ദേവാസുരം: ഭാഗം 31

Devasuram nila

രചന: നിള നിരഞ്ജൻ

25ആം തീയതി തുടർച്ച ----------------------- " ഇന്നലെ വെളുപ്പിന് പാലത്തിനു അടുത്തുള്ള ഇടവഴിയിൽ വച്ച് സഹോദരങ്ങളായ രണ്ടു ചെറുപ്പക്കാർ അക്രമിക്കപെട്ടു.. അവർ രണ്ടു പേരും മേമൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നവരാണ് എന്നാണ് അറിയാൻ കഴിഞ്ഞതു... ഈ ആക്രമണങ്ങൾക്കു ഇരട്ട കൊലപാതകങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?" അയാളുടെ ചോദ്യം കേട്ട് അൻവറും IG യും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചു.. " നിങ്ങൾ പത്രക്കാർക്ക് തോക്കിൽ കയറി വെടി വയ്ക്കുന്ന സ്വഭാവം ഇത്തിരി കൂടുതലാണ്.. കാര്യമൊക്കെ ശരിയാണ് പക്ഷെ നിങ്ങൾ അറിഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്.. ഇന്നലെ ആക്രമിക്കപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മേമൻ ഹോസ്‌പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്.. അസിസ്റ്റന്റ് സർജൻ ഹരിനന്ദൻ.. " അൻവർ ഒന്ന് നിർത്തിയിട്ടു തുടർന്നു " പക്ഷെ മറ്റെയാൾ നിങ്ങൾ വിചാരിക്കുന്ന ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ആളല്ല.. ഹി ഈസ് എ പോലീസ് ഓഫീസർ.. ദേവനന്ദൻ IPS , സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം" അതു കേട്ട് പത്രക്കാരെല്ലാം ഞെട്ടുന്നത് അൻവർ കണ്ടു. ഹോസ്പിറ്റൽ റൂമിലെ അവസ്ഥയും മറിച്ചായിരുന്നില്ല. എല്ലാ കണ്ണുകളും തന്നിലാണെന്നു മനസിലാക്കിയ ദേവൻ തത്കാലം ടിവി കാണാൻ എല്ലാവരെയും കണ്ണ് കൊണ്ട് കാണിച്ചു. സംശയത്തോടെ എല്ലാവരും വീണ്ടും ശ്രദ്ധ ടിവി യിലേക്ക് തിരിച്ചു.

" പക്ഷെ സാർ ഞങ്ങൾ അറിഞ്ഞത് അയാൾ മേമൻ ഹോസ്പ്പിറ്റലിലെ അക്കൗണ്ട്സ് സെക്ഷനിൽ ജോലി ചെയ്തു വരിക ആണെന്നായിരുന്നല്ലോ?" " സുഹൃത്തേ.. ഞങ്ങൾ എപ്പൊഴും പോലീസുകാരായി തന്നെ ചെന്നാൽ കുറ്റവാളികളെ പിടിക്കാൻ പറ്റില്ല.. ചിലപ്പോൾ അക്കൗണ്ടന്റോ ക്ലീനറോ ഒക്കെയായി വേഷം ഇടേണ്ടി വരും.." പിന്നെ ചോദ്യങ്ങളുടെ വലിയൊരു മഴ തന്നെയായിരുന്നു. അവസാനം IG കയ്യുയർത്തി.. അപ്പോൾ എല്ലാവരും നിശബ്ദരായി.. "നിങ്ങള്ക്ക് ഒരുപാടു ചോദ്യങ്ങൾ ഉണ്ടെന്നറിയാം.. അതിനെല്ലാം ഉത്തരം തരാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.. പക്ഷെ ആദ്യം നിങ്ങൾ ഞങ്ങൾക്ക് പറയാനുള്ളത് ഒന്ന് കേൾക്കു.. അതിനു ശേഷം നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഞങ്ങൾ തരാം" അതോടെ എല്ലാവരും നിശബ്ദരായി അവരുടെ വാക്കുകൾക്കായി കാതോർത്തു..IG പറഞ്ഞു തുടങ്ങി.. "കുറച്ചു നാളുകൾക്കു മുൻപാണ് കേരളത്തിൽ ഒരു ഓർഗൻ ട്രാഫിക്കിങ് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഇന്റലിജെൻസിൽ നിന്ന് നമുക്ക് ലഭിക്കുന്നത്..പക്ഷെ അതിനോടൊപ്പം തന്നെ പൊലീസിലെ ചില ഉന്നതരായ ഉദ്യോഗസ്ഥരും അതിൽ ഉൾപ്പെടുന്നുണ്ട് എന്ന അസ്വസ്ഥമായ വിവരവും ഉണ്ടായിരുന്നു. അത് കൊണ്ട് നേരായ ഒരു അന്വേഷണ0 നടത്തിയാൽ ചിലപ്പോൾ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുമെന്നു ഞങ്ങൾ എല്ലാവരും ഭയന്നു . അങ്ങനെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (SIT )നിന്നു ദേവനന്ദനെ നമ്മൾ ഇതിനായി രഹസ്യമായി നിയോഗിച്ചത്.

.അയാൾ ഏതു ഓപ്പറേഷനാണ് നടത്തുന്നതെന്ന് അയാളുടെ വീട്ടുകാർക്ക് പോലും അറിവുണ്ടായിരുന്നില്ല.. പോലീസിൽ പോലും വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന രഹസ്യം. ആ ടീമിനെ ലീഡ് ചെയ്തിരുന്നതിനു ദേവനന്ദൻ ആണ്.. അയാളോടൊപ്പം നിഷാന്ത് വർമ്മ, രാഹുൽ സന്തോഷ്, ഇഹാൻ സലിം, ജീവൻ തോമസ് എന്ന നാല് കേരള പോലീസ് ഓഫീസർസ് കൂടി അടങ്ങുന്നതായിരുന്നു ആ ടീം. " സ്‌ക്രീനിൽ അവരുടെ അഞ്ചു പേരുടെയും ചിത്രങ്ങൾ തെളിഞ്ഞു. " വളരെ ശ്രമകരമായിരുന്നു അവരുടെ ദൗത്യം.. കേരളത്തിലെ ഇത്രയധികം ഹോസ്പിറ്റൽസിൽ നിന്ന് ഇതിൽ പങ്കുള്ളതു ഏതു ഹോസ്പിറ്റലിനാണ് എന്ന് കണ്ടു പിടിക്കുക എന്നത്.. കുറെ നാളത്തെ അന്വേഷണത്തിന് ശേഷം അവർ അത് നടക്കുന്നത് എറണാകുളത്തുള്ള ഒരു ഹോസ്‌പിറ്റലിലാണെന്നു കണ്ടെത്തി..പക്ഷെ അതിൽ ഏതാണെന്നു കണ്ടെത്തുന്നതും ബുദ്ധിമുട്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ഇങ്ങനെ അന്വേഷണം നടക്കുന്നുണ്ടെന്ന് പുറത്തു പോയാൽ പിന്നെ എല്ലാം തകരുമെന്ന് ഞങ്ങൾക്കും അറിയായിരുന്നു. അങ്ങനെ എറണാകുളത്തുള്ള 3 ഹോസ്പിറ്റലുകൾ ആയി ഞങ്ങളുടെ സംശയം ചുരുങ്ങി. അതിലൊന്നായിരുന്നു മേമൻ ഹോസ്പ്പിറ്റലും.

