ദേവാസുരം: ഭാഗം 30

Devasuram nila

രചന: നിള നിരഞ്ജൻ

24ആം തീയതി തുടർച്ച ------------------------ ദേവൻ വലിയൊരു മയക്കത്തിൽ നിന്ന് കണ്ണ് തുറന്നു. തന്റെ ചുറ്റുമുള്ള യന്ത്രങ്ങളൊക്കെ ഒന്ന് നോക്കികൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്തു നിന്ന് " ശൂ " എന്ന് ഒച്ച കേൾക്കുന്നത്.. അവൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്ന ഹരിയെയാണ് കണ്ടത്.. അവനെ കണ്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും തന്നോട് പറയാതെ ഓരോന്ന് ഒപ്പിച്ചു വയ്ക്കാൻ പോയതിലുള്ള ദേഷ്യം കാരണം അവൻ മുഖം തിരിച്ചു കിടന്നു. കൊച്ചു കുട്ടികളെ പോലെ ദേഷ്യം പിടിച്ചു മുഖം തിരിച്ചു കിടക്കുന അവനെ കണ്ടപ്പോൾ വേദനക്കിടയിലും ഹരിക്കു ചിരി വന്നു. അപ്പോഴാണ് സിസ്റ്റർ വന്നു അവരുടെ മൊഴി എടുക്കാൻ പോലീസ് വന്നിട്ടുണ്ടെന്ന് പറഞ്ഞത്..പോലീസ് എന്ന് കേട്ടതും ഹരിയുടെ മുഖം ഇരുണ്ടു.. പോലീസിലുള്ള അവന്റെ വിശ്വാസമേ നഷ്ടപ്പെട്ടിരുന്നു.. എന്നാലും ഇതൊരു പോലീസ് കേസ് ആയ സ്ഥിതിക്ക് അവർ വരുമെന്ന് അവനു അറിയാമായിരുന്നു.. അകത്തേക്ക് ഒരു ചിരിയോടെ കയറി വരുന്ന അൻവറിനെ കണ്ടിട്ടും ഹരിയുടെ മുഖം തെളിഞ്ഞില്ല.. അൻവറിനെ അവിടെ കണ്ടപ്പോൾ ദേവനും അതിശയമായി.. പോലീസ് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോഴും അൻവറിനെ അവൻ പ്രതീക്ഷിച്ചില്ലായിരുന്നു. അൻവർ വന്നു ദേവന്റെയും ഹരിയുടെയും ഇടയിൽ ഒരു കസേര ഇട്ടു ഇരുന്നു.. " രണ്ടു പേരോടും പ്രത്യേകം പ്രത്യേകം ചോദിക്കണ്ടല്ലോ എന്നോർത്തിട്ടാണ്..

ഇതാവുമ്പോൾ നിങ്ങള്ക്ക് രണ്ടു പേർക്കും പറയാനുള്ളത് പറയാം" ഹരിയും ദേവനും ഒന്നും മിണ്ടിയില്ല. " പറയൂ.. ഇന്നലെ നിങ്ങൾക്കെന്താണ് സംഭവിച്ചത്?" " പറഞ്ഞിട്ടെന്തിനാ.. ഇനിയും ഞങ്ങളെ കൊല്ലാൻ ആളെ വിടാനാണോ?" ഹരിയുടെ പൊട്ടിത്തെറി അൻവറിൽ മാത്രമല്ല ദേവനിലും ഒരു ഞെട്ടൽ ഉണ്ടാക്കി. പൊതുവെ സൗമ്യശീലനായ ഹരി ഒരു പോലീസ് ഓഫീസറോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത് എന്താണെന്ന് ദേവനും മനസിലായില്ല. പക്ഷെ ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ അൻവർ പുഞ്ചിരിച്ചു.. " ഹരി.. ഹരിയുടെ ദേഷ്യം എനിക്ക് മനസിലാവും.. പക്ഷെ എല്ലാ പോലീസുകാരും ഒരുപോലെ ആവണം എന്നില്ല.." " എങ്ങനെ വിശ്വസിക്കും? നിങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ അല്ലെ രക്ഷിക്കാൻ ശ്രമിക്കൂ?" "എനിക്ക് ഹരിയെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയില്ല.. പക്ഷെ എന്നോടുള്ള വിശ്വാസം കൊണ്ടാണ് ഹരി ഇന്നലെ എന്നെ കാണാൻ വന്നതെന്ന് എനിക്കറിയാം.. ആ വിശ്വാസത്തോടെ ഹരിക്കു എന്നോട് കാര്യങ്ങൾ പറയാം.." ഹരി ദേവനെ നോക്കി. അവൻ പറഞ്ഞോളൂ എന്ന മട്ടിൽ തലയാട്ടി കാണിച്ചു.. " സാർ.. ഒരു കൊച്ചു കുട്ടിയുടെ ജീവനാണ് ഞാൻ ഇപ്പോൾ സാറിന്റെ കയ്യിൽ ഏല്പിക്കാൻ പോകുന്നത്.. അത് രക്ഷിക്കേണ്ട ചുമതല ഇപ്പോൾ സാറിനാണ്.." ഹരി പറഞ്ഞതിന് അൻവർ തല കുലുക്കി .. "

