിരിക്കുന്ന രവിയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ മാഹിന്ദ്രൻ ഇരുന്നു . " എന്താടോ മഹേന്ദ്ര എന്റെ മക്കൾക്ക് പറ്റിയത്? അവരെ കുത്തിയെന്നോ വെടി വെച്ചെന്നോ ഒക്കെയാണ് ഇവര് പറയുന്നത്...അവരെ ആരാടോ ഉപദ്രവിക്കുന്നത്?" " അതിന്റെ ഉത്തരം ഹരിക്കും ദേവനും അല്ലെ തരാൻ പറ്റൂ.. അവർക്കു ബോധം വരട്ടെ രവി.. നമുക്ക് എല്ലാം ചോദിച്ചു മനസിലാക്കാം.. " " എന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിക്കുമോ?" " ഒന്നും സംഭവിക്കില്ല..ഈ ഹോസ്പിറ്റൽ എന്റെ ഒരു കൂട്ടുകാരന്റെ ആണ്.. അവനോടു പറഞ്ഞു ഇവിടുത്തെ ഏറ്റവും കഴിവുള്ള ഡോക്ടർസ് ആണ് സർജറിക്കു കയറിയിരിക്കുന്നത്.. താൻ ഒന്ന് കൊണ്ടും പേടിക്കേണ്ട" അത് കേട്ട് കുറച്ചു ആശ്വാസത്തോടെ രവി അയാളുടെ തോളിലേക്ക് ചാരി ഇരുന്നു. ഒരു സുഹൃത്തിനെയും അതിലുപരി ഒരു സഹോദരനെയും പോലെ മഹേന്ദ്രൻ തമ്പിയും അയാളുടെ കുടുംബവും ആ കുടുംബത്തിന് കൂട്ടിരുന്നു. എല്ലാവരും മൗനമായി കണ്ണീരോടെ രണ്ടു ജീവനുകൾക്കായി പ്രാർത്ഥനയോടെ ഇരിക്കുമ്പോഴാണ് പെട്ടെന്ന് " എന്റെ പൊന്നു മോനെ " എന്ന് ഉച്ചത്തിൽ കരഞ്ഞു കൊണ്ട് ഗീത അങ്ങോട്ടേക്ക് ഓടി വന്നത്.. പിന്നാലെ സോമനും നടന്നു വരുന്നുണ്ട്..

അവർ കരഞ്ഞു കൊണ്ട് ഓടി വന്നു ആതിയെ കെട്ടിപിടിച്ചു " അയ്യോ .. എന്റെ മോളെ നിനക്ക് ഇങ്ങനെയൊക്കെ വന്നല്ലോ എന്റെ പൊന്നു മോളെ.." നിശബ്ദത പാലിക്കേണ്ടിടത്തു ഇത്രയും ബഹളം വയ്ക്കുന്ന ഗീതയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ.. മിണ്ടാതിരിക്കാനായി ആതി അവരെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ടെങ്കിലും അതൊന്നും അവർ കാണുന്നെ ഉണ്ടായിരുന്നില്ല.. " ഞാൻ പലപ്രാവശ്യം പറഞ്ഞതാ അവനോടു ആ പിഴച്ചവന്റെ കൂടെ കൂട്ട് കൂടരുതെന്നു..ഇപ്പോൾ കണ്ടില്ലേ അവൻ കാരണം എന്റെ മോനും കൂടി അപകടത്തിൽ പെട്ടത്.." ആമിയെ നോക്കി കുത്തി കുത്തി ഗീത പറഞ്ഞു. അവരുടെ പറച്ചിൽ കേട്ടപ്പോൾ ഗീതക്കും രവിക്കും ശ്രീകുട്ടിക്കു ഒരുപോലെ ദേഷ്യം വന്നെങ്കിലും വഴക്കുണ്ടാക്കാനുള്ള സന്ദർഭവും സമയവും ഇതല്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് അവർ മൗനം പാലിച്ചു. ആതി താൻ പറയുന്നത് മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ട ഗീത പിന്നെയും തുടങ്ങി.. " അയ്യോ.. ഇവളും ഇവളുടെ കെട്ടിയോനും കാരണം എന്റെ മോളുടെ.." " എന്താ ഇവിടെ?" ഒരു നേഴ്സ് വന്നു കടുപ്പിച്ചു ചോദിച്ചപ്പോൾ ഗീത ചൂളിപ്പോയി.. " ഇതൊരു ഓപ്പറേഷൻ തീയറ്റർ ആണ്.. ഇവിടെ ഒച്ച വയ്ക്കരുത് എന്ന് അറിയാൻ പാടില്ലേ? നിങ്ങള്ക്ക് ഒച്ച വയ്ക്കണമെങ്കിൽ മാറി എവിടെയെങ്കിലും പോയിരുന്നു ഒച്ച വയ്ക്കു..