അതിലേതു എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയോഗം പോലെ മേമൻ ഹോസ്പിറ്റലിൽ നടന്ന ഒരു ഓപ്പറേഷന്റെ സമയത്തു ദേവനന്ദൻ അവിടെ എത്തിപ്പെടുന്നത്.." ജയിംസിന്റെ ഓപ്പറേഷന്റെ സമയത്തു ദേവൻ അവിടെ ചെന്നതൊക്കെ അദ്ദേഹം വിവരിച്ചു കൊടുത്തു. "തന്റെ സഹോദരൻ പറഞ്ഞത് അനുസരിച്ചു യാതൊരു കുഴപ്പവും ഇല്ലാതെ കടന്നു പോകേണ്ടിയിരുന്ന ഓപ്പറേഷനിൽ പെട്ടെന്ന് ഒരു യുവാവ് മരിച്ചതും.. അവന്റെ വീട്ടുകാർ കേസ് വരെ കൊടുത്തിട്ടും അതെല്ലാം ഒതുങ്ങി പോയതും ദേവനന്ദന്റെ സംശയം വർധിപ്പിച്ചു.. തന്നെയുമല്ല മേമൻ ഹോസ്പിറ്റൽ ഒരു ചാരിറ്റി ഹോസ്പിറ്റൽ ആണ്.. അവിടെ ഹാർട്ട് കിഡ്നി പോലുള്ള അവയവങ്ങളുടെ കോംപ്ലിക്കേറ്റഡ് സർജറി പോലും കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നുണ്ട്.. അത് കൊണ്ട് തന്നെ പാവങ്ങളായ ഒരുപാടു രോഗികളും തങ്ങളുടെ സർജറിക്കായി അവിടെ വരുന്നുണ്ട്.. വിദ്യാഭ്യാസം കുറവുള്ള അവരെ പോലുള്ളവരെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണല്ലോ.. അതും ദേവനന്ദന്റെ സംശയവും കൂടിയായപ്പോൾ മേമൻ ഹോസ്പിറ്റൽ തന്നെ ഇതിന്റെ മുഖ്യ കേന്ദ്രം എന്ന് ഞങ്ങൾ ഏകദേശം ഉറപ്പിച്ചു..ഇനി അവിടെ ഉള്ള ആർക്കൊക്കെ ഇതിൽ പങ്കുണ്ട്.. എങ്ങനെയാണു ഇതിന്റെ പ്രവർത്തനം എന്നൊക്കെ അറിയാൻ വഴി തപ്പുമ്പോഴാണ് ഞങ്ങളാരും പ്രതീക്ഷിക്കാത്ത വലിയൊരു സമസ്യ വന്നു പെടുന്നത്.. എബിന്റെയും റയാന്റെയും ഇരട്ടക്കൊലപാതകം..

" IG അതും പറഞ്ഞു ഒന്ന് നിർത്തി എല്ലവരുടെയും മുഖത്തേക്ക് നോക്കി. ഒരു കഥ കേൾക്കുന്ന ആകാംഷയോടെ എല്ലാവരും ശ്രദ്ധയോടെ കേട്ടിരിക്കുന്നു.. ആമിയും ദേവന്റെ മുഖത്തേക്ക് നോക്കി.. അവൻ പക്ഷെ ടീവിയിൽ തന്നെ ശ്രദ്ധിച്ചു ഇരിപ്പാണ്. "ഞങ്ങൾ രഹസ്യമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നിടത്തു അങ്ങനെയൊരു സംഭവം നടന്നത് ഞങ്ങളുടെ അന്വേഷണത്തെ ബാധിക്കുമോ എന്ന് ഞങ്ങൾ ഭയന്നു . അത് കൊണ്ട് ഞങ്ങൾക്ക് വിശ്വസ്തനായ, SIT യുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുന്ന ഒരു ഉദ്യോഗസ്ഥനെ അതിന്റെ അന്വെഷന ചുമതല ഞങ്ങൾ ഏല്പിച്ചു.. dysp അൻവർ അലി..ഇനിയുള്ള കാര്യങ്ങൾ അദ്ദേഹം പറയും" അൻവർ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ ദേവനും ആകാംഷയായിരുന്നു. എബിന്റെയും റയാന്റെയും കാര്യം വരുമ്പോൾ തങ്ങളുടെയും പേര് പറയണമല്ലോ.. " ഈ കേസ് ഏറ്റെടുത്തപ്പോൾ തന്നെ എബിനോ റയാനോ പ്രത്യേകിച്ച് ശത്രുക്കൾ ഒന്നുമില്ല എന്ന കാര്യമാണ് എന്നെ ഏറെ കുഴപ്പിച്ചത്.. അത് കൊണ്ട് തന്നെ SIT അന്വേഷിക്കുന്ന ഹോസ്‌പിറ്റലലിലെ കള്ളത്തരങ്ങൾ തന്നെയാവാം ഇതിന്റെയും പിന്നിലെന്ന് ഞാനും ചിന്തിച്ചു.. മേമൻ ഹോസ്പ്പിറ്റലിൽ എത്തി പലരെയും ചോദ്യം ചെയ്യുന്നതിനിടയിലാണ് ജയിംസിന്റെ ഓപ്പറേഷന്റെ cctv ദൃശ്യങ്ങൾ കാണാനിടയായത്..