പറഞ്ഞോളൂ ഹരി.." ഹരി അബദ്ധവശാൽ വിനോദിന്റെ മുറിയിൽ എയ്ഞ്ചലിന്റെ ഫയൽ കണ്ടെത്തിയത് മുതൽ ഇന്നലെ രാത്രി വരെ ഉള്ള എല്ലാ കാര്യങ്ങളും അൻവറിനോട് പറഞ്ഞു.. അൻവർ എല്ലാം ശ്രദ്ധയോടെ കേട്ടു.. "മനോജിന്റെ കയ്യിൽ ഏല്പിച്ച തെളിവുകൾ മറ്റെവിടെയെങ്കിലും ഉണ്ടോ ഹരി.. അതോ അതൊരു കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളു?" ഹരി വീണ്ടും ദേവനെ നോക്കി.. വീണ്ടും പറഞ്ഞോളൂ എന്ന് ദേവൻ അവനെ തലയാട്ടി കാണിച്ചു " ഞാൻ പുതിയതായി ഒരു ഇമെയിൽ ഐഡി ഉണ്ടാക്കി എല്ലാം അതിൽ സൂക്ഷിച്ചിട്ടുണ്ട്.." അവൻ അതിന്റെ യൂസർനേമും പാസ്സ്‌വേർഡും അൻവറിനു പറഞ്ഞു കൊടുത്തു. അത് കഴിഞ്ഞപ്പോൾ അൻവർ ദേവന് നെരെ തിരിഞ്ഞു "ഹരി ഇപ്പോൾ പറഞ്ഞ നാളെ മേമൻ ഹോസ്‌പിറ്റലിൽ നടക്കാനിരുന്ന ഓപ്പറേഷനെ പറ്റി ദേവന് വല്ലതും അറിയാമായിരുന്നോ? ദേവനും അവിടെയല്ലേ ജോലി ചെയ്തിരുന്നത്?" " ഇല്ല" ഒറ്റവാക്കിൽ അവൻ മറുപടി പറഞ്ഞു.. " ഹരി ഒന്നും ദേവനോട് പറഞ്ഞില്ലേ?" " ഇല്ല" " അപ്പോൾ ഇതിനെ പറ്റി ദേവന് ഒരു അറിവും ഉണ്ടായിരുന്നില്ലേ?" " ഹരി ആരെയോ കാണാൻ പോവാണെന്നു പറഞ്ഞു ഇമെയിൽ ഐഡി എനിക്കും അയച്ചു തന്നിരുന്നു.. അത് തുറന്നു നോക്കിയപ്പോഴാണ് ഞാൻ കണ്ടത്.. അപ്പോൾ പിന്നെ ഞാൻ അവനെ അന്വേഷിച്ചു പോയി.."