ഇവിടെ ഇരിക്കണം എന്നുണ്ടെങ്കിൽ മിണ്ടാതിരിക്കണം" അതും പറഞ്ഞു അവർ പോയി. ഗീത ആതിയുടെ അടുത്ത് വന്നിരുന്നു.. എന്നിട്ടു അവളോട് പയ്യെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത കൊണ്ട് അവൾ ആമിയുടെ തോളിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു. ഉദ്വെഗഭരിതമായ കുറച്ചു മണിക്കൂറുകൾക്കു ശേഷം ഓപ്പറേഷൻ കഴിഞ്ഞു എന്ന വിവരവുമായി ഡോക്ടർമാർ പുറത്തേക്കു വന്നു. ആദ്യം ഹരിയുടെ ഓപ്പറേഷനാണ് കഴിഞ്ഞത്.. പിന്നീടാണ് ദേവന്റെ കഴിഞ്ഞത്.. രണ്ടു പേരും ഒന്ന് സ്റ്റേബിൾ ആവാൻ കുറച്ചു സമയം കൂടി എടുക്കുമെന്ന് പറഞ്ഞെങ്കിലും സമയത്തു ഹോസ്പ്പിറ്റലിൽ എത്തിച്ചത് കൊണ്ടും ബ്ലഡ് ആവശ്യത്തിന് കിട്ടിയത് കൊണ്ടും രണ്ടാളുടെയും ജീവന് ആപത്തൊന്നും ഉണ്ടാവില്ലെന്ന് അവർ പറഞ്ഞു. അതോടെ എല്ലാവര്ക്കും സമാധാനമായി.. ശ്രീക്കുട്ടി സിധുവിന്റെ കയ്യിൽ അമർത്തി പിടിച്ചു. ആദ്യം പോസ്റ്റ് ഓപ്പറേഷൻ റൂമിലേക്കും പിന്നീട് ICU വിലേക്കും മാറ്റാമെന്ന് ഡോക്ടർമാർ അറിയിച്ചു. ICUവിലെത്തി ബോധം വരുന്ന പോലെ ആർക്കെങ്കിലും കേറി കാണാമെന്നും പറഞ്ഞു.

ആതി ആമിയെയും ജാനകിയേയും കെട്ടിപിടിച്ചു.. തന്നെ അവൾ ശരിക്കൊന്നു നോക്കുക പോലും ചെയ്യാത്തത് ഗീതക്ക് വിഷമമായി. മഹേന്ദ്രന്റെ പരിചയത്തിൽ ഉള്ള ഹോസ്പ്പിറ്റൽ ആയതു കൊണ്ട് അപ്പോൾ തന്നെ അവർക്കു ഒരു മുറി ശരിയായി. ഇനി ഏതായാലും ഇപ്പോളൊന്നും അവരെ കയറി കാണാൻ പാടില്ലാത്തതു കൊണ്ട് എല്ലാവരോടും മുറിയിലേക്ക് പൊയ്ക്കോളാൻ സിസ്റ്റർമാർ പറഞ്ഞു. റൂമിലെത്തിയിട്ടും ഗീത ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും ആരും അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. തങ്ങളുടെ കുടുംബത്തിൽ സംഭവിക്കാൻ സാധ്യത ഉണ്ടയിരുന്ന ഒരു വലിയ ദുരന്തം ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിൽ ആയിരുന്നു അവരെല്ലാവരും.. എല്ലാവരും മുറിയിലേക്ക് പോയെങ്കിലും അൻവർ അലിയുടെ പോലീസുകാർ ഹരിയും ദേവനും ഉള്ള മുറിയുടെ പുറത്തു തന്നെ ഉണ്ടായിരുന്നു. റോയ് മേമൻ ഒരു സ്വസ്ഥതയും ഇല്ലാതെ തന്റെ ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ഇന്നലെ പോകാൻ ഇറങ്ങിയപ്പോൾ ഹരിയുടെ കാര്യം പറഞ്ഞു മനോജ് സാർ വിളിച്ചപ്പോൾ പിന്നെ ഇന്ന് വീട്ടിലേക്കു പോകുന്നില്ലന് തീരുമാനിച്ചതാണ്.. അവന്റെ കാര്യം അങ്ങ് തീർത്തു കളഞ്ഞാൽ പിന്നെ ഒരു പ്രശ്നവുമില്ലന്നു കരുതിയതാണ്..