ഹോസ്പിറ്റലിൽ ജയിംസിന്റെ വീട്ടുകാർ വഴക്കുണ്ടാക്കി പോയതിനു ശേഷം എബിൻ എന്താണ് സംഭവിച്ചതെന്നറിയാൻ ഹോസ്പിറ്റലിലെ ഡോക്ടർമാരോട് സംസാരിക്കുന്നു.. അയാൾക്ക്‌ എന്തൊക്കെയോ സംശയം തോന്നി അത് അന്വേഷിച്ചപ്പോഴാണ് തന്റെ ഹോസ്പ്പിറ്റലിൽ അവിടുത്തെ PRO യും തന്റെ അടുത്ത ബന്ധുവും കൂടിയായ റോയ് മേമനും കൂട്ടരും നടത്തുന്ന ചതിയെ കുറിച്ച് അറിയുന്നത്.. അതറിഞ്ഞ എബിൻ തന്റെ അടുത്ത സുഹൃത്തായ റയാനെ കാണാൻ കോഴിക്കോട് പോകുന്നു.. അതിനു നമ്മുക്ക് തെളിവുകളുണ്ട്.. കാര്യങ്ങളെല്ലാം അറിഞ്ഞ റയാൻ ഉടനെ തന്നെ എറണാകുളത്തേക്കു വരാമെന്നു പറഞ്ഞു എബിനെ സമാധാനിപ്പിച്ചു അയക്കുന്നു.. പക്ഷെ അപ്പോഴേക്കും എബിന്റെയുo റയാന്റെയും നീക്കങ്ങൾ റോയിയും കൂട്ടരും കണ്ടെത്തി കഴിഞ്ഞിരുന്നു.എബിനോ റയാനോ ഇത് പുറത്തു പറഞ്ഞാൽ എല്ലാം തകരും എന്നറിയാവുന്ന റോയ് തന്നെ റയാൻ എറണാകുളത്തു വന്ന ദിവസം രണ്ടാളെയും ഒരുമിച്ചു ഇല്ലാതാക്കുന്നു.. അതാണ് സംഭവിച്ചത്.." ഇത്തവണ ദേവൻ ഞെട്ടി.. അൻവർ എന്തൊക്കെയാണ് പറയുന്നത്.. എബിനെയും റയനെയും കൊന്നത് റോയ് മേമൻ ആണെന്നോ.. " റോയ് മേമനാണ് ഇതിനു പിന്നിലെന്ന് ഉള്ളതിന് എന്തെങ്കിലും തെളിവുണ്ടോ സാർ?"

" ഉണ്ട്.. ജയിംസിന്റെ മരണ ശേഷം എബിൻ അത്യാവശ്യമായി റയാനെ കാണാൻ ചെന്നിരുന്നു എന്ന കാര്യം അവന്റെ വീട്ടുകാരും ഓഫീസിലുള്ളവരും സമ്മതിക്കുന്നു.. പിന്നെ കൃത്യം നടന്ന സ്ഥലത്തു നിന്ന് കിട്ടിയ റയാന്റെ പഴ്സിനുള്ളിൽ നിന്ന് നമുക്ക് ബ്ലഡ് കിട്ടിയിരുന്നു.. അത് പരിശോധിച്ചപ്പോൾ അത് ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പിൽ പെട്ട ആളുടെ ആണെന്നാണ് അറിയാൻ കഴിഞ്ഞതു.. റോയ് മേമന്റെ ബ്ലഡ് ഗ്രൂപ്പ് ബി പോസിറ്റീവ് ആണ്.. ലാബ് പരിശോധനയിൽ അത് റോയിയുടെ തന്നെ ആണെന്നും തെളിഞ്ഞിട്ടുണ്ട് " ഇതും കൂടെ കേട്ടപ്പോൾ ദേവന്റെ വായ വരെ തുറന്നു.. ദേവന്റെ മാത്രമല്ല ആ മുറിയിൽ ഉണ്ടായിരുന്ന സിധുവും ഗീതയും ഒഴികെ ബാക്കി എല്ലാവരുടെയും കണ്ണ് തള്ളി വന്നു. ബ്ലഡ് ഗ്രൂപ്പ് വരെ മാറിപ്പോയിരിക്കുന്നു..എന്താണ് നടക്കുന്നതെന്ന് ആർക്കും മനസിലായില്ല.. " അപ്പോൾ റോയ് മേമൻ ആണല്ലേ ഇരട്ടകൊലപാതകങ്ങൾക്കു പിന്നിൽ? അയാൾ ഒറ്റക്കാണോ സാർ?" " അല്ല.. അയാൾക്ക്‌ വേണ്ടി അവരെ തട്ടിക്കൊണ്ടു വരാനും സഹായം ചെയ്തു കൊടുക്കാനുമായി ഒരു ഗ്യാങ് തന്നെ ഉണ്ടായിരുന്നു.. അവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..ചോദ്യം ചെയ്തു വരികയാണ്.. അവരുടെ വിവരങ്ങൾ ഉടനെ പുറത്തു വിടും" " അപ്പോൾ സാർ നേരത്തെ പറഞ്ഞ ഓർഗൻ ട്രാഫിക്കിങ് ന്റെ അന്വേഷണമോ?

അത് ഇനി നിർത്തി വയ്ക്കുമോ?" " അതിനെ പറ്റി ബാക്കി വിവരങ്ങൾ സാർ തന്നെ പറയും..." lG വീണ്ടും പറഞ്ഞു തുടങ്ങി. " എല്ലാ വിവരങ്ങളും അറിഞ്ഞ എബിനെയും റയാനെയും കൊലപ്പെടുത്തിയ ശേഷം റോയ് പഴയ പോലെ ട്രാഫിക്കിങ് തുടർന്നു . അവരുടെ വിവരങ്ങൾ കണ്ട് പിടിക്കണമെങ്കിൽ അവരുടെ കൂടെ തന്നെ നിൽക്കണം എന്ന് തോന്നിയത് കൊണ്ട് ദേവൻ തന്റെ ബ്രദർ ഹരിയുടെ റെക്കമെൻഡേഷനിൽ അവിടുത്തെ അക്കൗണ്ട്സിൽ ജോലിക്കു കയറി.. റോയിയുടെ മുറിയിൽ ഒരു പെൻ ക്യാമറ ഘടിപ്പിച്ചു.. റോയ് ചെയ്തിരുന്നത് എല്ലാം ഇല്ലിഗൽ ആയിരുന്നത് കൊണ്ട് അയാളുടെ റൂമിലെ cctv അയാൾ ഓഫ് ആക്കി വച്ചിരിക്കുകയായിരുന്നു. അയാളുടെ എല്ലാ നീക്കങ്ങളും അന്ന് മുതൽ നമ്മുടെ നിരീക്ഷണത്തിൽ ആയിരുന്നു..അങ്ങനെ നമുക്ക് വേണ്ട തെളിവുകൾ നമ്മൾ ശേഖരിച്ചു വരികെയാണ് 25ആം തീയതി അതായതു ഇന്ന് അവർ ഒരു അനധികൃത കിഡ്നി ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നത്.. ഇന്ന് അവർ പണം കൈമാറി കഴിയുമ്പോൾ അവരെ കയ്യോടെ പിടിക്കാനായിരുന്നു നമ്മുടെ പ്ലാൻ.. പക്ഷെ അപ്പോഴേക്കും ഇതൊന്നുമറിയാതെ dr .ഹരിനന്ദൻ ഇടയിൽ വന്നു.. " പിന്നീട് അയാൾ ഹരിക്കു ഇതിലുള്ള ഇൻവോൾവമെന്റിനെ പറ്റി സംസാരിച്ചു.