" ഹരി കൃത്യം ആ സ്ഥലത്തു ഉണ്ടെന്നു എങ്ങനെ ദേവന് മാന്ഡിലായി?" " ഞാൻ അന്വേഷിച്ചു കണ്ടു പിടിച്ചു" അൻവർ ഒന്ന് ചിരിച്ചു.. " ഓക്കേ .. ഹരി വൺ മോർ ക്വസ്റ്റിൻ " " മേമൻ ഹോസ്പ്പിറ്റലിന്റെ ഓണർ എബിന്റെ കൊലപാതകവുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടെന്ന് ഹരി കരുതുന്നുണ്ടോ?" ജയിംസിന്റെ മരണവുമായി ബന്ധപെട്ടു തന്റെ മനസ്സിൽ അന്ന് തോന്നിയ സംശയം ഹരി അൻവറിനോട് പറഞ്ഞു. "അപ്പോൾ ചിലപ്പോൾ എല്ലാ കള്ളത്തരങ്ങളും എബിൻ കണ്ടുപിടിച്ചത് കൊണ്ടായിരിക്കുമല്ലേ അവർ എബിനെ കൊലപ്പെടുത്തിയത്.. എന്താ ദേവൻ.. തനിക്കു എന്താ തോന്നുന്നത്?" അവൻ അൻവറിനെ ദേഷ്യത്തോടെ ഒന്ന് നോക്കി "എനിക്കറിയില്ല" " ഓക്കേ.. എല്ലാ ചോദ്യങ്ങൾക്കും ഉടനെ തന്നെ ഉത്തരം കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്.. എന്നാൽ ഞാൻ വരട്ടെ.. താങ്ക് യു ഫോർ യുവർ ഹെല്പ്" അൻവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹരി അയാളെ വിളിച്ചു " സാർ.. പ്ളീസ് ഹെല്പ് എയ്ഞ്ചേൽ.. " " ഷുവർ ഹരി.. ഡോണ്ട് വറി.. നമുക്കു ഉടനെ തന്നെ വീണ്ടും കാണാം ദേവ" അതും പറഞ്ഞു അയാൾ പുറത്തേക്കു പോയി. " ഇയാൾക്ക് നിന്നോടുള്ള കലിപ്പ് ഇത് വരെയും മാറിയില്ലലോട ?" അൻവർ പോയതിനു പിന്നാലെ ഹരി ദേവനോട് പറഞ്ഞു..

" ഹ്മ്മ്.. പക്ഷെ നീ പേടിക്കണ്ട.. എന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ അവൻ ഒരിക്കലും അവന്റെ ഡ്യൂട്ടി മറക്കില്ല" അതിനു മറുപടി പറയാൻ ഹരി പോയപ്പോഴേക്കും അവിടെ കിടന്നു ഒച്ച വയ്ക്കുന്നതിന് സിസ്റ്റർ വന്നു വഴക്കു പറഞ്ഞു. അതോടെ ഹരിയും ദേവനും രണ്ടു വശത്തേക്ക് നോക്കി കിടന്നു. ICU വിൽ നിന്ന് പുറത്തേക്കിറങ്ങിയ അനവറിന്റെ സന്തോഷത്തോടെയുള്ള മുഖഭാവം കണ്ടപ്പോഴേ പുറത്തു കാത്തു നിന്ന ആന്റണിയുടെ മുഖത്തും സന്തോഷം നിറഞ്ഞു. " കിട്ടിയോ സാർ?" അൻവർ ഹരി പറഞ്ഞ ഇമെയിൽ ഐഡി യും പാസ്സ്‌വേർഡും എഴുതിയെടുത്ത പേപ്പർ ഉയർത്തി കാണിച്ചു. അവർ ഓഫീസിലെത്തി ഹരി കൊടുത്ത മെയിൽ ഐഡി യിൽ കയറി അതിൽ ഉണ്ടായിരുന്ന ഡീറ്റെയിൽസ് ഒക്കെ കണ്ടു. അതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ അൻവർ പറഞ്ഞു.. "ലെറ്റ്‌ അസ് പ്രൊസീഡ്" " ആദ്യം എങ്ങോട്ടാണ് സാർ?" " ദേവന്റെ സങ്കേതത്തിലേക്കു" ദേവന്റെ സങ്കേതത്തിൽ ഇരുന്നു ഫിലിപ്പ് ജോർജ് എന്ന ബിസിനസ്സുകാരൻ വല്ലാതെ വിയർത്തു. നല്ല സാമ്പത്തികം ഉള്ള പരിസ്ഥിതി ആയിരുന്നു അയാളുടേത്.. ഭാര്യയും കുട്ടിയും ഒത്തുള്ള ജീവിതവും സന്തോഷപൂർണം ആയിരുന്നു. തന്റെ ഒന്നര വയസ്സുള്ള മകളുടെ കിഡ്നികൾക്ക് പ്രശ്നം ആണെന്ന് അറിയുന്നത് വരെ.. കിഡ്നി ട്രാൻസ്‌പ്ലാന്റ് ആണ് ഏക മാർഗം എന്ന് ഡോക്ടർമാർ വിധിയെഴുതി..കൊച്ചു കുട്ടിയായതു കൊണ്ട് അവൾക്കു മാച്ച് ആയ കിഡ്നി കിട്ടാനും പാടായിരുന്നു .

