ദേവാസുരം: ഭാഗം 3

Devasuram nila

രചന: നിള നിരഞ്ജൻ

ഒരു ദിവസം ജോലി കഴിഞ്ഞു തിരികെയെത്തിയ ജാനകി കണ്ടത് നിലം തുടക്കുന്ന ആമിയെയും .. അവൾ ഒറ്റയ്ക്ക് നിലം തുടക്കുന്നതു കണ്ടിട്ടും കാണാത്ത ഭാവത്തിൽ കാലിന്മേൽ കാലും കയറ്റി വച്ച് എന്തോ കൊറിച്ചു കൊണ്ട് ടീവി കണ്ടു കൊണ്ടിരിക്കുന്ന ആതിയെയുമാണ്. ഒന്ന് സഹായിച്ചു കൂടെ എന്ന ജാനകിയുടെ ചോദ്യത്തിന് താൻ ഇത്രയും നേരം ഇവിടെ പണിയെടുക്കുകയായിരുന്നു എന്ന ഉത്തരമാണ് കിട്ടിയത്. ആമിയെയും ആതിയെയും ജാനകിക്കു കുഞ്ഞിലേ മുതൽ അറിയാവുന്നതു കൊണ്ട് ആമി മാത്രമേ വീട് പണി ഒക്കെ ചെയ്യുകയുള്ളൂ എന്ന് അവൾക്കു ഊഹമുണ്ടായിരുന്നു. തത്ക്കാലം പുതുമോടി ആയതു കൊണ്ട് ജാനകി അത് കണ്ടില്ലന്നു നടിച്ചു. കുറച്ചു നാൾ കൂടി കഴിയുമ്പോൾ ഇതിനു ഒരു പരിഹാരം കാണാമെന്നു തീരുമാനിച്ചു . ദിവസങ്ങൾ പോകവേ ആമി ആ വീട്ടിലുള്ളവരുടെ കണ്ണിലുണ്ണിയായി. വീട്ടിലെ എല്ലാ കാര്യങ്ങളിലും അവൾ ജാനകിയോടൊപ്പം കൂടി. ഒറ്റയ്ക്ക് ആ വീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്ന ജാനകിക്കു ആമിയുടെ സഹായം വലിയ കാര്യമായിരുന്നു.നല്ല നല്ല ഭക്ഷണങ്ങൾ പാകം ചെയ്തു കൊടുത്തു അവൾ ഭക്ഷണ പ്രിയനായ രവിശങ്കറിന്റെയും മനം കവർന്നു. അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയെന്ന പരിഗണന കൊണ്ടും , ദേവൻ അവളോട് കാണിക്കുന്ന അവഗണക്കു പരിഹാരമെന്നോണവും അവർ അവളെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിച്ചു.

ദേവനും ആമിയും തമ്മിൽ വലിയ അടുപ്പമില്ലാനുള്ള കാര്യം ശ്രദ്ധയിൽ പെട്ടെങ്കിലും പണ്ട് സ്ഥിരം കുടിച്ചും വലിച്ചുമൊക്കെ വീട്ടിൽ വന്നിരുന്ന ദേവൻ അവൾ വന്നതിനു ശേഷം ഒരിക്കൽ പോലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചു വീട്ടിൽ വരാത്തത് ആശ്വാസമായി. ആമിയാണ് അതിനു കാരണക്കാരി എന്ന് അവർ ഉറച്ചു വിശ്വസിച്ചു..കുറച്ചു നാൾ കൂടി കഴിയുമ്പോൾ എല്ലാ ദുസ്വഭാവങ്ങളും വിട്ടു അവനെ പഴയ ദേവനായി അവൾ തിരിച്ചു കൊണ്ട് വരും എന്ന് അവൾക്കുറപ്പായിരുന്നു. ഈ എല്ലാ കാര്യങ്ങൾ കൊണ്ടും ജാനകിക്കും രവിശങ്കറിനും ആമിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായി. എല്ലാ കാര്യങ്ങളിലും അവളുടെ അഭിപ്രായം ചോദിക്കുകയും, അവൾക്കു പ്രത്യേകമായി ഡ്രെസ്സും സാധനങ്ങളൊക്കെ വാങ്ങി കൊടുക്കുകയും ചെയ്തു തുടങ്ങി. ഹരിയും ആമിയോട് നല്ല സ്നേഹത്തിലാണ് പെരുമാറിയിരുന്നത്. അത് വരെ നന്ദനത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന ശ്രീകുട്ടിക്കു ആമിക്ക് ലഭിക്കുന്ന പരിഗണന തീരെ ഇഷ്ടപെടുന്നില്ലായിരുന്നു. തന്റെ സ്വന്തം അപ്പച്ചിയും ചെറിയച്ഛനും എന്തിനു തന്റെ ഭർത്താവു പോലും ആമിയെ ഇഷ്ടപ്പെടുന്നത് കണ്ടപ്പോൾ ആതിക്കു അവളോടുള്ള ദേഷ്യം ഒന്ന് കൂടെ കൂടി.അവൾക്കെതിരെ എന്തെങ്കിലും പണി കൊടുക്കാൻ അവർ അവസരം കാത്തിരുന്നു. മാനത്തു ഉരുണ്ടു കൂടിയ മഴക്കാറും നോക്കി വിഷമിച്ചു കൊണ്ട് ജാനകി വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി നിന്നു . ആമി അമ്പലത്തിൽ പോയതാണ്.. നല്ല മഴ വരുന്നുണ്ട്,.