" എബിനെ റയാനെയും ഇല്ലാതാക്കിയത് പോലെ ഹരിയേയും ഇല്ലാതാക്കാനായിരുന്നു അവരുടെ പ്ലാൻ. അതറിഞ്ഞു തന്റെ സഹോദരനെ രക്ഷിക്കാൻ അവിടെയെത്തിയപ്പോൾ ദേവനന്ദനും ആക്രമിക്കപ്പെട്ടു.. പെൻ ക്യാമറയിലൂടെ അവരുടെ പ്ലാനിംഗ് കണ്ട ദേവന്റെ ടീമിലുള്ള ഓഫീസർസ് കൃത്യ സമയത്തു അവിടെ എത്തിയത് കൊണ്ട് രണ്ടാളുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചു. SITയും ഹരിനന്ദനും ശേഖരിച്ച എല്ല തെളിവുകളുടെയും അടിസ്ഥാനത്തിൽ ഓർഗൻ ട്രാഫിക്കിങ്ങിൽ ഉൾപ്പെട്ട മേമൻ ഹോസ്പിറ്റലിലെ എല്ലാ അംഗങ്ങളെയും ഇന്നലെ രാത്രി തന്നെ പോലീസ് ഒരു പ്രത്യേക ഓപ്പറേഷനിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.. അവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.. അത് പോലെ തന്നെ അവർക്കു കൂട്ട് നിന്ന മനോജ് ദാസ് എന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.. ഇതൊക്കെയാണ് ഇപ്പോഴുള്ള അപ്ഡേറ്റ്സ്‌ .. ബാക്കിയുള്ളത് വഴിയേ അറിയിക്കാം" " സാർ.. വര്ഗീസ് മേമന് തന്റെ ഹോസ്‌പിറ്റലിൽ നടന്നിരുന്ന കാര്യങ്ങളൊന്നും അറിവില്ലായിരുന്നു എന്നാണോ പറഞ്ഞു വരുന്നത്?" " ഇത് വരെ ഇല്ല എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.. ഹോസ്പിറ്റൽ കാര്യങ്ങളൊക്കെ റോയ് മേമനാണ് നോക്കി നടത്തിയിരുന്നത്..

ഒരു വര്ഷം മുന്പാണ് എബിൻ അവിടെ ജോയിൻ ചെയ്യുന്നത്.. അവൻ എല്ലാം പഠിച്ചു കഴിയുമ്പോൾ ഹോസ്പിറ്റൽ അവനെ ഏല്പിക്കാനായിരുന്നു വര്ഗീസിന്റെ തീരുമാനം.. അതിനും റോയ് മേമന് എതിർപ്പായിരുന്നു. പിന്നെ വര്ഗീസ് മേമൻ സ്വന്തം മകനെ തന്നെ കൊല്ലൻ കൂട്ട് നിൽക്കുമോ?" " എല്ലാവരും ദൈവത്തെ പോലെ കാണുന്ന ഡോക്ടർമാരും എല്ലാവരെയും രക്ഷിക്കേണ്ട പോലീസും ഇങ്ങനെയുള്ള കാര്യങ്ങൾക്കു കൂട്ട് നിന്നാൽ സാധാരണ ജനങ്ങൾ പിന്നെയാരെയാണ് വിശ്വസിക്കേണ്ടത്?" " ജനങ്ങളെ സേവിക്കേണ്ടവർ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ ഞങ്ങൾക്കും വിഷമം ഉണ്ട്.. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെയൊരു പ്രസ് മീറ്റ് നടത്തി നിങ്ങളുടെ എല്ലാം മുന്നിൽ കാര്യങ്ങൾ തുറന്നു പറയുന്നത്.. പക്ഷെ വിനോദിനെ പോലുള്ള ഡോക്ടർസ് ഉള്ളിടത്തു തന്നെ ഹരിനന്ദനെ പോലുള്ള ഡോക്ടർമാരും ഉണ്ട്, മനോജിനെ പോലുള്ള പോലീസ് ഓഫീസർ ഉള്ളിടത്തു ദേവനന്ദനെയും അന്വറിനെയും പോലുള്ള ഓഫീസർസും ഉണ്ട്.. അത് കൊണ്ടു നിങ്ങൾ ഒന്നിനെയും കണ്ണടച്ച് കുറ്റപ്പെടുത്തരുത്.. എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ടാവും.. വിജയം അവസാനം എപ്പൊഴും നന്മക്കു ആയിരിക്കും.. അപ്പോൾ താങ്ക് യു ഓൾ" എല്ലാവരെയും നോക്കി ഒന്ന് കൈ കൂപ്പി IG യും അൻവറും അവിടെ നിന്നെ എഴുനേറ്റു പോയി. ടീവിയിൽ ഇതിനെ പറ്റിയുള്ള ചർച്ചകൾ തുടങ്ങിയപ്പോൾ ഹോസ്പ്പിറ്റൽ റൂമിൽ എല്ലാവരുടെയും കണ്ണുകൾ ദേവന് നേരെ തിരിഞ്ഞു..

എല്ലാവരുടെയും കണ്ണുകളിൽ ദേഷ്യവും അവരെയെല്ലാം ഇത്ര നാളും പറ്റിച്ചതിലുള്ള സങ്കടവും ആയിരുന്നു. എന്ത് പറഞ്ഞാണ് അവരെയൊക്കെ സമാധാനിപ്പിക്കേണ്ടത് എന്ന് അവൻ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ എല്ലാവരും കൂടി തന്നെ പഞ്ഞിക്കിടും എന്ന് അറിയാവുന്നതു കൊണ്ട് അവൻ പതിയെ എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.. " അത് പിന്നെ ഞാൻ നിങ്ങളോടു.." അവനെ ബാക്കി പറയാൻ സമ്മതിക്കാതെ അപ്പുറത്തെ ബെഡിൽ നിന്ന് ആപ്പിളും ഓറഞ്ചുമെല്ലാം പറന്നു അവന്റെ മേലെ വീഴാൻ തുടങ്ങി.. " അപ്പൊ...നീ..ഞങ്ങളെ..ഇത്രനാളും. .. പറ്റിക്കുവാരുന്നു ....അല്ലേടാ..?" " ഡാ.. ഞാനൊന്നു പറയട്ടെ.." " നീ ഒന്നും പറയേണ്ടെടാ തെണ്ടി.." അവൻ നിസ്സഹായത്തോടെ എല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി. എല്ലായിടത്തും ദേഷ്യം.. ഗീത അമ്മായി അവനെ ഏതോ അന്യഗ്രഹ ജീവിയെ കണ്ടപോലെ നോക്കുന്നുണ്ട്.. സിധുവിന്റെ മുഖത്ത് അതിശയവും കുറച്ചു ആരാധനയും.. അവനു അറിയില്ലലോ തന്നെ കൊണ്ട് തന്റെ വീട്ടുകാർ എത്ര വിഷമിച്ചിട്ടുണ്ടെന്നു..അവരുടെ ദേഷ്യം മാറ്റിയെടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അവനു അറിയാമായിരുന്നു.. " ഞാൻ നിങ്ങളോടു മറച്ചു വച്ചതു വലിയ തെറ്റാണെന്നു എനിക്ക് അറിയാം..