അങ്ങനെ പല വഴികളും അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിനെ ചികില്സിക്കുന്ന ഹോസ്പിറ്റലിൽ വച്ച് തന്നെ ഒരു കോഴിക്കോടുകാരനെ പരിചയപ്പെടുന്നത്..കെയങ്ങൾ പറഞ്ഞപ്പോൾ അയാൾ അയാളുടെ ഒരു സുഹൃത്ത് റോയ് മേമനെ പരിചയപ്പെടുത്തി തന്നു..അങ്ങനെയാണ് താൻ കുടുംബമായി മേമൻ ഹോസ്പ്പിറ്റലിൽ എത്തുന്നത്.. ഒരു കിഡ്നിക്ക് 20 ലക്ഷം രൂപയാണ് അവർ ചോദിച്ചത്.. തെറ്റായ മാർഗ്ഗത്തിലൂടെയാണെന്നു അറിയാമായിരുന്നു. എന്ത് ചെയ്തിട്ടായാലും എത്ര പൈസ മുടക്കിയിട്ടായാലും തന്റെ മകൾ രക്ഷപ്പെടണം എന്നോര്ത്താണ്‌ ഇവിടെ വന്നത്. നാളെ നടത്താൻ ഇരുന്ന ഓപ്പറേഷൻ നടക്കില്ല കുറച്ചു ദിവസത്തേക്ക് മാറ്റി വയ്ക്കണം എന്ന് റോയ് വന്നു പറഞ്ഞപ്പോൾ അവിടുന്ന് ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് തിരിച്ചു പോരാൻ ഇറങ്ങിയതാണ്.. കുറച്ചു ദൂരം എത്തിയപ്പോൾ തങ്ങളുടെ വണ്ടി തടഞ്ഞു തന്നെ ഇങ്ങോട്ടു പിടിച്ചോണ്ട് വന്നതാണ് ഇവർ.. ഭാര്യയെയും കുഞ്ഞിനേയും അവർ മറ്റൊരു വണ്ടിയിലാണ് കൊണ്ടുപോയത്.. അവർ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല.. തന്റെ ഫോണും മറ്റു സാധനങ്ങളുമെല്ലാം ഇവർ അപ്പോഴേ എടുത്തു മാറ്റി. എന്താണ് ഇവരുടെ ഉദ്ദേശമെന്ന് മനസിലാവുന്നുമില്ല.. ഇനി തന്റെ ഭാര്യയെയും കുഞ്ഞിനേയും വച്ച് വില പേശാൻ ആവുമോ..

തന്നെ ഇവിടെ കൊണ്ട് വന്നവർ ഇത് വരെ തന്നോട് ഒന്നും മിണ്ടിയിട്ടില്ല..അയാൾ ഒന്നും മനസിലാവാതെ പേടിച്ചു അവിടെ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ അതിൽ ഒരുത്തൻ അയാളുടെ അടുത്തേക്ക് വന്നു.. " എന്തിനാ നിങ്ങൾ എന്നെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത്.. എന്താണ് നിങ്ങളുടെ ഉദ്ദേശം? എന്റെ ഭാര്യയും കുഞ്ഞും എവിടെ? ഞാൻ ആരാണെന്നോ എന്റെ ഇൻഫ്ളുവൻസ് എന്താണെന്നോ നിങ്ങള്ക്ക് അറിയാമോ?" പരുന്തു അയാളെ നോക്കി ഒന്ന് ചിരിച്ചു. "കൂൾ ഡൌൺ സാർ.. നിങ്ങളുടെ ജാതകം മൊത്തം വായിച്ചതിനു ശേഷമാണു നിങ്ങളെ ഇവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്.. " " നിങ്ങൾക്കെന്താ വേണ്ടത്?" "ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിയണം.. നിങ്ങളും റോയ് മേമനുമായുള്ള കിഡ്നി ഡീലിനെ പറ്റി " ഫിലിപ്പ് ഇരുന്നു വിയർത്തു.. "ഏതു കിഡ്നി ഡീൽ.. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്?" പരുന്തു തന്റെ കൂട്ടാളികളെ നോക്കി ഒന്ന് ചിരിച്ചു.. " അയ്യോ .. സാറിന് നമ്മൾ എന്തിനെ പറ്റിയാണ് പറയുന്നത് എന്ന് അറിയില്ലെടാ.. തടിയാ ആ വീഡിയോ ഒന്ന് കാണിച്ചു കൊടുത്തെടാ സാറിന്.." തടിയൻ വന്നു ലാപ്ടോപ്പിൽ ഒരു വീഡിയോ എടുത്തു അതിന്റെ കുറച്ചു ഭാഗങ്ങൾ ഫിലിപ്പിനെ കാണിച്ചു കൊടുത്തു. അയാളുടെ തൊണ്ട വരളുന്ന പോലെ തോന്നി..