അവളുടെ കയ്യിൽ കുടയും ഇല്ല.. വീട്ടിലെത്തുമ്പോഴേക്കും എന്തായാലും മഴ പെയ്യും.. ഹരിയും ഇല്ല.. രവിയേട്ടനും ഇല്ല അവളെ ഒന്ന് പോയി കൊണ്ട് വരാൻ.. ആതിയാണെങ്കിൽ അവളുടെ വണ്ടിയുമായി വീട്ടിൽ പോയിരിക്കുകയാണ്..എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ദേവന്റെ ബുള്ളെറ്റ് ഗേറ്റ് കടന്നു വരുന്നത് കണ്ടത്. ജാനകി മുറ്റത്തു നിൽക്കുന്ന കണ്ടിട്ടും കാണാത്ത ഭാവത്തിൽ വണ്ടി പോർച്ചിൽ വച്ച് അവൻ അകത്തേക്ക് കയറി പോയി. കുറച്ചു നിമിഷങ്ങൾ ആലോചിച്ച ശേഷം അവർ അവന്റെ മുറിയിലേക്ക് ചെന്നു .. വന്ന വേഷത്തിൽ തന്നെ. മൊബൈലും നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു ദേവൻ. എന്തെങ്കിലും കാര്യമില്ലാതെ 'അമ്മ തന്റെ മുറിയിൽ വരില്ലാന്നു അറിയുന്ന കൊണ്ട് എന്താ എന്ന ഭാവത്തിൽ അമ്മയെ നോക്കി.. " ഡാ .. ആമി അമ്പലത്തിൽ പോയേക്കുവാ. നല്ല മഴയും വരുന്നു.. കുടയും എടുത്തില്ല.. ഇവിടെയാണെങ്കിൽ അച്ഛനും ഹരിയും ഇല്ല" " അതിനു ഞാനെന്തു വേണം?" "നീയവളെ ഒന്ന് പോയി മഴയ്ക്ക് മുൻപ് കൂട്ടീട് വരുമോ?" " എന്നെ കൊണ്ടൊന്നും പറ്റില്ല.. മനുഷ്യൻ ഇപ്പൊ ഇങ്ങു വന്നു കേറിയതെ ഉള്ളു.. അപ്പോളേക്കും ഓരോന്നുമായി വന്നോളും.. തന്നെ പോയതല്ലേ.. ഇള്ള കുഞ്ഞു ഒന്നും അല്ലലോ ..തന്നെ വന്നോളും.. ഇച്ചിരി മഴ കൊണ്ട് എന്ന് പറഞ്ഞു ചത്ത് പോവുകയൊന്നും ഇല്ല" നിസ്സാരമായി അവനതു പറഞ്ഞതും ജാനകിക്കു എന്തെന്നില്ലാത്ത ദേഷ്യം വന്നു. തന്റെ മകൻ ഇത്രയ്ക്കു ദുഷ്ടനാണല്ലോ എന്നോർത്തപ്പോൾ സങ്കടവും.