പക്ഷെ ഇപ്പോൾ അവൻ ജീവനോടെ ഉണ്ട്.. അവന്റെ കയ്യിൽ നിന്ന് എടുത്ത ലാപ്ടോപ്പും ഫോണുമൊക്കെ നശിപ്പിച്ചു കളഞ്ഞേക്കാൻ അവരെ ഏല്പിച്ചിട്ടുണ്ട്..വേറെ എവിടെയെങ്കിലും അവൻ തെളിവുകൾ സൂക്ഷിച്ചിട്ടുണ്ടാവുമോ? അവന്റെ സഹോദരന് അറിയാമായിരിക്കുമോ? എല്ലാമറിയുന്ന അവൻ പോലീസിനോട് വിളിച്ചു പറയുമോ? അവർ ജീവനോടെ ഇരിക്കുന ഓരോ നിമിഷവും തനിക്കു റിസ്ക് ആണ്.. അവരെ കൊല്ലാൻ അവരെ നോക്കുന്ന ഡോക്ടര്സിനെ വിലക്കെടുക്കാമെന്നാണ് ആദ്യം വിചാരിച്ചതു.. പക്ഷെ പിന്നെയാണ് അറിഞ്ഞത്.. അവരുടെ സഹോദരിയെ കല്യാണം കഴിക്കാൻ പോകുന്നത് മഹേന്ദ്രൻ തമ്പിയുടെ മകൻ ആണെന്ന്.. ഈ ഹോസ്പ്പിറ്റൽ അയാളുടെ സുഹൃത്തിന്റെയാണ് .. അവർക്കു ഏറ്റവും വിശ്വാസമുള്ള ഡോക്ടർമാരാണ് അവന്മാരെ നോക്കുന്നത്..പിന്നെ താൻ കുറച്ചു ആളുകളെ അയച്ചിരുന്നു.. പോസ്റ്റ് ഓപ്പറേഷൻ റൂമിനു മുന്നിൽ രണ്ടു പോലീസുകാർ ഉണ്ടെന്നാണ് അവർ വിളിച്ചു പറഞ്ഞത്..അവരുടെ കണ്ണും cctv ക്യാമറയും എല്ലാം വെട്ടിച്ചു അവിടെ കയറുക നടക്കുന്ന കാര്യമല്ല.. വേറെ ഇനി എന്താ ഒരു വഴി?? ഓരോ നു ഓർത്തു തല പുകഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് മനോജ് വിളിച്ചത്.. " എന്തായി റോയ്.. വല്ലതും നടക്കുമോ?" " ഒന്നും നടക്കുന്നില്ല സാറേ.. ആകെ പ്രശ്‌നമാണ് "

ശേഷം അയാൾ കാര്യങ്ങളൊക്കെ പറഞ്ഞു.എല്ലാം ശ്രദ്ധിച്ചു കേട്ട ശേഷം മനോജ് ചോദിച്ചു.. " രണ്ടു പോലീസുകാർ അവിടെ ഉണ്ടെന്നുള്ള കാര്യം തനിക്കു ഉറപ്പാണോ?" " ഉവ്വ് സാറേ.. നമ്മുടെ പിള്ളേര് പോയി കണ്ടതല്ലേ?" " എങ്കിൽ പ്രശ്നമാണ് റോയ്.. സാധാരണ ഇങ്ങനുള്ള കേസുകളിൽ ഹോസ്പ്പിറ്റലിൽ നിന്ന് വിളിച്ചാൽ പോലീസ് വരുമെങ്കിലും കാര്യങ്ങളൊക്കെ അന്വേഷിച്ചു തിരികെ പോയി പിന്നീട് മൊഴി എടുക്കാൻ വരാറാണ്‌ പതിവ്.. ഇവിടെ പോലീസുകാർ അവിടെ തന്നെ നില്കുണെങ്കിൽ അതിനർത്ഥം അവരുടെ ജീവന് ഇപ്പോഴും ആപത്തുണ്ടെന്നു ആർക്കോ അറിയാം എന്നാണ്..എന്ന് വച്ചാൽ.. ഹരി ഈ കാര്യം മറ്റാരോടോ കൂടി പറഞ്ഞിട്ടുണ്ട് എന്ന് നമ്മൾ സംശയിക്കേണ്ടി ഇരിക്കുന്നു" റോയിക്കു വെള്ളിടി കിട്ടിയ പോലെ ഒരു തോന്നൽ ഉണ്ടായി. "പിന്നെ മറ്റൊരു കാര്യം കൂടി കുറച്ചു നേരമായി എന്റെ മനസ്സിൽ ഉണ്ട് റോയ്.." " എന്ത സാർ?" " ഹരിയും ദേവനും ആക്രമിക്കപ്പെട്ട സ്ഥലത്തിന്റെ ഏറ്റവും അടുത്ത് നമ്മുടെ ഹോസ്പ്പിറ്റൽ അല്ലെ? പിന്നെ എന്തിനാണ് ഇത്രയും സൗകര്യമുള്ള നമ്മുടെ ഹോസ്പ്പിറ്റലിൽ കൊണ്ട് വരാതെ അവർ ഇതിലും ദൂരെയുള്ള മറ്റൊരു ഹോസ്പ്പിറ്റലിൽ കൊണ്ട് പോയത്?" അയാൾ പറഞ്ഞത് സത്യമാണെന്നു റോയിയും ഓർത്തു.. " സാർ എന്താണ് പറഞ്ഞു വരുന്നത്?"