റോയ് മേമന്റെ ഓഫീസിൽ താനും അയാളും കൂടി ഓപ്പറേഷനെ പറ്റി സംസാരിക്കുന്ന വീഡിയോ ആണ്..ഇതെങ്ങനെ ഇവരുടെ കയ്യിൽ വന്നു? " ഇപ്പൊ സാറിന് ഓര്മ വന്നോ ഏതു ഡീൽ ആണെന്ന്?ഇനി പറ.." ഫിലിപ്പ് നിസ്സഹായതയോടെ അവരെ നോക്കി. " മടിക്കാതെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് ഫിലിപ്പ് സാറെ.. സാറന്മാർ കുറെ നേരമായി ചോദിക്കുന്നതല്ലേ?" തങ്ങളുടേതല്ലാത്ത ഒരു ശബ്ദം കേട്ട് പരുന്തും തടിയനും ഞെട്ടി വാതില്കലേക്കു നോക്കി. അവിടെ തങ്ങളെ നോക്കി ഒരു വല്ലാത്ത ചിരിയോടെ അൻവർ അലി നിൽക്കുന്നു. " ഹലോ നിഷാന്ത് ആൻഡ് രാഹുൽ .. സോറി പരുന്തും തടിയനും.." അൻവർ അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.. ഹരിക്കും ദേവനും മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കൊണ്ട് അവരെ പിറ്റേ ദിവസം റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർമാർ പറഞ്ഞു.. വൈകിട്ട് ആയപ്പോൾ ഡോക്ടറോട് ചോദിച്ചു രവിയും ജാനകിയും കൂടി മക്കളെ രണ്ടു പേരെയും കയറി കണ്ടു.. അവരെ കണ്ടു സംസാരിച്ചപ്പോൾ ആ അച്ഛനും അമ്മക്കും സമാധാനം ആയി. തങ്ങൾക്കു ഒരു ആപത്തു വന്നപ്പോൾ സിധുവും കുടുംബവും തങ്ങൾക്കു തന്ന സപ്പോർട് കണ്ടപ്പോൾ തന്നെ ശ്രീകുട്ടിയെ നല്ല കൈകളിലാണ് ഏല്പിക്കുന്നതെന്നുള്ള വിശ്വാസം അവർക്കുണ്ടായി. സോമൻ തിരികെ പോയെങ്കിലും ആതിയുടെ ആരോഗ്യം നോക്കാൻ എന്ന് പറഞ്ഞു ഗീത അവിടെ നിന്നു . പക്ഷെ അവൾ മുഴുവൻ സമയവും ആമിയുടെയും ജാനകിയുടെയും കൂടെ തന്നെ ആയിരുന്നു.

അൻവറിനു കൊടുത്ത തെളിവുകൾ കൊണ്ട് എയ്ഞ്ചൽ രക്ഷപെടണമെ എന്ന് ഹരി പ്രാർത്ഥിച്ചു കൊണ്ട് കിടന്നു. അൻവറിന്റെ കണക്കുകൂട്ടലുകൾ എന്തായിരിക്കും എന്ന ടെൻഷൻ ദേവനും ഉണ്ടായിരുന്നു. എന്തായാലും വരുന്നിടത്തു വച്ച് കാണാം എന്ന് തന്നെ കരുതി അവൻ കിടന്നു. തലേന്നത്തെ അപകടം എല്ലാം അകന്നു ആ കുടുംബം അന്ന് രാത്രി ഉറങ്ങി. 25 ആം തീയതി ---------------- അന്നേ ദിവസം രാവിലെ എല്ലാവരും ഉണർന്നത് ഒരു ബ്രേക്കിംഗ് ന്യൂസുമായി ആണ്.. ഇരട്ടകൊലപാതകങ്ങൾ അന്വേഷിക്കുന്ന dysp അൻവർ അലി അന്ന് വൈകുന്നേരം ലൈവ് ആയി ഒരു പത്ര സമ്മേളനം നടത്തുന്നു കൂടെ IG യും ഉണ്ട്.. ചില സുപ്രധാന വാർത്തകൾ എല്ലാവരെയും അറിയിക്കാനാണ് വാർത്താസമ്മേളനം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അൻവർ അലി അന്വേഷിക്കുന്ന കേസ് ഇരട്ടകൊലപാതകങ്ങളുടെ ആയതു കൊണ്ട് അതിന്റെ എന്തെങ്കിലും ഡീറ്റെയിൽസ് തരാനായിരിക്കും ഈ പത്രസമ്മേളനം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.. അൻവറിനു എന്താണ് പറയാൻ ഉള്ളത് എന്നറിയാനായി എല്ലാവരും കാത്തിരുന്നു . രാവിലെ റൂമിലെ ടീവിയിൽ ഈ ന്യൂസ് കണ്ടപ്പോൾ മുതൽ ആമിയുടെ നെഞ്ച് പിടക്കാൻ തുടങ്ങി. ഇരട്ടകൊലപാതകങ്ങളെ പറ്റിയാണ് അൻവറിനു പറയാൻ ഉള്ളതെങ്കിൽ ദേവേട്ടൻ പിടിക്കപ്പെടും.. അയാൾക്കറിയാം അത് ദേവേട്ടനാണ് ചെയ്തതെന്ന്.. അയാൾക്ക്‌ ഇനി വേറെ എന്തെങ്കിലും തെളിവ് കിട്ടികാണുമോ? ദേവേട്ടന്റെ കൂട്ടാളികളെ പിടിച്ചു കാണുമോ?