" പിന്നെ.. ഇത്രയ്ക്കു മടുത്തു വന്നിരിക്കാൻ നീ വലിയ കളക്ടർ ഉദ്യോഗത്തിനു പോയതാണല്ലോ.. വല്ലിടത്തും തെണ്ടി തിരിഞ്ഞു കണ്ടവരോടൊക്കെ അടിയും ഉണ്ടാക്കി വന്നതിനാണു.. വേണ്ടെടാ.. നീ പോകണ്ട.. ഞാൻ പൊക്കോളാം.. ഇവളെ മാത്രം മതിയെന്ന് പറഞ്ഞു കെട്ടിയ പെണ്ണിന്റെ കാര്യത്തിൽ നിനക്ക് ഉത്തരവാദിത്തം ഇല്ലെങ്കിലും അവളെ ഈ നരക ജീവിതത്തിലേക്ക് വലിച്ചിട്ട എനിക്കുണ്ട്..ഞാൻ പോയി കൊണ്ട് വന്നോളാം അവളെ" അതും പറഞ്ഞു അവർ ഇറങ്ങി പോയി. വേഗം തന്നെ വേഷവും മാറി രണ്ടു കുടയുമെടുത്തു അമ്പലത്തിലേക്ക് തിരിച്ചു. 'അമ്മ മുന്നിലത്തെ ഡോർ അടക്കുന്ന ഒച്ച ദേവൻ മുറിയിൽ ഇരുന്നു കേട്ടു. ഒരു അഞ്ചു മിനിറ്റും കൂടി അവൻ മൊബൈലിൽ നോക്കി ഇരിക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല.. പിന്നെ "നാശം" എന്ന് പിറുപിറുത്തു കൊണ്ട് ബൈക്കിന്റെ കീയുമെടുത്തു ഇറങ്ങി. ജാനകി വീടിന്റെ ഗേറ്റ് കടന്നു ഒരു പത്തു ചുവടുകൾ വച്ചപ്പോൾ തന്നെ അവരുടെ അടുത്തായി ഒരു ബുള്ളെറ്റ് വന്നു നിന്നു . നോക്കിയപ്പോൾ ദേവനാണ്. " 'അമ്മ കയറി പൊക്കോ.. അവളെ ഞാൻ പോയി വിളിച്ചോണ്ട് വരാം" ജാനകി ദേവനെ ഒന്ന് നോക്കിയ ശേഷം വീട്ടിലേക്കു തന്നെ തിരിച്ചു പോയി. അമ്പാടി കണ്ണന്റെ മുന്നിൽ തന്റെ വിഷമങ്ങൾ എല്ലാം ഇറക്കി വച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി ആമിക്കു.

തൊഴുതു കഴിഞ്ഞു പുറത്തു പ്രദക്ഷിണം വയ്ക്കാനായി ഇറങ്ങിയപ്പോഴേ കണ്ടു പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങളെ. കുട എടുത്തിട്ടില്ലലോ എന്നോർത്ത് അവൾ വേഗം പ്രദക്ഷിണം വച്ച് പുറത്തിറങ്ങി. നടകളിറങ്ങി വരുമ്പോളാണ് ബുള്ളറ്റിൽ ചാരി തന്നെയും നോക്കി നിൽക്കുന്ന ദേവനെ കണ്ടത്. തന്നെ വിളിക്കാൻ വന്നതാവുമെന്നു ഊഹിച്ചെങ്കിലും അവനെ കണ്ട ഭാവം വയ്ക്കാതെ അവൾ കടന്നു പോകാൻ തുടങ്ങി. അവൻ പിറകിൽ നിന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു " വാ.. വന്നു വണ്ടിയിൽ കയറു.. മഴ വരുന്നുണ്ട്" അവൾ ദേഷ്യത്തോടെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു. " എനിക്ക് ആരുടേം കൂടെ വണ്ടിയിൽ കയറേണ്ട.. നടന്നു പോകാൻ അറിയാം" അവന്റെ മുഖത്ത് ദേഷ്യം ഇരമ്പി വന്നു " എനിക്ക് അത്യാവശ്യം ഉണ്ടായിട്ടല്ല. 'അമ്മ പറഞ്ഞിട്ടാണ്... " " ആര് പറഞ്ഞെന്നു പറഞ്ഞാലും ഞാൻ നിങ്ങളുടെ വണ്ടിയിൽ കയറില്ല.. ഇനി മഴ നനഞ്ഞു അസുഖം വന്നു ചത്താലും സാരമില്ല" ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ആമി കണ്ടു " അവസാനമായിട്ടു ചോദിക്കുകയാണ്.. നീ വരുന്നുണ്ടോ?" " അവസാനമായിട്ടു പറയുകയാണ്.. ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല" അവൻ ബുള്ളറ്റിൽ കയറി അതും സ്റ്റാർട്ട് ചെയ്തു പോകുന്നത് അവൾ നോക്കി നിന്നു . അവൻ കണ്ണിൽ നിന്ന് മാഞ്ഞതിനു ശേഷമാണു അവൾ നടന്നു തുടങ്ങിയത്.