" അവന്മാരെ ഇങ്ങോട്ടു കൊണ്ട് വന്നാൽ ആപത്താണെന്നു അറിഞ്ഞു കൊണ്ട് മറ്റൊരു ഹോസ്പിറ്റലായിലേക്കു കൊണ്ട് പോയതാണെങ്കിലോ? " " ഇനി എന്ത് ചെയ്യും സാർ?" "തത്കാലം താൻ ഇപ്പോൾ ഒന്നും ചെയ്യേണ്ട.. ആദ്യം നമുക്ക് കുറച്ചു കാര്യങ്ങൾ അറിയണം.. അതിനു ഞാൻ നേരിട്ട് പോകുന്നത് ആയിരിക്കും നല്ലതു..ഞാൻ വിളിക്കാം തന്നെ.. " " ശെരി സാർ" " അഹ്.. പിന്നെ.. നാളെ നടക്കാനിരിക്കുന്ന ഓപ്പറേഷൻ ഒന്നുകിൽ ക്യാൻസൽ ചെയ്യുകയോ അല്ലെങ്കിൽ ഇതെല്ലാം കെട്ടടങ്ങുന്ന വരെ നീട്ടി വയ്ക്കുകയോ ചെയ്യുന്നതായിരിക്കും നല്ലതു.. " നഷ്ടപ്പെടാൻ പോകുന്ന ലക്ഷങ്ങളെ കുറിച്ചോർത്തപ്പോൾ അയാളുടെ നെഞ്ച് കലങ്ങി. എന്നാലും മനോജ് പറയുന്നതിൽ കാര്യമുണ്ടെന്നു അയാൾക്ക്‌ തോന്നി. ഹരി ആരോടെങ്കിലും. പറഞ്ഞിട്ടുണ്ടെങ്കിൽ.. " ഓക്കേ സാർ..പറഞ്ഞപോലെ നാളത്തെ പരിപാടി ക്യാൻസൽ ചെയ്യാം.. അവരെ ഞാനുടനെ തന്നെ ഇവിടുന്നു മാറ്റാം " റോയിയുടെ മുറിയിൽ ദേവൻ വച്ചിരുന്ന പെൻ കാമറ ദൃശ്യങ്ങൾ നിരീക്ഷിചു കൊണ്ടിരുന്ന തടിയൻ എന്ന് വിളിപ്പേരുള്ള രാഹുൽ ഒന്ന് ഞെട്ടി.. നാളത്തെ അവരുടെ ഓപ്പറേഷൻ ക്യാൻസൽ ആകാൻ പോവുകയാണെന്നാണ് അവർ പറഞ്ഞതിന്റെ അർഥം..അപ്പോൾ തങ്ങൾ പ്ലാൻ ചെയ്തിരുന്നതും നിർത്തി വയ്‌ക്കേണ്ടി വരും..