അവർ ദേവേട്ടന്റെയും പേര് പറഞ്ഞു കൊടുത്തു കാണുമോ? കഴിഞ്ഞ ഒരു രാത്രി മുഴുവൻ നഷ്ടപ്പെട്ടു എന്ന് കരുതിയിട്ടു ഇപ്പോൾ തിരിച്ചു കിട്ടിയതേ ഉള്ളു.. അപ്പോഴേക്കും വീണ്ടും തനിക്കു നഷ്ടപ്പെടാൻ പോവുകയാണോ? എല്ലാം അറിയുമ്പോൾ എല്ലാവരും എങ്ങനെ സഹിക്കും? നെഞ്ചിൽ ഒരു വലിയ കരിങ്കല്ല് കയറ്റി വച്ച ഭാരത്തോടെ ഒന്ന് കരയാൻ പോലും ആവാതെ ആമി ഇരുന്നു. ഉച്ചയാകാറായപ്പോഴാണ് ഹരിയേം ദേവനെയും മുറിയിലേക്ക് മാറ്റിയത്. മഹേന്ദ്രൻ തമ്പിയുടെ സ്വാധീനം കാരണം ഒരു വലിയ റൂമിൽ രണ്ടു പേർക്കും വേണ്ട ബെഡുകൾ ഒരുക്കി കൊടുത്തു.ICU വിനു മുന്നിൽ കാവൽ നിന്നിരുന്ന പോലീസുകാർ കാവൽ റൂമിനു മുന്നിലേക്ക് ആക്കി. രണ്ടാളെയും ഒരു മുറിയിൽ തന്നെ ആക്കിയത് ഗീതക്കൊഴിച്ചു ബാക്കി എല്ലാവര്ക്കും സന്തോഷം ആയിരുന്നു. അവരെ മുറിയിലേക്കു മാറ്റുന്ന സമയമപ്പോഴേക്കു സിധുവും വന്നു. അവനും സിസ്റ്റർമാരുടെ കൂടെ കൂടിയാണ് അവരെ രണ്ടാളെയും ബെഡിലേക്കു പിടിച്ചു കിടത്തിയത്..ഹരിയെ ബെഡിൽ കിടത്തിയ ഉടനെ തന്നെ ഗീത ഓടി വന്നു അവനെ കെട്ടിപിടിച്ചു " എന്റെ പൊന്നു മോനെ.. നിനക്കെന്തെങ്കിലും പറ്റിയോ എന്നോർത്ത് ഞാനാകെ പേടിച്ചു പോയി.. എന്റെ മോള് നിന്നെയോർത്തു ഒന്നും കഴിച്ചിട്ട് പോലുമില്ല അറിയുമോ?"