കഷ്ടിച്ച് ഒരു 10 ചുവടുകൾ വച്ചപ്പോഴേക്കു മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. ആമി ആകെ നനഞ്ഞു .. അവൾ നടത്തത്തിന്റെ വേഗത കൂട്ടി.. പക്ഷെ വീട്ടിലെത്താൻ ഇനിയും ദൂരമുണ്ട്.. വീട്ടിലെത്തുമ്പോഴേക്കും നനഞ്ഞു ഒരു പരുവമാകുമെന്നു അവൾക്കു മനസിലായി...ഓരോ അടി വക്കുന്നതിനൊപ്പം മഴയുടെ ശക്തിയും കൂടി വന്നു.. അവളുടെ ശരീരം തണുത്തു വിറക്കാൻ തുടങ്ങി...ദേവന്റെ കൂടെ അവൻ വിളിച്ചപ്പോൾ പോയാൽ മതിയായിരുന്നു എന്ന് ഒരു തവണ ചിന്തിച്ചെങ്കിലും തന്റെ ആത്മാഭിമാനം ഓർത്തപ്പോൾ ആ ചിന്ത അപ്പോൾ തന്നെ കുഴിച്ചു മൂടി. കുറച്ചു വെള്ളത്തിന്റെയും തണുപ്പിന്റെയും പേരിൽ അവന്റെ മുന്നിൽ തോറ്റു കൊടുക്കാൻ പറ്റില്ല.പക്ഷെ അവളുടെ ദൃഢനിശ്ചയത്തിനു അല്പായുസ്സായിരുന്നു.. അവളുടെ കണ്ണുകളെ ഞെട്ടിച്ചു കൊണ്ട് ഒരു മിന്നല്പിണറും പിറകെ ചെവികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടിയും വന്നു. ഇടിമിന്നൽ കുഞ്ഞിലേ തൊട്ടേ ഭയമുള്ള ആമി ഭയന്ന് ഒരു നിമിഷം അവിടെ നിന്നു . എന്ത് ചെയ്യും.. എത്രയും പെട്ടെന്ന് വീട്ടിലെത്തുക മാത്രമാണ് ഏക വഴി..വീണ്ടും നടക്കാൻ തുടങ്ങി.. പക്ഷെ അടുത്ത മിന്നൽ എപ്പോൾ വരുമെന്നുള്ള ഭയം അവളെ പിടി കൂടിയിരുന്നു. പിന്നീടുള്ള ഓരോ മിന്നലിനും അവൾ കിടുങ്ങി വിറച്ചു കൊണ്ട് നടന്നു.

എത്രയും വേഗം വീട്ടിലെത്തിയാൽ മതി എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത. പെട്ടെന്നാണ് ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റാത്ത അത്രയും വെളിച്ചവും എട്ടു ദിക്കും മുഴുങ്ങുന്ന ശബ്ദവുമുള്ള അതിഭയങ്കരമായ ഒരു മിന്നൽ ഭൂമിയെ വിഴുങ്ങിയത്.അവൾ അറിയാതെ തന്നെ തന്റെ കണ്ണും ചെവിയും പൊത്തി അലറി വിളിചു പോയി. മുന്നോട്ടു നടക്കാൻ ശക്തിയില്ലാത്ത പോലെ കാലുകൾ നിലത്തുറച്ചു നിന്നു . തന്റെ തൊട്ടടുത്ത് എന്തോ വന്നു നിൽക്കുന്ന പോലെ തോന്നിയപ്പോഴാണ് അവൾ കണ്ണ് തുറന്നു നോക്കിയത്.. അവളുടെ തൊട്ടടുത്ത് മഴയിൽ നനഞു കുതിർന്നു ബുള്ളറ്റിൽ ദേവേട്ടൻ.. " കയറ് ...വീട്ടിൽ പോകാം" തത്ക്കാലം തന്റെ വാശിക്ക് ഇവിടെ സ്ഥാനമില്ലെന്ന് മനസിലാക്കിയ അവൾ ഒന്നും മിണ്ടാതെ അവന്റെ പിറകിൽ കയറി ഇരുന്നു. ദേവന്റെ കൂടെ ബൈക്കിൽ ഇരിക്കുമ്പോൾ അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവൾ അറിയാതെ തന്നെ അവൾ അവനോടു കുറച്ചു ചേർന്നിരുന്നു. അവളുടെ നനഞ്ഞൊട്ടിയ ദേഹം തന്നിലേക്ക് ചേർന്നപ്പോൾ അവനിലും ഒരു ചെറിയ വിറയലുണ്ടായി. അവളെയും കൊണ്ട് വീട്ടിലേക്കു പോകുമ്പോൾ അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ അവരെയും കാത്തു ജാനകി പോർച്ചിൽ തന്നെ ഉണ്ടായിരുന്നു.