പക്ഷെ ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം..പ്ലീസ്‌ " എല്ലാവരുടെയും മുഖത്ത് അപ്പോഴും ദേഷ്യം ഉണ്ടെങ്കിലും താൻ പറയുന്നത് കേൾക്കാൻ അവർ തയ്യാറാണെന്ന് ദേവന് മനസിലായി.. അവൻ ഹരിയെ നോക്കി.. അവൻ മുഖം തിരിച്ചു ഇരിക്കുകയാണെങ്കിലും കേൾക്കുന്നുണ്ടെന്നു ദേവന് അറിയാമായിരുന്നു " അന്വർ അലിയുമായുള്ള പ്രശ്നത്തിന്റെ പേരിൽ എന്നെ സസ്‌പെൻഡ് ചെയ്ത കാര്യം വരെ നിങ്ങൾ അറിഞ്ഞത് പോലെ തന്നെയാണ്.. പക്ഷെ അതിനു ശേഷം എന്നെ അവർ അങ്ങോട്ട് വിളിപ്പിച്ചത് ഡിസ്മിസ് ചെയ്യാൻ അല്ലായിരുന്നു.. അൻവർ അന്ന് എനിക്ക് എതിരായാണ് പറഞ്ഞതെങ്കിലും അവർക്കു തുടർന്നുള്ള അന്വേഷണത്തിൽ ഞാൻ മനപൂർവം ചെയ്തത് അല്ല എന്ന് മനസ്സിലായിരുന്നു.. പിന്നെ എന്റെ അത് വരെ ഉള്ള റെക്കോർഡ്‌സും ക്ലീൻ ആയിരുന്നു.. അത് കൊണ്ട് അവർ എനിക്ക് ഒരു ചാൻസ് കൂടി തരാൻ തീരുമാനിച്ചു..എനിക്ക് സസ്‌പെൻഷൻ മാത്രമേ കിട്ടിയുള്ളൂ.. അത് കഴിഞ്ഞു അങ്ങോട്ട് ചെന്ന എന്നെ അവർ കൊണ്ട് പോയത് അവർ പ്രത്യേകം ട്രെയിൻ ചെയ്യുന്ന ഒരു കൂട്ടം യങ്ങ്‌ IPS ഓഫീസർസ് ന്റെ കൂട്ടത്തിൽ ചേരാനാണ്.. പക്ഷെ ഇങ്ങനെ ഒരു ഗ്രൂപ്പ് ഉള്ള കാര്യം വളരെ രഹസ്യമാണ്.. പോലീസുകാർക്ക് അവരായി തന്നെ ചെന്നെത്താൻ കഴിയാത്ത കേസുകൾ കണ്ടുപിടിക്കാനും ഉന്നതന്മാരായ പോലീസ് ബന്ധം ആരോപിക്കപ്പെടുന്ന കേസുകൾ അന്വേഷിക്കുകയും ഒക്കെയായിരുന്നു ഈ ഗ്രൂപ്പിന്റെ ലക്‌ഷ്യം.

.അത് കൊണ്ട് ഇതാരോടും പറയരുതെന്നും എല്ലാവരുടെയും മുന്നിൽ നീ IPS ക്യാമ്പിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടതായാണ് പറയേണ്ടതെന്നും പറഞ്ഞു.. ഈ ഗ്രൂപ്പിലുള്ള ആരുടേയും വീട്ടുകാർക്കോ നാട്ടുകാർക്കോ പോലും ഇവരാരും പോലീസ് ആണെന്ന് അറിയില്ല.. എന്നെ പോലെ..അന്ന് ഞാൻ ഡൽഹിയിലെ വീട്ടിൽ നിന്ന് ഒളിച്ചോടിയതു ഇവരുടെ ട്രെയിനിങ് ക്യാമ്പിലേക്കായിരുന്നു.. അന്നത്തെ ചോരത്തിളപ്പിൽ എന്നെ പറ്റി വിവരമൊന്നും ഇല്ലാതെ നിങ്ങളെല്ലാം എത്ര വേദനിക്കുമെന്നു ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല..എന്നോട് ക്ഷമിക്കണം" അവൻ ക്ഷമാപണത്തോടെ എല്ലാവരുടെയും മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു.. " ട്രെയിനിങ് കഴിഞ്ഞു എനിക്ക് നോർത്ത് ഇന്ത്യയിൽ തന്നെയുള്ള കേസുകളിൽ അസ്സിസ്റ് ചെയ്യാനാണ് പോസ്റ്റിങ്ങ് കിട്ടിയത്.. ഇടയ്ക്കിടെ ഒഴിവു കിട്ടുമ്പോൾ ഞാൻ ഡൽഹിയിൽ വന്നു നിങ്ങളെയൊക്കെ കണ്ടിട്ടുണ്ട്.. ഒരു പോലീസുകാരൻ ഇങ്ങനെയൊക്കെ ഉള്ള വിഷമങ്ങൾ അനുഭവിക്കണം എന്നൊക്കെ അന്ന് കരുതി..അതിനിടക്ക് നിങ്ങൾ എറണാകുളത്തേക്കു പൊന്നു.. പിന്നെ നിങ്ങളെ കാണാനും പറ്റാതായി.. അതോടെ എനിക്കും നിങ്ങളെ വല്ലാതെ മിസ് ചെയ്യാൻ തുടങ്ങി.. ഞാൻ കേരളത്തിലേക്ക് സ്ഥലം മാറ്റം ചോദിച്ചു.. കേരളത്തിലെ ഒരു മയക്കുമരുന്നു സംഘവുമായി ബന്ധപ്പെട്ട ഒരു കേസ് വന്നപ്പോൾ എന്നെ അത് ഏല്പിച്ചു..അവരുടെ കൂടെ കൂടാൻ ഞാനും ഒരു ഡ്രഗ് അഡിക്ട ആണ് എന്ന് വരുത്തിത്തീർക്കാനാണ് ഞാൻ ഡൽഹിയിലെ ഒരു ഡി അഡിക്ഷൻ സെന്ററിൽ ഉണ്ടെന്നു പറഞ്ഞു നിങ്ങളെ വിളിപ്പിക്കുന്നത്.. പിന്നെയുള്ള കാര്യങ്ങളൊക്കെ നിങ്ങൾക്കും അറിയാല്ലോ.."