ഹരി ആതിയെ നോക്കി. അവൾ ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു. " നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ മോനേ ഇവൻ പറയുന്നതും കേട്ട് ഓരോന്നിനും ഇറങ്ങി പുറപ്പെടുത്തരുതെന്നു.. ഇപ്പോൾ കണ്ടില്ലേ നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്റെ മോള്.." " അതിനു അവൻ കാരണം എനിക്കല്ല ഞാൻ കാരണം അവനാണ് പ്രശ്നമുണ്ടായത്.." " എന്താ മോനെ.. എന്താ ശരിക്കും നിങ്ങള്ക്ക് സംഭവിച്ചത്? അവർക്കു എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ എല്ലാവര്ക്കും ഉണ്ടായിരുന്നു. ഹരി എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു. " കൃത്യസമയത്തു ഇവൻ വന്നില്ലായിരുനെങ്കിൽ..." അതോടെ ഗീതയുടെ വായടഞ്ഞു. പെട്ടെന്നാണ് ആതി പറഞ്ഞത് " ഹരിയേട്ടാ.. ഏട്ടൻ പറഞ്ഞ മനോജ് എന്ന് പേരുള്ള ആ പോലീസുകാരൻ ഇന്നലെ ഇവിടെ വന്നിരുന്നു" ഹരിയും ദേവനും അന്യോന്യം നോക്കി.. " എപ്പോൾ?" അയാൾ വന്നതും ഇവരുടെ ഫോൺ ഒക്കെ അന്വേഷിച്ചതുമെല്ലാം അവർ പറഞ്ഞു കൊടുത്തു..അത് കേട്ടപ്പോൾ ഹരിക്കു പിന്നെയും ടെൻഷനായി.. "അൻവർ അലി ചതിക്കുമോടാ?" " ഇല്ല.. നീ പേടിക്കേണ്ട" " അൻവർ അലിയുടെ കാര്യം പറഞ്ഞപ്പൊഴണ് ഓർത്തത്.. ഇന്ന് അങ്ങേരുടെ ലൈവ് പ്രസ് മീറ്റ് ഉണ്ട്.. 4 മണിക്ക് .. ചിലപ്പോൾ ഹരിയേട്ടൻ കൊടുത്ത തെളിവുകളൊക്കെ പബ്ലിക് ആക്കാൻ ആണെങ്കിലോ?" ദേവൻ ഒന്നി ഞെട്ടി.. എന്താണ് അൻവറിന്റെ ഉദ്ദേശം.. പരുന്തിനെയോ മറ്റോ ഒന്ന് വിളിച്ചു അന്വേഷിക്കാമെന്നു വച്ചാൽ ഫോണും ഇല്ല.

പുറത്താണെങ്കിൽ പോലീസും.. ഉച്ചക്ക് സിധുവിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണം എല്ലാവരും കൂടെ കഴിച്ചു.ആമി ഒന്നും കഴിക്കാതെ വെറുതെ ചോറിൽ കയ്യിട്ടിളക്കി കൊണ്ടിരിക്കുന്നത് ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്നെ റൂമിൽ കൊണ്ട് വന്നിട്ടും അവളുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. അതിനു കാരണം അൻവർ അലിയുടെ പത്രസമ്മേളനം ആണെന്ന് ദേവന് മനസിലായി. എല്ലാവരും ചുറ്റും ഉള്ളത് കൊണ്ട് അവനു അവളോട് ഒന്നും പറയാനും പറ്റുന്നുണ്ടായിരുന്നില്ല.. അവൾക്കു അവനോടും.. കഴിച്ചു കഴിഞ്ഞു അവന്റെ വായ കഴുകിക്കാനായി അവൾ അവന്റെ അടുത്തെത്തിയപ്പോൾ അവൻ മറ്റാരും കാണാതെ അവളുടെ കയ്യിൽ പിടിച്ചു.. അവൾ മുഖമുയർത്തി നോക്കിയപ്പോൾ വിഷമിക്കരുതെന്നു അവൻ കണ്ണുകൾ കൊണ്ട് കാണിച്ചു. നിറകണ്ണുകളോടെ അവൾ തലയാട്ടി.അവൾ തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് അവളുടെ ഫോൺ ഒന്ന് കൊടുക്കാൻ അവൾ ആവശ്യപ്പെട്ടത്.. അവൾ തന്റെ ഫോൺ എടുത്തു അവനു കൊടുത്തു.. അവൻ അതിൽ നിന്ന് പരുത്തിനും ഉടുമ്പിനുമെല്ലാം മാറി മാറി മെസ്സേജ് അയച്ചു നോക്കിയെങ്കിലും ആരും മറുപടി അയച്ചില്ല.. വിളിച്ചപ്പോഴും കിട്ടിയില്ല.. ഇനി എന്തെങ്കിലും പ്രശ്നം ആയി കാണുമോ.. ബോസിനെ വിളിച്ചു നോക്കാം എന്നോർത്തെങ്കിലും പിന്നീട് അവൻ വേണ്ടാന്ന് വച്ചു . എന്തായാലും നോക്കാം... 4 മണി ആകാനായി അവരെ പോലെ തന്നെ എല്ലാവരും കാത്തിരിക്കുകയായിരുന്നു. കൃത്യം നാലു മണിക്ക് തന്നെ അൻവറിന്റെ പത്രസമ്മേളനം ലൈവ് ചാനലുകളിൽ കാണിച്ചു തുടങ്ങി. ഹോസ്പിറ്റലിന്റെ റൂമിലെ ടീവിയിൽ അവരും കാണുന്നുണ്ടായിരുന്നു.