ദേവന്റെ ബൈക്കിൽ കയറി വരുന്ന ആമിയെ കണ്ടപ്പോൾ ജാനകിക്കും സന്തോഷം തോന്നി. വന്ന ഉടനെ തന്നെ ആമി അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തല തുവർത്തനായി അകത്തേക്ക് കയറി പോയി. അവൾക്കു വല്ലാതെ തണുക്കുന്നുണ്ടായിരുന്നു .. അത് കൊണ്ട് തന്നെ മുറിയിലെത്തിയ ഉടനെ തന്നെ അവൾ സാരി മാറാൻ തുടങ്ങി. മുന്താണി അഴിച്ചു മാറ്റിയതും ചാരിയ വാതിൽ തുറന്നു ദേവൻ മുറിയിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം രണ്ടു പേരും അന്യോന്യം നോക്കി നിന്നു . അവന്റെ മുഖത്തെ ഭാവം മാറുന്നത് അവൾ കണ്ടു.അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി നനഞ്ഞ സാരി തന്നെ തന്റെ ദേഹത്തേക്ക് കയറ്റി വച്ചു . കുനിഞ്ഞു നില്കുമ്പോളും അവന്റെ കാൽപ്പെരുമാറ്റം തന്റെ അടുത്തേക്ക് വരുന്നത് അവൾ അറിഞ്ഞു. തണുപ്പിന്റെ കൂടെ മറ്റെന്തോ കൂടി അവളുടെ ശരീരം വിറക്കാൻ തുടങ്ങി. എന്നാൽ അവൻ അവളെ കടന്നു തന്റെ തോർത്തും മാറാനുള്ള ഡ്രെസ്സുമെടുത്തു ബാത്‌റൂമിൽ കയറി വാതിലടച്ചു. ബാത്‌റൂമിൽ കയറിയ ദേവൻ തന്റെ കണ്ണിലെ കാഴ്ച മായ്ക്കാനെന്ന മട്ടിൽ തല ശക്തിയായി കുടഞ്ഞു. പക്ഷെ സാരി പകുതി മാറ്റി.. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി.. മുടിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ജാലകണങ്ങളുമായി.. തണുത്തു വിറച്ചു നിൽക്കുന്ന ആമിയുടെ രൂപം അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു.