അവൻ വേഗം തന്നെ ബോസിനെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. തങ്ങൾക്കു കിട്ടിയ മുറിയിൽ അങ്ങിങ്ങായി എല്ലാവരും വിശ്രമിക്കുകയായിരുന്നു.. ഇപ്പോൾ സമയം രാവിലെ 10 മണിയായിരിക്കുന്നു.. ഇന്ന് പുലർച്ചെ ഏകദേശം രണ്ടു മണിക്കു ഈ ഹോസ്പിറ്റലിൽ വന്നതാണ്. എല്ലാവരും ഹരിക്കും ദേവൻ ബോധം വീഴാനുള്ള കാത്തിരിപ്പാണ്.. കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ വിളിച്ചിട്ടു ദേവന് ബോധം വീണിട്ടുണ്ടെന്നും അവനെ ICU വിലേക്കു മാറ്റാൻ പോവുകയാണെന്നും ആർകെങ്കിലും ഒരാൾക്ക് കയറി കാണാമെന്നും പറഞ്ഞു. ആമിയോട് കയറി കണ്ടോളാൻ എല്ലാവരും പറഞ്ഞു.. അവളോടൊപ്പം രവിശങ്കറും ചെന്നു . ആമി പോകാനായി ഇറങ്ങിയപ്പോൾ എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇപ്പോൾ അവനു മാത്രം ഒരു കുഴപ്പവുമില്ല എന്ന് ഗീത പറഞ്ഞു തുടങ്ങിയെങ്കിലും ആതിയുടെ തീക്ഷ്ണമായ നോട്ടത്തിനു മുന്നിൽ അവർ പിന്നീട് നിശബ്ദത പാലിച്ചു. ആമിയും രവിശങ്കറും ICU വിനു മുന്നിലെത്തി അവിടെ കാത്തിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു പറഞ്ഞത് പ്രകാരം ആമി അകത്തേക്ക് കയറി.. തലയിലും വയറ്റിലുമെല്ലാം ബാൻഡേജുമായി തളർന്നു കിടക്കുന്ന അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു.. അവളെ കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.. പിന്നെ അവളുടെ നേരെ കൈനീട്ടി.. അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു " ഹരി??" " ഇപ്പൊ കുഴപ്പമില്ല.. കുറച്ചു കഴിയുമ്പോൾ ഇങ്ങോട്ടേക്കു മാറ്റാം എന്നാണ് പറഞ്ഞത്"

" ഹ്മ്മ് ... ഇതേതു ഹോസ്പിറ്റൽ ആണ്??" അവൾ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു. " എന്താ ദേവേട്ടാ.. എന്താ നിങ്ങള്ക്ക് രണ്ടാൾക്കും പറ്റിയത്?" " ഒക്കെ പറയാം.. ഇപ്പോഴല്ല.. പിന്നെ.. " " എന്റെ ഫോൺ എവിടെ ആമി?" "അറിയില്ല ദേവേട്ടാ.. ഓപ്പറേഷന് കയറ്റിയപ്പോൾ തന്ന സാധനങ്ങളുടെ കൂടെ ദേവേട്ടന്റെ ഫോൺ ഇല്ല.. ഹരിയേട്ടന്റെയും ഫോൺ കാണാനില്ലെന്ന് ആതി പറഞ്ഞിരുന്നു" അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.. പിന്നീടവളെ നോക്കുമ്പോൾ അവന്റെ കണ്ണുകൾ ആർദ്രമായിരുന്നു " പേടിച്ചോ? " ഒത്തിരി" " ഒന്നുല്ലേടാ.. നീ പേടിക്കണ്ട.. എല്ലാവരോടും പറഞ്ഞേക്കു" അവൾ തലയാട്ടി.. പിന്നെ വരാമെന്നും പറഞ്ഞു പുറത്തേക്കിറങ്ങി. അവനോടു സംസാരിച്ചതോടെ തന്റെ നെഞ്ചിലെ പകുതി ഭാരം ഒഴിഞ്ഞത് പോലെ തോന്നി ആമിക്കു..ഇനി ഹരിയേട്ടനും കൂടെ ഒന്ന് ബോധം വന്നാൽ മതി.. എന്നാലും ദേവേട്ടന്റെയും ഹരിയേട്ടന്റെയും ഫോൺ എവിടെ പോയതാവും.. രണ്ടാളും എപ്പോൾ എവിടെ പോയാലും അതും കൊണ്ടേ പോകാറുള്ളൂ.. ദേവേട്ടൻ ഇപ്പോൾ ഫോൺ അന്വേഷിക്കുകയും ചെയ്തു.. അവൽ അസ്വസ്ഥതയോടെ ഓർത്തു. അവളും രവിയും തിരികെ മുറിയിലെത്തി ദേവന്റെ കാര്യങ്ങൾ പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ ഹരിയേയും ICU വിലേക്കു മാറ്റി എന്ന് ഫോൺ വന്നു. ആതി അവനെ കാണാൻ താഴേക്ക് പോയി.