ദേവൻ ഇടയ്ക്കിടെ തന്റെ കൂട്ടുകാരെ വിളിച്ചു കൊണ്ടിരുന്നെങ്കിലും അവരെ ഫോണിൽ കിട്ടാത്തത് അവനെ വല്ലാതെ അസ്വസ്ഥനാക്കി.. പത്രക്കാരെല്ലാം തന്നെ പറഞ്ഞ സമയത്തിനും മുന്നേ ഹാജർ ആയിരുന്നു. 4 മണിയായപ്പോൾ തന്നെ അൻവർ അലിയും പോലീസ് IG യും അവരുടെ മുന്നിലെത്തി. എല്ലാവരെയും ഒന്ന് നോക്കി ചിരിച്ച ശേഷം അൻവർ അലി മൈക്ക് തന്റെ നേർക്ക് തിരിച്ചു വച്ചു ..എല്ലാ കണ്ണുകളും അയാളിൽ ആയിരുന്നു.. "എല്ലാവര്ക്കും നമസ്കാരം.. ഇന്ന് നിങ്ങളെ എല്ലാവരെയും ഇവിടെ വിളിച്ചു ചേർത്തത് വളരെ പ്രധാനമായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ്.. " "സാർ.. ഇരട്ടകൊലപാതക കേസിലെ പ്രതിയെ പിടിച്ചോ സാർ?" അൻവർ ഒന്ന് ചിരിച്ചു.. പിന്നെ തലയാട്ടി.. " ആരാണ് സാർ.. ആരാണ്.. എന്തിനാണ്" തുടങ്ങിയ ചോദ്യങ്ങൾ പല ഭാഗത്തു നിന്നും അയാൾ കേട്ടു .. " ഇത് ഒരാൾ മാത്രം ചെയ്ത ഒരു കൊലപാതകം അല്ല.. ഇതിനു പിന്നിൽ ഒരു ഗ്യാങ് തന്നെയുണ്ടായിരുന്നു.. അതിൽ മുഖ്യ പങ്കു ഒരാൾക്കായിരുന്നു എന്ന് മാത്രം" ആമിയുടെ ശ്വാസം നിലച്ച പോലെ തോന്നി. അൻവർ ഇപ്പോൾ ദേവന്റെ പേര് പറയും എന്നവൾക്കു ഉറപ്പായിരുന്നു. ദേവനും ഇരുണ്ട മുഖത്തോടെ ടീവിയിലേക്കു തന്നെ നോക്കി ഇരുന്നു. "പക്ഷെ അയാൾ ആരാണെന്നു പറയുന്നതിന് മുന്നേ മറ്റു ചില കാര്യങ്ങൾ പറയേണ്ടി വരും..

" സാർ .. ഒരു ചോദ്യം" തന്റെ മുന്നിൽ കയ്യുയർത്തി നിൽക്കുന്ന പത്രക്കാരനെ അയാൾ കണ്ടു " ചോദിച്ചോളു .." " ഇന്നലെ വെളുപ്പിന് പാലത്തിനു അടുത്തുള്ള ഇടവഴിയിൽ വച്ച് സഹോദരങ്ങളായ രണ്ടു ചെറുപ്പക്കാർ അക്രമിക്കപെട്ടു.. അവർ രണ്ടു പേരും മേമൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നവരാണ് എന്നാണ് അറിയാൻ കഴിഞ്ഞതു... ഈ ആക്രമണങ്ങൾക്കു ഇരട്ട കൊലപാതകങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?" അയാളുടെ ചോദ്യം കേട്ട് അൻവറും IG യും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചു.. " നിങ്ങൾ പത്രക്കാർക്ക് തോക്കിൽ കയറി വെടി വയ്ക്കുന്ന സ്വഭാവം ഇത്തിരി കൂടുതലാണ്.. കാര്യമൊക്കെ ശരിയാണ് പക്ഷെ നിങ്ങൾ അറിഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്.. ഇന്നലെ ആക്രമിക്കപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മേമൻ ഹോസ്‌പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്.. അസിസ്റ്റന്റ് സർജൻ ഹരിനന്ദൻ.. " അൻവർ ഒന്ന് നിർത്തിയിട്ടു തുടർന്നു " പക്ഷെ മറ്റെയാൾ നിങ്ങൾ വിചാരിക്കുന്ന ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ആളല്ല.. ഹി ഈസ് എ പോലീസ് ഓഫീസർ.. ദേവനന്ദൻ IPS , സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം" ..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story