"അപ്പൊ ഏട്ടൻ ശരിക്കും കള്ളും കഞ്ചാവും ഒന്നും ഉപയോഗിച്ചിട്ടില്ല?" ശ്രീകുട്ടിയാണ് ചോദിച്ചത്.. " എവിടുന്നു.. കണ്ടിട്ടുണ്ടെന്ന് ഉള്ളു.." " അപ്പൊ എട്ടൻ വൈകിട്ട് വരുമ്പോൾ നാറ്റം അടിക്കാറുണ്ടല്ലോ?" "അതോ.. ബീവറേജിൽ നിന്ന് ഒരു കുപ്പി ബിയർ വാങ്ങിക്കും.. ഷർട്ടിലും താടിയിലുമൊക്കെ ആക്കും. അപ്പൊ പിന്നെ നാറുമല്ലോ.. ഞാൻ കുടിക്കുന്നത് നിങ്ങളാരും കണ്ടിട്ടില്ലാലോ .. കുടിച്ചിട്ട് ആടിയാടി വരുന്നതല്ല കണ്ടിട്ടുള്ളു.. " " എന്നിട്ടു ആ മയക്കുമരുന്ന് കാരെ പിടിച്ചോ ദേവേട്ടൻ?" ഇത്തവണ സിധുവാണ് ചൊദ്യം ചോദിച്ചത്.. " അവരെയൊക്കെ എപ്പോഴേ പിടിച്ചു ബോധിച്ചു.. അത് കഴിഞ്ഞപ്പോഴാ ഈ കേസ് കിട്ടിയേ.. ഇതും കൂടി കഴിഞ്ഞാൽ ഞാൻ ഈ സീക്രെട് ഗ്രൂപ്പിൽ നിന്ന് ഇറങ്ങുവാണെന്ന് നേരത്തെ പറഞ്ഞിരുന്നു., അങ്ങനെ എല്ലാം നിങ്ങളോട് പറയാൻ ഇരിക്കവെയാണ് ഇങ്ങനൊക്കെ സംഭവിച്ചത്.. എല്ലാവരെയും വേദനിപ്പിച്ചതിൽ എനിക്കും വിഷമമുണ്ട്.. നിങ്ങൾ എന്നെ വഴക്കു പറയുമ്പോഴും ഒക്കെ ഞാനും വിഷമിച്ചിട്ടുണ്ട്.. സോറി.." ആരും ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാവരുടെയും മനസ്സിലെ മഞ്ഞു ഉരുകി തുടങ്ങി എന്ന് ദേവന് മനസിലായി.. ഒരാളുടെ ഒഴികെ.. ആമിയുടെ മുഖം അപ്പോഴും വീർത്തു തന്നെയിരുന്നു..അവളോട് തനിച്ചു ഒന്ന് സംസാരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു..

അവന്റെ നോട്ടം ഇടയ്ക്കിടെ ആമിയെ തേടി ചെല്ലുന്നുണ്ടായിരുന്നു.. പക്ഷെ അവൾ അവനെ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല.. വൈകിട്ട് എല്ലാവരും കഴിക്കാനായി ക്യാന്റീനിലേക്കു പോയ സമയം..ആമിയും ആതീയും ദേവനോടും ഹരിയോടും ഒപ്പം നിന്നു . ഹരിക്കു ഒന്ന് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞപ്പോൾ ആതി അവനെയും കൊണ്ട് ബാത്റൂമിലേക്കു പോയി.. പോകുന്ന വഴിക്കു ഹരി ദേവനെ കണ്ണ് കാണിച്ചു.. ഈ കുറച്ചു സമയമേ തനിക്കു കിട്ടൂ എന്ന് ദേവനും അറിയാമായിരുന്നു. "ആമി..ഡാ സോറി.. നിന്നോട് ചെയ്തത് തെറ്റാണെന്നറിയാം.. ഈ ഒരു പ്രാവശ്യം കൂടെ...ഇനി ഉണ്ടാവില്ല.. ഞാൻ അന്നേ പറഞ്ഞില്ലേ നിന്നോട്.. ഇത് കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ ഒരു രഹസ്യങ്ങളും ഉണ്ടാവില്ലെന്ന്.. ഈ ഒരു പ്രാവശ്യത്തേക്കു കൂടി ഏട്ടനോട് ക്ഷമിക്കേടാ.. " അവളുടെ മുഖം വീർത്തു തന്നെയിരുന്നു. " കുനിഞ്ഞു വന്നു നിന്റെ കാലു പിടിക്കാൻ പറ്റാത്തൊണ്ട.. പ്ളീസ്.. " അപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ അവൾക്കും വിഷമമായി.. " ഇനി എന്റടുത്തുന്നു എന്തേലും മറച്ചു വയ്ക്കുമോ?" അവൻ അവളുടർ മുഖം കൈകളിൽ എടുത്തു... " ഇല്ല" " ഉറപ്പു?" " ഉറപ്പ് " അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടിയപ്പോൾ അവൾ ചിരിച്ചു...