ICU വിൽ തന്റെ അപ്പുറത്തെ ബെഡിൽ മരുന്നിന്റെ മയക്കത്തിൽ ഉറങ്ങുന്ന ദേവനെ ഹരി കുറച്ചു നേരം നോക്കി കിടന്നു.ഹരിയെ ICU വിൽ കൊണ്ട് വന്നു കിടത്തി കഴിഞ്ഞാണ് അവിടെയുള്ള സിസ്റ്റർ അപ്പുറത്തെ ബെഡിൽ ദേവൻ ഉള്ള കാര്യം അവനോടു പറയുന്നത്.. ബോധം വന്നപ്പോൾ മുതൽ മനസ്സിൽ അവനു എന്ത് സംഭവിച്ചിട്ടുണ്ടാവും എന്നാലോചിച്ചു പേടിച്ചിരിക്കുകയായിരുന്നു..വയറ്റത്ത് ഒരു കുത്തും തലയ്ക്കു പിറകിൽ അടിയും ഏറ്റിരുന്നെന്നും ഇപ്പോൾ കുഴപ്പമൊന്നും ഇല്ലായെന്നും സിസ്റ്റർ പറഞ്ഞപ്പോഴാണ് അവനു ആശ്വാസമായത്..അവനു ബോധം വന്നിരുന്നെന്നും ഭാര്യയോട് സംസാരിച്ചെന്നും പറഞ്ഞൂ.. ദേവന്റെ കാര്യത്തിൽ സമാധാനം ആയെങ്കിലും എയ്ഞ്ചേലിന്റെ കാര്യം എന്തവും എന്നോർത്ത് ഹരിക്കു സങ്കടം തോന്നി. അതും ഓർത്തു ദേവനെയും നോക്കി കിടക്കുമ്പോഴാണ് ആതി കയറി വന്നത്.. അവളുടെ കുഴിഞ്ഞ കണ്ണുകളും വാടിയ മുഖവും കണ്ടു ഹരിക്കു വിഷമം തോന്നി. അവൾ അടുത്ത് വന്നപ്പോൾ അവൻ ചിരിച്ചു " പേടിച്ചോ വല്ലാതെ? പേടിക്കണ്ട.. എനിക്ക് ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല" അവൾ കണ്ണീരോടെ തലയാട്ടി " എന്താ പറ്റിയെ ഹരിയേട്ടാ.. ആരാ ഏട്ടനെ?" " ഒക്കെ പറയാം.. പിന്നെ..എല്ലാവരും എവിടെ?" " മുറിയിലുണ്ട്.." " നീ വല്ലതും കഴിച്ചോ?"

അവൾ ഇല്ലായെന്ന് തലയനാക്കി..അവൻ പതിയെ അവളുടെ വയറ്റിൽ കൈ വച്ചു " കഴിക്കു.. പട്ടിണി കിടക്കല്ലേ.." " കഴിക്കാം" " എന്നാൽ പൊയ്ക്കോ.." പൊകുന്ന വഴി അവൾ ദേവന്റെ നെറ്റിയിൽ തലോടുന്നതും അവന്റെ കൂടെയുള്ള സിസ്റ്റർ നോക്കിയപ്പോൾ എന്റെ ഏട്ടനാണ് എന്ന് അവൾ പറയുന്നതും ഹരി കേട്ടു. അവൻ ചിരിയോടെ കണ്ണുകൾ അടച്ചു കിടന്നു. ACP മനോജ് ദാസ് ഹരിയേയും ദേവനെയും അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലിൽ എത്തി ചുറ്റും നോക്കി. രാവിലത്തെ തിരക്ക് ആയി വരുന്നുണ്ട്.. അയാൾ പോലീസ് യൂണിഫോമിൽ തന്നെ ആയിരുന്നു. തന്റെ മനസ്സിൽ തോന്നുന്ന ടെൻഷൻ പുറത്തു കാണിക്കാതെ അയാൾ അകത്തേക്ക് കയറി. ദേവനെയും ഹരിയേയും ICU വിലേക്കു മാറ്റിയ വിവരം താഴെ നിന്ന് അയാൾ അറിഞ്ഞു. ആദ്യം അവരുടെ വീട്ടുകാരെ ഒന്ന് കാണണം.. അയാൾ അവർക്കു വേണ്ടി കൊടുത്തിരിക്കുന്ന മുറിയിലേക്ക് ചെന്നു . പോലീസ് യൂണിഫോമിൽ അകത്തേക്ക് പ്രവേശിക്കുന്ന മനോജിനെ കണ്ടു അവർ എല്ലാവരും എഴുനേറ്റു. ഹരിക്കും ദേവനും എന്താണ് സംഭവിച്ചതെന്നു അറിയാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് അയാൾ പരിചയപ്പെടുത്തിയത്.