അതിനോടൊപ്പം ബൈക്കിൽ തന്നോട് ചേർന്നിരുന്ന അവളെയും കൂടി ഓർത്തപ്പോൾ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് അവനു തോന്നി. അല്ലെങ്കിൽ തന്നെ അസുരനെന്നും താന്തോന്നിയെന്നുമൊക്കെ നാട്ടിലും വീട്ടിലും ഒരുപാടു പേരുണ്ട്.. ഇനി കെട്ടിയ പെണ്ണിനെ തന്നെ കേറിപിടിച്ചവൻ എന്ന പേരും കൂടി വേണ്ട.അത് കൊണ്ട് തന്നെ ഡ്രെസ്സും മാറി ബുള്ളറ്റുമെടുത്തു മഴ നനഞ്ഞു കൊണ്ട് തന്നെ അവൻ പോയി. ആമി ഡ്രസ്സ് മാറി വരുമ്പോൾ മഴയും നനഞ്ഞു ബുള്ളറ്റിൽ കയറി പോകുന്ന ദേവനെ കണ്ടു. അപ്പച്ചി കൊണ്ട് തന്ന ചായ കുടിക്കുമ്പോഴും അവൾ അവനെ പറ്റിയാണ് ചിന്തിച്ചത്. കയറുന്നില്ലന്നു പറഞ്ഞിട്ട്ട്ടു ഇടി വെട്ടിയപ്പോൾ അവന്റെ ബൈക്കിൽ കയറിയതിനു വീട്ടിലെത്തുമ്പോൾ അവൻ അവളെ പുഛിക്കുകയും കളിയാക്കുകയും ചെയ്യുമെന്നാണ് കരുതിയത്. പക്ഷെ ഒന്നുമുണ്ടായില്ല.പിന്നെ മുറിയിൽ തന്നെ അങ്ങനെ കണ്ടപ്പോൾ ഭർത്താവെന്ന അവകാശത്തിന്റെ പേരും പറഞ്ഞു ആ സാഹചര്യം മുതലെടുക്കുമെന്നാണ്.. കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവന്റെ കണ്ണുകളിലെ വികാരം അവൾ കണ്ടതാണ്.. ആഗ്രഹമുണ്ടെങ്കിലും സ്വന്തം ഭാര്യയെ ഒന്നു തൊടാൻ കഴിയാത്ത അവസ്ഥ.. അയാളായിട്ടു തന്നെ ഉണ്ടാക്കിയതാണ്... അനുഭവിക്കട്ടെ.. പക്ഷെ എന്ത് കൊണ്ടോ അവൻ സ്വയം മാറി നിൽക്കുകയാണ് എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ ഉടലെടുത്തിരുന്നു. തലേ ദിവസം മഴ കൊണ്ടതിന്റെ പിറ്റേ ദിവസം രാവിലെ ആയപോഴേക്കും ആമിക്ക് നല്ല പനിയും ജലദോഷവുമായി. രാവിലെ ജാനകി ലീവ് എടുത്തു അവളെ ആശുപത്രിയിൽ കൊണ്ട് പോകാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല.

തത്ക്കാലം മരുന്ന് കഴിച്ചു അവൾ കിടന്നു.വൈകുന്നേരം വരുമ്പോളും കുറഞ്ഞില്ലെങ്കിൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞാണ് ജാനകി ഇറങ്ങിയത്. പോകാൻ നേരം ആമിക്കു വയ്യെന്നും അവളെ നോക്കണമെന്നും ഭക്ഷണം എടുത്തു കൊടുക്കണമെന്നും ആതിയെ പ്രത്യേകം പറഞ്ഞേല്പിച്ചാണ് അവൾ പോയത്. ഉച്ചയായപ്പോഴേക്കു ആമിക്കു തീരെ വയ്യാതായി... വായ്ക്ക് രുചി ഇല്ലെങ്കിലും എന്തെങ്കിലും കുറച്ചു കഴിച്ചാൽ മരുന്ന് കഴിക്കാമെന്നു ഓർത്തു അവൾ എണീക്കാൻ നോക്കി. എഴുനേറ്റു ഒരടി വച്ചപ്പോളേക്കും തലയ്ക്കു ആകെ ഒരു പെരുപ്പ്.. മുറി ചുറ്റും കറങ്ങുന്ന പോലെ.. അവൾ പെട്ടെന്ന് തന്നെ കട്ടിലിലേക്ക് ഇരുന്നു., കുറച്ചു നേരം ഇരുന്നപ്പോൾ കറക്കം നിന്നു . അവൾ വീണ്ടും കട്ടിലിലേക്ക് കിടന്നു. ഒന്നുറങ്ങിയാൽ കുറച്ചു ആശ്വാസം കിട്ടുമെന്ന് കരുതി ഉറങ്ങാൻ ശ്രമിച്ചെങ്കിലും കഠിനമായ തലവേദന കാരണം അതിനും സാധിച്ചില്ല. മരുന്ന് മാത്രം കഴിക്കാമെന്നു വിചാരിച്ചെങ്കിലും അതും അലമാരിയിലാണ് ഇരിക്കുന്നത്. ഇഷ്ടപെടില്ലന്നു അറിഞ്ഞിട്ടും ആതിയെ വിളിച്ചു നോക്കി. എത്ര വിളിച്ചിട്ടും അവൾ വിളി കേട്ടില്ല. ഇനി ഹെഡ്സെറ്റ് എങ്ങാനും വച്ച് ഇരിക്കുകയാണോ എന്നോർത്ത് അവൾ മൊബൈലിലേക്ക് വിളിച്ചു നോക്കിയെങ്കിലും അതിനും മറുപടി കിട്ടിയില്ല. അതോടെ അവൾ ഉറങ്ങുകയോ ടീവി കാണുകയോ ആണെന്ന് ആമിക്കു ബോധ്യമായി. അവൾ തളർച്ചയോടെ കട്ടിലിൽ തന്നെ കിടന്നു....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story