പിന്നെ മെല്ലെ അവനോടു ചേർന്നിരുന്നു.. അവന്റെ കവിളുകൾക്കു നേരെ ചുണ്ടുകൾ അടുപ്പിച്ചു.. മൂക്ക് കൊണ്ട് മെല്ലെ അവന്റെ കവിളുകളിൽ ഉരസി എന്നിട്ടു.. " ഹ.. എന്തൊരു കടിയാടി പെണ്ണെ കടിച്ചതു?" ആമി വായപൊത്തി ചിരിച്ചു.. " ഇവിടുന്നു ഒന്ന് എഴുന്നേറ്റോട്ടെ.. നിനക്കിട്ടുള്ളത് ഞാൻ വച്ചിട്ടുണ്ട്.." " അതാ നല്ലതു.. അല്ലെങ്കിൽ സ്റ്റിച്ചു പൊട്ടും" ഹരിയുടെ ശബ്ദം കേട്ടപ്പോൾ ആമി ചമ്മലോടെ അവന്റടുത്തുന്നു മാറി ഇരുന്നു.. അവർ നാലുപേരും കൂടി ഓരോന്നും പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അവരുടെ വാതിലിൽ ആരോ മുട്ടിയത്.. വാതിൽ തുറന്നു അകത്തേക്ക് വരുന്നവരെ കണ്ടപ്പോളെല്ലാവരും അമ്പരന്നു. ദേവന്റെ കൂടെ SIT ടീമിലെ അംഗങ്ങൾ എന്ന് പറഞ്ഞു നേരത്തെ പരിചയപ്പെടുത്തിയ നാല് പേരും അൻവർ അലിയും പിന്നെ സബ് ഇൻസ്‌പെക്ടർ ആന്റണിയും ആയിരുന്നു വന്നത്.തന്റെ കൂട്ടുകാരെ കണ്ടപ്പോൾ ദേവന് സന്തോഷമായെങ്കിലും അൻവറും ആന്റണിയും എന്തിനാണ് വന്നതെന്ന് ഓർത്തു അവനു ടെൻഷൻ തോന്നി. പക്ഷെ ഇരട്ടകൊലപാതകങ്ങളിൽ തനിക്കുള്ള പങ്കു അറിഞ്ഞിട്ടും അവൻ റോയിയുടെപേര് പറഞ്ഞത് കൊണ്ടും തന്റെ കൂട്ടുകാർ അവനെ വിളിച്ചു കൊണ്ട് വന്നത് കൊണ്ടുംതന്നെ ദ്രോഹിക്കാൻ ആവില്ല എന്നു ദേവന് തോന്നി. ആമിയും അൻവരെന്തിനായിരിക്കും വന്നതെന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. ദേവന്റെ മുഖത്തെ ടെൻഷൻ എല്ലാവർക്കും മനസിലാവുന്നുണ്ടായിരുന്നു.

" എന്താ ദേവ.. ഇത് വരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ? ഒന്നുല്ലെങ്കിലും ഞാൻ തന്നെ ഒരുകൊലപാതകക്കേസിൽ നിന്ന് രക്ഷിച്ചില്ലേ ?" അത് കേട്ട് ഞെട്ടിയത് ഹരിയും ആതിയും ആയിരുന്നു.. " കൊലപാതകക്കേസോ? എന്ത് കൊലപാതക കേസ്? അതിനു ഇവൻ ആരെയാ കൊന്നത്?" ഹരി ദേവനെ നോക്കി.. " എന്താടാ.. ഇനിയും എന്റടുത്തുന്നു രഹസ്യങ്ങൾ സൂക്ഷിക്കാൻ പോകുവാണോ?" " ഇല്ലെടാ.. നീയും ആമിയും എങ്കിലും എല്ലാം അറിഞ്ഞിരിക്കണം.. ആമിക്കു കുറച്ചൊക്കെ അറിയാം.. റോയ് മേമൻ അല്ല എബിനെയും റയാനെയും കൊന്നത്..ഞങ്ങൾ അഞ്ചുപേരുമാണ്..." ഹരിയും ആതിയും എന്താണു കേൾക്കുന്നത് എന്ന് പോലും മനസിലാവാതെ ഞെട്ടി ഇരുന്നു പോയി. " എന്താടാ ഈ പറയുന്നത്? എന്തിനാ നിങ്ങൾ ആ പയ്യന്മാരെ?" " അത് പറയാം..നിങ്ങൾ ഓർക്കുന്നുണ്ടോ അഞ്ചു വര്ഷം മുന്നേ രാജീവ് എന്ന് പേരുള്ള ഒരു പോലീസുകാരനും അയാളുടെ അഞ്ചാംഗ കുടുംബവും വീട്ടിൽ തീ പിടിച്ചു മരിച്ച സംഭവം.." " അത് കോഴിക്കോട് അല്ലായിരുന്നോ? എന്തോ ഗ്യാസ് പൊട്ടിത്തെറിച്ചതോ മറ്റോ?" ഹരിയാണ് ചോദിച്ചത്. ദേവൻ തലയാട്ടി " ആ കേസ് ആദ്യ അന്വേഷിച്ചു കൊണ്ടിരുന്നത് ആന്റണി ആയിരുന്നു. അപകട മരണം ആണെന്ന പറഞ്ഞിട്ടും അതൊരു കൊലപാതകം ആണെന്ന് സൂചിപ്പിക്കുന്ന കുറെ തെളിവുകൾ ആന്റണിക്ക് കിട്ടി. അയാൾ അതു അയാളുടെ മേലുദ്യോഗസ്ഥനായ മനോജ് ദാസുമായി പങ്കു വച്ച്.

പക്ഷെ അത് കഴിഞ്ഞ ഉടനെ തന്നെ ആന്റണി അയാൾക്ക്‌ മനസ്സറിവ് പോലുമില്ലാത്ത ഒരു കോഴ കേസിൽ സസ്പെൻഷനിലായി. കേസ് വേറെഉദ്യോഗസ്ഥനെ ഏല്പിച്ചു.അയാൾ അതൊരു അപകടമരണം ആണെന്ന് പറഞ്ഞു കേസ് ക്ലോസ്‌ ചെയ്യുകയുംചെയ്തു." " എബിനും റയാനും ഇതും ഒക്കെ തമ്മിൽ എന്താണ് ബന്ധം?" "അത് പറയാം..ഞാൻ കേരളത്തിലേക്ക് വന്നത് ഒരു മയക്കു മരുന്ന് കേസ് അന്വേഷിക്കാനാണെന്നു നേരത്തെ പറഞ്ഞില്ലേ? അപ്പോൾ എന്റെ കൂടെ സഹായത്തിനു കിട്ടിയതാണ് ഇവരെ നാല് പേരെയും. അതിന്റെ മെയിൻ കേന്ദ്രങ്ങൾ കോഴിക്കോടും എറണാകുളത്തും ആണെന്ന് ഞങ്ങൾ മനസിലാക്കി. ആരാണ് ഇതിന്റെ പിന്നിൽഎന്ന് അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം സബ് ഇൻസ്‌പെക്ടർ ആന്റണി ഞങ്ങളെ കാണാൻവരുന്നത്. ഞങ്ങളുടെ ബോസ് പറഞ്ഞിട്ട്. ഈ കേസിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടു അന്ന് മരണപ്പെട്ട പോലീസുകാരനും അന്വേഷിച്ചു കൊണ്ടിരുന്നത് കോഴിക്കോട്ടെ മയക്കുമരുന്ന് മാഫിയയെപ്പറ്റി ആണെന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ നടത്തിയ അന്വേഷണത്തിലാണ് എബിനും റയാനുമാണ് ആ മാഫിയയുടെ കേരളത്തിലെ കണ്ണികളെന്നു മനസിലാക്കുന്നത്.. അവരുടെ അച്ചന്മാരുടെ പേരും സ്വാധീനവും സ്ഥാപനങ്ങളും ഉപയോഗിച്ച്അവർ അറിയാതെ ഇവർ നടത്തിക്കൊണ്ടിരുന്ന കോടികളുടെ ഡ്രഗ് ബിസ്സിനെസ്സ്..രാജീവ് അതിനെ പറ്റി കണ്ടെത്തിയത് കൊണ്ടാണ് അവർ അയാളെയും കുടുംബത്തെയും ഇല്ലതെക്കിയത്‌ " "