അവരോടു തിരിച്ചും മറിച്ചും കുറെ ചോദിച്ചിട്ടും ഹരി ഇന്നലെ എവിടെ എന്തിനു പോയതാണെന്ന് അറിയാൻ പാടില്ല എന്ന് മാത്രമാണ് കിട്ടിയ ഉത്തരം. ദേവൻ ഹരിയെ അന്വേഷിച്ചു പോയതാണെന്നും വേറെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെന്നും എല്ലാവരും പറഞ്ഞു. ആമിയും അത് തന്നെ പറഞ്ഞു. മുറിയിൽ നിന്ന് ഇറങ്ങാൻ നേരം അയാൾ ഒന്ന് കൂടി നിന്നു " ദേവന്റെ ഫോൺ ഉണ്ടോ?" "ഇല്ല സാർ.. ഫോൺ എവിടെയാണെന്ന് അറിയില്ല... ഇന്നലെ പോകുമ്പോൾ ഉണ്ടായിരുന്നു.. പിന്നീട് കളഞ്ഞു പോയെന്നു തോന്നുന്നു .." ആമി പറഞ്ഞു. ഇയാളും ഫോൺ അന്വേഷിക്കുന്നുണ്ടല്ലോ എന്ന് ആമി ഓർത്തു.. "ഇവർക്ക് ആക്സിഡന്റ് ആയ കാര്യം നിങ്ങൾ എങ്ങനെ അറിഞ്ഞു? " " ആരാണെന്നറിയില്ല സാർ രാത്രി ഒരു ഒന്നര കഴിഞ്ഞപ്പോൾ എന്നെ ഒരാൾ വിളിച്ചു പറഞ്ഞതാ.. മക്കൾ ആക്സിഡന്റ് ആയി ഈ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന്" അയാൾ രവിശങ്കറിന്റെ ഫോണിലേക്കു വന്ന നമ്പർ നോട്ട് ചെയ്തു എന്തൊക്കെയോ ആലോചിച്ചു കൊണ്ട് പുറത്തിറങ്ങി. അയാൾ ICU വിനു മുന്നിലെത്തിയപ്പോൾ റോയ് പറഞ്ഞ പോലെ അവിടെ രണ്ടു പോലീസുകാർ ഉണ്ടായിരുന്നു. മനോജിനെ കണ്ടപ്പോൾ അവർ സല്യൂട്ട് ചെയ്തു.. "നിങ്ങൾ ഏതു സ്റ്റേഷൻ ലെ ആണ്?" അവർ സ്റ്റേഷൻ പറഞ്ഞു.

" എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നെ.. മൊഴി എടുക്കാൻ സമയമാവുമ്പോൾ വന്നാൽ പോരെ?" " ഞാനാണ് സാർ അവരോടു പറഞ്ഞത് ഇവിടെ ഫുൾ ടൈം വേണമെന്ന്" അവർക്കു മറുപടി പറയാൻ കഴിയുന്നതിനു മുന്നേ തന്നെ തന്റെ പിറകിൽ നിന്നുള്ള ശബ്ദം കേട്ട് മനോജ് തിരിഞ്ഞു നോക്കി. തന്റെ അടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടതും മനോജിന്റെ മുഖം മങ്ങി.. "സാർ.. ഞാൻ സബ് ഇൻസ്‌പെക്ടർ ആന്റണി.. ഇവിടെ ഇരട്ടകൊലപാതകങ്ങളുടെ കേസിൽ അൻവർ സാറിനെ അസ്സിസ്റ്റ്‌ ചെയ്യുന്നത് ഞാനാണ്" " താൻ എന്താ ഇവിടെ വന്നത്? ഇവരെ എന്തിനാണ് ഇവിടെ നിർത്തിയിരിക്കുന്നത്?" "അത് അൻവർ സാർ പറഞ്ഞത് കൊണ്ടാണ്.. ഇപ്പോൾ അക്രമിക്കപെട്ട ഹരിയും ദേവനും മേമൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർ ആണ്.. ഞങ്ങളുടെ കേസിലെ ഇരയായ എബിൻ ആ ഹോസ്പ്പിറ്റലിന്റെ ഉടമയും..തന്നെയുമല്ല.. ഇന്നലെ ഹരി അൻവർ സാറിനെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിലും അതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടിലും ചെന്നിരുന്നതായി സെക്യൂരിറ്റി പറഞ്ഞിരുന്നു. എബിന്റെ കൊലപാതകത്തെ പറ്റി ഹരിക്കു എന്തോ കാര്യമായ തെളിവ് കിട്ടിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം...

അതുപോലെ ഡോക്ടർ ഹരിയുടെ ലാപ്ടോപ്പും മൊബൈലും അതുപോലെ ദേവന്റെ മൊബൈലും എല്ലാം മിസ്സിംഗ് ആണ്.. എബിന്റെ കൊലയാളികൾ തന്നെയാണ് ഇവരെയും അക്രമിച്ചതെന്നാണ് ഞങ്ങൾ കരുതുന്നത്.. ഹരിയെ അന്വേഷിച്ചു വന്ന ദേവൻ ഹരിയോടൊപ്പം അക്രമിക്കപെടുക ആയിരുന്നു എന്ന് തോനുന്നു.. " " അൻവറിനെ കാണാൻ വന്നത് മറ്റെന്തെങ്കിലും കാര്യത്തിന് ആയിക്കൂടെ?" " അറിയില്ല സാർ.. അത് അവർക്കു ബോധം വീണാലെ പറയാൻ പറ്റൂ.. എന്തായാലും ഐജി യോട് പറഞ്ഞു ഈ കേസ് കൂടി അൻവർ സാർ ഏറ്റെടുത്തിട്ടുണ്ട്..മൊഴി എടുക്കാൻ അൻവർ സാർ നേരിട്ട് വരുമെന്ന പറഞ്ഞത്.. അത് വരെ പ്രൊട്ടക്ഷന് വേണ്ടി മുഴുവൻ സമയവും ഇവിടെ രണ്ടു പൊലീസുകാരെ വേണമെന്ന് സാർ പ്രത്യേകം പറഞ്ഞിരുന്നു" ഇനി എന്ത് ചെയ്യും എന്നറിയാതെ മനോജ് അവിടെ നിന്നു . അൻവർ വന്നു ഇവരെ ചോദ്യം ചെയ്താൽ എല്ലാം അതോടെ കഴിയും " അല്ല .. സാർ എന്ത ഇവിടെ?" " ഞാൻ.. അത്.. ആ.. എന്റെ ഒരു റിലേറ്റീവ് ഇവിടെ ഉണ്ട്.. അങ്ങനെ വന്നപ്പോൾ ഇവിടെ പോലീസിനെ കണ്ടു എന്തെന്നറിയാൻ വന്നതാ.." " ഓക്കേ സാർ" ഇനിയും അവിടെ നിന്നാൽ ശരിയാവില്ലന്നു മനസിലായ മനോജ് പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി.

ഇനി എന്ത് ചെയ്യുമെന്ന് അയാൾക്ക്‌ ഒരു ഊഹവും ഇല്ലായിരുന്നു. അയാൾ പോയ ഉടനെ തന്നെ ആന്റണി അൻവറിനെ വിളിച്ചു കാര്യങ്ങളെല്ലാം ധരിപ്പിച്ചു.. മനോജ് പറഞ്ഞത് പോലെ തന്നെ പിറ്റേന്നത്തെ ഓപ്പറേഷൻ ക്യാൻസൽ ചെയ്യാൻ റോയ് തീരുമാനിച്ചു. ഹരി ഡോക്ടറിന് അപകടം പറ്റിയത് കാരണം സർജറി കുറച്ചു ദിവസത്തേക്ക് തള്ളി വയ്ക്കുന്നു എന്നാണ് ഏയ്ഞലിന്റെ വീട്ടുകാരോട് പറഞ്ഞത്. മറ്റേ കുട്ടിയുടെ വീട്ടുകാരോട് സർജറി റിസ്കിൽ ആണെന്നും അത് കൊണ്ട് തത്കാലം ഹോസ്‌പിറ്റലിൽ നിൽക്കണ്ട എന്നും പറഞ്ഞു അവരോടു റൂം എത്രയും പെട്ടെന്ന് വകേറ്റ്‌ ചെയ്തു പൊയ്ക്കോളാൻ റോയ് ആവശ്യപ്പെട്ടു. എല്ലാം ശരിയാവുമ്പോൾ അറിയിക്കാം എന്നും പറഞ്ഞു.

അവർ എത്രയും പെട്ടെന്ന് തന്നെ റൂം വകേറ്റ്‌ ചെയ്തു പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി. നാളെ കൊണ്ട് തങ്ങളുടെ കുഞ്ഞു മകളുടെ ദുരിതം അവസാനിക്കുമെന്ന് കരുതിയിട്ടു അത് മാറ്റാൻ കഴിയാത്ത സങ്കടം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. തിരിച്ചു പോകുന്ന അവരുടെ കാറിനെ പിന്തുടർന്ന് മറ്റൊരു വണ്ടിയുള്ള കാര്യം അവർ അറിഞ്ഞിരുന്നില്ല. മനോജ് ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി തന്റെ വണ്ടിയിൽ കയറിയ ഉടനെ തന്നെ റോയിയെ വിളിച്ചു ഹോസ്പിറ്റലിൽ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. അൻവർ ആണ് ഹരിയുടെയും ദേവന്റെയും ആക്രമണം അന്വേഷിക്കുന്നത് എന്നറിഞ്ഞപ്പോൾ അയാളും ഒന്ന് ഞെട്ടി. അൻവറിനെ പൈസ കൊടുത്തു വശത്താക്കാൻ പറ്റില്ല എന്ന് അയാൾക്ക്‌ അറിയാമായിരുന്നു. ഹരിയും അൻവറും തമ്മിൽ കാണാതിരിക്കാനുള്ള വഴികൾ തപ്പി അയാൾ വെരുകിനെ പോലെ നടന്നു....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story