അപ്പോൾ ഓർഗൻ ട്രാഫിക്കിങ്.. അതിലും ഇവർക്ക് പങ്കുണ്ടോ?" " യെസ്‌ .. അത് ഇവർക്കൊരു സൈഡ് ബിസ്സിനെസ്സ് മാത്രമായിരുന്നു" " എന്നിട്ടു?" " അന്ന് മുതൽ എബിനെയും റയാനെയും അവന്റെ ആളുകളെയും ഞങ്ങൾ ഫോളൊ ചയ്യാൻ തുടങ്ങി. അവരുടെ ഒരാൾ ഞങ്ങളുടെ കസ്റ്റഡിയിൽ ആയി. അവനെ ചോദ്യം ചെയ്തപ്പോഴാണ് മെമൻ ഹോസ്പിറ്റലിലെ ഓർഗൻട്രാഫിക്കിങ്ങിനെ പറ്റി ഞങ്ങൾ അറിയുന്നത് .. അവനിൽ നിന്നാണ് രാജ്‌ജീവിനോടും കുടുംബത്തോടും മരിക്കുന്നതിന് മുന്നേ ചെയ്ത ക്രൂരത ഞങ്ങൾ അറിഞ്ഞത്.. രാജീവിനെ അയാളുടെ ഭാര്യയുടെയും മൂന്നു മക്കളുടെയും മുന്നിലിട്ട് തല്ലി ചതച്ചു..എബിനും റയാനും അയാളെ കെട്ടിയിട്ടു അയാളുടെ മുന്നിലിട്ടു അയാളുടെ ഭാര്യയെയും 16 വയസ്സായ മകളെയും.." ദേവൻ മുഴുമിപ്പിക്കാൻ കഴിയാത്ത പോലെ നിർത്തി. അത് മുന്നിൽ കണ്ട ആമിയും ആതിയും കണ്ണുകൾ അടച്ചുകളഞ്ഞു.. അവരിരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി " അതിനു ശേഷം ജീവനോടെ അവരെ എല്ലാവരെയും.. അന്നേ ഞങ്ങൾ തീരുമാനിച്ചിരുന്നു സത്യസന്ധമായി ജോലി ചെയ്തതിനു ഒരു പോലീസുകാരനോട് അവർ ചെയ്തതിനു അവർക്കുള്ള ശിക്ഷ എന്തായിരിക്കണംഎന്ന്.. ഒരു ദിവസം കോഴിക്കോട് വച്ച് റയാനെ ഫോളോ ചെയ്ത നിഷാന്തിനെയും ജീവനെയും അവൻ അവന്റെ ഓഫീസിലെ cctv yil കണ്ടു. അൻവർ കണ്ട പോലെ..അതോടെ എബിനോട് പറഞ്ഞു അവൻ ഞങ്ങളെ അന്വേഷിച്ചു എറണാകുളത്തെത്തി.

ഇനിയും അവരെ വച്ചോണ്ടിരുന്നാൽ എല്ലാം തകിടം മറിയും എന്ന് മനസിലാക്കി അന്ന്തന്നെ ഞങ്ങൾ അവരെ പൊക്കി.. അവർക്കുള്ള ശിക്ഷ ഞങ്ങൾ തന്നെ നടപ്പാക്കി..തെളിവില്ലാതെ ചെയ്യണംഎന്നോർത്തെങ്കിലും എന്റെ ബ്ലഡ് അവിടെ വീണു പോയി..." ദേവൻ അൻവറിനെ നോക്കി. "ഓ നെഗറ്റീവ് ബ്ലഡ് എങ്ങനാണ് ബി പോസിറ്റീവ് ആയതു?" അൻവർ ചിരിച്ചു. ഒപ്പം ആന്റണിയും. " ഇതിനു വേണ്ടി നീ ശിക്ഷിക്കപ്പെടരുത് എന്ന് എനിക്ക് നിര്ബന്ധമുണ്ടായിരുന്നു ദേവ..ഒന്ന് നീ ചെയ്‌തതു എന്റെകണ്ണിൽ ശരിയാണ്..പിന്നെ പ്രായത്തിന്റെ അവിവേകത കൊണ്ടും അസൂയ കൊണ്ടും ഞാൻ നിന്നൊടു ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ.. ഈ കേസ് ഞാൻ ചോദിച്ചു വാങ്ങിയതാണ്.. നീ ഇവിടെ ഉണ്ടെന്നു അറിഞ്ഞുകൊണ്ടുതന്നെ.. നിന്റെ പിറകെ തന്നെ ഞാൻ എപ്പൊഴും ഉണ്ടായിരുന്നു.. നിനക്കൊരു വീഴ്ച പറ്റിയാൽ താങ്ങാൻ .. നിന്റെ എല്ല പ്ലാനിങ്ങുകളും ഞാൻ അറിയുന്നുണ്ടായിരുന്നു.. " ദേവൻ ചിരിയോടെ അവനു നേരെ കൈകൾ നീട്ടി. അൻവർ ആ കൈകൾ പിടിച്ചു. അവിടെ കൂടി നിന്നവർ എല്ലാംകയ്യടിച്ചു..ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചു വന്നു അവരെ പരിചയപ്പെടുത്തി.നിശാന്തിനെ പരിചയപ്പെടുത്തുന്ന സമയത്തു പഴയ ആമിയുടെ വഴക്കോർത്തു കള്ളച്ചിരിയോടെ ദേവൻ അവളെ നോക്കി.. അവൾ ദേഷ്യത്തോടെ അവനെ നോക്കിയപ്പോൾ അവൻ സൈറ്റടിച്ചു കാണിച്ചു ..അവർ ഇറങ്ങി കഴിഞ്ഞപ്പോൾ പിന്നെ സിധുവും പോയി. ദേവന്റെ കൂടെ ആമി നിന്നോളാം എന്ന് പറഞ്ഞു. ആതിയോടു വീട്ടിൽ പോയിട്ട് ഹരിയുടെ കൂടെ ജാനകി നിന്നോളാം എന്നു പറഞ്ഞെങ്കിലുംഅവൾ സമ്മതിച്ചില്ല. അങ്ങനെ വീണ്ടും അവർ നാല് പേരും മാത്രമായപ്പോൾ ദേവൻ ചോദിച്ചു.. " ഞാൻ ചെയ്തത് തെറ്റായെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ?"... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story